💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 10

khalbil nee mathram

രചന: ഷംസീന ഫിറോസ്

ആ മുഖം കണ്ട് നമ്മളെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു. ആ സന്തോഷത്തിൽ മ്മള് പതിയെ പറഞ്ഞു. മുബാറക്.. അല്ല.. മുബിക്ക... "നൂറ, ഡീ വരുന്നില്ലേ. എന്ത് നോക്കി നിക്കാ നീ " അസ്‌ന നമ്മളെ തട്ടി വിളിക്കുമ്പോഴാണ് നമ്മക്ക് ബോധം വരുന്നത്. നമ്മള് ഓളെ നോക്കി തലയാട്ടി. എന്നിട്ട് നമ്മളെ മുന്നിലുള്ള ആളെ ഒന്നുകൂടി ശെരിക്ക് നോക്കി. ഇനി ഇത് മുബിക്ക തന്നെയല്ലേ. ആണ്. ആ നോട്ടം കണ്ടാൽ അറിയാം അത് മുബിക്ക തന്നെയാണെന്ന്. നമ്മള് ഞെട്ടിയ പോലെത്തന്നെ ആ മുഖത്തും ഒരു ഞെട്ടലുണ്ട്. നമ്മക്ക് ആണെങ്കിൽ അപ്രതീക്ഷിതമായ കണ്ടുമുട്ടലും സന്തോഷവും കൂടെ ഒന്നും ചോദിക്കാനും പറ്റുന്നില്ല. അപ്പോഴാണ് മുബിക്കയുടെ വിളി. "നൂറാ.... " എത്ര നാളായി ഇങ്ങനെയൊരു വിളി കേട്ടിട്ട്. മൂന്ന് വർഷത്തോളമാകുന്നു ആ ശബ്‌ദമൊന്നു കേട്ടിട്ട്. ഇന്നും അതേ ശബ്‌ദം,

അതേ വിളി. ആ വിളിയിൽ തന്നെ നമ്മക്ക് മനസ്സിലാകുന്നുണ്ട് നമ്മളോടുള്ള സ്നേഹവും വാത്സല്യവും ഇന്നും ആ മനസിൽ ഉണ്ടെന്ന്. മുബിക്കയുടെ ആ വിളി കേട്ട് നമ്മള് പോലും അറിയാതെ നമ്മളെ കണ്ണ് നിറഞ്ഞൊഴുകി. നിറകണ്ണുകളോടെ നമ്മള് മുബിക്കാനെ നോക്കി മുബിക്കാന്ന് വിളിച്ചു. നമ്മള് ഇങ്ങനെയൊരവസ്തയിൽ നിൽക്കുന്നത് കണ്ടിട്ട് അസ്‌ന നമ്മളോട് ചോദിക്കുകയാണ്. "ആരാ നൂറ, നിനക്കറിയോ ഇയാളെ" നമ്മള് ഓളോട് പിന്നെയും തലയാട്ടി എന്നല്ലാതെ ഒന്നും പറഞ്ഞില്ല. നമ്മള് മുബിക്കാനെ നോക്കി. നമ്മളെ കണ്ണ് നിറഞ്ഞത് പോലെത്തന്നെ മുബിക്കയുടെയും നിറഞ്ഞിട്ടുണ്ട്. മ്മള് ഇടറുന്ന സ്വരത്തിൽ ചോദിച്ചു: "മുബിക്ക സു.. സുഖമാണോ ഇങ്ങക്ക്?? എവിടെ ആയിരുന്നു ഇത്രേം നാള്? " നമ്മളെ ചോദ്യത്തിന് ഒരു നിറ പുഞ്ചിരി ആയിരുന്നു മുബിക്കയുടെ പ്രതികരണം. നമ്മക്ക് എന്തൊക്കെയോ ചോദിക്കണമെന്നുണ്ട്.

പക്ഷെ ഒന്നും ചോദിക്കാനും പറ്റുന്നില്ല. ഇവിടെ ഒരുത്തി ആണേൽ നമ്മളെ പിടിച്ചു വലിക്കുകയാണ്, വാ നൂറ.. പോവാ നൂറാന്നൊക്കെ പറഞ്ഞ്. നമ്മള് മുബിക്കാനെ നോക്കി ഞങ്ങള് പോവാണെന്ന് പറഞ്ഞു. അപ്പോഴും ആ മുഖത്ത് പുഞ്ചിരിയല്ലാതെ മറ്റൊന്നുമില്ല. ഇനിയൊരു പക്ഷെ മുബിക്ക ആളാകെ മാറിയിട്ടുണ്ടാകുമോ. എല്ലാം മറന്നു കാണുവോ?അതായിരിക്കാം ഇങ്ങനെ. നമ്മള് പിന്നെയൊന്നും ചോദിക്കാനോ പറയാനോ നിന്നില്ല.അസിയെയും കൂട്ടി നമ്മള് തിരിഞ്ഞു നടന്നു. നമ്മള് വണ്ടി എടുത്ത് അവിടുന്ന് പോരുന്നത് വരെയും മുബിക്ക നമ്മളെ തന്നെ നോക്കി നിൽക്കുന്നത് നമ്മള് കണ്ടതാണ്.എന്നിട്ടും എന്തേയ് നമ്മളോട് ഒന്നും സംസാരിച്ചില്ല. വണ്ടി ജംഗ്ഷൻ തിരിയുമ്പോഴാണ് അസ്‌നയുടെ ചോദ്യം: "ആരാ നൂറ അത്? എന്തിനാ അയാളെ കണ്ടപ്പോ നീ വല്ലാണ്ടായെ. നിന്റെ മുഖം ഞാൻ ശ്രദ്ധിച്ചതാ. എന്തിനാ നിന്റെ കണ്ണൊക്കെ നിറഞ്ഞെ?? " ഓൾടെ ഈ ചോദ്യങ്ങളൊക്കെ നമ്മള് പ്രതീക്ഷിച്ചതാണ്. എങ്കിലും ഒറ്റയടിക്ക് ഇവൾ ഇങ്ങനെയൊക്കെ ചോദിക്കുമെന്ന് വിചാരിച്ചതല്ല.

അസ്‌നയുടെ ചോദ്യത്തിന് നമ്മക്കൊരു മറുപടിയും കൊടുക്കാൻ കഴിഞ്ഞില്ല. പകരം നമ്മളെ കണ്ണ് നിറഞ്ഞൊഴുകിയതു മാത്രമാണ്‌. നമ്മക്ക് ആണെങ്കിൽ ആകെ ഒരു മാതിരി കൺട്രോൾ വിടണ അവസ്ഥയായി. നമ്മള് വണ്ടി സൈഡ് ആക്കാമെന്ന് വിചാരിക്കുന്നതിന് മുന്നേ അസ്‌ന പറയുകയാണ്: "നൂറ, നീയൊന്നു വണ്ടി ഒതുക്കിക്കെ. എന്തിനാ നീ കരയുന്നത്. ഈ അവസ്ഥയിൽ നീ ഇനി വണ്ടി എടുക്കണ്ട. കാര്യം പറഞ്ഞിട്ട് ഇനി അങ്ങോട്ട് വിട്ടാൽ മതി" ഓളെ വർത്താനം അനുസരിച്ചെന്ന ഭാവത്തിൽ നമ്മൾ വണ്ടി ഒതുക്കി.അസ്‌ന വണ്ടീന്നിറങ്ങി നമ്മളോടും ഇറങ്ങാൻ പറഞ്ഞു. അപ്പോഴേക്കും നമ്മളെ കണ്ണീന്ന് നിയന്ത്രണം വിട്ട് കണ്ണ്നീര് ഒഴുകുകയാണ്. നമ്മളെ ഈ അവസ്ഥ കണ്ടിട്ട് അസ്‌നയാകെ വല്ലാണ്ടായി നമ്മളോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. "എന്താ നൂറ, എന്തു പറ്റിയെടീ. നീ കാര്യം പറ. ഇങ്ങനെ നിന്ന് കരയല്ലേ. ദേ ആൾക്കാരൊക്കെ ശ്രദ്ദിക്കും. " ഓളതു പറഞ്ഞിട്ടും നമ്മളെ കണ്ണുനീരിനെ പിടിച്ചു നിർത്താൻ നമ്മക്ക് ആയില്ല.

ഓള് നമ്മളെ ചേർത്ത് പിടിച്ച് പിന്നെയും ചോദിച്ചു: "നൂറ, ന്താടി അനക്ക്?ഇത് നമ്മടെ നൂറ തന്നെയാണോ.നീ ഇങ്ങനെയൊക്കെയാണോ.ഇതുവരെ നീ ഇങ്ങനെ വിഷമിക്കണത് ഞാൻ കണ്ടിട്ടില്ല. അതിനുംമാത്രം എന്താ നിനക്ക് ഇപ്പൊ??ആരുടെ മുന്നിലും തോറ്റു കൊടുക്കാത്ത ആ ധൈര്യശാലി നൂറ തന്നെയാണോ ഇപ്പൊ എന്റെ മുന്നിൽ ഉള്ളത്.നമ്മളെയും കൂടി സ്ട്രോങ്ങ്‌ ആയി നിക്കാൻ പഠിപ്പിച്ച നീ തന്നെയാണോ ഇപ്പൊ ഇങ്ങനെ കരയുന്നത്.അതിനുംമാത്രം എന്താടി പറ്റിയത്.ആരാ അയാൾ??അയാളെ കണ്ടതിനു ശേഷമാണ് നീയിങ്ങനെ.ഞാൻ ശ്രദ്ദിച്ചതാ.പറ നൂറ,ഇയ്യ് ഇങ്ങനെ തളരാതെ കാര്യം പറ" നമ്മളോട് ഇത്രയൊക്കെ പറഞ്ഞു കഴിയുമ്പോഴേക്കും അസിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.ഓൾടെ ശബ്‌ദവും ഇടറാൻ തുടങ്ങിയിരുന്നു.ഓള് പറഞ്ഞത് സത്യമാണ്‌.ഇന്നുവരെ ഓൾടെ മുന്നിൽ നിന്ന് ഞാനിങ്ങനെ കരഞ്ഞിട്ടില്ല.എത്രയൊക്കെ ജസിയുടെ ഓർമ്മകളെന്നെ വേട്ടയാടിയാലും നമ്മളതൊക്കെ കടിച്ചമർത്തി ഇവരുടെ മുന്നിൽ സന്തോഷം കാട്ടിയിട്ടേ ഉള്ളൂ.

പക്ഷെ കുറേ നാളുകൾക്ക് ശേഷം ഇന്ന് ഞാൻ മുബിക്കയെ കണ്ടിരിക്കുന്നു.മറന്നു തുടങ്ങിയാതൊക്കെയും ആ മറവിയുടെ ഇരട്ടി വേഗത്തിൽ മനസ്സിലേക്ക് കടന്ന് വരികയാണ്.ആഴത്തിലായി മനസ്സിനെ മുറിവേൽപ്പിക്കുകയാണ്.ഈ കണ്ണീരിനു പിന്നിലെന്താണ് എന്ന് അസ്‌നയോട് പറയുന്നതാണ് നല്ലത്.ഒരു പക്ഷെ അങ്ങനെയെങ്കിലും കുറച്ചു നേരത്തെക്ക് എങ്കിലും എന്റെ മനസ്സൊന്നു ശാന്തമാവുമല്ലോ.. "അത്...മു....മുബിക്ക....." നമ്മളെ ശബ്‌ദം പോലും തൊണ്ടയിൽ നിന്ന് പുറത്ത് വരുന്നില്ല. "മുബിക്കായോ??ആരാ അത്.അയാളെ കണ്ടതിനാണോ നീയിങ്ങനെ സങ്കടപ്പെട്ടത്.അതിനുമാത്രം എന്താ നിങ്ങള് തമ്മിൽ??" "അത് മുബിക്കാ....എന്റെ ജസീ..... ജസീടെ മുബിക്ക..." "നൂറ,നീയൊന്നു സമാധാനിക്കെടീ.എന്തൊക്കെയാ നീ പറയുന്നത്.എനിക്കൊന്നും മനസ്സിലാകുന്നില്ല.

ആരാ ജസീ.ആ പേര് ഇടയ്ക്കിടക്ക് നീ പറയുന്നത് ഞാൻ കേട്ടതാ.നീയും അനുവും സിനുവും തമ്മിൽ സംസാരിക്കുമ്പോൾ ആ പേര് പലതവണ ഞാൻ കേട്ടതാണ്.ആരാ അവള്??നമ്മളറിയാതെ എന്താ നിങ്ങൾക്ക് ഇടയിലുള്ളതു.നമ്മളോട് പറയാൻ പറ്റുന്നതാണേൽ പറ നൂറ.പറ്റുന്നത് ആണെങ്കിൽ മാത്രമല്ല,അല്ലേലും നീയത് പറയണം.പറ ,നിന്റെ വിഷമമൊക്കെ ഒന്ന് കുറയട്ടേ" ഓള് ഇത്രയും പറഞ്ഞു തീരുമ്പോഴേക്കും നമ്മള് ഓളെ കെട്ടിപിടിച്ച് ഒരു കരച്ചിലായിരുന്നു.ഓള് നമ്മളെ ചേർത്ത് പിടിച്ച് ആശ്വാസിപ്പിക്കുന്നുണ്ട്.നമ്മള് ഒരിക്കലും ഓർത്തെടുക്കാൻ ആഗ്രഹിക്കാത്ത നമ്മളെ ജീവിതത്തിലെ ആ അടഞ്ഞ അദ്ധ്യായം അസിടെ മുന്നിൽ തുറക്കാൻ തന്നെ നമ്മള് തീരുമാനിച്ചു. ************** ജസീ എന്താണ് എങ്ങനെയാണെന്നൊന്നും നമ്മള് പറഞ്ഞില്ലെങ്കിലും ജസീ നമ്മടെ ആരാണെന്ന് നമ്മള് നേരത്തെ പറഞ്ഞതാണ്. ജസീല എന്റെ മൂത്തപ്പാന്റ്റെ മകളായിരുന്നു. മൂത്തപ്പായ്ക്കും മൂത്തുമ്മയ്ക്കും ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പടച്ചോൻ നൽകിയതാണ് അവളെ.

എന്നേക്കാൾ ആറുമാസം പ്രായക്കൂടുതൽ. പ്രായക്കൂടുതൽ ഓൾക്കാണെങ്കിലും കാര്യക്കൂടുതൽ നമ്മക്ക് ആയിരുന്നു. സുബർക്കത്തിലെ ഹൂറിയെ വെല്ലുന്ന മൊഞ്ചും പാൽനിലവിന്റ്റെ ചിരിയും നല്ല അടക്കവും ഒതുക്കവുമുള്ള ഒരു കൊച്ചു മൊഞ്ചത്തിയായിരുന്നു എന്റെ ജസീ.ഓൾടെ ആ ഗുണങ്ങളൊക്കെ കൊണ്ട് തന്നെ ഓളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടായിരുന്നില്ല.ഓർമ വെച്ച കാലം തൊട്ടേ എന്തിനും ഏതിനും നമ്മളെ കൂടെ ഓളുണ്ടായിരുന്നു.ചെറുപ്പം മുതലേ അവളൊരു തൊട്ടാവാടിയും നമ്മളൊരു തന്റേടിയുമായിരുന്നു.മൂത്താപ്പയ്ക്കും മൂത്തുമ്മയ്ക്കും എന്തിനും ഏതിനും നമ്മളായിരുന്നു ശെരി എങ്കിൽ നമ്മളെ ഇപ്പച്ചിക്കും ഇമ്മച്ചിക്കും ജസീ ആയിരുന്നു ശെരി.അവളോട്‌ ആയിരുന്നു ഇന്റെ ഉപ്പച്ചിക്കും ഉമ്മച്ചിക്കും ഇഷ്ടക്കൂടുതൽ.നേഴ്സറി തൊട്ടേ ഞങ്ങളെ ഒരുമിച്ചു ചേർത്തതാണ്.അന്ന് മുതലേ സിനുവും അനുവും ഞങ്ങളെ കൂടെ ഉണ്ടായിരുന്നു.നമ്മള് അപ്പോഴേ പ്രശ്നക്കാരിയും ബഹളക്കാരിയുമാണ്‌.

ശെരിക്ക് പറഞ്ഞാൽ നമ്മക്ക് നേരെ ഒപോസിറ്റ് ആയിരുന്നു ജസീ.സ്കൂളിലൊക്കെ എന്ത് തരികിട പരിപാടി ഉണ്ടെങ്കിലും അതിലൊക്കെ നമ്മളും സിനുവും ഫസ്റ്റ് മെംബേർസ് ആയിരിക്കും.ജസിയും അനുവുമാകട്ടേ ഒന്നിനുമില്ലേ എന്ന മട്ടിലും.സ്കൂൾ മീറ്റിംഗ് നൊക്കെ ഇപ്പച്ചി വന്നാൽ ടീച്ചേർസ് നൊക്കെ നമ്മളെ കുറിച്ച് പറയാൻ ആയിരം നാവായിരുന്നു.അത്രയ്ക്കും കച്ചറ ആയിരുന്നു നമ്മള്.ഡസ്ക് തല്ലിപ്പൊളിക്കുക,Hss സെക്ഷനിലെക്കുള്ള മതില് ചാടുക,ആൺകുട്ടികളെ പിച്ചുക,മാന്തുക എന്ന് വേണ്ട എല്ലാ സ്വഭാവ ഗുണങ്ങളും നമ്മക്ക് ഉണ്ടായിരുന്നു.നമ്മള് പണ്ടേ ഇങ്ങനെയൊക്കെ തന്നെയാണ്.നമ്മളെ ആരേലും ചൊറിയാൻ വന്നാൽ പിന്നെ ഓന്റെ മയ്യത്ത് ആയിരിക്കും.അതോണ്ട് സ്കൂൾ കാലഘട്ടത്തിൽ നമ്മളെ ക്ലാസ്സ്‌മേറ്റ്സ്നു വരെ നമ്മളെ നല്ല പേടിയായിരുന്നു.നമ്മള് ഇങ്ങനത്തെ വഴിയിലൂടെയാണ് സഞ്ചാരമെങ്കിൽ ജസിയാവട്ടേ നല്ല അടക്കത്തോടും ഒതുക്കത്തോടും കൂടെ വന്ന് ക്ലാസ്സിലിരുന്ന് നല്ലോണത്തിൽ പഠിച്ച് ക്ലാസ്സിലെ ഒന്നാം റാങ്ക് കാരിയാവുകയാണ് പതിവ്.

എന്തിന് സ്കൂളിലെ തന്നെ ഒന്നാം റാങ്ക്കാരിയായിരുന്നു അവള്.ഇപ്പച്ചി നമ്മളെ മീറ്റിംഗ് ന് ഏറെക്കുറെയൊക്കെ വരുന്നതും അവൾക് വേണ്ടിയായിരുന്നു.അവളെക്കുറിച്ച് ടീച്ചർസ്ഒക്കെ പറയുന്നത് കേട്ട് ഇപ്പച്ചിക്കും അഭിമാനിക്കാമല്ലോ,ഇപ്പച്ചിയുടെയും കൂടി മകളാണെന്ന് പറഞ്ഞ്. അങ്ങനെ അടിക്കലും പൊളിക്കലുമൊക്കെയായി ഞങ്ങളുടെ പത്താം ക്ലാസ്സ്‌ കഴിഞ്ഞു.അപ്പോഴേക്കും നമ്മക്ക് നമ്മടെ ഫ്രണ്ട്‌സ്നെയൊക്കെ പിരിയുന്ന സങ്കടമായിരുന്നു.ജസിക്ക് ആണെങ്കിൽ എക്സാമിനെ കുറിച്ചുള്ള പേടിയും. പിന്നെ അവളുടെ കാര്യം പറഞ്ഞിട്ടും വലിയ കാര്യമില്ല. ഓൾക് ഫ്രണ്ട്‌സ് ആയി ഉള്ളത് നമ്മളും അനുവും സിനുവും മാത്രമാണ്‌. ക്ലാസ്സിലെ മറ്റൊരു മനുഷ്യക്കുട്ടിന്റടുത്ത് വരെ ഓള് ശെരിക്ക് മിണ്ടിയിട്ട് പോലുമുണ്ടാവില്ല. അത്രയ്ക്കും പാവമായിരുന്നു ഓള്. ആരേലും ഓൾടെ മെക്കിട്ട് കേറിയാൽ തന്നെ അതും വാങ്ങിച് കരഞ്ഞോണ്ട് വരുകയാണ് ഓളുടെ പതിവ്. അങ്ങനെ ഓളെ തൊട്ടവനെയൊന്നും നമ്മള് വെറുതെ വിട്ടിട്ടില്ല. ഡബിൾ സ്‌ട്രോങ്ങിൽ എല്ലാത്തിനും കൂടെ തിരിച്ചു കൊടുത്തിട്ടുണ്ട്.

ചുരുക്കി പറഞ്ഞാൽ നമ്മള് ഓളുടെ ബോഡി ഗാർഡ് കൂടിയായിരുന്നു. അങ്ങനെ പത്താം ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞു നമ്മള് നെടു വീർപ്പിട്ട് വീട്ടിലിരിക്കുന്ന സമയത്താണ് മൂത്തുമ്മയുടെ ഇക്ക നമ്മളെ വീട്ടിലേക് വരുന്നത്. കാര്യം തിരക്കിയ നമ്മക്ക് അന്ന് വല്യ സങ്കടമായി. വെക്കേഷൻ ആയതോണ്ട് ജെസിയെ മൂത്തുമ്മടെ വീട്ടിലേക് കൂട്ടി കൊണ്ടുപോകാനാണ് ഓളുടെ കാക്കു വന്നിരിക്കുന്നത്.പോരാത്തതിന് മൂത്തുമ്മയുടെ ഉമ്മയ്ക്ക് തീരെ വയ്യെന്നും ജസീനെ കാണാൻ കൊതിയാവുന്നുന്നൊക്കെ പറഞ്ഞപ്പോൾ മൂത്തുമ്മയും ജെസിയും കൂടി റെഡിയായി കാക്കുവിന്റെ കൂടെ പോകാനൊരുങ്ങി. ഓർമ വെച്ച നാൾ തൊട്ട് ഇന്ന് വരെയും നമ്മള് ഒരു നിമിഷം പോലും ജെസിയെ പിരിഞ്ഞു നിന്നിട്ടില്ല. ഓളും അങ്ങനെയാണ്.ഞാനില്ലാതെ ഓൾക്കും പറ്റില്ല. എവിടെ പോവുമ്പോളും നമ്മള് ഒരുമിച്ചേ പോവുള്ളു. ജെസിടെയും എന്റെയും വിഷമം കണ്ട് അവസാനം ഉപ്പച്ചി നമ്മളെയും അവരുടെ കൂടെ വിട്ടു. സംഭവം മൂത്തുമ്മയുടെ വീട് കുറച്ച് അകലെ ആയതുകൊണ്ട് നമ്മളെ അവരുടെ കൂടെ വിടാൻ ഇപ്പച്ചിക്ക് താല്പര്യമില്ലായിരുന്നു.

അവസാനം ജസിയുടെ നിർബന്ധം കൊണ്ടാണ് വിട്ടത്.മൂത്താപ്പ നാളെ കഴിഞ്ഞു അങ്ങോട്ടേക്ക് പോരുന്നുണ്ടെന്നും നമ്മള് മൂത്താപ്പാന്റ്റെ കൂടെ ഇങ്ങോട്ടേക്കു തിരിച്ച് വരണമെന്നും പറഞ്ഞ് ഇപ്പച്ചി നമ്മളെയും അവരുടെ കൂടെ അയച്ചു. മൂത്തുമ്മന്റ്റെ വീട് നമ്മക്ക് പെരുത്ത് ഇഷ്ടാണ്.കൊറേ ആൾക്കാരും കുട്ട്യോളുമൊക്കെയായി അവിടെ നല്ല ഉഷാറാണ്.മൂത്തുമ്മാന്റ്റെ ഉമ്മയ്ക്ക് വയ്യാത്തോണ്ട് മൂത്താപ്പ വന്നിട്ടു വേഗം തന്നെ നമ്മളെ വീട്ടിലേക് തിരിച്ചു പോയില്ല.ഒരാഴ്ച്ച കഴിഞ്ഞിട്ടേ പോവുന്നുള്ളൂന്ന് പറഞ്ഞു. നമ്മക്കത് സന്തോഷായി.നമ്മള് ഇപ്പച്ചിക്ക് വിളിച്ച് അവിടെ നിന്നോളാൻ പെർമിഷൻ എടുത്തു. രണ്ടാഴ്ച കൂടി കഴിയുമ്പോൾ മൂത്തുമ്മാന്റ്റെ ഉമ്മിക്ക് നല്ല ഭേദമായിട്ടുണ്ട്. അതോണ്ട് തന്നെ ഇവിടെ എല്ലാവരും ഹാപ്പി ആയിട്ടുണ്ട്. അപ്പോഴേക്കും മൂത്താപ്പ വീട്ടിലേക് തിരിച്ചു. നമ്മള് ജസിയുടെ കൂടെ വരുള്ളൂന്ന് പറഞ്ഞ് അവിടെ തന്നെ നിന്നു. വെക്കേഷൻ ആയത്കൊണ്ട് ജെസിയുടെ കസിൻസ് എല്ലാവരും വീട്ടിലുണ്ട്. അവിടെ എല്ലാവർക്കും ജെസിയെക്കാൾ ഇഷ്ടം നമ്മളോടാണ്.

എല്ലാവരും നമ്മളെ വായാടി നൂറാന്നെ വിളിക്കുള്ളൂ, പിന്നെ ജെസി മാത്രം നമ്മളെ വിളിക്കുന്ന ഒരു പേരുണ്ട്.. എന്താണെന്നല്ലേ.. കൂറ.. സ്നേഹം കൂടുമ്പോഴും നമ്മളോട് ദേഷ്യം വരുമ്പോഴുമെല്ലാം ഓള് നമ്മളെ അങ്ങനെ വിളിക്കുള്ളൂ. ഇപ്പൊ ഓൾടെ വിളി കേട്ട് ഇവടേയും എല്ലാരും നമ്മളെ അങ്ങനെ വിളിക്കാൻ തുടങ്ങീട്ടുണ്ട്.നമ്മള് അതൊന്നും കാര്യമാക്കാതെ നല്ല അച്ചടക്കമുള്ള കുട്ടിയായി ഇരിക്കും. വരുമ്പോൾ നമ്മടെ ഇമ്മച്ചി പ്രത്യേകം പറഞ്ഞതാണ് നമ്മളെ ആ നല്ല സ്വഭാവം ഇവിടെയും കാണിക്കരുതെന്ന്.അതോണ്ട് നമ്മള് നല്ല കുട്ടിയായി തന്നെ കഴിഞ്ഞു. ഒരു ദിവസം നമ്മള് രാവിലെ എണീറ്റ്‌ നോക്കുമ്പോൾ വീട്ടിലെ കുട്ട്യോളെയൊന്നും കാണാനില്ല. നമ്മളും ജെസിയും മാത്രെ ഉള്ളൂ.നമ്മള് കാര്യമെന്താണെന്നറിയാൻ വേണ്ടി മൂത്തുമ്മയോട് തിരക്കി. അപ്പൊ മൂത്തുമ്മ പറയാണ് താഴത്തെ ഗ്രൗണ്ടിലേക്ക് കളിക്കാൻ വേണ്ടി പോയിരിക്കുകയാണെന്ന്. അവരൊക്കെ പോകുമ്പോൾ നമ്മളെ കൊറേ വിളിച്ചതാണ്, നമ്മള് ഒറക്കമെണീറ്റില്ലെന്ന്.നമ്മളെ സ്വഭാവം നിങ്ങൾക്കും അറിയണതല്ലേ

പത്തു മണി ആവുമ്പോഴല്ലേ നമ്മക്ക് നേരം വെളുക്കുക.ജെസിയെയും കൂടെ വിളിച്ചതാണ് ഓള് പോയില്ലെന്ന്.അല്ലേലും ഓള് അതിനൊക്കെ പോവുമോ.വീട്ടിന്ന് പുറത്തേക്ക് ഇറങ്ങാത്ത സാധനമാണ്‌ ഓള്.ഞങ്ങളുടെ കൂടെ ഒരു കളിക്ക് വരെ അവള് കൂടില്ല.നമ്മളൊക്കെ കളിക്കുന്നത് നോക്കി ഇരിക്കാനേ ഓളെ കൊണ്ട് പറ്റുള്ളൂ.അമ്മാതിരി ടൈപ്പ് ആണ് നമ്മളെ ജെസി.എന്താണ് രാവിലെ തന്നെ അവരുടെ പ്ലാൻ എന്ന് നമ്മള് മൂത്തുമ്മയോട് ചോദിച്ചു.അവര് ക്രിക്കറ്റ്‌ കളിക്കാൻ പോയതാണെന്ന് മൂത്തുമ്മ പറയേണ്ട താമസം,നമ്മള് പല്ലും തേച്ച് ഡ്രെസ്സൊക്കെ മാറ്റി ഇറങ്ങി.നമ്മള് ഒരാൺകുട്ടിയായത് കൊണ്ട് തന്നെ ക്രിക്കറ്റ്‌നോട് വല്ലാത്ത മുഹബ്ബത്താണ് നമ്മക്ക്. നമ്മള് പോകുമ്പോൾ ജസിനെയും വിളിച്ചു.പിന്നേയ്,നിങ്ങളുടെ കൂടെ ക്രിക്കറ്റ്‌ കളിക്കാൻ നമ്മളെ കിട്ടൂലാ,നമ്മളൊരു പെൺകുട്ടിയാണെന്നും പറഞ്ഞ് അവള് ഒഴിഞ്ഞു മാറി.അയ്യടാ.ഒരു പെൺകുട്ടി വന്നിരിക്കുന്നു.നമ്മളോടാണ് ഓളുടെ കളി. നമ്മള് ഓളെയും വലിച്ചോണ്ട് താഴെ ഗ്രൗണ്ടിലേക്ക് പോയി. അവിടെ എത്തുമ്പോൾ പിള്ളേരൊക്കെ പൊരിഞ്ഞ കളിയിലാണ്. ജസിയാണെങ്കിൽ നമ്മളെ എന്തൊക്കെയോ പിറു പിറുത്തോണ്ട് അവിടെയൊരു കല്ലിൽ കയറി ഇരുന്നു.കളിചില്ലേലും സാരമില്ല

അവിടെ ഇരിക്കട്ടെ ഓളെന്ന് വിചാരിച്ച് നമ്മള് അവരുടെ കൂടെ കളിക്കാൻ ഇറങ്ങി.കളിച്ച് കളിച്ച് നമ്മളുടെ ബാറ്റിംഗ് നുള്ള ഊഴമാണ്‌.നമ്മള് ബോൾ നന്നായി പറപ്പിച്ചു വിട്ടു.ബോൾ പോകുന്നത് നമ്മളെല്ലാവരും നോക്കി നിന്നതാണ്.പക്ഷെ എവിടെക്കാണെന്ന് ഒരെത്തും പിടിയുമില്ല.നമ്മള് കൊറേ തപ്പി നോക്കി.എവിടെയും കാണുന്നില്ല.അപ്പോഴാണ് നമ്മള് ജസിയെ നോക്കിയത്.പെണ്ണ് നല്ല അവസ്ഥയിൽ നമ്മളെ നോക്കി ഹലാക്കിലെ ചിരിയാണ്.അയ്യടാ..നമ്മള് ഇത്രയൊക്കെ കഷ്ടപ്പെട്ടിവിടെ ഒരു സാധനം തിരഞ്ഞു നടക്കുമ്പോൾ പെണ്ണിരുന്ന് ചിരിക്കുന്നോ.അങ്ങനെ നീയിപ്പോ ചിരിക്കണ്ടടീ.നമ്മള് ഓളെയും വലിച്ചോണ്ട് ഗ്രൗണ്ടിലേക്ക് വന്നു. എന്നിട്ട് അവളോടും കൂടി ബോൾ നോക്കാൻ പറഞ്ഞു.നമ്മള് ഓളെ വിടില്ലെന്ന് ഓക്ക് നന്നായി അറിയുന്നത് കൊണ്ട് ഓളും കൂടി നമ്മളുടെ കൂടെ തപ്പാൻ.ബോൾ തപ്പി തപ്പി നമ്മക്ക് മടുത്തു.കുട്ട്യോൾ ആണെങ്കിൽ നമ്മളെ അസ്സല് തെറി വിളിക്കലും.നമ്മള് കുട്ട്യോളെയൊക്കെയൊന്നു സോപ്പിട്ട് നിർത്തി വീണ്ടും ബോൾ തപ്പാൻ തുടങ്ങി.ഗ്രൗണ്ടിന്റെ ഏകദേശം എല്ലാ ഭാഗവും നോക്കി കഴിഞ്ഞു.അവസാനം നമ്മളും ജസിയും കൂടി ഗ്രൗണ്ടിന്റ്റെ താഴേക്കുള്ള ഭാഗം കൂടി നോക്കാൻ തുടങ്ങി.

എന്റെ റബ്ബേ,ഇവിടുന്ന് എങ്കിലും കിട്ടിയാൽ മതിയായിരുന്നു.ഇല്ലെങ്കിൽ ആ പിള്ളേരൊക്കെ കൂടി ഇപ്പൊത്തന്നെ നമ്മളെ ഇവിടെ എവിടേലും കെട്ടി തൂക്കും.നമ്മള് അവറ്റകളെയും പ്രാകിക്കൊണ്ട് നടക്കുന്നത് കണ്ടിട്ട് ജസി നന്നായി ചിരിക്കുകയാണ്. ഓൾടെ ചിരി എന്തിനാണെന്ന് നമ്മക്ക് മനസ്സിലായി. നമ്മള് ജസിനോട് അവിടെയൊക്കെ ശെരിക്ക് നോക്കാൻ പറഞ്ഞിട്ട് ഗ്രൗണ്ടിന്റ്റെ താഴേക്ക് ഇറങ്ങി. നമ്മള് കളിക്കുന്ന ഗ്രൗണ്ടിന്റ്റെ ഒപോസിറ്റ് വേറെയും ഒരു ഗ്രൗണ്ടുണ്ട്. അത് വലിയവർക്കുള്ള ഭാഗമാണെന്ന ജസി പറഞ്ഞത്. അവിടെ കളിക്കാൻ വന്നവരുടയൊക്കെ വണ്ടി നിർത്തിയിട്ടിരിക്കുന്നത് നമ്മടെ ഗ്രൗണ്ടിന്റ്റെ താഴെയാണ്. നമ്മള് ഗ്രൗണ്ടിന്റ്റെ താഴേക്കിറങ്ങി അവിടെ നിർത്തി ഇട്ടിരിക്കുന്ന ഒരു കാറിന്റെ ഡോറും ചാരി നിന്നു. നമ്മക്കൊന്നും വയ്യാല്ലോ., ഒരു ബോളിന് വേണ്ടി ഇത്രേക്കേ തപ്പാനൊന്നും. നമ്മളെ സ്വർണത്തിന്റ്റെ റിങ് കളഞ്ഞിട്ട് പോലും നമ്മള് ഇങ്ങനെ കഷ്ടപ്പെട്ട് നോക്കീട്ടില്ല. പിന്നെയല്ലേ ഇത്. വേണമെങ്കിൽ അവര് നോക്കട്ടെ. പിന്നെ ജസി നോക്കുന്നുണ്ടല്ലോ. അത് മതി.

അവളന്വേഷിക്കട്ടെ.ഓൾക് കിട്ടുമ്പോൾ ഓള് നമ്മളെ വിളിച്ചോളും.അതുവരെ നമ്മളിവിടെ റസ്റ്റ്‌ എടുക്കട്ടെന്നും വിചാരിച്ച് നമ്മള് നന്നായി കാറും ചാരി നിന്നു.ഹോ, നിന്നിട്ടും വയ്യാലോ.എത്ര നേരാന്ന് വെച്ചാ ഇങ്ങനെ നിക്കാന്ന് വിചാരിച്ചു നമ്മള് കാറിന്റെ മണ്ടയിൽ കേറിയിരുന്നു.കുറച്ച് കഴിയുമ്പോൾ ഉണ്ട് ജസിടെ വിളി. "നൂറാ..കിട്ടിയെടീ..ബോൾ കിട്ടി...." ഹൂ.ഒരു ബോളല്ലേ.അതിനാണോ ഇവളിങ്ങനെ കിടന്ന് തൊള്ള കീറുന്നത്. എന്നാലും നമ്മക്ക് സമാധാനമായി. കിട്ടിയല്ലോ. ഇല്ലെങ്കിൽ ആ കുട്ടിപ്പിശാചുക്കള് നമ്മടെ നെഞ്ചത്തേക്ക് ചവിട്ടി കേറിയെനെ. നമ്മള് നോക്കുമ്പോൾ ജസി നമ്മളെയും നോക്കിക്കൊണ്ട് ഗ്രൗണ്ടിലൂടെ ഓടി വരുന്നുണ്ട്.ഗ്രൗണ്ടിന്റ്റെ അറ്റത്തെത്തുമ്പോഴാണ് ഓള് നമ്മളെ കാണുന്നത്. നമ്മളെ കണ്ട ഓള് അവിടെ തന്നെ സ്റ്റോപ്പ്‌ ആയി. ഓൾടെ മുഖത്തെ ആ പാൽപുഞ്ചിരി മാഞ്ഞിട്ട് പകരം ദേഷ്യം കേറുന്നുണ്ട്. എങ്ങനെ കേറാണ്ടിരിക്കും. അമ്മാതിരി പണിയല്ലേ നമ്മള് ഒപ്പിച്ചു വച്ചത്. ഓള് അവിടെ നിന്ന് തന്നെ തൊള്ള കീറി പറയാ: "ഡീ ദുഷ്ടേ, കൊല്ലുവെടീ നിന്നെ ഞാനിന്ന്.നമ്മളെ ഇവിടെ ബോൾ നോക്കാനേൽപ്പിച്ചിട്ട് നീ പോയി ബെൻസ്ന്റ്റെ മോളിൽ കുറ്റിയടിച്ചിരിക്കുവാണോ.

കാണിച്ചു തരാടീ കൂറേ അനക്ക് ഞാൻ" നല്ല കട്ട കലിപ്പിൽ ഇത്രയും പറഞ്ഞ് തീർത്തു പെണ്ണ് ഓൾടെ കയ്യിലുണ്ടായിരുന്ന ബോൾ നമ്മക്ക് നേരെ എറിഞ്ഞു. ഓൾടെ ബോളിങ്ങ് കണ്ട് ഇത്രേം വൃത്തിക്ക് ക്രിക്കറ്റ്‌ കളിക്കുന്ന നമ്മള് വരെ കണ്ണും തളളി ബോളും നോക്കിയിരുന്നു. ഇത്ര നന്നായിട്ട് ബോൾ ചെയ്യാനറിഞ്ഞിട്ടാണോ ഇവള് ഞങ്ങളുടെ കൂടെ കളിക്കാൻ വരാത്തത്. ഇനി ഇവളെയും കൂടി കൂട്ടിയിട്ടേ കാര്യമുള്ളു. ഹാ, അതൊക്കെ ഇനി ബോൾ കിട്ടിയിട്ടല്ലേ. ഇപ്പൊ ഓള് നമ്മക്ക് നേരെ എറിഞ്ഞ ബോളിന്റ്റെ കാര്യമെന്തായിന്ന് നോക്കാം. ആ ബോൾ കറക്റ്റ് നമ്മളെ മണ്ടക്ക് തന്നെ വീഴുമെന്ന് ഉറപ്പായ നമ്മള് കാറിന്റെ മോളിന്ന് താഴേക്ക് ചാടി.

പക്ഷെ ഓൾടെ പറപ്പിക്കൽ നമ്മള് വിചാരിച്ചതിലും മേലെയായിരുന്നു.കേട്ടിട്ടില്ലേ,അതുക്കും മേലെന്ന്.ദാ ഇപ്പൊ ആ അവസ്ഥയിലാണ് നമ്മള്.ഇതെവിടെക്കാ ശൂന്യാകാശത്തേക്ക് വിട്ട പോലെ ഈ പോക്ക് പോകുന്നതെന്ന് കരുതി നമ്മള് വായും തുറന്ന് മുകളിലേക്ക് നോക്കി നിന്നു.നമ്മളെ അതേ അവസ്ഥയിൽ തന്നെയാണ് ജസിയും.ഓൾടെ ഏറിന്റ്റെ പവർ കണ്ട് ഓളും വാ പൊളിച്ച് മുകളിലേക്ക് നോക്കി നിൽക്കുകയാണ്.ബോൾ മുകളിന്ന് താഴേക്ക് വരുന്നതിനനുസരിച്ച് നമ്മളും അതേ ദിശയിലേക്ക് നോക്കി നിന്നു.ഇനിയിപ്പോ ഒരിക്കൽ കൂടി ആ സാധനം കാണാതായാൽ നമ്മളെ കൊണ്ടാവൂലാ തപ്പി നടക്കാൻ.ജസി നമ്മളെ ഇനി ഹെല്പ് ചെയ്യുവുമില്ല.ഇതുവരെ ആ സാധനം താഴേക്ക് ലാൻഡിംഗ് ആയിട്ടില്ല.നമ്മള് അതിന്റെ ലാൻഡിംങ്ങും പ്രതീക്ഷിച്ച് മുകളിന്ന് താഴേക്ക് നോക്കുന്നതിന് മുന്നേ നമ്മളെ മുന്നിൽ നിന്ന് പടച്ചോനെന്നൊരു വിളിയായിരുന്നു. "പടച്ചോനെ.......... " ....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story