കാവ്യമയൂരം: ഭാഗം 62

kavyamayooram

രചന: അഭിരാമി ആമി

 ഉച്ചയോടെയായിരുന്നു ചാരുവിനെയും കൊണ്ട് സിദ്ധു വന്നത്. അപ്പോഴേക്കും മറ്റുള്ളവരും എത്തിക്കഴിഞ്ഞിരുന്നു. " മുത്തശ്ശി....... " ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്ന കുഞ്ഞിലക്ഷ്മിയെ കണ്ടതും ചാരു സന്തോഷത്തോടെ ഓടി അവർക്കരികിലേക്ക് ചെന്നു. " പതിയെ വന്നാ മതി മോളെ...... ദേഹമൊന്നും ഒത്തിരി അനക്കരുത്..... " കുഞ്ഞിലക്ഷ്മി പേടിയോടെ പറഞ്ഞു. " എനിക്കതിന് കുഴപ്പമൊന്നുമില്ല മുത്തശ്ശി..... ഈ അമ്മേം ഏട്ടത്തിയും കൂടെ എപ്പോഴും ഇത് തന്നേ പറഞ്ഞ് എന്നെയൊരു മടിച്ചിയാക്കിന്നേയുള്ളൂ. അല്ലാതെ മുത്തശ്ശിടെ ചാരു ഓക്കേയല്ലേ...... " അവരെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വച്ചുകൊണ്ട് ചാരു പൊട്ടിച്ചിരിച്ചു. " മ്മ്ഹ് ഞങ്ങളെങ്ങനെ പുറകെ നടക്കുന്നോണ്ട് ഇത്രയുമെങ്കിലും ഇവളടങ്ങിയിരിക്കുന്നു മുത്തശ്ശി...... അല്ലേ ഇതെവിടേലും അടങ്ങിയിരുന്ന് കാണാൻ പറ്റുമോ..... " എല്ലാവർക്കുമുള്ള ജ്യൂസുമായി ഹാളിലേക്ക് വന്ന മൃദു പറഞ്ഞു. " ആഹ് അത് നേരാ അമ്മേ..... ഒരു നേരം അടങ്ങിയിരിക്കില്ല. അതും പോരാഞ്ഞിട്ട് അതിന് പറ്റിയൊരു കെട്ടിയോനേം കിട്ടിയിട്ടുണ്ട്. പാതിരാത്രിയും കറക്കവാ രണ്ടും കൂടെ..... "

അർഥം വച്ചുള്ള അരുന്ധതിയുടെ വാക്കുകൾ കൂടിയായപ്പോൾ തലേദിവസത്തെ കാര്യമാണ് അവരുദ്ദേശിച്ചതെന്ന് മനസ്സിലായ സിദ്ധുവും ചാരുവും പരസ്പരം നോക്കിയൊരു ചമ്മിയ ചിരി കൈമാറി. " നീ ചിരിക്കുവൊന്നും വേണ്ടെടാ കുരുത്തംകെട്ടവനെ..... ഞാനെല്ലാം അറിഞ്ഞു. നിന്നോടാര് പറഞ്ഞെടാ മാസം തികഞ്ഞിരിക്കുന്ന ഇവളേം കൊണ്ട് രാത്രി കറങ്ങാൻ പോകാൻ......????? " സിദ്ധുവിന്റെ ചെവിക്ക് പിടിച്ചുകൊണ്ട് കുഞ്ഞിലക്ഷ്മി ചോദിച്ചു. " ആഹ് മുത്തശ്ശി എനിക്ക് വേദനിക്കുന്നു.... വിട്...... " " വേദനിക്കട്ടെടാ..... എന്നാലേ ഇനിയും നീ ഇതുപോലത്തെ കുരുത്തക്കേടൊന്നും ചെയ്യാതിരിക്കൂ.... " " ഹൗ പൊന്നാക്കി പൊന്നാക്കിന്ന് കേട്ടിട്ടേയുള്ളൂ. ഇപ്പൊ കണ്ടു..... " അവരുടെ പിടി വിടുവിച്ച് ചെവി തടവി നോക്കിക്കൊണ്ട്‌ സിദ്ധു പറയുന്നത് കണ്ട് ചാരു വായ പൊത്തി ചിരിച്ചു. " ഹലോ മാഡം ഇവിടെ ഇങ്ങനെ ചിലരും കൂടിയുണ്ട് കേട്ടോ..... " " ചിറ്റേ..... " തിരിഞ്ഞു നോക്കാതെ തന്നെ ആ സ്വരവും ഗന്ധവും തിരിച്ചറിഞ്ഞ ചാരു ആഹ്ലാദത്തോടെ വിളിച്ചു. പിന്നെ തിരിഞ്ഞ് അനുവിനെ ഗാഡമായ് പുണർന്നു.

അവളും വാത്സല്യത്തോടെ ചാരുവിനെ ചേർത്തു പിടിച്ച് ആ കവിളിൽ ഉമ്മ വച്ചു. നാളുകൾ അനാമികയെ ഒരുപാട് മാറ്റി മറിച്ചിരുന്നു. വെള്ളസാരിയിൽ നിന്നും മാറി പട്ടുസാരിയുടുത്ത് നീളൻ മുടിയിഴകൾ ഭംഗിയായി കെട്ടിവച്ച് കണ്ണെഴുതി പൊട്ടുവച്ച് സീമന്തരേഖയിൽ സിന്ദൂരവും അണിഞ്ഞിരുന്ന അവൾ കൂടുതൽ സുന്ദരിയായിരുന്നു ഇപ്പോൾ. കണ്ണുകളിലെ സ്ഥായീ ഭാവമായിരുന്ന വിഷാദം പടിയിറങ്ങി പോയിരുന്നു. പകരം ആ മിഴികളിൽ സന്തോഷം വിളക്ക് വച്ചിരുന്നു. ചൊടികളിൽ നിറ പുഞ്ചിരി തെളിഞ്ഞിരുന്ന അവളെ ആകെ മൊത്തമൊന്ന് നോക്കിയപ്പോൾ ചാരുവിന് വല്ലാത്ത സന്തോഷം തോന്നി. " മ്മ്ഹ് ചുന്ദരിയായിട്ടുണ്ട്...... " അനാമികയുടെ കവിളിൽ നുള്ളി ചാരു പറഞ്ഞതും അവൾ നാണം കൊണ്ട് പൂത്തുലഞ്ഞു. " പോ പെണ്ണേ...... ഇപ്പോഴും കുട്ടിത്തം മാറീട്ടില്ല ഈ കുട്ടിക്ക്..... " അനു പറഞ്ഞു.

" ചെറിയച്ഛൻ വന്നില്ലേ ചിറ്റേ....???? " അവളോടുള്ള സ്നേഹപ്രകടനമൊക്കെ കഴിഞ്ഞതും പെട്ടന്ന് ജയകൃഷ്ണനെ കുറിച്ചോർത്തപ്പോൾ ചാരു ചോദിച്ചു. " ഓഹ് ഇപ്പോഴെങ്കിലും തിരക്കിയല്ലോ..... ഇവിടുണ്ടേ...... " ചിരിയോടെ പറഞ്ഞുകൊണ്ട് കുറച്ചപ്പുറം മാറി നിന്നാരോടോ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്ന ജയകൃഷ്ണനൊരു ചിരിയോടെ പറഞ്ഞു കൊണ്ടങ്ങോട്ട് വന്നു. അയാളിലും മാറ്റങ്ങളൊരുപാട് വന്നിരുന്നു. കുറ്റബോധം നിറഞ്ഞ ഭാവമൊക്കെ മാറി ആ മുഖവും സന്തോഷത്തിൽ നിറഞ്ഞിരുന്നു. മനസ്സിന്റെ സന്തോഷവും സമാധാനവും മനുഷ്യന്റെ പ്രായം കുറയ്ക്കുമെന്ന് പറയുന്നതിനെ ശെരി വയ്ക്കും പോലെ അയാൾക്കൊരു പത്ത് വയസ് കുറഞ്ഞത് പോലെയുണ്ടായിരുന്നു. ആ മാറ്റങ്ങളെല്ലാം ചാരുവിനെ പോലെ തന്നെ മറ്റുള്ളവരെയും ഒരുപാട് സന്തോഷിപ്പിക്കുന്നുണ്ടായിരുന്നു.

" ആഹ് പിന്നേ ഒരു വിശേഷം കൂടിയുണ്ട് കേട്ടോ.... ദാ ഇവിടേം ഒരാൾ വരവറിയിച്ചിട്ടുണ്ട് കേട്ടോ..... " സ്വന്തം വയറിൽ തലോടി ഒരല്പം നാണത്തോടെയായിരുന്നു അനു അത് പറഞ്ഞത്. " ഏഹ് ആണോ ചിറ്റേ...... എനിക്കൊത്തിരി സന്തോഷമായി ചിറ്റേ ഉമ്മ...... കൺഗ്രാറ്റ്സ് ചെറിയച്ഛാ..... " അവൾ പറഞ്ഞപ്പോൾ ജയകൃഷ്ണനും അനുവും മുഖം കുനിച്ചു കളഞ്ഞു. ആ വാർത്ത കൂടിയായപ്പോൾ എല്ലാവരുടെയും സന്തോഷം ഇരട്ടി മധുരം പോലെയായിരുന്നു. എല്ലാവരും കുശലം പറഞ്ഞിരിക്കുമ്പോഴായിരുന്നു മുറ്റത്ത് മറ്റൊരു കാർ വന്നുനിന്നത്. ജ്യോതിയും അവളുടെ അച്ഛനമ്മമാരും ആയിരുന്നു വന്നത്. അവരെ കണ്ടതും എല്ലാവരുടെയും മുഖം തെളിഞ്ഞെങ്കിലും അമൃതിന്റെ മാത്രം മുഖമൊന്ന് മങ്ങി. അവൻ പെട്ടന്ന് ഫോണിൽ ബിസി ആയിട്ടെന്ന പോലെ മുകളിലേക്ക് കയറിപ്പോയി. അതാണെങ്കിൽ എല്ലാവരും ശ്രദ്ധിക്കുകയും ചെയ്തു. " ആഹ് കേറി വാടോ..... " നരേന്ദ്രൻ ക്ഷണിച്ചതും അവർ മൂവരും അകത്തേക്ക് കയറി. ജ്യോതി മുത്തശ്ശിക്കും ചാരുവിനും അടുത്തേക്ക് ചെന്നു.

" സുഖാണോ മോളെ.....??? " അവളുടെ മുടിയിൽ തലോടിക്കൊണ്ട്‌ മുത്തശ്ശി ചോദിച്ചു. " ആഹ് മുത്തശ്ശി സുഖം..... " ജ്യോതി ചിരിച്ചു. പിന്നെ ചാരുവിനെ കെട്ടിപ്പിടിച്ച് പരസ്പരം വിശേഷങ്ങളൊക്കെ പറഞ്ഞു. " ഇതെന്ത് കോലമാടി..... നിനക്കിതെന്ത് പറ്റി....???? " അരികിലിരിക്കുന്ന ജ്യോതിയുടെ കോലം കണ്ട് ചാരു വിഷമത്തോടെ ചോദിച്ചു. " ഓഹ് അതൊന്നുമില്ലെടി.... ഞാനിത്തിരി വണ്ണം കുറയ്ക്കാൻ തീരുമാനിച്ചേക്കുവാ..... അതൊക്കെ പോട്ടെ നിനക്ക് സുഖാണോ.....??? കുഞ്ഞാവ നിന്നെ ചവിട്ടാറുണ്ടോഡീ....??? " ചാരുവിന്റെ വയറിൽ വാത്സല്യത്തോടെ തലോടി ജ്യോതി ചോദിച്ചു. " ഓഹ് ഇങ്ങേരുടെയല്ലേ വിത്ത് .....ചവിട്ടി മെതിക്കുവാ .... " സിദ്ധുവിനെ നോക്കി ഇരുന്നുകൊണ്ട് ചാരു ചിരിയോടെ പറഞ്ഞു. അതുകേട്ട് ജ്യോതിയും ചിരിച്ചു. വൈകുന്നേരം ഏഴുമണിക്കായിരുന്നു കേക്ക് കട്ട് ചെയ്യാൻ തീരുമാനിച്ചിരുന്നത്. അപ്പോഴേക്കും മൃദുവും ചൈതന്യയും ജ്യോതിയും അനുവും എല്ലാം ചേർന്ന് ചാരുവിനെയും അമൃതും സഞ്ജുവും ചേർന്ന് സിദ്ധുവിനെയും റെഡിയാക്കി താഴേക്ക് കൊണ്ടുവന്നു.

ചില്ലി റെഡ് കളറിലെ സാരിയായിരുന്നു ചാരുവിന്റെ വേഷം. മുടിയൊക്കെ അതിനനുസരിച്ച് കെട്ടിവച്ചിരുന്നു. അവളുടെ ഡ്രസിന് മാച്ചിംഗ് തന്നെയായിരുന്നു സിദ്ധുവിന്റെ വേഷവും. അവർ വരുമ്പോഴേക്കും മറ്റുള്ളവരെല്ലാം ചേർന്ന് ഹാളൊക്കെ ഭംഗിയായി അലങ്കരിച്ചിരുന്നു. തൂണുകളും ചുവരുകളുമെല്ലാം ചുവന്ന നിറമുള്ള ബലൂണുകൾ കൊണ്ട് അലങ്കരിച്ചിരുന്നു. സിദ്ധുവും ചാരുവും അതൊക്കെ കണ്ട് നിറഞ്ഞ മനസോടെ പരസ്പരം നോക്കി. " എല്ലാരും വന്ന സ്ഥിതിക്ക് കേക്ക് കട്ട്‌ ചെയ്യാം..... " ഹാളിന് നടുവിൽ സെറ്റ് ചെയ്ത വലിയ ടേബിളിൽ കേക്ക് കൊണ്ടുവച്ചുകൊണ്ട് മൃദുവും അമൃതും കൂടെ വിളിച്ചു പറഞ്ഞു. അത് കേട്ടതും എല്ലാവരും അങ്ങോട്ടേക്ക് നടന്നു. വെള്ള നിറത്തിലുള്ള കേക്കിൽ ചുവന്ന അക്ഷരങ്ങൾ കൊണ്ട് ഭംഗിയായി ഹാപ്പി വെഡിങ് ആനിവേഴ്സറി സിദ്ധു ആൻഡ് ചാരു എന്നെഴുതിയിരുന്നു.

" മുറിക്ക് മുറിക്ക്..... " ആ മനോഹര നിമിഷങ്ങളൊക്കെയും ക്യാമറയിൽ പകർത്താൻ റെഡിയായി നിന്നുകൊണ്ട് അമൃത് പറഞ്ഞതും സിദ്ധുവും ചാരുവും ഒരുമിച്ച് കേക്ക് കട്ട് ചെയ്ത് പരസ്പരം വായിൽ വച്ചു കൊടുത്തു. ശേഷം സിദ്ധു അവളെ ചേർത്തു പിടിച്ച് നെറുകയിൽ ചുംബിച്ചു. അത് കണ്ട് നിന്നിരുന്ന എല്ലാവരും സന്തോഷത്തോടെ കയ്യടിച്ചു. അപ്പോഴേക്കും നേരത്തെ സെറ്റ് ചെയ്ത പ്രൊജക്റ്ററിൽ കൂടി സിദ്ധുവിന്റെയും ചാരുവിന്റെയും വിവാഹ നിശ്ചയം മുതലുള്ള അവരുടെ ഫോട്ടോസൊക്കെയും ചുവരിൽ പ്രദർശിപ്പിക്കപ്പെട്ട് തുടങ്ങി. എല്ലാവർക്കും ഒപ്പം നിന്ന് അവയൊക്കെ കാണുമ്പോൾ ഇതുവരെയുള്ള തങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ നല്ലതും മോശവുമായ അവസ്ഥകളേ കുറിച്ചോർത്ത് ഒരു നേർത്ത പുഞ്ചിരിയോടെ ചാരു സിദ്ധുവിന്റെ മാറിലേക്ക് ചേർന്ന് നിന്നു. അവനും അവളെ ചേർത്തു പിടിച്ചു. അത്രമേൽ സ്നേഹത്തോടെ.... അതിലേറെ പ്രണയത്തോടെ..... 💞.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story