കാവ്യമയൂരം: ഭാഗം 61

kavyamayooram

രചന: അഭിരാമി ആമി

" അതേ ഇങ്ങനിരുന്നാൽ മതിയോ....??? പോണ്ടേ നമുക്ക്.....???? " ആഘോഷങ്ങളൊക്കെ അവസാനിപ്പിച്ച് സിദ്ധുവിന്റെ നെഞ്ചോടൊട്ടി ഇരിക്കുകയായിരുന്ന ചാരുവിന്റെ തലയിൽ പതിയെ തഴുകി അവൻ ചോദിച്ചു. " പോണോ.....??? " അവൾ കുറുകി. " പിന്നെ വേണ്ടേ.....???? " " വേണ്ട കണ്ണേട്ടാ..... എനിക്കിവിടിങ്ങനെ കണ്ണേട്ടന്റൊപ്പമിരുന്നിട്ട് കൊതി തീരണില്ല..... ഇവിടുന്നെങ്ങോട്ടും പോകാനും തോന്നുന്നില്ല. " " തണുക്കുന്നില്ലേ...... വല്ലാത്ത കാറ്റുണ്ട്..... " സിദ്ധുവിന്റെ അധരങ്ങൾ അവളുടെ കാതിൽ ഉരഞ്ഞു. അവന്റെ നിശ്വാസത്തിന്റെ ചൂടിനൊപ്പം പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതി അവളിലൂടെ കടന്നുപോയി. " എന്റെ തണുപ്പ് മാറ്റാൻ കണ്ണേട്ടനില്ലേ...??? " അവൾ കൊഞ്ചി. ആ സ്വരം വല്ലാതെ നേർത്തിരുന്നു. " മ്മ്ഹ്..... ഞാനും അതിനേക്കുറിച്ചിപ്പോ ഓർത്തതേയുള്ളൂ. നല്ല കടൽക്കാറ്റിന്റെ കുളിരും മണ്ണിന്റെ ചൂടും ഉഫ്ഫ് പൊളിക്കും..... " സിദ്ധു അവളുടെ കഴുത്തിൽ മൃദുവായ് കടിച്ചു. " ഛീ പോടാ തെമ്മാടി..... ഞാനെന്തേലും വട്ട് പറയാൻ കാത്തിരിക്കുവാ അങ്ങോട്ട് കത്തിക്കേറാൻ...... വാ പോകാം.... "

അവന്റെ കവിളിൽ പതിയെ കൊട്ടിക്കൊണ്ട്‌ അവൾ പറഞ്ഞു. " ഛേ ഇതൊരുമാതിരി വിളിച്ചുണർത്തി ചോറില്ലെന്ന് പറഞ്ഞത് പോലെ..... " " ആ തല്ക്കാലം ചോറില്ല..... ആദ്യം വീട്ടിൽ പോകാം.... വാ എണീറ്റ്.... " നിരാശയോടെ മുഖം കോട്ടി ഇരുന്നവന്റെ താടിക്ക് പിടിച്ച് വലിച്ചുകൊണ്ട് അവൾ പറഞ്ഞു. ❤️ " കണ്ണേട്ടാ..... " " മ്മ്ഹ്..... " ഡ്രൈവിങ്ങിനിടയിൽ തന്റെ തോളിലേക്ക് ചാഞ്ഞു കിടക്കുകയായിരുന്നവളിലേക്ക് ഒന്ന് പാളി നോക്കിയിട്ടായിരുന്നു സിദ്ധു മൂളിയത്. " ഫസ്റ്റ് വെഡിങ് ആനിവേഴ്സറി കൂടിയായിരുന്നത് കൊണ്ട് ചെറിയ തോതിലെങ്കിലും അതൊരു ആഘോഷമാക്കണമെന്ന് ഞാൻ കൊതിച്ചിരുന്നു. പക്ഷേ...... ഏട്ടന്റെ തിരക്കൊക്കെ കൊണ്ടാ ഞാൻ മിണ്ടാഞ്ഞത്. എന്നാലും ഒരു ചെറിയ ഫാമിലി ഫങ്ക്ഷനൊക്കെയെ എന്റെ മനസ്സിലും ഉണ്ടായിരുന്നുള്ളൂ.. പക്ഷേ..... ഇതിപ്പോ..... " " എന്താടീ പൊട്ടി.....???? " " ഈ ദിവസം ഞാനൊരിക്കലും മറക്കില്ല കണ്ണേട്ടാ...... ഇത്രയും സന്തോഷം ചിലപ്പോൾ നമ്മുടെ വിവാഹ ദിവസം പോലും ഞാൻ അനുഭവിച്ച് കാണില്ല.....

കേക്ക് മുറിയും ആളുകളുടെ ബഹളവും ഒന്നുമില്ലാതെ കുറേ സമയം.... ഈ കുറച്ചു മണിക്കൂറുകൾ ഞാനൊരിക്കലും മറക്കില്ല..... കടലിരമ്പവും ഈർപ്പം നിറഞ്ഞ കടൽക്കാറ്റിന്റെ കുളിരും എല്ലാം ചേർന്ന് ആഘോഷമാക്കിയ രാത്രി..... താങ്ക്സ് കണ്ണേട്ടാ..... ലവ് യൂ.... ഉമ്മ..... " " ലവ് യൂ ടൂ...... " സിദ്ധുവും അവളേയൊരു കൈ കൊണ്ട് ചേർത്തു പിടിച്ച് നെറുകയിൽ ചുംബിച്ചു. ❤️ അവർ സ്മൃതിയിൽ തിരികെയെത്തുമ്പോൾ ഏകദേശം വെളുപ്പിന് മൂന്നുമണി കഴിഞ്ഞിരുന്നു. ഗേറ്റിന് പുറത്ത് കാർ പാർക്ക് ചെയ്ത് അകത്തേക്ക് നടന്നുവരുമ്പോഴായിരുന്നു പോർച്ചിൽ സഞ്ജുന്റെ കാർ കിടക്കുന്നത് കണ്ടത്. മാത്രമല്ല മുൻ വാതിൽ തുറന്ന് എങ്ങും വെളിച്ചവും തെളിഞ്ഞിട്ടുണ്ടായിരുന്നു. " ദൈവമേ എന്താ ഈ നേരത്ത് എല്ലാരും ഇവിടെ......???? " പെട്ടന്ന് ഉള്ളിലൊരു ഭയം തോന്നിയ ചാരു നെഞ്ചിൽ കൈ വച്ചുകൊണ്ട് ചോദിച്ചു. " ഛേ നീ ചുമ്മാ ടെൻഷനാവല്ലേ ചാരു...... ബാ നോക്കാം..... " സിദ്ധു അവളെയും കൈ പിടിച്ചകത്തേക്ക് കയറി ചെന്നു. അവർ കയറി ചെല്ലുമ്പോൾ എല്ലാവരും ഹാളിൽ തന്നെ ഉണ്ടായിരുന്നു.

ചായയൊക്കെ കുടിച്ച് എന്തൊക്കെ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു എല്ലാവരും. " ആ വന്നല്ലോ കാണാതായ കക്ഷികൾ.... " അവരെ കണ്ടതും മൃദു പറഞ്ഞു. പെട്ടന്ന് എല്ലാവരുടെ ശ്രദ്ധയും വാതിൽക്കലേക്കായി. " നിങ്ങളെല്ലാം എന്താ ഈ നേരത്തിവിടെ....??? " " ഞങ്ങടെ കാര്യം അവിടെ നിക്കട്ടെ..... എന്റെ മക്കള് രണ്ടും ഈ നേരത്തിതിവിടെ പോയിട്ട് വരുവാ....???" ശിവപ്രസാദ് ആയിരുന്നു ചോദിച്ചത്. " അത് പിന്നെ അച്ഛാ കണ്ണേട്ടൻ...." ചാരു എല്ലാവരേം നോക്കി വിക്കി. " പറയെടാ തെമ്മാടി ഈ നിറവയറും കൊണ്ടിരിക്കുന്ന കൊച്ചിനേം കൊണ്ട് നീയെങ്ങോട്ട് പോയിട്ട് വരുവാ....??? " നരേന്ദ്രനെണീറ്റ് വന്ന് സിദ്ധുന്റെ ചെവിക്ക് പിടിച്ചു. " യ്യോ അച്ഛാ ഞാൻ വേറെങ്ങും കൊണ്ടോയില്ല.... വെഡിങ് ആനിവേഴ്സറി ആയോണ്ട് അവൾക്കൊരു സന്തോഷമായിക്കോട്ടെന്ന് കരുതി ഒന്ന് ബീച്ചിൽ കൊണ്ടുപോയതാ.... " അവൻ പറഞ്ഞത് കേട്ട് എല്ലാവരും പരസ്പരം നോക്കി. " അതുശരി ഞാൻ കരുതിയത് നിനക്ക് പാതിരാത്രി മതില് ചാട്ടം മാത്രേ ഉള്ളെന്നാ. അതുകൊണ്ടാ എല്ലാം പ്ലാൻ ചെയ്തത്.

പക്ഷേ ഇപ്പൊ മനസ്സിലായി പാതിരാത്രി വീട്ടിൽ കേറി പെൺപിള്ളേരെ അടിച്ചോണ്ട് പോകാനും നീ മിടുക്കനാ..... " നരേന്ദ്രൻ പറഞ്ഞത് കേട്ട് അവിടെയുണ്ടായിരുന്ന എല്ലാവരും ചിരിച്ചു. ചാരുവും. സിദ്ധുവാണേൽ ചമ്മി മുഖം കുനിച്ചുകളഞ്ഞു. " ഇതിലിപ്പോ പിള്ളേരെ കുറ്റം പറയാനൊന്നുമില്ല. ഇങ്ങേരുടെ വാലൊന്ന് മുറിഞ്ഞല്ലോ അത് മതി.... എന്തൊക്കെയാരുന്നു പ്ലാൻ പോലും പറയാതെ വല്യ സിഐഡി മൂസ കളിച്ചതല്ലേ.... അവസാനം പവനായി ആയി.... " അരുന്ധതി ഭർത്താവിനെ കളിയാക്കാനുള്ള അവസരം കളയാതെ പറഞ്ഞു. " അല്ല എന്ത് പ്ലാനാ അമ്മേ....??? " ചാരു പെട്ടന്ന് ചോദിച്ചു. " ഒന്നും പറയണ്ട മോളെ ഇവനെന്നും രാത്രി ഇങ്ങോട്ടൊടുന്നത് നിന്റച്ഛന് അറിയാരുന്നു പോലും. പക്ഷേ ഞങ്ങളോടൊന്നും പറഞ്ഞില്ല. ഇവന്റെ പുറകെ ഇവിടെ വന്ന് നിങ്ങക്ക് സർപ്രൈസ് തന്ന് കേക്ക് ഒക്കെ മുറിപ്പിക്കാൻ ആയിരുന്നു പ്ലാൻ..... പക്ഷേ എല്ലാം പൊളിച്ചോണ്ട് നിങ്ങള് സ്ഥലം വിട്ടില്ലേ..... " അരുന്ധതി കാര്യം പറഞ്ഞപ്പോൾ സിദ്ധുവും ചാരുവും പരസ്പരം നോക്കി പുഞ്ചിരിച്ചു.

തങ്ങളുടെ കുടുംബങ്ങളെ ഓർത്ത് അവരിരുവർക്കും വല്ലാത്ത സന്തോഷം തോന്നി. " ആഹ് പരിപാടി എന്തായാലും പൊളിഞ്ഞു.... എന്നാലും കേക്ക് കട്ട് ചെയ്യാം..... ബാ ബാ..... " അതിനിടയിൽ ഫ്രിഡ്ജിൽ നിന്നും കേക്ക് എടുത്തോണ്ട് വന്ന് ടേബിളിലേക്ക് വച്ചുകൊണ്ട് മൃദു വിളിച്ചു. നിറയെ ലവ് ചിഹ്നങ്ങളൊക്കെ കൊണ്ട് അലങ്കരിച്ച മനോഹരമായൊരു റെഡ് വെൽവെറ്റ് കേക്ക് ആയിരുന്നു അത്. അതിന്റെ മധ്യത്തിൽ ഹാപ്പി ഫസ്റ്റ് ആനിവേഴ്സറി സിദ്ധു ആൻഡ് ചാരു എന്ന് എഴുതിയിരുന്നു. എല്ലാവരുടെയും കൂടെ നിന്ന് സിദ്ധുവും ചാരുവും ഒരുമിച്ച് കേക്ക് കട്ട് ചെയ്ത് പരസ്പരം നൽകി. അമൃത് ആ സുന്ദര മുഹൂർത്തങ്ങൾ ക്യാമറയിൽ ഒപ്പിയെടുത്തു. " ആ പിന്നേ വൈകുന്നേരം ഫാമിലിയിൽ പെട്ടവരെയൊക്കെ വിളിച്ച് അവിടെ വച്ച് ചെറിയൊരു പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട്.

ഇനി പറയാതിരുന്നിട്ട് ആളുകളൊക്കെ വരുമ്പോൾ ഭാര്യേം ഭർത്താവും കൂടി മുങ്ങിയേക്കരുത്.... " കേക്ക് മുറിയൊക്കെ കഴിഞ്ഞപ്പോൾ നരേന്ദ്രൻ പറഞ്ഞു. " അപ്പോ സർപ്രൈസ് വേണ്ടേ അങ്കിൾ....??? " അമൃത് ചിരിയോടെ ചോദിച്ചു. " ഓഹ് ഇനി സർപ്രൈസ് വേണ്ട.... എനിക്ക് സർപ്രൈസ് ആവാൻ വയ്യ.... " നരേന്ദ്രൻ പൊട്ടിച്ചിരിച്ചു. ഒപ്പം മറ്റുള്ളവരും. അന്ന് പിന്നെ എല്ലാവരും അവിടെ തന്നെ തങ്ങിയിട്ട് പിറ്റേദിവസം അതിരാവിലെ ആയിരുന്നു ദേവരാഗത്തിലേക്ക് പോയത്. വൈകുന്നേരം ഫങ്ക്ഷനുള്ള അറേഞ്ച്മെന്റസ് ഒക്കെ ഉണ്ടായിരുന്നത് കൊണ്ടായിരുന്നു അത്. സിദ്ധുവും ചാരുവും അമ്പലത്തിൽ പോയിട്ട് അങ്ങോട്ട് എത്തിക്കോളാം എന്ന് പറഞ്ഞിരുന്നു. രാവിലെ മുതൽ തന്നെ തറവാട്ടിൽ നിന്നുള്ളവരും അനാമികയും ഭർത്താവും ചാരുവിന്റെ ചേച്ചി ചൈതന്യയും ഫാമിലിയും അങ്ങനെയുള്ളവരെല്ലാം എത്തിയിരുന്നു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story