കാവ്യമയൂരം: ഭാഗം 42

kavyamayooram

രചന: അഭിരാമി ആമി

 " എന്നോട്..... എന്നോട് ക്ഷമിക്കച്ഛാ.... അമ്മാ സോറി.... നിങ്ങളെ വേദനിപ്പിച്ചതിന്റെ ശിക്ഷയാ ഞാനീയനുഭവിക്കുന്നതൊക്കെ. പൊറുക്കണേ അച്ഛാ.... എന്നേ ശപിക്കല്ലേ..... " സ്വന്തം അച്ഛനമ്മമാരുടെ മുഖം ഓർമ്മയിൽ വന്നപ്പോൾ നെഞ്ചുപൊള്ളിക്കരഞ്ഞുകൊണ്ടവൾ പിറുപിറുത്തു. പിന്നെ പതിയെ ഫ്രിഡ്ജ് തുറന്നൊരു ബോട്ടിൽ വെള്ളവും ഒരു ഗ്ലാസുമെടുത്തുകൊണ്ട് മുകളിലേക്ക് നടന്നു. അതേസമയം മുകളിലെ മുറിയിൽ. ചെറിയൊരു മരുന്ന് ബോട്ടിലും കയ്യിൽ പിടിച്ച് നിൽക്കുകയായിരുന്നു അവൻ. അതിലേക്ക് നോക്കും തോറും അവന്റെ കണ്ണുകൾ പൈശാചികമായി തിളങ്ങി. പിന്നെ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു. " എന്താ അത് .....???? " പിന്നിൽ നിന്നും ജ്യോതിയുടെ ചോദ്യം കേട്ടതും അവനൊന്ന് ഞെട്ടി അത് പെട്ടന്ന് അവൾ കാണാതിരിക്കാനായി ജീൻസിന്റെ പോക്കറ്റിലേക്ക് തിരുകി. പിന്നെ പരിഭ്രമത്തോടെ തിരിഞ്ഞവളെ നോക്കി.

" എന്നേ ചോദ്യം ചെയ്യാതെ ആ ഗ്ലാസും വെള്ളവും ഇങ്ങോട്ട് കൊണ്ടുവാടി..... " മുഖത്തെ വെപ്രാളം മറച്ചുകൊണ്ട് പറഞ്ഞുകൊണ്ട് അവൻ കസേരയിലേക്കിരുന്നു. " സത്യം പറ വൈശാഖ് എന്താ നിന്റെ പ്ലാൻ.....???? എന്താ നീയെന്നിൽ നിന്നും ഒളിപ്പിക്കുന്നത്....??? " കയ്യിലിരുന്നതൊക്കെ അവന്റെ മുന്നിലെ ടീപ്പോയിലേക്ക് വച്ച് സംശയധൃഷ്ടിയോടവനെ നോക്കി അവൾ ചോദിച്ചു. " എന്താഡീ നീ പേടിച്ചോ....??? പേടിക്കണ്ട ഞാനൊന്നും ചെയ്യില്ല തല്ക്കാലം. " ഒന്ന് കണ്ണിറുക്കി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു. പിന്നെ ഗ്ലാസിലേക്ക് പകർന്ന മദ്യം പതിയെ സിപ് ചെയ്തു. അവന്റെ തൊണ്ടയിലൂടെ ആ ദ്രാവകം ഒഴുകിയിറങ്ങുന്നത് നോക്കി അസ്വസ്ഥതയോടവൾ നിന്നു. " പിന്നെന്തായിരുന്നു നിന്റെ കയ്യിലുണ്ടായിരുന്നത്.....??? " " പ്ഫാാ @#₹## എന്നേ ചോദ്യം ചെയ്യാൻ നിക്കുന്നോ നീ.....???? "

ചോദിച്ചതും ചാടിയെണീറ്റ വൈശാഖ് കൈ വീശിയവളുടെ കരണത്തടിച്ചു. അടിയുടെ അഘാതത്തിലൊന്ന് ഉലഞ്ഞുപോയെങ്കിലും ചുവരിൽ അള്ളിപ്പിടിച്ചത് കൊണ്ട് ജ്യോതി നിലത്തേക്ക് വീണില്ല. അവളുടെ കണ്ണിൽ നിന്നും വെള്ളമിറ്റു. " ഒരുപാട് തവണ ഞാൻ പറഞ്ഞകാര്യം തന്നെ ...... എങ്കിലും ഒരിക്കൽക്കൂടി പറയുവാ...... നിനക്കുമെനിക്കുമിടയിൽ ചോദ്യങ്ങളൊന്നുമില്ല. ഞാൻ പറയും നീയനുസരിക്കും. മനസ്സിലായോടീ ......മോളേ...... " അവളുടെ കവിളിൽ കുത്തിപ്പിടിച്ചലറി പറഞ്ഞിട്ടവനവളെ പിന്നിലേക്ക് തള്ളി. ഒരു നിമിഷം ബാലൻസ് നഷ്ടപ്പെട്ടുപോയ ജ്യോതിയുടെ നെറ്റിചെന്ന് ചുവരിന്റെ മൂലക്കോണിലിടിച്ച് പൊട്ടി രക്തം വാർന്നൊഴുകി. മുഖത്ത് കൂടിയൊലിച്ചിറങ്ങിയ രക്തം കണ്ട് തല ചുറ്റുന്നത് പോലെ തോന്നിയ ജ്യോതി പതിയെ കണ്ണുകൾ മയങ്ങി തറയിലേക്ക് കുഴഞ്ഞുവീണു. " ശവം..... " പറഞ്ഞുകൊണ്ട് അവളുടെ അടിവയറിന്റെ ഭാഗത്തൊരു ചവിട്ട് കൊടുത്ത് ടേബിളിലിരുന്ന മദ്യക്കുപ്പിയെടുത്ത് വായിലേക്കൊന്ന് കമഴ്ത്തിയിട്ട് വൈശാഖ് പുറത്തേക്ക് പോയി.

അവൻ നേരെ പോയത് അടുക്കളയിലേക്കായിരുന്നു. അവിടെ എല്ലാം വേവിച്ചടച്ച് വച്ചിരുന്നു. ഒരുനിമിഷം എന്ത് ചെയ്യണമെന്നൊരു സംശയത്തോടവിടെത്തന്നെ നിന്നിട്ട് അവൻ പതിയെ ചെന്ന് സ്ലാബിൽ തിളപ്പിച്ച് വച്ചിരുന്ന കരിങ്ങാലി വെള്ളത്തിലേക്ക് കയ്യിൽ കരുതിയിരുന്ന കുപ്പിയിലെ മരുന്ന് കലർത്തി. പിന്നെ പൈശാചികമായൊന്ന് ചിരിച്ചു. " ഒന്നുകിൽ ഇവിടെ എല്ലാം.... അതുമല്ലെങ്കിൽ അവളുടെ വയറ്റിൽ വളരുന്ന ആ ചതിയന്റെ വൃത്തികെട്ട സന്തതിയെങ്കിലും ഇന്ന് തീരും. " സ്വയം പറഞ്ഞുകൊണ്ട് ഒരു ഗ്ലാസിലല്പം പച്ചവെള്ളവുമെടുത്ത് അവൻ മുറിയിലേക്ക് തന്നെ നടന്നു. അവൻ തിരികെ എത്തുമ്പോഴും ജ്യോതിക്ക് ബോധം വന്നിരുന്നില്ല. " ഓ ഈ ശവം ചത്തോ.... ഡീ..... " വിളിച്ചുകൊണ്ട് അവളുടെ നെഞ്ചിൽ കാലുകൊണ്ട് ഒന്ന് തട്ടി കയ്യിലുണ്ടായിരുന്ന ഗ്ലാസിലെ വെള്ളമവളുടെ മുഖത്തേക്ക് തെറ്റിച്ചൊഴിച്ചു. പെട്ടന്ന് ഒന്ന് പിടഞ്ഞ ജ്യോതി തല വെട്ടിച്ച് ശക്തിയായ് ചുമച്ചുകൊണ്ട് ചാടിയെണീറ്റു. അവളുടെ മൂക്കിലും വായിലുമൊക്കെ വെള്ളം കയറിയിരുന്നു.

" ഓ കിടന്നുകുരയ്ക്കാതെ പോയി ആ മുറിവ് ഡ്രസ്സ്‌ ചെയ്യടി. " അവൻ പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞിട്ട് വീണ്ടും ചെന്ന് മദ്യക്കുപ്പി കയ്യിലെടുത്തു. അത് നേരെ വായിലേക്ക് കമിഴ്ത്തി. അത് നോക്കി അല്പനേരം കൂടിയവിടെ ഇരുന്നിട്ട് ജ്യോതിയെണീറ്റ് വേച്ചുവേച്ച് ബാത്‌റൂമിലേക്ക് പോയി. ബാത്‌റൂമിൽ കയറി വാതിലടച്ചതും ചുവരിലേക്ക് ചാരി അവൾ നെഞ്ചുപൊട്ടിക്കരഞ്ഞു. കുറേ സമയം കരഞ്ഞടങ്ങിയപ്പോൾ അവൾ പതിയെ വാഷ് ബേസിനരികിലേക്ക് നീങ്ങി. ടാപ് തുറന്ന് കൈക്കുമ്പിളിലെടുത്ത വെള്ളമവൾ ശക്തിയിൽ മുഖത്തേക്കൊഴിച്ചു. മുറിവിലേക്ക് വെള്ളം വന്നുവീണതും നീറ്റൽ സഹിക്കാതെ അവളുടെ മുഖം ചുളിഞ്ഞു. ആ മിഴികളിലൂടെ ചുടുനീർ ചാലിട്ടൊഴുകി. ശരീരത്തിലെ നൊമ്പരത്തേക്കാളേറെ വലുതാണല്ലോ ഹൃദയത്തിലെ വേദനയെന്ന് അവളോർത്തു.

മുഖവും മുറിവുമൊക്കെ കഴുകി വൃത്തിയാക്കി പുറത്തേക്കിറങ്ങുമ്പോഴും അവളുടെ നെറ്റിയിൽ നിന്ന് ചോര കിനിയുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവൾ വേഗം ചെന്ന് ഡ്രോയിൽ നിന്നും മുറിവിനിടുന്ന ഓയിൻമെന്റ് എടുത്ത് മുറിവിൽ പുരട്ടി. അതിന് പുറമേ അല്പം കോട്ടൺ വച്ച് ബാൻഡേഡും ഇട്ടു. അപ്പോഴും ഇനി വീട്ടിലുള്ളവർ വരുമ്പോൾ ഈ മുറിവെങ്ങനെയുണ്ടായെന്ന് പറയുമെന്ന ടെൻഷനായിരുന്നു അവളിൽ നുരഞ്ഞുപൊങ്ങിയത്. വൈശാഖ് അപ്പോഴും അതൊന്നും ശ്രദ്ധിക്കാതെ ഇരിക്കുകയായിരുന്നു. " വൈശാഖ്...... " " എന്താടി......??? " " ഒരുപാട് തവണ ഞാൻ ചോദിച്ചിട്ടുള്ള കാര്യം തന്നെയാ എനിക്കിപ്പോഴും ചോദിക്കാനുള്ളത്.. അന്നൊക്കെ പക്ഷേ നീയെന്നിൽ നിന്നും ഒഴിഞ്ഞുമാറി. ഇന്ന് പക്ഷേ എനിക്കതിന്റെ കാരണമറിയണം. അറിഞ്ഞേപറ്റൂ.... പറ വൈശാഖ് എന്താ നീയും സിദ്ധാർഥും തമ്മിലുള്ള പ്രശ്നം....?? എന്താ നിനക്കവനോടുള്ള ഈ ഒടുങ്ങാത്ത പകയുടെ കാരണം....??? ഇന്ന് നീയതെന്നോട് പറഞ്ഞേ മതിയാവൂ വൈശാഖ്..... "

കണ്ണും മുഖവുമമർത്തിതുടച്ച് അവന്റെയരികിലേക്ക് വന്ന് ഉറച്ച സ്വരത്തിൽ ജ്യോതി ചോദിച്ചു. അത് കേട്ട് അതുവരെ പിന്നിലേക്ക് ചാരി കണ്ണുകളടച്ച് കിടക്കുകയായിരുന്ന വൈശാഖ് നിവർന്നിരുന്നു. എന്നിട്ട് അവളെ നോക്കി ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു. " ഹഹഹ..... ശെരി ഇന്ന് ഞാൻ ഒഴിഞ്ഞുമാറുന്നില്ല. എല്ലാം നീയറിയണം. അങ്ങനെയെങ്കിലും എന്റെ ഭാര്യവേഷം കെട്ടിയുള്ള നിന്റെയീ ഷോയവസാനിക്കുമല്ലോ. " അവന്റെ വാക്കുകൾ നെഞ്ചിലെവിടെയോ ചെന്ന് തറച്ച് ചോര പൊടിയുന്നത് ജ്യോതിയറിഞ്ഞു. എങ്കിലും നാളുകളായി താൻ തേടിയലഞ്ഞ ആ സത്യമാറിയാനായി അവൾ കാതോർത്തുനിന്നു. " നീയറിയുന്ന ഈ വൈശാഖിന്റെയുള്ളിൽ മറ്റൊരു വൈശാഖിനെ ഞാനൊളിച്ച് വച്ചിട്ടുണ്ട് ജ്യോതി. എനിക്കും സിദ്ധാർഥിനും മാത്രമറിയാവുന്ന ഒരു വൈശാഖ്. ഏതോ ലക്ഷ്യത്തിന് പുറകെയുള്ള ഓട്ടത്തിൽ മുഴുകി സ്വന്തം ജീവിതത്തിലേക്ക് ഒരു പെൺകുട്ടിയെ കൈപിടിച്ച് ചെർക്കാൻ പോലും തയാറാവാത്ത വൈശാഖ് അല്ല ഞാൻ ശെരിക്കും.

നാളുകൾ നീയെന്റെ പിന്നാലെ നടന്നിട്ടും ഞാൻ നിന്നേ ഒപ്പം കൂട്ടാഞ്ഞതിനും വിവാഹം കഴിഞ്ഞിട്ടും നിന്നേയൊന്ന് തൊട്ടുപോലും അശുദ്ധമാക്കാഞ്ഞതിനും ഒരു കരണമുണ്ട്. എനിക്ക്..... എനിക്കൊരു പ്രണയമുണ്ടായിരുന്നു. നിനക്ക് ഊഹിക്കാൻ കഴിയുന്നതിനും അപ്പുറം ആഴമേറിയ ഒരു പ്രണയം. " " വൈശാഖ്...... " അത്രയുമായപ്പോഴേക്കും നെഞ്ച് പൊട്ടും പോലെ തോന്നിയ ജ്യോതി വിളിച്ചു. കാരണം താൻ പ്രാണൻ കൊടുത്തുസ്നേഹിച്ചവന്റെയുള്ളിൽ തനിക്ക് പകരം മറ്റൊരാൾ ആയിരുന്നുവെന്നത് അവളെയത്രമേൽ തകർത്തുകളഞ്ഞിരുന്നു. " ഇനിയുമുണ്ട് ജ്യോതി എന്നെക്കുറിച്ച് ഒരുപക്ഷേ നിനക്ക് ഉൾക്കൊള്ളാൻ പോലും കഴിയാത്ത സത്യങ്ങൾ . " ശാന്തമായി തന്നെ അവൻ പറഞ്ഞു. " ഞാൻ..... എനിക്കൊരിക്കലും ഒരു പെൺകുട്ടിയെ സ്നേഹിക്കാനോ കിടപ്പറയിൽ അവളെ തൃപ്തിപ്പെടുത്താനോ കഴിയില്ല. ഞാനൊരു ഗേയാണ്....... " നെറുകൻതലയിലേക്കൊരു ഇടി വന്ന് വീണത് പോലെ തോന്നി ജ്യോതിക്ക്. ഒരുനിമിഷം താൻ കേട്ടത് തെറ്റിപ്പോയതാണോ എന്നറിയാതെ അവൾ പകപ്പോടെ അവനെ നോക്കി.

" എ..... എന്..... എന്താ പറഞ്ഞത്.....??? " " സത്യമാണ് ജ്യോതി. ഇനിയുമുണ്ട് സത്യങ്ങൾ. എന്റെ പ്രണയം അത്...... സിദ്ധാർഥ് ആണ്. '' അവൻ പറഞ്ഞതും ഹൃദയമിടിപ്പ് നിലക്കും പോലെ തോന്നി ജ്യോതിക്ക്. " വാട്ട്‌.......!!!!! " " യേസ് ഞങ്ങൾ ഒരേ കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ്. ആ സമയത്ത് എനിക്കവനോട് പ്രണയം തോന്നി. ഞാനത് തുറന്നുപറയുകയും ചെയ്തു. പക്ഷേ അവനൊരിക്കലും അതഗീകരിക്കാനൊ എന്റെ സ്നേഹം സ്വീകരിക്കാനൊ തയ്യാറായിരുന്നില്ല. അത് മാത്രമല്ല അതോടെ അതുവരെ ഞങ്ങൾക്കിടയിലുണ്ടായിരുന്ന ഫ്രണ്ട്ഷിപ്പും തകർന്നു. അതോടെ എന്റെ സമനിലയാകെ തകർത്തുകളഞ്ഞു. അവനോടുള്ള സ്നേഹം എന്നേ ഭ്രാന്ത് പിടിപ്പിച്ചുകൊണ്ടിരുന്നു . പിന്നീട് സിദ്ധാർഥിന്റെ അവഗണന കൂടിക്കൂടി വരികയായിരുന്നു. അതോടെ അവന് വേണ്ടി ഞാനെന്തും ചെയ്യുമെന്ന അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞിരുന്നു. സിദ്ധുവിനോട് അടുക്കുന്ന ആരും എന്റെ ശത്രു പക്ഷത്തായിത്തുടങ്ങി.

അതോടെ കാര്യങ്ങൾ കൈപ്പിടിയിൽ നിന്നും വഴുതി പൊക്കോണ്ടേയിരുന്നു. ഞാനുണ്ടാക്കുന്ന പ്രശ്നങ്ങൾ സിദ്ധുവിന്റെ സ്വസ്ഥത കെടുത്തിക്കൊണ്ടേയിരുന്നു. അതോടെ അവൻ ഇണങ്ങിയും പിണങ്ങിയും കാര്യങ്ങളെന്നെപ്പറഞ്ഞുമനസിലാക്കാൻ പരമാവധി ശ്രമിച്ചു. പക്ഷേ അതൊന്നും മനസ്സിലാക്കാൻ ഞാനൊരുക്കമേയായിരുന്നില്ല. ഒടുവിൽ കാര്യങ്ങൾ കയ്യാങ്കളിയിലേക്കും നീങ്ങി. എന്നിട്ടും രക്ഷയില്ലെന്ന് വന്നപ്പോൾ ഒടുവിൽ സഹികെട്ട അവനെനിക്കൊരു വാക്ക് തന്നു. " അത്രയുമായപ്പോൾ തന്നെ നെഞ്ച് പൊട്ടിമരിച്ചുപോകുമെന്ന അവസ്ഥയിലെത്തിയിരുന്നുവെങ്കിലും അവന്റെ വാക്കുകൾക്കായി ജ്യോതി കാതോർത്തു. " അവനൊരിക്കലും എന്റെ പ്രണയം സ്വീകരിക്കില്ല ..... പക്ഷേ മറ്റൊരാളെ തന്റെ ജീവിതത്തിലേക്ക് ചേർക്കില്ല എന്നും അവനെനിക്ക് വാക്ക് തന്നു. അതിന് ശേഷം ഞങ്ങളൊരിക്കലും തമ്മിൽ കണ്ടിരുന്നില്ല. എങ്കിൽപ്പോലും സിദ്ധുവിന്റെ ഓരോ നീക്കവും ഓരോ നിമിഷവും ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

ഒരിക്കൽ പോലും അവനാ വാക്ക് തെറ്റിക്കാതിരുന്നത് കൊണ്ട് തന്നെ ഞാനും പിന്നീടൊരിക്കലും അവന്റെ മുന്നിലേക്ക് വന്ന് അവനെ ബുദ്ധിമുട്ടിച്ചതേയില്ല. പക്ഷേ അവൻ...... അവനെന്നെ ചതിച്ചു... ഞാൻ ചെയ്തതെല്ലാം അവന് വേണ്ടി മാത്രമായിരുന്നു. പക്ഷേ അവൻ......... അവനെനിക്ക് തന്ന വാക്ക് മറന്നു. അവനോട് ഞാൻ പൊറുക്കില്ല..... എനിക്ക് തന്ന വാക്ക് മറന്ന് അവനവളെ കെട്ടി..... അതും പോരാഞ്ഞിട്ട് അവൾക്ക് വയറ്റിലും ഉണ്ടാക്കിയെക്കുന്നു..... വിടില്ല ഞാനവനെ....... എന്റെ സ്നേഹമായിരുന്നു അവന് വേണ്ടായിരുന്നത്...... വെറുമൊരു പെണ്ണിനെ കണ്ടപ്പോൾ അവൻ....... വിടില്ല സിദ്ധു നിന്നേ..............!!!!!!!!!!!!! " ജ്യോതി നോക്കി നിൽക്കേ വൈശാഖ് നിലത്തേക്ക് വീണലറിവിളിച്ചു. മുടിയിഴകൾ പിച്ചിപറിച്ചു. അവന്റെയാ ഭാവം കണ്ടുനിൽക്കാൻ കഴിയാതെ ജ്യോതി ഇരുകൈകൾ കൊണ്ടും കണ്ണുകൾ പൊത്തിപ്പിടിച്ച് തേങ്ങിക്കരഞ്ഞു....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story