കാവ്യമയൂരം: ഭാഗം 59

kavyamayooram

രചന: അഭിരാമി ആമി

സമയം വീണ്ടും കടന്നുപോയിക്കൊണ്ടിരുന്നു. അപ്പോഴും അമൃതും സഞ്ജുവും കൂടി സിദ്ധുവിനെ ബലമായി പിടിച്ചിരുത്തിയുള്ള സംസാരം തുടരുക തന്നെയായിരുന്നു. ഇതിനിടയിൽ മൃദുവും അരുന്ധതിയുമെല്ലാം പോകാനുള്ള ഒരുക്കത്തിലും ആയിരുന്നു. " അമ്മേ...... " ഏകദേശം പതിനൊന്ന് മണി കഴിഞ്ഞപ്പോൾ മൃദു നരേന്ദ്രന്റെയും അരുന്ധതിയുടെയും റൂമിലേക്ക് വന്നു. " ആഹ് മോള് റെഡിയായോ.....??? " " മ്മ്ഹ്...... സീതയാന്റി വിളിച്ചിരുന്നു. നമ്മളിറങ്ങിയോന്ന് ചോദിച്ചു. കേക്ക് നേരത്തെ എത്തിന്ന് പറഞ്ഞു..... " " മ്മ്ഹ് ഇനിയിത്ര നേരമായില്ലേ നമുക്കും ഇറങ്ങാം.... ഇനി ലേറ്റായാൽ സമയം കഴിഞ്ഞുപോകും. പരിപാടി കുളമാകും. " നരേന്ദ്രനായിരുന്നു അത് പറഞ്ഞത്. ഇതേസമയം പതിവ് സമയം തെറ്റിയിട്ടും സിദ്ധുവിനെ കാണാഞ്ഞതിന്റെ ടെൻഷനിൽ ഇരിക്കുകയായിരുന്നു ചാരു. " ഇതെന്താ ഇത്ര താമസിക്കുന്നെ..... വരുമെന്ന് തന്നെയാണല്ലോ പറഞ്ഞത്... വെഡിങ് ആനിവേഴ്സറിയായിട്ട് ഒന്ന് കാണാൻ പോലും പറ്റൂലെ.....

ആഘോഷങ്ങളൊന്നും ഇല്ലേലും വിഷ് ചെയ്യണം ഈ ഗിഫ്റ്റും കൊടുക്കണമെന്നാ കരുതിയെ..... എന്നിട്ടീ കണ്ണേട്ടനിതെന്തെടുക്കുവാ..... സ്വന്തം കല്യാണദിവസം പോലും ഓർമയില്ലാത്ത മനുഷ്യൻ..... " ക്ലോക്കിലേക്കും കയ്യിലിരുന്ന ചെറിയൊരു ബോക്സിലേക്കും നോക്കിയിരുന്നുകൊണ്ട് ചാരു പിറുപിറുത്തു. എന്തായാലും ഒന്ന് വിളിച്ചുനോക്കാമെന്ന് കരുതി അവന്റെ ഫോണിലേക്ക് ഡയൽ ചെയ്യുമ്പോൾ സമയം പതിനൊന്ന് ഇരുപത്തിയഞ്ച് കഴിഞ്ഞിരുന്നു. ആ നേരത്തും സിദ്ധു സഞ്ജുവിന്റെയും അമൃതിന്റെയും പിടിയിൽ നിന്നും രക്ഷപെട്ടിരുന്നില്ല. " ദൈവമേ ചാരു കാത്തിരിക്കുമല്ലോ..... ഈ മരപ്പട്ടികളുടെ കയ്യിന്ന് എങ്ങനൊന്ന് രക്ഷപെടും......????? " ഓർത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു ഫോൺ ബെല്ലടിച്ചത്. സിദ്ധു പെട്ടന്ന് ഫോൺ കയ്യിലെടുത്തു. അതുകണ്ട് അമൃതും സഞ്ജുവും പരസ്പരം നോക്കി. " ആഹ് ചാരുവാ..... ഞാനെന്നാ റൂമിലേക്ക് പോവാ...... നിങ്ങളിരിക്ക്..... " പറഞ്ഞുകൊണ്ട് അവരുടെ മറുപടിക്ക് കാത്തുനിൽക്കാതെ സിദ്ധു പെട്ടന്ന് എണീറ്റ് മുറിയിലേക്ക് നടന്നു.

" ഹലോ..... " " എന്താ കണ്ണേട്ടാ ഇത്..... ഞാനെത്ര നേരായി കാത്തിരിക്കുന്നു.....??? " ചാരുവിന്റെ സ്വരത്തിൽ പരിഭവമലിഞ്ഞിരുന്നു. " ഓഹ് ഒന്നും പറയേണ്ടടി ഞാനിവിടെ പെട്ട് കിടക്കുവായിരുന്നു. " " എന്തുപറ്റി.....??? " " അമൃതും സഞ്ജുവേട്ടനും കൂടി ബ്ലോക്ക്‌ ചെയ്തേക്കുവായിരുന്നു. രണ്ടും കൂടി സിറ്റൗട്ടിൽ ഇരുപ്പായിരുന്നു ഇതുവരെ. ഇപ്പൊ നീ വിളിച്ചപ്പഴാ ഒന്ന് രക്ഷപെട്ടത്. " " അപ്പൊ ഇന്ന് വരില്ലേ.....??? " ചാരു കരച്ചിലിന്റെ വക്കോളമെത്തിയത് പോലെ തോന്നി. " വരും പെണ്ണേ..... നീ സമാധാനപ്പെട്. ലവന്മാര് അകത്തോട്ടൊന്ന് കേറിയാലുടനെ ഞാനിറങ്ങും. നീ വച്ചോ ഞാനൊന്ന് നോക്കട്ടെ..... " സിദ്ധു ഫോൺ വച്ചിട്ട് ഡ്രസ്സ്‌ മാറ്റി. ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ ഒരു ഷർട്ടും ബ്ലാക്ക് ജീൻസും ആയിരുന്നു അവന്റെ വേഷം. ഡ്രസൊക്കെ മാറ്റിക്കഴിഞ്ഞ് അവൻ വീണ്ടും പതുങ്ങിപതുങ്ങി താഴെ എത്തുമ്പോഴേക്കും നരേന്ദ്രന്റെ പ്ലാൻ പ്രകാരം എല്ലാവരും ഉറങ്ങിയെന്ന് ബോധ്യപ്പെടുത്തും വിധം ലൈറ്റുകളെല്ലാം അണച്ചിരുന്നു. അതോടെ സിദ്ധുവിന് സമാധാനമായി.

അവൻ പതിയെ റൂമിലേക്ക് വന്ന് ഫോണും കാറിന്റെ ചാവിയും എടുത്തുകൊണ്ട് പുറത്തേക്കിറങ്ങി. പക്ഷേ അവന്റെ പിന്നാലെ തന്നെ പൂച്ചകളെപ്പോലെ മറ്റുള്ളവരും ഉണ്ടായിരുന്നത് അവനറിഞ്ഞില്ല. ഇന്ന് വണ്ടി വേണ്ടെന്ന് തലേദിവസം തന്നെ ഓട്ടോ ഡ്രൈവറോഡ് സിദ്ധു പറഞ്ഞിരുന്നു. അവൻ നേരെ പുറത്തേക്കിറങ്ങി ഗേറ്റിന് പുറത്ത് കുറച്ചു മാറ്റി പാർക്ക്‌ ചെയ്തിരുന്ന തന്റെ കാറിലേക്ക് കയറി സ്റ്റാർട്ട്‌ ചെയ്തു. " ദൈവമേ ഈ കാറിനല്ലേ എന്തോ പ്രശ്നമുണ്ട് വർക്ക്‌ ഷോപ്പിന്ന് ആള് വന്നു കൊണ്ടുപോകുമെന്നിവൻ പറഞ്ഞത്.....???? " ഉമ്മറത്ത് എല്ലാം ശ്രദ്ധിച്ചു നിന്നിരുന്നവരുടെ ഒപ്പം ഉണ്ടായിരുന്ന അരുന്ധതി മരുമകളേ നോക്കി ആശ്ചര്യത്തോടെ ചോദിച്ചു. " മ്മ്ഹ് അവനങ്ങനെ പല കുഴപ്പവുമുണ്ട് ഈയിടയായിട്ട്.... " നരേന്ദ്രൻ ചിരിയോടെ പറഞ്ഞു. " അല്ല ഇവനെങ്ങോട്ടാ ഈ നേരത്ത്....??? " " വേറെങ്ങോട്ട് അവന്റെ ഭാര്യ വീട്ടിലോട്ട് തന്നെ...... അല്ലാതെവിടെ പോകാൻ. ഇതിപ്പോ ചാരു ഇവിടുന്ന് പോയ ദിവസം മുതൽ നടന്നുകൊണ്ടിരിക്കുന്ന കലാപരിപാടിയാ....

അതുകൊണ്ട ചാരുമോളെ പെട്ടന്ന് ഇങ്ങ് കൊണ്ടുപോരണമെന്ന് കഴിഞ്ഞ ദിവസം ഞാൻ നിങ്ങടമ്മയോട് പറഞ്ഞത്..... " " എന്നാപ്പിന്നെ ഇവനും കൂടെ കുറച്ചു ദിവസം അവിടങ്ങ് നിന്നാൽ പോരെ..... ഇത്ര പാട് പെട്ട് പാതിരാത്രി മതില് ചാടണോ.....??? " അരുന്ധതി തന്റെ സംശയം മറച്ചുവച്ചില്ല. " അതെങ്ങനെ ശെരിയാകും..... ഭാര്യ വീട്ടിൽ താമസിക്കുന്നത് കളക്ടർ സാറിന് കുറച്ചിലായിരിക്കും. അത് തന്നെയുമല്ല ചാരുമോളില്ലാതെ പറ്റുന്നില്ലെന്ന് സമ്മതിക്കാനും നമ്മുടെ പൊന്നുമോന്റെ അഭിമാനം സമ്മതിച്ചുകാണില്ല.... " നരേന്ദ്രൻ വീണ്ടും ചിരിച്ചു. " നിങ്ങളിവിടെ കഥ പറഞ്ഞ് നിന്നോ..... ദോണ്ടേ അവൻ പോയി..... " അമൃത് പുറത്തേക്ക് നോക്കി നിന്നുകൊണ്ട് പറഞ്ഞു. " ആഹ് വാ വാ..... ബാക്കിയൊക്കെ അവിടെ ചെന്നിട്ട്..... " സഞ്ജു കാറെടുക്കാൻ ഓടുമ്പോൾ വിളിച്ചു പറഞ്ഞു. അരുന്ധതി പെട്ടന്ന് വീട് പൂട്ടി താക്കോൽ മൃദുവിന്റെ കയ്യിൽ കൊടുത്തു. സിദ്ധുവിന്റെ കാറിന്റെ പുറകെ തന്നെ അല്പം ദൂരമിട്ട് അവരും ഇറങ്ങി. ട്രാഫിക് ഒന്നും ഇല്ലാത്ത സമയമായത് കൊണ്ട് തന്നെ പെട്ടന്ന് ഇരുകാറുകളും സ്മൃതിക്ക് മുന്നിലെത്തി.

ഗേറ്റിന് മുന്നിലെത്തിയതും സിദ്ധു വണ്ടി അല്പം മാറ്റി ഒതുക്കി നിർത്തി. വണ്ടിയിലെ വെളിച്ചമണഞ്ഞു. " അവൻ ആദ്യം കേറി പോട്ടെ..... പുറകെ നമുക്ക് പോകാം...." നരേന്ദ്രൻ പറഞ്ഞു. എല്ലാവരുടെ കണ്ണുകളും അപ്പോൾ സിദ്ധുവിന്റെ വണ്ടിയിലേക്ക് തന്നെയായിരുന്നു. ഈ സമയം ഇതൊന്നുമറിയാതെ സിദ്ധു ചാരുവിന്റെ ഫോണിലേക്ക് വിളിക്കുകയായിരുന്നു. " ഹലോ..... " " ഡീ ഞാൻ പുറത്തുണ്ട്...... നീ പെട്ടന്ന് ഇറങ്ങി വാ ഇന്ന് നമുക്ക് നിന്റെ ആഗ്രഹം പോലെ ആ തട്ടുകടയിൽ നിന്ന് ലൈവ് ആയിട്ട് ഫുഡ് കഴിക്കാം.... " അവൻ പറഞ്ഞു. " കണ്ണേട്ടനെന്താ വട്ടായോ....??? " ചാരു അമ്പരന്ന് ചോദിച്ചു. " വട്ട് നിന്റച്ഛന്..... ഇറങ്ങിവാടീ കുട്ടിത്തേവാങ്കേ..... ഇങ്ങനൊരു കെട്ടിയോനെ കിട്ടിയതിൽ സന്തോഷിക്കാനുള്ളേന് അവളുടെയൊരു സംശയം.... " അവനല്പം ഒച്ച ഉയർത്തി. " ഓഹ് അതിനിനി തുള്ളണ്ട..... ദാ വരുന്നു.... " ചാരു ഫോൺ വച്ചു. " ഇറങ്ങി വാ മോളെ..... ഇത് നീയൊരിക്കലും മറക്കാത്തൊരു വെഡിങ് ആനിവേഴ്സറിയായിരിക്കും..... " ഫോൺ കട്ട്‌ ചെയ്ത് സ്റ്റിയറിങ്ങിൽ താളം പിടിച്ചുകൊണ്ടിരുന്ന് സിദ്ധു പുഞ്ചിരിച്ചു.

" ശ്ശെടാ ഇവനെന്താ ഇറങ്ങാത്തേ.....???" സഞ്ജു അക്ഷമയോടെ ചോദിച്ചു. അതിന് പക്ഷേ ആരും മറുപടി പറഞ്ഞില്ല. എല്ലാവരും പ്രതീക്ഷയോടെ നോക്കിയിരുന്നു. പെട്ടന്നായിരുന്നു സ്മൃതിയുടെ ഗേറ്റ് തുറന്ന് ചാരു പുറത്തേക്ക് വന്നത്. അത് ആരും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരും അമ്പരന്ന് പരസ്പരം നോക്കി. ചാരു വന്ന് കാറിലേക്ക് കയറിയതും സിദ്ധു വണ്ടി മുന്നോട്ടെടുത്തു. ആ വണ്ടി അതിവേഗം കണ്ണിൽ നിന്നും മറഞ്ഞു. " അയ്യോ ദേ അവര് പോയി.... " മൃദു നരേന്ദ്രനെ നോക്കി പറഞ്ഞു. " ഇവരിതെവിടെ പോകുവാ.....???? " ചോദിച്ചത് അമൃത് ആയിരുന്നുവെങ്കിലും മറ്റുള്ളവരിലും അതെ ചോദ്യം തന്നെയായിരുന്നു അപ്പോൾ. എല്ലാ കണ്ണുകളും നരേന്ദ്രനിൽ തങ്ങി നിന്നു. " എല്ലാരും കൂടെ എന്നേ നോക്കുന്നതെന്തിനാ..... ഇതൊന്നും എന്റെ സ്ക്രിപ്റ്റിൽ ഇല്ല..... " അയാൾ വളിച്ചൊരു ചിരിയോടെ പറഞ്ഞു. " അടിപൊളി അപ്പൊ പവനായി ശവമായി..... ഇവരിനി ഫസ്റ്റ് വെഡിങ് ആനിവേഴ്സറിക്ക് ഒളിച്ചോടിയ കപ്പിൾസാകുമോ എന്തോ.... " അമൃത് പിറുപിറുത്തു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story