കാവ്യമയൂരം: ഭാഗം 64

kavyamayooram

രചന: അഭിരാമി ആമി

 പിറ്റേദിവസം രാവിലെ ആയപ്പോഴേക്കും ദേവരാഗത്തിൽ ഉണ്ടായിരുന്നവരെല്ലാം മടങ്ങിപ്പോയിരുന്നു. ജ്യോതിയും അവളുടെ അച്ഛനമ്മമാരും മാത്രമായിരുന്നു പിന്നീട് ബാക്കിയായത്. അവരും ഉച്ചയോടെ പോകാനായിരുന്നു പ്ലാൻ. രാവിലെ ബ്രേക്ക് ഫാസ്റ്റൊക്കെ കഴിഞ്ഞ് അമൃത് തനിയെ ഹാളിലെ സോഫയിൽ ഇരിക്കുമ്പോൾ ആയിരുന്നു അരുന്ധതിയും നരേന്ദ്രനും കൂടി അങ്ങോട്ട് വന്നത്. അവരെ കണ്ടതും അവൻ പെട്ടന്ന് കയ്യിലിരുന്ന ഫോൺ മാറ്റിവച്ച് അവരെ നോക്കി ചിരിച്ചു. " മോളെ മൃദുലേ....." അവന്റെ അരികിലേക്ക് ഇരുന്നുകൊണ്ട് നരേന്ദ്രൻ വിളിച്ചു. അടുക്കളയിൽ നിന്ന് ഉച്ചക്കത്തേക്കുള്ള പച്ചക്കറി നുറുക്കിക്കൊണ്ട്‌ നിൽക്കുകയായിരുന്ന മൃദു പെട്ടന്ന് അതവിടെ വച്ച് കൈ കഴുകി ഹാളിലേക്ക് വന്നു. " എന്താ അച്ഛാ....??? " " മോള് ചെന്ന് സഞ്ജുനേം കണ്ണന്റെ മുറിയിൽ ചെന്ന് അവനേം ചാരു മോളേം കൂടിയൊന്ന് കൂട്ടിക്കോണ്ട് വാ..." " മ്മ്ഹ്..... " മറുത്തൊന്നും പറയാതെ മൃദുല പെട്ടന്ന് മുകളിലേക്ക് കയറിപ്പോയി. അവൾ ചെല്ലുമ്പോൾ തങ്ങളുടെ മുറിയിലിരുന്ന് ലാപ്പിൽ എന്തോ ജോലി ചെയ്തോണ്ടിരിക്കുകയായിരുന്നു സഞ്ജു.

" സഞ്ജുവേട്ടാ..... " " എന്താടീ.....??? " " അച്ഛൻ വിളിക്കുന്നു താഴേക്ക് ചെല്ലാൻ.....??? " " ഓഹ് എന്താ കാര്യം.... എനിക്കിച്ചിരി ജോലിയുണ്ട്..... " അവൻ മുഷിപ്പോടെ പറഞ്ഞു. " ആഹ് അതൊന്നും എനിക്കറിയില്ല നിങ്ങളേം എല്ലാം വിളിക്കാൻ പറഞ്ഞുവിട്ടതാ എന്നെ.... " അവൾ പറഞ്ഞത് കേട്ട് അവൻ ആലോചനയിലാണ്ടു. '' എല്ലാരേം വിളിക്കാൻ പറയണമെങ്കിൽ കാര്യം നിസാരമല്ലല്ലോ..... നീ വാ..... " അവൻ പെട്ടന്ന് ലാപ്ടോപ് അടച്ചുവച്ച് ബെഡിൽ നിന്നും എണീറ്റ് ഒരു ടീ ഷർട്ട് എടുത്തിട്ടു. " നിങ്ങള് താഴോട്ട് പൊക്കോ..... ഞാൻ സിദ്ധുനേം ചാരുനേം കൂടി വിളിച്ചിട്ട് വരാം.... " " മ്മ്ഹ്..... " സഞ്ജുവൊന്ന് മൂളിയിട്ട് താഴേക്ക് പോയി. അവൻ ചെല്ലുമ്പോൾ എന്തോ ആലോചിച്ചിരിക്കുകയായിരുന്നു നരേന്ദ്രൻ. അവന്റെ അരികിൽ തന്നെ അമൃതും അരുന്ധതിയും ഉണ്ടായിരുന്നു. " എന്താ അച്ഛാ എല്ലാരോടും വരാൻ പറഞ്ഞത്....??? " " ആഹ് നീ ഇരിക്ക് അവരും കൂടി വരട്ടേ. എനിക്ക് നിങ്ങളോടെല്ലാരോടും കൂടി പ്രധാനപ്പെട്ടൊരു കാര്യം പറയാനുണ്ട്. " അയാൾ ഗൗരവം വിടാതെ തന്നെ പറഞ്ഞു. " നന്നായിട്ട് തടവ് കണ്ണേട്ടാ..... "

ബെഡിലിരുന്ന് തന്റെ കാല് തടവിക്കോണ്ടിരിക്കുകയായിരുന്ന സിദ്ധുനെ നോക്കി ചാരു ചിണുങ്ങി. " ഓഹ് പിന്നെ.... നേരം കുറേ ആയില്ലേ.... മനുഷ്യന്റെ കൈ പോയി. നിനക്ക് നല്ല സുഖമുണ്ടല്ലോ. " സിദ്ധു കയ്യുടെ കുഴ സ്വന്തമായി തടവിക്കൊണ്ട്‌ പറഞ്ഞു. " കാല് കഴച്ചിട്ടല്ലേ കണ്ണേട്ടാ.... " ചാരു ദയനീയമായി പറഞ്ഞു. " ഉവ്വുവ്വേ..... എന്റെ മോളൊന്ന് വന്നോട്ടെ അപ്പൊ നിന്നെ ഞാൻ കാണിച്ചു തരാം.... " പറഞ്ഞിട്ട് സിദ്ധു വീണ്ടും അവളുടെ കാൽ മസാജ് ചെയ്തു കൊണ്ടിരുന്നു. അപ്പോഴായിരുന്നു മൃദു അങ്ങോട്ട് വന്നത്. " ആഹാ നിനക്കിപ്പോ ഇതാണോ സിദ്ധു ജോലി...." അകത്തേക്ക് വന്നതും മൃദു ചിരിച്ചുകൊണ്ട് ചോദിച്ചു. " എന്ത് ചെയ്യാനാ ഏട്ടത്തി.... കിട്ടിയ അവസരം മാക്സിമം മുതലാക്കുവല്ലേ ഈ പെരുങ്കള്ളി....." സിദ്ധു ചിരിയോടെ പറഞ്ഞു. " ആഹ് നിങ്ങളേ രണ്ടാളേം അച്ഛൻ താഴോട്ട് വിളിക്കുന്നു. " " എന്താ ഏട്ടത്തി കാര്യം.... " സിദ്ധു പുരികം ചുളിച്ചുകൊണ്ട് ചോദിച്ചു. അപ്പൊ ചാരുവിന്റെ മുഖത്തും അതേ സംശയം തന്നെയായിരുന്നു ഉണ്ടായിരുന്നത്. " ആവോ അറിയില്ല.... എല്ലാരോടും കൂടി എന്തോ പറയാനുണ്ടെന്ന് പറഞ്ഞു. വേഗം വാ..... "

പറഞ്ഞിട്ട് മൃദുല പുറത്തേക്ക് നടന്നു. പിന്നാലെ തന്നെ സിദ്ധുവും ചാരുവും. " എന്താ അച്ഛാ.....???? " ഹാളിലേക്ക് വന്നിരിക്കുമ്പോൾ സിദ്ധു ചോദിച്ചു. " മോളെ മൃദു ജ്യോതിയും കൃഷ്ണകുമാറും ശ്രീജയുമൊക്കെ എവിടെ.....??? " സിദ്ധുവിന് മറുപടി കൊടുക്കാതെ നരേന്ദ്രൻ ചോദിച്ചു. " മുകളിൽ ഉണ്ടച്ഛാ..... " " മ്മ്ഹ്..... എനിക്ക് നിങ്ങളോട് എല്ലാരോടുമായി ഒരു കാര്യം പറയാനുണ്ട്. " നരേന്ദ്രൻ പറഞ്ഞു തുടങ്ങുമ്പോൾ അതെല്ലാം കേട്ടുകൊണ്ട് തൊട്ടുമുകളിൽ രണ്ട് പേർ കൂടി നിന്നിരുന്നു. കൃഷ്ണകുമാറും ശ്രീജയും. " എന്താ അച്ഛാ....??? " " ഇവനേ ഇനിയും ഇങ്ങനെ വിട്ടാൽ മതിയോ....??? " അമൃതിനെ ചൂണ്ടിയായിരുന്നു അയാളുടെ ചോദ്യം. " എല്ലാം അറിഞ്ഞിട്ടും ഇവന് ജ്യോതിയെ മതിയെന്ന് പറഞ്ഞപ്പോൾ നമ്മളെല്ലാം ഇവനേ സപ്പോർട്ട് ചെയ്തു. ഇവന്റെ സന്തോഷത്തിന് വേണ്ടി എന്തിനും ഇവിടെ എല്ലാരും ഒരുക്കമായിരുന്നു. പക്ഷേ..... പക്ഷേ എല്ലാത്തിനും ഒരു പരിധിയില്ലേ.... ഇതുവരെയുള്ള കാര്യങ്ങളുടെ കിടപ്പ് വച്ച് ഇനിയും എത്രയൊക്കെ ശ്രമിച്ചാലും ജ്യോതി വൈശാഖിനെ മറന്ന് ഇവനേ സ്നേഹിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

പിന്നെ എന്നുമിങ്ങനെ അവളേ ഓർത്തിരുന്നാ മതിയോ....??? ഇവനൊരു ജീവിതം വേണ്ടേ....??? എത്രയും വേഗം ഇവന്റെ വിവാഹം നടത്തണമെന്ന് പറയാനാ ഞാൻ എല്ലാരേം ഇങ്ങോട്ട് വിളിച്ചത്. " നരേന്ദ്രൻ പറഞ്ഞു നിർത്തി. അപ്പോഴും മുഖം കുനിച്ചിരിക്കുകയായിരുന്നു അമൃത്. " നരേട്ടന്റെ അഭിപ്രായം തന്നെയാണ് എനിക്കും. മൃദു എന്ത് പറയുന്നു.....??? " തന്റെ അഭിപ്രായം പറഞ്ഞിട്ട് മരുമകളോടായി അരുന്ധതി ചോദിച്ചു. " എനിക്കും അത് തന്നെയാണ് അമ്മേ പറയാനുള്ളത്. എന്നും കിട്ടാത്തതിന്റെ പുറകെ നടന്ന് ഇവനിങ്ങനെ വേദനിക്കുന്നത് കാണാൻ എനിക്ക് വയ്യ.... ഇവനും ഒരു ജീവിതമായി കണ്ടാലേ എനിക്ക് സമാധാനമാകൂ..... " മൃദുലയും കൂട്ടിച്ചേർത്തു. " അമൃത് കേട്ടല്ലോ എല്ലാരുടേം അഭിപ്രായം..... " " കേട്ടങ്കിൾ..... " " മോനെ നീയെന്നേ അങ്കിളെന്നു വിളിക്കുന്നെങ്കിലും നിന്നെയും എന്റെ മോനായി തന്നെയാ ഞാൻ കാണുന്നെ....

മൃദു എന്റെ മരുമകളല്ല മകൾ തന്നെയാ..... അപ്പൊ നീയെന്റെ മകനുമാ. അതുകൊണ്ട് നിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാനുള്ള അവകാശം ഈ അച്ഛനുണ്ടെന്ന് തന്നെയാ എന്റെ വിശ്വാസം..... അതുകൊണ്ട് ഇനിയും നീയിങ്ങനെ നടക്കാത്ത കാര്യം മോഹിച്ച് വിഷമിച്ചിരിക്കാൻ പറ്റില്ല. മറ്റൊരു വിവാഹത്തിന് നീ സമ്മതിച്ചേ പറ്റൂ.... ഞാൻ ബ്രോക്കറോഡ് വരാൻ പറഞ്ഞിട്ടുണ്ട്. ഒരു പുതിയ ജീവിതത്തിലേക്ക് നീ പോണം...... " നരേന്ദ്രൻ പറഞ്ഞതു മുഴുവൻ കേട്ടിരിക്കുമ്പോൾ അമൃതിന്റെയും മൃദുലയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. " അങ്കിൾ ഞാൻ..... " " തടസ്സം പറയരുത് മോനെ.... നിനക്ക് വേണ്ടിയാ ഞങ്ങളീ പറയുന്നത്. " എന്തോ പറയാനാഞ്ഞ അമൃതിനെ തടഞ്ഞു കൊണ്ട് അരുന്ധതിയും പറഞ്ഞു. " ഇല്ലാന്റി ഞാൻ ഇനിയും ഒരു തടസ്സവും പറയുന്നില്ല. എന്റെ ജീവിതത്തിന്റെ കാര്യത്തിൽ എന്ത് തീരുമാനവും എടുക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്. എനിക്ക് ദോഷം വരുന്നതൊന്നും നിങ്ങൾ കണ്ടുപിടിക്കില്ലെന്ന് എനിക്ക് നന്നായിട്ടറിയാം അതുകൊണ്ട് ഇനിയെല്ലാം ഞാൻ നിങ്ങൾക്ക് വിട്ടുതരുവാ.....

അങ്കിള് പറഞ്ഞാ മതി ഞാനെന്താ വേണ്ടതെന്ന്....." അത്രയും പറഞ്ഞപ്പോഴേക്കും കണ്ണുകൾ നിറഞ്ഞ അവൻ പെട്ടന്ന് എണീറ്റ് തന്റെ മുറിയിലേക്ക് പോയി. ഈ സംസാരമെല്ലാം കേട്ട് മുകളിൽ നിൽക്കുകയായിരുന്ന കൃഷ്ണകുമാറിന്റെയും ശ്രീജയുടെ മുഖം വല്ലാതെ വാടിയിരുന്നു അപ്പോൾ. കാരണം ജീവിതത്തിൽ അടിപതറിപ്പോയ തങ്ങളുടെ മകൾക്ക് അമൃതിനെക്കാളും നല്ലൊരു പയ്യനെ ഇനിയും കിട്ടാനില്ലെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ആ ഭാഗ്യം മകൾ കാരണം തന്നെ നഷ്ടമായത് അവരെ നന്നേ ദുഖിപ്പിച്ചിരുന്നു. പക്ഷേ ജ്യോതിയെ നിർബന്ധിക്കാൻ അവർക്കും കഴിയുമായിരുന്നില്ല. " പോട്ടെടോ ..... നമുക്കും നമ്മുടെ മോൾക്കും വിധിച്ചിട്ടില്ല എന്ന് കരുതിയാൽ മതി. " കൃഷ്ണകുമാർ ഭാര്യയെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. 💞.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story