കാവ്യമയൂരം: ഭാഗം 66 || അവസാനിച്ചു

kavyamayooram

രചന: അഭിരാമി ആമി

 "  ചാരുശ്രീയുടെ  ആരാ  ഉള്ളത്.....???  " ഓപ്പറേഷൻ  തിയേറ്ററിന്  പുറത്തേക്ക്  വന്ന  നേഴ്‌സ്  വിളിച്ചു  ചോദിച്ചതും  സിദ്ധു  ഓടി  അവരുടെ  അരികിലേക്ക്  ചെന്നു. "  സിസ്റ്റർ..... " "  ഹസ്ബെന്റാണോ  സാർ.....???  " "  അതേ  സിസ്റ്റർ..... " "  ഈ  പേപ്പേഴ്സിൽ  ഒന്ന്  സൈൻ  ചെയ്യണം.  നോർമൽ  ഡെലിവറി  ബുദ്ധിമുട്ടാണ്.  ഇനി  വെയിറ്റ്  ചെയ്യാൻ  പറ്റില്ല.  പെട്ടന്ന്  സിസേറിയൻ  ചെയ്തേ  പറ്റു....." അവർ  പറഞ്ഞത്  കേട്ട്  എല്ലാവരുടെയും  കണ്ണുകൾ  നിറഞ്ഞു.  സിദ്ധു  യാന്ത്രികമായി  അവർ  കാണിച്ചിടത്തൊക്കെ  ഒപ്പിട്ട്  കൊടുത്തു. "  സിസ്റ്റർ  ചാരുന്  കുഴപ്പമൊന്നും  വരില്ലല്ലോ  അല്ലേ...... " അകത്തേക്ക്  കയറാൻ  തുടങ്ങിയവരെ  തടഞ്ഞു  കൊണ്ട്  അവൻ  വീണ്ടും  ചോദിച്ചു. "  നോ  സാർ  പേടിക്കാൻ  ഒന്നുമില്ല.  ഇവിടുത്തെ  സീനിയർ  ഡോക്ടറായ  സഹസ്രനാമം  സാറാണ്  മാഡത്തെ  അറ്റൻഡ്  ചെയ്തേക്കുന്നത്.  അതുകൊണ്ട്  ഒന്നുകൊണ്ടും  പേടിക്കണ്ട  ധൈര്യമായിരിക്ക്..... " പറഞ്ഞിട്ട്  അവർ  അകത്തേക്ക്  പോയി. സിദ്ധു  വീണ്ടും  കസേരയിൽ  വന്നിരുന്നു.  ചാരുവിനെ  കുറിച്ചോർത്ത്  ഓരോ  നിമിഷവും  അവൻ  നീറിയൊടുങ്ങിക്കൊണ്ടിരുന്നു.  

സമയം  കടന്ന്  പൊയ്ക്കൊണ്ടേയിരുന്നു.  അപ്പോഴേക്കും  ആര്യയേയും  മൃദുലയെയും  കൂട്ടി  അമൃതും  ഹോസ്പിറ്റലിൽ  എത്തിയിരുന്നു.  ആര്യ  വേഷമൊക്കെ  മാറ്റി  ഒരു  ചുരിദാർ  ആക്കിയിരുന്നു  ഇപ്പൊ  വേഷം. "  മോളെന്തിനാ  ഇപ്പൊ  ഇങ്ങോട്ട്  വന്നത്.....??? ഇന്നലെ  മുതലേയുള്ള  ക്ഷീണമില്ലേ  ഒന്ന്  കിടന്നുറങ്ങികൂടായിരുന്നോ..... " അവരെ  കണ്ടതും  അരുന്ധതി  ചോദിച്ചു. "  എനിക്കൊരു  ക്ഷീണവുമില്ലമ്മേ.... അല്ലേ  തന്നെ  ഉറക്കമൊഴിയുന്നതൊക്കെ  എന്റെ  ജോലിയുടെ  ഭാഗമല്ലേ.  അതുകൊണ്ട്  ഇപ്പൊ  ഇതൊക്കെയൊരു  ശീലമായി. ചാരു  ചേച്ചിക്കിപ്പോ  എങ്ങനെയുണ്ട്.....????  " "  സിസേറിയൻ  വേണം  മോളെ..... അകത്തേക്ക്  കൊണ്ടുപോയിട്ട്  കുറേ  സമയം  കഴിഞ്ഞു.  ഇതുവരെ  ഒന്നുമറിഞ്ഞില്ല.  " സീത  വേവലാതിയോടെ  പറഞ്ഞു. "  അമ്മ  വിഷമിക്കണ്ട....  ഒന്നും  സംഭവിക്കില്ല.  " അവൾ  അവരെയെല്ലാം  സമാധാനിപ്പിച്ചു. പെട്ടന്നായിരുന്നു  ഓപ്പറേഷൻ  തീയേറ്ററിന്റെ  വാതിൽ  തുറന്നത്. "  ചാരുശ്രീ..... " ആ  വിളി  കേട്ടതും  എല്ലാവരും  അവർക്കരികിലേക്ക്  ഓടി.

"  പെൺകുഞ്ഞാട്ടോ..... " സിദ്ധുവിന്റെ  കയ്യിലേക്ക്  ആ  കുരുന്നിനെ  വച്ചു  കൊടുക്കുമ്പോൾ  ആ  സ്ത്രീ  പുഞ്ചിരിയോടെ  പറഞ്ഞു. "  ചാരുശ്രീക്ക്  കുഴപ്പമൊന്നുമില്ല  കേട്ടോ..... ബോധം  വന്നാലുടൻ  വാർഡിലേക്ക്  മാറ്റും.  അപ്പൊ  കേറി  കാണാം. ഇപ്പൊ  മയക്കത്തിലാ..... " പുഞ്ചിരിയോടെ  പറഞ്ഞിട്ട്  അവരകത്തേക്ക്  തന്നെ  പോകുമ്പോൾ  അവിടെയുണ്ടായിരുന്നവരുടെ  മുഴുവൻ  കണ്ണുകളും  ടവ്വലിൽ  പൊതിഞ്ഞ  ആ  കുഞ്ഞ്  ജീവനിൽ  ആയിരുന്നു.  റോസാപ്പൂവിന്റെ  നിറത്തിൽ  കണ്ണുകൾ  പൂട്ടിയുറങ്ങുന്ന  ആ  കുഞ്ഞികുറുമ്പിയെ  നോക്കി  നിൽക്കുമ്പോൾ  സിദ്ധുവിന്റെ  കണ്ണുകൾ  നിറഞ്ഞിരുന്നു.  ഇന്നലെ  വരെ  ചാരുവിന്റെ  വയറ്റിൽ  കിടന്നിരുന്നത് ,  താൻ  ചുംബിച്ചിരുന്നത്  ഈ  പൊന്നുംകുടത്തെയാണെന്ന്  വിശ്വസിക്കാൻ  കഴിയുന്നുണ്ടായിരുന്നില്ല  അവന്. എല്ലാത്തിലുമുപരി  തന്റെ  പൊട്ടിപ്പെണ്ണ്  ഇന്നൊരു  അമ്മയാണ്.... താൻ  അച്ഛനും..... 💕 ഇന്നലകളിൽ  നിന്നും  തികച്ചും  വ്യത്യസ്തമായ  മറ്റൊരു  തലത്തിലേക്ക്  തങ്ങളെ  എത്തിച്ച  തങ്ങളുടെ  പ്രാണനെയാണ്  ഈ  നെഞ്ചോട്  ചേർത്ത്  പിടിച്ചിരിക്കുന്നതെന്ന്  അവന്  വിശ്വസിക്കാൻ  പോലും  കഴിഞ്ഞില്ല. അഞ്ചു  ദിവസങ്ങൾ  കഴിഞ്ഞപ്പോൾ  ചാരുവിനെ  ഡിസ്ചാർജ്  ചെയ്ത്  കുഞ്ഞുമായി  അവർ  വീട്ടിലേക്ക്  പോയി.  

ദേവരാഗത്തിൽ  മതിയെന്ന്  സിദ്ധു  പറഞ്ഞെങ്കിലും  സ്മൃതിയിലേക്ക്  തന്നെയാണ്  അവളെയും  കുഞ്ഞിനേയും  കൊണ്ടുപോയത്. ദിവസങ്ങൾ  ഓടി  മറയവേ  പ്രസവരക്ഷയൊക്കെ  മുറപോലെ  നടന്നു.  സിദ്ധുന്റെയും  ചാരുവിന്റെയും  കുഞ്ഞി  കണ്മണിയിൽ  ഓരോ  ദിവസവും  മാറ്റങ്ങൾ  വന്നുകൊണ്ടിരുന്നു.  അവൾ  മിടുക്കിയാണ്. 💕 ഇന്ന്  കുഞ്ഞിമണി  ഉണ്ടായിട്ട്  ഇരുപത്തിയെഴാം  ദിവസമാണ്.  ഇന്നാണ്  അവളുടെ  നൂല്  കെട്ട്.  അതുമാത്രമല്ല  ഇന്നത്തെ  ദിവസത്തിന്  മറ്റൊരു  പ്രത്യേകത  കൂടിയുണ്ട്.  ഇന്നാണ്  സഞ്ജുവും  മൃദുവും  പലപ്പോഴായി  മാറ്റിവച്ച  ആ  യാത്ര.... അവരുടെ  ജീവിതത്തിലെ  വസന്തത്തെ  വരവേൽക്കാനായി  അവർ  അമേരിക്കയിലേക്ക്  പറക്കുകയാണ്  ഇന്ന്  രാത്രി.  അവരും  നേടട്ടെ  അവരുടെ  പുണ്യത്തെ 💕 നൂലുകെട്ടിന്  അടുത്ത  ബന്ധുക്കൾ  മാത്രേ  ഉണ്ടായിരുന്നുള്ളൂ.  ദേവരാഗത്തിലുള്ളവരും  തറവാട്ടിലും  ആര്യയുടെ  വീട്ടിലുള്ളവരും  മറ്റുമൊക്കെ. രാവിലെ  ഒൻപതിനും  ഒൻപത്  നാൽപതിനും  ഇടയിലുള്ള  ശുഭമുഹൂർത്തമായിരുന്നു  തിരഞ്ഞെടുത്തിരുന്നത്. സമയമായപ്പോഴേക്കും  മൃദുവും  ആര്യയും  ചേർന്ന്  കുഞ്ഞിമണിയെയും  ചാരുവിനെയും  ഒരുക്കി  ഹാളിലേക്ക്  കൊണ്ടുവന്നു.  സിദ്ധുവും  അപ്പോഴേക്ക്  റെഡിയായി  വന്നിരുന്നു.  

"  ഇനി  അച്ഛനമ്മമാർ  ഒന്നിച്ചിരുന്ന്  ചടങ്ങുകൾ  തുടങ്ങാം..... " അത്  കേട്ടതും  സിദ്ധുവും  കുഞ്ഞിമണിയേ  മടിയിൽ  വച്ച്  ചാരുവും  ഇരുന്നു.  എല്ലാവരും  ചുറ്റും  കൂടി  നിൽക്കെ  നരേന്ദ്രൻ  കൊടുത്ത  പൊന്നരഞ്ഞാണം  സിദ്ധു  കുഞ്ഞിന്റെ  അരയിൽ  കെട്ടിക്കൊടുത്തു. "  ഇനി  പേര്  വിളിക്കാം.... ഈ  വെറ്റില  വച്ച്  ഇടതുചെവി  മൂടി  വലതു  ചെവിയിൽ  മൂന്ന്  തവണ  പേര്  വിളിച്ചോളൂ..... " ചാരുവിൽ  നിന്നും  കുഞ്ഞിനെ  വാങ്ങി  സിദ്ധുവാദ്യം  അതുപോലെ  കുഞ്ഞിന്റെ  ചെവിയിൽ  പേര്  ചൊല്ലി  വിളിച്ചു.  "  ശ്രീ  പാർവണ....... " അടുത്തത്  ചാരുവിന്റെ  ഊഴമായിരുന്നു.. വീട്ടിൽ  വിളിക്കാനുള്ള  ഒരു  പേര്  കൂടി  കുഞ്ഞിമണിക്ക്  വേണമെന്നത്  അവളുടെ  ആഗ്രഹമായിരുന്നു.  ആ  ആഗ്രഹത്തിലേക്ക്  അവൾ  മോളെ  വാങ്ങി  ചേർത്തു  പിടിച്ചു.  പിന്നെ  ആ  ചെവിയിൽ  പതിയെ  വിളിച്ചു.. "  കല്യാണി...... " ചടങ്ങുകളൊക്കെ  കഴിഞ്ഞ്  സദ്യയും  കഴിഞ്ഞ്  വൈകുന്നേരത്തോടെ  എല്ലാവരും  പിരിഞ്ഞു.  രാത്രി  എട്ടുമണിക്കായിരുന്നു  സഞ്ജുവിനും  മൃദുലയ്ക്കും  പോകാനുള്ള  ഫ്ലൈറ്റ്.

 അതുകൊണ്ട്  തന്നെ  അഞ്ച്  മണിയോടെ  സിദ്ധുവും  അമൃതും  ചേർന്നവരെ  എയർപോർട്ടിൽ  കൊണ്ടുചെന്നാക്കി... കൃത്യം  എട്ടുമണിക്ക്  ആ  ഫ്ലൈറ്റ്  അവരുടെ  തലയ്ക്ക്  മുകളിലൂടെ  ഒരു  വലിയ  പക്ഷിയെപ്പോലെ  പറന്നകന്നു. 💞 ഇന്നിപ്പോൾ  ഒരു  വർഷമാകുന്നു  സഞ്ജുവും  മൃദുവും  പോയിട്ട്.  കല്യാണിമോൾടെ  ഒന്നാം  പിറന്നാൾ  കഴിഞ്ഞു.  ആര്യയും  അമൃതും  തൃശ്ശൂരൊരു  ഫ്ലാറ്റ്  വാങ്ങി  സെറ്റിലായി.  അത്  മാത്രമല്ല  അവരുടെ  വിശേഷം.  ആര്യയും  ഇപ്പൊ  ഒരമ്മയവാനുള്ള  തയാറെടുപ്പിലാണ്.  ഇപ്പൊ  മൂന്ന്  മാസം  കഴിഞ്ഞു. സിദ്ധുവും  ചാരുവും  ദേവരാഗത്തിൽ  തന്നെയായിരുന്നു.  അച്ഛനമ്മമാർക്ക്  കല്യാണിയേ  പിരിയാൻ  വയ്യെന്ന  ഒറ്റക്കാരണം  കൊണ്ട്  അവരിതുവരെ  ഒരു  അണുകുടുംബം  സെറ്റപ്പിലേക്ക്  ചിന്തിച്ചു  തുടങ്ങിയിട്ടില്ല  എന്നതാകും  ശെരി.  ചാരു  ഇടയ്ക്കിടെ  കുഞ്ഞിനേം  കൊണ്ട്  സ്മൃതിയിലും  പിന്നെ  ദേവരാഗത്തിലുമായി  ഓടി  നടക്കുകയാണ്.  കല്യാണി  മിടുക്കിയായി  കഴിഞ്ഞു.  രണ്ട്  വീട്ടിലും  ഇടയ്ക്കൊക്കെ  തറവാട്ടിലുമായി  അവളങ്ങനെ  രാജകുമാരിയായി  വളർന്നു. അതിനിടയിൽ  അനാമികയും  ഒരു  ആൺകുഞ്ഞിന്  ജന്മം  നൽകിയിരുന്നു.  അവരും  അങ്ങനെ  അവരുടേതായ  സന്തോഷത്തിലാണ്.  

നരേന്ദ്രനിപ്പോ  പൂർണമായും  ബിസിനസൊക്കെ  ഉപേക്ഷിച്ച്  മുഴുവൻ  സമയവും  കല്യാണിക്കൊപ്പമാണ്.  അരുന്ധതിയുടെ  ദിവസങ്ങളും  വ്യത്യസ്തമല്ല.  പിന്നെ  ജ്യോതി  ഇപ്പോഴും  ഒറ്റയ്ക്ക്  തന്നെയാണ്.  അവളിപ്പോ  വൈശാഖ്  വളർന്ന  അനാഥാലയത്തിലേ  കുഞ്ഞുങ്ങൾക്ക്  വേണ്ടി  ജീവിക്കുകയാണ്.  ഒരുപക്ഷേ  ആ  പെണ്ണിന്റെ  ഉള്ളിലിപ്പോഴും  എത്ര  ദുഷ്ടനാണെങ്കിൽ  പോലും  അവൻ  ജീവിച്ചിരിക്കുന്നുണ്ടാകാം.  ആ  അനാഥാലയയത്തിന്റെ  ചുവരുകൾക്കുള്ളിലെവിടെയോ  അവനുണ്ടെന്ന  വിശ്വാസത്തിലാകാം  അവളവിടെ  മതി  ബാക്കി  ജീവിതമെന്ന്  തീരുമാനിച്ചത്. 💞 എയർപോർട്ടിൽ  സഞ്ജുവിനെയും  മൃദുവിനെയും  റിസീവ്  ചെയ്യാൻ  വന്നതായിരുന്നു  ദേവരാഗത്തിൽ  എല്ലാവരും. ഫ്ലൈറ്റ്  ലാൻഡ്  ചെയ്‌തെന്ന  അനൗൺസ്‌മെന്റ്  കേട്ടപ്പോൾ  മുതൽ  അക്ഷമയോടെ  അകത്തേക്ക്  നോക്കി  നിൽക്കുകയായിരുന്നു  എല്ലാ  കണ്ണുകളും.  "  ദേ  മൃദു  ചേച്ചി..... " ചാരു  വിളിച്ചു  പറഞ്ഞതും  എല്ലാവരും  അങ്ങോട്ട്  നോക്കി. സഞ്ജുവിന്റെ  കയ്യിൽ  പിടിച്ച്  ബദ്ധപ്പെട്ട്  നടന്നു  വരുന്ന  മൃദുല.  

അവളുടെ  വീർത്തുന്തിയ  വയറും  വീങ്ങിയ  മുഖവുമൊക്കെ  ചേർന്ന്  ആളെ  അറിയാത്ത  വിധമാക്കിയിരുന്നു.  തങ്ങളെ  കാത്തുനിൽക്കുന്നവരെ  കണ്ടതും  അവരിരുവരുടെയും  മുഖങ്ങൾ  സന്തോഷം  കൊണ്ട്  തെളിഞ്ഞു.  "  അമ്മേ..... " മൃദു  ഓടിവന്ന്  അരുന്ധതിയേ  കെട്ടിപ്പിടിച്ചു. "  കുഴപ്പമെന്തെങ്കിലുമുണ്ടോ  മോളെ....???" യാത്ര  ചെയ്തു  വന്നതിന്റെ  ആകുലതയോടെ  അരുന്ധതി  ചോദിച്ചു. "  ഇല്ലമ്മേ.... ഒരു  കുഴപ്പവുമില്ല.  അടുത്ത  മാസമല്ലേ  ഡേറ്റ്  പറഞ്ഞേക്കുന്നെ..... " അവൾ  പുഞ്ചിരിച്ചു.  പിന്നെ  എല്ലാരേം  നോക്കി.  അവസാനം  ആ  കണ്ണുകൾ  കല്യാണിയിൽ  ചെന്നവസാനിച്ചു. "  വാടാ  കണ്ണാ.... എത്ര  നാളായി  വല്യമ്മ  എന്റെ  പൊന്നിനെ  ഒന്നെടുത്തിട്ട്.... " അവളോടിച്ചെന്ന്  ചാരുവിൽ  നിന്നും  കല്യാണി  മോളെ  വാങ്ങി.  എന്നും  വീഡിയോ  കോളിൽ  കാണുന്നത്  കൊണ്ടുതന്നെ  മോൾക്കും  അവളൊട്ടും  അപരിചിതയായിരുന്നില്ല.  അവൾ  മൃദുവിന്റെ  കഴുത്തടിയിലേക്ക്  മുഖം  പൂഴ്ത്തി. അപ്പോഴേക്കും  സഞ്ജുവും  സിദ്ധുവും  ചേർന്ന്  ലഗ്ഗേജൊക്കെ  കാറിൽ  കയറ്റിയിരുന്നു. പിന്നാലെ  തന്നെ  എല്ലാവരും  കയറി  കാർ  ദേവരാഗത്തിലേക്ക്  ഓടിത്തുടങ്ങി. അവരുടെ  ജീവിതത്തിലെ  മറ്റൊരു  അധ്യായത്തിലേക്ക്.   അവസാനിച്ചു.

ഒന്നും  അവസാനിക്കുന്നില്ല.  അവരുടെ  യാത്രയിനിയും  തുടരും.  ഇനിയും  വരാനിരിക്കുന്ന  വസന്തങ്ങളും . അവരോട്  ചേരും.  പക്ഷേ  നമ്മുടെ  യാത്ര  ഇവിടം  കൊണ്ടവസാനിക്കുകയാണ്.  ഒരവസാനം  എന്ന്  പറയാൻ  സത്യമായിട്ടും  വിഷമമുണ്ട്.  അത്രമേൽ  ഞാൻ  ഹൃദയം  കൊണ്ടെഴുതി  തുടങ്ങിയ  കഥയാണ്  ഇത്.  സിദ്ധുവും  ചാരുവും  സഞ്ജുവും  മൃദുവും  എല്ലാം  എന്നോടൊപ്പമുള്ളത്  പോലെ  തന്നെയായിരുന്നു  ഇതുവരെ. പക്ഷേ  ഇപ്പൊ  എനിക്കവരോടൊപ്പമുള്ള  യാത്ര  അവസാനിപ്പിച്ചേ  മതിയാകൂ.  നിങ്ങളോ  ഞാനോ  പ്രതീക്ഷിച്ചത്  പോലെയൊന്നും  ആയിട്ടില്ല  എന്നറിയാം.  പക്ഷേ  ഇപ്പൊ  ഇങ്ങനെ  നിർത്തുന്നു.  എന്റെ  ചാരുവിനേയും  സിദ്ധുവിനെയും  നെഞ്ചിലേറ്റിയ  എല്ലാവർക്കും  ഒത്തിരി ഒത്തിരി  സ്നേഹം... ഒത്തിരി ഒത്തിരി  നന്ദി. 💞💞💞💞

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story