💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 11

khalbil nee mathram

രചന: ഷംസീന ഫിറോസ്

"പടച്ചോനെ........ !!!!!" ഇതിപ്പോ ആരാ നമ്മളെ പടച്ചോനെയൊക്കെ വിളിക്കുന്നതെന്ന് കരുതി ആ വിളികേട്ട ഭാഗത്തേക്ക് നമ്മളും കൂടി നോക്കി. അങ്ങോട്ടേക്ക് നോക്കിയ നമ്മളെ ബാല്യവും കൗമാരവും യവ്വനവും എന്തിന് മ്മളെ വാർദ്ധക്യം വരെ പകച്ചു പണ്ടാറടങ്ങി പോയി.എന്നാലും എന്റെ ജസിയെ നീയൊക്കെ ക്രിക്കറ്റ് കളിക്കാതെ അവസ്ഥ ഇതാണെങ്കിൽ കളിച്ചു പ്രാക്ടീസ് ഉണ്ടായിരുന്നെങ്കിൽ എന്താവുമായിരുന്നു. എന്നാലും നിന്റെ ഉന്നം നമ്മള് സമ്മതിച്ചു തന്നിരിക്കുന്നു. ആരാ എന്താന്ന് ഒക്കെ അറിയാത്ത ഒരു മനുഷ്യന്റ്റെ മണ്ടക്കാണ് ഓൾടെ ബോൾ വന്ന് ലാൻഡ് ചെയ്തിട്ടുള്ളത്. അതും നമ്മളുടെ തൊട്ട് മുന്നിൽ. നമ്മക്ക് എന്താ ചെയ്യേണ്ടതെന്ന് ഒരു നിവർത്തിയും കിട്ടുന്നില്ല. നമ്മളെ മുന്നിൽ നിൽക്കുന്ന ആളാണെങ്കിൽ തലയും തടവിക്കൊണ്ട് നാല് ഭാഗത്തെയ്ക്ക് നോക്കുന്നുണ്ട്. അപ്പൊ ഇയാൾക്കും അറിഞ്ഞിട്ടില്ലേ സംഭവമെന്താണെന്ന്.?? നമ്മള് ചുറ്റുമൊന്നു നോക്കി. എന്നാലും ആ ബോൾ എവിടെ? ഉണ്ട്. അവിടെത്തന്നെ ഉണ്ട്. അയാൾടെ തൊട്ട് മുന്നിലുണ്ട്. പണി കിട്ടി. നമ്മക്ക് പണി കിട്ടി.

അയാളാണെങ്കിൽ ആ ബോൾ കണ്ടിട്ടുമുണ്ട്. നമ്മള് പതിയെ സ്കൂട്ട് ആവാന്നു കരുതി അവിടുന്ന് തിരിയലും പുറകിന്നൊരു അലർച്ച. "ഡീ നിക്കെടീ അവിടെ...!!" എന്റെ റബ്ബി.അവിടെ നിന്ന് പോകാൻ നിന്ന നമ്മള് അയാളുടെ അലർച്ച കേട്ട് അതേ സ്പോട്ടിൽ അയാളെ നേരെ തിരിഞ്ഞു നിന്നു.അയാളാ ബോളും പിടിച്ച് നമ്മളെ രൂക്ഷമായി നോക്കിക്കൊണ്ട് നിൽക്കുകയാണ്.ഹോ ഭാഗ്യം അയാളുടെ മണ്ട പൊട്ടിയില്ല. നമ്മള് വിചാരിച്ചത് അയാളുടെ കാറ്റ് പോവുമെന്നാ. അല്ല, അങ്ങനെത്തെ അഡാർ റണ്ണിങ്ങും ലാൻഡിംങ്ങും ആയിരുന്നു ജസിയുടെ ബോളിങ്ങിന്റ്റെത്.നമ്മള് അയാളുടെ മുന്നിൽ നിന്ന് പരുങ്ങി ചുറ്റുമൊന്നു നോക്കി.ജസീ അവിടെത്തന്നെയുണ്ട്.ഓളാണെങ്കിൽ ഡമ്മിയായ അവസ്ഥയിലാണ്.ഓള് നമ്മളെ നോക്കി ഇങ്ങോട്ടേക്കു വാടിന്നൊക്കെ കൈകൊണ്ട് ആങ്ങിയം കാണിക്കുകയാണ്.നമ്മളെ ഈ കുരുക്കിലിട്ട് അവളെങ്ങാനും മുങ്ങുമോ എന്നതാണ് നമ്മളുടെ പേടി.ഏതായാലും അവള് നമ്മളുടെ അത്ര കൂതറയല്ലാത്തതുകൊണ്ട് സ്വന്തം തടി നോക്കി പോവില്ല.

ജസി നമ്മളെ നോക്കി അവളടുത്തേക്ക് വിളിക്കുമ്പോൾ നമ്മള് ഓളെ നമ്മളെയടുത്തേക്ക് വിളിച്ചു. ഇവിടെ നമ്മളെ മുന്നിലുള്ള ആളാണെങ്കിൽ നമ്മളെയും നമ്മള് നോക്കുന്ന ഭാഗത്തേക്കും മാറി മാറി നോക്കി കയ്യിലെ പന്തും വട്ടം കറക്കിക്കൊണ്ട് നമ്മളെ തൊട്ടു മുന്നിൽ വന്ന് നിന്നു. നമ്മള് അയാളെ നോക്കി ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ് ഉള്ളത്. ആളുടെ മുഖം കാണുമ്പോൾ ഒരു പാവത്താന്റ്റെ ലക്ഷണമുണ്ടെങ്കിലും മണ്ടക്കു കിട്ടിയ ഏറിന്റ്റെ ദേഷ്യം എന്തായാലും കാണുവല്ലോ. "ഡീ ആരാടി നീീ.. എന്നെ കൊല്ലാൻ ആരുടെ കൊട്ടേഷൻ വാങ്ങിയുള്ള വരവാടി നിന്റേത്?? " അപ്രതീക്ഷിതമായ അയാളുടെ ചോദ്യം കേട്ട് നമ്മള് ഇടി വെട്ടിയ അവസ്ഥയിലായിപ്പോയി. ഇതെന്തു കൂത്ത്. എന്താ ഏതാന്നൊക്കെ അറിയാതെ ആള് നമ്മളെ മെക്കിട്ട് കേറുകയാണ്. പിന്നെ ഒരു പന്ത് വീഴുമ്പോഴേക്കും വടിയാവാൻ ഇയാളെന്താ എലിക്കുഞ്ഞോ??അയാളുടെ ചോദ്യം നമ്മക്ക് തീരെ ദഹിച്ചില്ല. അതിനു കാരണവും ഉണ്ടല്ലോ. നമ്മളൊന്നും ചെയ്തിട്ടില്ലല്ലോ. അറ്റ്ലീസ്റ്റ് കാര്യമെന്താണെന്ന് എങ്കിലും ഇയാൾക്കൊന്നു ചോദിച്ചുടെ.

"ഡീ എന്റെ തലയ്ക്ക് ഉന്നം വെച്ചിട്ട് ബോധം പോയത് നിന്റെയാണോ. ആരാടി നീ. ചോദിച്ചത് കേട്ടില്ലേ? ആര് പറഞ്ഞിട്ടാ എന്നെ കൊല്ലാൻ നോക്കിയതെന്ന്?? " ദേ, പിന്നെയും അയാൾ അതുതന്നെ ചോദിക്കുകയാണ്. ഇപ്രാവശ്യം നമ്മള് വായ തുറക്കാൻ തീരുമാനിച്ചു. "ഞാനാരായാലും തനിക്ക് എന്താടോ. ഇയാളെന്താ പറഞ്ഞത്, തന്നെ ഞാൻ കൊല്ലാൻ നോക്കിയെന്നോ. അയ്യടാ.. കൊല്ലാൻ പറ്റിയൊരു മൊതല്. തന്നെ കൊന്നിട്ട് എനിക്കെന്തു കിട്ടാനാ..?പിന്നെ ഒരു പന്ത് വന്ന് മണ്ടക്ക് വീണാൽ പോകുന്ന കാറ്റേ തനിക്കുള്ളൂ" നമ്മളെ ഡയലോഗ് കേട്ട് ആള് വണ്ടറടിച്ചു നിൽക്കുകയാണ്. തെറ്റ് ചെയ്തതും പോരാഞ്ഞിട്ട് നമ്മള് നിന്ന് പ്രസങ്ങിക്കുകയാണോന്നായിരിക്കും ഇപ്പൊ അയാൾ ചിന്തിക്കുന്നത്. പക്ഷെ കാര്യം നമ്മക്കല്ലേ അറിയുള്ളു. നമ്മളങ്ങനെയാണ്, നമ്മള് ചെയ്യാത്ത കാര്യത്തിന് നമ്മളെ നേരെ ചൊറിയാൻ വന്നാൽ നമ്മളും വിട്ടുകൊടുക്കില്ല. "ഓഹോ. തെറ്റ് ചെയ്തതും പോരാ, എന്നിട്ട് അവള് നിന്ന് പ്രസങ്ങിക്കുകയാണ്" ആഹാ.

എന്തോരു മനപ്പൊരുത്തം.നമ്മള് വിചാരിച്ച അതേ ചോദ്യം. ആൾക്ക് കലിപ്പ് കേറിയിട്ടുണ്ട്. "ഡോ, ഇയാള് പന്ത് വീഴണതല്ലേ കണ്ടുള്ളൂ. ഞാൻ എറിയുന്നത് കണ്ടോ? കണ്ടോന്ന്??ഇല്ലല്ലോ. പന്ത് വീഴുന്നതും കണ്ടില്ലല്ലോ. തലയിൽ കൊള്ളുമ്പോഴല്ലേ അറിഞ്ഞത്. ഒരു പക്ഷെ വേറെ എവിടുന്നേലും ആയിക്കൂടെ അത് വന്നത്. എന്നിട്ട് കാര്യമൊന്നും അറിയാതെ എന്നെ ക്യുഎസ്ടിയൻ ചെയ്യാൻ വന്നിരിക്കുന്നു" "ആഹാ, പെണ്ണ് ആള് കൊള്ളാല്ലോ. ഡീ ഇത് നീയെറിഞ്ഞിട്ട് എന്റെ മണ്ടക്ക് വന്നു വീണതാണെന്ന് മനസ്സിലാക്കാൻ എനിക്ക് ഐസക് ന്യൂട്ടന്റെ അത്രേം ബുദ്ദിയൊന്നും വേണ്ട. ഓക്കേ. ഫൈൻ. എന്നാൽ നിയല്ല ചെയ്തത്. എങ്കിൽ പറ, എന്റെ വണ്ടീടെ അടുത്ത് നിനക്കെന്താ കാര്യം. എന്തെടുക്കുവാ നീ ഇവിടെ. ഇനി എനിക്കിട്ട് പണിഞ്ഞതു പോലെ എന്റെ വണ്ടിക്കിട്ട് പണിയാൻ വന്നതാണോ" ഹാവൂ. നമ്മള് ഏതായാലും പെട്ടു. പക്ഷെ നമ്മളല്ലല്ലോ എറിഞ്ഞത്.ഒന്നും പറയാനും കിട്ടുന്നില്ല.ഇയാളുടെ വണ്ടിന്റ്റെ അടുത്ത് നിന്നതിനു ഇത്രയൊക്കെ ആണെങ്കിൽ നമ്മള് അതിന്റെ മോളിൽ സുഖമായിരുന്ന് കാറ്റ് കൊള്ളുകയായിരുന്നു എന്ന് പറഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കും.

അതുകൊണ്ട് എസ്‌കേപ്പ് ആവാൻ ഒരു വഴിയേ ഉള്ളൂ.നമ്മക്ക് ആണെങ്കിൽ വെറുതെ ഓടി രക്ഷപ്പെടാനും വയ്യ. പന്ത് വേണമല്ലോ. അതില്ലാതെ അവിടേക്ക് ചെന്നാൽ ആ കുട്ടിഭൂതങ്ങള് നമ്മളെ പിടിച്ചു വിഴുങ്ങും. അതിലും നല്ലത് ഈ രാക്ഷസന്റ്റെ മുന്നിൽ നിൽക്കുന്നത് തന്നെയാ. ഹേയ്, രാക്ഷസനോ. കാണുമ്പോൾ അങ്ങനെയൊന്നും തോന്നുന്നില്ലാട്ടോ. നല്ല ഐശ്വര്യമുള്ള മുഖം. പക്ഷെ ഇപ്പോഴത്തെ ഈ ചൂട് അത് നമ്മളെ കയ്യിലിരിപ്പ് കൊണ്ട് തന്നെയല്ലേ. നമ്മള് അയാളെയൊന്നു ദയനീയമായി നോക്കി. എന്നിട്ട് ബാക്കിലേക്ക് തിരിഞ്ഞു നോക്കി. ജസി അവിടെത്തന്നെയുണ്ടോ. അല്ല ഓടിയോ. ഇല്ല, ഓടിയിട്ടില്ല. ഓള് നമ്മളെ നോക്കി ആകെ വെപ്രാളപ്പെടുന്നുണ്ട്. നമ്മള് വീണ്ടും അയാളുടെ നേരെ തിരിഞ്ഞ് നിന്നു. എന്നിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ ജസിയെ ചൂണ്ടിക്കാട്ടി പറഞ്ഞു.

"അത്....അത് ഞാനല്ല.അവളാണ് പന്ത് എറിഞ്ഞത്.എനിക്കൊന്നുമറിയില്ല." നമ്മള് നല്ല വിഷമ ഭാവമൊക്കെ നമ്മളെ മുഖത്ത് ഫിറ്റ് ചെയ്ത് കൊണ്ട് ഇപ്പൊ കരയുമെന്ന അവസ്ഥയിൽ അയാളുടെ മുന്നിൽ നിന്നു. "ഓഹോ.അപ്പൊ നീ ഒറ്റയ്ക്കല്ലേ.കൂട്ടത്തോടെ ഇറങ്ങിയാതാണോ എന്നെ കൊല്ലാൻ വേണ്ടി" ശോ!ഇത് വല്യ കഷ്ടമായല്ലോ. ഇതെന്തൊരു മാരണമാണ്‌. ഇയാളെന്തൊക്കെയാ പറയുന്നത്. എന്ത് പറഞ്ഞാലും നമ്മള് ഇയാളെ കൊല്ലാൻ നോക്കി എന്നല്ലാതെ വേറെയൊന്നും പറയാനില്ല. സാരമില്ല നൂറ, കൂൾ. സോഫ്റ്റ്‌ ആയി പെരുമാറിക്കോ. ഇല്ലെങ്കിൽ നോ വഴി ടു എസ്‌കേപ്പ്. നമ്മള് വീണ്ടും നല്ല വിഷമത്തിൽ തന്നെ പറഞ്ഞു. "ഞാനല്ല, അവളാണ്." എങ്ങനെ എങ്കിലും ഒന്നു രക്ഷപ്പെടാന്ന് കരുതി നമ്മളങ്ങനെയൊക്കെ പറയുമ്പോൾ അയാളുടെ പ്രതികരണം ദേ ഇങ്ങനെയാണ്. "ഓക്കേ. എന്നാൽ ശെരി. അവളെ ഇങ്ങോട്ടേക്കു വിളിക്ക്. ഞാൻ ചോദിക്കട്ടേ എന്തിനാ എന്നെ എറിഞ്ഞതെന്ന്" ഹോ. ഇയാളുടെ തലയ്ക്കു ശെരിക്കും ഓളമാണോ, അല്ല ഇനി പന്ത് വീണ് തല തിരിഞ്ഞോ.

ഇയാളെ എറിഞ്ഞതാണെന്ന് ആരാ പറഞ്ഞെ. നമ്മള് എന്തോ മനപ്പൂർവം ചെയ്ത പോലെയാണല്ലോ ഇയാളുടെ പറച്ചില്. "അത്... അതവള് നിങ്ങളെയല്ല എറിഞ്ഞത്, എന്നെയാണ്.പൊസിഷൻ മാറി വീണതാ.അല്ലാതെ മനപ്പൂർവം നിങ്ങളുടെ മണ്ടക്ക് നോക്കി എറിഞ്ഞതല്ല.സോറി.ആ ബോൾ ഒന്ന് തന്നിരുന്നെങ്കിൽ നമ്മള് പോവുമായിരുന്നു." നമ്മള് നല്ല സ്മൂത്ത്‌ ആയി ഇത്രയും പറഞ്ഞ് ഒപ്പിച്ചു. "ആഹാ അറിയാതെ പറ്റിയതാണോ.പന്ത് വേണോ.ഇതാ നിന്റെ പന്ത്.അല്ലേലും എനിക്കൊന്നും വേണ്ടാ നിങ്ങളെ പന്ത്." എന്നും പറഞ്ഞ് അയാള് നമ്മളെ നേരെ ബോളും നീട്ടിക്കൊണ്ട് വന്നു.എന്നിട്ട് നമ്മള് നേരത്തെ നിന്ന പോലെ നമ്മളെ തൊട്ടു മുന്നിലായി കാറും ചാരി നിന്നു.നമ്മള് ബോൾ വാങ്ങാൻ കൈ നീട്ടിയതും അയാള് കൈ പിന്നോട്ട് വലിച്ചു.നമ്മള് എന്തായി.ഹാ അതുതന്നെ.സസി.നമ്മള് അയാളുടെ പ്രവൃത്തി കണ്ട് വായും പൊളിച്ചു അയാളെ നോക്കുമ്പോൾ അയാള് നിന്ന് ചിരിക്കുകയാണ്.പോരാത്തതിന് നമ്മളെ ബോൾ കയ്യിലിട്ട് കറക്കിക്കൊണ്ട് നമ്മളെ മുഖത്തേക്ക് നോക്കുന്നുണ്ട്.

നമ്മക്ക് ഇതൊക്കെ കണ്ടിട്ട് നല്ല ദേഷ്യം കേറി. നമ്മള് കുറച്ച് കലിപ്പിൽ അയാളുടെ നേരെ കൈ നീട്ടി വീണ്ടും ചോദിച്ചു : "ബോൾ... " അയാൾ ഇത് കേൾക്കാത്ത ഭാവത്തിൽ പിന്നെയും ബോൾ കറക്കിക്കൊണ്ട് നമ്മളെ മുഖത്തേക്ക് നോക്കി ചിരിക്കുകയാണ്. സംഭവം അയാൾടെ ചിരി കണ്ടിട്ട് നമ്മക്കും നമ്മളുടെ ദേഷ്യമൊക്കെ കുറയുകയാണ്. അത്രയ്ക്കും മൊഞ്ചാണ് അയാൾടെ ആ ചിരി. നമ്മളതൊന്നും കാര്യമാക്കാതെ വീണ്ടും കുറച്ചൂടി ദേഷ്യത്തിൽ ചോദിച്ചു: "ഡോ, അത് തരാനാ പറഞ്ഞത്. അറിയാതെ പറ്റിയതല്ലേ. സോറിയും പറഞ്ഞതല്ലേ. ഇനിയെന്താ വേണ്ടത്. " അയാള് പിന്നെയും ചിരിച്ചോണ്ട് നമ്മളെ തന്നെ നോക്കി. നമ്മക്ക് ആണെങ്കിൽ ഇപ്പൊ അയാളുടെ ചിരി കാണുമ്പോൾ ദേശ്യം വരികയാണ്. നമ്മളവിടുന്ന് തിരിഞ്ഞ് ജസിയെ നോക്കികൊണ്ട് നിന്നു.ഓളാണെങ്കിൽ അവിടെ നിന്ന് നമ്മളെ മരണ വിളിയാണ്.അപ്പോഴാണ് ഇവിടെ ഒരാളുടെ ശബ്‌ദം: "ഡോ താനല്ലല്ലോ പന്തെറിഞ്ഞത്.പിന്നെ താനെന്തിനാ സോറി പറയുന്നത്.അതുകൊണ്ട് പന്ത് എറിഞ്ഞയാളെ തന്നെ വിളിക്ക്.തെറ്റ് ചെയ്തയാൾ തന്നെ സോറി പറയട്ടെ എന്നാൽ തരാം നിങ്ങളുടെ പന്ത്.അല്ലാതെ എനിക്കൊന്നും വേണ്ടാ ഇത്"

എന്റെ റബ്ബി.ഇയാളെവിടുന്ന് കെട്ടിയെടുത്തതാണോ എന്തോ.ഈ രാവിലെ തന്നെ നമ്മക്ക് പണിയുണ്ടാക്കാനായിട്ട്.പെട്ടുപോയി.ഇനി ജെസിയെ വിളിച്ചിട്ട് തന്നെ കാര്യം.അവള് വന്നാലെ വല്ലതും നടക്കുള്ളൂന്ന് കരുതി നമ്മള് അയാളെ നോക്കി തലയാട്ടിക്കൊണ്ട് തിരിഞ്ഞ് നിന്ന് ജെസിയെ വിളിച്ചു.അവള് നമ്മളെ നോക്കി എന്തൊക്കെയോ കോപ്രായങ്ങൾ കാണിക്കുന്നുണ്ടെന്നല്ലാതെ നിന്നിടത്ത് നിന്നും ഒരടി പോലും അനങ്ങുന്നില്ല.ഓളുടെ ഈ കളിയൊക്കെ കണ്ട് നമ്മക്ക് മൊത്തത്തിൽ കേറിയില്ലേ ദേഷ്യം.ആ കലിപ്പിൽ നമ്മള് നിന്നിടത്ത് നിന്നും വിളിച്ച് കാറി. "ഡീ ജെസിയെ,ഇങ്ങോട്ട് വാടി,എല്ലാം ഒപ്പിച്ചു വെച്ചതും പോരാ,എന്നിട്ട് അവിടെ നിന്ന് ആങ്ങിയം കാണിക്കുന്നോ.ഒന്ന് വാടി കഴുതേ" നമ്മളെ വിളിച്ചു കൂവൽ കേട്ട് പെണ്ണ് പിന്നെയവിടെ നിന്നില്ല.നേരെ ഗ്രൗണ്ടിനു താഴേക്ക് ഇറങ്ങി നമ്മളെ ലക്ഷ്യമാക്കി നടന്നു.കള്ള് കുടിച്ച് മത്ത് കേറിയ അവസ്ഥയിലാണ് ഓൾടെ വരവ്.കയ്യും കാലും വിറച്ചോണ്ട് ആടിക്കൊണ്ട് വരികയാണ് പോത്ത്.

ഓളുടെ ഈ വരവ് ഒക്കെ കണ്ട് നമ്മക്ക് പിന്നെയും പെരുത്ത് കേറിയില്ലേ കലിപ്പ്.നമ്മള് പിന്നെയും എന്തൊക്കെയോ അലറി വിളിച്ചു.നമ്മളെ അലറലും ഓൾടെ വരവുമൊക്കെ കണ്ട് ഇവിടെ ഒരാള് ചിരിച്ച് മയ്യത്ത് ആവുന്നുണ്ട്.നമ്മള് അയാളെ നോക്കി കണ്ണുരുട്ടുമ്പോൾ അയാള് നമ്മളോട് പുരികം പൊക്കി എന്തേ ന്ന് ചോദിച്ചു.നമ്മക്ക് തന്റെ കൊട്ടത്തലാന്ന് പറയാൻ വേണ്ടി നാവ് പൊങ്ങിയതാണ്.എന്നാലും പറഞ്ഞില്ല.അടങ്ങി നിന്നല്ലേ പറ്റൂ.ജെസി നമ്മളെ അടുത്ത് വന്ന് നമ്മളെ കയ്യും ചേർത്ത് പിടിച്ച് നമ്മളെ ചേർന്നു നിന്നു.ഓൾടെ ധൈര്യം എത്രത്തോളമുണ്ടെന്ന് ഇപ്പൊ നിങ്ങൾക്കൊക്കെ ഒരു ഐഡിയ കിട്ടിക്കാണുമല്ലോ. നമ്മള് ഓളെ നോക്കിയൊന്നു കണ്ണടച്ച് കാണിച്ചിട്ട് പിന്നെയും അയാളുടെ മുഖത്തേക്ക് നോക്കി.അയാൾ ആണെങ്കിൽ ജെസിയുടെ മുഖത്തേക്ക് നോക്കി കാറ്റ് പോയ അവസ്ഥയിൽ നിൽക്കുകയാണ്. കണ്ണ് എടുക്കാതെ ഓളെ നോക്കി നിൽക്കുകയാ.അവളാണെങ്കിൽ എങ്ങോട്ടും നോക്കാതെ താഴേക്ക് നോക്കി നിൽക്കുന്നുണ്ട്.

"ഡോ,ഇവള് വന്നില്ലേ.ഇവള് സോറി പറഞ്ഞാൽ താനാ പന്ത് തരുവോ.അല്ല ഇനി ഇതും കഴിയുമ്പോൾ ഈ പന്ത് ഉണ്ടാക്കിയവനെ കൊണ്ട് വരണമെന്നും അയാളും കൂടെ സോറി പറഞ്ഞാലേ തരുള്ളൂന്നൊക്കെ പറയുമോ?" നമ്മളെ ശബ്‌ദം കേക്കുമ്പോഴാണ് അയാള് ജെസിടെ മുഖത്തുന്ന് കണ്ണ് എടുക്കുന്നത്.അതും ഒരു ഞെട്ടലോടെ നമ്മളെ നോക്കി കൊണ്ട്.ചെഹ്.ഇയാളെന്തൊരു ടൈപ്പ് ആണ്.ജെസിടെ അടുത്ത്ന്ന് അറിയാതെയാണ് പന്ത് ഇയാളുടെ മണ്ടക്ക് വീണത്.ഇനി നമ്മള് അറിഞ്ഞോണ്ടാവും അത് ചെയ്യുക.അതും വല്ല തേങ്ങയോ ചക്കയോ മറ്റും വെച്ച്. "ഹാ,ഓക്കേ.എന്നാൽ ഇവള് പറയട്ടെ.ഇവള് പറഞ്ഞാൽ തരാം." അയാൾ ഒരു കള്ളച്ചിരിയോടെ ജെസിയെ നോക്കി പറഞ്ഞു.ഓള് ഇപ്പോഴും താഴേക്ക് നോക്കി നിൽക്കുകയാണ്. "ഡീ ജെസിയെ,അനക്ക് എന്താടി അവിടെയുള്ളത്.ഇങ്ങോട്ടേക്കു നോക്കെടി.

ദേ ഇയാളോട് ഒരു സോറി പറഞ്ഞാട്ടെ.ആ കുട്ട്യോളവിടെ നമ്മളെയും തിരഞ്ഞു നടക്കുന്നുണ്ടാവും." നമ്മള് ഇത്രയും പറഞ്ഞു തീർന്നിട്ടും പെണ്ണ് നമ്മളെ മുഖത്തേക്കല്ലാതെ വേറെ എവിടേക്കും നോക്കുന്നില്ല.ഇവിടെ ഒരാൾ ആണെങ്കിൽ ഓളുടെ മുഖത്ത്ന്ന് കണ്ണ് എടുക്കുന്നുമില്ല.ഇവളൊരു സോറിയും പറഞ്ഞ് നമ്മളിവിടുന്ന് തടി കയ്ച്ചിലാക്കുമ്പോൾ വർഷം ഒന്ന് കഴിയുമല്ലോ പടച്ചോനെ. "ഡീ ജസി,നിയെന്താ ഫ്യൂസ് പോയ പോലെ നിക്കുന്നത്.ഒരു സോറി പറയാനല്ലേ പറഞ്ഞുള്ളൂ.ഇങ്ങനെ ഇവിടെ നിക്കാനാണോ നിന്റെ ഉദ്ദേശം.എന്നാൽ നീ ഇവിടെതന്നെ നിന്നോ.നിനക്ക് സൗകര്യം വരുമ്പോൾ സോറിയും പറഞ്ഞ് ബോളും വാങ്ങിച്ചു വന്നാൽ മതി.ഞാൻ പോകുവാ " ന്നും പറഞ്ഞ് മ്മള് തിരിഞ്ഞു.അപ്പോഴേക്കും ജസി നമ്മളെ കയ്യിൽ പിടിച്ചു നിർത്തി.എന്നിട്ട് അയാളുടെ മുഖത്തേക്ക് നോക്കാതെ താഴേക്ക് നോക്കി തന്നെ പറഞ്ഞു: "അ..അത്.....ഞാ.....ഞാൻ അറിയാ... സോ...സോറി.." ഹൂ.ഇവളാരെയാണ് ഇങ്ങനെ പേടിക്കുന്നത്.ഈ കൊരങ്ങനെയാണോ.

"ഡോ,സോറി പറഞ്ഞില്ലേ.ഇനിയാ പന്ത് തന്നേ.നമ്മക്ക് പോവാനുള്ളതാ..." നമ്മള് പറയുന്നത് അയാൾ കേൾക്കുന്നുണ്ടെങ്കിലും കണ്ണ് ജെസിയുടെ മുഖത്തേക്കാണ്.നമ്മള് അയാളെ തന്നെ രൂക്ഷമായി നോക്കി നിന്നു.അപ്പൊ അയാള് നമ്മളെ നോക്കി ചോദിക്കുകയാ: "സോറി പറഞ്ഞോ.ആര്??ഇവളോ??എപ്പോ.എന്നിട്ട് ഞാൻ കേട്ടില്ലല്ലോ?" പടച്ചോനെ പന്ത് തലയ്ക്കു വീണ് കാറ്റും വിവരവും പോവാത്ത ഇയാളുടെ ബോധം പോയത് ജെസിയെ കണ്ടപ്പോൾ ആണല്ലോ. "ഡോ താനെന്താ കളിക്കാ.താടോ ഞങ്ങളെ ബോൾ.നാണമാവുന്നില്ലേ ഇയാക്ക് കുട്ട്യോൾടെ ബോളും വെച്ച് കളിക്കാൻ." നമ്മളെ ഈ ചോദ്യത്തിനു ഒരു പൊട്ടിച്ചിരിയായിരുന്നു അയാളുടെ മറുപടി.നമ്മള് അയാളെ തുറുക്കനെ നോക്കി. "കുട്ട്യോൾടെ ബോള്ളോ..ആരാ ഇവിടെ കുട്ടികൾ.നിങ്ങളോ?നീ ചോദിച്ചത് തന്നെയാ എനിക്കും ചോദിക്കാനുള്ളത്.നാണക്കേട് ആവുന്നില്ലേ നിങ്ങക്ക് കുട്ട്യോൾടെ കൂടെ ചേർന്ന് കളിക്കാൻ.അതും ക്രിക്കറ്റ്‌,പോരാത്തതിന് പെൺകുട്ടിയോളും." അയാളുടെ ഈ ചോദ്യം നമ്മക്ക് പിടിച്ചില്ല.

"ഡോ,അതൊക്കെ ചോദിക്കാൻ താനാരാ.നമ്മള് എന്ത് ചെയ്താലും ഇയാൾക്കെന്താ?ഒരു അഡ്വൈസർ വന്നിരിക്കുന്നു.നമ്മളെ പന്ത് തരണതാ ഇയാക്ക് നല്ലത്" നമ്മളെ ഭദ്രകാളി തുള്ളൽ കണ്ടിട്ട് ജെസി എന്നെയും അയാളെയും മാറി മാറി നോക്കുന്നുണ്ട്.ഓള് നമ്മളെ വേണ്ടാ വാ പോവാന്നൊക്കെ പറഞ്ഞു വിളിക്കുകയാണ്. "ജെസി നീയൊന്നു വെറുതെ നിന്നെ.ഇയാള് കൊറേ നേരമായി മനുഷ്യനെ ഇട്ട് കറക്കാൻ തുടങ്ങീട്ട്.എന്താഡോ തന്റെ വിചാരം........." നമ്മള് ചോദിക്കാൻ വിചാരിച്ചതൊക്കെ പൂർത്തിയാക്കാൻ സമ്മതിക്കാതെ ജസി ഇടയിൽ കയറി. "വേണ്ടാ നൂറ,പോകാം.തെറ്റ് നമ്മളെ ഭാഗത്തല്ലേ. അതേയ് സോറിട്ടോ.നമ്മളറിയാതെ പറ്റിപ്പോയതാ.ഇവൾ ഇങ്ങനെയാ.പെട്ടന്ന് ദേഷ്യം കേറും, അതാ." നല്ല സൗമ്യമായി ഓള് ഇത്രയും പറഞ്ഞ് നമ്മളെ കയ്യും പിടിച്ച് വലിച്ചു അവിടന്ന് തിരിഞ്ഞു നടന്നു.അപ്പോഴാണ് പുറകിന്ന് ആ കൊരങ്ങന്റെ വിളി. "ഹലോ.." നമ്മള് ജസീനോട് തിരിഞ്ഞു നോക്കണ്ടാന്നും പറഞ്ഞ് ഓളുടെ കയ്യിൽ മുറുക്കി പിടിച്ച് നടന്നു.ദേ അയാള് പിന്നെയും വിളിക്കുന്നുണ്ട്

. "ഹലോ ഒന്നവിടെ നിന്നെ രണ്ടുപേരും" ഇപ്രാവശ്യം ജെസി നമ്മളോട് നിക്കാൻ പറഞ്ഞു.നമ്മള് വേണ്ടാന്ന് പറഞ്ഞെങ്കിലും അവള് പറയാ പന്ത് തരാനായിരിക്കുംന്ന്.അപ്പോഴ നമ്മക്കും ഓർമ വന്നത്.പന്ത് കിട്ടിയിട്ടില്ല.അതോണ്ട് മാത്രം നമ്മള് അവിടെ നിന്നു.അപ്പൊ അയാള് നമ്മളെ അടുത്തേക്ക് വന്നിട്ട് പന്ത് നമ്മളെ നേരെ നീട്ടി.നമ്മള് മുഖം തിരിച്ചു നിന്നതല്ലാതെ പന്ത് വാങ്ങാൻ കൂട്ടാക്കിയില്ല.ജസി നമ്മളെ തളളി കൊണ്ട് അത് വാങ്ങാൻ പറഞ്ഞു.നമ്മള് അയാളുടെ മോന്തക്ക് നോക്കാതെ തന്നെ പന്ത് വാങ്ങിച്ചു.ജെസി നമ്മളെയും അയാളെയും നോക്കി ചിരിക്കുന്നുണ്ട്.അയാളും നമ്മളെ നോക്കി ചിരിക്കുകയാണ്.എന്നിട്ട് അയാളുടെ ഒരു ചോദ്യവും : "എന്താ രണ്ടാളുടെയും പേര്?" നമ്മളെ പേരും മേൽവിലാസവും ചോദിക്കാൻ ഇയാൾ ആരാ എന്ന ഭാവത്തിൽ നമ്മള് അയാളെ നോക്കി.അയാള് ആ പുഞ്ചിരിയോട് കൂടിതന്നെ ചോദ്യം വീണ്ടും ആവർത്തിച്ചു.നമ്മളെ നോക്കുമ്പോൾ നമ്മളൊരു പുച്ഛത്തോടെ മുഖം തിരിച്ചു.നമ്മളെ മുഖവും ഭാവവുമൊക്കെ കണ്ട് അയാള് ചിരിച്ചോണ്ട് ജെസിയോട് ചോദിച്ചു:

"എന്താടോ തന്റെ പേര് " അവള് നമ്മളെ നോക്കി നിക്കുന്നതല്ലാതെ പേര് പറയുന്നില്ല.എന്താടോ അവള് പറഞ്ഞാലേ താൻ പറയുള്ളു ന്നും ചോദിച്ച് ആ കൊരങ്ങൻ നമ്മളെയും ജെസിയെയും മാറി മാറി നോക്കി.ജസിയതിന് തലയാട്ടി കൊടുത്തു. "താൻ പേര് പറയടോ,അല്ലെങ്കിൽ ഇവളും പറയില്ലെന്ന്." പറഞ്ഞോണ്ട് അയാള് പിന്നെയും നമ്മളോട് പേര് ചോദിച്ചു.ഇപ്പൊ നമ്മക്കാ ദേഷ്യം കുറച്ച് കുറഞ്ഞിട്ടുണ്ട്.നമ്മള് അയാളുടെ മുഖത്തേക്ക് നോക്കാതെ തന്നെ കുറച്ച് ഗൗരവത്തിൽ പറഞ്ഞു" "നൂറാ." "എന്താ കൂറയോ??" നമ്മളെ പേരിന് അയാള് തന്ന ഹലാക്കിലെ താങ്ങ് കണ്ടോ.നമ്മളെ വിട്ട് പോയ ദേഷ്യം ഡബിൾ സ്‌ട്രോങ്ങിലായി തിരിച്ചു വന്നു. "അല്ലടോ.., പാറ്റ" അയാളുടെ ചോദ്യവും നമ്മളെ പറച്ചിലുമൊക്കെ കേട്ട് ഇവിടെ ഒരുത്തി പൊരിഞ്ഞ ചിരിയിലാണ്.നമ്മള് ഒരിക്കൽ കൂടി ഭദ്രകാളിയിലേക്ക് ചുവട് മാറേണ്ടാന്നു കരുതി ജസി ചിരിയും നിർത്തി നമ്മളെ കയ്യും പിടിച്ച് വലിച്ചു തിരിഞ്ഞു നടന്നു. "ഡോ തന്റെ പേര് പറഞ്ഞില്ലാട്ടോ" ഇയാൾക്കിതെന്തിന്റ്റെ സൂക്കേടാ.ജെസിടെ പേര് അറിയാഞ്ഞിട്ട് ഇയാൾക്കൊരു സ്വസ്ഥതയും ഇല്ലല്ലോ.എന്താണ് ഇപ്പൊ കാര്യം.?????

നമ്മള് തിരിഞ്ഞ് നിന്ന് നല്ല കലിപ്പിൽ പറഞ്ഞു: "എന്തായാലും കൂറ എന്നല്ല.ഇവളുടെ പേര് അറിഞ്ഞിട്ട് തനിക്ക് എന്തു ചെയ്യാനാ.ഇയാളെന്താ രാവിലെ തന്നെ സെൻസസ്സ് എടുക്കാൻ ഇറങ്ങിയതാണോ.??" നമ്മള് ഇത്രയും പറഞ്ഞ് ജെസിയെയും വലിച്ച് തിരിഞ്ഞ് നോക്കാതെ ഒരു നടത്തമായിരുന്നു ഞങ്ങളെ ഗ്രൗണ്ടിലേക്ക്. അവിടെ എത്തി നോക്കുമ്പോൾ കുട്ടികളെയൊന്നും കാണാനില്ല.എല്ലാം നമ്മളെ കാണാഞ്ഞിട്ട് സ്ഥലം വിട്ടതാണെന്ന് നമ്മക്ക് മനസിലായി.നമ്മള് പിന്നെ അവിടെ നിന്നില്ല.നേരെ വീട്ടിലേക് വിട്ടു.വീട്ടിലെത്തിയപ്പോൾ കുട്ടികളൊക്കെ കൂടി നമ്മളെ നിർത്തി പൊരിക്കുകയാണ്.നമ്മളെ കാണാതെ ആയപ്പോൾ കുട്ടികളെല്ലാം മൂത്തുമ്മയോടും കാക്കുവിനോടുമൊക്കെ എന്തൊക്കെയോ പറഞ്ഞിട്ടുണ്ട്.അതുകൊണ്ട് വീട്ടുകാർ മൊത്തത്തിൽ ചോദ്യവുമായി വന്നു.നമ്മള് നടന്നതൊക്കെ പറഞ്ഞ് കൊടുത്തു.എല്ലാം കേട്ടിരുന്ന് അവസാനം കുട്ടികളെല്ലാം ഹലാക്കിലെ ചിരി.വലിയവരാണെങ്കിൽ ഉപദേശത്തോട് കൂടി ഉപദേശം.മുതിർന്നവർ പറയുന്നതൊക്കെ ചെവി കൊടുക്കലും അനുസരിക്കലും പണ്ടേ നമ്മളെ ഡിക്ഷണറിയിൽ ഇല്ലാത്ത കാര്യങ്ങൾ ആയതുകൊണ്ട് നമ്മള് ജസിയെയും കൂട്ടി റൂമിലേക്ക്‌ കയറി.

പിന്നെ നമ്മള് രണ്ടു പേരും തമ്മിലായി വർത്താനമൊക്കെ. അങ്ങനെ കളിയും ചിരിയും ഒക്കെയായി നല്ല ഉഷാറോട് കൂടി നമ്മളവിടെ അടിച്ചു പൊളിച്ചു.ദിവസങ്ങൾ കടന്നു പോയി.ഒരു ദിവസം നമ്മള് ഫുഡ്‌ അടിയും നിസ്കാരവുമൊക്കെ കഴിഞ്ഞ് ഉറങ്ങാൻ വേണ്ടി അമ്മായിയുടെ റൂമിലേക്ക്‌ പോയി. ഞാനും ജസിയും ജെസിന്റ്റെ അമ്മായിയുടെ കൂടെയാണ് കിടക്കുന്നത്.നമ്മള് റൂമിൽ ചെന്ന് നോക്കുമ്പോൾ ജെസിയെ കാണാനില്ല.സാദാരണ നമ്മള് കിടക്കാൻ ചെല്ലുന്നതിന് മുന്നേ അവള് റൂമിലേക്ക്‌ വരുന്നതാണ്.ഇന്നെന്തു പറ്റിയെന്ന് കരുതി നമ്മള് മുറിയിലും പുറത്തുമായി ജെസിയെ നോക്കി നടന്നു.പക്ഷെ പെണ്ണിനെ എവിടെയും കാണുന്നില്ല.അവസാനം ബൽക്കണിയുടെ ഡോർ തുറന്ന് വച്ചതു കണ്ടിട്ട് നമ്മള് അങ്ങോട്ട്‌ കയറി ചെന്നു.നോക്കുമ്പോൾ അവിടെയൊരു മൂലയ്ക്ക് ജെസിയിരിക്കുന്നുണ്ട്.സംഭവം നമ്മളവിടെ ചെന്നതൊന്നും ഓളറിഞ്ഞിട്ടില്ല.നിലാവിനെയും നോക്കി കൊണ്ട് എന്തൊക്കെയോ ആലോചിച്ചോണ്ട് ഇരിക്കുകയാണ്.നമ്മള് അവളുടെ മുന്നിൽ ചെന്ന് ജസീന്ന് വിളിച്ച് അലറുമ്പോളാണ് പെണ്ണിന് ബോധം വരുന്നത്.ഓളുടെ ഇരുത്തം കണ്ടാൽ അറിയാം എന്തോ സംഭവിച്ചിട്ടുണ്ടെന്ന്.ഓൾടെ മുഖത്ത് എന്തോ ഒരു വിഷമം ഉള്ളത് പോലെ തോന്നി നമ്മള് കാര്യം തിരക്കി.ജെസി പറഞ്ഞ കാര്യം കേട്ട് നമ്മളും ടെൻഷനിലായി...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story