💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 16

khalbil nee mathram

രചന: ഷംസീന ഫിറോസ്

കാലും കയ്യുമൊക്കെ കഴുകി അകത്തേക്ക് കയറുമ്പോഴാണ് ഞങ്ങളെ രണ്ട് പേരെയും ഞെട്ടിച്ചുകൊണ്ട് മൂത്താപ്പയുടെ ചോദ്യം. ഒരു നിമിഷം ഞങ്ങളൊന്നു പതറിപ്പോയി. "നൂറാ, ഇയ്യ് ഏതോ ഒരുത്തനെ അടിച്ചെന്ന് കേട്ടല്ലോ. ആരെയാ... ഇയ്യ് വീണ്ടും തൊടങ്ങിയോ പ്രശ്നത്തിനു നിക്കാൻ.. ജസീ.. എന്താ ഉണ്ടായത്....? " "അത്... മൂത്താപ്പ... അതൊന്നുല്ലാ.. ഒരുത്തൻ ജെസിടെ കയ്യിൽ കേറിപിടിച്ചു. നമ്മക്ക് ദേഷ്യം വന്നു... ഒരെണ്ണം പൊട്ടിച്ചു.. അത്രേയുള്ളൂ.. " "അന്റെ ദേഷ്യമൊക്കെയൊന്നു കുറച്ചോണ്ടി.. പെൺകുട്ടിയാന്ന് ഓർമ വേണം. ഇജ്ജ് കണ്ടവരോട് ഒക്കെ വഴക്കിടാൻ നിക്കാ.. അന്റ്റുമ്മച്ചി അറിയണ്ട, പിന്നിവിടെ അന്റെ മയ്യത്ത് ആയിരിക്കും.. സൂക്ഷിച്ചോക്കെ നടന്നോണ്ടി... " "ഇങ്ങള് നമ്മളെ മുത്താണ്ട്ട്ടാ മൂത്താപ്പ.. മ്മള് സൂക്ഷിച്ചോളാം, ഇങ്ങള് ഇങ്ങളെ നല്ലോണം സൂക്ഷിച്ചോളി" അധികനേരം അവിടെ നിക്കുന്നത് പന്തിയല്ലെന്ന് തോന്നിയോണ്ട് നമ്മളും ജെസിയും റൂമിലേക്ക്‌ വിട്ടു.

ഇതെങ്ങനെയാ മൂത്താപ്പയറിഞ്ഞെ.ചോദിച്ചാലോ?വേണ്ട,ഇനി അത് ചോദിച്ചോണ്ട് ചെന്നിട്ട് വേണം ബാക്കി കിട്ടാൻ... കുളിച്ച് ഫ്രഷ് ആയി നിസ്കാരവും ഓത്തുമൊക്കെ കഴിഞ്ഞ് ജെസി പഠിക്കാനും നമ്മള് ഫോണിൽ തോണ്ടാനും ഇരുന്നു.ഫോൺ ഇമ്മച്ചിടെയാണ്.സ്വന്തമായി ഒരെണ്ണം വേണംന്ന് വാശി പിടിച്ചിട്ടും ഇതുവരെ കിട്ടീട്ടില്ല.പ്ലസ് ടു കഴിയട്ടെന്നാ ഇവിടുള്ളവരുടെ അഭിപ്രായം.ജെസിക്ക് പിന്നെ പണ്ടേ ഇങ്ങനത്തെ സാധനത്തിലൊന്നും താല്പര്യമില്ല. ജെസി പിടുപ്പത് റെക്കോർഡ് റൈറ്റിങ്ങിലാണ്.നമ്മള് ഫോണും എടുത്ത് ബെഡിൽ മലർന്നു കിടക്കുമ്പോഴും ചിന്ത മുബിക്ക പറഞ്ഞ കാര്യത്തിലാണ്.ഒരുത്തിക്കിവിടെ അതൊന്നും ഏശീയിട്ടേ ഇല്ലെന്നാ തോന്നണെ.പിന്നെ,പഠിത്തം കഴിഞ്ഞിട്ടേ അവൾക് ബാക്കി എന്തുമുള്ളു.. പറഞ്ഞതും കേട്ടതുമൊക്കെ വെച്ച് നോക്കുമ്പോൾ മുബിക്ക വല്യ നിലയിലുള്ള ആളാണ്.ഉപ്പായും ഉമ്മായും രണ്ട് മക്കളുമടങ്ങുന്ന കുടുംബം.

ഫാമിലി ആയി ഗൾഫിൽ സെറ്റിൽടാണ്.ഗൾഫിലും നാട്ടിലുമായി നിരവധി കമ്പനികളും ബിസ്സിനെസ്സുമൊക്കെയുള്ള ടീമാണ്‌. മുബിക്കായും ഗൾഫിലായിരുന്നു. ഇവിടെ നാട്ടിലെ ബിസ്സിനെസ്സ് ഒക്കെ നോക്കി നടത്തുന്നത് മുബിക്കാന്റെ ഒരു ഫ്രണ്ട് ആണെന്നാ പറഞ്ഞെ. മുബിക്കാന്റെ ഉമ്മയ്ക്ക് വയ്യാത്തതാണ്. അസുഖം കൂടിയപ്പോൾ നാട്ടിൽ തന്നെ ചികിത്സ വേണമെന്ന ഉമ്മാന്റ്റെ നിർബന്ധ പ്രകാരമാണ്‌ മുബിക്ക ഉമ്മയെയും കൂട്ടി നാട്ടിലേക് വന്നത്. അപ്പൊ അത്രയും വലിയൊരു കുടുംബത്തിലേക്ക് ആണോ ജെസി കയറി ചെല്ലേണ്ടത്. ജെസി മാത്രമാണോ?? ഞാനും കൂടിയല്ലേ? അതെനിക്കറിയില്ല. ഒരുപക്ഷെ ജെസിയെ അല്ല ഞങ്ങളെ മുബിക്കാന്റ്റെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ?മുബിക്ക പറഞ്ഞിടത്തോളം മുബിക്കാന്റ്റെ ഉപ്പ ആളൊരു റഫ് പേഴ്‌സൺ‌ ആണ്.മറ്റേന്തിനേക്കാളും അവർ കാര്യമാക്കുന്നത് സാമ്പത്തികമാണെങ്കിലോ...

മുബിക്കാനെ മാത്രെ നമ്മള് മനസ്സിലാക്കിയിട്ടുള്ളൂ... ബാക്കിയുള്ളവർ എങ്ങനെയാണെന്ന് റബ്ബിന് മാത്രമറിയാം.മുബിക്കാന്റ്റെ ഷാനുവും മുബിക്കാനെ പോലെ ആയിരിക്കുമോ...? മുബിക്കാന്റ്റെ ഖൽബിന്റ്റെ ആ മൊഞ്ജ്ജ് മുബിക്കാന്റ്റെ ഷാനുവിന്റെ ഖൽബിനും ഉണ്ടാവുമോ..? പടച്ചവന് മാത്രമറിയാം. എല്ലാം നാഥനിൽ അർപ്പിക്കുക മാത്രമേ ചെയ്യാൻ കഴിയുള്ളു. പടച്ചോൻ വിധിച്ചത് നടക്കട്ടെ... ജെസി മുബിക്കാക്കും നൂറ ഷാജഹാനും വിധിച്ചതാണെങ്കിൽ അങ്ങനെ സംഭവിക്കട്ടേ... അല്ലെങ്കിൽ.......? തീരുമാനങ്ങളൊക്കെ ലോക രക്ഷിതാവായ നാഥനിലേക്കർപ്പിച്ചു ചിന്തകൾക്ക് കടിഞ്ഞാൺ ഇട്ട് കൊണ്ട് എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.രാത്രിയുടെ മദ്ദ്യത്തിൽ റൂമിൽ നിന്നും ഉയരുന്ന അടക്കി പിടിച്ചൊരു തേങ്ങൽ ശ്രവിച്ചു കൊണ്ടാണ് പിന്നീട് ഞാൻ ഉണരുന്നത്.ഒരു നിമിഷം പതറി പോയെങ്കിലും ബെഡ് ലാംപിന്റ്റെ അരണ്ട വെളിച്ചത്തിൽ ഞാൻ കണ്ടു,ജെസിയെ.. എന്റെ പൊന്ന് ജെസിയെ... രണ്ട് റകഹത്ത് തഹജ്ജുദ് നമസ്കാരവും കഴിഞ്ഞ് പടച്ചോനോടായി തേടുകയാണവൾ.സന്തോഷം വന്നാലും സങ്കടം വന്നാലും റബ്ബിനെ മറന്ന് കളിച്ചിട്ടില്ല

അവളിതു വരെ..ഏതു ദുഃഖത്തിൽ നിന്നും കരകയറാൻ ഈ രണ്ട് റകഹത്ത് സുന്നത്ത് നമസ്കാരം തന്നെ ധാരാളമാണെന്ന് തെളിയിച്ചവൾ..ഇന്ന് റബ്ബും അവളും മാത്രമായിട്ടുള്ള ഈ സംഭാഷണ വേളയിൽ അവളുടെ കണ്ണിൽ നിന്നും ഒഴുകുന്നത് ആനന്ദ കണ്ണീരാണ്.മുബിക്കാനെ പോലൊരു മനുഷ്യനെ പടച്ചോൻ അവൾക്കായി നൽകുന്നതിലാവാം,അതിലുപരി ഞാൻ എടുത്ത തീരുമാനമാണ്‌ അവളുടെ ഈ സന്തോഷത്തിനു കാരണം. ഇന്നലെ വന്നത് മുതൽ എന്നോട് ഇതിനെ കുറിച്ചൊന്നും അവള് സംസാരിച്ചിട്ടില്ല.എങ്കിലും ആ മനസ്സിലുള്ളത് മുഴുവൻ വായിച്ചെടുക്കാൻ മറ്റാരെക്കാളും നന്നായിട്ടെനിക്ക് പറ്റും.മുബിക്കയോട് ഒത്തൊരുജീവിതം അവൾ സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു.അവളുടെ സ്വപ്നം സാക്ഷാൽകരിക്കാൻ വേണ്ടി ഞാനെന്റെ മനസ്സിനെ കൂടി പാകപ്പെടുത്തേണ്ടതുണ്ട്. അതേ,ഒരു കാര്യം.. ഒരേ ഒരു കാര്യം മനസ്സിൽ പതിപ്പിക്കേണ്ടതുണ്ട്. ഞാൻ ഷാജഹാൻറ്റെ പെണ്ണാണെന്ന്...

ഒരു മുഹബ്ബത്തിന്റ്റെ പേരുമില്ലാതെ ഷാജഹാനെ ഈ നൂറ നെഞ്ചിലേറ്റുകയാണ്,എന്റെ ജെസിക്ക് വേണ്ടി.. വുളൂ എടുത്ത് വന്ന് രണ്ട് റകഹത്ത് സുന്നത്ത് നമസ്കാരവും കഴിഞ്ഞ് കിടക്കയിലേക്ക് ചാഞ്ഞെങ്കിലും കണ്ണടയ്ക്കാൻ കഴിയുന്നില്ല.മനസ്സ് അത്രമാത്രം ആഴത്തിൽ ചിന്തിക്കുകയാണ്.വീണ്ടും ചിന്തകൾക്കൊടുവിൽ നിദ്രയിലേക്കാണ്ടു.സുബഹി വേണ്ടേ നൂറാന്നും ചോദിച്ച് കൊണ്ടുള്ള ജെസിയുടെ വിളിയിലാണ് വീണ്ടുമുണരുന്നത്.എന്നത്തെക്കാളും സൗന്ദര്യമുണ്ട് ജെസിയുടെ മുഖത്തിനിന്ന്..ഒരുപക്ഷെ മനസ്സിലുള്ള സന്തോഷം മുഴുവനായും ആ മുഖത്ത് പ്രതിഫലിക്കുന്നതായിരിക്കാം.അവളുടെ മുഖത്തെ ആ പാൽ പുഞ്ചിരി എന്നും മായാതിരിക്കട്ടെ എന്ന ഒരൊറ്റ ദുആ മാത്രമേ ഇപ്പോൾ മനസ്സിലുള്ളൂ.. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ മുബിക്ക ബസ്‌ സ്റ്റോപ്പിലെ സ്ഥിരം കസ്റ്റമർ ആയി. അവധി ദിവസങ്ങളിലും ഇടയ്ക്ക് ഒക്കെ മുബിക്കാനെ കാണാനും പറ്റി. ജെസി ഇപ്പോൾ ആകെ സന്തോഷത്തിന്റെ തിര ഒഴുക്കിലാണ്. അവരുടെ പ്രണയം പടർന്നു പന്തലിച്ചു,

മറ്റാരെക്കാളും അത് കണ്ടാസ്വദിച്ചത് ഞാനാണ്. മുബിക്കയില്ലാതെ ഒരു നിമിഷം പോലും ഇനി വയ്യെന്ന അവസ്ഥയിലായി ജെസി. അത്രയ്ക്കും മുബിക്കയോടുള്ള അടങ്ങാത്ത മുഹബ്ബത്താണ് അവളുടെ ഖൽബിൽ....ജെസിയോട് സംസാരിക്കുന്നതിനിടയിലും എന്റെ സുഖ വിവരങ്ങൾ അന്വേഷിക്കാനും മുബിക്ക മറന്നില്ല.എന്നോടുള്ള സംസാരത്തിൽ ഏറെക്കുറെയും ഷാനുവിനെക്കുറിച്ച് മാത്രമെ മുബിക്കാക്ക് പറയാനുണ്ടായിരുന്നുള്ളു.പക്ഷെ തിരിച്ചങ്ങോട്ട്‌ മുബിക്കന്റെ ഷാനുവിനെ കുറിച്ച് ഒരു വാക്ക് ഞാൻ ചോദിച്ചിട്ടില്ല,അന്വേഷിച്ചിട്ടില്ല,ഒന്നും അറിയാൻ ആഗ്രഹിച്ചിട്ടില്ല... എന്താണ് നൂറയ്ക്കും ഷാജഹാനും ഇടയിലുള്ളത്...? നിശബ്ദതമായ വെറുമൊരു പ്രണയമോ...? പ്രണയമാണോ?? അല്ല.., പകരം മുബിക്കാന്റ്റെ ഒരു വാക്കു കൊണ്ടുള്ള ബന്ധനമാണോ എനിക്കും ഷാജഹാനും ഇടയിലുള്ളത്..? നമ്മളെത്രയൊക്കെ ആയിട്ടും ഷാജഹാനെക്കുറിച്ച് ഒരു വാക്ക് ചോദിക്കുന്നില്ല എന്ന് കണ്ടതോണ്ടാവാം മുബിക്കയും ജെസിയും വീണ്ടുമൊരിക്കൽ കൂടി എന്റെ മനസ്സിൽ എന്താണെന്ന് തിരക്കിയത്..

അപ്പോഴും നൂറ ഷാജഹാനുള്ളതായിരിക്കും എന്നൊരു മറുപടി മാത്രമെ എന്റെ കയ്യിൽ ഉണ്ടായിരുന്നുള്ളു. "നൂറാ..നിനക്കെന്റെ ഷാനുവിനെ കാണണ്ടേ..,ഒന്ന് സംസാരിക്കണ്ടെ,എങ്ങനെയാണെന്നറിയണ്ടെ?നീയായി ഇങ്ങോട്ട് എന്തെങ്കിലും ചോദിക്കുമെന്ന് കരുതിയാണ് ഇതുവരെ ഞാനൊന്നും ചോദിക്കാത്തത്.അറ്റ്ലീസ്റ്റ് ഒരു ഫോട്ടോ പോലും നീ ചോദിച്ചില്ലല്ലോ.. മോളെ നൂറാ..നിനക്കെന്റെ ഷാനുനെ ഇഷ്ടമല്ലെ??" "മുബിക്കാന്റ്റെ ഷാനുന് ഈ നൂറയെ ഇഷ്ടമാണോ" തികഞ്ഞ പുഞ്ചിരിയോട് കൂടിയുള്ള എന്റെ ചോദ്യം മുബിക്കാൻറ്റെ മുഖത്തൊരു ആശങ്ക വിടർത്തി. "ഇപ്പൊ എന്താ മോളെ അങ്ങനെ ചോദിക്കാൻ.. ഷാനുന്റ്റെ മനസ്സ് നിറയെ ഒരിക്കലും കാണാത്ത ഈ വായാടി പെണ്ണിനോടുള്ള അടങ്ങാത്ത മുഹബ്ബത്താണ്.അവന്റെ ഓരോ വാക്കിലും അവന്റെ ഖൽബിൽ നീ മാത്രമാണെന്ന് എത്രയോ തവണ ഞാൻ അറിഞ്ഞതാണ്..

ഈ ദുനിയാവിൽ എന്റെ ഷാനുനൊരു പെണ്ണുണ്ടെങ്കിൽ അതീ വെള്ളാരം കണ്ണുള്ള മൊഞ്ചത്തിയാണെന്ന് ഞാൻ ഉറപ്പിച്ചതാണ്.., അതിന് മുൻപേ അവനും. " മുബിക്ക പറഞ്ഞത് കേട്ട് ഒരു നിമിഷം ഞാൻ തരിച്ചു പോയി.ഈ നൂറയെക്കുറിച്ച് ഒന്നുമറിയാത്ത ഷാജഹാന് എന്തിന്റെ പേരിലാണ് എന്നോട് മുഹബ്ബത്ത് വിരിഞ്ഞിട്ടുള്ളത്.. ഇക്കാക്കയുടെ വാക്കുകളിൽ നിന്നോ..? "വേണ്ട മുബിക്ക.. എനിക്ക് കാണേണ്ടത് ഷാജഹാൻറ്റെ മുഖമല്ല, ഖൽബാണ്.. ആ ഖൽബിന്റ്റെ മൊഞ്ജാണ് എനിക്ക് കാണേണ്ടത്." എന്റെ മറുപടി തീരുന്നതിനു മുന്നേ ജെസിയെന്നെ വാരി പുണർന്നിരുന്നു..മുബിക്കാൻറ്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങീട്ടുണ്ട്. "ജെസി..നീയെത്ര ഭാഗ്യവതിയാണ് ഇവളെ പോലെയൊരു സഹോദരിയെ കിട്ടാൻ...നീ മാത്രമല്ല ഞാനും. അതിനേക്കാളുമൊക്കെ ഭാഗ്യം ചെയ്തവനാണ് എന്റെ ഷാനു..ഈ ദുനിയാവിൽ പടച്ചോൻ ഷാജഹാന് നൽകുന്ന ഏറ്റവും വലിയ നിധിയാണ് നിന്റെ നൂറ..

ഷാനുന്റ്റെയും നൂറയുടെയും ചിന്തകൾ പോലും ഒരേ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് ഇപ്പോൾ ഞാൻ അറിഞ്ഞിരിക്കുന്നു.. നിന്റെ പെണ്ണിനെ നിനക്കൊന്നു കാണേണ്ടേ ഷാനു എന്ന ചോദ്യത്തിന് ഷാനുന്റ്റെ മറുപടിയും ഇതുതന്നെയായിരുന്നു...,ഷാജഹാൻ സ്നേഹിച്ചത് ഖൽബ് കൊണ്ടാണ്.. അതുകൊണ്ട് തന്നെ അവന് കാണേണ്ടതും നൂറയുടെ ഖൽബിന്റ്റെ മൊഞ്ചാണെന്ന്.. പെണ്മക്കളില്ലാത്ത എന്റ്റുമ്മാക്ക് റബ്ബ് കനിഞ്ഞു നൽകുന്നതാണ് നിങ്ങളെ രണ്ടുപേരെയും. ഷാനുനെ കാണാൻ എന്ന് നിന്റെ മനസ്സാഗ്രഹിക്കുന്നുവോ അന്നീ മുബിക്കാനോടതു പറയുക..ആ നിമിഷം ഷാജഹാൻ ഉണ്ടാവും നൂറയുടെ കണ്മുന്നിൽ " "ഷാജഹാന് എന്ന് നൂറയെ കാണണമെന്ന് തോന്നുന്നുവോ അന്ന് വരട്ടെ എന്റെ മുന്നിലേക്ക്.. ഈ നൂറയ്ക്കും ഷാജഹാനെ അന്ന് അപ്പോൾ കണ്ടാൽ മതി.." "എന്നാൽ നീ കാത്തിരുന്നോ എന്റെ ഷാനുന് വേണ്ടി,നിന്റ്റെ ഷാജഹാന് വേണ്ടി..ജെസിക്കൊരു മഹറുമായി ഞാൻ നിങ്ങളുടെ വീട്ടിലേക് വരുന്ന നാൾ എന്റെ കൂടെ ഷാനുവുമുണ്ടാകും,

നിന്നെ അവന്റെ പെണ്ണായി അവന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ.." മുബിക്കാന്റ്റെ ഓരോ വാക്കുകൾ കേൾക്കുമ്പോഴും ജെസി ആനന്ദത്തിൽ നീരാടുകയാണ്.രണ്ട് പേർക്ക് മുന്നിൽ ഞാൻ സന്തോഷവതിയായി നിൽക്കുമ്പോഴും ഈ നെഞ്ചിൽ എന്താണെന്ന് എനിക്ക് പോലും അറിയില്ല... "നൂറോ..മതി സ്വപ്നം കണ്ടത്.ബാക്കി ഷാനുന്റ്റെ കൂടെ ചേർന്ന് കാണാം. ഇപ്പോൾ നമുക്കൊരു സ്ഥലം വരെ ചെന്നാലോ.?" അനുവാദം തേടിയുള്ള ആ ചോദ്യത്തിനു മുന്നിൽ ഞാനും ജെസിയും മുബിക്കാനെ നിരാശനാക്കിയില്ല.എങ്ങോട്ടാണെന്ന് പോലും ചോദിക്കാതെ നിറഞ്ഞ പുഞ്ചിരിയോട് കൂടി ഞാനും ജെസിയും മുബിക്കാന്റ്റെ കൂടെ കാറിൽ കയറി.ഒരു പക്ഷെ മുബിക്കാനോടുള്ള ഞങ്ങളുടെ വിശ്വാസമായിരിക്കാം മറുത്തോന്നും ചോദിക്കാൻ മനസ്സിനെ പ്രേരിപ്പിക്കാത്തത്.എന്റെ ചിന്തകൾക്കൊപ്പം കാറും നീങ്ങി തുടങ്ങിയിരുന്നു.ഒരു വലിയ കൊട്ടാരത്തിന്റെ മുന്നിലാണ് മുബിക്കാൻറ്റെ കാർ ചെന്നു നിർത്തിയത്. രണ്ട് പേരും ഇറങ്ങാതെ ശങ്കിച്ചു നിൽക്കുന്നത് കൊണ്ടാവണം മുബിക്ക നമ്മളോട് ആയി പറഞ്ഞത് :

"പേടിക്കണ്ട.. ഇറങ്ങിക്കോ. എന്റെ വീടാണ്" "അപ്പൊ ഇങ്ങള് ആള് ചില്ലറക്കാരനല്ലല്ലോ മുബിക്ക.. ഈ കൊട്ടാരത്തിലെ സുൽത്താൻ ആണല്ലേ" "ഞാൻ മാത്രമല്ല.. അന്റെ ഷാജഹാനും ഇവിടത്തെ സുൽത്താനാണ് " മുബിക്കാനെ പിന്തുടർന്ന് ഞങ്ങളും ആ വീടിന്റെകത്തെക്ക് കയറി. വീടെന്ന് പറയുന്നതിനേക്കാൾ നല്ലത് കൊട്ടാരം എന്ന് പറയുന്നത് തന്നെയാ. അത്രയ്ക്കും ഉണ്ട് കാണാനും നടക്കാനുമൊക്കെ.. ആൾപെരുമാറ്റമൊന്നും കേൾക്കാതെയായപ്പോൾ നമ്മള് മുബിക്കാനോട് കാര്യം അന്വേഷിച്ചു. അതിനുത്തരമായി അടഞ്ഞു കിടക്കുന്ന ഒരു മുറിയുടെ നേർക്ക്‌ ആണ് ഞങ്ങളെ കൊണ്ട് പോയത്. ഞങ്ങളോട് അത് തുറന്ന് അകത്തേക്ക് കയറാൻ പറഞ്ഞിട്ടും ഞങ്ങള് ശങ്കിച്ചു നിൽക്കുന്നത് കണ്ട് മുബിക്ക തന്നെ ഞങ്ങളെ അകത്തേക്ക് കൊണ്ട് പോയി. ആ റൂമിൽ കട്ടിലിലായി തളർന്നുറങ്ങുന്ന ഒരുമ്മാനെയും അരികത്തായി ഒരു സ്ത്രീയെയും ആണ് ഞങ്ങൾ കണ്ടത്. ആ കാഴ്ച നമ്മളെ വല്ലാണ്ട് വേദനിപ്പിച്ചെങ്കിലും അത് മുബിക്കാൻറ്റെ ഉമ്മയാണെന്ന് ഞങ്ങക്ക് മനസ്സിലായി.

മുബിക്കാനെ കാണുമ്പോൾ തന്നെ അടുത്ത് ഉണ്ടായ സ്ത്രീ ചാടി എഴുന്നേറ്റു മാറി നിന്നു. "ഉമ്മ ഉറങ്ങി..ഇപ്പൊ ഒന്ന് മയങ്ങിയതെ ഉള്ളു. ഇൻജെക്ഷൻ എടുത്തിട്ടുണ്ട്" ആ സ്ത്രീയുടെ വർത്താനത്തിൽ നിന്നും അവര് മുബിക്കാന്റെ ഉമ്മയെ നോക്കുന്ന ഹോം നേഴ്സ് ആണെന്ന് ഞങ്ങക്ക് ബോധ്യമായി.അതിനൊരു പുഞ്ചിരി നൽകി മുബിക്ക നമ്മളോട് ആയി പറഞ്ഞു: "കണ്ടോ രണ്ടുപേരും, എന്റെ ഉമ്മയാണ്.. ഇൻഷാ അല്ലാഹ് ഇനി മുതൽ നിങ്ങളുടെയും. വയ്യാത്തതാ..... എത്രയൊക്കെ ഉണ്ടെന്ന് പറഞ്ഞിട്ടും എന്താ കാര്യം.. ഒരു പണത്തിനും മരുന്നിനും മാറ്റാൻ കഴിയാത്ത രോഗമാണ്‌ പടച്ചോൻ എന്റ്റുമ്മാക്ക് നൽകിയിരിക്കുന്നത്. ഗൾഫിലായിരുന്നു ഇത്രേം കാലത്തെ ചികിത്സ, പക്ഷെ ഉമ്മാന്റ്റെ ആഗ്രഹമാണ്‌ ബാക്കി ഇവിടെ മതിയെന്ന്. അതുകൊണ്ടാ ഉമ്മനെയും കൂട്ടി ഞാൻ ഇങ്ങോട്ടേക്കു പോന്നത്. ഇതുവരെ വല്യ കൊഴപ്പമൊന്നും ഉണ്ടായിരുന്നില്ല...

ഒരാഴ്ച്ചയായി തീരേ വയ്യ.. അടുത്ത മാസം ഉപ്പയും ഷാനും വരുന്നുണ്ട് നാട്ടിലേക്. ഷാനുവിന്റെ എംബിഎ കഴിഞ്ഞിട്ടില്ലാത്തോണ്ട് അവൻ ബിസ്സിനെസ്സിൽ കാര്യമായി ശ്രദ്ദ കൊടുക്കാറില്ല. അതോണ്ട് അവിടെ മൊത്തത്തിൽ ഇട്ടിട്ടു പോരാൻ ഉപ്പാക്ക് വയ്യ. അതോണ്ടാ ഞാൻ മാത്രം ഇവിടെ. ഞാൻ എല്ലാം ഉമ്മാനോട് പറഞ്ഞിട്ടുണ്ട്. നിങ്ങളെ കാണണംന്ന് വല്ലാത്ത ആഗ്രഹം. അതാ കൂട്ടിക്കോണ്ട് വന്നത്. അല്ലെങ്കലും പടച്ചോൻ എല്ലാ ഭാഗ്യവും എല്ലാർക്കും ഒരു പോലെ നൽകില്ലല്ലോ. " ഇടാറുന്ന സ്വരത്തിൽ പറഞ്ഞു മുഴുപ്പിക്കാൻ മുബിക്ക നന്നേ പാട് പെടുന്നുണ്ട്. കൂടെ ആ കണ്ണിൽ നിന്നും അടർന്നു വീഴുന്ന കണ്ണീരിനെ പിടിച്ചു നിർത്താനും. ഒരാശ്വാസ വാക്കുകൾ പറയാൻ പോലും കഴിയുന്നില്ലല്ലോ റബ്ബേ.ഉമ്മയെ ഇത്രമാത്രം സ്നേഹിക്കുന്നൊരു മകൻ ഈ ഉമ്മാന്റ്റെ മഹാ ഭാഗ്യമാണ്‌.അതിലുപരി ഈ ഉമ്മാന്റെ രണ്ട് മക്കൾക്കിടയിലുള്ള ഈ സ്നേഹവും വിശ്വാസവും...

"ഉമ്മാ ദേ ആരൊക്കെയാ വന്നിരിക്കുന്നെന്ന് നോക്കിക്കേ. എന്നോട് കൂട്ടിക്കൊണ്ട് വരാൻ പറഞ്ഞിട്ട് ഇപ്പൊ ഉറങ്ങുവാണോ.ഉമ്മാക്ക് കാണേണ്ടേ ഉമ്മാന്റെ ഈ രണ്ട് മക്കളെ. കണ്ണ് തുറന്നെ " മുബിക്കാന്റെ സ്നേഹം നിറഞ്ഞ ആ വിളി കേട്ടിട്ടാണോ അതോ ആ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുള്ളികൾ ആ ഉമ്മാന്റെ മുഖത്തു പതിഞ്ഞതു കൊണ്ടാണോ എന്നറിയില്ല പതിയെ ഉമ്മ കണ്ണു തുറന്നത്. ക്ഷീണമേറിയ ആ മുഖത്ത് വിരിയുന്ന പുഞ്ചിരി അതിന്റെ തിളക്കം ഒന്ന് വേറെ തന്നെയാണ്, മുബിക്കാന്റെ അതേ ചിരി. ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കി ആ ഉമ്മ പുഞ്ചിരിച്ചു. ആ പുഞ്ചിരി കാണുമ്പോൾ മനസ്സൊന്നു തണുത്തെങ്കിലും ആ ദയനീയമായ നോട്ടം മനസ്സിനെ വല്ലാണ്ട് തളർത്തുന്നു. ഞാനും ജെസിയും ആ ഉമ്മാന്റെ ഇരുവശം ചേർന്നിരുന്നു. "ഉമ്മാ ദേ ഇത് ജെസി.മുബാറക്കിന്റെ പെണ്ണ്. ഇത് നൂറാ.

ഉമ്മാന്റെ ഷാനുന്റ്റെ പെണ്ണ്. ഇവള് ഞങ്ങളെ ഷാനുന് ചേർന്ന പെണ്ണാണ് ട്ടോ ഉമ്മ.. അവന്റെ അതേ വാശി, ധൈര്യം, തന്റേടം അതിലുപരി എല്ലാരേയും സ്നേഹിക്കാനുള്ള ആ മനസ്സ്.... എന്ത് കൊണ്ടും ഷാനുനെ നിലക്ക് നിർത്താൻ കഴിയുന്ന വായാടി പെണ്ണ്. " ഉമ്മ പതിയെ കിടന്നിടത്ത് നിന്നും എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ മുബിക്കായും ഞങ്ങളും ചേർന്ന് കട്ടിലിനോട് ചേർത്തിരുത്തി. പതിയെ ആ കൈകൾ പൊക്കി എന്നെയും ജെസിയെയും മാറി മാറി തലോടി കൊണ്ടിരുന്നു. ആ ഉമ്മയുടെ കണ്ണിലെ തിളക്കത്തിനു കാരണം കണ്ണുനീരാണെന്ന് മനസ്സിലാക്കാൻ എനിക്കധികം സമയം വേണ്ടി വന്നില്ല. "സുഗാണോ മക്കൾക്ക്..മുബി എല്ലാം ഉമ്മയോട് പറഞ്ഞിട്ടുണ്ട്. എന്നാ മക്കൾ ഇങ്ങോട്ടേക്കു വരുകാ, ഈ ഉമ്മ പോകുന്നതിന് മുന്നേ വരില്ലേ മുബിടെയും ഷാനുന്റെയും ജീവിതത്തിലേക്ക്..,

അതും ഈ ഉമ്മാന്റെ മക്കളായി തന്നെ " ഉമ്മാക്ക് ഒരു മറുപടി കൊടുക്കാൻ പോലും നാവ് ചലിക്കുന്നില്ല. ഉമ്മാന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിലും ചുണ്ടിൽ പുഞ്ചിരി വിടർത്തി കൊണ്ട് എന്നെയും ജെസിയെയും കുറിച്ച് എന്തൊക്കയോ ഞങ്ങളോട് ആയി തന്നെ ചോദിച്ചറിയാൻ ശ്രമിക്കുന്നുണ്ട്. ജെസി തികഞ്ഞ സൗമ്യതയോടെ എല്ലാത്തിനും മറുപടി കൊടുക്കുമ്പോഴും ഉമ്മാന്റെ നോട്ടം എന്നിലേക്കാണ്. "മോളെ....മോൾക്കെന്റ്റെ ഷാനുനെ ശെരിക്കും പറ്റീട്ടുണ്ടോ. അല്ല വെറുതെ ഇവൾക്ക് വേണ്ടി......... " പാതിയിൽ മുറിഞ്ഞു പോയ വാക്കുകളിൽ എന്താണ് ഉമ്മ അർത്ഥമാക്കുന്നത്. ഞാൻ ഉമ്മാന്റെ ഷാനുനെ ഇഷ്ടപ്പെട്ടില്ലെന്നോ അതോ ഉമ്മാന്റെ ഷാനുനെ നൂറയ്ക്ക് ബോധിച്ചില്ലെന്നോ? "നൂറാ.. മോള് പറ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എന്റെ ഷാനുനോട് മോൾക്കെന്താ ഉള്ളത്. ഷാനുനെ നീ സ്നേഹിക്കുന്നുണ്ടൊ.

അവന് നിന്നോടുള്ള അതേ ഇഷ്ടം നിനക്കവനോടുമുണ്ടോ.മോള് പറ. മോളെന്റ്റെ ഷാനുന്റ്റെ പെണ്ണാണെന്ന് ഉമ്മ കരുതിക്കോട്ടെ " ഉമ്മയുടെ ചോദ്യങ്ങൾ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയെങ്കിലും ഒന്നിനും ഒരുത്തരം എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. എങ്കിലും മുബിക്കാക്കും ജെസിക്കും കൊടുത്ത അതേ മറുപടി തന്നെയാണ് ആ ഉമ്മയ്ക്കും ഞാൻ നൽകിയത്. നൂറ ഷാജഹാനുള്ളതായിരിക്കും, അതിനി എത്ര കാലം കഴിഞ്ഞാലും. അതുവരെ കണ്ട കണ്ണീരിന്റ്റെ തിളക്കമല്ല ആ ഉമ്മയുടെ കണ്ണിൽ ഇപ്പോൾ തെളിയുന്നത്. ആനന്ദിത്തിന്റെ തിളക്കമാണ്‌.പിന്നീട് ഉമ്മാക്ക് പറയാൻ ഉള്ളത് മുഴുവൻ ഉമ്മാന്റെ ഷാനുവിനെക്കുറിച്ചാണ്. നൂറല്ല, ആയിരം നാവാണ് ഷാനുവിന്റെ കാര്യത്തിൽ ആ ഉമ്മാക്കും ഇക്കാക്കും ഉള്ളത്. എല്ലാം കേട്ടിരുന്ന് അവസാനം അവിടുന്നിറങ്ങുമ്പോൾ ഉമ്മാന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞിരുന്നു. ഇനി എന്ന് വരുമെന്ന ചോദ്യത്തിന് ഇനിയും വരാം എന്ന മറുപടി നൽകുമ്പോൾ അടുത്ത തവണ വരുമ്പോൾ രണ്ടാളുടെയും കഴുത്തിൽ എന്റെ മക്കൾ അണിയിക്കുന്ന മഹർ കൂടി ഉണ്ടാവണം,

ഇനി അതാണ് ഈ ഉമ്മയ്ക്ക് കാണേണ്ടത് എന്നതായിരുന്നു ഉമ്മാന്റെ മറുപടി. കണ്ണു നിറച്ച് ഞങ്ങളെ യാത്ര ആകുമ്പോഴും ഇനിയൊരിക്കൽ കൂടി എന്റെ പൊന്ന് മക്കളെ കാണാനുള്ള ആയുസ്സ് നീയെനിക്ക് നൽകണേ നാഥാ എന്നൊരു പ്രാർത്ഥന മാത്രമെ ആ ഉമ്മാക്ക് ഉണ്ടായിരുന്നുള്ളു. ഇനിയൊരിക്കൽ കൂടി എന്നത് ഞങ്ങളാ വീട്ടിലെ മരുമക്കളായി കയറി ചെല്ലുന്ന ദിനമല്ലെ. കാറിൽ കയറി തിരിച്ച് വീട്ടിലേക് മടങ്ങുമ്പോൾ ഞങ്ങളുടെ മൂന്ന് പേരുടെയും ഇടയിൽ നിശബ്ദത മാത്രമായിരുന്നു. ആ നിശബ്ദതയിലും എന്റെ മനസ്സിനെ കീറി മുറിക്കാൻ മാത്രം പാകത്തിലുള്ള ചിന്തകൾ എന്നിൽ അവശേഷിച്ചിരുന്നു. ആ ഉമ്മാന്റെ ഓരോ ചോദ്യങ്ങളും ഓരോ വാക്കുകളും മനസ്സിൽ നിന്ന് മായുന്നില്ല.ഉമ്മ എന്നേ ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു ഞാനും ജെസിയും ഉമ്മാന്റെ മരുമക്കളാണെന്ന്..

അല്ല, മക്കളാണെന്ന്. വയ്യാതെ കിടക്കുന്ന ആ അവസ്ഥയിലും ഷാജഹാനെക്കുറിച്ച് ഒരായിരം തവണ എന്നോട് ചോദിക്കുമ്പോൾ ഞാൻ എങ്ങനെയാ റബ്ബേ ആ ഉമ്മാനെ നിരാശപ്പെടുത്തുകാ..ഞങ്ങൾ രണ്ട് പേരും ആ വീടിന്റെ പടി കയറി ചെല്ലാൻ കാത്തിരിക്കുകയാണ് ആ ഉമ്മ.ഒരു പക്ഷെ ഉമ്മ പറഞ്ഞത് പോലെ അതുതന്നെ ആയിരിക്കാം ഉമ്മാന്റെ അവസാനത്തെ ആഗ്രഹവും.. ഇനി എത്ര നാളത്തേയ്ക്കാണ് റബ്ബ് ആ ആയുസ് നീട്ടി നൽകുക എന്നറിയില്ലല്ലോ.. റബ്ബേ ഉമ്മാക്ക് നീ ദീർഘായുസ് നൽകണേ.... എന്തൊക്കെയാണ് ഷാനുനെക്കുറിച്ച് ഉമ്മ പറഞ്ഞത്... ഷാനുനെക്കുറിച്ച് പറയുമ്പോൾ ഒരായിരം നാവാണ് ആ ഉമ്മാക്കും ഇക്കാക്കും. അതുവരെ കാണാത്ത തിളക്കമാണ്‌ ഷാനുന്റ്റെ കാര്യം പറയുമ്പോൾ ആ ഉമ്മാന്റെ മുഖത്ത് ഞാൻ കണ്ടത്.. അതിനർത്ഥം ഷാജഹാനെക്കുറിച്ച് ഇനിയും ഈ നൂറ എന്തൊക്കെയോ അറിയാൻ ഉണ്ടെന്നല്ലേ....?? സത്യം പറഞ്ഞാൽ ഇതുവരെ ഷാജഹാനെക്കുറിച്ച് എനിക്കൊന്നുമറിയില്ലായിരുന്നു..

ഒരായിരം തവണ മുബിക്കായും ജെസിയും ഷാജഹാനെക്കുറിച്ച് എന്നോട് ചോദിക്കുമ്പോൾ പൂർണ സമ്മതത്തോടെ നൂറ ഷാജഹാൻറ്റെ പെണ്ണായിരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ ഒരിക്കൽ പോലും ഈ മനസ്സിൽ തട്ടി ഞാനത് പറഞ്ഞിട്ടില്ല., ആ വ്യക്തിയെക്കുറിച്ച് ഒന്നും അറിയാൻ ശ്രമിച്ചിട്ടില്ല.. ഷാജഹാൻ എന്ന് പേരുള്ള ആ സങ്കല്പത്തിനോട് ഒരു വികാരവും ഇതുവരെ തോന്നിയിട്ടില്ല.... പക്ഷെ ഇപ്പോൾ...... മുബിക്ക പറഞ്ഞു തന്ന ഓരോ വാക്കുകളിൽ നിന്നും അതിലുപരി ആ ഉമ്മാന്റെ ഓരോ ചോദ്യങ്ങളിൽ നിന്നും ഷാജഹാനെക്കുറിച്ച് ഞാൻ എന്തൊക്കെയോ അറിഞ്ഞിരിക്കുന്നു.. എന്താണ് ആ ഉമ്മ ചോദിച്ചത്.. എന്റെ ഷാനുന് നിന്നോടുള്ള അതേ സ്നേഹം നിനക്കവനോടുമുണ്ടോ എന്നല്ലേ. അതിനർത്ഥം ഷാജഹാൻ നൂറയെ ആത്മാർത്ഥമായി പ്രണയിക്കുന്നെന്നാണോ.....? ആ മനസ്സ് നിറയെ ഈ തല തെറിച്ചവളോടുള്ള സ്നേഹമാണെന്നോ..? അതിനു മാത്രം എന്ത് ഭാഗ്യമാണ്‌ റബ്ബേ ഞാൻ ചെയ്തിട്ടുള്ളത്. ഒരിക്കൽ പോലും കാണാത്ത ഒരുത്തിയെ ഇത്രമാത്രം ആഴത്തിൽ നെഞ്ചിലേറ്റിയ ഷാജഹാനെ ഞാനും തിരിച്ച് പ്രണയിക്കുകയാണോ..

കേവലം ഇക്കാന്റ്റെ വാക്കുകളിൽ നിന്നും വിവരങ്ങളിൽ നിന്നും മാത്രം അറിഞ്ഞ ഓരു പെണ്ണിനെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിക്കുന്ന ആ ഖൽബിന്റ്റെ ഉടമയോട് നൂറയ്ക്കും തോന്നിതുടങ്ങിയോ മുഹബ്ബത്ത്...? സ്വന്തം ഇഷ്ടങ്ങളെക്കാൾ ഇക്കാന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും അംഗീകരിക്കുന്ന ആ വ്യക്തിയെ ഞാൻ സ്നേഹിച്ചു തുടങ്ങിയോ..? എന്റെ മനസ്സിൽ എന്താണെന്ന് എനിക്ക് പോലും അറിയില്ല.. പക്ഷെ ഒന്നറിയാം.... 'ഷാജഹാൻ ഈ നൂറയുടെ ഖൽബിൽ കയറി കഴിഞ്ഞിരിക്കുന്നു. നിശബ്ദതമായ ഒരു പ്രണയത്തിനു എന്റെ ഹൃദയവും തുടക്കം കുറിച്ചിരിക്കുന്നു.' "നൂറാ..ഇറങ്ങുന്നില്ലെ?" ജെസിടെ വിളി കേട്ട് കാറിൽ നിന്ന് ഇറങ്ങി എങ്കിലും മനസ്സ് നിറയെ ഉമ്മായും ഷാജഹാനുമാണ്‌.വീട്ടിൽ തന്നെ ആക്കിതരാം ന്ന് മുബിക്ക പറഞ്ഞെങ്കിലും ജെസിന്റ്റെ നിർബന്ധ പ്രകാരം ബസ്‌ സ്റ്റോപ്പിന്റ്റെ അടുത്തായി കാർ നിർത്തിയതാണ്.

വീട്ടിലേക് നടക്കുമ്പോൾ ജെസി ഉമ്മാനെക്കുറിച്ച് പറയുന്നുണ്ട്.അവൾ ആകെ വിഷമത്തിലാണ്.വീട്ടിലെത്തി കഴിഞ്ഞിട്ടും മനസ്സിന് ഒരു സ്വസ്ഥതയും കിട്ടുന്നില്ല.മനസ്സ് നിറയെ ചിന്തകളാണ്. എങ്ങനെ ഇരുന്നാലും കിടന്നാലുമൊക്കെ മനസ്സിൽ ഒരേയൊരു വികാരം ഷാജഹാൻ മാത്രമാണ്. ഒരിക്കൽ പോലും ഞാൻ കാണാത്ത മുഖം, അറിയാത്ത മുഖം.. എന്നിട്ടും ഇത്രമാത്രം എന്റെ മനസ്സ് ഷാജഹാനെ തേടി പോവുന്നുണ്ടെങ്കിൽ എത്രമാത്രം ആഴത്തിൽ ആ പേരെന്റ്റെ ഖൽബിൽ പതിഞ്ഞിരിക്കണം. ഷാജഹാൻറ്റെ ചിന്തകൾ മനസ്സിനെ കീഴ്പ്പെടുത്തിയത് കൊണ്ടാവാം വായാടി നൂറ ഇപ്പോൾ സൈലന്റ് ആയത്. വീട്ടുകാരൊക്കെ എന്റെ മാറ്റം കണ്ട് കാര്യങ്ങൾ തിരക്കുമ്പോൾ ഒരു നിറഞ്ഞ പുഞ്ചിരിയിൽ ഒതുക്കി ഞാനെന്റെ മറുപടിയെ.ജെസിക്കല്ലാതെ ഇവിടെ മറ്റാർക്കുമറിയില്ലല്ലോ,നൂറയുടെ മനസ്സിൽ പ്രണയം മൊട്ടിട്ടു തുടങ്ങിയെന്ന്.., ഈ മനസ്സ് നിറയെ ഷാജഹാൻ മാത്രമാണെന്ന്.... രാവിലെ സ്കൂളിൽ പോകാൻ നേരമാണ്‌ ജെസി പറയുന്നത് തീരേ വയ്യ വയറു വേദനയാണെന്ന്.

എന്നാൽ ഇനി പോകണ്ടാന്ന് കരുതി ഇരുന്നതാ.. പക്ഷെ ഇവിടെ ഇരുന്നാൽ മനസ്സ് എങ്ങോട്ട് ഒക്കെയോ സഞ്ചരിക്കുകയാണ്.ഒരു അനുസരണയുമില്ലാതെ ചിന്തകൾ ഷാജഹാനെ തേടി പോവുകയാണ്.. ഇങ്ങനെ ആയാൽ ശെരി ആവില്ലെന്ന് തോന്നിയതോന്ട് ഞാൻ സ്കൂളിലേക്ക് വിട്ടു.സിനുനോട് കൊറെ കാര്യങ്ങൾ പറയാനുണ്ട്.ജെസി മാത്രമല്ല, അനുവും ഇന്നില്ല.. അവൾടെ അമ്മയുടെ വീട്ടിൽ പോയതാണ്.നൂറയുടെ ഖൽബിൽ ഷാജഹാൻ നിറഞ്ഞു നിൽക്കുന്നത് കൊണ്ടാവാം എവിടെ ചെന്നാലും ഒരു ശ്രദ്ധയും സുഖവുമില്ലാത്തത്.സിനുനോട് കാര്യങ്ങളൊക്കെ തുറന്ന് പറയുമ്പോൾ എന്തിന്റെ ബലത്തിലാണ് നീ അവനെ കാത്തിരിക്കുന്നത്,ഷാജഹാൻ എന്നൊരു വ്യക്തിയെക്കുറിച്ച് കേട്ടറിവ് മാത്രമെ നിനക്കുള്ളു. ഒരു പക്ഷെ സുഖലോലുപതയിൽ ജനിച്ചു വളർന്ന അവനിതൊക്കെയും വെറുമൊരു ടൈം പാസ്സ് മാത്രം ആണെങ്കിലോ എന്ന ചോദ്യത്തിന് അവിടെയും നൂറയ്ക്കൊരു മറുപടി മാത്രമെ ഉണ്ടായിരുന്നുള്ളു. "വിശ്വാസം.. ഷാജഹാൻറ്റെ മേലിൽ നൂറയ്ക്കുള്ള തികഞ്ഞ വിശ്വാസം.

ഷാജഹാനും നൂറയും പ്രണയിക്കുന്നത് ഹൃദയങ്ങൾ കൊണ്ടാണ്.. അങ്ങനെയുള്ള ഒരു സ്നേഹത്തിൽ ഒരിക്കലും ഞാൻ പരാജയപ്പെടില്ല.. അതോണ്ട് തന്നെ നൂറ ഷാജഹാനുള്ളതായിരിക്കും,ഈ നൂറയുടെ ജീവന്റെ പാതിയായി ഒരാൾ വരുന്നുണ്ടെങ്കിൽ അത് ഷാജഹാൻ മാത്രമായിരിക്കും.അതിനി എത്ര കാലം കഴിഞ്ഞാലും... ഇനി അങ്ങോട്ട്‌ ഷാജഹാന് വേണ്ടിയുള്ള കാത്തിരിപ്പാണ്.." ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിലേക് മടങ്ങുമ്പോൾ ജെസിയും അനുവുമില്ലാതെ ഒരു സുഖമില്ല. ഒറ്റപ്പെടുമ്പോഴാണ് ചിന്തകൾക്ക് എത്രത്തോളം ശക്തി ഉണ്ടെന്ന് ഞാൻ ശെരിക്കും മനസിലാക്കുന്നത്.എങ്കിലും എന്റെ ഷാജഹാനെ മനസ്സിൽ നിറച്ച് കൊണ്ട് നടത്തത്തിനു വേഗത കൂട്ടുമ്പോഴാണ് പുറകിൽ നിന്നൊരു പുരുഷ ശബ്‌ദം.. "നൂറാ ഷെറിൻ..... " ആരാണ്...??? ... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story