കാവ്യമയൂരം: ഭാഗം 56

kavyamayooram

രചന: അഭിരാമി ആമി

രാത്രി അത്താഴം കഴിക്കാനിരിക്കുമ്പോഴും ദേവരാഗത്തിൽ ആകെ മൊത്തമൊരു മൂകത തളം കെട്ടിയിരുന്നു. അന്ന് ലീവായിരുന്നത് കൊണ്ട് പതിവില്ലാതെ അത്താഴസമയത്ത് സിദ്ധുവും അവിടെയുണ്ടായിരുന്നു. അവനാണെങ്കിൽ മൃദുവും അരുന്ധതിയും കൂടി നിർബന്ധിച്ചത് കൊണ്ട് മാത്രം വന്ന് ഭക്ഷണത്തിന് മുന്നിൽ ഇരുന്നതായിരുന്നു. മുത്തശ്ശിയും ആകെ വിഷമത്തിൽ തന്നെയായിരുന്നു. " ഇളക്കിയിളക്കിയിരിക്കാതെ ഒരു പപ്പടം കൂടിട്ട് ആ കഞ്ഞി മുഴുവനങ്ങ് കോരിക്കുടിക്കമ്മേ..... " മുന്നിൽ വച്ച കഞ്ഞിയിൽ വെറുതേ സ്പൂൺ ഇട്ടിളക്കിക്കോണ്ടിരിക്കുകയായിരുന്ന ലക്ഷ്മിയമ്മയോട് അരുന്ധതി പറഞ്ഞു. " ഓഹ് മതിയെടീ..... കൊച്ചില്ലാത്തോണ്ട് ഒരു മൂകത..... " അവർ പറഞ്ഞു. " എടിയേ..... " " എന്താമ്മേ......???? " " നമുക്ക് നാളെപ്പോയി ചാരുമോളേയിങ്ങ് കൂട്ടിക്കൊണ്ട് പൊന്നാലോ.....???? " " അമ്മയൊന്ന് ചുമ്മാതിരിക്കുന്നുണ്ടോ...... ഒരുമാതിരി കൊച്ചുപിള്ളേരെപ്പോലെ..... മിണ്ടാതിരുന്ന് കഴിക്കാൻ നോക്ക്..... " കുനിഞ്ഞിരിക്കുകയായിരുന്ന സിദ്ധുനെ ഒന്ന് പാളി നോക്കി അരുന്ധതി ദേഷ്യപ്പെട്ടു.

പിന്നീട് ആരും ഒന്നും പറഞ്ഞില്ല. അത്താഴമൊക്കെ കഴിഞ്ഞ് എല്ലാരും അവരവരുടെ മുറികളിൽ കയറി വാതിലടച്ചു. തങ്ങളുടെ മുറിയിൽ ആയിരുന്ന സിദ്ധു മാത്രം എന്തൊക്കെയൊ ഓർത്തുകൊണ്ട് മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരുന്നു. ഇടയ്ക്കിടെ അവന്റെ നോട്ടം ചുവരിലെ ക്ലോക്കിലേക്കും നീണ്ടുകൊണ്ടിരുന്നു.. അപ്പോൾ സമയം ഏകദേശം പത്തര കഴിഞ്ഞിരുന്നു. കുറേ സമയം കൂടി അങ്ങനെ കഴിഞ്ഞതും അവൻ ഫോണെടുത്ത് ആരെയോ വിളിച്ചു. " ഹലോ..... " " ആഹ് ചേട്ടാ ഒരു ഓട്ടം പോണമായിരുന്നു...... " " എന്റെ പൊന്ന് ചേട്ടാ ഈ നേരത്തിനി ഒരോട്ടവും പോകാൻ പറ്റത്തില്ല. ഞാൻ ഓട്ടോ ഒതുക്കി. " മറുവശത്ത് നിന്നും ഉറക്കച്ചടവുള്ള പറച്ചിൽ കേട്ടു. " അങ്ങനെ പറയല്ലേ ചേട്ടാ..... അത്ര അത്യാവശ്യം ആയോണ്ടല്ലേ പ്ലീസ്..... പറ്റില്ലെന്ന് പറയരുത്. " അവൻ കെഞ്ചി. " ഓഹ് ശെരി..... എവിടാ പോവണ്ടേ...." " ഇവിടടുത്ത് തന്നെ..... " " ആഹ് എവിടാ വരണ്ടേ......??? " " ഇവിടെ നമ്മടെ കളക്ടറുടെ വീടില്ലേ അതിന്റെ മുന്നിൽ വന്നാൽ മതി. ഞാനിവിടെ നിപ്പുണ്ട്. "

" ആഹ് ഓക്കേ ഒരു പത്തുമിനിറ്റ്..... " അയാൾ ഫോൺ വച്ചു. പെട്ടന്ന് . തന്നെ സിദ്ധുവും ഫ്രഷായി ഡ്രെസ്സും മാറ്റി റൂം ലോക്ക് ചെയ്ത് പതിയെ താഴേക്ക് നടന്നു. അവൻ പമ്മിപ്പതുങ്ങി ഗേറ്റിന്റെ പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും ഓട്ടോയും വന്നിരുന്നു. " എങ്ങോട്ടാ സാറെ.... " " നേരെ പോട്ടെ ഞാൻ പറയാം..... " വണ്ടിയിലേക്ക് കയറിക്കൊണ്ട്‌ അവൻ പറഞ്ഞു. മധ്യവയസ്കനായ ഒരാളായിരുന്നു ഡ്രൈവർ. അയാൾ വണ്ടി മുന്നോട്ടെടുത്തു. വണ്ടിയിൽ നേർത്ത സ്വരത്തിൽ പാട്ട് വച്ചിരുന്നു. കുറച്ചു ദൂരം മുന്നോട്ട് പോയി കഴിഞ്ഞപ്പോഴായിരുന്നു വഴിയോരത്ത് ഒരു തട്ടുകട കണ്ടത്. അവിടപ്പോഴും ചൂട് ദോശ ചുട്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. " ചേട്ടാ ഒന്ന് നിർത്തണെ..... " " ഓഹ് ഇതൊരു കുരിശാണല്ലോ..... " അയാൾ പിറുപിറുത്തുകൊണ്ട് വണ്ടിയൊതുക്കി. അതൊന്നും മൈൻഡ് ചെയ്യാതെ സിദ്ധു പുറത്തേക്കിറങ്ങി കടയിലേക്ക് നടന്നു.

" ചേട്ടാ ഒരു സെറ്റ് ദോശയും ചട്നിയും ഓംലെറ്റും പാർസൽ...... " ദോശ മറിച്ചിട്ടുകൊണ്ട് നിന്നിരുന്ന കടക്കാരനെ നോക്കി അവൻ പറഞ്ഞു. അയാൾ പെട്ടന്ന് തന്നെ അതെല്ലാം പാക്ക് ചെയ്ത് ഒരു കവറിലിട്ടവന് നൽകി. പൈസ കൊടുത്തിട്ട് അവൻ പെട്ടന്ന് വന്ന് ഓട്ടോയിലേക്ക് കയറി. " പോകാം ചേട്ടാ..... " അയാളൊന്ന് മൂളിയിട്ട് വണ്ടി മുന്നോട്ടെടുത്തു. അവൻ പറഞ്ഞുകൊടുത്ത വഴിയിലൂടെ ഓട്ടോ നേരെ ചെന്ന് നിന്നത് ചാരുവിന്റെ വീടിന് മുന്നിലായിരുന്നു. " എത്രയായി..... " " നാനൂറ്റി അൻപത്..... " സിദ്ധു പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റെ ഒരു നോട്ട് എടുത്തയാൾക്ക് നൽകി. " " എന്റേൽ ചില്ലറയൊന്നുമില്ല സാറെ..... അൻപത് ഉണ്ടേൽ താ.... " " ചില്ലറയൊന്നും വേണ്ട ചേട്ടാ.... ചേട്ടന് പറ്റുമെങ്കിൽ കുറച്ചു നാളത്തേക്ക് എന്നും രാത്രി എന്നേ ഇവിടെ വരെയൊന്ന് കൊണ്ട് വിടണം. " അവനത് പറഞ്ഞതും അയാളുടെ മുഖം വികസിച്ചു.. അത്രയും രൂപയ്ക്ക് അടുപ്പിച്ച് ഓട്ടം കിട്ടുകയെന്ന് പറഞ്ഞാൽ അയാളെ സംബന്ധിച്ച് അതൊരു നിസാരകാര്യമല്ലല്ലോ.

എങ്കിലും അവന്റെ പരുങ്ങിയുള്ള പെരുമാറ്റം അയാളെയൊരു രണ്ടും കെട്ട അവസ്ഥയിൽ നിർത്തിയെക്കുവായിരുന്നു അപ്പോൾ. " അല്ല സാറിനെന്താ ഈ രാത്രി ഇവിടെ പരിപാടി.....??? " അയാൾ അല്പം സംശയത്തോടെ തന്നെ ചോദിച്ചു. " അത്..... അതുപിന്നെ..... ചേട്ടാ പറയുമ്പോ ഇച്ചിരി ചീപ്പാ എന്നാലും പറയാം. ഇതെന്റെ വൈഫിന്റെ വീടാ. ആളെ ഡെലിവറിക്ക് വേണ്ടി ഇങ്ങോട്ട് കൊണ്ടുവന്നേക്കുവാ.... ഒരു ധൈര്യത്തിൽ പറഞ്ഞുവിട്ടു. പക്ഷേ ഇപ്പൊ അവളില്ലാതെ വയ്യ.... " തല ചൊറിഞ്ഞുകൊണ്ടുള്ള അവന്റെ പറച്ചിൽ കേട്ടതും അയാൾ പെട്ടന്ന് പൊട്ടിച്ചിരിച്ചു. " ഇതേതായാലും കൊള്ളാം...... വീട്ടുകാരേം വെറുപ്പിക്കണ്ട ഭാര്യേം പിരിയണ്ട.... " അയാൾ വീണ്ടും ചിരിച്ചു " ഇതൊക്കെ പണ്ടേ ഉള്ളൊരു പ്രശ്നം തന്നെയാ സാറെ.... പേറ്റിനു കൊണ്ടുപോരുന്ന ഭാര്യേടെ പുറകെ അവൾടെ വീട്ടിൽ ചെന്നിരുന്ന് പരുങ്ങുകയും ഒന്ന് കെട്ടിപ്പിടിക്കാൻ കൊതിച്ച് കെട്ടിയോന് പ്രവേശനമില്ലാത്ത ആ മുറിയുടെ വാതിൽക്കലൂടെ വെരുകിനെപോലെ നടക്കുകയുമൊക്കെ ചെയ്യാത്ത ആണുങ്ങൾ കുറവാ.....

പിന്നെ അന്നത്തെ ആണുങ്ങൾക്ക് ഇന്നത്തെ പിള്ളേരുടെ അത്ര തന്റേടം പോരാരുന്നു അതോണ്ട് ഇങ്ങനെ കട്ട് മതില് ചാടിയില്ല.... എന്നാപ്പിന്നെ ഞാൻ പോട്ടെ സാറെ...... നാളെ കറക്റ്റ് ടൈമിൽ കാണാം..... " ചമ്മി നിൽക്കുകയായിരുന്നവനെ നോക്കി ചിരിയോടെ പറഞ്ഞിട്ട് അയാൾ വണ്ടിയോടിച്ച് പോയി. സിദ്ധു പതിയെ അകത്തേക്കും കയറി. അപ്പോഴേക്കും അവിടെയും എല്ലാവരും കിടന്നിരുന്നു. എങ്ങും വെളിച്ചവും ഉണ്ടായിരുന്നില്ല. എങ്കിലും അവളുറങ്ങികാണില്ലെന്ന് അവനുറപ്പായിരുന്നു. അതുകൊണ്ട് തന്നെ ഫോണെടുത്ത് ചാരുവിന്റെ നമ്പറിലേക്ക് വിളിച്ചു. കറക്റ്റ് രണ്ടാമത്തെ ബെല്ലിൽ കാൾ എടുത്തു. " കണ്ണേട്ടാ..... " " ഉറങ്ങിയില്ലേ പെണ്ണേ..... " " മ്മ്ഹ്ഹൂൂൂമ്.... " അവൾ നിഷേധാർഥത്തിൽ മൂളി. " ഞാൻ പറഞ്ഞത് നീ മറന്നോ.....??? " " ഇല്ല..... എന്താത്.....??? " വല്ലാത്തൊരു വെപ്രാളത്തിൽ ചോദിക്കുമ്പോൾ ആകാംഷ കൊണ്ട് അവളുടെ സ്വരം വിറച്ചിരുന്നു. " ആഹ് അതേ മുറ്റത്ത് കിടക്കുന്ന കാറിലുണ്ട്. മോള് ചെന്ന് നോക്ക്.... " അവൻ പുഞ്ചിരിയോടെ പറഞ്ഞു.

ഒരു നിമിഷം മറുപുറത്ത് നിന്നും അനക്കമൊന്നും കേട്ടില്ല. പിന്നെ കാൾ കട്ടായി. ഏകദേശം രണ്ട് മിനിറ്റ് കഴിഞ്ഞതും മുൻ വാതിൽ തുറക്കുന്നത് കേട്ടു. സിദ്ധു പെട്ടന്ന് കാറിനരികിലേക്ക് നീങ്ങി നിന്നു. നിലാവെളിച്ചത്തിൽ വീർത്ത വയറും താങ്ങിപ്പിടിച്ച് ചാരു പതിയെ പുറത്തേക്കിറങ്ങി. അത് നോക്കിയൊരു പുഞ്ചിരിയോടെ സിദ്ധുവും നിന്നു. അവൾ പതിയെ മുറ്റത്തോട്ടിറങ്ങി പോർച്ചിലേക്ക് നടന്നു. പോർച്ചിലേക്ക് കയറിയതും അവൾ പൊടുന്നനെയൊന്നമ്പരന്നു.. പിന്നെ കാറിൽ ചാരി നിന്നിരുന്ന സിദ്ധുവിനെ കണ്ടതും പെട്ടന്ന് പുഞ്ചിരിച്ചു. ആ ഇരുളിലും അമ്പിളിമാമന്റെ വെളിച്ചത്തിൽ അവളുടെ പുഞ്ചിരി സിദ്ധു നോക്കിക്കണ്ടു. " കണ്ണേട്ടാ.... " വിളിച്ചതും ബദ്ധപ്പെട്ടവൾ മുന്നോട്ടോടി വന്നു. അത് കണ്ട് സിദ്ധു പെട്ടന്നവളുടെ അരികിലേക്ക് നീങ്ങി ചെന്നു. " ഇങ്ങനൊന്നുമോടല്ലേ ചാരു..... " അവളെ ചേർത്ത് പിടിച്ചുകൊണ്ട് അവൻ പറഞ്ഞു. " ഇതാണോ സർപ്രൈസ്....??? " അവനെ കെട്ടിപ്പിടിച്ച് നെഞ്ചിൽ ചുംബിച്ചുകൊണ്ട് അവൾ ചോദിച്ചു. " മ്മ്ഹ്..... നീയാവിടില്ലാതെ ശ്വാസം മുട്ടുവാരുന്നു..... " പറഞ്ഞത് കേട്ട് അവൾ വീണ്ടും ചിരിച്ചു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story