💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 15

khalbil nee mathram

രചന: ഷംസീന ഫിറോസ്

എന്റ്റുമ്മാന്ന് അലറിക്കൊണ്ട് നമ്മള് തിരിഞ്ഞു നോക്കി. ബാക്കിലേക്ക് നോക്കിയ നമ്മക്ക് അടിമുടി ദേഷ്യം കയറി വന്നു. "ഡാ സിനു, എന്താടാ എന്നെ തല്ലിക്കൊല്ലാനാണോ നിന്റെ ഉദ്ദേശം. " നമ്മള് നല്ല കലിപ്പിൽ ചോദിച്ചു. "ഡീ ആരാടീ അത്. " ചെക്കൻ നമ്മളെക്കാൾ കലിപ്പിലാണ്. ഓഹോ. അപ്പൊ അതാണ് കാര്യം. നമ്മള് ആളെ സിനുവിന് പറഞ്ഞുകൊടുത്തു. കൂടെ ജെസിടെ കാര്യവും. നമ്മളെല്ലാം പറഞ്ഞപ്പോഴാണ് ചെക്കൻ ഒന്നടങ്ങിയത്. അപ്പോഴേക്കും മുബിക്ക ഫോൺ കട്ട്‌ ചെയ്തു വീണ്ടും നമ്മളുടെ അടുത്തേക്ക് വന്നിരുന്നു. നമ്മള് മുബിക്കാക്ക് സിനുവിനെ പരിചയപ്പെടുത്തി കൊടുത്തു. പിന്നെ അവര് തമ്മിലായി വർത്താനമൊക്കെ. നമ്മള് മുബിക്കയോട് ബൈയും പറഞ്ഞ് ജെസിടെയും അനുവിന്റെയും അടുത്തേക്ക് ചെന്നു. നമ്മള് പോകുമ്പോഴും മുബിക്ക നമ്മളോട് ചിരിച്ചോണ്ട് പറഞ്ഞു. "നൂറ, പറഞ്ഞ കാര്യം മറക്കല്ലേട്ടൊ" നമ്മള് ഡബിൾ ഓക്കേയും പറഞ്ഞാണ് വന്നത്. നമ്മള് അവിടെ ചെന്നു നോക്കുമ്പോൾ രണ്ടിനെയും കാണാനില്ല. നമ്മള് വീടിന്റെ അകത്തു മൊത്തം തപ്പി നോക്കി.

അപ്പോഴാണ് ഫിദയും ഓൾടെ ചെക്കനും കൂടി ഹാളിൽ നിന്ന് ഫോട്ടോസ് എടുക്കുന്നത് കണ്ടത്. നല്ല മൊഞ്ചനാണല്ലൊ ഓൾടെ ചെക്കൻ. അപ്പൊ നമ്മളെ രണ്ട് സാധനങ്ങളെവിടെന്ന് വിചാരിച്ചു നമ്മളവരെ നോക്കുമ്പോഴാണ് ഫിദ നമ്മളെ ഫോട്ടോ എടുക്കാൻ വിളിക്കുന്നത്. നമ്മളവരെയും കൂട്ടി വരാമെന്നു പറഞ്ഞ് അവരെ തപ്പിയിറങ്ങി. അവസാനം ഫിദയുടെ റൂമിൽ നിന്ന് രണ്ടിനെയും കിട്ടി. ഞങ്ങള് മൂന്നാളും അവരുടെ കൂടെ നല്ല സ്റ്റൈൽ ആയി കുറേ ഫോട്ടോക്ക് പോസ് ചെയ്തു. നമ്മക്ക് മുബിക്ക പറഞ്ഞ കാര്യം ജെസിയോട് പറയാതെ ഒരു സമാധാനവുമില്ല. നമ്മള് പടപടാന്ന് അവരെ വലിച്ചോണ്ട് പുറത്തേക്ക് വന്നു.രണ്ടിന്റെയും മുഖം ഇപ്പോളും തെളിഞ്ഞിട്ടില്ല. "കഴിഞ്ഞോ ആങ്ങളയുടെയും പെങ്ങളുടെയും സ്നേഹ സല്ലാപം" വീണ്ടും ജെസിയാണ്.ഇവൾക്കിതെന്തു പറ്റി. "എന്താടി ഇത്രയൊക്കെ സംസാരിക്കാൻ ഉള്ളത്.എന്തൊക്കെയുണ്ട് നിന്റെ മുബിക്കയുടെ വിശേഷങ്ങൾ"

അനുവാണ്. "ഡീ അനുവേ,നിനക്കൊരു കാര്യം അറിയോ" "എന്താ പറഞ്ഞാൽ അല്ലെ അറിയുള്ളു " "അനൂ... മുബിക്ക നമ്മളെ പെങ്ങളാക്കിയതെന്തിനാണെന്നറിയോ " "എന്തിനാ " രണ്ടും ചെവി കൂർപ്പിച്ചു. "ഹാ അതൊക്കെയുണ്ട് " "ഏതൊക്കെ?എന്താടി നൂറ,കാര്യം പറ.ഇനി പെങ്ങൾക്ക് വല്ല ചെറുക്കനെയും കണ്ടുപിടിച്ചോ ആവോ" "ഹാ ഉണ്ടല്ലോ.ചെറുക്കനയൊക്കെ കണ്ടുപിടിച്ചു.പക്ഷെ പെങ്ങൾക്കല്ലാന്ന് മാത്രം." നമ്മളൊരു കള്ളച്ചിരിയോടെ ജെസിയെ നോക്കി പറഞ്ഞു. "പിന്നെ?എന്തൊക്കെയാടി പറയുന്നേ.ഒന്നു തെളിച്ചു പറ" "അനുവേ,മുബിക്ക നമ്മളെ പെങ്ങളാക്കിയത് ദേ ഇവളെ മുബിക്കാന്റ്റെ പെണ്ണ് ആക്കാനാ.. " നമ്മളെ പറച്ചില് കേട്ട് അനുവും ജെസിയും കണ്ണും തള്ളി തൊള്ളയും തുറന്ന് നമ്മളെ നോക്കി നിന്നു. എന്നിട്ട് അനു, "ഹേ.. സത്യമാണോ? " "ആടീ,,ഇപ്പോഴല്ലേ നമ്മക്ക് കാര്യങ്ങളൊക്കെ മനസ്സിലായത്.

" നമ്മള് ജെസിയെ നല്ലോണം നോക്കി കളിയാക്കി. കൂടെ അനുവും. അവളാകെ അന്തം വിട്ട് നമ്മളെ നോക്കുവാണ്. പെണ്ണ് ആകെ ഞെട്ടി ഒരു വിധത്തിൽ ആയിട്ടുണ്ട്. കൂടെ ചെറിയൊരു നാണവും കൂടി ഉണ്ടോന്നൊരു സംശയം. "ജെസി... എന്താ നിന്റെ അഭിപ്രായം. പെട്ടന്ന് പറ... മുബിക്ക വെയ്റ്റിംഗ് ആണ്" "ജസീ, നല്ലോരു തീരുമാനം തന്നെ പറഞ്ഞോ. ആള് മൊഞ്ചനാണ്. " "അനൂ, ആ മുഖത്തിന്റെ മൊഞ്ചു മാത്രമേ നീ കണ്ടിട്ടുള്ളു. അതിനപ്പുറം ആ മനസ്സിന്റെ മൊഞ്ചു ഒന്ന് കാണണം.അതാണ് എനിക്കിഷ്ടപ്പെട്ടത്.നിനക്കറിയുന്നതല്ലേ,നമ്മളങ്ങനെ അത്ര പെട്ടന്നൊന്നും ആരെയും ഇഷ്ടപ്പെടുലാന്ന്.മുബിക്കാനെ നമക്ക് പെരുത്തിഷ്ടമായി. അതുകൊണ്ട് തന്നെയാ നമ്മളി കാര്യത്തിനു വേണ്ടി മുബിക്കാനെ സപ്പോർട്ട് ചെയ്യുന്നത്. പറ ജെസി, ന്താ നിന്റെ അഭിപ്രായം. നിനക്ക് പറ്റിയൊരാൾ തന്നെയാ മുബിക്ക. അല്ലെങ്കിൽ നിന്നോട് ഞാനീ കാര്യത്തിനെക്കുറിച്ച് സംസാരിക്കില്ലായിരുന്നു. എന്റെ ഈ തൊട്ടാവാടിക്ക് എന്ത് കൊണ്ടും യോഗ്യൻ തന്നെയാണ് എന്റെ മുബിക്ക.

" നമ്മളിത്രയൊക്കെ പറഞ്ഞിട്ടും മൗനം മാത്രമായിരുന്നു ജെസിയുടെ മറുപടി. "ജെസി, നൂറ ചോദിച്ചത് കേട്ടില്ലേ. എന്താടി ഒന്നും പറയാത്തത്. എന്തായാലും തുറന്നു പറ. നിന്നെ നമ്മളൊരിക്കലും നിർബന്ധിക്കില്ല. നിന്റെ നൂറയ്ക്ക് ഇഷ്ടപ്പെടുന്ന ഒരാളെ മതിയെന്നല്ലേ നീ പറയാറ്. ഇവൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ മുബിക്ക ചില്ലറക്കാരൻ അല്ല " "അത്... അത്.. എനിക്കറിയില്ല അനു" "പിന്നെ നിനക്ക് അല്ലാതെ ഞങ്ങക്ക് ആണോ അറിയുന്നത്. നീ കാര്യം ശെരിക്ക് പറ ജെസിയെ, ഈ തൊട്ടാവാടിയെ മുബിക്കാക്ക് നൽകാന്ന് നമ്മള് വാക്ക് കൊടുത്തതാ " "അത് നൂറ, എനിക്കറിയില്ലടി. നിന്റെ ഇഷ്ടം തന്നെയാണ് എന്റെതും. പക്ഷെ..... " "പക്ഷെ എന്താ? " "എനിക്കൊരു കാര്യം പറയാൻ ഉണ്ട് " "ഹാ അതൊക്കെ നീയിനി മുബിക്കയോട് പറഞ്ഞാൽ മതി " നമ്മളിത്രയും പറഞ്ഞ് ജെസിയെയും അനുവിനെയും വലിച്ചു മുറ്റത്തെക്കിറങ്ങി. മുബിക്കാനെ അവിടെയൊക്കെ തിരഞ്ഞു നടന്നു. എവിടെയും കണ്ടില്ല. അവസാനം സിനുനോട് ചോദിച്ചു. "മുബിക്ക പോയല്ലോ നൂറാ...

നിന്നോട് പറയാൻ പറഞ്ഞു. ഒരു ഫോൺ വന്നു. അർജന്റാണെന്ന് പറഞ്ഞ് പെട്ടെന്നിറങ്ങി. " നമ്മക്ക് ആകെ വിഷമമായി. ഇനി എപ്പോഴാ മുബിക്കാനെ ഒന്നു കാണുക. അപ്പോഴേക്കും ഞങ്ങളെ ബാക്കി ഫ്രണ്ട്‌സ് ഒക്കെ മുറ്റത്തെക്ക് ഇറങ്ങി വന്നിരുന്നു. പിന്നെ അവരുടെ കൂടെ വീണ്ടും കുറച്ചു ഫോട്ടോസ് പിടിക്കലും മറ്റുമൊക്കെയായി സമയം കഴിച്ചു. ഫിദയോട് യാത്ര പറഞ്ഞ് നമ്മള് പെട്ടന്ന് തന്നെ വീട്ടിലേക് തിരിച്ചു. വീട്ടിൽ എത്തിയതിന് ശേഷവും നമ്മള് ജെസിയോട് മുബിക്ക പറഞ്ഞതിനെ കുറിച്ച് ചോദിച്ചു. പെണ്ണ് നിന്ന് വട്ടം ചുറ്റുന്നതല്ലാതെ മറുപടിയൊന്നും തെളിച്ചു പറയുന്നില്ല. ഇനി ഏതായാലും മുബിക്ക തന്നെ ഇവളോട് കാര്യങ്ങൾ ചോദിക്കട്ടെന്ന് കരുതി നമ്മളും അത് വിട്ടു. വീട്ടിൽ പിന്നെയും ആകെയൊരു മൂകതയാണ്. മൂത്താപ്പയാണെങ്കിൽ ഇരുപത്തി നാല് മണിക്കൂറും ആലോചനയിലാണ്. മൂത്തുമ്മയ്ക്കും ആകെ മൗനം. നമ്മൾ അറിയാതെ ഇവിടെ എന്തൊക്കെയോ നടക്കുന്നു എന്നൊരു തോന്നൽ. ഇപ്പച്ചിയോടും ഇമ്മച്ചിയോടും വിവരം ചോദിച്ചെങ്കിലും കാര്യമൊന്നും ഉണ്ടായില്ല.

തിങ്കളാഴ്ച വൈകുന്നേരം ക്ലാസും കഴിഞ്ഞ് ബസ്‌ സ്റ്റോപ്പിൽ വന്നിറങ്ങുമ്പോൾ നമ്മള് കാണാൻ ആഗ്രഹിച്ചയാൾ നമ്മളെ മുന്നിലുണ്ട്.ബസ്‌ സ്റ്റോപ്പിനടുത്തായി കാറും നിർത്തിയിട്ട് കയ്യും കെട്ടി വണ്ടിക്ക് ചാരി നിന്ന് മുബിക്ക ഞമ്മളെയും നോക്കി പുഞ്ചിരിക്കുന്നുണ്ട്. മുബിക്കാനെ കണ്ടപ്പോൾ തന്നെ നമ്മളും അനുവും കൂടി ജെസിയെ കളിയാക്കാൻ തുടങ്ങി. പെണ്ണ് ആകെ പരുങ്ങാനും വിറക്കാനുമൊക്കെ തുടങ്ങി. നമ്മള് ഓളെയും വലിച്ചു മുബിക്കാന്റെ മുന്നിൽ ചെന്നു നിന്നു. മുബിക്കയും കുറച്ചു ചമ്മലിലാണ്. "മുബിക്കാ, എന്താ നിങ്ങൾക്ക് പറയാൻ ഉള്ളതെന്ന് വെച്ചാൽ ഇങ്ങള് തന്നെ ഡയറക്റ്റ് ആയി പറഞ്ഞോ. എന്തിനാ നമ്മളൊക്കെ ഇടയിൽ കേറി വെറുതെ കച്ചറ പിച്ചറാന്നൊക്കെ " മുബിക്ക അധികം നീട്ടി വളക്കാതെ ജെസിയോട് കാര്യങ്ങളൊക്കെ പറഞ്ഞു. "അത്... എ.. എനിക്ക് ഇഷ്ടമല്ല" നമ്മളെയൊക്കെ ഞെട്ടിച്ചു കൊണ്ടായിരുന്നു ജെസിയുടെ മറുപടി. മുബിക്കയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു പകരമൊരു വിഷമം പടരുന്നതാണ് നമ്മള് കണ്ടത്. "ജെസി നീ കളിക്കല്ലേ, എന്താടി ഇത്? കാര്യം ശെരിക്ക് പറയെടി" അനുവാണ്. "മുബിക്കാന്റ്റെ മുഖത്ത് നോക്കി പറയെടി നിനക്ക് മുബിക്കാനെ ഇഷ്ടപ്പെട്ടില്ലെന്ന് "

"വേണ്ട നൂറാ, അവളെ നിർബന്ധിക്കണ്ട. ഒരു പക്ഷെ അവളുടെ ഇഷ്ടം വേറെയാവും" "അതല്ല മുബിക്ക, ഇവള് എന്നോട്......... ഇവൾക്കെന്താ പ്രശ്നം. എന്താ ജെസി നിനക്ക് മുബിക്കാനെ ഇഷ്ടമല്ലാത്തത് " നമ്മളെ ചോദ്യത്തിനു മറുപടി ആയി അവള് മുബിക്കയോടൊരു ചോദ്യമാണ്‌ ചോദിച്ചത്. അതും നമ്മളൊക്കെ പ്രതീക്ഷിക്കാത്തത്.വീണ്ടും നമ്മളൊരു ഞെട്ടലായിരുന്നു. "അത് നിങ്ങൾക്ക് ഇക്കാക്കയോ അനിയനോ അങ്ങനെ ആരെങ്കിലും ഉണ്ടോ? " "ജസീ....... നീ പറഞ്ഞു വരുന്നത് അപ്പൊ..... നിനക്ക് മുബിക്കാനെയല്ലേ ഇഷ്ടപ്പെട്ടത്.മുബിക്കയുടെ ഇക്കാക്കാനെയോ അനിയനെയോ മറ്റുമാണോ " നമ്മള് തെല്ലൊരു ഭയത്തോടെയാണ് ഇത് ചോദിച്ചത്.മുബിക്ക ജെസി എന്താണ് പറഞ്ഞു വരുന്നതെന്ന അർത്ഥത്തിൽ അവളെ ഉറ്റു നോക്കി. "അതല്ല നൂറ, ഞമ്മള് പറഞ്ഞതൊക്കെ നീ മറന്നോ. നമ്മള് രണ്ട് പേരും ഒരു വീട്ടിലേക്കേ കയറി ചെല്ലുള്ളുന്ന്, എനിക്ക് നീ ഇല്ലാതെ പറ്റില്ലെന്ന്, അങ്ങനെ ആണെങ്കിൽ മാത്രെ കല്യാണം കഴിക്കുള്ളുന്ന്.... എന്നിട്ട് ഇപ്പൊ നീയതൊക്കെ മറന്നോ "

ജെസിയുടെ സംസാരത്തിൽ തെല്ലൊന്നുമല്ല വിഷമം ഉണ്ടായത്. "ജെസി നിയെന്തൊക്കെയാടി പറയുന്നത്. അതൊന്നും പ്രാവർത്തികമാവില്ല. അതൊക്കെ നിന്നെ സമദാനിപ്പിക്കാൻ വേണ്ടി നൂറ വെറുതെ പറഞ്ഞതാവും.എന്നായാലും നിങ്ങള് പിരിഞ്ഞല്ലേ പറ്റു. രണ്ട് വീട്ടിലേക്ക് കയറി ചെല്ലാണ്ടവരല്ലേ" "ജെസി നിന്റെ ആഗ്രഹം എന്താണെന്ന് മാറ്റാരെക്കാളും നന്നായിട്ടെനിക്കറിയാം. പക്ഷെ അനു പറഞ്ഞതല്ലേ കാര്യം.ഞമ്മള് വിവാഹം കഴിഞ്ഞാലും ഞാൻ നിന്നെ പിരിയുമെന്ന് ആരാ പറഞ്ഞെ. ഞങ്ങക്ക് എപ്പോ വേണമെങ്കിലും കാണാല്ലോ. പിന്നെ മുബിക്ക ഉണ്ടാവില്ലേ നിന്റെ കൂടെ. അതിനെക്കാളും വലുതായി എന്താ നിനക്ക് വേണ്ടത്. നിന്നെ എന്നേക്കാളും കൂടുതൽ സ്നേഹിക്കാനും മനസ്സിലാക്കാനും മുബിക്കാക്ക് കഴിയും. മുബിക്കാക്ക് മാത്രെ കഴിയുള്ളൂ. ഇതിൽ കൂടുതലായി നിനക്കെന്താ വേണ്ടത്. അല്ലെ മുബിക്കാ" ന്നും ചോദിച്ചു കൊണ്ട് നമ്മള് മുബിക്കാനെ നോക്കി. ജെസിയുടെ മറുപടി കേട്ട വിഷമം ആ മുഖത്തുണ്ടെങ്കിലും പതിയെ ആ ചുണ്ടിലൊരു പുഞ്ചിരി വിരിയുന്നത് നമ്മള് കണ്ടു.

"വേണ്ട നൂറ...... അവളതു പറഞ്ഞില്ലെങ്കിലും നിന്നെ പിരിയാൻ അവൾക്കൊരിക്കലും കഴിയില്ലെന്ന് എനിക്കറിയാം. ഒരുമ്മാന്റെ വയറ്റീന്ന് വന്ന മക്കൾക്ക്‌ പോലുമുണ്ടാവില്ല പരസ്പരം ഇത്രയും സ്നേഹവും വിശ്വാസവുമൊക്കെ. നിങ്ങളുടെ ഈ പ്രത്യേകത തന്നെയാണ് എന്നെ നിങ്ങളിലേക്ക് ആകർഷിച്ചതും. എന്നാൽ ജെസീ നീയൊരു കാര്യം കേട്ടോ, നിന്നോടെന്റ്റെ ഇഷ്ടം തുറന്നു പറയുന്നതിന് മുൻപേ എന്റെ മനസ്സിൽ മൊട്ടിട്ട മറ്റൊരു ആഗ്രഹം കൂടിയുണ്ട്. നൂറയെ ഇങ്ങനെ വെറുതെ അനിയത്തിയാക്കാനല്ല എന്റെ ആഗ്രഹം, മറിച്ച് എന്റെ അനിയൻ ഷാജഹാൻറ്റെ പെണ്ണായി ഒരിക്കൽ കൂടി എന്റെയും നിന്റെയും അനിയത്തി ആക്കാനാണ് എന്റെ ഇഷ്ടം, അതാണ് എന്റെ ആഗ്രഹവും. അതും നൂറയ്ക്ക് സമ്മതമാണെങ്കിൽ മാത്രം " മുബിക്ക പറയുന്ന ഓരോ വാക്കുകളും കഥ എന്തെന്നറിയാതെ നമ്മള് കേട്ട് നിൽക്കുമ്പോൾ ജെസി ഇവിടെ തുള്ളി ചാടുന്നുണ്ട്.

മുബിക്ക കൂടുതലായി പിന്നെ എന്തെങ്കിലും പറയുന്നതിന് മുൻപേ എനിക്കിഷ്ടമാണ്‌, എനിക്ക് പൂർണ സമ്മതമാണ്‌ നിങ്ങളുടെ ബീവിയാകാൻ എന്ന മറുപടിയും അവള് നൽകിയിരുന്നു. എന്നാലും എന്റെ ജെസിയെ, നിനക്കൊരു ചെക്കനെ സെറ്റ് ആക്കി തരാംന്ന് വിചാരിക്കുമ്പോൾ ഓൺ ദി സ്പോട്ടിൽ തന്നെ നീ എനിക്കും കൂടി ഒന്നൊപ്പിച്ചു തന്നല്ലോ. ഇവൾ ഇത്രയ്ക്കും ഉഷാറായിരുന്നോ. ഹാ മിണ്ടാ പൂച്ച കലം ഉടയിക്കുമെന്നല്ലേ. ഇനി എന്തൊക്കെ കാണണം എന്റെ റബ്ബേ ! "ഓഹോ, അപ്പൊ നൂറയുടെ കാര്യത്തിൽ ഞാൻ ഇങ്ങനെയൊരു ആഗ്രഹം പറഞ്ഞതു കൊണ്ട് മാത്രം നിനക്കെന്റ്റെ ബീവിയാകാൻ സമ്മതം ആണെന്നല്ലേ. അല്ലാതെ എന്നെ ഇഷ്ടമായിട്ടല്ല. അങ്ങനെ വേണ്ട" "അല്ല എനിക്കിഷ്ടമാണ്‌. നൂറ എനിക്കായി തിരഞ്ഞെടുത്തതോന്നും ഇതുവരെ മോശമായിട്ടില്ല. അതോണ്ട് എനിക്കും ഇഷ്ടാണ് "

വീണ്ടും ജെസി. ഇവള് ഞമ്മളെ ഞെട്ടിക്കലോട് കൂടി ഞെട്ടിക്കലാണല്ലൊ റബ്ബേ ! നമ്മളെ നെഞ്ചത്തെക്ക് മുബിക്ക ഇട്ടു തന്ന ഡോസ് ഇപ്പോഴും നമ്മളെ വിട്ടിട്ടില്ല. "നൂറ, നീ ഒന്നും പറഞ്ഞില്ല. എന്റെ പെങ്ങളുട്ടി ആവാൻ സമ്മതം ആണോന്ന് ചോദിക്കുമ്പോൾ മറുത്ത് ഒന്നും പറയാതെ സമ്മതം ആണെന്ന് പറഞ്ഞവളാണ് നീ. ആ നിന്നോട് ഒരിക്കൽ കൂടി ഞാൻ ചോദിക്കുകയാണ്. എന്റെ അനിയന്റെ പെണ്ണായി ഒരിക്കൽ കൂടി എന്റെയും നിന്റെ ജെസിടെയും അനിയത്തി ആയി ആ വീട്ടിലേക് തന്നെ കയറി വരാൻ നിനക്ക് സമ്മതമാണോ? " ആദ്യമായി മുബിക്കയുടെ ചോദ്യത്തിനൊരു മറുപടി നൽകാൻ കഴിയാതെ ആശയക്കുഴപ്പത്തിലായ നിമിഷം. വായാടി നൂറയ്ക്ക് പറയാൻ ഉത്തരമൊന്നുമില്ലെങ്കിലും തൊട്ടാവാടി ജെസിക്ക് പറയാൻ ഉണ്ടായിരുന്നു, ഇഷ്ടമാണ്..‌ സമ്മതമാണ്‌.., നൂറയ്ക്ക് ഒരായിരം വട്ടം സമ്മതമാണെന്ന്.... മുബിക്ക ചോദ്യം വീണ്ടും ആവർത്തിച്ചു കൊണ്ട് എന്റെ ഇഷ്ടം അറിയാൻ ശ്രമിക്കുമ്പോൾ എന്റെ ജെസിയെയും അവളുടെ മുബിക്കാനെയും നിരാശപ്പെടുത്താൻ ഞാൻ തയ്യാറല്ലായിരുന്നു.

"ഹാ എനിക്കും സമ്മതമാണ്‌. മുബിക്കയുടെ ഷാജഹാൻ ആരാണെന്നോ എന്താണെന്നോ എങ്ങനെയാണെന്നെന്നോ ഒന്നും എനിക്കറിയില്ല.എങ്കിലും സമ്മതമാണ്‌. എന്റെ ജെസിക്ക് വേണ്ടി അവളുടെ സന്തോഷത്തിനു വേണ്ടി അവളുടെ ആഗ്രഹം ഇതാണെങ്കിൽ എനിക്കും സമ്മതമാണ്‌. " ഒരായിരം അമിട്ട് ഒന്നിച്ചു പൊട്ടിയ സന്തോഷം ജെസിയുടെ മുഖത്ത് കാണാം. പടച്ചോൻ ആണെ ഇവൾ ഇത്രയ്ക്കും സന്തോഷിക്കുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല.മുബിക്കയുടെ അവസ്ഥയും ഏറെക്കുറെയൊക്കെ ഇതുതന്നെ. ജെസിക്ക് വേണ്ടിയല്ല,നിനക്ക് വേണ്ടി, നിന്റെ ഇഷ്ടമാണ്‌ അറിയേണ്ടതെന്ന് മുബിക്ക വീണ്ടും ചോദിക്കുമ്പോൾ ജെസിയുടെ സന്തോഷത്തിനു മുന്നിൽ എനിക്ക് മറ്റൊരു തീരുമാനം ഇല്ലായിരുന്നു. മുബിക്ക പിന്നെയും എന്തൊക്കെയാ സംസാരിക്കുന്നുണ്ട്. പക്ഷെ അതൊന്നും എനിക്ക് കേൾക്കാൻ കഴിയുന്നില്ല. എന്തോ താനാഗ്രഹിക്കാത്ത ഒന്ന് മനസ്സിൽ കയറി കൂടിയ പോലെ. "കേട്ടോ നൂറ, ഞാനും എന്റെ ഷാനുവും ഉള്ളത് പോലെത്തന്നെയാണ് നിങ്ങൾ രണ്ടുപേരും.

അതേ സ്നേഹം, സംരക്ഷണം... ജെസിയെ പോലെ തന്നെയാണ് എന്റെ അനിയനും.. , ഇക്കാക്ക ഇഷ്ടപ്പെട്ട് കണ്ടു പിടിക്കുന്ന ഒരുത്തിയെ മതി എനിക്കെന്നും പറഞ്ഞ് നിൽക്കുന്ന എന്റെ ഷാനു.... നിങ്ങളെ പരിചയപ്പെട്ടതു മുതലുള്ള എല്ലാ കാര്യങ്ങളും ഞാൻ ഷാനുവിനോട് പറഞ്ഞിട്ടുണ്ട്. ജെസിയെ എന്നേ അവനെന്റെ ബീവിയാക്കി കഴിഞ്ഞിരിക്കുന്നു. ഇക്കാന്റെ പെണ്ണിന്റെ വിശേഷങ്ങൾ ചോദിച്ചറിയുന്നതിനെക്കാൾ കൂടുതലായി അവൻ അന്വേഷിക്കുന്നത് നിന്നെ കുറിച്ചാണ്. ഞാൻ പറഞ്ഞത് വെച്ച് മാത്രം ഈ വായാടി പെണ്ണിനോട് എന്റെ അനിയൻ ഷാജഹാന് തോന്നിയ മുഹബ്ബത്തിന്റ്റെ പേരിലാണ് നിന്നോട് ഞാൻ ഈ കാര്യം തുറന്ന് ചോദിച്ചത്. എന്ത് കൊണ്ടും എന്റെ ഷാനുവിന് ചേരുന്ന പെണ്ണാണ് നീ.ഇനി ഷാനുവിനോടും കൂടിയൊന്നു പറയട്ടെ, ഈ തല തെറിച്ചവൾക്ക് എന്റെ ഷാനുനെ പറ്റുംന്ന്. അതിന് മുൻപ് എന്റെ ഉമ്മയോടും കൂടി. " മുബിക്ക ഇങ്ങനെ എന്തൊക്കെയോ ഞങ്ങളോട് മൂന്നാളോടും കൂടി പറഞ്ഞു. എല്ലാം ഞാൻ കേൾക്കുന്നുണ്ടെന്നല്ലാതെ ഒന്നും എനിക്കറിയുന്നില്ല എന്താണെന്ന്.

മുബിക്കാ നാളെ കാണാംന്ന് പറഞ്ഞ് പോയി. ഞങ്ങള് വീട്ടിലേക്കും നടന്നു. പോകുന്ന വഴി മൊത്തം അനു ജെസിയെയും എന്നെയും മാറി മാറി കളിയാക്കുന്നുണ്ട്. "ഹോ നിങ്ങളെയൊരു ഭാഗ്യമേ, എത്ര പെട്ടെന്നാ രണ്ടിനും ഓരോ ചെർക്കന്മാരെ സെറ്റ് ആയത്. ജെസി നീ ആള് കൊള്ളാട്ടോ. നൂറയ്ക്കും നീ പോവുന്ന വീട്ടിലേക് തന്നെ വരാല്ലോ. ഹാപ്പി ആയില്ലേ രണ്ടുപേരും. നിങ്ങളുടെ ആഗ്രഹവും ഇതു തന്നെ ആയിരുന്നില്ലേ. ....ഷാജഹാൻ... നല്ല പേരാണ് ട്ടോ നൂറാ... മുബിക്കാന്റെ അനിയൻ ആയതോണ്ട് ആളും സൂപ്പറാവും. എന്നാലും ഒരിക്കൽ പോലും കാണാത്ത അറിയാത്ത ഒരാളെ നീ എങ്ങനെയാ ഇഷ്ടാണ്ന്ന് പറഞ്ഞെ? " "അനു നീ കണ്ടോ അവൾക്കെന്നോടെത്ര സ്നേഹമുണ്ടെന്ന്, എന്റെ ഇഷ്ടമാണ് അവളുടെയും ഇഷ്ടം. പക്ഷെ നൂറ,എന്റെ ഇഷ്ടത്തിനു വേണ്ടി മാത്രം നീ ഒരു തീരുമാനം എടുക്കണ്ട. എന്താ ഏതാന്നൊക്കെ അറിയാത്ത ഒരാളെ...... നിന്റെ ഇഷ്ടം മതി എനിക്കും. നിനക്ക് വേണ്ടെങ്കിൽ വേണ്ടാ, എനിക്കായി ഒരു തീരുമാനം എടുക്കരുത്" രണ്ടാളുടെയും ചോദ്യങ്ങൾക്ക് ഒരു പുഞ്ചിരി മാത്രമേ എനിക്ക് കൊടുക്കാൻ കഴിഞ്ഞുള്ളൂ.

ആ പുഞ്ചിരിയിൽ സന്തോഷമാണോ സങ്കടമാണോ അല്ല ഇനി മറ്റെന്തെങ്കിലും ആണോന്ന് വരെ എനിക്കറിയില്ല. മറ്റൊരു മറുപടി പറയാനായ് വാക്കുകളുമില്ല. എന്തിനും ഏതിനും എന്റെ ഇഷ്ടങ്ങളും സന്തോഷങ്ങളും മാത്രം കാര്യമാക്കുന്ന ജെസി. അവളുടെ സന്തോഷത്തിനു വേണ്ടിയാണ് മുബിക്കയോട് അങ്ങനെയൊരു തീരുമാനം പറഞ്ഞത്. ഷാജഹാൻ....... മുബിക്കയുടെ ഷാനു. ആരാണ്...? എന്താണ്..?എങ്ങനെയാണ്..? എവിടെയാണ്..? പേര് അല്ലാതെ മറ്റൊന്നും അറിയില്ല. അനു ചോദിച്ചത് പോലെ ഒരിക്കലും കാണാത്ത ഒരാളെ എങ്ങനെയാ..? ഇതുവരെ ഈ നൂറയുടെ മനസ്സിൽ ഒരാളോട് പോലും മുഹബ്ബത്ത് തോന്നിയിട്ടില്ല, ഇപ്പോഴും തോന്നുന്നുമില്ല. ഷാജഹാനോട് ഒരു മുഹബ്ബത്ത് ഈ മനസ്സിൽ വിരിയുമോന്നും അറിയില്ല, മുബിക്കാന്റ്റെ ഷാനുനെ എനിക്ക് അംഗീകരിക്കാൻ കഴിയുമോന്നും അറിയില്ല, തിരിച്ച് എന്നെയും....

എന്നാലും ഇഷ്ടപ്പെട്ടെ മതിയാവു... എന്റെ ജെസിക്ക് വേണ്ടി, അവളുടെ സന്തോഷത്തിനു വേണ്ടി. ഞാൻ എന്നും അവളുടെ കൂടെ ഉണ്ടാവണമെന്ന അവളുടെ ആഗ്രഹം സഫലമാകുന്നതിന് വേണ്ടി. അവൾക്ക് മുബിക്കാനെ പെരുത്ത് ഇഷ്ടായിട്ടുണ്ട്. ആ മനസ്സ് നിറയെ മുബിക്കയോടുള്ള മുഹബ്ബത്താണ് ഇപ്പോൾ. ആദ്യമായിട്ടാണ് അവളൊരു കാര്യത്തിൽ ഇത്രയും സന്തോഷവതിയായി കാണുന്നത്.മുബിക്ക ഷാജഹാനെക്കുറിച്ച് എന്നോട് ചോദിക്കുമ്പോൾ അവളെത്ര പെട്ടന്നാണ് സമ്മതം മൂളിയത്. ഇതുവരെ അവളെ ഞാൻ ഇങ്ങനെ കണ്ടിട്ടില്ല. അവൾ ആഗ്രഹിക്കുന്ന പോലൊരു ജീവിതം അവൾക്ക് കിട്ടട്ടെ, അതും മുബിക്കായുമായി.എന്റെ ജെസി എന്നും സന്തോഷവതി ആയിരിക്കട്ടെ. അതിന് വേണ്ടി ആവട്ടെ എന്റെ ഈ തീരുമാനവും.

വീട് എത്തുന്നതു വരെയും ഈയൊരു ചിന്ത മാത്രമാണ്‌ മനസ്സിൽ. ആദ്യമായാണ് ഇങ്ങനെയൊരവസ്ത. മനസ്സിൽ മുഴുവൻ ഇപ്പൊ ഒരേ ഒരു നാമം..... ഷാജഹാൻ..... എന്താണെന്നും എങ്ങനെ ആണെന്നും അറിയാനുള്ള ആകാംക്ഷ. ജെസി വീട് എത്തുന്നതു വരെ വാ തോരാതെ എന്തൊക്കെയോ പറയുന്നുണ്ട്.എല്ലാത്തിനും മൂളി കൊടുത്തതല്ലാതെ മറ്റൊന്നും പറയാൻ തോന്നിയില്ല.അപ്രതീക്ഷിതമായി ഒരിക്കലും ആഗ്രഹിക്കാത്ത എന്തോ ഒന്ന് എന്റെ ഖൽബിൽ വന്നു പതിച്ച പോലെ... ചിന്തകൾക്കൊക്കെ വിരാമമിട്ടു കൊണ്ട് ഞാനും ജെസിയും വീട്ടിലേക്കെത്തി. കയ്യും കാലുമൊക്കെ കഴുകി അകത്തേക്ക് കയറുമ്പോഴാണ് ഞങ്ങളെ രണ്ട് പേരെയും ഞെട്ടിച്ചു കൊണ്ട് മൂത്താപ്പയുടെ ചോദ്യം.ഒരു നിമിഷം ഞങ്ങളൊന്ന് പതറിപ്പോയി.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story