കാവ്യമയൂരം: ഭാഗം 8

kavyamayooram

രചന: അഭിരാമി ആമി

വിവാഹം നടക്കുന്നുകൊണ്ടിരിക്കുമ്പോഴും മണ്ഡപത്തിന് പിന്നിലായി നിന്നിരുന്ന ചാരുവിനെ നോക്കി നിൽക്കുകയായിരുന്നു സിദ്ധു. മൃദുവിന്റെ ചെവിയിൽ എന്തൊക്കെയോ പറഞ്ഞ് ഇടയ്ക്കിടെ പൊട്ടിച്ചിരിക്കുന്ന അവളെയവൻ കൗതുകത്തോടെ നോക്കി നിന്നു. വിവാഹവും മറ്റ് ചടങ്ങുകളുമെല്ലാം മംഗളമായി തന്നെ കഴിഞ്ഞു. എങ്കിലും അന്ന് കൂടി തറവാട്ടിൽ നിന്നിട്ട് പിറ്റേദിവസം ഉച്ചയോടെയായിരുന്നു എല്ലാവരും തിരിച്ചത്. തിരികെപ്പോരാനായി ദേവരാഗത്തിലുള്ളവരെല്ലാം സഞ്ജുവിന്റെ കാറിലും ചാരുവും വീട്ടുകാരും സിദ്ധുവിന്റെ കാറിലുമാണ് കയറിയത്. യാത്രയിലുടനീളം മറ്റ് മൂന്നുപേരും പലതിനെപ്പറ്റിയും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെങ്കിലും ചാരു മാത്രം നിശബ്ദയായിരുന്നു. അവളുടെ മിഴികളിൽ വല്ലാത്തൊരു ക്ഷീണം തങ്ങി നിന്നിരുന്നു. കുറച്ച് കഴിഞ്ഞപ്പോഴേക്കും ക്ഷീണം നന്നേ കൂടിയ അവൾ സീതയുടെ തോളിലേക്ക് ചാഞ്ഞുകിടന്ന് മിഴികളടച്ചു. ഇതൊക്കെ മിററിലൂടെ സിദ്ധു ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു.

എന്തുപറ്റിയെന്നവളോടൊന്ന് ചോദിക്കണമെന്നുണ്ടായിരുന്നുവെങ്കിലും അവരൊക്കെ എന്ത് കരുതുമെന്ന ചിന്ത അവനെയാ ഉദ്യമത്തിൽ നിന്നും പിന്നിലേക്ക് വലിച്ചു. എങ്കിലും അവന്റെ മിഴികൾ ഇടയ്ക്കിടെ അവളെ തഴുകിത്തലോടി കടന്നുപോയ്‌ക്കോണ്ടിരുന്നു. ( നിന്നോടെങ്ങനെ പറയണമെന്നെനിക്കറിയില്ല പെണ്ണേ...... എന്റെ പേരെഴുതിയ മോതിരം നിന്റെ വിരലുകളിലണിയിക്കുമ്പോൾ പോലും നിന്നോടെനിക്ക് വല്ലാത്തൊരകൽച്ചയായിരുന്നു...... പക്ഷേ ഇപ്പോൾ..... എനിക്ക് പോലുമറിയില്ല നിന്നോടെനിക്കെന്താണെന്ന്..... നീയടുത്തുള്ളപ്പോഴൊക്കെ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒന്നാണെന്നിൽ...... നീയകന്ന് പോകുമ്പോൾ ഉള്ള് വല്ലാതെ പിടഞ്ഞുപോകുന്നു...... ആദ്യമൊക്കെ നിന്നേ ഒഴിവാക്കാൻ വഴി തേടി നടന്ന എനിക്കിപ്പോ എത്രയും വേഗം നിന്നെയെന്റെയാക്കിയാൽ മതിയെന്നായി..... ) മൗനമായിരുന്ന് ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഒരൂറിയ ചിരിയോടെ അവന്റെ മനസ്സ് മന്ത്രിച്ചു. പെട്ടന്നായിരുന്നു സീതയുടെ തോളിൽ കിടന്നിരുന്ന ചാരു ചാടിയെണീറ്റ് തല പുറത്തേക്കിട്ട് ഛർദിക്കാൻ തുടങ്ങിയത്.

" അയ്യോ മോളെ എന്തുപറ്റി??? ... മോനെ വണ്ടിയൊന്ന് നിർത്തിക്കേ.... " ചാരുവിന്റരികിലേക്ക് നീങ്ങിയിരുന്ന് അവളുടെ മുതുക് തിരുമ്മിക്കൊണ്ട് സീത പറഞ്ഞു. പെട്ടന്നുണ്ടായ ആ സംഭവത്തിൽ സിദ്ധുവും ഒന്ന് ഭയന്നിരുന്നു. അവൻ വേഗത്തിൽ വണ്ടി സൈഡിലേക്കൊതുക്കി. അപ്പോഴേക്കും ചാരു ഡോർ തുറന്ന് പുറത്തേക്ക് ചാടിയിരുന്നു. വഴിയരികിലെ ഒരു മരത്തിൽ ചാരി നിന്ന് ശക്തമായി ഛർദിക്കുന്ന അവളെ നോക്കി നിൽക്കുമ്പോൾ അവന്റെ ഉള്ള് വിങ്ങി. ഛർദിച്ച് കുഴഞ്ഞ അവളെയൊന്ന് ചേർത്തുപിടിക്കാൻ... ആ മുടിയിഴകളിൽ പതിയെ തലോടിയാശ്വസിപ്പിക്കാൻ.... ഒന്നുല്ലെടാന്ന് പറഞ്ഞാ നെറുകയിൽ അമർത്തി ചുമ്പിക്കാൻ അവന്റെ ഉള്ള് വല്ലാതെ മോഹിച്ചു. " മോന് തിരക്കില്ലെങ്കിൽ ഞങ്ങളെയൊന്ന് ഹോസ്പിറ്റലിലേക്ക് വിട്ടേക്ക്..... " ആകെ വാടിത്തളർന്ന ചാരുവിനെ ചേർത്ത് പിടിച്ചുകൊണ്ട് ശിവപ്രസാദ് പറഞ്ഞു.

" ഇല്ലച്ഛാ.... എനിക്ക് തിരക്കൊന്നുമില്ല.... നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം.... " പറഞ്ഞുകൊണ്ട് അവൻ കാറിലേക്ക് കയറി. ഹോസ്പിറ്റലിൽ എത്തുമ്പോഴെക്ക് ക്ഷീണം കൊണ്ട് അവൾ മയങ്ങിപ്പോയിരുന്നു. സ്‌ട്രെക്ചറെടുക്കാമെന്ന് പറഞ്ഞ് ശിവപ്രസാദ് റിസപ്ഷനിലേക്ക് പോകാനൊരുങ്ങും മുൻപ് തന്നെ ബാക്ക് ഡോർ തുറന്ന സിദ്ധു അവളെ കൈകളിൽ കോരിയെടുത്തിരുന്നു. അത് കണ്ട് സീതയും ശിവപ്രസാദും പരസ്പരം നോക്കി പുഞ്ചിരിച്ചു. കാഷ്വാലിറ്റി ബെഡിലേക്ക് അവളെ കൊണ്ട് കിടത്തിയതും അവൻ തന്നെയായിരുന്നു. ഡോക്ടർ വന്ന് പരിശോദിക്കുമ്പോഴും ക്ഷീണം മാറാനായി ഡ്രിപ്പ് ഇടുമ്പോഴുമെല്ലാം തളർന്നുമയങ്ങുന്ന ആ പെണ്ണിൽ തന്നെയായിരുന്നു അവന്റെ നോട്ടം മുഴുവൻ. " ഇപ്പൊ എങ്ങനെയുണ്ട് ഡോക്ടർ എന്റെ മോൾക്ക് ??? " " ഏയ് പേടിക്കാനൊന്നുമില്ല...... രണ്ട് ദിവസമായി ഉറക്കമൊക്കെ കുറവായിരുന്നെന്ന് തോന്നുന്നല്ലോ.... " " അതേ ഡോക്ടർ എല്ലാരും ഒരു കല്യാണത്തിരക്കിലായിരുന്നു.... " " മ്മ്ഹ്ഹ് ... അതുകൊണ്ടൊക്കെയാവാം...

ഉറക്കം കുറഞ്ഞതിന്റെയൊക്കെ ഒരു ക്ഷീണം അത്രേയുള്ളൂ...... സാരമില്ല ഡ്രിപ്പ് തീർന്നിട്ട് കൊണ്ടുപോകാം.... " ഒരു ചെറുപുഞ്ചിരിയോടെ ശിവപ്രസാദിനോടായി പറഞ്ഞിട്ട് ഡോക്ടർ പോയി. ഏകദേശം മൂന്ന് മണിക്കൂറെടുത്തു ഡ്രിപ്പ് തീരാൻ. അതുവരെ സിദ്ധുവും അവിടെത്തന്നെ നിന്ന് അവരെ വീട്ടിൽ കൊണ്ട് വീട്ടിട്ടാണ്‌ അവൻ തിരികെ പോയത്. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 വീട്ടിലെത്തിയിട്ടും നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ ചാരു നേരെ മുറിയിലേക്ക് പോയി കിടന്നു. വൈകുന്നേരം സീത നിർബന്ധിച്ചൽപ്പം കഞ്ഞി കുടിപ്പിക്കാൻ എണീപ്പിച്ചതൊഴിച്ചാൽ അവൾ ഉറക്കം തന്നെയായിരുന്നു ആ ദിവസം മുഴുവൻ. ഓഫീസിൽ പോയിട്ടും സിദ്ധുവിന്റെ മനസ്സ് ചാരുവിനരികിൽ തന്നെയായിരുന്നു. അവൾക്കിപ്പോ എങ്ങനെയുണ്ട് അവൾ ഭക്ഷണം കഴിച്ചോ മരുന്ന് കഴിച്ചോ തുടങ്ങിയ ചിന്തകളൊക്കെ ആവനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. അന്ന് രാത്രി പതിവിലും നേരത്തെ ആയിരുന്നു അവൻ വീട്ടിലെത്തിയത്. " ചാരുമോൾക്കെങ്ങനെയുണ്ടോ ആവോ ??? ഒന്ന് പോകണമെന്ന് വിചാരിച്ചിട്ടൊട്ട് നടന്നതുമില്ല....."

ഹാളിൽ നരേന്ദ്രന്റെ അടുത്തിരുന്നുകൊണ്ട് അരുന്ധതി പറയുന്നത് കേട്ടുകൊണ്ടാണ് സിദ്ധു ഫ്രഷായി താഴേക്ക് വന്നത്. പെട്ടന്നെന്തോ ഓർത്തത് പോലെ അവൻ വേഗത്തിൽ ഷർട്ടിന്റെ സ്ലീവ്സ് മടക്കി വച്ചുകൊണ്ട് അങ്ങോട്ട് ചെന്നു. " അമ്മയ്ക്കെന്താ ഇപ്പൊ അവളെ കാണാഞ്ഞിട്ടുറക്കം വരുന്നില്ലേ ??? " " നീ പോടാ അവര് തന്നെ എന്ത് കരുതും അവൾക്കിത്രയ്ക്ക് വയ്യാതായിട്ട് ഇവിടുന്നാരുമൊന്ന് തിരിഞ്ഞുപോലും കേറിയില്ലെന്നോർക്കില്ലേ.... മാത്രവുമല്ല അവൾ ഏതോ ഒരു പെണ്ണല്ല നാളെ നിന്റെ കയ്യും പിടിച്ച് ഈ വീടിന്റെ പടി കയറേണ്ടവളാ.... " അരുന്ധതി പറഞ്ഞത് കേട്ട് ഉള്ളിലെ സന്തോഷം മറച്ചുവച്ച് ഒരു പുച്ഛഭാവത്തോടവൻ നിന്നു. " ഓഹ് മതി മതി.... ഇനി അതിന്റെ പേരിലൊരു വാക്കുതർക്കം വേണ്ട അമ്മ ചെന്ന് റെഡിയായിട്ട് വാ... ഇപ്പൊത്തന്നെ പോയിട്ടുവരാം. ഇനി മരുമോളെ കാണാതെ രാത്രി ഉറക്കമില്ലാതെ പോണ്ട.... "

അവരുടെ നിർബന്ധം കൊണ്ട് മാത്രമൊരൗദാര്യം കാണിക്കും പോലെ പറഞ്ഞിട്ടവൻ ടീവിയിലേക്ക് നോക്കിയിരുന്നു. " ഏഹ് ഈ രാത്രിയോ ??? " അന്തംവിട്ടവനെ നോക്കിയിരുന്നുകൊണ്ടായിരുന്നു അരുന്ധതിയത് ചോദിച്ചത്. " ഓഹ് പിന്നെ അത്ര രാത്രിയൊന്നുമായിട്ടില്ല.... ഇനി അഥവാ ആയാലും ഇന്നമ്മേ അവിടെ കൊണ്ടുപോയിട്ട് തന്നെ ബാക്കി കാര്യം... ഇനി ഇതിന്റെ പേരിലൊരു പരാതി വേണ്ട.... " ( ദൈവമേ അമ്മയിനി ഉടക്ക് പറയാതെ ഇറങ്ങണെ..... അല്ലാതെ പെണ്ണിനെയൊന്ന് കാണാൻ വേറെ വഴിയൊന്നുമില്ല. ഒന്ന് കാണാതെ സമാധാനവും കിട്ടില്ല ) " അതുശരിയാഡോ നമുക്കൊന്ന് പോയിട്ടുവരാം. മോളെയൊന്ന് കാണുകയും ചെയ്യാമല്ലോ " അവന്റെ ഉള്ളറിഞ്ഞത് പോലെ നരേന്ദ്രനും പറഞ്ഞു. പിന്നീട് അരുന്ധതിക്കും ഒന്നുമാലോചിക്കാനുണ്ടായിരുന്നില്ല. അവരും വേഗത്തിൽ റെഡിയായിറങ്ങി.

അവർ സ്മൃതിയിലെത്തുമ്പോൾ പൂമുഖത്ത് തന്നെയുണ്ടായിരുന്നു ശിവപ്രസാദും സീതയും. കാർ വന്നുനിന്നപ്പോൾ അവരാദ്യമൊന്നമ്പരന്നെങ്കിലും പുറത്തേക്ക് ഇറങ്ങിയവരെ കണ്ടപ്പോൾ ഇരുവരുമൊന്ന് പുഞ്ചിരിച്ചു. " മോളെവിടെ ?? " വന്ന് കയറിയപാടെ അരുന്ധതി ചോദിച്ചു. " മുറിയിലുണ്ട്. ഇപ്പൊ അങ്ങോട്ടൊന്ന് മയങ്ങിയതേയുള്ളൂ. നന്നായി ഛർദിച്ചതല്ലേ അതിന്റെയൊരു ക്ഷീണമുണ്ട്. " പുഞ്ചിരിയോടെ സീത പറഞ്ഞത് കേട്ടുകൊണ്ട് നരേന്ദ്രനും സിദ്ധുവും സോപാനത്തിണ്ണയിലേക്കിരുന്നു. അരുന്ധതി സീതയോടൊപ്പം പോയി ചാരുവിനെയൊന്ന് കണ്ടിട്ട് അടുക്കളയിലേക്ക് പോയി. പക്ഷേ സിദ്ധുവിന് മാത്രം ഇരുപ്പുറയ്ക്കുന്നുണ്ടായിരുന്നില്ല.

അവളെയൊന്ന് കാണാൻ അവന്റെ ഉള്ളം തുടികൊട്ടി. " അച്ഛാ ഞാനൊന്ന് വാഷ് റൂമിൽ പോയിട്ട് വരാം... " സഹികെട്ടപ്പോൾ അവരിരുവരോടുമായി പറഞ്ഞിട്ട് അവൻ പതിയെ അകത്തേക്ക് കയറി. അരുന്ധതിയും സീതയും അടുക്കളയിലും കാര്യമായ സംസാരത്തിലായിരുന്നതിനാൽ അവൻ മുകളിലേക്ക് കയറിയതവരുമറിഞ്ഞില്ല. സിദ്ധു മുകളിൽ ചെല്ലുമ്പോൾ കഴുത്തറ്റം പുതപ്പ് പുതച്ച് ബെഡിൽ കിടന്ന് നല്ല ഉറക്കമായിരുന്നു ചാരു. അല്പനേരം വാതിൽക്കൽ തന്നെ നിന്ന് അവളെത്തന്നെ ഉറ്റുനോക്കിയവൻ. പിന്നെ പതിയെ ചെന്നവൾക്കരികിലായി ബെഡിൽ ഇരുന്നു. തളർന്നുറങ്ങുന്ന ആ പെണ്ണിന്റെ ശിരസിലൂടെ മെല്ലെയൊന്ന് തഴുകി.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story