💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 17

khalbil nee mathram

രചന: ഷംസീന ഫിറോസ്

 ആരാണ്...? ഷിഹാബ്... !! തിരിഞ്ഞു നോക്കി ഒരു ഞെട്ടലോടെ നമ്മളാ പേര് പറഞ്ഞു പോയി. "അതേടി ശിഹാബ് തന്നെയാ.. അപ്പൊ അബൂബക്കറിന്റെയും ഹസീനയുടെയും പൊന്നാര മകൾ നൂറയ്ക്ക് എന്റെ പേരൊക്കെ അറിയാം, അല്ലെ? അല്ല എവിടെ നിന്റെ സഹോദരി, ജസീല? " ഓന്റടുത്ത് നിന്നും പ്രതീക്ഷിക്കാത്ത ചോദ്യം കേട്ട് നമ്മള് ഞെട്ടിപ്പോയി. "എന്താടി നിന്റെ നാവിറങ്ങിപ്പോയോ.. എവിടെ നിന്റെ മറ്റവൻ.. അല്ല രക്ഷകനെ.." ന്നും ചോദിച്ചോണ്ട് ഓൻ നമ്മളെ അടുത്തേക്ക് വന്നു. നമ്മള് രണ്ടടി പുറകോട്ടും. ഓന്റെ ചോദ്യങ്ങൾക്കുള്ള മറുപടി കൊടുക്കാൻ നൂറയ്ക്കറിയാഞ്ഞിട്ടല്ല. വെറുതെ ഇനിയൊരു പ്രശ്നം വേണ്ടാന്ന് കരുതിയാ. "എന്തുപറ്റിയെടി. പേടിച്ചു പോയൊ.. അയ്യോ നീ പേടിക്കണ്ട.. നിന്നെ ഞാനൊന്നും ചെയ്യില്ല. എനിക്ക് വേണ്ടത് നിന്റെ ജെസിയെയാണ്. "

ഓന്റെ പറച്ചില് കേട്ട് നമ്മള് തരിച്ചു പോയി. ജെസി.. ജെസിയെ എന്തിനാണ്..? എന്നോടുള്ള ദേഷ്യത്തിന് ഇനി അവളെ എന്തെങ്കിലും... "സകല നാട്ടുകാരുടെയും മുന്നിൽ വച്ച് എന്റെ നേർക്ക്‌ കൈ ഉയർത്തിയവളാണ് നീ.. ആ നിന്നെ കടിച്ചു കീറെണ്ട ദേഷ്യം ഈ ശിഹാബിന്റെ ഉള്ളിൽ എരിയുന്നുണ്ട് പക്ഷെ ഞാൻ അത് ചെയ്യില്ല. നിനക്ക് നോവണമെങ്കിൽ നിന്റെ ജെസിയാണ് വേദനിക്കേണ്ടത്. അവളാണ് കരയേണ്ടത്..അവൾ കരഞ്ഞാൽ മാത്രമെ നിന്റെ കണ്ണ് നിറയു..അപ്പോൾ മാത്രമെ നിന്റെ പത്തിയൊന്നടങ്ങുകയുള്ളു.ആദ്യ കാഴ്ച്ചയിൽ തന്നെ ഈ ശിഹാബിന്റെ മനസ്സ് അവളെ ആഗ്രഹിച്ചതാ.. അവളുടെ ആ സൗന്ദര്യത്തിൽ ശിഹാബ് ഒന്ന് മതിമറന്നതാ.. പക്ഷെ നീ.. അവളുടെ കയ്യിൽ ഒന്ന് കയറി പിടിച്ചതിനല്ലേ ആദ്യമായി നീ എന്റെ മുഖത്ത് കൈ വെച്ചത്. അതിന്റെയൊക്കെ ഒരായിരം ഇരട്ടി നിനക്ക് ഞാൻ തരാടി.. പക്ഷെ അത് നിന്റെ ജെസിയിലൂടെയാണെന്ന് മാത്രം. ഈ ലോകത്ത് മാറ്റാരെക്കാളും കൂടുതലായി നീ സ്നേഹിക്കുന്നതവളയല്ലേ..

ആ അവളെ തൊട്ടാൽ മാത്രെ നിന്റെ ചങ്ക് പിടയ്ക്കുകയുള്ളു... ശിഹാബ് ഒരു പെണ്ണിനെ മോഹിച്ചിട്ടുണ്ടെങ്കിൽ അവളെ സ്വന്തമാക്കിയിരിക്കും.. അതിനി ഏതറ്റം വരെ ചെന്നിട്ടായാലും.. എന്ത് വൃത്തികേട് കാണിച്ചിട്ടായാലും. നീ കാത്തിരുന്നോ.. ജസീല.. അവളെ ശിഹാബ് സ്വന്തമാക്കിയിരിക്കും. അതവളോട് എനിക്കുള്ള അടങ്ങാത്ത മുഹബ്ബത്തിന്റ്റെ പേരിലൊന്നുമല്ല. പകരം നിന്നോടുള്ള എന്റെ അടങ്ങാത്ത പകയാണ്. നീ ഒറ്റ ഒരുത്തി കാരണം എനിക്കുണ്ടായ അപമാനം.. ഈ ലോകം മുഴുവൻ വില കൊടുത്തു വാങ്ങാൻ കഴിയുന്ന ഈ ശിഹാബ് നീ ഒറ്റ ഒരുത്തി കാരണമാണ്‌ അന്നത്രയും ആളുകളുടെ മുന്നിൽ തല താഴ്ത്തിയത്.. കരയാനും വേദനിക്കാനുമൊക്കെ ഒരുങ്ങി ഇരുന്നോ നീ.. നിന്റെ ജെസി നരകിക്കുന്നത് കണ്ടു നീ കരയും. കരയിപ്പിക്കും നിന്നെ ഞാൻ.. അവൾടെ ജീവന് വേണ്ടി എന്റെ മുന്നിൽ വന്നു കെഞ്ചും നീ.. കാത്തിരുന്നോ... "

ശിഹാബിന്റെ നാവിൽ നിന്നുയർന്ന ഓരോ വെല്ലുവിളികളും എന്നിൽ ഭയം ഉളവാക്കി. എന്നെ ചുട്ടെരിക്കണ്ട പക ഓന്റെ മനസ്സിൽ എരിയുന്നുണ്ട്. പക്ഷെ ജെസി.. ഞാൻ ചെയ്തതിനോക്കെയും അവൻ വേദനിപ്പിചക്കാൻ പോകുന്നത് അവളെ ആണോ.. ജെസിയെ തൊട്ടാൽ മാത്രമെ നൂറക്ക് വേദനിക്കുകയുള്ളുവെന്ന് അവൻ മനസ്സിലാക്കിയിരിക്കുന്നു. അതിന് ജെസിയെ ഇവൻ എന്ത് ചെയ്യുമെന്നാ?? "കാത്തിരിക്കാൻ ഒന്നുമില്ലെടാ.. നിനക്കെന്റെ ജെസിയെ ഒന്ന് തൊടാൻ പോലും സാധിക്കില്ല.. ഈ നൂറ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ ജെസിയെ ഒന്ന് സ്പർഷിക്കാൻ പോലും നിനക്ക് ആവില്ല. അതിന് ഞാൻ സമ്മതിക്കില്ല.. " "അയ്യോ ഇനി നീ എങ്ങാനും പോയി ചത്തേക്കല്ലേ.. നീ ജീവനോടെ തന്നെ വേണംടി.. എന്നാലല്ലേ ഈ ശിഹാബിന്റെ കളികളൊക്കെ കണ്ടൊന്നാസ്വധിക്കാൻ കഴിയുള്ളു.

നിനക്ക് കാണണ്ടേ നിന്റെ പൊന്നാര ജെസിയെ ശിഹാബ് സ്നേഹിക്കുന്നത്..സ്നേഹിച്ചു സ്നേഹിച്ചു കൊല്ലുന്നത്.. " ഓന് മറുത്തോരു മറുപടി കൊടുക്കുന്നതിനു മുന്നേ നമ്മളെ പരിഹസിച്ചു കൊണ്ട് ഓൻ തിരിഞ്ഞ് നടന്നിരുന്നു.അവന്റെ ആ പരിഹാസത്തിലും നമ്മളോടുള്ള പകയാണ് നമ്മള് കണ്ടത്..എന്തായിരിക്കും ഓന്റെ ഉദ്ദേശം.. നമ്മള് അധികനേരം അവിടെ നിക്കാതെ വേഗം വീട്ടിലേക് നടന്നു.ഇപ്പോ മനസ്സ് മുഴുവനും ശിഹാബിന്റെ വെല്ലുവിളികളാണ് എന്റെ ജെസിയെ അവനെന്തെങ്കിലും....? ഇല്ല.. നീ വേണ്ടാത്തതോന്നും ചിന്തിക്കല്ലേ.. ജെസി വരാന്തയിൽ തന്നെ നമ്മളെ കാത്തിരിപ്പുണ്ട്. നമ്മളെ മുഖം വല്ലാതെ ഇരിക്കുന്നത് കണ്ട് അവള് കാര്യം തിരക്കി.എനിക്ക് സംഭവിക്കുന്ന ചെറിയൊരു മാറ്റം പോലും അവളെ പോലെ മനസ്സിലാക്കാൻ മറ്റാർക്കും കഴിയില്ല. നമ്മള് ഒന്നുമില്ലെന്ന് പറഞ്ഞ് തടി തപ്പി. അവളോട്‌ ഒന്നും മറച്ചു വെക്കാൻ എനിക്ക് ആവില്ല.

പക്ഷെ ഇന്നത്തെ കാര്യം പറഞ്ഞാൽ ജെസി ആകെ പേടിക്കും. അതോണ്ട് നമ്മള് മനപ്പൂർവം അവളിൽ നിന്നും അത് മറച്ചു വെക്കാൻ തീരുമാനിച്ചു. സ്കൂളിലെ ഇന്നത്തെ വിശേഷങ്ങൾ മൊത്തം രാത്രിയിൽ ജെസിക്ക് പറഞ്ഞ് കൊടുത്തു. കൂടെ സിനു പറഞ്ഞ കാര്യവും. എങ്ങനെയൊക്കെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് നമ്മക്ക് ഉറക്കം വന്നില്ല. നമ്മള് നോകുമ്പോ ജെസിയും ഉറങ്ങീട്ടില്ല. അപ്പൊ ഇവൾക്കും ഒറക്കമൊന്നുമില്ലേ. "ജെസിയെ... എന്താടി മോളെ മുബിക്കാനെ കിനാവ് കാണുവാണോ " "ഹേയ്.. അ.. അതൊന്നുമല്ല നൂറാ.. " "ഏതൊന്നുമല്ല..എന്താ മോളെ അനക്ക് ഒരു കള്ളച്ചിരിയൊക്കെ.. മുബിക്കാനെയല്ലാതെ വേറെ ആരെയാ അനക്ക് ഇപ്പൊ അത്രക്കും ഓർക്കാൻ ഉള്ളത്..നമ്മളോട് കള്ളം പറയാനും തുടങ്ങിയോ ഇയ്യ് " "മുബിക്കാനെ തന്നെയാ.. എന്നാലും.. അത് മാത്രമല്ല നൂറാ..നമ്മള് എത്ര ഭാഗ്യം ചെയ്തവരാല്ലെ..

നമ്മള് ആഗ്രഹിച്ച പോലെത്തന്നെ ഒരേ വീട്ടിലേക്ക് തന്നെയല്ലേ നമ്മള് പൂവാ..അതിനേക്കാളുമൊക്കെ നമ്മളെ സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യുന്ന മുബിക്കാനെയും ഷാനുക്കാനെയും പടച്ചോൻ നമ്മക്ക് തന്നില്ലേ.അവിടെയുള്ള ഞങ്ങളെ ജീവിതം എത്ര സന്തോഷകരമായിരിക്കും.നമ്മള് എപ്പോളും ഹാപ്പി ആയിരിക്കും അല്ലെ നൂറാ.." "ആണോ..എനിക്കറിയില്ല.ഒന്ന് ചെലക്കാണ്ട് കിടന്നുറങ്ങെടീ.എനിക്ക് ഉറക്കം വരുന്നു " "ഓ ഉറങ്ങാനാണോ അതോ അന്റെ ഷാജഹാനെ കിനാവ് കാണാൻ ആണോ " "പോടീ.. ചവിട്ടി താഴെ ഇടണ്ടെങ്കിൽ അടങ്ങി കിടന്നോ " ന്നും പറഞ്ഞ് നമ്മള് തിരിഞ്ഞ് കിടന്നു. ജെസി ഇപ്പോൾ എത്ര സന്തോഷത്തിലാണ് റബ്ബേ.മനസ്സ് കൊണ്ട് അവള് എന്നേ മുബിക്കന്റെ ജീവന്റെ പാതിയായി കഴിഞ്ഞിരിക്കുന്നു.അവള് മാത്രമാണോ.. ഞാനും തുടങ്ങിയില്ലെ സ്വപ്നം കാണാൻ.. ഷാജഹാനോട് ഒത്തൊരു ജീവിതം ഞാനും കൊതിച്ചു പോയില്ലേ.മനസ്സ് കൊണ്ട് ഷാജഹാനെ ഞാനെന്റെ റൂഹിന്റെ പാതിയാക്കി കഴിഞ്ഞിരിക്കുന്നു.കാണാമറയത്തെ പ്രണയത്തിന് ഇത്രയും സുഖമാണോ റബ്ബേ...

അടുത്ത മാസം ഷാജഹാൻ വരുമെന്നാ മുബിക്ക പറഞ്ഞത്.ഷാജഹാനും നൂറയ്ക്കും തമ്മിൽ ഇനി മുപ്പത് ദിവസങ്ങളുടെ ദൂരം മാത്രം.. എന്താ പടച്ചോനെ ആദ്യമായി ഷാജഹാനോട് ഞാൻ സംസാരിക്കാ.. ഹോ നൂറാ..ആദ്യം ഷാജഹാൻ വരട്ടെ.ഒന്ന് കണ്ടിട്ട് പോലുമില്ല.പിന്നെയല്ലെ സംസാരമൊക്കെ.. കിടന്നുറങ്ങാൻ നോക്കെടി.. പുലർച്ചെ ജെസിയുടെ തോണ്ടലും കൂക്കലുമൊക്കെ കേട്ടാണ് നമ്മളെഴുന്നേറ്റത്.ഇവൾക്ക് എന്തു പറ്റി.രാത്രി മുഴുവൻ മുബിക്കാനെ സ്വപ്നം കണ്ടു വട്ടായോ? "ഒന്ന് പോയെ ജെസി.. ഞാൻ കുറച്ചൂടി ഉറങ്ങട്ടെ. ഇന്ന് നമുക്ക് ക്ലാസ്സില്ലാന്ന് ഇന്നലെ ഞാൻ പറഞ്ഞതല്ലേ. പിന്നെന്താടി ഇത്ര നേരത്തെ എഴുന്നേറ്റത്.അനക്ക് ഒറക്കമൊന്നുമില്ലെങ്കിൽ അവിടെന്നെണീറ്റു പോയെ " ന്നും പറഞ്ഞോണ്ട് നമ്മള് പുതപ്പ് തലയിലൂടെ വലിച്ചു കേറ്റി.അപ്പോഴുണ്ട് ജെസി ബെഡിലേക്ക് ചാടി നമ്മളെ പുതപ്പും വലിച്ചുരി നമ്മളെ കെട്ടിപ്പിടിച്ച് തുരു തുരാ ഉമ്മ വെക്കുന്നു.

"ചീ..വൃത്തികെട്ടവളേ.. ഇത് ഞാനാടി നൂറാ.. മുബിക്കയല്ലാ.. ഇതൊക്കെ നിന്റെ മുബിക്കന്റെ അടുത്തെ വില പോവുകയുള്ളു " ന്നും പറഞ്ഞ് നമ്മളവളെ പിടിച്ചു തള്ളി. അവള് വീണ്ടും നമ്മളെ അടുത്തേക്ക് നീങ്ങി ഇരുന്ന് നമ്മളെ കെട്ടിപ്പിടിച് പറഞ്ഞു.. "ഹാപ്പി ബർത്ത് ഡേയ് നൂറാ.. " ഹോ.. അപ്പൊ ഇന്നാണോ ആ ദിവസം. ഉമ്മച്ചിന്റെ വയറ്റിന്ന് ഇങ്ങനൊരു ദുരന്തം വന്നിട്ട് കൊല്ലം പതിനേഴാവുകയാണല്ലേ.. ചെ... നമ്മള് മറന്നു പോയല്ലോ നമ്മളെ ബർത്ത് ഡേയ്. അല്ലെങ്കിലും ഏതു വർഷാ നമ്മക്ക് ഓർമ ഉണ്ടാവുക.. എല്ലാ തവണയും ഇവള് തന്നെയല്ലേ ഓർമയാക്കുക. ആരൊക്കെ മറന്നാലും ജെസി കറക്റ്റ് ആയി ഓർത്തോളും.. നമ്മള് താങ്ക്സും പറഞ്ഞോണ്ട് ജെസിയെ കെട്ടിപ്പിടിച് ഓൾക്ക് ഒരു ഉമ്മ കൊടുത്തു. ജെസി കട്ടിലിൽ നിന്നെഴുന്നെറ്റ് ഷെൽഫിൽ നിന്നൊരു കവർ എടുത്ത് നമ്മക്ക് നേരെ നീട്ടി. "ദിസ്‌ ഈസ്‌ ഫോർ യൂ നൂറാ.. " നമ്മള് എന്താണെന്ന് ചിന്തിച്ചോണ്ട് അതു വാങ്ങിച്ചു. "നൂറോ.. തുറന്നു നോക്കെടീ " അത് തുറന്നു നോക്കിയ നമ്മള് സന്തോഷം കൊണ്ട് തുള്ളിചാടി.

എത്ര നാളായി നമ്മളി സാധനത്തിനു വേണ്ടി ഇവിടെ എല്ലാവരോടും ചോദിക്കുന്നു.. ഇന്നിതാ ജെസി നമ്മക്ക് തന്നിരിക്കുന്നു.. നമ്മളാഗ്രഹിച്ച തരത്തിൽ തന്നെ ഒരു ഫോൺ.. നമ്മളാകെ വണ്ടർ അടിച്ചു ഓളെ നോക്കി. "ജസീ.. ഇതെങ്ങനെയാടി.. അനക്ക് എവിടുന്നാ..? " "അതൊക്കെ കിട്ടി മോളെ.. അന്റ്റുപ്പച്ചിനെയും ഉമ്മച്ചിനെയും സോപ്പിട്ട് ഇന്നലെ പോയി ഒപ്പിച്ചതാ. ഇപ്പൊ അനക്ക് സന്തോഷായില്ലേ? കൊറേ നാളായില്ലേ ഇങ്ങനെ ഒരെണ്ണം വേണംന്ന് പറയാൻ തുടങ്ങീട്ട്.. നൂറാ.. താങ്ക്സ് പറഞ്ഞില്ലാട്ടാ.." നമ്മക്ക് സന്തോഷത്തിന്റെ കൂടെ കണ്ണും നിറഞ്ഞു പോയി. നമ്മള് ജെസിയെ വീണ്ടും കെട്ടിപ്പിടിച്ചുമ്മ കൊടുത്തു. "ചീ....വൃത്തികെട്ടവളെ.. ഞാൻ നിന്റെ ഷാജഹാനല്ല.. വിടെടി.. " ന്നും പറഞ്ഞ് അവള് നമ്മളെ തള്ളി മാറ്റി. പിന്നെ റൂമിൽ നമ്മള് തമ്മിലൊരു സ്റ്റണ്ട് ആയിരുന്നു. രണ്ട് തലയണ കീറി പറിഞ്ഞപ്പോഴാണ് നമ്മക്ക് രണ്ടിനും ബോധം വന്നത്

. "നൂറാ..കുളിച്ചു മാറ്റി താഴേക്ക് വന്നോളിട്ടാ.. ആപ്പ അന്നെ ചോദിക്കുന്നുണ്ടായിരുന്നു. ഫോൺ കിട്ടിയതല്ലേ, ഉപദേശിക്കാനായിരിക്കും." ന്നും പറഞ്ഞോണ്ട് ജെസി താഴെക്കിറങ്ങി.നസിക്ക് വരെ നമ്മളോട് ഇല്ലാത്ത സ്നേഹമാണ്‌ ജെസിക്ക് നമ്മളോട് ഉള്ളത്.സ്വന്തം ഇത്താത്ത ആയിട്ടും അവളോടൊരു ഫോൺ വേണമെന്ന് പറഞ്ഞപ്പോൾ ഒരു കൊട്ട ഉപദേശമാണ്‌ ഓള് നമ്മക്ക് തന്നത്. ജെസി നമ്മളെ ആഗ്രഹം അറിഞ്ഞ് ഉപ്പച്ചിനെയും ഉമ്മച്ചിനെയും സോപ്പിട്ട് ഒരെണ്ണം വാങ്ങിച്ചു തന്നു. നമ്മള് ഫ്രഷ് ആയി നിസ്കാരമൊക്കെ കഴിഞ്ഞു താഴേക്ക് ഇറങ്ങുമ്പോൾ എല്ലാരും വട്ട മേശ സമ്മേളനത്തിലാണ്.ഇതെന്താ പതിവില്ലാതെ ഇത്ര നേരത്തെന്നും ചിന്തിച്ചോണ്ട് നമ്മളും അവരൂടെ ചേർന്നു.ജെസി പറഞ്ഞത് പോലെ നമ്മളെ കാണുമ്പോൾ നമ്മളെ ഉമ്മച്ചി തുടങ്ങി ഉപദേശിക്കാൻ, കൂടെ ഉപ്പച്ചിയും.

ഫോൺ കിട്ടിയെന്ന് വെച്ച് അങ്ങനെ ആവരുത്, ഇങ്ങനെ ആവരുത്, പഠിത്തത്തിൽ ശ്രദ്ധ കുറയരുത്, ചക്കയാണ്, മാങ്ങയാണ്, ജെസി പറഞ്ഞോണ്ട് മാത്രമാണ്‌.... നമ്മള് എല്ലാം കേട്ട് ഒരു ദീർഘ നിശ്വാസവും വിട്ടിരുന്നു. ഇതിലും ഭേദം ഫോൺ തരാതിരിക്കലായിരുന്നു റബ്ബേ. പിന്നെ മൂത്താപ്പ നമ്മൾടെ കൂടെ ഉള്ളോണ്ട് നമ്മള് കുറച്ച് രക്ഷപെട്ടുന്ന് പറഞ്ഞാൽ മതിയല്ലോ. അപ്പോഴാണ് മൂത്തുമ്മ നസിന്റ്റെ കാര്യം എടുത്തിട്ടത്.കല്യാണം കഴിഞ്ഞിട്ട് ഒരു മാസം ആകുമ്പോൾ ഇക്കാക്കാന്റ്റെ കൂടെ ഗൾഫിലേക്ക് പറന്നതാണ്.അടുത്ത മാസം വരുന്നുണ്ടെന്ന്.ഇത് കേട്ടപ്പോ തന്നെ ജെസിക്ക് മനസ്സിൽ ആയിരം ലഡ്ഡു പൊട്ടീട്ടുണ്ടാവും.നമ്മക്ക് ആണെങ്കിൽ ലഡ്ഡുന് പകരം ആയിരം ബോംബ് ആണ് പൊട്ടിയത്.കാരണം നസി നമ്മക്ക് വല്യ പാരയാണ്, നേരെ മറിച്ച് ജെസിക്ക് വല്യ കൂട്ടും. ഇനി ഓളെയും കൂടി സഹിക്കണല്ലോ റബ്ബേന്നും ചിന്തിച്ചോണ്ടിരിക്കുമ്പോഴാണ് റൂമിൽ നിന്ന് ഇമ്മച്ചിന്റ്റെ ഫോൺ അടിക്കുന്നത്.

നമ്മള് പോയി നോക്കുമ്പോൾ മുബിക്കയാണ്.ഇതെന്താ ഈ നേരത്തുന്നും വിചാരിച്ചോണ്ട് നമ്മള് ഫോൺ എടുത്തു.അത്യാവശ്യമായി കാണണം ജെസിയെയും കൂട്ടി ടൗണിലേക്ക് വാന്നു പറഞ്ഞ് മുബിക്ക ഫോൺ കട്ടാക്കി.മുബിക്കന്റെ വർത്താനം കേട്ട് നമ്മക്ക് ആകെ ടെൻഷനായി.ഇനി വല്ല പ്രശ്നവും ഉണ്ടായോ?? നമ്മള് ജെസിയോട് കാര്യം പറഞ്ഞു.എനിക്കും ജെസിക്കും അത്യാവശ്യമായി കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ടെന്ന് പറഞ്ഞ് ഞങ്ങള് വീട്ടീന്ന് ചാടി.അനുനെയും കൂടി കൂട്ടാമെന്ന് ജെസി പറഞ്ഞു.പക്ഷെ ഓള് നാട്ടിൽ നിന്നും വന്നിട്ടില്ല. ഞങ്ങള് ബസ്‌ സ്റ്റോപ്പിന്റ്റെ അടുത്ത് എത്തുമ്പോഴേക്കും മുബിക്ക അവിടെ എത്തിയിരുന്നു. നമ്മളും ജെസിയും ആകെ പരവേഷത്തോടു കൂടി മുബിക്കന്റെ അടുത്ത് ചെന്ന് എന്താ കാര്യം എന്താ പറന്നൊക്കെ ചോദിച്ചു. മുബിക്ക നമ്മളെ രണ്ടാളെയും മാറി മാറി നോക്കി പുഞ്ചിരിച്ചു.

എന്നിട്ട് നമ്മക്ക് നേരെ ഒരു കൂട്ടം പൂക്കൾ നീട്ടിക്കൊണ്ട് പറഞ്ഞു. "സന്തോഷ ജന്മദിനം എന്റെ പെങ്ങളുട്ടിക്ക്... " നമ്മള് മുബിക്കന്റെ പ്രവർത്തി കണ്ട് തൊള്ളയും തുറന്നു നോക്കി നിന്നു. എന്നിട്ട് ജെസിയെ നോക്കി പുരികം പൊക്കി. അവളെനിക്ക് ഒന്നുമറിയില്ലേന്ന ഭാവത്തിൽ തലയാട്ടി. "നൂറാ.. ഇത് വാങ്ങിക്കെടീ.. നിനക്ക് വേണ്ടേ..? വിഷ് ചെയ്തിട്ട് ഒരു താങ്ക്സ് എങ്കിലും പറയുന്നുണ്ടൊന്ന് നോക്കിയെ അവള്.." "ഇതാണോ നിങ്ങളെ അത്യാവശ്യം.. ഇതാണോ നിങ്ങളെ ആനക്കാര്യം ന്ന്?? മനുഷ്യനിവിടെ ടെൻഷൻ അടിച്ച് മരിച്ചുന്ന് പറഞ്ഞാൽ മതിയല്ലോ" ന്നും പറഞ്ഞോണ്ട് നമ്മള് മുബിക്കാന്റ്റെ വയറ്റിനിട്ടൊരു കുത്ത് കൊടുത്തു. എന്നിട്ട് ആ പൂക്കളും വാങ്ങി നമ്മള് മുഖം തിരിച്ച് നിന്നു. "ആണല്ലോ.. അന്റെ കാര്യം നമ്മക്ക് ആനക്കാര്യം തന്നെയാണല്ലോ. കാര്യം പറഞ്ഞ് വിളിച്ചാൽ നീ വരില്ലെന്ന് എനിക്കറിയാം. അതോണ്ടാ ഇങ്ങനെ. ബർത്ത് ഡേയ് ഗേൾ ഇന്ന് നല്ല കലിപ്പിലാണല്ലോ.. നൂറോ...അപ്പോഴേക്കും പിണങ്ങിയോ ഇക്കാനോട്.. അയ്യേ നിന്റെ ജന്മദിനമായി എല്ലാരോടും ഇങ്ങനെയാ പെരുമാറാ..?

അതൊക്കെ പോട്ടെ, എപ്പോഴാ ട്രീറ്റ്‌ " ന്നും ചോദിച്ചോണ്ട് മുബിക്ക നമ്മളെ മുന്നിൽ വന്നു നിന്നു. കൂടെ ജെസിയും. നമ്മക്ക് രണ്ടിന്റെയും മുഖം കാണുമ്പോൾ തന്നെ ദേഷ്യമൊക്കെ പോയി ചിരി വന്നിരുന്നു. "ചിരിക്ക് വോൾട്ടേജ് പോരല്ലോ.. കുറച്ചൂടെ പോരട്ടെ" ന്നും പറഞ്ഞ് മുബിക്ക നമ്മളെ വീണ്ടും ചിരിപ്പിച്ചു. എന്നിട്ട് കാറിന്റെ ഡോറും തുറന്ന് വലിയൊരു പൊതി എടുത്ത് നമ്മക്ക് നേരെ നീട്ടി. നമ്മള് ഇനി എന്താന്ന് ചിന്തിച്ചോണ്ട് മുബിക്കാനെ നോക്കി. കൂടെ ജെസിയും. "ഷാജഹാന് നൂറയോടുള്ള മുഹബ്ബത്തിന്റ്റെ ആദ്യ സമ്മാനം " ന്നും പറഞ്ഞു കൊണ്ട് വീണ്ടും മുബിക്ക നമ്മക്ക് നേരെ അത് നീട്ടി. നമ്മളൊരു നിമിഷം എന്താ ചെയ്യേണ്ടതെന്നറിയാതെ മുബിക്കാനെയും ജെസിയെയും നോക്കി. "ഇതെന്റെ വകയല്ല.. എന്റെ ഷാനുന്റ്റെ വകയാണ്. നിന്റെ ഷാജഹാൻ നിനക്കായി കൊടുത്തയച്ചതാണ്. ഇത് വെറുമൊരു ഗിഫ്റ്റല്ല. അവന്റെ മനസ്സാണ്. ഏഴു കടലുകൾക്കപ്പുറം നിന്നെ മാത്രം കിനാവ് കണ്ടിരിക്കുന്ന ഷാനുന്റ്റെ ഖൽബാണ് ഇതിൽ. അവന്റെ പെണ്ണിന് വേണ്ടി അവൻ കൊടുത്തയച്ചതാ..

ഇതിൽ എന്താണെന്ന് പോലും എനിക്കറിയില്ല. രാവിലെ അവന്റെയൊരു ഫ്രണ്ട് ആണിതെന്നെ ഏൽപ്പിച്ചത്" മുബിക്ക ഇത്രയും പറഞ്ഞോണ്ട് ആ ഗിഫ്റ്റ് നമ്മളെ കൈകളിലേക്ക് വച്ച് തരുമ്പോൾ നമ്മളെ കണ്ണ് നിറഞ്ഞൊഴുകി. നമ്മളതും വാങ്ങിച്ചു മുബിക്കാനെ കെട്ടിപിടിച്ച് പൊട്ടി കരഞ്ഞു. "എന്താ മുബിക്കാ... എന്ത് ഭാഗ്യമാ ഞാൻ ചെയ്തിട്ടുള്ളത് മുബിക്കാന്റ്റെ ഷാനുനെപ്പോലെ ഒരാളെ കിട്ടാൻ മാത്രം എന്തു പുണ്യമാ ഞാൻ ചെയ്തിട്ടുള്ളെന്ന്.. ഷാനുനെപ്പോലെയല്ല ഇങ്ങളെ ഷാനുനെ തന്നെ കിട്ടാൻ മാത്രം ഭാഗ്യവതിയാണോ ഞാൻ. നൂറയെ ഇത്രമാത്രം സ്നേഹിക്കുന്ന ആ ഖൽബിന്റുടമയെ എനിക്കൊന്ന് കാണണം മുബിക്കാ.. ഇങ്ങളെ ഷാനുനെ എനിക്കും കാണണംന്ന്.. " പറഞ്ഞോണ്ട് നമ്മള് വീണ്ടും വീണ്ടും കരഞ്ഞു പോയി. "അയ്യേ.. അപ്പൊ നീ ഇത്രയൊക്കെ ഉള്ളു നൂറാ.. നിന്നെക്കുറിച്ച് ഞാൻ ഇങ്ങനെയൊന്നുമല്ലാട്ടോ വിചാരിച്ചേ..

ജസീ... നീയും ഇവളെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയല്ലാട്ടോ. നൂറോ.. കരയാൻ മാത്രം എന്താ? നിനക്ക് ഷാനുനെ കാണണം, അത്രല്ലേയുള്ളു. എന്നാൽ അവനോട് പെട്ടന്നെന്നെ ഇങ്ങോട്ട് പോരാൻ പറയാം. " ന്നും പറഞ്ഞ് മുബിക്ക നമ്മളെ ചേർത്ത് പിടിച്ച് ആശ്വാസിപ്പിച്ചു.പെട്ടെന്ന് എന്തോ ബോധോദയം വന്ന പോലെ നമ്മള് മുബിക്കായിൽ നിന്നും വിട്ടു നിന്ന് കണ്ണൊക്കെ തുടച്ചു. "എന്താ മോളെ നൂറാ.. എന്താണെങ്കിലും ഈ ഇക്കാക്കാനോട് പറ " "അത്.. അതൊന്നുല്ല മുബിക്കാ.. പെട്ടെന്ന്... " സന്തോഷം കൊണ്ടാണോ അതോ സങ്കടം കൊണ്ടാണോ നമ്മക്ക് ഒന്നും പറയാൻ പറ്റുന്നില്ലേനു. "നീയെന്താ അത് തുറന്നു നോക്കാത്തെ. ഇഷ്ടപ്പെട്ടോന്ന് നോക്ക്.. ഇതിൽ എന്താണെന്നൊന്നും എനിക്കറിയില്ല. പക്ഷെ അവൻ പ്രത്യേകം പറഞ്ഞതാ ഇതെന്തായാലും നൂറയ്ക്ക് ഇഷ്ട്പ്പെടു മെന്ന് " മുബിക്ക അത് പറയുമ്പോൾ നമ്മള് അത്ഭുതപ്പെട്ടു പോയി.

"അ.... അത് നമ്മള് വീട്ടിൽ ചെന്ന് നോക്കാം മുബിക്കാ.. " "എന്താ മോളെ ഒരു ചുറ്റിക്കളി..? ഇനി നമ്മള് കാണണ്ടാന്ന് കരുതിയാണോ" ജെസി ഇതും ചോദിച്ചോണ്ട് നമ്മളെ കളിയാക്കാൻ തുടങ്ങി.കൂടെ മുബിക്കായും ഒന്ന് ഇരുത്തി മൂളി തന്നു. "ഈ ഇക്കാന്റ്റെ വക എന്താ മോൾക്ക്‌ വേണ്ടത്? പറ, ജന്മദിനമായി പെങ്ങളുട്ടിക്ക് ഒന്നും തന്നില്ലെന്നിനി പരാതി വേണ്ടാ " ന്നും പറഞ്ഞ് മുബിക്ക നമ്മളെ നോക്കി ചിരിച്ചു. "ഇതുതന്നെ ധാരാളമാണ്‌ മുബിക്കാ.. ഇങ്ങള് നൽകുന്ന ഈ സ്നേഹം, ഇതിനെക്കാളും വലുതായി ഇനിയൊന്നും എനിക്ക് ലഭിക്കാനില്ല" നിറഞ്ഞ പുഞ്ചിരിയോടെ നമ്മള് മുബിക്കാനെ നോക്കി പറഞ്ഞു. "അയ്യടാ.. അധികം ഡയലോഗടിച്ചു മോള് സീൻ നാറ്റിക്കല്ലേ" ന്നും പറഞ്ഞ് മുബിക്ക നമ്മളെ ചെവി പിടിച്ച് പൊന്നാക്കി തന്നു. പിന്നെ ജെസിയും മുബിക്കായും കൂടി അവരുടെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യട്ടെന്ന് കരുതി കുറച്ചു സമയം നമ്മളങ്ങോട്ട്‌ മാറി കൊടുത്തു. നമ്മളുടെ കണ്ണ് മുബിക്ക തന്ന ഗിഫ്റ്റിലാണ്, അല്ല..മ്മളെ ഷാജഹാൻ തന്ന ഗിഫ്റ്റിലാണ്. എന്തായിരിക്കും ഇതിൽ..?

നമ്മളതിനെ തിരിച്ചും മറിച്ചും നോക്കി. അപ്പോഴാണ് നമ്മളൊരു കാര്യം കണ്ടത്. അതിന്റെ പുറത്ത് ടു നൂറാ വിത്ത്‌ ലവ് ഷാജഹാൻ എന്ന് എഴുതി വെച്ചിട്ടുണ്ടായിരുന്നു. അതും കൂടി കണ്ടപ്പോൾ നമ്മക്ക് പെരുത്ത് സന്തോഷായി. ദിനം പ്രതി മുബിക്ക പറഞ്ഞു തരുന്ന കാര്യങ്ങളിൽ നിന്നും ഷാജഹാനെക്കുറിച്ച് നമ്മള് കൂടുതൽ മനസ്സിലാക്കാൻ തുടങ്ങീട്ടുണ്ട്. ഷാനുനെക്കുറിച്ചുള്ള മുബിക്കന്റെ വാ തോരാത്ത സംസാരം എന്റെ ഉള്ളിലെ ഷാജഹാനോടുള്ള മുഹബ്ബത്തിന്റ്റെ ആഴവും കൂട്ടുന്നുണ്ട്... ഇപ്പോൾ മനസ് നിറയെ ഷാജഹാനാണ്.. ഈ ഖൽബ് നിറയെ ഷാജഹാനോടുള്ള അടങ്ങാത്ത മുഹബ്ബത്താണ്. നൂറ മനസ്സിലാക്കിയതിലും എത്രയോ മുകളിലാണ് ഷാജഹാൻ.. നൂറയുടെ റൂഹിൽ ഷാജഹാൻ അലിഞ്ഞു ചേർന്നിരിക്കുന്നു. നമ്മള് കയ്യിലുള്ള ഗിഫ്റ്റും നോക്കി ഷാജഹാനെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് ജെസി വന്ന് തട്ടുന്നത്. "ഡീ സ്വപ്നജീവി.. മതിയെടി, വാ പോവാം " നമ്മള് അതിന് മറുപടി എന്നോണം ഒരു വളിച്ച ചിരി പാസ്സാക്കി കൊടുത്തു. "പോവാന്നു പറയാൻ വേണ്ടി ഇക്ക എത്ര വിളിച്ചതാടി നിന്നെ. എവടെ??

ഏതു ലോകത്തായിരുന്നു..? " "അ..... അത്...... പിന്നെ.... " "വി... വിക്കണ്ട..എനിക്കറിയാം മോളെ " ജെസി നമ്മളെ കളിയാക്കിക്കൊന്നുന്ന് പറഞ്ഞാൽ മതിയല്ലോ. "അല്ല ജെസി.. എന്റെ ബർത്ത് ഡേയ് എങ്ങനെയാ മുബിക്ക അറിഞ്ഞത്..? സത്യം പറയെടി.. നീയല്ലേ പറഞ്ഞെ??? " "ഞാനോ..?? ഇല്ല, ഞാൻ പറഞ്ഞിട്ടില്ല.. " അവള് കൈ മലർത്തി കൊണ്ട് പറഞ്ഞു. "പിന്നെ എങ്ങനെയാ..?നീ പറഞ്ഞതായിരിക്കുംന്ന് കരുതി നമ്മള് മുബിക്കാനോട് ചോദിച്ചുമില്ല....ചെ..." "അന്റെ ഷാജഹാൻ പറഞ്ഞതായിരിക്കും.. " ന്ന് പറഞ്ഞോണ്ട് ജെസി നമ്മളെ വീണ്ടും കളിയാക്കാൻ തുടങ്ങി. "ഒന്നു പോടീ ദജ്ജാലേ... ബർത്ത് ഡേയ് പോയിട്ട് എന്റെ മുഴുവൻ പേര് എന്താണെന്ന് ഈ പറയുന്ന ഷാജഹാന് അറിയോന്ന് വരെ ഞമ്മക്കറിയില്ല.... എന്നാലും എങ്ങനെ...??" "എന്റെ പോന്നോ.... നൂറാ.. ഡൗട്ട് ഒക്കെ നമ്മക്ക് പിന്നെ ക്ലിയർ ആക്കാം.

ഇപ്പൊ നീ വേഗം നടക്ക്.. ഇതിൽ എന്താണെന്നറിയാതെ എനിക്കൊരു സമാധാനവും ഇല്ലെടി. എന്തായിരിക്കും ഷാജഹാൻ ഈ കാണമറയത്തെ മൊഞ്ചത്തിക്ക് വേണ്ടി കൊടുത്തയച്ചത് " ജെസിയെപ്പോലെ നമ്മക്കും ഉണ്ട് എന്താണെന്നറിയാനുള്ള ആകാംഷ. നമ്മള് വേഗം വീട്ടിലെക്കെത്തി ആരും കാണാതെ റൂമിലേക്ക്‌ ഓടി. കയ്യിൽ ഇത് കണ്ടാൽ പിന്നെ എന്താ ഏതാന്നൊക്കെ ആയിരിക്കും എല്ലാരുടെയും ഡൌട്ട്. അത്യാവശ്യമായി സാധനം വാങ്ങാൻ പോയിട്ട് ഗിഫ്റ്റ് ആണോ വാങ്ങിച്ചതെന്ന് ചോദിച്ചാൽ പെട്ടില്ലേ..? പിന്നെ ജെസി നമ്മക്ക് ആൾറെഡി രാവിലെ ഒന്ന് തന്നതാണല്ലോ. പിന്നെ ഇതാര് തന്നുന്നൊക്കെയാവും ചോദ്യം. നമ്മളും ജെസിയെയും കൂട്ടി വാതിലടച്ചു. ഇത്ര വല്യ പൊതിയിൽ എന്താണെന്ന് അറിയണമല്ലോ. നമ്മളും ജെസിയും വിശദമായി ബെഡിൽ ഇരുന്ന് അത് പൊട്ടിക്കലും വാതിലിൽ ആരോ മുട്ടലും ഒന്നിച്ചായിരുന്നു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story