കാവ്യമയൂരം: ഭാഗം 57

kavyamayooram

രചന: അഭിരാമി ആമി

 " പാതിരാത്രി മതില് ചാടിയാണോ ശ്വാസം മുട്ടല് മാറ്റാൻ വരുന്നത്....??? " അവന്റെ കൈകൾക്കുള്ളിൽ ഒതുങ്ങി നിന്നുകൊണ്ട് ചാരു ചോദിച്ചു. " ആഹ് എന്റെ വിധി..... അല്ലാണ്ടെന്ത് പറയാനാ..... ഈ ബൊമ്മക്കുട്ടിയെ കെട്ടിപ്പിടിച്ച് കിടന്നില്ലേ ശ്വാസം മുട്ടുന്ന ഒരു പ്രത്യേകതരം രോഗത്തിനടിമയായിപ്പോയി ഞാൻ. എന്ത് ചെയ്യാനാ..... " പറഞ്ഞുകൊണ്ട് . അവനവളുടെ കഴുത്തടിയിൽ അമർത്തി ചുംബിച്ചു. പെട്ടന്ന് ഇക്കിളിപ്പെട്ട് പിടഞ്ഞുപോയ ചാരു അവനെ തടയാൻ ശ്രമിച്ചുകൊണ്ട് പൊട്ടിച്ചിരിച്ചു. " കിടന്നൊച്ച വച്ച് എല്ലാരേം വിളിച്ചുണർത്തി എന്റെ മാനം കളയല്ലേ പൊന്നുമോളെ....." സിദ്ധു പതിയെ അവളുടെ വായ പൊത്തിക്കൊണ്ട്‌ പറഞ്ഞു. " ഇത്ര പേടിയുള്ളവരെന്തിനാ ഇത്ര പാട് പെട്ട് പാതിരാത്രി ഇങ്ങോട്ട് കേറി വന്നത്.....???? അവിടെങ്ങാനും കിടന്നുറങ്ങികൂടാരുന്നോ .....??? " " അങ്ങനെ കിടന്നുറങ്ങിയാരുന്നേ എന്റെ പൊന്നുമോളിവിടെ മാനോം നോക്കി ഉറങ്ങാതെ കിടക്കില്ലാരുന്നോ..... " അവനവളുടെ ഇരുകവിളിലും പിടിച്ച് വലിച്ചുകൊണ്ട് ചോദിച്ചു.

" ഓഹ് പിന്നേ...... ഇയാളില്ലേ ഞാനുറങ്ങില്ലല്ലോ..... " ചാരു പുച്ഛിച്ചു. " ഉറങ്ങുവാരുന്നോ....??? " ചോദിച്ചുകൊണ്ട് തന്റെ മിഴികളിലേക്ക് ഉറ്റുനോക്കിയവനെ നോക്കുമ്പോൾ ചാരുവിന്റെ മിഴികളൊന്ന് പിടഞ്ഞു. എന്തോ ഒരു വെപ്രാളം തന്നെ വന്നു മൂടുന്നതവളറിഞ്ഞു. " അ...... അത്..... ഞാൻ..... " " നിന്ന് വിക്കാതെ പറയെടീ ഉണ്ടമുളകെ നീയുറങ്ങുവോ ഞാനടുത്തില്ലാതെ......??? " ശബ്ദം താഴ്ത്തി അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ അവളുടെ കാതോരം അത്രമേൽ ആർദ്രമായി അവൻ ചോദിച്ചു. ചാരു പക്ഷേ മറുപടിയൊന്നും പറഞ്ഞില്ല. പൊടുന്നനെ അവന്റെ നെഞ്ചിലേക്ക് വീണ് അവനെ ഇറുക്കെ പുണർന്നു. പിന്നെ ആ കഴുത്തിൽ കിടന്നിരുന്ന തന്റെ പേര് കൊത്തിയ ലോക്കറ്റിൽ അമർത്തി മുത്തി. അതിലുണ്ടായിരുന്നു സിദ്ധു കേൾക്കാൻ കൊതിച്ചതെല്ലാം. " എന്റെയീ തെമ്മാടി ചെക്കന്റെ ചൂട് പറ്റി കിടക്കാതെ എനിക്കുറക്കം വരുമെന്ന് തോന്നുന്നുണ്ടോ.....???? "

കാതരമായ് അവൾ ചോദിക്കുമ്പോൾ സിദ്ധു പതിയെ പുഞ്ചിരിച്ചു. പിന്നെ അവളേ ഒന്നുകൂടി ചേർത്തു പിടിച്ച് നെറുകയിൽ ചുംബിച്ചു. " ആഹ് മതി മതി..... ഇനിയും ഇവിടെ നിന്നിങ്ങനെ മഞ്ഞു കൊണ്ടാലേ എന്റെ മോൾക്ക് തണുക്കും..... ബാ...... " ചാരുവിന്റെ വയറിൽ ഒന്ന് തഴുകി അവളേ ചേർത്തു പിടിച്ചുകൊണ്ട് അകത്തേക്ക് നടക്കുമ്പോൾ സിദ്ധു പറഞ്ഞു. " ആഹാ അതുശരി..... അപ്പൊ മോൾക്ക് തണുക്കുന്നതാണോ പ്രശ്നം..... എനിക്ക് തണുത്താലൊന്നുമില്ലേ.....??? " അവൾ കുറുമ്പോടെ ചോദിച്ചു. " നിനക്ക് തണുത്താൽ ആ തണുപ്പ് മാറ്റാനല്ലേഡീ കുട്ടിത്തേവാങ്കേ ഞാൻ.....???? " " മാറ്റുവോ......??? " " മ്മ്ഹ്...... " " എങ്ങനെ മാറ്റും......??? " " അതോ....... ദേ ഇങ്ങനെ കെട്ടിപ്പിടിച്ച് പിന്നെ ദാ ഇങ്ങനെ...... " " ആഹ് മതിമതി...... " തന്നെ കെട്ടിപ്പിടിച്ച് അദരങ്ങളിലേക്ക് അടുത്തവനെ തള്ളി മാറ്റിക്കൊണ്ട്‌ അവൾ പറഞ്ഞു.

" ആഹ് ഇതാ കുഴപ്പം..... ഒരു കാര്യോം മുഴുവൻ ചെയ്യാൻ സമ്മതിക്കില്ല പെണ്ണ്...... " " ആഹ് അങ്ങനിപ്പോ മുഴുമിപ്പിക്കണ്ട..... എനിക്ക് വിശന്നിട്ട് വയ്യ മുറിയിലോട്ട് പൊക്കോ..... ഞാൻ കിച്ചണിൽ ചെന്ന് തിന്നാൻ വല്ലതും എടുത്തോണ്ട് വരാം...." " ഇനി അവിടെ ചെന്ന് എല്ലാം കൂടി തട്ടിമറിച്ചിട്ട് എല്ലാരേം വിളിച്ചുണർത്താൻ നിക്കാതെ നീയിങ്ങോട്ട് വാ..... " വിശന്നിട്ട് വയ്യെങ്കിലും പിന്നീടൊന്നും പറയാൻ നിൽക്കാതെ ചാരുവും അവന്റെയൊപ്പം നടന്നു. " അല്ല അപ്പൊ പൊന്നുമോളിന്നൊന്നും കഴിച്ചില്ലേ..... ഈ നേരത്തൊരു വിശപ്പ്.....???? " ചാരുവിന്റെ റൂമിലേക്ക് കയറി വാതിൽ ലോക്ക് ചെയ്തുകൊണ്ട് സിദ്ധു ചോദിച്ചു. " കഴിക്കുവൊക്കെ ചെയ്തു..... " അവളൊരൊഴുക്കൻ മട്ടിൽ പറഞ്ഞുകൊണ്ട് കട്ടിലിന്റെ ഒരു സൈഡിലേക്ക് കയറിയിരുന്നു. അതുകണ്ട് സിദ്ധു പതിയെ ഒന്ന് ചിരിച്ചു. പിന്നെ പതിയെ അവളുടെ അടുത്തേക്ക് ചെന്ന് കയ്യിലുണ്ടായിരുന്ന പൊതിയവളുടെ മടിയിലേക്ക് വച്ചുകൊടുത്തു.

" എന്താ ഇത്.....???? " അതുവരെ അങ്ങനെയൊന്ന് അവന്റെ കയ്യിൽ ഉണ്ടായിരുന്ന കാര്യം പോലും ശ്രദ്ധിക്കാതിരുന്ന ചാരു ചോദിച്ചു.. " നോക്ക്..... " അവനെയൊന്ന് നോക്കി അവൾ പതിയെ ആ പൊതി നിവർത്തു. അതിനുള്ളിലുണ്ടായിരുന്ന അപ്പോഴും ചൂട് പോയിട്ടില്ലായിരുന്ന ദോശയും ചട്ണിയും കണ്ട് അവളുടെ മിഴികൾ വിടർന്നു. " യ്യോ തട്ടുദോശ..... ഞാനിന്ന് ഓർത്തെയുള്ളൂ കിട്ടിയാൽ കൊള്ളായിരുന്നുന്ന്..... " അവൾ സന്തോഷത്തോടെ പറഞ്ഞപ്പോൾ സിദ്ധുവും ചിരിയോടെ അവളുടെ അരികിലേക്ക് വന്നിരുന്നു. " എനിക്ക് എടുത്തു തരുവോ കണ്ണേട്ടാ..... " " ആഹാ കൊള്ളാല്ലോ പൂതി...... പെണ്ണേ ഒരു ജൂനിയർ ചാരു വരാറായി അപ്പഴാ പെണ്ണിന്റെ കൊഞ്ചൽ..... " " അതിനെന്താ കണ്ണേട്ടാ..... നമ്മുടെ അച്ഛനമ്മമാരുടെ അടുത്ത് മക്കൾ എപ്പോഴും കുഞ്ഞുങ്ങൾ ആയിരിക്കുമെന്നാ പറയാ..... പക്ഷേ ഭർത്താക്കന്മാരുടെ അടുത്ത് കൊഞ്ചും പോലെ അവരുടെ അടുത്തുപോലും നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല..... " " ഓഹ് മതി മതി..... ഇനി പഠിച്ച ഫിലോസഫി മുഴുവൻ ഇവിടെ വിതറല്ലേ മോളെ.....

നിനക്കിപ്പോ വാരിത്തരണം അത്രേയല്ലേ ഉള്ളു...... " ചാരു ചിരിയോടെ തല കുലുക്കി. സിദ്ധു പതിയെ പൊതി വാങ്ങി അതിൽ നിന്നും ദോശയും ചട്ണിയും കുഴച്ച് ഒരു കഷ്ണം ഓംലറ്റും ചേർത്ത് അവളുടെ വായിലേക്ക് വച്ചുകൊടുത്തു. എന്തോ ആ ഭക്ഷണത്തിനപ്പോ പ്രത്യേകമൊരു രുചിയാണെന്ന് തോന്നിപ്പോയി ചാരുവിന്. ❤️ " എന്താടോ ഒരു കണക്കുകൂട്ടൽ.....??? " രാവിലെ ഹാളിലേക്ക് വരുമ്പോൾ സോഫയിൽ കലണ്ടറും പിടിച്ചിരുന്ന് വിരലിൽ ഏതോ കണക്ക് കൂട്ടുകയായിരുന്ന അരുന്ധതിയോട് നരേന്ദ്രൻ ചോദിച്ചു. ": മറന്നോ..... ഇന്ന് ഡിസംബർ പത്തായി....." " ആഹ് അതിനിപ്പോ എന്താ....??? " ചോദിച്ചുകൊണ്ട് അയാളും അവരുടെ അരികിലേക്കിരുന്നു. " ശോ..... ഇരുപതാം തീയതിയാകുമ്പോ കണ്ണന്റേം ചാരുന്റേം വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം തികയുവാ.... അവരുടെ ഫസ്റ്റ് വെഡിങ് ആനിവേഴ്സറി..... " അരുന്ധതി പറഞ്ഞപ്പോഴായിരുന്നു നരേന്ദ്രനും ആ ദിവസത്തേക്കുറിച്ച് ഓർത്തത്. " ആഹ് നേരാ ഞാനതങ്ങു വിട്ടുപോയി.... " " ആഹ് വിട്ടുപോകും..... നിങ്ങളച്ഛനും മോനും മറക്കും...."

അരുന്ധതി അല്പം പരിഭവം പോലെ പറഞ്ഞു. " മനഃപൂർവം ആണോടോ..... ഓരോ തിരക്കുകളല്ലേ..... അല്ല ഫസ്റ്റ് വെഡിങ് ആനിവേഴ്സറി ആയിട്ട് എന്താ പരിപാടി.....???? " " പരിപാടി നല്ല ഗ്രാൻഡായിട്ട് തന്നെ വേണം. ചാരുമോൾക്ക് വയ്യാത്തോണ്ട് പുറത്തൊന്നും വേണ്ട ഇവിടെ വച്ച് തന്നെയാകാം ഫങ്ക്ഷൻ..... എല്ലാരേം വിളിക്കാം. അതിനുമുൻപ് മോളെ കൂട്ടിക്കോണ്ട് വരണം..... " അരുന്ധതി പറഞ്ഞു. " മ്മ്ഹ്..... കണ്ണനോട് കൂടി ആലോചിച്ചിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം. " " മ്മ്ഹ്...... " അരുന്ധതിയൊന്ന് മൂളിയിട്ട് വീണ്ടും കണക്കുകൂട്ടൽ തുടർന്നു. " അല്ലേ വേണ്ട..... അവന്റെ തിരക്കിനിടയിൽ ഇതൊന്നും ഓർക്കാൻ ഒരു സാധ്യതയുമില്ല. അതറിയാവുന്നോണ്ട് ഓർത്താലും ചാരുമോളും മിണ്ടൂല്ല..... അതുകൊണ്ട് നമുക്കവർക്കൊരു സർപ്രൈസ് കൊടുത്താലോ.....???? " നരേന്ദ്രനെന്തോ ഓർത്തിരുന്നിട്ട് പെട്ടന്ന് ചോദിച്ചു. പെട്ടന്ന് അരുന്ധതിയുടെ മുഖവും വിടർന്നു. " ആഹ്..... അത് കൊള്ളാം..... പക്ഷേ അതിന് മോളെ കൂട്ടിക്കോണ്ട് വരണ്ടേ....??? "

" വേണ്ടെടോ..... ഫങ്ക്ഷൻ നമുക്ക് അവിടെ വച്ച് പ്ലാൻ ചെയാം. ഞാൻ ശിവപ്രസാദിനോട്‌ സംസാരിക്കാം. മാത്രല്ല സഞ്ജുന്റെയും മൃദുന്റെയും വെഡിങ് ആനിവേഴ്സറി പോലെ പകലല്ല ഫങ്ക്ഷൻ." " പിന്നേ.....??? " " രാത്രി കറക്റ്റ് പന്ത്രണ്ട് മണിക്ക് തന്നെ കേക്ക് കട്ട് ചെയ്യണം. " " എന്തുവാ നരേട്ടാ ഈ പറയുന്നേ.....ആ നേരത്തൊക്കെ അവർക്ക് ബുദ്ധിമുട്ടാവില്ലേ....??? " " ഒരു ബുദ്ധിമുട്ടും ഇല്ല..... താൻ പിള്ളേരെ ഒക്കെയൊന്ന് ഉഷാറാക്ക് ബാക്കി നമുക്ക് റെഡിയാക്കാം. പിന്നെ ഇതിൽ വേറൊരു രസം കൂടിയുണ്ട്. അത് പതിയെ പറയാം. " പറഞ്ഞിട്ട് നരേന്ദ്രൻ എണീറ്റ് പോയി. ❤️ അന്ന് ഏകദേശം പതിനൊന്ന് മണി കഴിഞ്ഞിരുന്നു സിദ്ധു ഓഫീസിലേക്ക് പോകാൻ റെഡിയായി ഇറങ്ങി വന്നപ്പോൾ. ആ സമയം നരേന്ദ്രൻ ലാപ്പും കൊണ്ട് ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു. " അച്ഛനിന്ന് ഓഫീസിൽ പോണില്ലേ....??? " " ആഹ് നീയിന്നു ലേറ്റായോ.... ഞാൻ കുറച്ചു ദിവസം വർക്ക്‌ ഫ്രം ഹോം ആണ്. പിന്നെ സഞ്ജു ഉണ്ടല്ലോ തല്ക്കാലം... അല്ലെടാ കണ്ണാ നീ രാവിലെ എവിടെപ്പോയിട്ട് വന്നതായിരുന്നു.....??? "

" ഏഹ്.... ഞാനോ....??? " സിദ്ധു പെട്ടന്ന് ഒന്ന് പരുങ്ങി. " ആഹ് ഞാൻ എണീറ്റ് വന്നപ്പോ നീ പുറത്തുന്ന് വന്നു കയറുന്നത് കണ്ടല്ലോ.... " " ഓഹ് അത് പിന്നെ..... അച്ഛാ.... ഞാൻ ജോഗിങ്ങിന് പോയിരുന്നു. " " മ്മ്ഹ്..... ജോഗിങ് നല്ലതാ. എന്നാലും മോനെ ജോഗിങ്ങിനൊക്കെ പോകുമ്പോ ഈ ജീൻസും ഷർട്ടും ഒക്കെ ഒഴിവാക്കി സാധാരണ പോകാറുള്ള ഡ്രസ്സല്ലേ നല്ലത്.....???? " തന്റെ മുന്നിൽ വിളറി വെളുത്തു നിൽക്കുകയായിരുന്ന മകനെ നോക്കി അയാൾ ഊറി ചിരിച്ചു. " അല്ലച്ഛാ അതുപിന്നെ തണുപ്പ്..... " അവൻ വിക്കി. " ആഹ് ഡിസംബർ മാസല്ലേ തണുപ്പൊക്കെ കാണും..... " മുനവച്ചുള്ള നരേന്ദ്രന്റെ ഓരോ വാക്കുകളും എന്ന് പിടി കിട്ടിയതും സിദ്ധു പെട്ടന്ന് പുറത്തേക്കിറങ്ങി പോയി. അതുനോക്കിയിരുന്ന് നരേന്ദ്രൻ ചിരിച്ചു. പിന്നെ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. " എഡോ ചാരു മോളെ ഇനിയധികം അവിടെ നിർത്തണ്ടാട്ടോ..... ".... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story