കാവ്യമയൂരം: ഭാഗം 43

kavyamayooram

രചന: അഭിരാമി ആമി

" മൃദുല , അനിഴം... " പൂജ കഴിഞ്ഞ് ക്ഷേത്രത്തിന് പുറത്തേക്ക് വന്ന് തിരുമേനി വിളിച്ചതും അരുന്ധതി പെട്ടന്ന് അങ്ങോട്ട് ചെന്നു. " ഇതാർക്കുള്ളതാ ഈ അർച്ചനയും ചരടുമൊക്കെ.....???? " ദക്ഷിണ വാങ്ങി ഇലച്ചീന്ത്‌ അരുന്ധതിയുടെ കയ്യിലേക്ക് വച്ചുകൊടുത്തുകൊണ്ട് തിരുമേനി ചോദിച്ചു. " മൂത്ത മരുമോളാ തിരുമേനി..... " " മ്മ്ഹ്...... " അദ്ദേഹം എന്തോ ഓർത്തുകൊണ്ട് വെറുതേയൊന്നുമൂളി. " എന്താ തിരുമേനി എന്തെങ്കിലും...." അയാളുടെ ഭാവം ശ്രദ്ധിച്ചുകൊണ്ട് അരുന്ധതി ചോദിച്ചു. " എന്തോ ഒരു ദോഷമീ കുട്ടിയുടെ ചുറ്റും കിടന്ന് കറങ്ങുന്നുണ്ടെന്ന് തോന്നണു. ജപിക്കാനെടുത്ത ചരട് കുരുക്ക് വീണുകൊണ്ടേയിരിക്കുവായിരുന്നു. സമയദോഷമെന്തെങ്കിലുമുണ്ടോന്നൊന്ന് നോക്കിക്കണം. " " ഞാനും വിചാരിച്ചു തിരുമേനി. കുറച്ചുദിവസങ്ങളായിട്ട് അതിന്റെ കണ്ണൊന്നു തോർന്നിട്ടില്ല കുടുംബത്തിൽ മുഴുവനെന്തോ ഒരു കരിനിഴൽ ബാധിച്ചത് പോലെയാ..... ഇളയ മരുമോളാണെങ്കിൽ വിശേഷമറിയിച്ചിരിക്കുവാ.

അതും നന്നായി സൂക്ഷിക്കണമെന്നാ ഡോക്ടർ പറഞ്ഞേക്കുന്നത്. എല്ലാം കൊണ്ടും ഒരു സമാധാനമില്ല തിരുമേനി..... കുട്ടികളുടെ കാര്യമോർത്ത് ആധി കാരണം നേരെ ഉറക്കം പോലുമില്ല ഇപ്പൊ...... " പറയുമ്പോൾ അരുന്ധതിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. " മ്മ്ഹ് മനസിലായി. സമയദോഷം കാണും സാരമില്ല എല്ലാം നേരെയാകും. തല്ക്കാലം ഞാനൊരു കുടുംബാർച്ചന കഴിച്ചേക്കാം. മാറ്റമുണ്ടാകും. പിന്നെ കഴിയുമെങ്കിൽ ഭവനത്തിൽ വച്ചൊരു ഗണപതി ഹോമം കൂടെ നടത്തിക്കോളൂ തടസ്സങ്ങൾ മാറി ഐശ്വര്യമുണ്ടാകും. " " ഉവ്വ് തിരുമേനി..... എങ്കിൽ ഞാൻ ചെല്ലട്ടെ......" പറഞ്ഞിട്ട് കണ്ണുകളൊപ്പി ദേവിവിഗ്രഹത്തിലേക്ക് നോക്കി ഒന്നുകൂടെ തൊഴുതിട്ട് അവർ പുറത്തേക്ക് നടന്നു. ചാരു തൊഴുതൊക്കെ കഴിഞ്ഞ് പുറത്തെ സോപാനത്തിൽ ഇരിക്കുന്നുണ്ടായിരുന്നു അപ്പോൾ. അവളെയധികം നടത്തേണ്ടെന്ന് കരുതി അരുന്ധതി തന്നെയായിരുന്നു അവിടിരുത്തിയിട്ട് പോയത്.

" പോകാം മോളേ.... " അരികിലേക്ക് ചെന്ന് അർച്ചനയുടെ പ്രസാദമവളെ തൊടീച്ച് കൊടുത്തുകൊണ്ടവർ ചോദിച്ചു. അവളൊന്ന് മൂളിയിട്ട് പതിയെ എണീറ്റു. " ക്ഷീണമെന്തെങ്കിലും തോന്നുന്നുണ്ടോ ചാരു നിനക്ക്..... " പുറത്തേക്ക് നടക്കുമ്പോൾ അരുന്ധതി ചോദിച്ചു. " ഇല്ലമ്മേ...... " അവൾ ചിരിയോടെ പറഞ്ഞു. " ആഹ് അമ്മേ ജ്യോതി വിളിച്ചിരുന്നു. " " എന്തെ അച്ഛനെന്തെങ്കിലും..... " വല്ലാത്തൊരാധിയോടെ അരുന്ധതി ചോദിച്ചു. " അതൊന്നും അല്ലമ്മേ.... വൈശാഖ് വന്നിട്ടുണ്ടെന്ന്. നമ്മള് തിരിച്ചോന്ന് ചോദിച്ചു. " " ആഹ് അത്രേയുള്ളോ..... " അരുന്ധതി സമാധാനത്തോടെ നെഞ്ചോന്ന് തടവി. അവർ പുറത്തേക്ക് വന്നപ്പോഴേക്കും പാർക്കിങ്ങിൽ നിന്നും കാറും വന്നിരുന്നു. അവർ തിരികെ വീട്ടിലെത്തുമ്പോൾ തന്നെയായിരുന്നു പുറത്തുപോയിരുന്ന അമൃതും വന്നത്. " ആഹാ നിങ്ങളെന്താ ഇത്ര താമസിച്ചത്.... "

കാറിൽ നിന്നിറങ്ങിയപാടെ അവൻ ചോദിച്ചു. " ഞങ്ങള് പൂജയൊക്കെ കഴിഞ്ഞാ ഇറങ്ങിയത്. അതിരിക്കട്ടെ നീ പോയകാര്യമെന്തായി....??? " ചാരുവായിരുന്നു ചോദിച്ചത്. " പോയകാര്യം പകുതി നടന്നു.... " അവൻ പറഞ്ഞത് കേട്ട് അവരിരുവരും മനസ്സിലാവാത്തത് പോലവനെ നോക്കി. " അതെന്താ പകുതി..... അപ്പോ ബാക്കി പകുതിയോ....??? " ചാരു. " ആഹ് അത് അളിയനും മൃദുനും പോകാനുള്ള കാര്യങ്ങളെല്ലാം റെഡിയായിട്ടുണ്ട്. എനിക്ക് തല്ക്കാലം പോകാൻ പറ്റില്ല. എന്റെ ടിക്കറ്റ് ഓക്കേയാവാൻ കുറച്ചുദിവസം കൂടിയെടുക്കും. അപ്പോ അവര് തനിച്ച് പോകേണ്ടി വരും. " അവൻ പറഞ്ഞത് കേട്ട് അരുന്ധതിയുടെ മുഖം മങ്ങി. " എല്ലാം തടസ്സങ്ങളാണല്ലോ ദേവീ.... " " അതിന് ആന്റിയിങ്ങനെ വിഷമിക്കുവൊന്നും വേണ്ട. ഞാനില്ലേലും അവർക്ക് പ്രശ്നമൊന്നും വരില്ല. എന്റെ ഫ്രണ്ട് എയർപോർട്ടിൽ കാണും അവരെ പിക് ചെയ്യാൻ. അതുകൊണ്ട് അവരുടെ യാത്ര മുടക്കണ്ടാന്ന് തന്നെയാ എന്റഭിപ്രായം. " അകത്തേക്ക് നടക്കുമ്പോൾ അമൃത് പറഞ്ഞു.

അവർ സംസാരിച്ചുകൊണ്ട് അകത്തേക്ക് വരുമ്പോഴായിരുന്നു ജ്യോതിയും പിന്നാലെ വൈശാകും താഴേക്ക് വന്നത്. അവരെ കണ്ടതും ജ്യോതിയൊന്ന് പരുങ്ങി. അവളുടെ കൈകൾ അരിയാതെ സ്വന്തം കവിളിലേക്ക് നീണ്ടു. വൈശാഖിന്റെ കൈ പതിഞ്ഞ പാടുകൾ കവിളിൽ കാണുമോ , അതവർ കാണുമോ എന്നൊക്കെ ഓർത്ത് അവൾ വെപ്രാളപ്പെട്ടു. പക്ഷേ അവന് കൂസലൊന്നുമുണ്ടായിരുന്നില്ല. അവൻ ചിരിയോടെ തന്നെ അവർക്കരികിലേക്ക് ചെന്നു. " ആഹ് മോനെപ്പോ വന്നു....??? " അവനെ കണ്ട് പുഞ്ചിരിയോടെ അരുന്ധതി ചോദിച്ചു. " ഞാൻ കുറച്ചുനേരമായാന്റി..... " " ആഹ് ഇത് അമൃത്..... മൃദു മോൾടെ അനിയനാ. ടാ ഇത് വൈശാഖ് ജ്യോതിടെ ഭർത്താവാ..... " അരുന്ധതി തന്നെ അവരെ പരസ്പരം പരിചയപ്പെടുത്തി. അതോടെ അവരിരുവരും പുഞ്ചിരിയോടെ തന്നെ പരസ്പരം കൈ കൊടുത്തു. " മോളേ ജ്യോതി ഇത്തിരി വെള്ളമിങ്ങെടുക്ക്. വല്ലാത്ത വെയില്.... " അവർ സംസാരിക്കട്ടെന്ന് കരുതി ലിവിങ് റൂമിലേക്ക് നടക്കുമ്പോൾ അരുന്ധതി പറഞ്ഞു. " ജ്യൂസ്ടിക്കട്ടെയമ്മേ.... ??? "

" നിനക്കെന്താ ജ്യോതി..... ഈ വെയിലും കൊണ്ടു വന്നപ്പോ ജ്യൂസ്‌ കുടിക്കാൻ പോയാൽ തൊണ്ട പോക്കാ..... നീ ചെന്ന് ചൂടുവെള്ളമെടുത്ത് കൊടുക്ക്. ജ്യൂസൊക്കെ കുറച്ചുകഴിഞ്ഞുമതി. " അരുന്ധതിയോടുള്ള ജ്യോതിയുടെ ചോദ്യത്തിന് വൈശാഖ് പെട്ടന്ന് മറുപടി പറഞ്ഞത് കേട്ട് അവളൊന്ന് അമ്പരന്നു. അത് മറ്റുള്ളവരും ശ്രദ്ധിച്ചിരുന്നു. പക്ഷേ ജ്യോതിയൊന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി. " വൈശാഖ് എന്താ പതിവില്ലാത്തൊരു വർത്താനമൊക്കെ..... സാധാരണ ചൂട് സമയത്തല്ലേ എല്ലാരും തണുത്തതെന്തെങ്കിലും കഴിക്കുക. പക്ഷേ വൈശാഖിനിതെന്ത്‌ പറ്റി..... " അടുക്കളയിലേക്ക് നടക്കുമ്പോൾ ജ്യോതി സംശയത്തോടെ ഓർത്തു. എങ്കിലും മൂന്ന് ഗ്ലാസുകളെടുത്ത് ട്രേയിൽ നിരത്തി വച്ചു. പിന്നെ വെള്ളം തിളപ്പിച്ച് വച്ചിരുന്ന കലത്തിന്റെ മൂടി തുറന്നു. അടപ്പ് മാറ്റിയതും അപ്പോഴും നന്നായി ആറിയിട്ടില്ലായിരുന്ന വെള്ളത്തിൽ നിന്നും എന്തോ ഒരു കുത്തൽ സ്മെൽ വരുന്നത് പോലവൾക്ക് തോന്നി.

ആദ്യം തോന്നലായിരിക്കുമെന്ന് കരുതിയെങ്കിലും വെള്ളം കപ്പിലേക്ക് പകർന്നപ്പോൾ മുഖത്തേക്കടിച്ച ആവിയിൽ നിന്നും അങ്ങനെയല്ലെന്ന് അവൾക്ക് ബോധ്യമായി. അതോടെ അവളാ വെള്ളം മൂക്കിനോടടുപ്പിച്ചു. അപ്പോഴും വല്ലാത്തൊരു കുത്തലറിഞ്ഞ് അവളത് താഴെ വച്ചു. " ഈ വെയിലും കൊണ്ടു വന്നപ്പോ ജ്യൂസ്‌ കുടിക്കാൻ പോയാൽ തൊണ്ട പോക്കാ..... നീ ചെന്ന് ചൂടുവെള്ളമെടുത്ത് കൊടുക്ക്. ജ്യൂസൊക്കെ കുറച്ചുകഴിഞ്ഞുമതി. വൈശാഖിന്റെ ആ വാക്കുകൾ അവളുടെ കാതിൽ മാറ്റൊലിക്കൊണ്ടു. അതേ നിമിഷം തന്നെ കുറേ സമയം മുന്നേ അവൻ മുറിയിൽ വച്ച് തന്നേയൊളിപ്പിച്ച ആ കുപ്പിയും അവളുടെ ഓർമ്മയിലേക്കോടിയെത്തി. അതോടെ അവളുടെ നെഞ്ചൊന്ന് പിടച്ചു. " ദൈവമേ വൈശാഖ് എന്തെങ്കിലും..... " അവൾ ഭയത്തോടെ ഓർത്തു. പിന്നെ ഫ്രിഡ്ജിൽ നിന്നും ഒരു ബോട്ടിൽ വെള്ളമെടുത്ത് അല്പം നേർപ്പിച്ച് അതുമായി ഹാളിലേക്ക് ചെന്നു...

എല്ലാവർക്കും വെള്ളം കൊടുത്തിട്ട് അവൾ വൈശാഖിനെ തന്നെ നോക്കി നിന്നു. ആ മുഖത്തെ ഒരു ഗൂഡസ്മിതം അവളൊറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു. ഏതോ ഒരു പദ്ധതി വിജയത്തിലേക്കടുക്കാൻ പോകുന്നത് പോലെ അവൻ ആവേശത്തോടെ ഇരിക്കുകയായിരുന്നു അപ്പോഴും. അവന്റെയാ ഭാവം തന്നെ മതിയായിരുന്നു അവനെന്തോ പ്ലാൻ ചെയ്തിരുന്നുവെന്ന് മനസ്സിലാക്കാൻ. അതുറപ്പിച്ചതും അവനോടുള്ള ദേഷ്യവും വെറുപ്പും അവളുടെ ഉള്ളിൽ പതഞ്ഞുപൊങ്ങി. ഭയം കൊണ്ട് അതുവരെ അവിടെയുണ്ടായിരുന്ന ഒന്നുമെടുക്കാതെ ജ്യോതി തന്നെയായിരുന്നു അടുക്കളയിൽ കയറി ഉച്ചയൂണ് തയ്യാറാക്കിയത്. അതിന്റെ കാരണവും അവളാരോടും പറഞ്ഞിരുന്നുമില്ല. രാത്രി സിദ്ധു വരുമ്പോൾ ഉമ്മറത്തുതന്നെയുണ്ടായിരുന്നു അമൃതിനൊപ്പം വൈശാകും അവനെ കണ്ടതും വല്ലാത്തൊരു അസ്വസ്ഥതയോടെ സിദ്ധുവിന്റെ മുഖം മങ്ങി.

എങ്കിലും പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൻ അകത്തേക്ക് വന്നു. അവനിലേ ആ ഭാവമാറ്റം വൈശാഖ് പെട്ടന്ന് തന്നെ തിരിച്ചറിയുകയും ചെയ്തിരുന്നു. അതറിഞ്ഞ് അവൻ വെറുതെയൊന്ന് ചിരിച്ചു. " എന്റെ വരവ് തന്നെ നിന്നേയിങ്ങനെ അസ്വസ്ഥനാക്കിയെങ്കിൽ ഇനി ഞാൻ ചെയ്യാൻ പോകുന്ന കാര്യങ്ങളൊക്കെ നിന്നേയെത്ര മാത്രം അസ്വസ്ഥനാക്കും സിദ്ധു...... എനിക്ക് തന്ന വാക്ക് തെറ്റിച്ച നീയറിയാൻ പോകുന്നെയുള്ളൂ ഈ വൈശാഖ് ആരാണെന്ന്. നീ കരയും സിദ്ധു..... നെഞ്ച് തകർന്ന് നീ കരയും. നിന്റെ ചാരുവിന്റെ വയറ്റിൽ നീ സമ്മാനിച്ച നിന്റെ ബീജമൊരു പൂർണ ശിശുവായി മാറില്ല. മാറാൻ ഞാൻ സമ്മതിക്കില്ല.

അവളുടെ ചോരയ്ക്കൊപ്പം അത് ഉരുകിയൊലിക്കും. എന്നാലും നിന്നേ ഞാൻ വെറുതേ വിടില്ല. അവൾ..... ചാരു.... എന്റെ കൈ കൊണ്ട് തന്നെ അവളില്ലാതാകും. എന്റെ പ്രണയം മോഹിച്ചതിന് , നിന്നേ പ്രണയിച്ചതിന് , നിന്റെ പ്രണയം സ്വീകരിച്ചതിന് , നിന്റെ കുഞ്ഞിനെ ഉദരത്തിൽ പേറിയതിന്..... എല്ലാത്തിനും കൂടി അവൾക്കുള്ള ശിക്ഷ മരണമാണ്. ചത്തുതുലഞ്ഞ അവളുടെ ശവമാണ് സിദ്ധു നിനക്കുള്ള എന്റെ സമ്മാനം..... അവളുടെ ശവം കണ്മുന്നിൽ കാണുമ്പോൾ നീയറിയും നീയെന്നോട് ചെയ്തത് എത്ര വലിയ തെറ്റായിരുന്നുവെന്ന്. പക്ഷേ അപ്പോഴേക്കും നീയൊരുപാട് വൈകിപോയിരിക്കും. കൊന്ന് തള്ളും സിദ്ധു ഞാനവളെ..... " പകയോടെ അവന്റെ ഉള്ളമാർത്തുവിളിച്ചു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story