💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 14

khalbil nee mathram

രചന: ഷംസീന ഫിറോസ്

ഈ ജന്മത്ത് നമ്മള് പ്രതീക്ഷിക്കാത്ത ആളെയാണ് നമ്മളെ മുന്നിൽ കണ്ടത്. അന്നൊരിക്കൽ ജെസി ബോൾ എറിഞ്ഞു കൊല്ലാൻ നോക്കിയില്ലേ ഒരാളെ,, അയാളാണ് കക്ഷി. ഇയാളെങ്ങനെ ഇവിടെ എത്തി? ഇയാൾക്കെന്താ ഇവിടെ കാര്യം? അതും കൃത്യമായി നമ്മളെ മുന്നിൽ തന്നെ,, ആരായിരിക്കും ഇയാള്?? ആ വൃത്തികെട്ടവന്റെ പേര് ശിഹാബ് ആണെന്നറിഞ്ഞു. ഇനി ഇയാളുടെ പേര് എന്താവും?? ഹോ!!നൂറ, ഇപ്പൊ ഇതൊക്കെയാണോ നിന്റെ പ്രശ്നം. ഇങ്ങനെയൊരു സാഹചര്യത്തിൽ നിന്ന് കറക്റ്റ് ആയി നിങ്ങളെ രക്ഷിച്ചതും പോരാഞ്ഞിട്ട് അവൾടെയൊരു സംശയങ്ങൾ. എന്നാലും അതല്ല, ഇയാളെങ്ങനെ ഇവിടെ?? അപ്പൊ രക്ഷകൻ ആണല്ലേ?? ന്റെ പൊന്നാര നൂറോ!!!നീ നിന്റെ സംശയങ്ങളൊക്കെ വിട്ട് ഇവിടെ ശ്രദ്ധിക്ക്... ഇവിടെ അസ്സല് സ്റ്റണ്ട് നടക്കുമ്പോൾ അവൾടെയൊരു സ്വപ്നം കാണൽ.. ഇതൊക്കെ നമ്മള് തന്നെ ചിന്തിച്ചു കൂട്ടിയ കാര്യങ്ങളാണെ. ഇവിടെ ആ രക്ഷകൻ നമ്മുടെ മുന്നിൽ ആ വൃത്തികെട്ടവന്റെ കൈക്കും കേറി പിടിച്ചു നിൽക്കാൻ തുടങ്ങീട്ട് സമയം ഒരുപാടായി.

ഇനി എന്താ ഇവരുടെ നെക്സ്റ്റ് പ്ലാൻ എന്നറിയാൻ വേണ്ടി നമ്മളും ജെസിയും തൊള്ളയും തുറന്ന് അവരെ നോക്കി നിന്നു. ആ വൃത്തികെട്ടവൻ നമ്മുടെ രക്ഷകൻറ്റെ കയ്യിൽ നിന്നും കൈ വിടുവിച്ചിട്ടു അയാളുടെ നേർക്ക്‌ കൊരച് ചാടി. "ഡാ ഏതാടാ നീീീ.. എന്റെ കയ്യിൽ കേറി പിടിക്കാൻ മാത്രം ധൈര്യമുള്ള ആരാടാ നീ.നിനക്കെന്താഡാ ഇവിടെ കാര്യം. ഇത് ഞങ്ങള് തമ്മിലുള്ള പ്രശ്നാ. മോൻ ഇതിൽ ഇടപെടേണ്ട. വെറുതെ ഇവിടെ തലയിട്ട് തടി കേടാക്കാൻ നിക്കണ്ട" "ഓഹോ!!ഇത് നിങ്ങളെ മാത്രം പ്രശ്നമാണെന്ന് എനിക്കറിയില്ലായിരുന്നു. ഇതാണോടാ നിന്റെ പ്രശ്നം?? കൂടെ ഒരുത്തനെയും കൂട്ടി വന്ന് രണ്ട് പെൺകുട്ടികളെ നടുറോഡിൽ തടഞ്ഞു വെച്ച് നിന്റെ അഭ്യാസം കാണിക്കലാണോടാ നിന്റെ സ്വഭാവം. " ഇത് നമ്മുടെ രക്ഷകൻറ്റെ ഡയലോഗ് ആണ്. ഇതിന് ആ വൃത്തികെട്ടവൻ മറുപടി കൊടുത്തത് ഞങ്ങളെ രണ്ടാളെയും അടിമുടിയൊന്നു നോക്കീട്ടാണ്. "ഓ.. അപ്പൊ നിന്റെയൊക്കെ സ്വഭാവം ഇതാണല്ലേ. റോഡിലൂടെ പോകുന്ന സകലരും നിന്റെ പരിചയക്കാരാണല്ലോടി..

ഇനിയെത്രണ്ണം ഉണ്ടെടീ ഈ തരത്തില്.. എന്നിട്ടാണോ ഞാനൊന്നു ചോദിച്ചപ്പോ ഇത്രയും ജാഡ കാണിച്ചത്.. നീ മാത്രമാണോ അതോ നിന്റെ ഇവളും ആ ടൈപ്പ് തന്നെയാണോ" ഓന്റെ ഡയലോഗ് തീരുന്നതിനു മുന്നേ നമ്മുടെ രക്ഷകൻറ്റെ കൈ ഓന്റെ മുഖത്തേക്ക് ആഞ്ഞു വീശിയിരുന്നു. അപ്പൊ ഇയാൾ രക്ഷകൻ മാത്രമല്ല,.ഹീറോ ആണല്ലോ,, ഒരു റിയൽ ഹീറോ. പക്ഷെ അതൊന്നുമല്ലല്ലോ നൂറ പ്രശ്നം, ആ വൃത്തികെട്ടവൻ പറഞ്ഞത് നമ്മളെയല്ലേ. അതിനിയാൾക്കെന്താ....??? ന്റ്റെ നൂറോ,, നിന്നോട് ഞാൻ പറഞ്ഞതാണ്,മുന്നിൽ ലൈവ് ആയി ഒരു സീൻ നടക്കുമ്പോൾ അതിൽ കോൺസെൻട്രേറ്റ് ചെയ്യണമെന്ന്. അല്ലാതെ വല്ലതും ചിന്തിച്ചോണ്ടിരിക്കരുതെന്ന്. ഇവിടെ ഞങ്ങളെ മുന്നിൽ കിടന്ന് നമ്മളെ ഹീറോയും ആ വൃത്തികെട്ടവനും കൂടി സ്റ്റണ്ട് ഏകദേശം തുടങ്ങി കഴിഞ്ഞു. കൂടെ നമ്മളെ രക്ഷകൻറ്റെ കുറെ മാസ്സ് ഡയലോഗും. ആ വൃത്തികെട്ടവനും എന്തൊക്കെയോ വീര വാദമൊക്കെ മുഴക്കുന്ന്ണ്ട്. അവസാനം കയ്യാങ്കളി കൂടുതൽ വഷളാകുമെന്ന് തോന്നിയപ്പോൾ ആ വൃത്തികെട്ടവന്റെ വാലാട്ടി പട്ടി ഓനെ പിടിച്ചു മാറ്റി.

ഓൻ അതൊന്നും കൂട്ടാക്കാതെ ഞങ്ങളെ ഹീറോയുടെ മുന്നിലേക്ക് ചാടുകയാണ്. നമ്മളെ ഹീറോ ഒരു പുലി ആയതോണ്ട് അയാളും വിട്ട് കൊടുത്തില്ല. ഇവിടെ ഇതൊക്കെ ലൈവ് ആയി കണ്ട് ജെസി കരയാൻ തുടങ്ങി.ഓള് നമ്മളെ വലിച്ച് പോകാന്ന് പറഞ്ഞു. വല്ലപ്പോഴുമൊക്കെ ഇങ്ങനെയുള്ള സീൻ കാണാൻ നമ്മക്ക് അവസരം കിട്ടാറുള്ളൂ. അതോണ്ട് ഇതെവിടം വരെ എത്തുംന്ന് അറിഞ്ഞിട്ടേ നമ്മള് പോരുള്ളൂന്ന് പറഞ്ഞ് ജെസിയെ അവിടെ പിടിച്ചു നിർത്തി. ചെ.. അപ്പോഴേക്കും ഇവിടെ ഫൈറ്റ് ഒക്കെ കഴിഞ്ഞോ.. ആ വൃത്തികെട്ടവന്റെ വാലാട്ടി പട്ടി ഓനെയും വലിച്ചോണ്ട് അവന്റെ കാറിന്റെ അടുത്തേക്ക് ചെന്നു. ആ ജന്തുക്കൾ കാറിൽ കയറുന്നതിനു മുൻപേ നമ്മള് ജെസിയെയും കൂട്ടി അവിടെന്ന് തിരിഞ്ഞു നടന്നു. ഇനി ഇവിടെയുള്ള ഒരുത്തൻറ്റെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാനൊന്നും നമ്മക്ക് വയ്യല്ലോ. ഒരു തവണ അയാളുടെ മുന്നിൽ പെട്ടതിന്റ്റെ ക്ഷീണം തന്നെ നമ്മക്ക് ഇപ്പോളും മാറിയിട്ടില്ല. "ജെസിയെ, ഇങ്ങനെ ഇഴയല്ലേടി..

ഒന്ന് വേഗം സ്കൂട്ട് ആവാന്ന് കരുതുമ്പോഴാ ഓൾടെയൊരു അനക്കം" "നൂറ, ഒന്നുല്ലേലും ഒരു താങ്ക്സ് എങ്കിലും പറഞ്ഞിട്ട് പോകാടി. അയാള് കൃത്യ സമയത്ത് വന്നതോണ്ടാ നമ്മള് രക്ഷപ്പെട്ടത്. അല്ലെങ്കിൽ.......... " "അല്ലെങ്കിൽ ഒരു കുന്തവുമില്ല, ഓൻ തരുന്നതും വാങ്ങിച്ചു നമ്മള് വന്നേനെ. മിണ്ടാതെ നടക്കെടീ" നമ്മള് തിരിഞ്ഞു നോക്കാതെ ഒറ്റ നടത്തം നടക്കുമ്പോഴാണ് അയാളുടെ ശബ്‌ദം. "ഒരു താങ്ക്സ് എങ്കിലും പ്രതീക്ഷിച്ചുട്ടോ " ആഹാ, ജെസിയും ഇയാളും തമ്മിൽ എന്തോരു മനപ്പൊരുത്തം. നമ്മള് കേൾക്കാത്ത മട്ടിൽ തന്നെ ജെസിയെയും വലിച്ച് നടന്നു. "ഹലോ കൂറാ....... ഓഹ്....... സോറി, നൂറാ...... ഒന്ന് നിക്കെഡോ" ഇപ്രാവശ്യം അയാള് നിക്കാൻ പറഞ്ഞില്ലെങ്കിലും നമ്മള് നിക്കുവല്ലോ. നിന്നല്ലേ പറ്റൂ. നമ്മളെ ആ കൊരങ്ങൻ വിളിച്ചത് കേട്ടോ? പക്ഷെ, ഇയാൾക്കിപ്പോഴും നമ്മളെ പേര് ഓർമ്മയുണ്ടോ? ഏതായാലും ആള് കൊള്ളാല്ലോ. "ഡോ എന്താടോ തനിക്ക് വേണ്ടത്" നമ്മള് കലിപ്പിൽ ചോദിച്ചു. "അള്ളോഹ്, എനിക്കൊന്നും വേണ്ടാ. ഒന്നുല്ലേലും ഒരു താങ്ക്സ് എങ്കിലും പറഞ്ഞിട്ട് പോയിക്കൂടെ.

ആ ദുഷ്ടൻറ്റെ കയ്യിന്ന് നിങ്ങളെ രക്ഷിച്ചതല്ലേ" "അയ്യടാ, ഇയാളോട് ഞങ്ങള് വന്നു പറഞ്ഞോ രക്ഷിക്കാൻ, ഇല്ലല്ലോ? പിന്നെ താൻ വന്നില്ലെങ്കിലും എങ്ങനെയാ രക്ഷപ്പെടണ്ടതെന്നൊക്കെ ഞങ്ങക്കറിയാം. ഇതിപ്പോ നമ്മള് അങ്ങോട്ട്‌ വന്ന് ഇയാളോട് രക്ഷിക്കണേന്ന് പറഞ്ഞ അവസ്ഥയാണല്ലോ " "അതു ശെരിയാ. ഞാൻ വന്നില്ലേലും നിങ്ങള് രക്ഷപ്പെട്ടേനെ. അവൻ തരുന്നതും വാങ്ങിച്ചു സ്ഥലം വിടുമായിരുന്നു. " ന്നും പറഞ്ഞ് ആ കൊരങ്ങൻ നിന്നു ചിരിക്കാൻ തുടങ്ങി. കൂടെ നമ്മളെ പൊന്നാര ജെസിയും. നിന്ന് കിണിക്കാതെ വാടിന്നും പറഞ്ഞ് നമ്മള് നല്ല കലിപ്പിൽ ജെസിയെയും വലിച്ചു നടന്നു. "ഹലോ താൻ ഒന്ന് നിക്കെഡോ അവിടെ. എന്നോടുള്ള ദേഷ്യം ആ പാവം കുട്ടിയോട് തീർക്കണ്ട. പിന്നെ ഇയാൾക്ക് ഇപ്പോഴും എന്നോടുള്ള ദേഷ്യം തീർന്നില്ലേ....... അല്ല, ദേഷ്യപ്പെടെണ്ടത് ഞാനല്ലേ. നിങ്ങളൊക്കെ കൂടി പണി തന്നത് എന്റെ തലയ്ക്കല്ലേ" "ഡോ ഇയാൾക്ക് ശെരിക്കും എന്താ വേണ്ടത്?? ചെയ്തു തന്ന ഹെല്പിന് ഇങ്ങനെ താങ്ക്സ് ചോദിച്ചു വാങ്ങുന്ന ഒരാളെ ഞാനെന്റെ ജന്മത്തിൽ കണ്ടിട്ടില്ല. Anyway താങ്ക്സ്. ഞങ്ങള് പോകുവാട്ടോ. "

നമ്മളെ വർത്താനത്തിനു നല്ലൊരു പുഞ്ചിരിയാണ് അയാൾ നമ്മക്ക് തന്നത്. പക്ഷെ ഇന്നും നോട്ടം ജെസിയുടെ നേർക്ക്‌ ആണ്. പക്ഷെ ആള് ഡീസന്റ് ആണെന്ന് നമ്മക്ക് മനസ്സിലായി. "ഡോ തന്റെ പേര് പറഞ്ഞിട്ടില്ലാട്ടോ" അയാൾ ജെസിയോട് ആയി പറഞ്ഞു. ജെസി നമ്മളെ നോക്കുന്നത് കണ്ടപ്പോൾ അയാൾ വീണ്ടും പറഞ്ഞു : "എന്റെ കുട്ടീ, താൻ എന്തോരു പാവമാഡോ... അവള് സമ്മതം തന്നാലേ താൻ പേര് പറയുള്ളു" പിന്നെ നമ്മളോടായി പറഞ്ഞു : "എന്റെ ചങ്ങാതി, ഒന്ന് സമ്മതം കൊടുത്തേ. അവളൊന്നു പേര് പറഞ്ഞോട്ടേ. " അയാളുടെ വർത്താനം കേട്ട് നമ്മക്ക് നല്ലോണം ചിരി വന്നു. കൺട്രോൾ ചെയ്യാൻ ആവാത്തോണ്ട് നമ്മള് അയാളെയും ജെസിയെയും നോക്കി പൊട്ടിച്ചിരിച്ചു. കൂടെ ജെസിയും. എന്നിട്ട് അവള് പേര് പറഞ്ഞു: "ജസീല" "ജസീല, നല്ല പേര് " "ആണോ, അത്രയ്ക്ക് നല്ലതാണോ. ഞങ്ങക്ക് അറിയില്ലേനു.

എന്താ അവളുടെ പേരിനു മാത്രമൊരു പ്രത്യേകത. നമ്മളെ പേര് പറയുമ്പോൾ തന്നെ ഇയാള് നമ്മക്ക് ഇട്ട് താങ്ങിയതാണല്ലോ" "അ.. അത് ചുമ്മാ. ആട്ടെ, തന്റെ പേര് നൂറാന്നല്ലേ. അതും നല്ല പേരാണ് ട്ടോ" "അതൊക്കെ പോട്ടെ, ഇയാളെന്താ ഇവിടെ? എന്താ ഇയാളുടെ പേര്?? " "മുബാറക് " ഇതയാൾ ജെസിയെ നോക്കി ഒരു കള്ളച്ചിരിയോടെയാണ് പറഞ്ഞത്. "പിന്നെ, നിങ്ങളെന്നെ താൻ, ഇയാള്ന്നൊക്കെ വിളിക്കല്ലേട്ടോ. ഇക്കാന്ന് വിളിച്ചോളു" "ഓഹ്!പിന്നേയ്.. കുടുംബക്കാരെ പോലും നമ്മള് ബഹുമാനിക്കാറില്ല. ആരെയും ഇക്കാന്ന് വിളിക്കാറുമില്ല. പിന്നെയല്ലേ ഇയാളെ" "ആഹാ, താൻ ആള് പുലിയാണല്ലോ. അസ്സല് വായാടിയാണ്. ഇവളൊന്നും മിണ്ടൂലെ. " വീണ്ടും ജെസിയെ നോക്കി പുഞ്ചിരിച്ചോണ്ടുള്ള ചോദ്യം. "ഇയാള് ആള് കൊള്ളാല്ലോ. ആദ്യം നമ്മളെ കൂറയാക്കി. ഇപ്പൊ പുലിയും. താൻ എന്താ വല്ല മൃഗശാലയും നടത്തുന്നുണ്ടൊ. അല്ല, അതിന്റെയൊക്കെ പേരെ വരുന്നുള്ളു"

"എന്റെ നൂറാ,, ഞാനൊന്നും പറഞ്ഞില്ലേ.. " "തന്റെ നൂറയോ?? അതെപ്പോ മുതല്??" "ദേ ഇപ്പൊ മുതൽ. ഈ നിമിഷം മുതൽ. നീ എന്റെ നൂറയാണ്, എന്റെ അനിയത്തി. കൂടെ പിറക്കാതെ പോയൊരു കൂടപ്പിറപ്പ്. അതോണ്ട് ഇനി അങ്ങോട്ട്‌ മോള് മുബിക്കാന്ന് വിളിച്ചോ. ഇയാള്, താൻന്നൊക്കെ വിളിക്കാൻ നിന്നാൽ ഉണ്ടല്ലോ" അയാളുടെ ഈ പറച്ചില് കേട്ട് നമ്മളും ജെസിയും തൊള്ളയും തുറന്ന് അയാളെ നോക്കി നിന്നു. നമ്മള് ഷോക്കേറ്റ പോലെ എന്താ പറയേണ്ടതെന്നറിയാത്ത അവസ്ഥയിലായിപ്പോയി. എന്നാലും ആരാ ഇയാള്?? ഇത്രയ്ക്കും മാന്യനാണോ? എന്നിട്ടാണോ നമ്മളിങ്ങനെയൊക്കെ പെരുമാറിയത്. "നൂറാ, താനൊന്നും പറഞ്ഞില്ല. എന്തേയ് എന്റെ അനിയത്തി ആവാൻ സമ്മതമാണോന്ന്. നിന്നെ ആദ്യം കണ്ടപ്പോഴേ നിന്റെ ആ വായാടിത്തരം എനിക്കിഷ്ടപ്പെട്ടതാ. നൂറാ.... എന്ത് ആലോചിച്ചോണ്ട് നിക്കുവാ.. വല്ലതും പറയെടീ" "അത്.. താനാരാണെന്ന് പറഞ്ഞിട്ടാ നമ്മള് തന്നോട് കൂട്ടു കൂടുക. ആരാ എന്താന്നൊന്നും ഇയാളെക്കുറിച്ച് ഞങ്ങൾക്കറിയില്ല, പോരാത്തതിന് വിശ്വസിക്കാൻ കൊള്ളുമോന്നും അറിയത്തില്ല.

ആണല്ലേ വർഗം. ദേ, ഇപ്പൊ പോയൊരുത്തനെ കണ്ടോ. " നമ്മളെ ഈ പറച്ചിലിന് ഒരു പുഞ്ചിരിയായിരുന്നു അയാളുടെ മറുപടി. എന്നിട്ട് "മോളെ, നീ എല്ലാരേയും ഒരുപോലെ കാണല്ലേ. ഇപ്പൊ നീ പറഞ്ഞ ആ ടൈപ്പിലും കാണും ചിലരൊക്കെ. എന്നാൽ ഈ മുബാറക് അങ്ങനെയല്ല. നിങ്ങക്ക് വേണമെങ്കിൽ എന്നെ വിശ്വസിക്കാം. " അയാളുടെ പുഞ്ചിരിയും സൗമ്യതയുമൊക്കെ കണ്ടപ്പോൾ നമ്മക്ക് അറിയാതെ തന്നെ നമ്മളെ മനസ്സിൽ അയാളോട് ഒരു ബഹുമാനം തോന്നി. സ്വന്തമായി ഒരു ഇക്കാക്ക ഇല്ലാത്ത നമ്മക്ക് അയാളുടെ ഓരോ വാക്കും നമ്മളെ സംരക്ഷിക്കാൻ പ്രാപ്തിയുള്ള ഒരു ഇക്കാക്കാന്റ്റെ വരവാണെന്ന് തോന്നി പോയി. എന്തായാലും ആള് നല്ലൊരുത്തനാണ്. നമ്മക്ക് ഇഷ്ടപ്പെട്ടു. ജെസിയ്ക്കും ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഓളുടെ പുഞ്ചിരി കണ്ടാൽ അറിയാം. ക്ലാസ്സ്‌ കഴിഞ്ഞ് വന്ന് നടുറോഡിലാണ് ഞങ്ങളുള്ളത് എന്ന വിചാരം പോലുമില്ലാതെ ഞങ്ങള് രണ്ട് പേരും അയാളോട് എന്തൊക്കെയോ സംസാരിച്ചു. ജെസിയല്ല, നമ്മളാണ് കൂടുതലും സംസാരിച്ചത്.

ആളെ നമ്മക്ക് നല്ലോണം ബോധിച്ചു. വീണ്ടും കാണാമെന്ന് പറഞ്ഞ് അയാൾ പോയി. പോകുമ്പോൾ നമ്മളോട് പ്രത്യേകം പറഞ്ഞതാണ്, ഇനി മുതൽ മുബിക്കാന്നെ വിളിക്കാൻ പാടുള്ളുന്ന്. അപ്പൊ ഇനിയും കാണുമെന്നുറപ്പാണോന്ന് ചോദിക്കുമ്പോൾ ജെസിയെ നോക്കി കണ്ടല്ലേ പറ്റൂന്നുള്ള മറുപടിയും കൂടെ ഒരു പുഞ്ചിരിയും തന്ന് പിരിഞ്ഞു. വീട്ടിലെക്ക് പോകുമ്പോഴും വീട്ടിൽ എത്തീട്ടും നമുക്ക് രണ്ട് പേർക്കും മുബിക്കാനെ കുറിച്ച് മാത്രമേ സംസാരിക്കാനുള്ളു. ആ ചുരുങ്ങിയ നേരത്തെ സംസാരത്തിൽ തന്നെ മുബിക്ക നമുക്ക് ആരൊക്കെയോ ആയിപ്പോയതു പോലെയൊരു തോന്നല്. ഒരു പക്ഷെ മുബിക്ക പറഞ്ഞത് ശെരിയാകും, കൂടെ പിറക്കാതെ പോയൊരു ഇക്കാക്ക ആയിരിക്കും. ഇൻഷാ അല്ലാഹ് ഇനിയും മുബിക്കാനെ എവിടെയെങ്കിലും വെച്ച് കാണിച്ചു തരണമേ എന്ന പ്രാർത്ഥനയോടെയാണ് നമ്മളന്ന് കിടന്നുറങ്ങിയത്. പിറ്റേ ദിവസം സ്കൂളിൽ പോയി ഞങ്ങള് അനുവിനോടും സിനുവിനോടും ഉണ്ടായതൊക്കെ പറഞ്ഞു.മുബിക്കാനെ കുറിച്ച് നമ്മളത്രയൊക്കെ പറഞ്ഞിട്ടും അനുവും സിനുവും നമ്മളോട് പറഞ്ഞത് ആ വൃത്തികെട്ടവനെ സൂക്ഷിക്കണമെന്നാ.

എല്ലാ സമയത്തും രക്ഷപ്പെടുത്താൻ മുബിക്കയെ പോലുള്ളവർ ഉണ്ടാവില്ലെന്ന സിനുവിന്റെ ഉപദേശവും. എന്നാലും നമ്മളെയും ജെസിടെയും ചിന്ത മുബിക്കാനെ കുറിച്ചായിരുന്നു. ഇന്നലെ അത്രയൊക്കെ സംസാരിച്ചിട്ടും എന്താ എവിടെയാന്നൊക്കെ ചോദിച്ചില്ല. ഇനി കാണുമ്പോൾ എല്ലാം ചോദിക്കണം, വീട്ടിലേക് ക്ഷണിക്കണം എന്നൊക്കെ നമ്മള് മനസ്സിൽ കണക്കു കൂട്ടി വെച്ചു. പ്ലസ് ടു ദിനങ്ങളൊക്കെ പിന്നെയും നല്ല വൃത്തിയായി പോയിക്കൊണ്ടിരുന്നു. കലോത്സവ നാളുകൾ അടുക്കാറായപ്പോൾ നമ്മൾ ഉഗ്രൻ പ്ലാൻ ഇടാൻ തുടങ്ങി. ഏതു സ്റ്റേജിൽ ഇരിക്കണം, എവിടെ തമ്പടിക്കണം, ആരെ വായി നോക്കണം ന്നൊക്കെ. കഴിഞ്ഞ വർഷം വരെ പ്രോഗ്രാമിനെല്ലാം കൂടിയതാണ്. ഇപ്രാവശ്യം നമ്മക്ക് ഒന്നിനും ഒരു ഇന്ട്രെസ്റ് ഇല്ല. ജെസി ആണെങ്കിൽ ഓഫ് സ്റ്റേജ് പരിപാടികൾക്കൊക്കെ കൂടി ഫസ്റ്റ് പ്രൈസ് കരസ്ഥമാക്കി. നമ്മളെ ജെസി നല്ലൊരു സാഹിത്യകാരിയാണ്. നന്നായി കഥയും കവിതയുമെല്ലാം എഴുതും. കലോത്സവത്തിന്റ്റെ ലാസ്റ്റ് ഡേയ് ആണ് ഡ്രാമ.

നമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടിയാണ് ഡ്രാമ. നമ്മക്ക് അത് നോക്കിയില്ലെങ്കിൽ ഉറക്കം വരില്ല. ജെസിക്കും അനുവിനും അത് കണ്ടാൽ തന്നെ നിദ്ര ദേവി തലോടുന്ന പോലെയാണ്. രണ്ടിനും തീരേ താല്പര്യമില്ല. എങ്കിലും നമ്മളുടെ കൂടെ ഇരുന്നല്ലേ പറ്റുന്ന് കരുതി അവരും നമ്മളുടെ കൂടെ ഇരുപ്പുറപ്പിച്ചു. അവസാനത്തേതും കൂടി കഴിയുമ്പോൾ നേരം വളരെ വൈകിയിരുന്നു. വീട്ടിൽ രാവിലെ പറഞ്ഞിട്ട് വന്നതോണ്ട് നമ്മള് ലാസ്റ്റത്തേതും കൂടി കഴിഞ്ഞിട്ടെ എഴുന്നേൽക്കുള്ളൂന്ന് ആദ്യമെ ഉറപ്പിച്ചതാണ്. നമ്മള് പരിപാടിയൊക്കെ കഴിഞ്ഞ് പൊടിയും തട്ടി എഴുന്നേൽക്കുമ്പോൾ ആൾക്കാരൊക്കെ പോയി കഴിഞ്ഞിരുന്നു. അനുവും ജെസിയും കൂടി നമ്മളെ നിർത്തി പൊരിക്കാൻ തുടങ്ങി. സിനുന്റ്റെ കാര്യം പറയാതിരിക്കലാണ് നല്ലത്. ഓൻ നമ്മളെ നേർക്ക് കലി തുള്ളിക്കൊണ്ട് വന്നു. നേരത്തെ പോവാൻ പറഞ്ഞതല്ലേ, മഴയാണ്, അതാണ്‌ ഇതാണ് ന്നൊക്കെ പറഞ്ഞോണ്ട്. ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ല. സമയം ആറര ആയിട്ടുണ്ട്.

നമ്മള് മൂന്നാളും കൂടി സ്കൂൾ കോമ്പോണ്ട് കടന്ന് പുറത്തിറങ്ങുമ്പോൾ തന്നെ നമ്മള് ആദ്യം കണ്ടത് ആ വൃത്തികെട്ടവൻ വായിനോക്കിയെയാണ്. കലോത്സവമായതു കൊണ്ട് ഇവിടെ പെൺപിള്ളേർടെ വായിനോക്കാൻ വന്നതായിരിക്കും. ഇതപ്പോ അവന്റെ സ്ഥിരം പരിപാടിയാണ്. നമ്മള് ഓന്റെ മുന്നിൽ ചെന്ന് പെടുന്നതിനു മുൻപേ അനുവും ജെസിയും കൂടി നമ്മളെ പിടിച്ചു വലിച്ചു. എന്നിട്ട് കുറെ ഉപദേശങ്ങളും. ഇനി ഒരിക്കൽ കൂടി പ്രശ്നത്തിനൊന്നും പോവണ്ടാന്ന് കരുതി നമ്മള് സ്കൂളിന്റെ പിറകു വശത്തേ കൂടി ചുറ്റി നടന്നു ബസ്‌ സ്റ്റോപ്പിലേക്കെത്തി. നമ്മള് അവിടെ എത്തുമ്പോഴേക്കും ഒരു ബസ്‌ നിർത്തി ഇട്ടിരുന്നു. നമ്മുടെ റൂട്ട് തന്നെ ആയിരുന്നു. നമ്മള് വേഗം ബസ്സിൽ കേറി. നമ്മുടെ സ്റ്റോപ്പിൽ വന്നിറങ്ങുമ്പോൾ അവിടെ അനീഷ് ഏട്ടൻ ഉണ്ടായിരുന്നു. നമ്മളെ കാണാത്തതോണ്ട് വന്നു നിന്നതാണത്രെ. അനുനെ വീട്ടിൽ ആക്കിയ ശേഷം അനീഷ് ഏട്ടൻ ഞങ്ങളെയും വീട്ടിലാക്കി തന്നു. നേരം വൈകിയതിന് ഇമ്മച്ചി എന്തൊക്കെയോ പറഞ്ഞു.

പക്ഷെ മൂത്താപ്പ നമ്മക്ക് നല്ല സപ്പോർട്ട് ഉള്ളതോണ്ട് ആ കാര്യത്തിൽ നമ്മള് പേടിക്കണ്ട. രാത്രി മുഴുവൻ നമ്മള് മൂത്തുമ്മയോട് കലോത്സവ വിശേഷങ്ങളൊക്കെ പറഞ്ഞ് കൊടുത്തു. നമ്മള് പറയുന്നതൊക്കെ മൂത്തുമ്മ കേൾക്കുന്നുണ്ടെങ്കിലും എന്നത്തേയും പോലെ ആ മുഖത്തൊരു സന്തോഷമില്ല. നമ്മള് കുറേ തവണ കാര്യം തിരക്കി എങ്കിലും മൂത്തുമ്മ ഒന്നും പറഞ്ഞില്ല. അവസാനം നമ്മളെ നിർബന്ധം സഹിക്ക വയ്യാണ്ടാവുമ്പോൾ മൂത്താപ്പയുടെ പ്രശ്നത്തിന്റ്റെ കാര്യമാണെന്നറിഞ്ഞു. മൂത്താപ്പന്റ്റെ ബോസ്സ് നാട്ടിലേക് ലാൻഡ് ചെയ്തിട്ടുണ്ട്, കാശിന്റ്റെ കാര്യം ചോദിച്ച് ഒരു സമാദാനവും കൊടുക്കുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. നമ്മള് എല്ലാം ശെരി ആവുമെന്ന് പറഞ്ഞ് മൂത്തുമ്മനെ ആശ്വാസിപ്പിച്ചു ജെസിയെയും കൂട്ടി കിടക്കാൻ ചെന്നു. ഇന്ന് ശനിയാഴ്ചയാണ്. ഇന്ന് നമ്മക്കും ജെസിക്കും അനുവിനും സിനുവിനും കൂടി ഒരു ഫങ്ക്ഷൻ ഉണ്ട്. നമ്മുടെ ക്ലാസ്സിൽ പഠിക്കുന്ന ഫിദയുടെ എൻഗേജ്മെന്റ് ആണ്. നമ്മളെ ക്ലാസ്സിനെ മൊത്തത്തിൽ അവള് ക്ഷണിച്ചതാണ്,

അതിലും പ്രത്യേകമായി നമ്മളെ നാലാളെയും. പോയില്ലെങ്കിൽ പിന്നേ അതിന്റെ റിസൾട്ട്‌ നമ്മക്ക് തിങ്കളാഴ്ച സ്കൂളിൽ നിന്ന് കിട്ടുന്നത് ആയിരിക്കും. പിന്നേ നല്ല ഫുഡ്‌ അടിക്കാൻ കിട്ടുന്ന ഒരവസരവും നമ്മള് പണ്ടേ പാഴാക്കാറില്ല. ജെസിക്ക് പോവാൻ വല്യ താല്പര്യം ഒന്നുമില്ല. എങ്കിലും നമ്മള് വിളിച്ചാൽ പിന്നെ അവള് വരാതിരിക്കോ. നമ്മളും ജെസിയും സ്കാർഫ് ഒക്കെ കുത്തി നല്ല ചെത്ത്‌ മൊഞ്ചത്തിസ് ആയി അനുവിന്റ്റെ വീട്ടിലെക്ക് പോയി. അറിയാനായ കാലം തൊട്ടേ ജെസിക്ക് നിർബന്ധമാണ്‌ എവിടെ പോവുന്നുണ്ടെങ്കിലും സ്കാഫ് നന്നായി ചുറ്റി കെട്ടണമെന്നും ആരുടെ മുന്നിലും മൊഞ്ചു പ്രദർശിപ്പിക്കരുതെന്നും. അവളുടെ കൂടെ ചേർന്ന് നമ്മളും കറക്റ്റ് ആയി അത് ഫോളോ ചെയ്യുന്നുണ്ട്. അനുവും ഒരുങ്ങി നിന്നിട്ടുണ്ട്. "നൂറാ, ഇന്നെങ്കിലും നിനക്കൊരു പെണ്ണിന്റെ കോലത്തിൽ വന്നൂടെടി.....

ദേ ജെസിയും ഞാനും ഇട്ടത് പോലെ വല്ലതും ഇട്ടാൽ മതിയായിരുന്നില്ലേ. ഇന്നും ഈ ജീൻസ്‌ കേറ്റിയിട്ടാണ് അവളുടെ വരവ്. ഡീ ഇങ്ങനെയൊരു ഫങ്ക്ഷന് പോകുമ്പോഴെങ്കിലും നിനക്ക് കുറച്ചു ഗ്രാൻഡ് ആയിട്ടുള്ള വല്ലതും ധരിച്ചുടെ. മുഖമൊക്കെ മൊഞ്ചത്തിയായി മിനുക്കിയിട്ടും അവൾടെ ഡ്രസ്സ്‌ നോക്കിയേ, അസ്സല് ആൺകുട്ടിയാണ്" അനുവിന്റെ വർത്താനം കേട്ട് ജെസി ഹലാക്കിലെ ചിരിയാണ്. "ഓഹോ!!പിന്നേയ്, രണ്ട് പെൺകുട്ട്യോള്!!കണ്ടാലും മതി. കഥകളിക്ക് വേഷം കെട്ടിയ പോലുണ്ട് രണ്ടിനെയും കാണാൻ. ഡീ കഴുതകളെ, ഇന്ന് നിങ്ങളുടെ കല്യാണമല്ല അവിടെ നടക്കാൻ പോകുന്നത്. ഫിദയുടെതാണ്, അതും എൻഗേജ്മെന്റ്. " "ജസീ, നിന്റെ നൂറയ്ക്ക് അസൂയയാണല്ലോ." "അയ്യേ, അസൂയപ്പെടാൻ പറ്റിയ ഐറ്റംസ്. എന്താടി എനിക്കൊരു കുഴപ്പം. എനിക്ക് ഇങ്ങനെയാ ഇഷ്ടം. ഇതുപോലെ മതി. ഇതാ എനിക്ക് കംഫർട്ടേബിൾ." "അത് ശെരിയാ.നിന്റെ സ്വഭാവത്തിനു ഇത് തന്നെയാ മാച്ച്" പോയി പോയി ജെസിയും നമ്മക്ക് നേരെ ഗോൾ അടിക്കാൻ തുടങ്ങി.

"മതി.അധികം വാചകമടിക്കാതെ രണ്ടും കൂടി വരാൻ നോക്ക്." ഞങ്ങള് മൂന്ന് പേരും കൂടി ഒരു ഓട്ടോയും പിടിച്ചു ഫിദയുടെ വീട്ടിലെത്തി.ഓളെ ഫാമിലി നമ്മളെയൊക്കെ പോലെ സാദാരണ തരത്തിലാണ്.ചെക്കന്റെ കൂട്ടർ മൾട്ടി ആണെന്നാ കേട്ടത്.നമ്മള് അവിടെ എത്തുമ്പോഴേക്കും സിനുവും നമ്മളെ ബാക്കി ചങ്ങായിമാരും എത്തിയിരുന്നു.ഞങ്ങളെ ഓളെ വീട്ടുകാർ നല്ലോണം സ്വീകരിച്ചു.ഞങ്ങളൊക്കെ കൂടി ഫിദയെ നല്ല മൊഞ്ചത്തിയാക്കി തന്നെ ഒരുക്കി.കുറച്ചു കഴിയുമ്പോൾ ചെക്കന്റെ വീട്ടുകാർ വന്നു.അവര് അകത്തേക്ക് കയറുന്ന തക്കത്തിനു നമ്മള് ഫുഡ്‌ അടിക്കാൻ വേണ്ടി പുറത്തേക്ക് ഇറങ്ങി.കുറ്റം പറയരുതല്ലോ.നല്ല അടിപൊളി ഫുഡ്‌.നമ്മള് രണ്ട് പ്ലേറ്റ് ബിരിയാണിയും പിന്നെ അവിടെ കണ്ട ബാക്കി ഐറ്റംസുമൊക്കെ വാരി വലിച്ച് അകത്താക്കി.നമ്മള് പിന്നെ പണ്ടേ സ്ലിം ബ്യൂട്ടി ആയതുകൊണ്ട് തീറ്റയുടെ കാര്യത്തിലൊന്നും യാതൊരുവിധ കണ്ട്രോളുമില്ല. നമ്മളെ തട്ടല് കണ്ടിട്ട് സിനു നമ്മക്ക് ഇട്ട് നല്ലോണം താങ്ങുന്നുണ്ട്. "ഡീ പതിയെ, എൻഗേജ്മെന്റ് കൂടാൻ വന്നിട്ട് ഇനി അന്റെ മയ്യത്തും കൂടി കൂടാൻ വയ്യേ...

അമ്മാതിരി തീറ്റയാണ് പെണ്ണിന്റെ. കുറച്ചു വെള്ളമെങ്കിലും കുടിക്കെഡീ, ഇല്ലേൽ തൊണ്ടക്ക് പിടിച്ച് ചാകുമെ. " " സിനു.., ഇവളുടെ ഈ തീറ്റ കണ്ട് ഫിദ ഇനി നമ്മളെ കല്യാണത്തിനു വിളിക്കൂലെ എന്നാണ് എന്റെ പേടി" നിങ്ങള് എന്തൊക്കെ നമ്മക്ക് ഇട്ട് വെച്ചാലും നമ്മക്ക് വേണ്ടതൊക്കെ കഴിച്ചിട്ടേ നമ്മള് എഴുന്നേൽക്കു. ജെസി കഴിച്ച് കഴിഞ്ഞ് ഒരു മണിക്കൂർ ആയി നമ്മള് എഴുന്നെല്കാൻ വേണ്ടി കാത്തിരിക്കുകയാണ്. നമ്മളെ വയറു നിറഞ്ഞപ്പോൾ നമ്മള് എഴുന്നേറ്റ് ജെസിയെയും കൂട്ടി കൈ കഴുകാൻ ചെന്നു.നമ്മള് നല്ലൊരു ഏമ്പക്കവും വിട്ട് പന്തലിന് പുറത്തേക്ക് ഇറങ്ങി. പരിപാടി കണ്ടാൽ എൻഗേജ്മെന്റ് ആണെന്ന് പറയില്ല, നിക്കാഹ് ആണെന്നെ പറയു. നമ്മള് വീടും ചുറ്റുപാടുമൊക്കെയൊന്നു നിരീക്ഷിക്കുമ്പോഴാണ് അനു പറയുന്നത് : "ഡീ അവൾടെ ചെക്കനെ കാണണ്ടേ, അകത്തു കേറിട്ട് വരാം" "അതൊക്കെ പിന്നെ കാണാം. അവരിറങ്ങാറായില്ലല്ലോ... അകത്ത് മൊത്തം ആൾകാരാ. നമ്മക്ക് ഇപ്പൊ ഇവിടെയൊന്നു ചുറ്റിയടിക്കാം " നമ്മള് ഇതും പറഞ്ഞ് രണ്ടിനെയും കൂട്ടി മുറ്റത്തേക്കിറങ്ങി. മുറ്റത്ത്‌ ഒരു പത്തു പതിനൊന്നു കാർ ഒക്കെ കിടപ്പുണ്ട്.

നമ്മള് അവിടെയൊക്കെ കണ്ണോടിക്കുമ്പോഴാണ് അവിടെയൊരു മരത്തിന്റെ ചോട്ടിൽ ഒരാള് ഫോണിൽ സംസാരിച്ചോണ്ട് നിക്കുന്നത് കണ്ടത്. പുറകിൽ നിന്ന് കാണുമ്പോൾ തന്നെ നമ്മക്ക് ആളെ മനസ്സിലായി. നമ്മക്ക് തെല്ലൊന്നുമല്ല സന്തോഷമുണ്ടായത്. നമ്മള് അങ്ങോട്ടേക്ക് നോക്കി ഉറക്കെ വിളിച്ചു. "മുബിക്കാ...... " നമ്മളെ അലർച്ച കേട്ട അയാൾ ഫോണും ചെവിയിൽ നിന്നെടുത്ത് തിരിഞ്ഞ് ചുറ്റും നോക്കി. നമ്മളെ കണ്ടതും ഫോൺ കാതോരം വെച്ച് എന്തോ പറഞ്ഞ് ഫോൺ കട്ട്‌ ആക്കി പോക്കറ്റിലിട്ടു. നമ്മളെ ഈ കളിയൊക്കെ കണ്ട് അനു ആകെ വണ്ടർ അടിച്ചു നിൽക്കുകയാണ്. ജെസി ഓൾക്ക് ആളെ പറഞ്ഞ് കൊടുത്തു. നമ്മള് മുബിക്കാന്റ്റെ അടുത്തേക്ക് ചെല്ലാൻ വേണ്ടി രണ്ടാളെയും വിളിച്ചു. "നമ്മളില്ലേ, നീ തന്നെ അങ്ങ് ചെന്നാൽ മതി. നിങ്ങൾ ഇക്കാക്കാന്റെയും അനിയത്തിയുടെയും സ്നേഹ സംഭാഷണം കാണാനല്ലേ. " "ജെസി, നീ തന്നെയാണോടി ഇത്. അസൂയക്കാരി. അത് നീ മുബിക്കയോട് ഒന്നും സംസാരിക്കാത്തതു കൊണ്ടല്ലേ.

വരുന്നുണ്ടേൽ വാ" ന്നും പറഞ്ഞ് നമ്മള് മുബിക്കാന്റ്റെ അടുത്തേക്ക് ചെന്നു. അപ്രതീക്ഷിതമായ കണ്ടു മുട്ടൽ ആയതുകൊണ്ട് മുബിക്കയുടെ മുഖത്തും ഒരാശ്ചര്യമൊക്കെയുണ്ട്. "ഹാ ആരിത്,നമ്മളെ വായാടിയോ.നീ എന്താ വിളിച്ചെ.മുബിക്കാന്നോ.അപ്പൊ നീ എന്നെ ഇക്കയായി അംഗീകരിച്ചോ " പുഞ്ചിരിച്ചു കൊണ്ടുള്ള മുബിക്കാന്റ്റെ ചോദ്യം നമ്മളിലും ഒരു പുഞ്ചിരി വിടർത്തി.സാദാരണ നമ്മള് അത്ര പെട്ടെന്ന് ആരോടും അടുക്കാറില്ല,ആരെയും വേഗത്തിൽ ഇഷ്ടപ്പെടാറില്ല.എന്തിന് മുതിർന്നവരെ ഇക്കാന്ന് വിളിക്കാറില്ല.പിന്നെ എന്തെ ഇപ്പോ ഇങ്ങനെയൊക്കെ.മുബിക്കാനെ നമ്മക്ക് അത്രയ്ക്കും ബോധിച്ചിട്ടുണ്ട്. "ഹാ അത് ഇങ്ങള് നമ്മക്കൊരു ചാൻസ് തന്നതല്ലേ നിങ്ങളുടെ അനിയത്തി ആവാൻ.ചുളുവിൽ ഒരു ഇക്കാക്കാനെ കിട്ടുമ്പോൾ നമ്മളും വേണ്ടാന്ന് വെച്ചില്ല." നമ്മളെ വർത്താനം കേട്ട് മുബിക്ക ചിരിക്കാൻ തുടങ്ങി.സത്യം പറയട്ടെ, എന്ത് മൊഞ്ചാണെന്നോ മുബിക്കയുടെ ചിരി. "ആട്ടെ നീയെന്താ ഇവിടെ " "നമ്മളെ ഫ്രണ്ടിന്റെ എൻഗേജ്മെന്റ് ആണ്.അറിയോ ഫിദയെ.അല്ല അപ്പൊ നിങ്ങളെന്താ ഇവിടെ." "ഹാ അതുപറ.ഫിദ നിന്റെ ഫ്രണ്ട് ആണോ.എന്നാലേ അവളുടെ ചെക്കൻ എന്റെ ഫ്രണ്ടാ. അല്ല,നിന്റെ വാലെവിടെ.ആ മിണ്ടാപ്പൂച്ച"

"വാലോ?ആര്...? പൂച്ചയോ....?..എവിടെ??" മുബിക്ക ജെസിയെയാണ് തിരക്കിയതെന്ന് നമ്മക്ക് മനസ്സിലായി.എന്നിട്ടും അറിയാത്ത ഭാവത്തിൽ തന്നെ നമ്മള് ചോദിച്ചു. "അ...അത് ജസീല എവിടെയെന്ന്.." "ഓ ജെസിയോ അവളപ്പുറത്തുണ്ട്.ഇങ്ങളെ കണ്ടപ്പോൾ ഞാൻ അവളെ ഇങ്ങോട്ടേക്കു വിളിച്ചതാ.അവള് വന്നില്ല" "അതെന്തേ.നമ്മളെ ഇഷ്ടപ്പെടാത്തോണ്ടാണോ " മുബിക്ക തെല്ലൊരു സംശയത്തോടെയാണിത് ചോദിച്ചത്. "ഹാ ആയിരിക്കും" മ്മളും ഒട്ടും കൂസലില്ലാതെ പറഞ്ഞു. "ശെരിക്കും ആണോ??അപ്പൊ നിനക്കും എന്നെ ഇഷ്ടപ്പെട്ടില്ലേ " "അയ്യേ,എന്റെ മുബിക്കാ ഇങ്ങളെന്താ ഇങ്ങനൊക്കെ ചോദിക്കുന്നെ. നിങ്ങളിത്ര സെന്റി ആണെന്ന് നമ്മള് വിചാരിച്ചില്ലാട്ടോ. പിന്നെ ജെസി വരാത്തത് എന്താണെന്നറിയോ. നിങ്ങള് നമ്മളെ മാത്രം പെങ്ങളാക്കിയതും നമ്മളോട് കൂടുതൽ സംസാരിക്കുന്നതോന്നും അവക്കിഷ്ടപ്പെട്ടില്ല. ഇക്കാക്കാന്റെയും അനിയത്തിയുടെയും സ്നേഹ സംഭാഷണം കേൾക്കാൻ വരുന്നില്ലെന്നാ പറഞ്ഞത്." നമ്മക്ക് നല്ല ചിരി വരുന്നുണ്ടെങ്കിലും നമ്മള് മുബിക്കാന്റ്റെ മുഖത്തേക്ക് നോക്കി ചെറിയൊരു വിഷമത്തോടെ പറഞ്ഞു.

മുബിക്ക നമ്മക്ക് അസ്സലൊരു പുഞ്ചിരിയും തന്നു കൊണ്ട് പറഞ്ഞു. " നിന്നെ അനിയത്തിയായി കണ്ടതുപോലെ അവളെയും എന്റെ അനിയത്തിയായി കാണാനല്ല എന്റെ ആഗ്രഹം." "പിന്നേ!!" നമ്മള് മുബിക്കാനെ എന്താണെന്ന അർത്ഥത്തിൽ നോക്കി. മുബിക്ക തുടർന്നു. "അ... അത് നൂറാ, എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട് " " "എന്താ മുബിക്കാ,എന്താ കാര്യം??. നിങ്ങളെന്താ ഒരുമാതിരി പെണ്ണുങ്ങളെ പോലെ.എന്തായാലും കാര്യം പറ" "അത്...അതെനിക്ക് നിന്റെ ജെസിയെ പെരുത്ത് ഇഷ്ടാണ്.അവളെ കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്. അവളെ എന്റെ ബീവി ആക്കാനാണ് എന്റെ ആഗ്രഹം. ഞാൻ പൊന്ന് പോലെ നോക്കിക്കോളാം. " മുബിക്ക ഒറ്റയടിക്ക് ഇത്രയും പറഞ്ഞു തീർത്തപ്പോൾ നമ്മളെ തല ചുറ്റുന്ന പോലെയായി. കാര്യം മുബിക്കാക്ക് ജെസിയോട് എന്തോ ഒരിത് ഉണ്ടെന്ന് നമ്മക്ക് ആദ്യമേ സംശയം തോന്നിയിരുന്നു. എങ്കിലും നമ്മളോട് മുബിക്ക ഇതൊക്കെ പറയുംന്ന് വിചാരിച്ചതല്ല. കാര്യം കേട്ട നമ്മക്ക് പെരുത്ത് സന്തോഷായി.

എന്റെ ജെസിക്ക് ഇതിനേക്കാളും നല്ലോരാളെ ഇനി വേറെ കിട്ടാനില്ല. എന്നാലും നമ്മളാ സന്തോഷമൊന്നും പുറത്തു കാണിക്കാതെ മുബിക്കാനെ കുറച്ചു പറ്റിക്കാൻ തന്നെ തീരുമാനിച്ചു. "നൂറാ, നീയൊന്നും പറഞ്ഞില്ല" "ഓഹോ, അപ്പോ ഇതായിരുന്നോ നിങ്ങളെ മനസ്സിലിരുപ്പ്. വെറുതെയല്ല നമ്മളെ പെങ്ങളാക്കിയത്. നമ്മളെ കൂടെ ചേർന്ന് ജെസിയോടായി ഒട്ടാമെന്ന് മോൻ വിചാരിച്ചുല്ലേ. എന്നാലും നിങ്ങള് ആള് തരക്കേടില്ലല്ലൊ. ചുളുവിൽ ഒരു പെങ്ങളുമായി, പിന്നെ പെണ്ണുമായി. അല്ലെ" നമ്മള് ഇല്ലാത്ത ദേഷ്യമൊക്കെ ഫിറ്റ്‌ ചെയ്തു കൊണ്ടാണ് മുബിക്കയോടിതു പറഞ്ഞത്. "നൂ... നൂറ. അങ്ങനെയല്ല. നീ വിചാരിക്കുന്ന പോലെയല്ല. നിന്നെ എന്റെ പെങ്ങൾ ആണെന്ന് പറഞ്ഞത് തികഞ്ഞ ആത്മാർത്ഥതയോട് കൂടി തന്നെയാണ്. പിന്നെ ജെസി, അവളെ ആദ്യമായി കണ്ടത് മുതലേ എനിക്ക് അവളോട്‌ തോന്നിയ മുഹബ്ബത്ത് അതും സത്യമാണ്‌. ഖൽബിന്റ്റെ പാതിയായി അവളും കൂടി ഇനി അങ്ങോട്ടേക്ക് വേണമെന്നൊരു തോന്നൽ. തന്നുടെ നിന്റെ ആ പാവം തൊട്ടാവാടിയെ എനിക്ക്. ഒരിക്കലും ആ മിഴികൾ നിറയാതെ പൊന്നുപോലെ നോക്കിക്കോളാം. അത്രയ്ക്കും എനിക്ക് ഇഷ്ടമാണ്‌ ജെസിയെ. "

മുബിക്കാന്റ്റെ ഓരോ വാക്കുകളും നമ്മളെ ഹൃദയത്തിൽ ഒരായിരം പൂത്തിരി ഒന്നിച്ചു കത്തിച്ച പ്രതീതിയാണ് ഉണ്ടാക്കിയത്. ഒരു നിമിഷത്തേക്ക് എനിക്കെന്താണ് മുബിക്കയോട് പറയണ്ടതെന്നറിഞ്ഞില്ല. പടച്ചോന് നമ്മളൊരായിരം സ്തുതി പറഞ്ഞ നിമിഷമാണ്‌. എന്റെ ജെസിക്ക് ഇതിനെക്കാളും നല്ലൊരാളെ ഇനി റബ്ബ് വിധിച്ചിട്ടില്ല. പടച്ചോൻ അവൾകായി കൊണ്ട് കൊടുത്ത ഭാഗ്യമാണ്‌ എന്റെ മുബിക്ക. ഇനിയും മുബിക്കാനെ ഇട്ട് വട്ടു കളിപ്പിക്കാൻ നമ്മള് തീരുമാനിച്ചിട്ടില്ല. അതോണ്ട് തന്നെ നമ്മള് കാര്യങ്ങളൊക്കെ പറഞ്ഞു. നമ്മള് പറഞ്ഞത് ജെസിയെക്കുറിച്ച് മാത്രമാണ്. അവളൊരു പാവമാണെന്നും നമ്മൾ ഇല്ലാതെ അവളൊരു നിമിഷം പോലും നിന്നിട്ടില്ലെന്നും അങ്ങനെ എന്തൊക്കെയോ ആ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജെസിയുടെ മൊത്തം കാര്യങ്ങളും നമ്മള് പറഞ്ഞു കൊടുത്തു. മുബിക്കയെ കുറിച്ചും നമ്മളെല്ലാം ചോദിച്ചറിഞ്ഞു. പക്ഷെ ജെസിയുടെയും ഇഷ്ടം അതെന്താണെന്നറിയണമല്ലോ. "പക്ഷെ മുബിക്കാ, ജെസി... അവളുടെ അഭിപ്രായം അറിയണ്ടേ. "

"നൂറ, നിനക്കെന്നെ ഇഷ്ടപ്പെട്ടോ. എന്നാൽ ജെസിക്കും ഇഷ്ടപ്പെടും.പേര് ചോദിച്ചാൽ അത് പറയാൻ പോലും നിന്റെ അനുവാദത്തിനു കാത്തു നിൽക്കുന്നവളാണ് നിന്റെ ജെസി.അങ്ങനെയുള്ള അവൾ ഇതിലും നിന്റെ ഇഷ്ടമേ ചോദിക്കുകയുള്ളു. എന്നുവെച്ച് നിന്റെ ഇഷ്ടത്തിനു വഴങ്ങി അവളെന്റെ മുഹബത്ത് സ്വീകരിക്കണമെന്ന് ഞാൻ പറയില്ല. നീ അവളോട്‌ എന്റെ കാര്യം ചോദിച്ചു നോക്ക്, എനിക്കവളോട് തോന്നിയ ഇഷ്ടം പറഞ്ഞു നോക്ക്. അവൾക്ക് പൂർണ സമ്മതം ആണെങ്കിൽ ഞാൻ വരും നിങ്ങളെ വീട്ടിലേക് നിന്റെ തൊട്ടാവാടിയെ എനിക്ക് തരുമോന്ന് ചോദിക്കാൻ " "അയ്യടാ,, അങ്ങനെ ഇപ്പൊ നിങ്ങളെ റൊമാൻസ്ന്റ്റെ ഇടയിൽ നമ്മളെ കൂട്ടണ്ട. മുബിക്കാക്ക് അവളോടുള്ള ഇഷ്ടം നിങ്ങള് തന്നെ പറഞ്ഞാൽ മതി. എനിക്കൊന്നും വയ്യ. " "ഡീ വായാടി, ഒന്നുല്ലേലും നീയെന്റെ പെങ്ങളല്ലേടി.

അവളോട്‌ പറയാൻ എനിക്ക് ധൈര്യക്കുറവുണ്ടായിട്ടൊന്നുമല്ല. ഞാൻ ജെസിടെ അടുത്ത് ചെന്നാൽ തന്നെ അവളൊന്നും മിണ്ടൂല. പിന്നെ ഇതും കൂടെ പറഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കും. അതുകൊണ്ട് ഒന്ന് സെറ്റ് ആക്കി താ മോളെ നൂറ" "ഹാ നോക്കട്ടെ ജെസിടെ കാര്യം ആയതോണ്ട് മാത്രം. ചെലവ് ചെയ്യണം" നമ്മള് മുബിക്കാട് അതും പറഞ്ഞു ചിരിച്ചോണ്ട് നിക്കുമ്പോഴാണ് മുബിക്കാക്ക് ഫോൺ വന്നത്. മുബിക്ക ഫോണും അറ്റൻഡ് ചെയ്തു സംസാരിച്ചോണ്ടിരിക്കുംമ്പോഴും നമ്മളവിടെ തന്നെ നിന്ന് മുബിക്കാനെ വീക്ഷിക്കുകയായിരുന്നു. അപ്പോഴാണ് ആരോ വന്ന് നമ്മളെ നടുപൊറം നോക്കി ഒരെണ്ണം തന്നത്. എന്റ്റുമ്മാന്ന് അലറിക്കൊണ്ട് നമ്മള് തിരിഞ്ഞു നോക്കി. ബാക്കിലേക്ക് നോക്കിയ നമ്മക്ക് അടിമുടി ദേഷ്യം കയറി വന്നു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story