കാവ്യമയൂരം: ഭാഗം 45

kavyamayooram

രചന: അഭിരാമി ആമി

" ഓഹ് ഡാമിറ്റ്..... " പറഞ്ഞതും അവളുടെ തല ശക്തിയിൽ തറയിലേക്ക് ഇടിച്ചിരുന്നു വൈശാഖ്. ഇടിയുടെ ആഘാതത്തിൽ ഒന്ന് ഞരങ്ങുക പോലും ചെയ്യാതെ അവൾ നിലത്തേക്ക് തന്നെ കമിഴ്ന്നുവീണു. നിമിഷനേരം കൊണ്ട് അവിടമാകെ രക്തക്കളമായി. പക്ഷേ വൈശാഖ് പ്രതികാരവെറി മൂത്ത് മുറിയിലൂടങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിൽ അതൊന്നും കണ്ടില്ല. ഇതേ സമയം മറ്റൊരു മുറിയിൽ ജ്യോതിയെക്കുറിച്ച് തന്നെ ചിന്തിച്ച് കിടക്കുകയായിരുന്നു അമൃത്. ഹൃദയത്തിൽ ഒരു ഭാരമായവൾ കയ്യെത്തും ദൂരത്ത് മരണത്തോട് മല്ലിട്ടുകൊണ്ടിരുന്നത് അവനുമറിഞ്ഞില്ല. രാവിലെ എല്ലാവരെയും കണ്ടപ്പോൾ വൈശാഖിനൊപ്പം നിന്ന ജ്യോതി പതറിപ്പോയതിന്റെ കാരണമെന്താവും അവർ തമ്മിലെന്തെങ്കിലും പ്രശ്നം കാണുമോ . എന്നൊക്കെ അവൻ ചിന്തിച്ചുകൊണ്ടേയിരുന്നു. എന്തുകൊണ്ടോ എല്ലാം കൂടിയോർത്തിട്ട് അവനെയൊട്ടും തന്നെ നിദ്ര കടാഷിച്ചില്ല. ചുവരിലെ ക്ലോക്കിന്റെ സൂചികൾക്കൊപ്പം സഞ്ചരിച്ചുകൊണ്ട് അവൻ വെറുതെയങ്ങനെ കിടന്നു. ഈ സമയമൊക്കെയും സിദ്ധുവിനെയും ചാരുവിനെയും കൊല്ലാനുള്ള പ്ലാൻ തയ്യാറാക്കിക്കൊണ്ടിരിക്കുകയായിരുന്നു വൈശാഖ്.

ആ ഭ്രാന്ത്മായ അവസ്ഥയിൽ തറയിൽ ചോര വാർന്നു കിടന്നിരുന്ന ജ്യോതിയേ അവൻ കണ്ടതേയില്ല. ശെരിക്കും പറഞ്ഞാൽ അവളെയവൻ തീർത്തും മറന്നുപോയിരുന്നു എന്ന് തന്നെ പറയാമായിരുന്നു അപ്പോൾ. പിന്നെയും സമയമിഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കെയാണ് ഏതോ ഒരു നിമിഷത്തിൽ വൈശാഖിന്റെ നോട്ടം ജ്യോതിയിലേക്ക് വീണത്. അപ്പോഴേക്കും അവളിലെ അനക്കങ്ങൾ തീർത്തും നിലച്ചിരുന്നു. തലയിൽ നിന്നൊഴുകിപ്പരന്ന രക്തത്തിൽ അവളുടെ ദേഹവും തറയും കുതിർന്നിരുന്നു. ആ കാഴ്‌ചയിലേക്ക് വൈശാഖ് ഒന്നേനോക്കിയുള്ളൂ. രക്തം വാർന്നുകിടന്നവളെ കണ്ടതും അവന്റെ തലയ്ക്കുള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു. ദേഹമാകെയൊരു വിറയൽ പടർന്നു. ദേഹമാകെ ചൂട് പിടിച്ച് തളർന്നുതുടങ്ങി. നാവ് വരണ്ട് കുഴഞ്ഞുവീഴാൻ തുടങ്ങും മുന്നേ അവനലറി വിളിച്ചു.

'' ജ്യോതി....... " ആ വിളിയിൽ ദേവരാഗമൊന്നാകെയൊന്ന് കിടുങ്ങി. എല്ലാമുറികളിലും ലൈറ്റ് തെളിഞ്ഞു. ഉറങ്ങാതെ കിടന്നിരുന്ന അമൃത് വെപ്രാളത്തോടെ റൂമിൽ നിന്നിറങ്ങി പുറത്തേക്കോടി. അപ്പോഴും ചാരു മാത്രം ഒന്നുമറിയാതെ മരുന്നിന്റെ ആലസ്യത്തിലമർന്ന് ഉറങ്ങികിടക്കുകയായിരുന്നു. അവൾ നെഞ്ചിൽ തല വച്ച് കിടന്നിരുന്നത് കൊണ്ട് തന്നെ സിദ്ധുവിന് ധൃതിയിൽ ചാടിയെണീക്കാൻ കഴിയുമായിരുന്നില്ല. അവൻ പതിയെ അവളെ അടർത്തി മാറ്റി കിടക്കയിലേക്ക് കിടത്തി. പുതപ്പെടുത്തവളെ നന്നായി പുതപ്പിച്ചിട്ട് പുറത്തേക്ക് പോയി. അമൃത് ചെല്ലുമ്പോഴും ജ്യോതിയുടെ മുറിയുടെ വാതിൽ അടഞ്ഞുതന്നെ കിടക്കുകയായിരുന്നു. " ജോതീ...... ജോതീ.... വൈശാഖ്..... " വന്നവരവേ ഓടിവന്നവൻ ഡോറിൽ തട്ടി വിളിച്ചു. പക്ഷേ വാതിൽ തുറക്കുന്നെയുണ്ടായിരുന്നില്ല. ഒടുവിൽ ചവിട്ടി തുറക്കാൻ തന്നെ തീരുമാനിച്ച് അവൻ പിന്തിരിയാൻ തുടങ്ങുമ്പോഴായിരുന്നു വീട്ടിലെ മറ്റുള്ളവരങ്ങോട്ട് വന്നത്. " എന്താ എന്തുപറ്റി.....??? " " അറിയില്ലളിയാ വാതിലടച്ചേക്കുവാ.... വിളിച്ചിട്ട് അനക്കവുമില്ല. "

" ചവിട്ടിത്തുറക്ക്..... " അമൃത് സഞ്ജയ്യോട് പറയുന്നത് കേട്ടുകൊണ്ട് അങ്ങോട്ട് വന്ന സിദ്ധു പറഞ്ഞു. അതോടെ ഒന്നും ആലോചിക്കാതെ അവൻ പിന്നിലേക്കൊന്ന് മാറിയിട്ട് വാതിലിൽ ആഞ്ഞുതൊഴിച്ചു. എന്നിട്ടും അത് തുറക്കാതെ വന്നപ്പോൾ സിദ്ധുവും അമൃതും പരസ്പരം ചേർത്തുപിടിച്ചുകൊണ്ട് അതിൽ ആഞ്ഞിടിച്ചു. കുറേസമയത്തെ കഠിനശ്രമം കൊണ്ട് വാതിൽ തള്ളിത്തുറന്ന് അകത്ത് ചെല്ലുമ്പോൾ കണ്ടകാഴ്ചയിൽ എല്ലാവരും ഭയന്ന് പോയി. ചോരയിൽ കുളിച്ച് നിലത്ത് കമിഴ്ന്നുകിടക്കുന്ന ജ്യോതി. കുറച്ചപ്പുറത്ത് മാറി ഭയന്ന് വിറച്ചിട്ടെന്നപോലെ കൂനിക്കൂടി വല്ലാത്തൊരവസ്ഥയിലിരിക്കുന്ന വൈശാഖ്. " അയ്യോ മോളേ ജ്യോതി ഇതെന്തുപറ്റി....??? " അരുന്ധതിയും മൃദുവും കൂടി ചെന്ന് ജ്യോതിയേ താങ്ങിയെടുത്തു. അമൃതും സഞ്ജയും കൂടി വൈശാഖിന്റെ അടുത്തൊട്ടും ചെന്നു. സിദ്ധുമാത്രം വൈശാഖിനെ തന്നെ നോക്കി അങ്ങനെ നിന്നു. " വൈശാഖ് എന്തുപറ്റി..... " " എന്നേ തൊടരുത്..... ചോര..... ചോര..... നിന്റെ കയ്യിൽ ചോര...... "

എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അവരുടെ കൈ തട്ടിമാറ്റി അവൻ ഉച്ചത്തിൽ നിലവിളിച്ചു. അവന്റെയാ മട്ടും ഭാവവും കണ്ട് എല്ലാരും ഞെട്ടി നിൽക്കുകയായിരുന്നു അപ്പോൾ. " വൈശാഖ്..... " അമൃത് വീണ്ടും അവനരികിലേക്ക് ചെല്ലാൻ തുടങ്ങി. അപ്പോഴും അവനത് തന്നെ ചെയ്തു. ഭയം കൊണ്ട് അവനെകദേശം ഒരു മൃഗത്തിന് സമാനമായിരുന്നു അപ്പോൾ. " വേണ്ടടാ..... ബ്ലഡ് കണ്ടാൽ പിന്നെ അവനിഅങ്ങനെയാണ്. നോർമലാവാൻ ഒരുപാട് സമയമെടുക്കും. തല്ക്കാലം അത് വിട്ടേക്ക് എത്രേം പെട്ടന്ന് നമുക്ക് ജ്യോതിയേ ഹോസ്പിറ്റലിൽ എത്തിക്കാം. " അപ്പോൾ അത് തന്നെയാണ് വേണ്ടതെന്ന് ഉത്തമബോധ്യമുണ്ടായിരുന്നത് കൊണ്ട് തന്നെ അമൃത് തന്നെ വന്ന് ജ്യോതിയേ കൈകളിൽ കോരിയെടുത്തു. ഹോസ്പിറ്റലിലെത്തി ജ്യോതിയേ നേരെ icu വിലേക്കായിരുന്നു കൊണ്ടുപോയത്. " ഡോക്ടർ ജ്യോതിമോൾക്ക് കുഴപ്പമൊന്നുമുണ്ടാവില്ലല്ലോ അല്ലേ....???? " ധൃതിയിൽ ആയിരുന്ന ഡോക്ടറേ പിടിച്ചുനിർത്തി അരുന്ധതി ചോദിച്ചു.

" ഞാൻ ഉറപ്പൊന്നും പറയുന്നില്ല. എൺപത് ശതമാനവും സംഭവിക്കാൻ പോകുന്നത് ഒരു തിരിച്ചുവരവാകില്ല. പിന്നെ നമുക്ക് പ്രാർഥിക്കാം. " അവർ പറഞ്ഞത് കേട്ട് എല്ലാവരുടെയും നട്ടെല്ലിലൂടൊരു പെരുപ്പ് പാഞ്ഞുപോയി. ഇത്രമാത്രം ക്രിട്ടിക്കലാവാൻ മാത്രം എന്താണ് അവൾക്ക് സംഭവിച്ചതെന്ന ചിന്തയിൽ വിറങ്ങലിച്ച് നിൽക്കുകയായിരുന്നു എല്ലാവരും. '' തലയിൽ ബ്ലഡ് ക്ലോട്ട് ചെയ്തിട്ടുണ്ട്. വെയിൻ ഡാമേജും ഉണ്ട്. ഇതെന്ത്പറ്റിയതാ.....??? " " അറിയില്ല ഡോക്ടർ..... മുറിയിൽ വീണുകിടക്കുകയായിരുന്നു. തെന്നിവീണതാണെന്ന് തോന്നുന്നു. " അരുന്ധതിയായിരുന്നു മറുപടി പറഞ്ഞത്. പക്ഷേ ആ മറുപടിയിൽ തൃപ്തിയവാത്തത് പോലെ ഡോക്ടർ തലയിരുവശത്തേക്കും ചലിപ്പിച്ചു. " എന്താ ഡോക്ടർ എന്തെങ്കിലും പ്രശ്നം....??? " " ഇത് വെറുതെ വീണതല്ല എന്ന കാര്യം ഉറപ്പാണ്. മേ ബീ ആരെങ്കിലും തല മനഃപൂർവം പിടിച്ച് ചുവരിലൊ അല്ലെങ്കിൽ തറയിലോ ശക്തമായി ഇടിച്ചതാവും. അതല്ലെങ്കിൽ എന്തോ ഒന്നുകൊണ്ട് ശക്തിയിൽ തലയ്ക്കടിച്ചു. അല്ലാതെ ഇങ്ങനെയൊരവസ്തയിൽ ആ കുട്ടിയെത്തില്ല. "

അവർ പറഞ്ഞതും അരുന്ധതിയും മൃദുലയും നെഞ്ചിൽ കൈവച്ചു. അമൃത് തരിച്ചുനിൽക്കുകയായിരുന്നു. " എന്തായാലും നമുക്ക് നോക്കാം. പ്രാർത്ഥിച്ചോളൂ.... " പറഞ്ഞിട്ട് അവർ അകത്തേക്ക് പോയി. അപ്പോഴും എല്ലാവരും ജ്യോതിയേ ഈ വിധമെത്തിച്ച കാരണം തേടുകയായിരുന്നു. പക്ഷേ സിദ്ധുവിന് മാത്രം സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല. അവന്റെ മുന്നിൽ വൈശാഖ് എന്നതിനപ്പുറം മറ്റൊരു ചിന്തയുമുണ്ടായിരുന്നില്ല. പെട്ടന്നായിരുന്നു വൈശാഖിനെ കവർന്ന് മറ്റുരണ്ട് മുഖങ്ങൾ അവന്റെ ചിന്തകളെ കവർന്നത്. നരേന്ദ്രനും ചാരുവും. വെപ്രാളത്തിൽ ഓടിപ്പോരുന്നതിനിടയിൽ അവരിരുവരും വീട്ടിൽ തനിച്ചാണെന്നും വൈശാഖ് അവിടെയുണ്ടെന്നുമുള്ള ഓർമ്മ തലച്ചോറിലേക്കിരച്ച് കയറുകയും ചെയ്തതും സിദ്ധുന്റെ നെഞ്ചൊന്ന് പിടഞ്ഞു. അവൻ പെട്ടന്ന് അരുന്ധതിയുടെ അരികിലേക്ക് ചെന്നു. " അമ്മേ വീട്ടിൽ അച്ഛനും ചാരുവും ഒറ്റക്കല്ലേ.... വൈശാഖിന്റെ കാര്യവും ഒന്നുമറിയില്ലല്ലോ അതുകൊണ്ട് ഞാൻ വീട്ടിലേക്ക് പോകുവാ.. " അവൻ പറഞ്ഞപ്പോഴായിരുന്നു മറ്റുള്ളവരും അതിനെക്കുറിച്ചോർത്തത്.

" മ്മ്ഹ് ചെല്ല് മോനെ..... " അരുന്ധതി പറഞ്ഞതും കേട്ടപാതി കേൾക്കാത്ത പാതി സിദ്ധു പുറത്തേക്കൊടി. പാർക്കിങ്ങിൽ ചെന്ന് കാറിൽ കയറി അവൻ ദേവരാഗത്തിലേക്ക് കുതിച്ചു. അവൻ ചെല്ലുമ്പോൾ ആ വലിയ ഗേറ്റ് മലർക്കെ തുറന്നിട്ടിരുന്നു. കാർ പോർച്ചിലേക്ക് നിന്നതും ഡോർ തുറന്ന് അവനകത്തേക്ക് കയറിയോടി. ആദ്യം പോയത് നരേന്ദ്രന്റെ റൂമിലേക്കായിരുന്നു. വാതിൽ തുറന്ന് ലൈറ്റിട്ടതും അവന്റെ ശ്വാസം പോലും നിലച്ചുപോയി. മുറിയിലെങ്ങും അയാൾ ഉണ്ടായിരുന്നില്ല. കിടക്കവിരിയും മറ്റും ചുരുണ്ട് കൂടികിടന്നിരുന്നു. നരേന്ദ്രനുപയോഗിക്കുമായിരുന്ന വോക്കിങ് സ്റ്റിക്ക് ബെഡിന്റെ സൈഡിൽ തന്നെയുണ്ടായിരുന്നു. " വൈശാഖ്.... " അവനറിയാതെ പറഞ്ഞു. പിന്നെ ഒരു നിമിഷം പോലും കളയാതെ ചാരു കിടന്നിരുന്ന താങ്കളുടെ മുറിയിലേക്ക് ഓടി. അവിടെയും ഫലം വ്യത്യസ്തമായിരുന്നില്ല.

അവൾ പുതച്ചുകിടന്നിരുന്ന പുതപ്പ് ബെഡിലും നിലത്തുമായി കിടന്നിരുന്നു. കാലിൽ അണിഞ്ഞിരുന്ന സ്വർണപാദസരം പൊട്ടി ബെഡിൽ തന്നെ കിടന്നിരുന്നു. " ചാരു..... " ഒരുനിമിഷം സകലതും തകർന്നത് പോലെ അവനാ വെറും നിലത്തേക്കിരുന്നു. പിന്നെ വീണ്ടും ഓടി പുറത്തേക്കിറങ്ങി. പക്ഷേ എങ്ങോട്ട് എന്നതിനെക്കുറിച്ചൊരു ബോധ്യവുമുണ്ടായിരുന്നില്ല. ചുറ്റുപാടും ഇരുൾ മാത്രം നിറഞ്ഞ് നിന്നു. ആ ഇരുൾ പോലെ തന്നെ ശൂന്യമാണ് തന്റെ ഉള്ളും എന്ന് അവൻ തിരിച്ചറിയുകയായിരുന്നു അപ്പോൾ. " വിടില്ല വൈശാഖ് നിന്നേ ഞാൻ..... ഇതുവരെ ഞാൻ ക്ഷമിച്ചു..... പൊറുത്തു.... പക്ഷേ ഇനിയില്ല എന്റച്ഛൻ...... എന്റെ ചാരു..... അവളുടെ വയറ്റിൽ എന്റെ കുഞ്ഞുണ്ട്. എന്റെ പെണ്ണിനോ കുഞ്ഞിനോ എന്തെങ്കിലും സംഭവിച്ചാൽ വച്ചേക്കില്ല നിന്നേ ഞാൻ..... " അവൻ മുരണ്ടു....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story