കാവ്യമയൂരം: ഭാഗം 65

kavyamayooram

രചന: അഭിരാമി ആമി

 രണ്ട് മാസങ്ങൾക്ക് ശേഷമൊരു പ്രഭാതം. ദേവരാഗമാകെ ഒരു ആഘോഷത്തിന്റെ മൂഡിലായിരുന്നു. എല്ലായിടവും പൂക്കളും ബലൂണുകളും ഒക്കെ കൊണ്ട് അലങ്കരിച്ചിരുന്നു. വീട് നിറയെ ആളും ബഹളവും നിറഞ്ഞിരുന്നു. മുറ്റത്ത് ഉണ്ടായിരുന്ന കാറുകളൊക്കെ അലങ്കരിച്ച് യാത്രക്ക് റെഡിയാക്കി ഇട്ടിരുന്നു. അതിൽ ഏറ്റവും മുന്നിൽ കിടന്ന കാറിൽ അമൃത് വെഡ്സ് ആര്യ എന്ന് ഭംഗിയായി എഴുതിയിരുന്നു. അതേ ഇന്നാണ് അമൃതിന്റെ വിവാഹം. പെണ്ണ് മാത്രം ചെറുതായി ഒന്ന് മാറിയിട്ടുണ്ട്. നരേന്ദ്രൻ ഏർപ്പാടാക്കിയ ബ്രോക്കർ കൊണ്ടുവന്ന ആലോചനയായിരുന്നു ആര്യയുടേത്. പെണ്ണ് കാണാൻ പോയതും വിവാഹം നിശ്ചയിച്ചതും എല്ലാം വളരെ വേഗത്തിൽ ആയിരുന്നു. രണ്ട് മാസത്തിനുള്ളിൽ വിവാഹം നടത്തണം എന്നതും തീരുമാനമായത് കൊണ്ട് തല്ക്കാലം അതു കഴിഞ്ഞു മതി സഞ്ജുവിന്റെയും മൃദുവിന്റെയും അമേരിക്കൻ യാത്ര എന്ന് അവർ തീരുമാനിച്ചിരുന്നു. ആര്യയുടെ ഫാമിലിയൊക്കെ ഒറ്റപ്പാലത്തായിരുന്നു. അച്ഛനമ്മമാരുടെ ഏക മകൾ.

തൃശൂർ മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റാണ്. ആദ്യം വല്യ താല്പര്യമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പതിയെ പതിയെ അമൃതും ആര്യയെ ഇഷ്ടപ്പെട്ട് തുടങ്ങിയിരുന്നു. അങ്ങനെ എല്ലാം വളരെ വേഗം തീരുമാനിച്ചുറപ്പിച്ച ആ വിവാഹമാണ് ഇന്ന്. അതുകൊണ്ട് ദേവരാഗം മുഴുവൻ ഉത്സവലഹരിയിലാണ്. മൃദുവും ചാരുവുമൊക്കെ തങ്ങൾക്കൊരു നാത്തൂൻ വരുന്ന സന്തോഷത്തിലാണ്. " റെഡിയായില്ലേ എല്ലാരും.... വേഗം ഇറങ്ങാൻ നോക്ക്.... സമയം പോണു..... ഒൻപത് മണിക്കാ സ്വീകരണം. " ഉമ്മറത്തു നിന്നും നരേന്ദ്രൻ വിളിച്ചു ചോദിച്ചു. " ദാ വരുന്നു നരേട്ടാ..... ചെറുക്കൻ എല്ലാർക്കും ദക്ഷിണ കൊടുക്കണ്ടേ നിങ്ങളിങ്ങനെ ഇരുന്ന് ബഹളം കൂട്ടിയാൽ.... " ഒരുങ്ങിയിറങ്ങി പുറത്തേക്ക് വന്ന അരുന്ധതി ദേഷ്യപ്പെട്ടു. " ഇതൊക്കെ നേരത്തെ തുടങ്ങിക്കൂടെ.... നേരം പോണു..... " " നേരമൊന്നും പോവില്ല ഇപ്പൊ ഇറങ്ങാം..... " " ഇറങ്ങിയാൽ മതി..... ചാരു മോളെന്തിയെ.....???? " " കണ്ണൻ അവളേം കൊണ്ട് നേരത്തെ ഇറങ്ങി. മോൾക്ക് ഇന്നലെ മുതൽ നല്ല ക്ഷീണമുണ്ട്.

അതുകൊണ്ട് പതിയെ പോകാല്ലോ എന്ന് വിചാരിച്ച് ഞാനാ പറഞ്ഞേ അവരോട് നേരത്തെ പോകാൻ..... " സാരിയുടെ പ്ലീറ്റ് നേരെയാക്കിക്കൊണ്ട്‌ അരുന്ധതി പറഞ്ഞു. " മ്മ്ഹ് അതേതായാലും നന്നായി. തീരെ വയ്യെടോ മോൾക്ക്.....???? " പുരികം ചുളിച്ച് ചോദിക്കുമ്പോൾ നരേന്ദ്രന്റെ മുഖത്ത് ആശങ്ക നിറഞ്ഞിരുന്നു. " ഓ ഒന്നുല്ല ക്ഷീണം കൊണ്ടാ..... പിന്നെ ഡേറ്റൊക്കെ അടുത്തിരിക്കല്ലേ.... " " എന്നാപ്പിന്നെ അവളെ കൊണ്ട് പോകണ്ടാരുന്നു..... " അയാൾ ആകുലപ്പെട്ടു. " ഞാൻ പറയാഞ്ഞിട്ടാണോ ..... ആര് കേൾക്കാൻ....??? കല്യാണം കാണണമെന്ന് വാശി പെണ്ണിന്. പിന്നെന്ത്‌ ചെയ്യാൻ പറ്റും.... " അരുന്ധതി കൈ മലർത്തിക്കൊണ്ട് പറഞ്ഞു. അപ്പോഴേക്കും ദക്ഷിണ കൊടുപ്പൊക്കെ കഴിഞ്ഞ് അമൃതും മറ്റുള്ളവരും പുറത്തേക്ക് വന്നു. ഗോൾഡൻ കളറിലുള്ള കുർത്തിയും കസവുമുണ്ടും ആയിരുന്നു അമൃതിന്റെ വേഷം. ഡ്രിം ചെയ്ത താടിയും മുടിയും നെറ്റിയിലെ ചന്ദനക്കുറിയും അവനെ കൂടുതൽ സുന്ദരനാക്കിയിരുന്നു. " അച്ഛാ..... " അവൻ വന്ന് നരേന്ദ്രനെ കെട്ടിപ്പിടിച്ചു. " നന്നായി വാ മോനെ..... "

അവനെ ചേർത്ത് പിടിച്ച് അനുഗ്രഹിക്കുമ്പോൾ നരേന്ദ്രന്റെ കണ്ണുകൾ നനഞ്ഞിരുന്നു. " കഴിഞ്ഞല്ലോ ഇനി ഇറങ്ങാം..... എല്ലാരും വണ്ടിയിൽ കയറ്..... " തോളിൽ കിടന്ന നേര്യത് കൊണ്ട് കണ്ണുകൾ ഒപ്പി നരേന്ദ്രൻ ധൃതി കൂട്ടി. " ഈ അച്ഛന്റെയൊരു കാര്യം..... " പിറുപിറുത്തുകൊണ്ട് സഞ്ജു അമൃതിനെയും കൂട്ടി കാറിനരികിലേക്ക് പോയി. പിന്നാലെ തന്നെ മറ്റുള്ളവരും വണ്ടികളിൽ കയറി. അവർ ഓഡിറ്റോറിയത്തിൽ എത്തിയപ്പോഴേക്കും അവിടുത്തെ ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. കൃത്യം ഒൻപത് മണിക്ക് തന്നെ വരനെ സ്വീകരിച്ചു. മുഹൂർത്തം പത്തിനും പത്ത് പതിനഞ്ചിനും ഇടയ്ക്കായത് കൊണ്ട് അതിനിടയിൽ ഫോട്ടോഷൂട്ടും മറ്റുമൊക്കെ മുറപോലെ നടന്നു. ഈ സമയമൊക്കെ ഒരു സൈഡിലായി സിദ്ധുവിന്റെ തോളിൽ ചാരിക്കിടന്ന് എല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു ചാരു.

അവർക്കരികിൽ തന്നെ ജ്യോതിയും ഉണ്ടായിരുന്നു. അവൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നുന്നുണ്ടായിരുന്നില്ല അപ്പോഴും.. കാരണം സ്വന്തം തെറ്റുകൊണ്ട് സ്വന്തം ജീവിതം നശിപ്പിച്ച തന്നെപ്പോലൊരു പെണ്ണല്ല അമൃതിന് വേണ്ടതെന്ന ഉറച്ച വിശ്വാസത്തിൽ തന്നെയായിരുന്നു അവളപ്പോഴും. " വയ്യായ്ക വല്ലതും തോന്നുന്നുണ്ടോ ചാരു..... " ഇടയ്ക്കിടെ ചാരുവിന്റെ തളർന്ന മുഖത്തേക്ക് നോക്കി സിദ്ധു ചോദിച്ചു. '' ഇല്ല കണ്ണേട്ടാ..... എനിക്കൊരു കുഴപ്പവുമില്ല. കണ്ണേട്ടൻ പേടിക്കണ്ട. " അവൾ വാടിയൊരു പുഞ്ചിരിയോടെ പറഞ്ഞു. പത്ത് മണി കഴിഞ്ഞപ്പോൾ അമൃതിനെ മണ്ഡപത്തിലേക്ക് കൊണ്ടുചെന്നിരുത്തി. പിന്നാലെ തന്നെ താലപ്പൊലിയുടെ അകമ്പടിയോടെ ആര്യയേയും കൊണ്ടുവന്നു. റോയൽ ബ്ലൂ കളറിലുള്ള കാഞ്ചിപുരം സാരിയിൽ അവൾ കൂടുതൽ സുന്ദരിയായിരുന്നു. മിതമായ മേക്കപ്പും ട്രെഡിഷണൽ ഓർണമെന്റ്സുമണിഞ്ഞ് മണ്ഡപത്തിലേക്ക് വന്ന ആര്യയേ കണ്ട് അമൃതവളേ നോക്കി മനോഹരമായി പുഞ്ചിരിച്ചു. " ഇനി വരനും വധുവും ചേർന്ന് മാതാപിതാക്കൾക്ക് ദക്ഷിണ കൊടുത്തോളു.... "

തിരുമേനി പറഞ്ഞതും അമൃതും ആര്യയും ചേർന്ന് നരേന്ദ്രനും അരുന്ധതിക്കും ആര്യയുടെ മാതാപിതാക്കളായ ഗോപാലകൃഷ്ണനും ചിത്രയ്ക്കും ദക്ഷിണ കൊടുത്തു. ശേഷം മറ്റുചടങ്ങുകൾക്ക് ശേഷം പൂജിച്ച താലി നരേന്ദ്രൻ അമൃതിന്റെ കയ്യിലേക്ക് കൊടുത്തു. കൊട്ടും കുരവയുമായി അവനാ ആലില താലി ആര്യയുടെ കഴുത്തിൽ ചാർത്തി. ഒരുനുള്ള് സിന്ദൂരത്താൽ ആ പെണ്ണിന്റെ സീമന്തരേഖ ചുവന്നു. ആ മംഗളകർമം കണ്ടിരിക്കുമ്പോൾ ഒരു നിമിഷം അവന്റെ വാമഭാഗത്ത് ആര്യക്ക് പകരം തന്റെ മകളായിരുന്നെങ്കിലെന്ന് മോഹിക്കാതിരിക്കുവാൻ കഴിയുമായിരുന്നില്ല ജ്യോതിയുടെ അമ്മ ശ്രീജയ്ക്ക്. ആ ചിന്തയിൽ അവരുടെ മിഴികളിൽ നിന്നും ഒരിറ്റ് മിഴിനീർ കവിളിലേക്ക് ഒഴുകിയിറങ്ങി. ചടങ്ങുകളൊക്കെ കഴിഞ്ഞ് ദേവരാഗത്തിലേക്ക് ആദ്യം പോയത് സിദ്ധുവും ചാരുവും ആയിരുന്നു. ഗ്രഹപ്രവേശന സമയത്ത് വധൂവരന്മാരെ സ്വീകരിക്കേണ്ടത് കൊണ്ട് അരുന്ധതിയും അവർക്കൊപ്ലം പോന്നിരുന്നു. അവർ വീട്ടിലെത്തി ഗ്രഹപ്രവേശനത്തിനുള്ള കാര്യങ്ങളൊക്കെ ഒരുക്കിയപ്പോഴേക്കും വധൂവരന്മാരും മറ്റുള്ളവരും എത്തിയിരുന്നു.

കാറിൽ നിന്നും അമൃതിന്റെ കൈ പിടിച്ചിറങ്ങിയ ആര്യ കൗതുകത്തോടെ ആ വീടും പരിസരവുമാകെ നോക്കി. അപ്പോഴേക്കും ആരതിയും നിലവിളക്കുമായി അരുന്ധതിയും മൃദുലയും വന്നു. അമൃതിനെയും ആര്യയേയും ചേർത്തു നിർത്തി മൃദുല ആരതിയൂഴിഞ്ഞു. അവരിരുവരുടെയും നെറ്റിയിൽ ഭസ്മക്കുറിയണിയിച്ചു. അപ്പോഴേക്കും അഞ്ച് തിരിയിട്ട് കത്തിച്ച നിലവിളക്ക് ആര്യക്ക് നേരെ നീട്ടിയിരുന്നു അരുന്ധതി. " വലതുകാല് വച്ച് സന്തോഷമായിട്ട് കേറി വാ മോളെ...... " അവർ നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞതും ആര്യ കുനിഞ്ഞ് അവരുടെ കാലിൽ തൊട്ടുതൊഴുത് വിളക്ക് കയ്യിൽ വാങ്ങി അകത്തേക്ക് നടന്നു. പെട്ടന്നായിരുന്നു സിദ്ധുവിനൊപ്പം ഒരു സൈഡിൽ നിൽക്കുകയായിരുന്ന ചാരുവിൽ നിന്നുമൊരു തേങ്ങൽ ഉയർന്നത്. " ആഹ്.... അമ്മേ..... കണ്ണേട്ടാ.... "

" മോളെ ചാരു..... " എല്ലാവരും ഭയത്തോടെ അവൾക്ക് ചുറ്റും ഓടിക്കൂടി. അവൾ വീണുപോകാതിരിക്കാൻ സിദ്ധുവിന്റെ കൈകൾ . അവളെ താങ്ങിപ്പിടിച്ചു. " പെട്ടന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാം പെയിൻ തുടങ്ങിന്നാ തോന്നുന്നേ.... " ആരോ പറഞ്ഞതും സിദ്ധു അവളെ കോരിയെടുത്ത് പുറത്തേക്ക് ഓടിയിരുന്നു. പിന്നാലെ തന്നെ സഞ്ജുവും അരുന്ധതിയും ചാരുവിന്റെ വീട്ടുകാരും എല്ലാം പോയി. ആര്യയുടെ കാര്യങ്ങൾ നോക്കാൻ മൃദുവിനെ ഏൽപ്പിച്ചിട്ടായിരുന്നു അരുന്ധതി പോയത്. അവർ ഹോസ്പിറ്റലിൽ എത്തിയ പാടെ ചാരുവിനെ ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റി. 💞.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story