കാവ്യമയൂരം: ഭാഗം 50

kavyamayooram

രചന: അഭിരാമി ആമി

ഡാ...... ആ അലർച്ച കേട്ടതും സിദ്ധു ചാരുവുമായി ഒരു സൈഡിലേക്ക് മാറി. നിലത്തുനിന്നും ചാടിയെണീറ്റ് ഒരു നിലവിളക്കുമായി അവരുടെ നേരെ കുതിക്കുന്ന വൈശാഖിനെ അപ്പോഴായിരുന്നു ചാരു കണ്ടത്. പതറിപ്പോയ അവളാകെ സ്തംഭിച്ചത് പോലെ അവിടെത്തന്നെ നിന്നു. " നീയും നിന്റെ വയറ്റിലുള്ള ആ ജന്തുവും ഇനി ജീവിക്കണ്ടെടി..... " അലറിക്കൊണ്ട്‌ പാഞ്ഞുവന്നവളെ കുത്തനായി വിളക്ക് ഓങ്ങിയതും അവിടെയൊരു വെടിയൊച്ച മുഴങ്ങി. വൈശാഖന്റെ നെഞ്ച് തകർത്തുകൊണ്ട് ആ വെടിയുണ്ട കടന്നുപോയി. " അഹ്..... " അവന്റെ കയ്യിൽ നിന്നും വിളക്കൂർന്ന് നിലത്തേക്ക് വീണു. കണ്ണുകൾ സിദ്ധുവിൽ തന്നെ തറഞ്ഞുനിന്നിരുന്ന വൈശാഖ് കുഴഞ്ഞു‌ താഴേക്ക് വീണു. " സി..... സി.... ദ്.... " അവന്റെ നേരെ ചോര പുരണ്ട കൈകൾ നീട്ടി അവൻ വിളിക്കാൻ ശ്രമിച്ചു.

അപ്പോഴും ആരാണ് വെടിവച്ചതെന്ന് നോക്കുകയായിരുന്നു എല്ലാവരും. അപ്പോഴേക്കും ഈശ്വറും ഒരു കൂട്ടം പോലീസുകാരും അകത്തേക്ക് വന്നു. " സിദ്ധു..... " വൈശാഖ് മരണവെപ്രാളത്തിൽ വീണ്ടും വിളിച്ചു. " അങ്ങോട്ട് പോണ്ട കണ്ണേട്ടാ എനിക്ക് പേടിയാ...... " തന്നേ ഉടുമ്പടക്കം പിടിച്ചുകൊണ്ടുള്ള ചാരുവിന്റെ ഏങ്ങൽ കേട്ടെങ്കിലും അവളേ സമാധാനിപ്പിച്ചുകൊണ്ട് സിദ്ധു അവനരികിലേക്ക് ചെന്നു. " എന്റെ... എന്റരികിലൊന്ന്.... ഇരി..... " അവൻ സംസാരിക്കാൻ വളരെ ബുദ്ധിമുട്ടി. അതോടെ സിദ്ധു അവനരികിലേക്ക് മുട്ടുകുത്തി താഴ്ന്നിരുന്നു. " എന്നോട് പൊറുക്കെടാ...... ഞാൻ..... ഞാനെന്നും നിന്നെ മാത്രേ സ്നേഹിച്ചുള്ളൂ. നിന്നെ മാത്രേ കണ്ടുള്ളു..... ചാരു..... ചാരുനെ ഞാൻ..... സോറി.... എന്റെ..... എന്നേ മാത്രം സ്നേഹിച്ച പാവം ..... ജ്യോതിയേം ഞാൻ..... ചതിച്ചു.... അവ..... അവളേ...... "

അത്രയും പറഞ്ഞപ്പോഴേക്കും വൈശാഖിൽ നിന്നും അവസാനശ്വാസവും പറന്നുപോയിരുന്നു. അതറിഞ്ഞതും തന്നിൽ തന്നെ തറഞ്ഞു നിന്നിരുന്ന അവന്റെ കലങ്ങിയ കണ്ണുകൾ സിദ്ധു തിരുമ്മിയടച്ചു. എല്ലാം കണ്ട് നിന്നിരുന്ന ചാരു പൊട്ടിക്കരഞ്ഞു. അമൃത് അവളേ ചേർത്തുപിടിച്ചു. " ഈശ്വർ.....'' " ഒരു പ്രശ്നവും ഇല്ല സാർ.... കളക്ടറുടെ അച്ഛനേം ഭാര്യയേയും തട്ടിക്കൊണ്ട്‌ പോയ പ്രതിയെ കളക്ടറെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടയിൽ പോലീസ് വെടിവച്ചുകൊന്നു. അത്രേയുള്ളൂ. സാറ് പൊക്കൊളു.... ഇവിടുത്തെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളാം. " " താങ്ക്‌യൂ ഈശ്വർ....." സിദ്ധു നന്ദിപൂർവ്വം അയാൾക്ക് ഹസ്തദാനം ചെയ്തു. ചെറിയ പരിക്കുകൾ ഒക്കെയുണ്ടായിരുന്നത് കൊണ്ടും പ്രെഗ്നന്റ്സിയിൽ എന്തെങ്കിലും പ്രോബ്ലംസ് ഉണ്ടോന്നറിയുന്നതിനും വേണ്ടി ചാരുവിനെയും ജ്യോതി കിടന്നിരുന്ന ഹോസ്പിറ്റലിലേക്ക് തന്നെയായിരുന്നു കൊണ്ടുവന്നത്.

പക്ഷേ ദൈവാനുഗ്രഹത്താൽ അവൾക്കൊ കുഞ്ഞിനോ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. രണ്ട് ദിവസങ്ങൾ കൂടി കഴിഞ്ഞതോടെ ജ്യോതി കണ്ണ് തുറന്ന് കഴിഞ്ഞിരുന്നു. അവൾ ചെറുതായി സംസാരിക്കാനും തുടങ്ങിയിരുന്നു. ചാരുവിനെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം ഹോസ്പിറ്റലിൽ ജ്യോതിക്കൊപ്പം അവളുടെ അമ്മയും അരുന്ധതിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവരുടെ വീട്ടിൽ പോയി വരാനുള്ള ദൂരം കൊണ്ട് അവളുടെ അച്ഛനും കൂടി ദേവരാഗത്തിലായിരുന്നു തങ്ങിയിരുന്നത്. പിന്നെ സഞ്ജുവും സിദ്ധുവുമൊക്കെ ഇടയ്ക്കിടെ വന്ന് പോയിരുന്നുവെങ്കിലും അവളുടെ എല്ലാ കാര്യങ്ങൾക്കും ഓടി നടന്നിരുന്നത് അമൃത് ആയിരുന്നു. " കണ്ണേട്ടാ..... " " മ്മ്ഹ്.... " " അമൃതിന് എന്തെങ്കിലും മാറ്റമുണ്ടോ....??? " ഒരു ദിവസം രാത്രി സിദ്ധുവിന്റെ അരികിലേക്ക് വന്നിരുന്നുകൊണ്ട് ചാരു ചോദിച്ചു.

" എന്ത് മാറ്റം.... " കയ്യിലിരുന്ന ലാപ്പ് മാറ്റിവച്ചുകൊണ്ട് സിദ്ധു ചോദിച്ചു. " ജ്യോതിയുടെ കാര്യത്തിൽ.... അവൾ മാത്രമേ അവന്റെ ചിന്തയിലിപ്പോ ഉള്ളെന്ന് തോന്നും ചില നേരത്തെ പെരുമാറ്റം കണ്ടാൽ. അവനിനി അവളോടെന്തെങ്കിലും....??? " അവൾ സംശയത്തോടെ ചോദിക്കുമ്പോൾ സിദ്ധുവും അത് തന്നെയായിരുന്നു ചിന്തിച്ചത്. ഇപ്പോൾ ആരുടെയെങ്കിലും സഹായത്തിൽ ചെറുതായി നടന്നുതുടങ്ങിയിരുന്ന ജ്യോതിയുടെ ഒരു ചെറിയ നൊമ്പരം പോലും അവന്റെ കണ്ണുകളിൽ പ്രകടമാക്കിയിരുന്ന പിടച്ചിൽ അത്രയേറെയായിരുന്നു. പിറ്റേദിവസം അമൃത് ഹോസ്പിറ്റലിലേക്ക് വരുമ്പോൾ മുറിയിൽ ജ്യോതി മാത്രമേയുണ്ടായിരുന്നുള്ളൂ. " അമ്മമാരെവിടെ....??? " അരുന്ധതിയേയും ജ്യോതിയുടെ അമ്മ അംബികയേയും ഉദ്ദേശിച്ച് അവൻ ചോദിച്ചു. " ഇവിടെ അടുത്ത റൂമിൽ ഒരു പെൺകുട്ടി പൊള്ളലേറ്റ് അഡ്മിറ്റ്‌ ആയിരുന്നു. അത് മരിച്ചു. അതിനെയൊന്ന് കാണാൻ പോയതാ..." അവൾ പറഞ്ഞു. അതോടെ അമൃത് അവിടെയിട്ടിരുന്ന കസേരയിലേക്ക് ഇരുന്നു. " വൈശാഖ്..... "

" മോർച്ചറിയിൽ ഉണ്ട് ബോഡി.... ആരെങ്കിലും തേടി വരുമോ എന്നറിയാൻ പത്രത്തിൽ പരസ്യം കൊടുത്തിട്ടുണ്ട്. അല്ലാതെ അവന്റെ ബന്ധുക്കളെ കുറിച്ച് സിദ്ധുവിന് പോലും അറിയില്ല. " അവൻ പറഞ്ഞത് കേട്ടിരിക്കുമ്പോൾ ജ്യോതിയുടെ മിഴികൾ സ്വയമറിയാതെ നിറഞ്ഞു. അതവൻ കാണാതെ അവൾ വിരലുകളിൽ ഒപ്പിയെടുത്തു. " ജ്യോതി.... " അവൻ പതിയെ വിളിച്ചു. അവൾ അടഞ്ഞ സ്വരത്തിൽ ഒന്ന് മൂളി. " അന്നെന്താ സംഭവിച്ചത്....??? വൈശാഖ് നിന്നേയെന്തെങ്കിലും ചെയ്തോ.....??? " അവന്റെ ചോദ്യം കേട്ടതും അവളൊന്നുകൂടി വിതുമ്പി. പിന്നെ പതിയെ പറഞ്ഞുതുടങ്ങി. " ഒരുപാട് പ്രതീക്ഷകളുമായിട്ടായിരുന്നു വൈശാഖ് വച്ചുനീട്ടിയ , അതിലേറെ ഞാൻ മോഹിച്ച ആ ജീവിതത്തിലേക്ക് ഞാൻ കടന്നുചെന്നത്. പക്ഷേ വൈശാഖ്..... അവനെന്നെ ഉപയോഗിക്കുകയായിരുന്നു. വെറുമൊരു ആയുധമായി മാത്രമായിരുന്നു അവനെന്നെ കണ്ടത്. ഒരു ഭാര്യയെന്ന സ്ഥാനം അവന്റെ ജീവിതത്തിൽ ഒരിടത്തും എനിക്ക് കിട്ടിയില്ല. ഒരു താലി കഴുത്തിൽ ഉണ്ടായിപ്പോയത് കൊണ്ട് മാത്രം ഞാൻ അവന്റെ ഭാര്യയായി ജീവിച്ചു.

അതിനിടയിൽ സിദ്ധുവിനോട് പക പോക്കാനായി അവനെന്നേം കൂട്ടി ദേവരാഗത്തിൽ വന്നു. തന്ത്രപരമായി എന്നേ ആ വീട്ടിൽ താമസിപ്പിച്ചു. ആ വീടിന്റെ ഓരോ ചലനങ്ങളും എന്നിലൂടെ അറിയുകയായിരുന്നു വൈശാഖിന്റെ ലക്ഷ്യം. പക്ഷേ അപ്പോഴൊന്നും സിദ്ധുവിനോടുള്ള അവന്റെ പകയുടെ കാരണം എനിക്കറിയില്ലായിരുന്നു. വൈശാഖിനോടുള്ള അന്ധമായ സ്നേഹം കാരണം അവന് വേണ്ട വിവരങ്ങളെല്ലാം ഞാൻ എത്തിച്ചു കൊടുത്തുകൊണ്ടിരുന്നു. ഒടുവിൽ ചാരു പ്രെഗ്നന്റ് ആയപ്പോഴായിരുന്നു അവൻ ധൃതിയിൽ ഇവിടേക്ക് വന്നത്. അന്ന് ഞങ്ങൾ വഴക്കിടുകയും ചെയ്തു. അന്ന് എല്ലാവർക്കും വെള്ളം കൊടുക്കാൻ അവൻ എന്നേ നിർബന്ധിച്ചപ്പോ എന്തോ പന്തികേട് തോന്നിയിട്ടാണ് ഞാൻ ഉണ്ടാക്കിവച്ചിരുന്ന ഭക്ഷണവും വെള്ളവും സഹിതം എടുത്തുമാറ്റി വേറെയുണ്ടാക്കിയത്. കാരണം അന്ന് അതിന് മുൻപ് വൈശാഖിന്റെ കയ്യിൽ എന്തോ ഓരോ മരുന്ന് ബോട്ടിൽ ഞാൻ കണ്ടിരുന്നു.

അതിന്റെ പേരിൽ രാത്രി ഞങ്ങൾ വീണ്ടും വഴക്കുണ്ടായി. അപ്പോൾ തിളപ്പിച്ച്‌ വച്ചിരുന്ന വെള്ളത്തിൽ വിഷം കലർത്തിയ കാര്യം അവനെന്നോട് പറഞ്ഞു. അതോടെ ഞാൻ സ്നേഹിച്ചിരുന്നതിലപ്പുറം അവനെ ഞാൻ ഭയന്നു.... വെറുത്തു. സിദ്ധുവിനോടുള്ള അവന്റെ പകയുടെ കാരണമറിയാൻ ഞാനന്ന് വല്ലാതെ വാശി പിടിച്ചു. ഒടുവിൽ എന്നേയടിമുടി തകർത്തുകൊണ്ട് വൈശാഖ് ആ സത്യം പറഞ്ഞു. അവനൊരു ഗേ ആയിരുന്നു. അവന്റെ പ്രണയം സിദ്ധുവും ആയിരുന്നു. ആ പ്രണയം നിരസിച്ച സിദ്ധു ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് അവന് കൊടുത്ത വാക്ക് തെറ്റിച്ച് ചാരുവിനെ താലിചാർത്തിയതായിരുന്നു അവന്റെ പകയുടെ കാരണമെന്നും ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാനറിഞ്ഞു. പിന്നെ..... പിന്നെന്തോ പറഞ്ഞപ്പോ കണ്ട്രോൾ വിട്ട് അവനെന്റെ തല പലതവണ തറയിൽ പിടിച്ച് ഇടിപ്പിച്ചു.

പിന്നെനിക്കൊന്നും ഓർമയില്ല. ജീവിതത്തിലേക്കൊരു മടക്കം ഞാൻ പ്രതീക്ഷിച്ചിരുന്നേയില്ല.... " പറഞ്ഞതും ജ്യോതി പൊട്ടിക്കരഞ്ഞു. ഹൃദയം പിടയുന്ന വേദനയിൽ അവളേങ്ങിക്കരയുന്നത് നോക്കി അമൃത് തരിച്ചുനിന്നു. കുറച്ചുസമയം അത് കണ്ട് നിന്നപ്പോൾ നെഞ്ച് പിടഞ്ഞ അവൻ ഒന്നുമോർത്തു നിൽക്കാതെ അവളേ മാറോട് ചേർത്തു. ഒരു താങ്ങ് കൊതിച്ചിരുന്നത് പോൽ ജ്യോതിയും അവന്റെ മാറിൽ വീണ് തേങ്ങി. കുറച്ചുദിവസം കൂടി കഴിഞ്ഞതോടെ ജ്യോതിയുടെ ആരോഗ്യം തൃപ്തികരമായതോടെ അവളേ ഡിസ്ചാർജ് ചെയ്ത് ദേവരാഗത്തിലേക്ക് കൊണ്ടുവന്നു. അവളിപ്പോ പതിയെ പിടിച്ചുപിടിച്ച് നടക്കാനും തുടങ്ങിയിരുന്നു. ദേവരാഗത്തിൽ എല്ലാത്തിനും പഴയ താളം കൈവന്നുകൊണ്ടിരുന്നു. " നാളെയാ വൈശാഖിന്റെ ഫ്യൂണറൽ. പത്രത്തിൽ പരസ്യം കൊടുത്തിട്ടും ആരും വന്നില്ല ഏറ്റെടുക്കാൻ. ഇനി വച്ചോണ്ടിരിക്കാൻ പറ്റില്ല. പോലീസ് തന്നെ പൊതുസ്മശാനത്തിൽ കൊണ്ട് ദഹിപ്പിക്കാനാ. ജ്യോതിക്ക്‌ വേണമെങ്കിൽ എന്റെ കൂടെ വരാം. കാണണമെന്നുണ്ടെങ്കിൽ.... "

രാത്രി അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു സിദ്ധു പറഞ്ഞത്. അപ്പോൾ ആരും മറുപടിയൊന്നും പറഞ്ഞില്ല. ജ്യോതി പെട്ടന്ന് കഴിപ്പ് മതിയാക്കി സ്റ്റിക്കിന്റെ സഹായത്തോടെ തന്റെ മുറിയിലേക്ക് പോയി. പിറ്റേദിവസം രാവിലെ സിദ്ധു റെഡിയായി വരുമ്പോൾ ജ്യോതിയും അമൃതും അരുന്ധതിയും റെഡിയായി നിൽക്കുന്നുണ്ടായിരുന്നു. അവനൊപ്പം പോകാൻ. ജ്യോതിയുടെ മുഖത്ത് വല്ലാത്തൊരു ഭാവമായിരുന്നു അപ്പോൾ. എല്ലാത്തിനോടും പൊരുത്തപ്പെട്ട് കല്ലിച്ചുപോയിരുന്നു അവളുടെ മനസും. " താൻ വരാൻ തന്നെ തീരുമാനിച്ചോ....??? " അരികിലേക്ക് വരുമ്പോൾ ജ്യോതിയുടെ മുഖം കണ്ട് സിദ്ധു ചോദിച്ചു. " എനിക്ക് കാണണം സിദ്ധു.... അവസാനമായി....... മുന്നോട്ടുള്ള എന്റെ ജീവിതത്തിന് അത് വേണം. " അവൾ ദൃഡമായ് തന്നെ പറഞ്ഞു. പിന്നെ കാറിലേക്ക് ചെന്ന് കയറി. സിദ്ധുവിന്റെ കാർ സ്മശാനത്തിലെത്തുമ്പോൾ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി വൈശാഖന്റെ ശരീരം ചിതയിൽ വച്ച് തീ കൊളുത്താൻ ഒരുങ്ങിയിരുന്നു.

അവർ നോക്കി നിൽക്കേ തന്നെ ആ കർമവും ആരോ ചെയ്തു. അടുക്കിയ വിറകുകൊള്ളികളിലൊന്നാകെ തീയാളിപ്പിടിച്ചു. അത് നോക്കി നിൽക്കുമ്പോൾ ജ്യോതിയുടെ മിഴികൾ തുളുമ്പിയൊഴുകി. പെട്ടന്ന് എന്തോ ഓർത്തത് പോലെ അവൾ മുന്നോട്ട് നടന്നു. " മോളേ.... " അവളുടെ ഭാവമെന്താണെന്നറിയാതെ അരുന്ധതിയവളെ അടക്കിപ്പിടിച്ചു. " ഒരു കർമം കൂടി ബാക്കിയുണ്ടമ്മേ.... അത് കൂടി ഞാൻ ചെയ്തോട്ടെ.... " അവൾ ശാന്തമായി തന്നെ പറഞ്ഞു. അരുന്ധതിയുടെ കൈകൾ പതിയെ അയഞ്ഞു. മുന്നോട്ട് നീങ്ങിയ ജ്യോതി തീയിലേക്ക് നീട്ടിയ ചുരുട്ടിപ്പിടിച്ച മുഷ്ടി തുറന്നു. അതിൽ നിന്നും ഒരു താലി ആ ആളുന്ന അഗ്നിയിലേക്ക് വീണു. തന്നേ അവനുമായി ബന്ധിപ്പിച്ചിരുന്ന ഏക കണ്ണിയായിരുന്ന ആ ഒരുതരിപ്പൊന്നും അവനോടൊപ്പം ഉരുകിത്തീരുന്നത് നോക്കി നിൽക്കുമ്പോൾ അവനായി അവളുടെ മിഴികൾ ഒരിക്കൽ കൂടി നിറഞ്ഞു. ഹൃദയമുരുകിയൊലിക്കുന്ന നൊമ്പരത്തിൽ അവസാനമായി അവൾ വാവിട്ട് നിലവിളിച്ചു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story