കാവ്യമയൂരം: ഭാഗം 54

kavyamayooram

രചന: അഭിരാമി ആമി

അന്ന് വൈകുന്നേരം തന്നെ ജ്യോതിയേ ഡിസ്ചാർജ് ചെയ്തു. " അമ്മേ..... " " എന്താ മോളേ..... " വീട്ടിലേക്ക് പോകാനായി സാധനങ്ങളൊക്കെ അടുക്കിപ്പെറുക്കിക്കൊണ്ട്‌ നിന്ന ശ്രീജ പെട്ടന്ന് തിരിഞ്ഞു. " നമുക്ക് നമ്മുടെ വീട്ടിലേക്ക് പോകാം..... " ആരുടെയും മുഖത്ത് നോക്കാതെ അവൾ പറഞ്ഞു. അതോടെ എല്ലാവരുടെയും നോട്ടം അവളിൽ തന്നെയായിരുന്നു. അമൃതാണെങ്കിൽ പെട്ടന്ന് തന്നെ പുറത്തേക്കിറങ്ങിപ്പോയി.. " അതെന്താ മോളേ പെട്ടന്ന് അങ്ങനൊരു തീരുമാനം......??? " അരുന്ധതിയായിരുന്നു ചോദിച്ചത്. " ഒന്നുല്ലമ്മേ..... എന്തോ അതാണ് ശെരിയെന്ന് എന്റെ മനസ് പറയുന്നു. ആരും എതിര് പറയരുത്..... പ്ലീസ് അമ്മേ..... " അരുന്ധതിയേ നോക്കി അവൾ പറഞ്ഞു. അവളുടെയാ വാക്കുകൾക്ക്‌ മുന്നിൽ ഒന്നും മറുത്തുപറയാനില്ലാത്തത് പോലെ അരുന്ധതി പിന്നീടൊന്നും പറഞ്ഞില്ല. " ഞങ്ങളെന്നാൽ ചെല്ലട്ടെ അരുന്ധതി..... " ദേവരാഗത്തിന്റെ മുന്നിലെത്തി അരുന്ധതിയേ ഡ്രോപ്പ് ചെയ്ത ശേഷം ശ്രീജ പറഞ്ഞു. " ശെരി..... ഞങ്ങളിടയ്ക്ക് വരാം. മരുന്നൊക്കെ സമയത്തിന് കഴിക്കണേ മോളേ....."

ഗ്ലാസിൽ തല ചേർത്തിരിക്കുകയായിരുന്ന ജ്യോതിയുടെ കവിളിൽ തലോടി അരുന്ധതി പതിയെ പറഞ്ഞു. അതിന് മറുപടിയായ് അവളൊന്ന് മൂളി. " പോട്ടെ അരുന്ധതി..... " ശ്രീജയൊരിക്കൽ കൂടി യാത്ര പറഞ്ഞു. പിന്നെ കാർ മുന്നോട്ടുനീങ്ങി. " അവർ പോയല്ലേ.....??? " അരുന്ധതി അകത്തേക്ക് വരുമ്പോൾ ലിവിങ് റൂമിൽ ഉണ്ടായിരുന്ന നരേന്ദ്രൻ ചോദിച്ചു. അയാളുടെ തൊട്ടരികിലേ സോഫയിൽ തന്നെ സിദ്ധുവും അവന്റെ നെഞ്ചിൽ ചാരി ചാരുവും ഇരിക്കുന്നുണ്ടായിരുന്നു. " മ്മ്ഹ്..... " അരുന്ധതി വെറുതേയൊന്ന് മൂളി. പിന്നെ ഡൈനിംഗ് ടേബിളിന്റെ മുകളിൽ ഇരുന്നിരുന്ന ജഗ്ഗിലെ വെള്ളം കുറച്ചെടുത്ത് കുടിച്ചു. അതേസമയം തന്നെയായിരുന്നു സഞ്ജുവും മൃദുവും കൂടി താഴേക്ക് വന്നത്.. അരുന്ധതി വന്നതറിഞ്ഞിട്ട് തന്നെയായിരുന്നു അവരും അങ്ങോട്ട് വന്നത്. '' ജ്യോതിക്ക്‌ എങ്ങനുണ്ടമ്മേ.....??? " മൃദു ആയിരുന്നു.

" ക്ഷീണമുണ്ട്. പക്ഷേ പാവം അതിന്റെ മനസാകെ തളർന്നത് പോലെയാ.....പഴയ ജ്യോതിയാണെന്ന് പറയില്ല. പാവം കുട്ടി. എന്നാലും ഇത്ര പെട്ടന്ന് ഇങ്ങനെ വയ്യാതാകനും മാത്രം എന്ത് പറ്റിയോ എന്തോ...... " അരുന്ധതി വിഷമത്തോടെ പറഞ്ഞുകൊണ്ട് സെറ്റിയിലേക്ക് ഇരുന്നു. " സാരമില്ലമ്മേ ഇതൊക്കെ പെട്ടന്നങ്ങ് മാറില്ലേ.... " മൃദു അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. " എന്നാലും പെട്ടന്ന് അവളങ്ങ് പോയപ്പോ എന്തോ വീടുറങ്ങിയത് പോലായിപ്പോയി. അല്ലേ നരേട്ടാ.... " " മ്മ്ഹ് പിന്നെ ഈ വയ്യാത്ത അവസ്ഥയിൽ അവളുടെ താല്പര്യമല്ലേ നോക്കേണ്ടത്. " അയാൾ പതിയെ പറഞ്ഞു. " മ്മ്ഹ്...... " " ഞാനൊരുപാട് പറഞ്ഞു ഇങ്ങോട്ട് വരാൻ..... പക്ഷേ അവൾ..... ഇങ്ങോട്ട് വരാൻ കഴിയാത്ത എന്തോ ഒരു വിഷമം ജ്യോതിക്കുണ്ട്. അതുറപ്പാ.... " അരുന്ധതി വീണ്ടും പറഞ്ഞു. " എത്ര നിർബന്ധിച്ചാലും അവൾ വരില്ലമ്മേ..... " പെട്ടന്നായിരുന്നു സഞ്ജു അത് പറഞ്ഞത്. " ഏഹ് അതെന്താ അങ്ങനെ.....??? " അരുന്ധതിയും നരേന്ദ്രനും ഒരേ സ്വരത്തിൽ ചോദിച്ചു. " അത് ഞങ്ങൾ മിനിഞ്ഞാന്ന് അവളുടെ വീട്ടിൽ പോയിരുന്നു..... "

" എന്തിന്.....??? " " ജ്യോതിക്ക്‌ ഒരു പ്രൊപ്പോസലും കൊണ്ടാ പോയത്..... " സഞ്ജു അവരിരുവരോടുമായി പറഞ്ഞു. " പ്രൊപ്പോസലോ....??? " നരേന്ദ്രന്റെ സ്വരത്തിൽ ആകാംഷ നിറഞ്ഞിരുന്നു. " അതേയമ്മേ.... അമൃതിന് വേണ്ടി ജ്യോതിയേ ആലോചിക്കാനാ ഞങ്ങൾ പോയത്. " " പക്ഷേ മോളേ ജ്യോതി..... " " അറിയാഞ്ഞിട്ടല്ലമ്മേ..... അവനവളെ ഇഷ്ടമാണ്. അവളാരാണെന്ന് അറിഞ്ഞിട്ട് തന്നെയല്ലേ അവനവളെ സ്നേഹിച്ചത്. പിന്നെ അവന്റെ ഇഷ്ടത്തിൽ കവിഞ്ഞ് എനിക്കെന്താ ഉള്ളത്...???? അതുകൊണ്ടാ സഞ്ജുവേട്ടനേം കൂട്ടി ഞങ്ങൾ അവിടെ പോയത്. പക്ഷേ ജ്യോതിക്ക്‌ അതൊരു ഷോക്കായി. അതിന്റെ പേരിൽ അവർ തമ്മിലുണ്ടായ സംസാരമാണ് കാര്യങ്ങൾ ഇവിടെ വരെ എത്തിച്ചത്. " അവൾ പറഞ്ഞുനിർത്തുമ്പോൾ അമ്പരന്ന് പരസ്പരം നോക്കുകയായിരുന്നു നരേന്ദ്രനും അരുന്ധതിയും. സിദ്ധുവും ചാരുവുമാണെങ്കിൽ എല്ലാം കേട്ടെങ്കിലും മറുപടിയൊന്നും പറയുന്നുമുണ്ടായിരുന്നില്ല. അവരുടെയാ ഇരുപ്പിൽ നിന്നുതന്നെ അവർക്കും എല്ലാം അറിയാമായിരുന്നു എന്നത് അരുന്ധതിക്കും നരേന്ദ്രനും വ്യക്തമായിരുന്നു.

" അപ്പൊ ഞങ്ങൾ മാത്രാ ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും അരിയാതെ പോയതല്ലേ.....??? " മക്കളെയും മരുമക്കളെയും ഒന്ന് നോക്കി നരേന്ദ്രൻ ചോദിച്ചു. " ഇവർ വീട്ടിൽ പോയ കാര്യം അറിഞ്ഞില്ലെങ്കിലും ബാക്കി കാര്യങ്ങളൊക്കെ ഞങ്ങളും അറിഞ്ഞിരുന്നച്ഛാ..... പിന്നെ ഇങ്ങനെയൊന്നുമാകുമെന്ന് ആരും കരുതിയില്ലല്ലോ. " സിദ്ധുവായിരുന്നു അത് പറഞ്ഞത്. " ഇനിയിപ്പോ എന്ത് ചെയ്യും ....??? " അതുവരെ എല്ലാം കേട്ടിരുന്ന ചാരു പതിയെ തല ഉയർത്തി സിദ്ധുവിനെ നോക്കി ചോദിച്ചു. " എന്ത് ചെയ്യാൻ..... നമുക്ക്‌ നോക്കാം. തല്ക്കാലം എല്ലാം ഒന്ന് മറക്കാൻ ജ്യോതിക്ക്‌ കുറച്ച് സമയം കൊടുക്കാം. " സിദ്ധുവെന്തോ ചിന്തിച്ചുകൊണ്ട് പറഞ്ഞു. " മ്മ്ഹ്..... എനിക്കും അങ്ങനാ തോന്നുന്നത്. നമുക്ക്‌ കുറച്ച് ധൃതി കൂടിപ്പോയി. എന്തൊക്കെ ആയാലും അവളുടെ ഭർത്താവ് തന്നെയായിരുന്നു വൈശാഖ്...... ആ അവൻ മരിച്ചിട്ട് ഇത്രക്കിത്ര നാളുകളെ ആയിട്ടുള്ളു. അതിൽ നിന്നൊക്കെ ഒന്ന് റിക്കവർ അവനുള്ള സമയം പോലും ആരുമവൾക്ക് കൊടുത്തില്ല. അതിനുമുന്നേ ആയിപോയി നമ്മുടെ നീക്കം.

അതുകൊണ്ട് തന്നെ അവളെ കുറ്റം പറയാനും പറ്റില്ല. ഭർത്താവ് മരിച്ചൊരു പെണ്ണിനോടാണ് സംസാരിക്കുന്നതെന്ന് എല്ലാരും മറന്നുപോയി. അപ്പൊ സ്വാഭാവികമായും അവൾ റിയാക്ട് ചെയ്തു. അവൾ നോക്കുമ്പോൾ ഒരു ദുരന്തത്തിൽ നിന്നും അവളൊന്ന് കരകയറി വരുന്നതേയുള്ളൂ. അപ്പോഴേക്കും അടുത്ത ബന്ധവും കൊണ്ട് നമ്മൾ ചെന്നു.... എല്ലാം കൂടി ഓർത്തപ്പോ അവളാകെ തകർന്ന് പോയിട്ടുണ്ടാകും. " ചാരു പറയുമ്പോൾ അതഗീകരിചിട്ടെന്നത് പോലെ നരേന്ദ്രനും തലയനക്കി. " ഞങ്ങൾ പോകും മുന്നേ അവരൊന്നിച്ച് കാണണമെന്ന എന്റെ അത്യാഗ്രഹമാ എല്ലാത്തിനും കാരണം. " മൃദുലയുടെ വാക്കുകളിൽ കുറ്റബോധം നിറഞ്ഞിരുന്നു. " സാരമില്ലെടോ..... തല്ക്കാലം ഇങ്ങനെയൊക്കെ കാര്യങ്ങൾ പോട്ടെ. നമുക്ക് പോകാനുള്ള കാര്യങ്ങൾ നോക്കാം. അല്ലേ തന്നെ ഇനി പത്ത് ദിവസം തികച്ചില്ല അതിനുള്ളിൽ ഒരു വിവാഹം എന്നൊക്കെ പറയുന്നത് നടപ്പുള്ള കാര്യമല്ല.

അതും ജ്യോതിയുടെ ഈ അവസ്ഥയിൽ...... " " അതേ തല്ക്കാലം നിങ്ങള് പോകാൻ നോക്ക്. ബാക്കിയുള്ളവരൊക്കെ ഇവിടെത്തന്നെ ഉണ്ടല്ലോ. ജ്യോതിയോട് ഞങ്ങൾ സംസാരിക്കാം. അവളും ഒന്ന് നോർമലാകുമല്ലോ..... " അന്തിമതീരുമാനമെന്നപോലെ നരേന്ദ്രനും പറഞ്ഞു. അതോടെ ആ ചർച്ച അവിടെ അവസാനിച്ചു. പിന്നീട് ദിവസങ്ങൾ അതിവേഗം ഓടിമറഞ്ഞു. സഞ്ജുവും മൃദുവും അമേരിക്കയിലേക്ക് പോയി. അമൃത് ദേവരാഗത്തിൽ തന്നെയുണ്ടായിരുന്നു. മറ്റുള്ളവരെല്ലാം ജ്യോതിയുടെ തീരുമാനത്തിൽ മാറ്റമുണ്ടാകുമെന്ന് അടിയുറച്ച് വിശ്വസിച്ചപ്പോഴും അമൃതിൽ മാത്രം പ്രതീക്ഷ തീർത്തും നശിച്ചത് പോലെ തന്നെയായിരുന്നു. പക്ഷേ ബാക്കി എല്ലാരും ജ്യോതിയുമായും അവളുടെ കുടുംബവുമായും ഇടമുറിയാത്തൊരു ബന്ധം സൂക്ഷിച്ചുതന്നെ പോന്നിരുന്നു. അതിനിടയിലെ സംസാരങ്ങളിലൊക്കെയും അമൃതിനെ അവളുടെ ഹൃദയത്തിലെക്ക്‌ എത്തിക്കുന്നതിൽ എല്ലാവരും ശ്രദ്ധിച്ചിരുന്നു. നാളുകൾ കടന്നുപോയി. അതിനിടയിൽ ചാരുവിന് ഏഴാം മാസം തുടങ്ങിയിരുന്നു.

അതുകൊണ്ട് തന്നെ അവളെ പ്രസവത്തിന് കൂട്ടിക്കൊണ്ട്‌ പോകുന്ന ചടങ്ങ് നടത്തുന്നതിനെപ്പറ്റി സീതയും അരുന്ധതിയും കൂടി കാര്യമായി തന്നെ ആലോചിച്ചുതുടങ്ങിയിരുന്നു. പക്ഷേ ആ കാര്യമറിഞ്ഞപ്പോൾ മുതൽ സിദ്ധുവും ചാരുവും ആകെ വിഷമത്തിൽ തന്നെ ആയിരുന്നു. വീട്ടിൽ പോയി നിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സിദ്ധുവിനെ വിട്ട് നിൽക്കാൻ അവളൊട്ടും തന്നെ താല്പര്യപ്പെട്ടിരുന്നുമില്ല. ആ കാര്യം രണ്ട് വീട്ടുകാർക്കും അറിയുകയും ചെയ്യാമായിരുന്നു. അതുകൊണ്ട് തന്നെ ഒടുവിൽ ചടങ്ങിന് വേണ്ടി മാത്രം ഒരാഴ്ച ചാരുവിനെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് തീരുമാനമായി. ആ ചടങ്ങ് പ്രമാണിച്ച് ഒരാഴ്ച മുന്നേ തറവാട്ടിൽ നിന്നും മുത്തശ്ശിയും ദേവരാഗത്തിലേക്ക് വന്നിരുന്നു. ആ ദിവസം മുതൽ ചാരുവിന്റെ എല്ലാ കാര്യങ്ങളും മുത്തശ്ശി തന്നെയായിരുന്നു ശ്രദ്ധിച്ചിരുന്നത്. " മോളവിടെ പോയാലും എന്നും ഇതുപോലൊക്കെ ചെയ്യണോട്ടോ..... " രാവിലെ ചാരുവിന്റെ കുളിയൊക്കെ കഴിഞ്ഞ് അവളുടെ നെറുകയിൽ രാസ്നാദി തടവിക്കൊണ്ട്‌ മുത്തശ്ശി പറഞ്ഞു.

" എല്ലാം ചെയ്യാം മുത്തശ്ശി.... അല്ലെത്തന്നെ അവിടെ അമ്മയുണ്ടല്ലോ. അതുകൊണ്ട് ഒന്നും മറക്കില്ല. " വീർത്തുതുടുത്ത നുണക്കുഴി കവിളുകൾ കാട്ടി ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. ഒടുവിൽ ആ ദിവസമെത്തി. ചാരുവിനെ കൂട്ടിക്കൊണ്ട് പോകാൻ സ്മൃതിയിൽ നിന്നും ചാരുവിന്റെ അച്ഛനമ്മമാർ കാലത്തെ തന്നെ എത്തിയിരുന്നു. സിദ്ധുവുൾപ്പെടെ എല്ലാരും വീട്ടിലും ഉണ്ടായിരുന്നു. താഴെ എല്ലാവരും ബ്രേക്ക് ഫസ്റ്റ് കഴിക്കുവൊക്കെ ചെയ്തോണ്ടിരുന്നപ്പോൾ സിദ്ധുവും ചാരുവും മാത്രം അവരുടെ മുറിയിലായിരുന്നു. " ആഹാ ഡീ പെണ്ണേ നീയിതുവരെ ഡ്രസ്സ്‌ മാറ്റിയില്ലേ..... അമ്മായിയമ്മ കാലത്തെ പുതിയ സാരിയൊക്കെ കൊണ്ട് തന്നതാണല്ലോ. എന്നിട്ട് നീയതൊന്നും ഉടുത്തില്ലേ.....??? " സിദ്ധു ബാത്‌റൂമിൽ നിന്നും ഇറങ്ങി വരുമ്പോൾ ബെഡിൽ ചടഞ്ഞിരിക്കുകയായിരുന്ന ചാരുവിനെക്കണ്ട് അവൻ ചോദിച്ചു. അവളുടെ മുഖത്ത് പക്ഷേ വല്ലാത്തൊരു വിഷാദഭാവമായിരുന്നു തെളിഞ്ഞിരുന്നത്. " കണ്ണേട്ടനൊട്ടും വിഷമമില്ലേ ഞാൻ പോണതിൽ.....??? " അവനടുത്ത് വന്നതും ആ കണ്ണുകളിലേക്ക് നോക്കി നിറമിഴികളോടെ അവൾ ചോദിച്ചു.

" അയ്യേ എന്താടീ പൊട്ടീ ഇത്.... അതിന് നീ സ്ഥിരമായിട്ടങ്ങ് പോകുവൊന്നും അല്ലല്ലോ..... ഒരാഴ്ച കഴിഞ്ഞിങ്ങുവരില്ലേ...... " തിടുക്കത്തിലവളെ കെട്ടിപ്പിടിച്ചുകൊണ്ട് സിദ്ധു ആശ്വസിപ്പിച്ചു. " എന്നാലും എനിക്കെന്തോ കണ്ണേറ്റനില്ലാതെ..... " അവൾ വീണ്ടും വിതുമ്പി. " കരയല്ലേ പെണ്ണേ...... എനിക്ക് വിഷമമില്ലാഞ്ഞിട്ടാണോ. പക്ഷേ എന്ന് പറഞ്ഞ് എന്റെ ഭാര്യേ വിടാൻ പറ്റൂലെന്ന് പറഞ്ഞ് കരയാൻ പറ്റുവോ..... ഒരാഴ്ച പെട്ടന്നങ്ങ് പോകില്ലേ.... അത് കഴിഞ്ഞാലുടൻ ഞാൻ വന്ന് നിന്നെ ഇങ്ങോട്ട് കൊണ്ടുവരില്ലേ..... " അവളെ പുണർന്ന് അവൻ പറഞ്ഞു. " എന്നാലും കണ്ണേട്ടാ..... " " ദേ ചാരു നീ വെറുതേ അമ്മേ പിണക്കരുത്. ഇപ്പൊ ഒരു ഭർത്താവ് ഉണ്ടായിക്കഴിഞ്ഞപ്പോ ഒരു ദിവസം പോലും സ്വന്തം വീട്ടിൽ ചെന്ന് നിക്കാൻ ഇഷ്ടമല്ലെന്ന് അവര് കരുതില്ലേ. അതുകൊണ്ട് എന്റെ മോള് ചുമ്മാ കരഞ്ഞുകുളമാക്കാതെ വേഗം ഒരുങ്ങിക്കേ..... " പറഞ്ഞെങ്കിലും അവളില്ലാതെ അത്ര ദിവസം എങ്ങനെ കഴിയും എന്നോർക്കവേ അവന്റെ ഉള്ളും പൊള്ളുക തന്നെയായിരുന്നു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story