കാവ്യമയൂരം: ഭാഗം 5

രചന: അഭിരാമി ആമി
സിദ്ധു പോയപുറകെ തന്നെ തലവേദനയാണെന്നൊരു നുണയും പറഞ്ഞ് ചാരുവും കോളേജിൽ നിന്നുമിറങ്ങി. വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലൊക്കെയും അവളുടെ ഉള്ള് നിറയെ സിദ്ധുവും അവനോടൊപ്പമുള്ള നിമിഷങ്ങളുമായിരുന്നു. ആ നിമിഷങ്ങളുടെ ഓർമയിൽ അറിയാതെയവളുടെ അധരങ്ങൾ വിടർന്നു. വീട്ടിലെത്തിയ പാടെ ആരോടുമൊന്നും മിണ്ടാൻ നിൽക്കാതെ അവൾ നേരെ മുകളിലേക്ക് പോയി. ഡ്രസ്സ് പോലും മാറ്റാൻ നിൽക്കാതെ ബെഡിലേക്ക് കിടന്ന അവൾ എപ്പോഴോ ഉറങ്ങിപ്പോവുകയും ചെയ്തു. ഉറക്കത്തിനിടയിലെപ്പോഴോ നെറ്റിയിലൊരു തണുത്ത കരസ്പർശമറിഞ്ഞപ്പോഴാണ് അവൾ ആലസ്യത്തോടെ മിഴികൾ വലിച്ചുതുറന്നത്. കണ്ണ് തുറന്നതും തന്നേത്തന്നെ നോക്കി ബെഡിൽ ഇരിക്കുന്ന ആളെ കണ്ടതും അവളൊന്ന് ഞെട്ടി... " ക...ക... കണ്ണേട്ടൻ... " " കക്ക കണ്ണേട്ടനല്ല.... കണ്ണേട്ടൻ.... നിന്റെ മാത്രം കണ്ണേട്ടൻ... " ചുണ്ടിലൂറിയ കുസൃതിച്ചിരിയോടെ അവളെ പതിയെ പിടിച്ചെണീപ്പിച്ചുകൊണ്ട് പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു.
അപ്പോഴും മുന്നിൽ കാണുന്നത് സത്യമോ മിഥ്യയൊ എന്നറിയാൻ കഴിയാതെ അമ്പരന്നാ മിഴികളിലേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു ചാരു. " എന്താ പെണ്ണേ ഇങ്ങനെ നോക്കുന്നേ ??? " " മ്മ്ഹ്ഹൂ... " അവളുടെ മുഖത്തേക്ക് പതിയെ ഊതിയിട്ട് അവൻ ചോദിച്ചതും ഏതോ മായാവലയത്തിലകപ്പെട്ടത് പോലെ ഒന്നുമില്ലെന്ന അർഥത്തിൽ അവൾ തലയാട്ടി.... " സോറി പെണ്ണേ..... കോളേജിൽ വച്ചങ്ങനെയൊക്കെ.... അപ്പോൾ ആ സമയം നീയങ്ങനെ തൊട്ടടുത്ത് നിന്നപ്പോൾ ഞാൻ മറ്റെല്ലാം മറന്നുപോയി.... " പറയുമ്പോൾ അവന്റെ ശിരസ്സ് കുനിഞ്ഞിരുന്നു. അതവളെ വല്ലാതെ നോവിച്ചു. പതിയെ കൈ നീട്ടി അവന്റെ കയ്യിൽ മുറുകെ പിടിച്ചവൾ. എന്നിട്ട് എന്താണെന്ന അർഥത്തിൽ മിഴികളുയർത്തി നോക്കിയ അവനെ നോക്കി സാരമില്ലെന്ന് പറയും പോലെ പതിയെ മിഴികളടച്ച് കാണിച്ചു. ആ നിമിഷം സകലതും മറന്ന അവനൊരു ഞൊടിയിൽ അവളെ കൈക്കുള്ളിലൊതുക്കി. ആ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി. ഒപ്പം അവളുടെ ഉടലിലെ പിടുത്തവും അനുനിമിഷം മുറുകിക്കൊണ്ടിരുന്നു.
ഒടുവിൽ അവളുടെ മുഖത്ത് കൂടിയൊഴുകിയിറങ്ങിയ മിഴികൾ ആ നനുത്ത അധരങ്ങളിൽ ചെന്ന് പതിച്ചു. ഒരനുവാദത്തിനെന്ന പോലെ അവളുടെ മിഴികളിലേക്കൊന്ന് നോക്കിയതും അവനാ ചെഞ്ചുണ്ടുകളെ പൊതിഞ്ഞതും ഒരേ നിമിഷത്തിൽ തന്നെ കഴിഞ്ഞു. ഒരു വിറയലോടെ ആ പെണ്ണിന്റെ ഇരുകൈകളും അവന്റെ ഷർട്ടിന്റെ മുൻഭാഗത്തമർന്നു. ആദ്യമൊന്ന് മിഴിഞ്ഞുവന്ന ആ പിടയ്ക്കുന്ന മിഴികൾ പതിയെ കൂമ്പിയടഞ്ഞു. കൈകൾ അവന്റെ പുറത്ത്കൂടിയും പിൻകഴുത്തിലൂടെയും ഒഴുകി നടന്നു. അവളുടെയാ സ്പർശം പോലും അവനിലേ പുരുഷനെ ഉണർത്താൻ പാകത്തിലുള്ളതായിരുന്നു. അതിന്റെ തെളിവ് പോലെ അവളെ മുറുകെപ്പുണർന്ന് കൊണ്ട് തന്നെ അവൻ കൂടുതൽ കൂടുതൽ ആവേശത്തോടെ അവളുടെ അധരങ്ങളിലേക്കാഴ്ന്നിറങ്ങിക്കൊണ്ടിരുന്നു. മൃദുവായി തുടങ്ങിയ ആ ചുംബനം ആവേശക്കൊടുമുടിയേറുമ്പോൾ അതിന്റെ പൂർണമായ തീവ്രതയിലെത്തിയിരുന്നു. അത് തെളിയിക്കും പോലെ അവന്റെ ദന്തങ്ങൾ അവളുടെ ചെഞ്ചുണ്ടുകളിലേക്കാഴ്ന്നിറങ്ങി.
" ആഹ്ഹ.... " ഒരു നിലവിളിയോടെ ഉറക്കം ഞെട്ടിയ ചാരു ബെഡിൽ എണീറ്റിരുന്ന് ചുറ്റും നോക്കി. അപ്പോഴും നടന്നതൊക്കെ സ്വപ്നമാണെന്ന് വിശ്വസിക്കാൻ കഴിയാത്ത വിധം അവളതിൽ ലയിച്ചുചേർന്നിരുന്നു. ഒടുവിൽ അല്പസമയത്തെ ആലോചനയ്ക്കൊടുവിൽ യാഥാർദ്യത്തിലേക്ക് മടങ്ങി വരുമ്പോൾ അവളുടെ അധരങ്ങളിലൊരു പുഞ്ചിരി തങ്ങി നിന്നിരുന്നു. അറിയാതെയവളുടെ വിരലുകൾ സ്വന്തം ചുണ്ടുകളെയൊന്ന് തഴുകിത്തലോടി. " അല്ലേത്തന്നെ ആ കാട്ടുമാക്കാൻ സോറി പറയാൻ വരുമെന്ന് കരുതിയ നീയല്ലേ ചാരു മന്ദബുദ്ധി..... ഇപ്പൊ വരും കാത്തിരുന്നോ.... " സ്വയം പറഞ്ഞ് ചിരിച്ചുകൊണ്ട് അവൾ പതിയെ എണീറ്റ് താഴേക്ക് നടന്നു. അവൾ താഴെയെത്തുമ്പോൾ എന്തൊക്കെയൊ കാര്യമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു സീതയും ശിവപ്രസാദും കൂടി. " എന്താ രണ്ടുംകൂടിയൊരു ഗൂഡാലോചന ?? " ശിവപ്രസാദിന്റെ അരികിലേക്കിരുന്നുകൊണ്ടാണ് അവളത് ചോദിച്ചത്. " ഒന്നുല്ലെടി കാന്താരി നിന്റെ ചേച്ചിയുടെ കാര്യം പറഞ്ഞതാ... "
" അവൾടെ കാര്യമെന്താ ഇപ്പൊ പറയാൻ ?? " " അവൾ അടുത്തയാഴ്ച ഇങ്ങ് വരില്ലേ.... ഇനി പ്രസവം കഴിഞ്ഞേ തിരിച്ചുപോകൂ... " സീത പറഞ്ഞു. " അതിനവൾ കുന്നത്തേക്കാ വരുന്നതെന്നല്ലേ നേരത്തെ പറഞ്ഞത്.... അവിടുത്തെ അമ്മയ്ക്കും അതായിരുന്നില്ലേ താല്പര്യം?? " സംശയത്തോടെ അവൾ വീണ്ടും ചോദിച്ചു.. " അത് പറയേണ്ടത് അവരുടെ മര്യാദ പക്ഷേ നമ്മളത് അവസരമായെടുക്കാൻ പാടില്ലല്ലോ.... ആദ്യപ്രസവം പെൺവീട്ടുകാരുടെ ചുമതലയാണ്. അത് നമ്മുക്ക് തന്നെ നോക്കണം. " സീത പറഞ്ഞതിനെ ശരിവെക്കും പോലെ ശിവപ്രസാദും തല കുലുക്കി. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ഒരാഴ്ച വളരെ വേഗത്തിൽ കടന്നുപോയി. ഇതിനിടയിൽ ഒരിക്കൽ പോലും ചാരുവും സിദ്ധുവും പരസ്പരം കാണുകയൊ ഫോണിൽ കൂടി പോലും ഒന്ന് സംസാരിക്കുകയൊ ചെയ്തിരുന്നില്ല. സാധാരണ ചാരു വെറുതെ ചൊറിയാനായി അവന്റെ ഫോണിലേക്ക് വിളിക്കുക പതിവായിരുന്നുവെങ്കിലും എന്തോ ഈ ദിവസങ്ങളിലൊന്നും അവളതിനും മുതിർന്നില്ല. ഇന്നാണ് ശിവപ്രസാദിന്റെ മൂത്ത മകളായ ചൈതന്യ നാട്ടിലേക്ക് വരുന്നത്. ചാരുവും ശിവപ്രസാദും കൂടിയാണ് അവളെ കൂട്ടാനായി എയർപോർട്ടിലേക്ക് പോയത്. അവളെത്തുമ്പോഴേക്കും അവൾക്കിഷ്ടമുള്ളതൊക്കെ ഒരുക്കാനുള്ള തിരക്കിലായിരുന്നത് കൊണ്ട് സീത വന്നിരുന്നില്ല.
" ഹോ ഇതെത്ര നേരായി വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് ഇതെന്താ ഇത്ര ലേറ്റാകുന്നത് ???. " അക്ഷമയോടെ അകത്തേക്ക് നോക്കിയിരുന്നുകൊണ്ട് ചാരു പറയുന്നത് കേട്ട് പ്രസാദ് ചിരിച്ചു. " എന്റെ ചാരു നീയൊന്നടങ്ങ് ഇതിനൊക്കെ അതിന്റേതായ പ്രൊസീജിയേഴ്സുണ്ട്. അല്ലാതെ നീയിവിടെ കാത്തിരുപ്പുണ്ടെന്ന് കരുതി ഇറങ്ങിയൊടിയിങ്ങ് പോരാനൊന്നും പറ്റില്ല. " അവളെ സമാധാനിപ്പിച്ചുകൊണ്ട് അയാൾ പറഞ്ഞത് കേട്ട് അവളൊരു ചമ്മിയ ചിരി ചിരിച്ചു. " അച്ചേ ദേ അവള് വരുന്നു.... " പെട്ടന്നായിരുന്നു അകത്തേക്ക് നോക്കിയിരുന്ന് ആഹ്ളാദത്തോടെ ചാരു വിളിച്ചുകൂവിയത്. അത് കേട്ട് പ്രസാദും അങ്ങോട്ട് നോക്കി. നിറചിരിയോടെ അവരെത്തന്നെ നോക്കി നടന്നുവരുന്ന മൂത്ത മകളേ കണ്ട് അദ്ദേഹത്തിന്റെ കണ്ണുകളും വിടർന്നു. വിവാഹം കഴിഞ്ഞ് പോയപ്പോഴത്തേതിനെക്കാളും അവളൽപ്പം തടിച്ചിരുന്നു. വയർ നന്നേ വീർത്തുന്തിയിരുന്നു. അതൊക്കെ അല്ലാതെ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലല്ലോ അവൾക്കെന്നോർത്ത് ആ അച്ഛൻ പതിയെ പുഞ്ചിരിച്ചു.. " ചിത്തൂ.... " അവൾ നടന്നരികിലെത്തിയതും ഓടിച്ചെന്ന ചാരു
അവളെ കെട്ടിപിടിച്ചു. അവൾ തിരിച്ചും. മക്കളുടെ സ്നേഹപ്രകടനം നോക്കി അരികിൽ നിന്നിരുന്ന ശിവപ്രസാദ് നിറഞ്ഞുചിരിച്ചു. " അച്ഛേ..... " " വിഷമം ഒന്നുല്ലാരുന്നല്ലോ മോളെ.... വയറ് വേദനയൊ മറ്റോ തോന്നുന്നുണ്ടോ ??? " ചാരുവിനെ വിട്ട് തന്റെ മാറിലേക്ക് ചേർന്നുകൊണ്ട് വിളിച്ച അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. അപ്പോൾ ഒരച്ഛന്റെ എല്ലാ ആകുലതകളും നിറഞ്ഞിരുന്നു ആ സ്വരത്തിൽ. " ഇല്ലച്ഛേ....... മനുവേട്ടൻ ഫ്ലൈറ്റിൽ പ്രത്യേകം പറഞ്ഞേൽപ്പിച്ചിരുന്നു എല്ലാകാര്യങ്ങളും. അതുകൊണ്ട് വിഷമമൊന്നുമുണ്ടായില്ല.... " പിന്നീടധികം താമസിക്കാതെ അവർ വീട്ടിലേക്ക് പുറപ്പെട്ടു. അവരെത്തുമ്പോഴേക്കും എല്ലാമൊരുക്കി കാത്തിരിക്കുകയായിരുന്നു സീത. പിന്നീടുള്ള ദിവസങ്ങൾ ഒരു ഉത്സവം പോലെയായിരുന്നു കടന്നുപോയിരുന്നത്. ചിത്തുവിന്റെ കാര്യങ്ങൾ നോക്കാനും അവൾടെ ആഗ്രഹങ്ങൾ നടത്തിക്കൊടുക്കാനും മത്സരമായിരുന്നു മറ്റുമൂന്നുപേർ. മനുവിന്റെ വീടായ കുന്നത്ത് നിന്നും അവന്റെ മാതാപിതാക്കളായ അനിതയും ദേവനും ഇടയ്ക്കിടെ വന്നുപോയികൊണ്ടുമിരുന്നു. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞
ഇതിനിടയിലാണ് അരുന്ധതിയുടെ ഇളയ ആങ്ങളയുടെ മകളുടെ വിവാഹമായത്. സിദ്ധുവും ചാരുവും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതിനാൽ അടുത്ത ബന്ധുക്കളെന്ന നിലയിൽ സ്മൃതിയിലും എല്ലാവർക്കും ക്ഷണമുണ്ടായിരുന്നു. പഴയ നാലുകെട്ട് മാതൃകയിലുള്ള വലിയ തറവാടായതിനാൽ തറവാട്ട് മുറ്റത്ത് തന്നെ വലിയ പന്തലിട്ടായിരുന്നു വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. ദേവരാഗത്തിൽ നിന്നും എല്ലാവരും സ്മൃതിയിൽ നിന്നും എല്ലാവരും ഒരാഴ്ച മുന്നേ വിവാഹവീട്ടിലേക്ക് പോയെങ്കിലും സിദ്ധുവിന് ജോലിത്തിരക്കുകളായതിനാലും ചാരുവിന് കോളേജിൽ നിന്നും അത്ര ദിവസം ലീവെടുക്കാൻ പറ്റാത്തതിനാലും അവർ രണ്ടാളും മാത്രം മറ്റുള്ളവരോടൊപ്പം പോകാതെ വിവാഹത്തിന്റെ തലേദിവസമെത്തിക്കോളാമെന്ന തീരുമാനത്തിലുമായിരുന്നു. ചൈതന്യക്ക് ദൂരയാത്ര പറ്റാത്തതിനാൽ അവളെ മനുവിന്റെ അച്ഛൻ വന്ന് കുന്നത്തേക്ക് കൊണ്ടുപോയിരുന്നു. " കണ്ണാ നാളെയാ വിവാഹം ഇന്ന് വൈകുന്നേരമെങ്കിലും നീയിങ്ങെത്തുമോ ??? "
വിവാഹത്തലേന്ന് രാവിലെ ഓഫീസിൽ പോകാനിറങ്ങുമ്പോഴായിരുന്നു സിദ്ധുവിനെ ഫോണിൽ വിളിച്ച അരുന്ധതി ചോദിച്ചത്. " ആഹ് അമ്മേ ഞാൻ ഉച്ചക്ക് തന്നെ ഇവിടുന്ന് പുറപ്പെടും. രാത്രിലത്തേക്ക് അങ്ങെത്തും. " " മ്മ്ഹ്ഹ് എന്നാ ശരി നീ ഇറങ്ങാറായില്ലേ ... " " ആഹ് ഞാനിറങ്ങുവാമ്മേ.... ടൈമായി..... വൈകുന്നേരം നേരത്തെ എത്താം... " " ശരി മോനെ... വേഗം വരാൻ നോക്ക്... ആഹ് കണ്ണാ ഒരുകാര്യം മറന്നു... " " എന്താമ്മേ.... " " അതേ കോളേജിന്ന് ഇത്രേം ദിവസം ലീവെടുക്കാൻ കഴിയാത്തോണ്ട് ചാരു മോളും വന്നിട്ടില്ല അവളും ഇന്ന് ഉച്ചവരെ കോളേജിൽ പോയിട്ട് വൈകുന്നേരത്തേക്ക് എത്തിക്കോളാമെന്നാ പറഞ്ഞത്.... നീയൊരു കാര്യം ചെയ്യ് അതുവഴി ചെന്ന് മോളേം കൂടി ഒപ്പം കൂട്ടിക്കോ... അല്ലെങ്കിൽ പിന്നെ ഇവിടുന്നാരെങ്കിലും വരണ്ടേ അവളെ കൊണ്ടുവരാൻ അല്ലെങ്കിൽ അവളൊറ്റയ്ക്ക് വരണ്ടേ.... " അരുന്ധതി പറഞ്ഞത് കേട്ടതും സിദ്ധു വല്ലാത്തൊരവസ്തയിലായി. കോളേജിൽ വച്ചുണ്ടായ സംഭവത്തിന് ശേഷം അവളെയൊന്ന് നേരെ കണ്ടിട്ട് പോലുമില്ല. അതുകൊണ്ട് തന്നെ എന്തുചെയ്യണമെന്നറിയാതെ അവൻ മറുപടിയൊന്നും പറയാതെ നിന്നു.
" കണ്ണാ.... നീ കേൾക്കുന്നില്ലേ ??? നീയെന്താ ഒന്നും മിണ്ടാത്തത് ??? മോളെ നീ കൊണ്ടുവരില്ലേ ??? " " ആഹ്..... ഞാൻ.... ഞാൻ കൊണ്ടുവരാ മമ്മേ.... " എന്തൊക്കെയൊ ഓർത്തുകൊണ്ട് അവൻ പറഞ്ഞു. " മ്മ്ഹ്ഹ് എന്നാ മോൻ പോയിട്ട് വാ...." അവർ പറഞ്ഞതിന് മറുപടിയായി ഒന്ന് മൂളിയിട്ട് കാൾ കട്ട് ചെയ്ത് അവൻ ചെന്ന് കാറിൽ കയറി. ഉച്ചയോടെ കോളേജിൽ നിന്നുമിറങ്ങിയ ചാരു വീട്ടിലെത്തി കുളിച്ച് വേഗത്തിൽ റെഡിയായിറങ്ങി. ഒരു ബ്ലാക്ക് ചുരിദാറായിരുന്നു അവളുടെ വേഷം. മുടി ഭംഗിയായി മെടഞ്ഞ് മാറിലേക്കിട്ടിരുന്നു. കണ്ണുകളിൽ അല്പം മഷിയും നെറ്റിയിലൊരു കുഞ്ഞ് പൊട്ടും മാത്രമായിരുന്നു മേക്കപ്പ്. ഒരുക്കമൊക്കെ കഴിഞ്ഞ് അത്യാവശ്യം ഡ്രെസ്സും സാധനങ്ങളുമൊക്കെ ഒരു കൊച്ച് ബാഗിലെടുത്തുകൊണ്ട് അവൾ വേഗത്തിൽ പുറത്തേക്കിറങ്ങി. പുറത്തിറങ്ങി വാതില് പൂട്ടിക്കൊണ്ട് നിൽക്കുമ്പോഴായിരുന്നു ഗേറ്റിലൊരു കാർ വന്നുനിന്നത്. ആരാണെന്നറിയാൻ തിരിഞ്ഞുനോക്കിയ അവളൊന്ന് വല്ലാതായി. എങ്കിലും താക്കോൽ ബാഗിലേക്കിട്ട് അവൾ പെട്ടന്ന് കാറിനരികിലേക്ക് ചെന്നു.
" എങ്ങോട്ടാണാവോ കെട്ടിലമ്മ ചമഞ്ഞൊരുങ്ങി ??? " അവളെയൊന്നുഴിഞ്ഞുനോക്കി മുഖം നിറയെ പുച്ഛം നിറച്ചുകൊണ്ട് അവൻ ചോദിച്ചു. ( തന്റമ്മായിയമ്മേടെ രണ്ടാംകെട്ടിന്.... ) മനസിൽ തോന്നിയതങ്ങനെയാണെങ്കിലും വെറുതെ പല്ലിന്റെ എണ്ണം കുറയ്ക്കേണ്ടെന്ന് കരുതി മാത്രം അവളത് പുറത്ത് പറഞ്ഞില്ല. " അത്.... പിന്നെ.... കല്യാണം.... " അവൾ വിക്കിവിക്കി പറഞ്ഞു. " അതിന് നമ്മുടെ കല്യാണമായില്ലല്ലോ ??? " അവളെയൊന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി അവൻ മനഃപൂർവം ചോദിച്ചു. ( വോ കല്യാണം കണിച്ചേച്ചാലും മതി. ) " എന്തുവാടി നിന്ന് സ്വപ്നം കാണുന്നെ ?? " " നിങ്ങടെ അമ്മാവന്റെ മോൾടെ കല്യാണക്കാര്യാ ഞാൻ പറഞ്ഞത്. " ദേഷ്യമടക്കി മുഖം വീർപ്പിച്ചുകൊണ്ട് അവൾ പറഞ്ഞത് കേട്ട് വന്ന ചിരിയടക്കിപ്പിടിച്ചുകൊണ്ട് അവൻ കയ്യെത്തിച്ച് അവൾ നിൽക്കുന്ന ഭാഗത്തെ ഡോറ് തുറന്നു. ( ഇയാളിതെന്താ ഇനി ഇതുവഴി ചാടിയിറങ്ങാൻ പോകുവാണോ ?? ) അവൾ മനസ്സിലോർത്തു. " ഡീ.... " ( ഇയാളെന്തിനാ ദൈവമേ ഇങ്ങനെ കിടന്ന് കീറിവിളിക്കുന്നേ.... മനുഷ്യന്റെ ചെവിയടിച്ചുപോയി.... )
" നിന്ന് കഥകളി കളിക്കാതെ ഇങ്ങോട്ട് കേറെഡി...... " " ഏഹ്.... എങ്...എങ്ങോട്ട് ???? " " നിന്റെ....................... എന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കാതെ മര്യാദക്ക് വന്ന് കേറെഡി.... " ദേഷ്യത്തോടെ അലറിക്കൊണ്ട് അവൻ പറഞ്ഞതും പിന്നീടൊന്നുമാലോചിക്കാതെ അവൾ ചാടി അകത്തേക്ക് കയറി. കേറിയുടൻ തന്നെ കാർ മുന്നോട്ട് പാഞ്ഞു. " ക്... കണ്ണേട്ടാ... " " മ്മ്ഹ്ഹ്... " " നമ്മൾ.... നമ്മളെങ്ങോട്ടാ ??? " " നിന്നേം കൊണ്ട് മൂന്നാറിന് ടൂറ് പോവാ എന്തേയ്..... മിണ്ടാതിരിയെടി അവിടെ... " വീണ്ടും പുച്ഛം വാരിവിതറി പറഞ്ഞിട്ട് അവൻ വീണ്ടും ഡ്രൈവിംഗിലേക്ക് ശ്രദ്ധ തിരിച്ചു. പിന്നെടവളും ഒന്നും പറയാൻ പോയില്ല. എങ്ങോട്ടോ ആവട്ടെന്ന് കരുതി മുഖവും വീർപ്പിച്ച് സീറ്റിലേക്ക് ചാരിയിരുന്ന് മിഴികളടച്ചു. അത് കണ്ടതും അറിയാതെ സിദ്ധുവിന്റെ ചുണ്ടിലൊരു പുഞ്ചിരിയൊളി വീശി. അല്പസമയം കൂടി കഴിഞ്ഞതും അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു. അത് കണ്ടതും സിദ്ധു പതിയെ സീറ്റൽപ്പം പിന്നിലേക്ക് ചായ്ച്ചുകൊടുത്തു. എന്നിട്ട് അവളെയുണർത്താതെ പതിയെ മടിയിൽ വച്ചിരുന്ന ബാഗ് വലിച്ചെടുത്ത് പിൻസീറ്റിലേക്കിട്ടു.
പക്ഷേ ഇതൊന്നുമറിയാതെ സുഖനിദ്രയിലായിരുന്നു ചാരു. ഇടയ്ക്കിടെ പുറത്ത് നിന്നും വീശിയടിക്കുന്ന കാറ്റിൽ മുഖത്തേക്ക് വീണുകിടന്നിരുന്ന മുടിയിഴകൾ കണ്ണിലൂടേയും കവിളിലൂടെയുമിഴഞ്ഞ് അവളുടെ ഉറക്കത്തിന് തടസ്സം സൃഷ്ടിക്കുന്നെന്ന് കണ്ടപ്പോൾ ആ സൈഡിലേ ഗ്ലാസും ഉയർത്തിവച്ചിട്ട് ഒരു മൂളിപ്പാട്ടോടെ അവൻ വീണ്ടും ഡ്രൈവിംഗിലേക്ക് തിരിഞ്ഞു. വണ്ടിയോടിക്കുന്നെങ്കിലും ഇടയ്ക്കിടെ അവന്റെ ശ്രദ്ധ നിഷ്കളങ്കമായുറങ്ങുന്ന അവളിലേക്ക് പാളി വീണുകൊണ്ടിരുന്നു. ആ നിമിഷങ്ങളിലൊക്കെയും അവന്റെ അധരങ്ങളിലൊരു പുഞ്ചിരി തത്തിക്കളിച്ചിരുന്നു. രണ്ട് മണിക്കൂറുകൊണ്ട് അവർ തറവാട്ടിലെത്തി. അപ്പോഴേക്കും അവിടമാകെ അലങ്കാരങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. തറവാടും പരിസരവുമാകെ ദീപാലങ്കാരങ്ങൾ നിറഞ്ഞിരുന്നു.
" ഡീ...........പള്ളിയുറക്കം കഴിഞ്ഞെങ്കിൽ ഒന്ന് പുറത്തേക്കിറങ്ങിയാലും.... " സീറ്റിലേക്ക് ചാരി കിടന്നുറങ്ങുകയായിരുന്ന അവളെ തട്ടി വിളിച്ചുകൊണ്ട് അവൻ പറഞ്ഞതും ചാരു ഞെട്ടിയുണർന്നു. കണ്ണ് തുറന്ന് ചുറ്റിനും നോക്കിയതും സ്ഥലം മനസ്സിലാക്കിയതും അവൾ പല്ല് കടിച്ചുകൊണ്ടവനെ ദേഷ്യത്തിൽ നോക്കി. " ഇരുന്ന് പല്ല് കടിച്ചുപൊട്ടിക്കാതെ ഇറങ്ങെടി...... " പറഞ്ഞുകൊണ്ട് അവൻ ഡോറ് തുറന്ന് പുറത്തേക്കിറങ്ങി. ( കാലൻ..... ഇങ്ങോട്ടാ വരുന്നതെന്ന് പറഞ്ഞാൽ ആകാശമിടിഞ്ഞിയാടെ തലേക്കൂടി വീഴുമോ ) മനസിൽ പറഞ്ഞുകൊണ്ട് അവളും അവന്റെ പിന്നാലെ ഇറങ്ങി അകത്തേക്ക് നടന്നു. .... തുടരും...🥂
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.