കാവ്യമയൂരം: ഭാഗം 7

kavyamayooram

രചന: അഭിരാമി ആമി

" ഈ പെണ്ണിത് വരെ എണീറ്റില്ലേ.... ചാരു..... ഡീ..... ചാരു..... " ആറുമണി കഴിഞ്ഞിട്ടും പുതപ്പിനുള്ളിൽ ചുരുണ്ടുകൂടിയിരുന്ന ചരുവിന്റെ പുറത്ത് തട്ടിക്കൊണ്ട് സീത വിളിച്ചു. " എന്താമ്മേ ഇത്ര രാവിലെ.... കുറച്ചൂടെ ഉറങ്ങട്ടെ....പ്ലീസ്.... " " ദേ പെണ്ണേ ചിണുങ്ങാതങ്ങോട്ടെണീക്ക് എല്ലാവരും റെഡിയായിക്കഴിഞ്ഞു.... വേഗം ചെന്ന് കുളിക്കാൻ നോക്ക്... " സീത പറയുന്നത് കേട്ടപ്പോഴാണ് തങ്ങൾ തറവാട്ടിലാണെന്നും കല്യാണത്തിന് . വന്നിരിക്കയാണെന്നുമൊക്കെ അവളോർത്തത്. അതോർമയിൽ വന്നതും അവൾ ചാടിപ്പിടഞ്ഞെണീറ്റു. " വേഗം ചെന്ന് കുളിക്ക്.... ഞാൻ താഴോട്ട് പോവാ.... വേഗം റെഡിയായി വാ.... " പറഞ്ഞിട്ട് സീത ധൃതിയിൽ പുറത്തേക്ക് പോയി. ചാരു കുളിക്കാനായി ബാത്‌റൂമിലേക്കും. കുറച്ചുസമയത്തിനുള്ളിൽ അവൾ റെഡിയായി താഴേക്ക് വരുമ്പോഴേക്കും കല്യാണപ്പെണ്ണിനെയും കൊണ്ട് ക്ഷേത്രത്തിലേക്ക് പോകാൻ ഇറങ്ങുകയായിരുന്നു ചെറുപ്പക്കാർ കുറേപ്പേർ ചേർന്ന്. " ആഹ് നീയിതുവരെ എവിടെയായിരുന്നു ചാരു..... "

പോകാൻ റെഡിയായി നിൽക്കുന്നവരുടെ അരികിലേക്ക് ചെന്ന ചാരുവിനെ കണ്ട് മൃദുല ചോദിക്കുന്നത് കേട്ടാണ് ആരോടോ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്ന സിദ്ധു തിരിഞ്ഞങ്ങോട്ട്‌ നോക്കിയത്. അപ്പോഴേക്കും ചാരു നടന്നവന്റെ തൊട്ട്പിന്നിലെത്തിയിരുന്നു. വാടാമുല്ല നിറത്തിലുള്ള ഒരു ദാവണിയായിരുന്നു അവളുടെ വേഷം.... ആ നിറമവൾക്ക് നന്നേ ഇണങ്ങിയിരുന്നു. ഒരുനിമിഷം അവളിൽ നിന്നും കണ്ണെടുക്കാതെ നോക്കി നിന്നുപോയവൻ. അതിനിടയിൽ അവൾ നടന്നടുത്ത് വന്നതോ അവന്റെ നോട്ടം കണ്ടൂറിച്ചിരിച്ചതുമൊന്നും അവൻ കണ്ടില്ല. " അല്ല ചേച്ചി പൂവെച്ചില്ലേ ??? " ചാരുവിന്റെ തലയിലേക്ക് നോക്കിക്കൊണ്ട് കല്യാണപ്പെണ്ണായ വേണി ചോദിച്ചപ്പോഴാണ് മറ്റുള്ളവരുമത് ശ്രദ്ധിച്ചത്. സിദ്ധുവും അത് തന്നെയായിരുന്നു അപ്പോൾ നോക്കിയിരുന്നത്. എങ്കിലും അവനത് ശ്രദ്ധിക്കാത്തത് പോലെ നിന്നു. " അയ്യോ പൂവെല്ലാം തീർന്നല്ലോ നീ വിഷമിക്കണ്ട ഞാൻ പെട്ടന്ന് സഞ്ജുവേട്ടനെക്കൊണ്ട് വാങ്ങിപ്പിക്കാം..."

" അതൊന്നും വേണ്ട ചേച്ചി... അല്ലെങ്കിലും എനിക്കീ പൂവിനോടത്ര താല്പര്യമൊന്നുമില്ല. " ധൃതിയിൽ പുറത്തേക്കോടാൻ പോയ അവളെ പിടിച്ചു നിർത്തിക്കൊണ്ട് ചാരു പറഞ്ഞു. പക്ഷേ എന്നിട്ടും മൃദുല ആകെ വിഷമത്തിൽ തന്നെയായിരുന്നു. " അല്ലെങ്കിലും ഈ പൂവൊക്കെ പെണ്ണുങ്ങൾക്കേ ചേരു ഏട്ടത്തി... " അവളെയൊന്ന് ദേഷ്യം പിടിപ്പിക്കാനായി സിദ്ധു മനഃപൂർവമായിരുന്നു അങ്ങനെ പറഞ്ഞത്. അത് കൃത്യമായി കുറിക്ക് കൊണ്ടത് പോലെ ചാരുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. " മതിമതി ഇനി ഇതിന്റെ പേരിൽ രണ്ടുംകൂടിയൊരു ഗുസ്തി വേണ്ട...." രംഗം ശാന്തമാക്കാനായി മൃദുല പറഞ്ഞു. എങ്കിലും അപ്പോഴും തമ്മിൽ തമ്മിൽ നോക്കി ദാഹിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു സിദ്ധുവും ചാരുവും. " ഇനി ലേറ്റാവണ്ട എല്ലാരും വണ്ടിലേക്ക് കയറ് സമയം പോണു... " സിദ്ധു പറഞ്ഞതും പിന്നീടൊന്നും ആലോചിക്കാതെ എല്ലാവരും കാറിലേക്ക് കയറി. സിദ്ധുവും സഞ്ജുവും വേണിയും ചാരുവും മൃദുലയും കൂടി ഒരു കാറിലും മറ്റുള്ളവർ വേറൊരു കാറിലുമായിരുന്നു കയറിയത്.

എല്ലാവരും കയറിയുടൻ തറവാടിന്റെ വലിയ ഗേറ്റ് കടന്ന് ഇരുകാറുകളും പുറത്തേക്ക് പോയി.. പത്തുമിനിട്ടിനുള്ളിൽ അവർ ക്ഷേത്രത്തിലെത്തി. എല്ലാവരും ഒരുമിച്ച് അകത്തേക്ക് പോയി. നടക്കുന്നതിനിടയിലൊക്കെയും ഇടയ്ക്കിടെ സിദ്ധുവിന്റെ കണ്ണുകൾ ചാരുവിലേക്കെത്തി നോക്കിയിരുന്നു. അവൾ പക്ഷേ അതൊന്നുമറിയാതെ കൈകൾ കൂപ്പി നാമം ജപിച്ചുകൊണ്ടായിരുന്നു നടപ്പ്. ( ഈ ചുണ്ടെലിയിതെന്തുവായിരിക്കും പിറുപിറുക്കുന്നത് ??? ) സിദ്ധു. കുറച്ചുസമയത്തിനുള്ളിൽ തൊഴലൊക്കെ കഴിഞ്ഞ് പ്രസാദവും വാങ്ങി എല്ലാവരും ക്ഷേത്രത്തിന് പുറത്തേക്കിറങ്ങി. തിരികെപ്പോകാനായി കാറിനരികിലേക്ക് നടക്കുന്നതിനിടയിലാണ് ക്ഷേത്രമുറ്റത്തിരുന്ന് ഓരോരുത്തർക്ക് നേരെയും കെട്ടിയ പൂമാലകൾ നീട്ടി വിളിച്ചുപറഞ്ഞുകൊണ്ട് പൂ വിൽക്കുന്ന ഒരു വൃദ്ധയായ സ്ത്രീയെ സിദ്ധു കണ്ടത്. മറ്റുള്ളവർ ശ്രദ്ധിക്കുന്നില്ല എന്നുറപ്പ് വരുത്തി അവൻ പതിയെ അവരുടെ അരികിലേക്ക് നീങ്ങി. "

സിദ്ധു എവിടെപ്പോയി ??? " കാറിനരികിലെത്തിയപ്പോൾ അവനൊപ്പമില്ലെന്ന് കണ്ടപ്പോൾ സഞ്ജുവാണത് ചോദിച്ചത്. " ഞാനിവിടെ ഉണ്ട്.... " പെട്ടന്ന് വിളിച്ചുപറഞ്ഞുകൊണ്ട് സിദ്ധു പിന്നിൽ നിന്നുമോടിയവരുടെ കൂടെയെത്തി. " നീയതിനിടയ്ക്കിതെങ്ങോട്ട് പോയി ?? " സംശയത്തോടവനെ നോക്കി നിന്നുകൊണ്ട് സഞ്ജു വീണ്ടും ചോദിച്ചു. " ഞാനെവിടെ പോകാൻ.... ഒരു കാള് വന്നപ്പോ സംസാരിച്ചുകൊണ്ട് ഞാനിത്തിരി നിന്നു. ഇനി അതും പറഞ്ഞ് നിന്ന് സമയം കളയാതെ എല്ലാരും കേറ്... " പറഞ്ഞതും ആരുടെയും മുഖത്ത് നോക്കാതെ അവൻ വേഗം ചെന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. ഇവനിതെന്ത് പറ്റിയെന്ന് പരസ്പരം ചോദിച്ചുകൊണ്ട് മറ്റുള്ളവരും കയറി. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 തറവാട്ടിൽ തിരികെയെത്തി എല്ലാവരും ഓരോ തിരക്കുകളിലേക്ക് തിരിഞ്ഞതും സിദ്ധു പതിയെ ചാരുവിനെ തപ്പി മുകളിലേക്ക് കയറി.

അവൻ മുകളിലേക്കെത്തുമ്പോൾ മുറിയിൽ കണ്ണാടിക്ക് മുന്നിൽ നിന്ന് ഡ്രസ്സ് നേരെയാക്കിക്കൊണ്ട് നിൽക്കുകയായിരുന്നു ചാരു. """"" കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെണ്ണിലാവ് ഉൾക്കണ്ണിൻ കാഴ്കയിൽ നീ കുറുകുന്നൊരു വെൺ‌പിറാവ് മന്ത്രകോടി നെയ്തൊരുങ്ങി പള്ളിമേട പൂത്തൊരുങ്ങി കാരുണ്യത്തിരികളൊരുങ്ങി മംഗല്യപ്പന്തലൊരുങ്ങി എന്നുവരും നീ തിരികെ - എന്നുവരും നീ """" അവളുടെ ചൊടികളിൽ നിന്നുതിർന്നിരുന്ന വരികളിൽ ശ്രദ്ധിച്ചുകൊണ്ട് ആരും കാണുന്നില്ല എന്നുറപ്പ് വരുത്തിയിട്ടവൻ വേഗത്തിൽ അകത്തേക്ക് കയറി. പിന്നിൽ ഡോറടയുന്ന ശബ്ദം കേട്ടാണ് ചാരു വെട്ടിത്തിരിഞ്ഞുനോക്കിയത്. അടഞ്ഞ വാതിലിൽ ചാരി അവളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു അപ്പോൾ സിദ്ധു. ( ആഹാ പാടിയപ്പോഴേക്കും പ്രിയൻ അല്ല കാലനിങ്ങ് വന്നല്ലോ.... ദൈവമേ ഇയാളിതെന്തിനുള്ള പുറപ്പാടാ ??? ഇന്നലെ അമ്മ വന്നൊണ്ട് ഞാൻ രക്ഷപെട്ടു ഇവിടിപ്പോ എന്നേ ആര് രക്ഷിക്കും ??? ) അവനെ നോക്കിനിന്ന് മുഖത്തെന്തൊക്കെയോ ഭാവങ്ങൾ വാരി വിതറിക്കൊണ്ട് അവളോർത്തു.

പെട്ടന്ന് അവന്റെ ചുണ്ടുകളിലൊരു കുസൃതിച്ചിരി വിരിഞ്ഞു. ( ദൈവമേ... പെട്ട് പെട്ട്.... ആ ഇളി കണ്ടാലറിയാം കാട്ടാളനെന്തൊക്കെയോ കരുതിക്കൂട്ടി കേറി വന്നേക്കുവാ...... ദൈവമേ ആക്രാന്തം മൂത്ത് ഞാനെങ്ങാനും ഇയാളെ കേറി പീഡിപ്പിക്കാതെ നീ തന്നെ കാത്തോണേ.... അമ്മാതിരി ലൂക്കല്ലേ... ) അവളതോർത്ത്‌ തീരും മുൻപേ സിദ്ധു നടന്നവളുടെ അരികിലെത്തിയിരുന്നു. " എ.... എ....എന്താ.... " അരികിലേക്ക് വന്ന അവനെ നോക്കി വെപ്രാളം മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് അവൾ ചോദിച്ചു. " നിന്ന് വിക്കിക്കളിക്കാതങ്ങോട്ട് തിരിയെടി... " പറഞ്ഞതും അവനവളെ ചുറ്റിപ്പിടിച്ച് കണ്ണാടിക്ക് നേരെ തിരിച്ചുനിർത്തി. എന്നിട്ട് ആ മിററിലൂടെ തന്നെ അവളുടെ പിടയ്ക്കുന്ന മിഴികളിലേക്ക് ആർദ്രമായി നോക്കി. അപ്പോഴും അവന്റെ കൈകൾ അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചിരുന്നു. ചാരുവും അവന്റെ നെഞ്ചിടിപ്പിന്റെ താളം ശ്രവിച്ചുകൊണ്ട് മറ്റേതോ ലോകത്തിലെന്ന പോലെ ആ കൈപ്പിടിയിലൊതുങ്ങി നിന്നു. അതിനിടയിൽ അവളുടെ മിഴികളിലേക്ക് നോക്കിനിന്നുകൊണ്ട് തന്നെ സിദ്ധു എളിയിൽ തിരുകിയിരുന്ന ഒരു പൊതി കയ്യിലെടുത്തു.

ആ ഇലപ്പൊതിയവൻ നിവർത്തതും മുല്ലപ്പൂവിന്റെ മനംമയക്കുന്ന സുഗന്ധം അവിടമാകെ പരന്നു. പക്ഷേ അതൊന്നും അവന്റെ കണ്ണുകളുടെ കാന്തികവലയത്തിൽ പെട്ട് നിന്നിരുന്ന ചാരുവറിഞ്ഞില്ല. അവൻ പതിയെ പിന്നിൽ വിടർത്തിയിട്ടിരുന്ന അവളുടെ മുടിയിഴകളിൽ ഭംഗിയായി ആ പൂവ് പിൻചെയ്തുറപ്പിച്ചു. അപ്പോഴും ഒരുചലനവുമില്ലാതെ സ്വയം മറന്ന് നിൽക്കുകയായിരുന്നു ആ പെണ്ണ്. അത് കണ്ട സിദ്ധുവൊരു കുസൃതിച്ചിരിയോടെ അവളുടെ നഗ്നമായ പിൻകഴുത്തിൽ പതിയെ ഊതി. പെട്ടന്നൊന്ന് പൊള്ളിപ്പിടഞ്ഞുകൊണ്ടവൾ യാഥാർദ്യത്തിലേക്ക് വന്നു. അപ്പോഴുമതേ കുസൃതിച്ചിരിയോടെ തന്നെ നിൽക്കുകയായിരുന്നു സിദ്ധു. അവന്റെയാ നോട്ടം കണ്ടതും എന്തൊക്കെയോ പരവേശം പോലെ തോന്നിയ ചാരു മിഴികൾ താഴ്ത്തി നിന്നു. " ഡീ ...... " പെട്ടന്ന് സ്ഥലകാലബോധം വന്നത് പോലെ സിദ്ധു അല്പം സ്വരമുയർത്തി വിളിച്ചു. ഞെട്ടിപ്പോയ ചാരു മിഴി ഉയർത്തി എന്താണെന്ന അർഥത്തിൽ അവനെ നോക്കി. " നിന്ന് ദിവാസ്വപ്നം കാണാതെ താഴേക്ക് ചെല്ലെടി.... "

( കാലൻ....എല്ലാം നശിപ്പിച്ചു എന്തൊക്കെയായിരുന്നു.... അവസാനം പടിക്കൽ കൊണ്ട് കലമിട്ടുടച്ചു... ) മുഖത്താവുന്നത്ര പുച്ഛം നിറച്ചുകൊണ്ട് അവൻ പറഞ്ഞതും മുഖം വീർപ്പിച്ച് നിലം ചവിട്ടിക്കുലുക്കിക്കൊണ്ട് അവൾ വാതിൽ തുറന്ന് പുറത്തേക്ക് പോയി. ആ പോക്ക് നോക്കി നിൽക്കുമ്പോൾ സിദ്ധു അറിയാതെ ചിരിച്ചുപോയിരുന്നു. ചാരു താഴെയെത്തുമ്പോഴേക്കും അവിടെ ചെറുക്കനും കൂട്ടരുമൊക്കെ എത്തിയിരുന്നു. പിന്നവളും മൃദുലയുടെ അടുത്തായി ചെന്ന് നിന്ന് സ്വീകരണ ചടങ്ങുകളൊക്കെ നോക്കി നിന്നു. അപ്പോഴേക്കും സിദ്ധുവും താഴെയെത്തിയിരുന്നു. ചടങ്ങിനിടയ്ക്കും അവർ പരസ്പരം പുച്ഛം വാരി വിതറിക്കൊണ്ട് നിന്നു. " അല്ല നിനക്കിപ്പോ ഈ പൂവെവിടുന്ന് കിട്ടി ??? " ഇടയ്ക്കെപ്പോഴോ ചാരുവിനെ നോക്കിയ മൃദുല അവളുടെ തലയിലെ പൂവ് കണ്ട് ചോദിച്ചു. " അത് കണ്ണേ.... " " ഏഹ്....സിദ്ധു വാങ്ങിത്തന്നോ ???? "

" അ...അല്ലല്ല കണ്ണേട്ടനല്ല.... ഇത്.... ഇതു ഞാൻ തന്നെ വാങ്ങിയതാ...... " " നീയോ എപ്പോ ?? എവിടുന്ന് ??? " " അതുപിന്നെ ക്ഷേത്രത്തിൽ പോയപ്പോ... " " എന്നിട്ട് ഞങ്ങളാരും കണ്ടില്ലല്ലോ... " " അത്... അത് ഞാൻ നിങ്ങള് തൊഴുതിറങ്ങും മുന്നേ വാങ്ങി..... " എങ്ങനെയൊക്കെയോ വിക്കി വിക്കി അവൾ പറഞ്ഞൊപ്പിച്ചു. പക്ഷേ അവളതൊന്നും വിശ്വസിച്ചിട്ടില്ലെന്ന് മുഖഭാവത്തിൽ നിന്നും വ്യക്തമായിരുന്നു. അവളൊന്നിരുത്തി മൂളിക്കൊണ്ട് സിദ്ധു നിന്നിരുന്നിടത്തേക്ക് നോക്കി. അവൻ പക്ഷേ ഒന്നുമറിയാത്ത ഭാവത്തിൽ പന്തലിലേക്ക് നോക്കി നിൽക്കുകയായിരുന്നു. അത് കൂടി കണ്ടതും എന്തൊക്കെയോ കത്തിയ ലക്ഷണത്തിൽ മൃദുവൊന്നൂറിച്ചിരിച്ചു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story