കാവ്യമയൂരം: ഭാഗം 55

kavyamayooram

രചന: അഭിരാമി ആമി

സിദ്ധുവിന്റെ കൈ പിടിച്ച് ചാരു താഴേക്ക് വരുമ്പോൾ അവിടെ എല്ലാവരും ഉണ്ടായിരുന്നു. അരുന്ധതിയും നരേന്ദ്രനും ചാരുവിന്റെ അച്ഛനമ്മമാരും സഞ്ജുവും മൃദുവും മുത്തശ്ശിയും എല്ലാം കൂടി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അമൃത് മാത്രം ഒരു സൈഡിൽ മാറിയിരുന്ന് ഫോണിൽ തോണ്ടുന്നുണ്ടായിരുന്നു. ദേവരാഗത്തിൽ നിന്നും ജ്യോതിയവളുടെ വീട്ടിലേക്ക് പോയതിന് ശേഷം മുതൽ അവനങ്ങനെയായിരുന്നു. ഒന്നിനും ഒരു താല്പര്യവുമില്ലാതെ എവിടെയെങ്കിലുമൊരു മൂലയ്ക്ക് ചടഞ്ഞു കൂടിയങ്ങനെ ഇരിക്കും. പഴയ ഉത്സാഹമൊക്കെ നശിച്ച് ആകെ വല്ലാത്തൊരവസ്ഥയിൽ ആയിരുന്നു അവൻ. പഴയ അമൃതിന്റെ ഒരു നിഴൽ മാത്രമായത് പോലെ. " പതിയെ ഇറങ്ങണേ മോളേ..... " സിദ്ധുവും ചാരുവും ഇറങ്ങി വരുന്നത് കണ്ട് ഹാളിൽ ഇരിക്കുകയായിരുന്ന അരുന്ധതി വിളിച്ചുപറഞ്ഞു. അത് കേട്ട് അവളൊന്ന് പുഞ്ചിരിച്ചു. പിന്നെ സിദ്ധുവിന്റെ കയ്യിൽ മുറുകെ പിടിച്ചു. " കണ്ണേട്ടാ..... "

ഇറങ്ങുന്നതിനിടയിൽ അവളാരും ശ്രദ്ധിക്കാതെ പതിയെ വിളിച്ചു. " എന്താഡീ.... " " ഞാൻ പോണോ.....??? " അവൾ ചിണുങ്ങി.. " പോണം..... നമുക്ക് വേണ്ടിയല്ലേ ഇതൊക്കെ. അതുകൊണ്ട് കണ്ണേട്ടന്റെ പൊന്നുമോൾ സന്തോഷമായിട്ട് ചെല്ല്. വൈകുന്നേരം ഒരു സർപ്രൈസ് ഉണ്ട്.... " സിദ്ധുവും അവൾക്ക് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു. " മതി രണ്ടും കൂടി ചെവി തിന്നത്....." മൃദുലയായിരുന്നു അത് പറഞ്ഞത്. അത് കേട്ട് എല്ലാവരും ചിരിച്ചു. " വിഷമമൊന്നുല്ലല്ലോ അല്ലേ മോളേ.... " ചാരു സോഫയിലേക്ക് വന്ന് ബദ്ധപ്പെട്ടിരിക്കുന്നത് കണ്ട് നരേന്ദ്രൻ ചോദിച്ചു. " ഒന്നുല്ല അച്ഛാ.... " അവൾ പുഞ്ചിരിച്ചു. " എന്നാപ്പിന്നെ നമുക്കിറങ്ങിയാലോ..... രാഹുകാലത്തിന് മുൻപ് ഇറങ്ങണം. " ചാരുവിന്റെ അച്ഛനായിരുന്നു. അത് കേട്ടതും ചാരു വിന്റെ വിരലുകൾ സിദ്ധുവിന്റെ കയ്യിൽ മുറുകെ പിടിച്ചു. " കണ്ണേട്ടാ..... " അവൾ വിതുമ്പി. അവന്റെ ഉള്ളിലും എവിടെയൊക്കെയൊ ഒരു പിടച്ചിൽ അനുഭവപ്പെട്ടെങ്കിലും അതെവിടെയൊ അടക്കി അവളെ ആശ്വസിപ്പിക്കും പോലെ ആ കൈകളിൽ പതിയെ തലോടി.

സാരമില്ലെന്ന അർഥത്തിൽ കണ്ണടച്ച് കാട്ടി. " ഇറങ്ങാം മോളേ..... " ഇരുന്നിടത്ത് നിന്നും എണീറ്റുകൊണ്ട് സീതയും പറഞ്ഞു. എന്നിട്ട് അവളെ പതിയെ പിടിച്ചെണീപ്പിച്ചു. സിദ്ധുവിൽ നിന്നും അകലുമ്പോൾ എന്തോ നെഞ്ച് പൊട്ടുന്ന അനുഭവമായിരുന്നു അവൾക്ക്. പക്ഷേ വേറെ വഴിയില്ലാതെ ഒരു പാവപോലെ എല്ലാത്തിനും നിന്നുകൊടുത്തു. " എല്ലാരോടും പറഞ്ഞിട്ട് ഇറങ്ങ് മോളേ..... " " മോനെ ഞങ്ങളിറങ്ങുവാ..... " " ആഹ് ശെരിയച്ഛാ ഞാൻ വന്നോളാം..... " പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് സിദ്ധു പറഞ്ഞു. " അപ്പോൾ ഇനി പ്രത്യേകം ആരോടും പറയണില്ല..... വരട്ടെ..... " ഒരിക്കൽ കൂടി എല്ലാവരോടുമായി യാത്ര പറഞ്ഞ് അയാൾ പുറത്തേക്കിറങ്ങി. " മുത്തശ്ശി...... " ചാരു പതിയെ ചെന്ന് ലക്ഷ്മിയമ്മയുടെ കാൽതൊട്ട് വന്ദിക്കാൻ തുടങ്ങി. " അതൊന്നും വേണ്ട മോളേ.... എന്റെ കുഞ്ഞിന് മുത്തശ്ശിടെ എല്ലാ അനുഗ്രഹവും ഉണ്ടാകും. കണ്ണ് നിറയ്ക്കാതെ പോയിട്ട് വാ..... " അവളുടെ നനഞ്ഞ മിഴികൾ തുടച്ച് ആ നെറുകയിൽ ചുംബിച്ചു അവർ. അതോടെ അവൾ നരേന്ദ്രനോടും സഞ്ജുവിനോടും അമൃതിനോടും യാത്ര പറഞ്ഞു.

പിന്നെ അരുന്ധതിയേയും മൃദുവിനെയും ഒന്ന് പുണർന്നു. " സന്തോഷമായിട്ട് പോയിട്ട് വാ മോളേ.... എപ്പോ വേണേലും ഇവിടുന്നെല്ലാരും വരുമല്ലോ അങ്ങോട്ടേക്ക് .... പിന്നെന്തിനാ ഈ കണ്ണീര്.....?? " അരുന്ധതിയും അവളെ ചേർത്തുപിടിച്ച് കവിളിൽ ചുണ്ട് ചേർത്തു. യാത്ര പറച്ചിലൊക്കെ കഴിഞ്ഞ് സിദ്ധുവിനും അവൾക്കുമായി അല്പസമയം കൂടി വിട്ടുകൊടുത്തുകൊണ്ട് ബാക്കി എല്ലാവരും പുറത്തേക്ക് നടന്നു. " നേരം പോണു വേഗം ഇറങ്ങണം.... " പുറത്തേക്ക് നടക്കും മുന്നേ അരുന്ധതി ഒന്നുകൂടി ഓർമിപ്പിച്ചു. അവർ പോയതും ചാരു ഞൊടിയിടകൊണ്ട് സിദ്ധുവിന്റെ മാറിലേക്ക് വീണവനെ ഇറുക്കി കെട്ടിപ്പിടിച്ച് പൊട്ടിത്തുറന്ന് കരഞ്ഞു. " ച്ചേ എന്താ ചാരു ഇത്......?? ഇത്രേയുള്ളോ എന്റെ വഴക്കാളിപ്പെണ്ണ്..... അവരൊക്കെ എന്ത് വിചാരിക്കും ഈ കരച്ചില് കണ്ടാൽ.... അതുകൊണ്ട് കണ്ണൊക്കെ തുടച്ച് നല്ല കൊച്ചയിട്ട് ഇറങ്ങാൻ നോക്ക്.... " അവളെ ചേർത്തുപിടിച്ചുകൊണ്ട് അവൻ പറഞ്ഞു. " പോട്ടെ.....??? " അവൾ വീണ്ടും ചോദിച്ചു. " പോട്ടെന്നല്ല പോയിട്ട് വരാമെന്ന് പറയെടീ പൊട്ടിക്കാളി.... "

" പോയിട്ട് വരാം.... " അനുസരണയുള്ളൊരു കൊച്ചു കുട്ടിയെ പോലെ അവൾ പറഞ്ഞു. " മ്മ്ഹ്..... ബാ..... " അവൻ മുന്നോട്ടു നടക്കാൻ തുടങ്ങുമ്പോൾ അവൾ വീണ്ടും ആ കയ്യിൽ പിടിച്ചു നിർത്തി. എന്നിട്ട് കോളറിൽ പിടിച്ചവന്റെ മുഖം തന്റെ മുഖത്തിന്‌ നേരേ താഴ്ത്തി. ആ കവിളുകളിൽ കൈ ചേർത്ത് മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി. പിന്നെ പെട്ടന്ന് പുറത്തേക്ക് നടന്നു. " മോളേ തലയിൽ വെള്ളം താഴുവൊന്നും ചെയ്യരുതിട്ടോ..... മുത്തശ്ശി പറഞ്ഞത് പോലെ എല്ലാം ചെയ്യണം..... പകലുറങ്ങരുത്..... ആഹ് പിന്നെ.... മലർന്ന് കിടക്കരുത്. എണീറ്റിട്ടിരുന്നിട്ട് പതുക്കെയേ തിരിഞ്ഞു കിടക്കാവൂ..... " അവരെല്ലാം കാറിൽ കയറിയ ശേഷവും മുത്തശ്ശി എന്തൊക്കെയൊ അവളെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. " ശെരി മുത്തശ്ശി..... " എല്ലാം തല കുലുക്കി സമ്മതിക്കുമ്പോഴും ആ പെൺമിഴികൾ അവളുടെ പ്രാണനിൽ തന്നെ തങ്ങിക്കിടന്നു. വണ്ടി പുറത്തേക്ക് പോയതും സിദ്ധു പെട്ടന്ന് താങ്കളുടെ റൂമിലേക്ക് കയറിപ്പോയി. അതെല്ലാവരും ശ്രദ്ധിക്കുകയും ചെയ്തു. പക്ഷേ ആരും ഒന്നും പറഞ്ഞില്ല. മുറിയിലെത്തിയതും ഡോർ ലോക്ക് ചെയ്ത് അവൻ ബെഡിലേക്ക് ചെന്ന് കമിഴ്ന്നു കിടന്നു. അപ്പോഴും ചാരുവിന്റെ മണം തങ്ങി നിന്ന ആ വിരിയിൽ നിന്നും മുഖം മാറ്റാൻ അവന് തോന്നിയതേയില്ല.

അവളുടെ ബോഡി ലോഷന്റെയും ഇപ്പൊ മുടിയിൽ തേക്കാറുള്ള മുത്തശ്ശി പ്രത്യേകം കാച്ചിയ കാച്ചെണ്ണയുടെയും ഗന്ധം മൂക്കിലേക്കും അവിടെ നിന്നും ആത്മവിലേക്കും പടർന്നു കയറിയതും അവന്റെ കണ്ണുകൾ പുകഞ്ഞൊഴുകി. അത്രമേൽ ആ പെണ്ണിൽ മാത്രമായലിഞ്ഞു ചേർന്നിരുന്നു അവനപ്പോഴേക്കും. സ്മൃതിയിലെത്തിയിട്ടും സിദ്ധുവിനെയും ആ വീടും വിട്ട് പോന്നതിന്റെ വിഷമം ചാരുവിനെ വിട്ട് പോകുന്നേയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവൾ മുറിയിൽ തന്നെ ചടഞ്ഞിരിക്കുകയായിരുന്നു. ഇടയ്ക്ക് സിദ്ധുവിനെ വിളിച്ചപ്പോൾ അവൻ സാധാരണ പോലെ തന്നെയായിരുന്നു സംസാരിച്ചത്. പക്ഷേ എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും ആ മനസ് അവൾക്കറിയാതിരിക്കില്ലല്ലോ. വേറെ വഴിയില്ലാത്തത് കൊണ്ട് എല്ലാം ഉള്ളിൽ അടക്കുവായിരിക്കും. അവൾ ഓർത്തു. " മോളേ ഇങ്ങനെ മുറിയിൽ തന്നെ അടച്ചിരിക്കരുതെന്ന് മുത്തശ്ശി പ്രത്യേകം പറഞ്ഞതല്ലേ.... നല്ല പോലെ കാറ്റും വെളിച്ചവും ഒക്കെയുള്ളിടത്ത് വേണം ഇരിക്കാൻ.... അതുപോലെ ഇങ്ങനെ മൂടിക്കെട്ടി ഇപ്പൊ പെയ്യാനെന്ന പോലേം ഇരിക്കരുത്. എപ്പോഴും സന്തോഷമായിരിക്കണം. "

ഇടയ്ക്കിടെ സീത വന്ന് പറഞ്ഞെങ്കിലും ചാരുവിൽ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. അവൾ ഫോണിൽ സേവ് ചെയ്തിരുന്ന സിദ്ധുവിന്റെ ചിത്രങ്ങളും നോക്കി അവിടെ തന്നെ ഇരുന്നു. സമയം ഒട്ടും കടന്നു പോകാത്തത് പോലെ..... ദിവസത്തിന് വല്ലാത്ത നീളം.... അവൾ അസ്വസ്ഥതയോടെ ഓർത്തു. ദേവരാഗത്തിലും അവളില്ലാത്ത വിടവ് പ്രകടമായി തന്നെയിരുന്നു. അല്ലെങ്കിൽ എപ്പോഴും വിളിച്ചും പറഞ്ഞും അവളുടെ ഒച്ച ആ വീട്ടിൽ നിറഞ്ഞിരുന്നതാണല്ലോ. അതുകൊണ്ട് തന്നെ അവളുടെ അഭാവം എല്ലാവർക്കും ഒരു വിഷമം തന്നെയായിരുന്നു. " ഞാനപ്പഴേ പറഞ്ഞതാ ഈ അമ്മയോട് ചാരുനെ വിടണ്ട.... ഒരു ചടങ്ങ് പോലെ വിട്ടിട്ട് ഇങ്ങോട്ട് തന്നെ കൊണ്ടുപോരാൻ..... " വൈകുന്നേരം ചായക്ക് വച്ചോണ്ട് നിൽക്കുമ്പോൾ മൃദു പറഞ്ഞു. " എനിക്കും വിടാൻ മനസുണ്ടായിട്ടാണോ മോളേ.... നിങ്ങൾ രണ്ടും ഇവിടില്ലാതെ എനിക്ക് പിന്നെന്താ ഒരു സമാധാനം.... പക്ഷേ നമുക്കങ്ങനെ പറയാൻ പറ്റുമോ.... സ്വന്തം മോൾടെ ഈ അവസ്ഥയിൽ കൂടെ നിന്ന് ശുശ്രൂഷിക്കണമെന്ന് അവൾടെ അമ്മയ്ക്കും ആഗ്രഹം കാണില്ലേ..... അത് മനസിലാക്കി നമ്മളും പെരുമാറണ്ടേ..... " ചായക്കപ്പ് കഴുകുമ്പോൾ അരുന്ധതി പറഞ്ഞു. " മ്മ്ഹ് എന്നാലും അവളില്ലാതെ എന്തോ വീടങ്ങുറങ്ങിയത് പോലെ.... " മൃദു വീണ്ടും പറഞ്ഞു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

 

Share this story