കാവ്യമയൂരം: ഭാഗം 63

kavyamayooram

രചന: അഭിരാമി ആമി

 കേക്ക് മുറിയൊക്കെ കഴിഞ്ഞ് ഫുഡ് കഴിക്കാൻ ഇരുന്നപ്പോഴായിരുന്നു അവിടെയൊന്നും അമൃത് ഇല്ലെന്ന കാര്യം സിദ്ധു ശ്രദ്ധിച്ചത്. " അമൃതെവിടെ ???? " ചുറ്റും പരതി നോക്കിക്കൊണ്ട്‌ സിദ്ധു ചോദിച്ചപ്പോഴായിരുന്നു മറ്റുള്ളവരും അത് ശ്രദ്ധിച്ചത്. അതുവരെ എല്ലാത്തിനും ഓടി നടന്നവൻ പെട്ടന്ന് എങ്ങോട്ട് പോയെന്നറിയാതെ എല്ലാവരും ചുറ്റും പരതി നോക്കി. " മുകളിലുണ്ടോന്ന് ഞാൻ നോക്കിട്ട് വരാം..... " അടുക്കളയിൽ നിന്നും ഭക്ഷണം പുറത്തേക്ക് എടുത്തു കൊണ്ട് വന്നു വച്ചുകൊണ്ടിരിക്കുകയായിരുന്ന മൃദു അതവിടെ വച്ചിട്ട് വേഗം മുകളിലേക്ക് പോയി. അവൾ മുകളിലെ അമൃതിന്റെ മുറിയിൽ ചെല്ലുമ്പോൾ അവൻ കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു. " ഡാ നീയെന്താ ഇവിടെ വന്നിരിക്കുന്നെ....??? അവിടെല്ലാം റെഡിയായി. കഴിക്കാൻ എല്ലാരും നിന്നെ നോക്കി നിക്കുവാ വേഗം വാ..... "

അവന്റെ തോളിൽ തൊട്ടുകൊണ്ട് മൃദു പറഞ്ഞു. " ഞാനിപ്പോ വരുന്നില്ലെടി ചേച്ചി..... നീ ചെല്ല്. എല്ലാരും കഴിക്കട്ടെ ഞാൻ പിന്നെ കഴിച്ചോളാം..... " " ഹാ നീ വരുന്നില്ലെന്ന് പറഞ്ഞാലെങ്ങനാ....??? ഇത്രേം നേരം എല്ലാത്തിനും ഓടി നടന്നിട്ട് ഈ നേരമായപ്പോ നീയിവിടെ മാറിയിരുന്നാലോ....എണീറ്റ് വാടാ ചെക്കാ എല്ലാരും നിന്നെ വെയിറ്റ് ചെയ്തിരിക്കുവാ..... " " എടീ ഞാൻ പറയുന്നത് നീയൊന്ന് കേൾക്ക്..... " " എന്തോന്ന് കേൾക്കാനാടാ....???? ഇത്രേം നേരം എല്ലാരുടേം കൂടെ നിന്നിട്ട് ഇപ്പൊ പെട്ടന്ന് നിനക്കെന്ത് നാണം വന്നോ.....???? " " അതല്ലെടി....." അവനെന്തോ പറയാൻ വന്നിട്ട് വേണോ എന്ന മട്ടിലൊന്ന് നിർത്തി അവളെ നോക്കി. " എന്താടാ..... നീ കാര്യം പറ..... " മൃദു അവന്റരികിലേക്ക് ഇരുന്നു. " എടി അതുപിന്നെ..... എനിക്ക്...... എനിക്ക് ജ്യോതിയെ ഫേസ് ചെയ്യാൻ പറ്റില്ല അതുകൊണ്ടാ ഞാനിങ്ങ് പോന്നത്. അവൾക്കും ഞാനവിടുള്ളത് ഒരു ബുദ്ധിമുട്ടായിരിക്കും.

അതുകൊണ്ട് അവരൊക്കെ കഴിക്കട്ടെ.....ഞാൻ പിന്നെ കഴിച്ചോളാം..... " അവൻ വീണ്ടും ഫോണിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. " ദേ ചെക്കാ നീയെന്റെ കയ്യിന്ന് മേടിക്കും. അവൾക്കൊരു പ്രശ്നവുമില്ല. നീ മര്യാദക്ക് എന്റെ കൂടെ വാ കഴിക്കാം..... " '' എടി ഞാൻ..... " " മിണ്ടാതെ വാടാ..... " ഒടുവിൽ വേറെ വഴിയില്ലാതെ അവൾക്കൊപ്പം ഇറങ്ങി ചെല്ലുമ്പോൾ അമൃതിന്റെ കണ്ണുകൾ എത്രയൊക്കെ തടഞ്ഞിട്ടും ജ്യോതിയെ തേടി പൊക്കൊണ്ടിരുന്നു. " നീയവിടെ എന്ത് ചെയ്യുവാരുന്നു ചെറുക്കാ.....???? താഴേക്ക് വന്ന അമൃതിനെ കണ്ടതും അരുന്ധതി ചോദിച്ചു. " ഓഹ് ഒന്നുല്ല ആന്റി ഇന്നലെ മുതലേ ഉറക്കം ശെരിയായില്ലല്ലോ.... അതുകൊണ്ടായിരിക്കും എനിക്കൊരു തലവേദന പോലെ. അതാ ഞാനൊന്ന് കണ്ണടയ്ക്കാമെന്ന് കരുതി മോളിലോട്ട് പോയത്...... " അവനൊരു ചിരിയോടെ പറഞ്ഞു.

" ആഹ് കൊള്ളാം ഇതുവരെ എത്തിച്ചിട്ട് ഒന്നും കഴിക്കാതെ കിടന്നുറങ്ങാനോ..... വല്ലോം കഴിച്ചിട്ട് ഉറങ്ങിയാ മതി.... പിന്നെ നിനക്ക് സൗകര്യം ഉള്ളപ്പോ എണീറ്റാൽ മതി. ആരും ശല്യം ചെയ്യില്ല. " അരുന്ധതി കൂട്ടിച്ചേർത്തു. അപ്പോഴേക്കും തീൻമേശയ്ക്ക് ചുറ്റും ആളുകൾ നിരന്നിരുന്നു. " വാ ഇവിടെ വന്നിരിക്ക് മോനെ.... " തന്റെ അരികിൽ ഒഴിഞ്ഞു കിടന്ന കസേരയിലേക്ക് ചൂണ്ടി കാണിച്ചുകൊണ്ട് നരേന്ദ്രൻ വിളിച്ചു. അതിന്റെ തൊട്ടരികിൽ ഇരിക്കുകയായിരുന്ന ജ്യോതിക്ക് അത് കേട്ടപ്പോൾ ഒരു വല്ലായ്മ പോലെ തോന്നിയെങ്കിലും താൻ അതൊന്നും മൈൻഡ് ചെയ്യുന്നില്ല എന്ന് മറ്റുള്ളവർക്ക് തോന്നും വിധം ഭക്ഷണം കഴിക്കുന്നതിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അവളിരുന്നു. " വന്നിരിക്ക് മോനെ.... " മുത്തശ്ശിയും നിർബന്ധിച്ചതോടെ അമൃത് ആ ചെയറിലേക്കിരുന്നു. മൃദു അവന്റെ പ്ളേറ്റിലേക്ക് ഫുഡ് വിളമ്പി. " ഓ നിർബന്ധിക്കാഞ്ഞിട്ട് നിക്കുവാരുന്നോ..... ഇതൊക്കെ അങ്കിളിനോട്‌ പറയണ്ടെടാ മോനെ.... അങ്കിള് സെറ്റാക്കി തരില്ലേ..... "

എല്ലാവരും കഴിക്കാൻ ആരംഭിക്കുമ്പോൾ ആയിരുന്നു പെട്ടന്ന് ജ്യോതിയെയും ഒന്ന് പാളി നോക്കി അർഥഗർഭമായ് അമൃതിനോടത് പറഞ്ഞത്. അത് കേട്ട് അവരിരുവരെയും നോക്കി മറ്റുള്ളവരും പൊട്ടിച്ചിരിച്ചു. " അത് നേരാ അങ്കിളേ.... ജോതിടടുത്ത് ഇരിക്കാൻ വേണ്ടിയുള്ള അവന്റെ അടവല്ലേ ഇതൊക്കെ..... " വേറാരൊ കൂടിയൊരു കമന്റ് പാസാക്കിയതോടെ ചിരി ഉച്ചത്തിലായി. പെട്ടന്ന് അസ്വസ്ഥതയോടെ എല്ലാവരെയുമൊന്ന് നോക്കിയ ജ്യോതി കഴിപ്പ് മതിയാക്കി എണീറ്റു. അതോടെ സ്വിച്ച് ഇട്ടത് പോലെ എല്ലാവരുടെയും ചിരി നിന്നു. അമ്പരന്ന് നോക്കി ഇരിക്കുന്ന ആരെയും ശ്രദ്ധിക്കാതെ തിരിഞ്ഞു പോകാൻ തുടങ്ങിയ അവളുടെ കയ്യിൽ പിടിച്ചു നിർത്തിക്കൊണ്ട്‌ അമൃത് പെട്ടന്ന് വിളിച്ചു. " ജ്യോതി.... സോറി...... എനിക്ക് തന്നോടുള്ള ഇഷ്ടം അറിയാവുന്നത് കൊണ്ട് ആ സന്തോഷത്തിൽ അവർക്ക് പറ്റിപ്പോയൊരു തെറ്റിന്റെ പേരിൽ താനിപ്പോ ഇവിടുന്ന് പോയാൽ അതെല്ലാവർക്കും വിഷമമാകും. തന്റെ പ്രശ്നം ഞാനല്ലേ..... അതുകൊണ്ട് ഞാൻ മാറി തരാം. ഇതൊക്കെ പ്രതീക്ഷിച്ചിരുന്നത് കൊണ്ടാ ഞാനിവിടേക്ക് വരാതിരുന്നത്.

പക്ഷേ എല്ലാവരും നിർബന്ധിച്ചപ്പോൾ..... ഞാൻ വരാൻ പാടില്ലായിരുന്നു..... സോറി..... താൻ കഴിച്ചോ..... " പറഞ്ഞിട്ട് അവൻ കൈ പ്ളേറ്റിലേക്ക് തന്നെ ഒന്ന് കുടഞ്ഞിട്ട് പുറത്തേക്ക് പോയി. അതുവരെ സന്തോഷം നിറഞ്ഞ് നിന്ന എല്ലാ മുഖങ്ങളും ഒരു നിമിഷം കൊണ്ട് വേദനയിൽ ചുളിഞ്ഞു. നരേന്ദ്രനാണെങ്കിൽ എന്തോ വലിയ അപരാധം ചെയ്തത് പോലെ തല കുനിച്ചു. " സോറി മോളെ.... ഞാൻ.... എനിക്കൊരു തെറ്റ് പറ്റിപ്പോയി. പക്ഷേ.... അത്...... അവന് നിന്നോടുള്ള ഇഷ്ടം അറിയാവുന്നത് കൊണ്ട്..... നിങ്ങൾ ഒരുമിച്ച് ജീവിക്കുന്നത് കാണാനുള്ള കൊതി കൊണ്ടാ എനിക്കങ്ങനെയൊരു തെറ്റ് പറ്റിപ്പോയത്. ഇങ്ങനെയൊക്കെ പതിയെ പതിയെ നിങ്ങൾ തമ്മിലൊരു അടുപ്പം ഉണ്ടാകുമെന്ന് മണ്ടനായ ഞാൻ വിചാരിച്ചു.... പക്ഷേ മോൾക്ക് അവനോട് ഇത്രയേറെ വെറുപ്പുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. അല്ലേലും അരുന്ധതി പറയും പോലെ ബിസിനസ് നടത്തുന്ന കാര്യത്തിലല്ലാതെ ബാക്കി എല്ലാത്തിലും ഞാനൊരു പൊട്ടനാ..... ആളുകളേ മനസിലാക്കാനൊന്നും പണ്ടേ അങ്കിളിനറിയില്ല മോള് ക്ഷമിക്ക്....."

നനവൂറിയ കണ്ണുകൾ വിരലുകൾ കൊണ്ടൊപ്പി നരേന്ദ്രനും കഴിപ്പ് മതിയാക്കി എണീറ്റു. " നരേട്ടാ..... " " വേണ്ടെടോ..... സാരമില്ല താൻ പിള്ളേർക്ക് ഭക്ഷണം കൊടുക്ക്.... " വിഷമത്തോടെ വിളിച്ച അരുന്ധതിയുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചിട്ട് അയാളും അമൃത് പോയ പുറകെ പോയി. ജ്യോതിയാണെങ്കിൽ ഭൂമി പിളർന്ന് താഴേക്ക് പോയാൽ മതിയെന്ന അവസ്ഥയിൽ ആയിരുന്നു. ചുറ്റുപാടും നോക്കുമ്പോൾ ആരും അവളെ നോക്കുന്നുണ്ടായിരുന്നില്ല. എല്ലാവരും വേദനയോടെ ഇരിക്കുകയായിരുന്നു. മൃദുവും ചാരുവും കരച്ചിലടക്കാൻ പാട് പെടുകയായിരുന്നു. അതിനൊരു കാരണവും ഉണ്ടായിരുന്നു. അമൃത് മൃദുവിന്റെ ആങ്ങള ആയിരുന്നെങ്കിലും ചാരുവും അവനും തമ്മിലുള്ള ബോണ്ട്‌ കണ്ടാൽ പലപ്പോഴും ഒരമ്മയുടെ വയറ്റിൽ പിറന്നത് അവർ രണ്ടുമാണോ എന്ന് പോലും തോന്നിപോകുമായിരുന്നു. അതുകൊണ്ട് തന്നെ അമൃതിനൊരു വിഷമം വന്നാൽ അതൊരുപക്ഷെ മൃദുവിനെകാട്ടിലും ചാരുവിനെ നോവിക്കുമായിരുന്നു. " എത്ര സന്തോഷത്തോടെ തുടങ്ങിയ ഒരു ദിവസമായിരുന്നു.....

അലപ്പും ബഹളവും സന്തോഷവും. എന്നിട്ടിപ്പോ മരണവീട് പോലെയായി അവസാനം....." രാത്രി എല്ലാ ജോലികളും കഴിഞ്ഞ് മുറിയിലേക്ക് വരുമ്പോൾ ആലോചനയിൽ മുഴുകിയിരുന്നിരുന്ന നരേന്ദ്രനെ നോക്കി അരുന്ധതി പറഞ്ഞു. " സോറിഡോ..... ഞാൻ...... " " എന്താ നരേട്ടാ ഇത്..... നിങ്ങളെന്താ വിചാരിച്ചതെന്ന് എനിക്കറിയാം. പക്ഷേ നമുക്ക് പിഴച്ചുപോയി..... " " അതേടോ..... ജ്യോതിയുടെ മനസൊരിക്കലും മാറില്ല. അതുകൊണ്ട് ഇനിയും ഇതൊക്കെ ഓർത്ത് വിഷമിച്ച് കഴിയാൻ അമൃതിനെ വിടരുത്. അവനെ പറഞ്ഞു മനസിലാക്കണം. അവനും ഒരു ജീവിതം വേണം. എത്രയും വേഗം അവനൊരു വിവാഹം ആലോചിക്കണം. എന്തൊക്കെ പറഞ്ഞാലും നമുക്ക് അമൃതിനോളം വരില്ല ജ്യോതി. എന്നിട്ടും എല്ലാം അറിഞ്ഞവളെ ചേർത്തു പിടിക്കാൻ നമ്മൾ ശ്രമിച്ചു. പക്ഷേ അവൾക്കതിന് സമ്മതമല്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റും. ഇനിയും അതിന്റെ പേരും പറഞ്ഞ് നമ്മുടെ ചെറുക്കന്റെ ജീവിതം കളയാൻ പറ്റില്ല " ഉറച്ച സ്വരത്തിൽ നരേന്ദ്രൻ പറഞ്ഞു. അത് ശെരി വയ്ക്കും പോലെ അരുന്ധതിയും തല കുലുക്കി. 💞.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story