💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 19

khalbil nee mathram

രചന: ഷംസീന ഫിറോസ്

 നമ്മളെ നെഞ്ചിലെക്ക് ആയിരം കത്തി കുത്തിയിറക്കുന്ന പോലെ മൂത്താപ്പ ആ കാര്യം നമ്മളോട് പറഞ്ഞു. "ജെസിയെ ഒരു കൂട്ടര് ചോദിച്ചിട്ടുണ്ട്. പയ്യൻ തന്നെ നേരിട്ട് വന്നു ചോദിച്ചതാ.. നല്ലൊരുത്തനാ.. അബുനോട് ഞാൻ കാര്യം സൂചിപ്പിച്ചിട്ടുണ്ട്. എല്ലാർക്കും ഇഷ്ടമാണെങ്കിൽ നമ്മക്ക് ഇതങ്ങു നോക്കാം. നീ ജെസിയോട് ഇതിനെ കുറിച്ചൊന്നു സംസാരിച്ചു നോക്കിക്കോളി.. ജെസിയോട് ഞാൻ രാവിലെ കുറച്ച് ഒക്കെ പറഞ്ഞതാ.. അവക്കതൊന്നും മനസ്സിലായിട്ടില്ല. പിന്നെ അവളോട്‌ നീ പറയുന്നത് തന്നെയാവും നല്ലത്" ഇതൊക്കെ കേട്ട് നമ്മള് ഞെട്ടി തരിച്ചു നിന്ന് പോയി. മൂത്താപ്പാന്റ്റെ വാക്കുകൾ കേട്ടെന്നല്ലാതെ നമ്മക്ക് അതൊന്നും ഉൾകൊള്ളാൻ ആയില്ല. "നൂറോ.. ഇയ്യ് കേക്കണുണ്ടോ? ജെസിയോട് ഇതിനെക്കുറിച്ച് ഒന്ന് സംസാരിച്ചോണ്ടി.. ഇജ്ജ് പറഞ്ഞാലേ അവൾക്ക് ശെരിക്കൊന്ന് ബോധ്യമാവൂ. അവൾടെ അഭിപ്രായം എന്താണെന്ന് ചോദിച്ചോണ്ടി.. അക്കൂട്ടര് ഇങ്ങോട്ടേക്കു വരട്ടെന്ന് ചോദിക്കുന്നുണ്ട്. പയ്യൻ ജെസിയെ കൊറേ തവണ കണ്ടേക്കണ്..

കണ്ടിഷ്ടപ്പെട്ടാണ് വന്ന് ചോദിച്ചത്. പയ്യൻറ്റെ വീട്ടുകാർക്കൊന്ന് ജെസിയെ കാണണംന്ന്.. പക്ഷെ.... " "പക്ഷെ.. എന്താ..? " മൂത്താപ്പ പറഞ്ഞു നിർത്തിയത് എന്താണെന്ന് അറിയാൻ വേണ്ടി നമ്മള് ഇടറുന്ന സ്വരത്തിൽ ചോദിച്ചു. "അ..അതൊന്നുല്ലാ നൂറോ.. ഇജ്ജ് ചെന്നാട്ടെ " ഇത് പറയുമ്പോൾ മൂത്താപ്പ കുറച്ചൊന്നു വല്ലാതെ ആവുന്നത് നമ്മള് ശ്രദ്ദിച്ചു. നമ്മള് മൂത്താപ്പക്ക് മുന്നിലൊരു മറുപടി എന്നോണം തലയാട്ടി കൊടുത്ത് റൂമിലേക്ക്‌ കയറി ചെന്നു. നമ്മൾ അറിയാതെ ഇവിടെ എന്തൊക്കെയോ നടക്കുന്നുണ്ട്. ഇത്ര തിരക്ക് പിടിച്ച് ജെസിക്കൊരു ആലോചന കൊണ്ട് വരുന്നത് എന്തിനാ?? പ്ലസ് ടു കഴിയാൻ ഇനിയുമുണ്ട് രണ്ട് മാസം. അത് കഴിഞ്ഞിട്ട് നോക്കിയാൽ മതിയായിരുന്നില്ലേ. മൂത്താപ്പാനോട് ഇപ്പൊ എന്താ പടച്ചോനെ നമ്മള് പറയാ.മുബിക്കാന്റ്റെ കാര്യമാണെങ്കിൽ ഇവിടെ അവതരിപ്പിച്ചിട്ടുമില്ല.

ഇല്ല, ഇതൊന്നും നടക്കില്ല.. നമ്മള് നടത്തിക്കില്ല.. ജെസി മുബിക്കാക്കുള്ളതാണ്, മുബിക്കാന്റ്റെയാണ്. ഇനി മുബിക്കാക്ക് മാത്രെ എന്തെങ്കിലും ചെയ്യാൻ പറ്റൂ. കാര്യങ്ങളൊക്കെ നാളെ തന്നെ മുബിക്കാനോട് പറയണം. പക്ഷെ മുബിക്ക ആദ്യമെ പറഞ്ഞതാണ്, മുബിക്കാന്റ്റെ ഉപ്പ നാട്ടിലേക്കു വരാതെ മുബിക്കാക്ക് ഒരു തീരുമാനം എടുക്കാൻ പറ്റില്ല. എന്തായാലും നാളെ ആവട്ടെ. അപ്പോഴേക്കും ജെസി റൂമിലേക്ക്‌ കയറി വന്നു. നമ്മള് ഓളോട് കാര്യങ്ങളൊക്കെ പറഞ്ഞു പറഞ്ഞു കഴിഞ്ഞതിനു ശേഷം നമ്മക്ക് തോന്നി അവളോട്‌ ഒന്നും പറയേണ്ടിയിരുന്നില്ല എന്ന്. അമ്മാതിരി കരച്ചിലാണ് പെണ്ണ്. പിന്നെ നമ്മള് പറഞ്ഞില്ലെങ്കിലും ഇവിടെ വേറെ ആരെങ്കിലും പറഞ്ഞ് ഇവൾ ഇതറിയുമല്ലോ. "ജസീ.. നീ ഇങ്ങനെ കിടന്നു കരയല്ലേടി. ഏതോ ഒരുത്തൻ ജസ്റ്റ്‌ ഒന്ന് കാണാൻ വരുന്നെന്നല്ലെ പറഞ്ഞുള്ളു.

അവനെ നിനക്ക് ഇഷ്ടപ്പെട്ടില്ലാന്ന് പറഞ്ഞാൽ പൊരെ, അല്ലെങ്കിൽ നിനക്ക് ഇപ്പോ കല്യാണം വേണ്ടാന്ന് പറഞ്ഞാൽ പൊരെ. അല്ലാതെ ഇങ്ങനെ വിഷമിച്ചിട്ടെന്താ കാര്യം. " ജെസി നമ്മളെ കെട്ടിപ്പിടിച്ചു തേങ്ങി കരയുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ല. "ജസീ..... ജെസിയെ.. കരയല്ലേടി... " "നൂറാ... മുബിക്കാ.. എനിക്ക്.. മുബിക്കാനെ... " പറഞ്ഞ് മുഴുവൻ ആകാതെ പെണ്ണ് വീണ്ടും തേങ്ങുകയാണ്. "എനിക്കറിയാം ജെസി.. മുബിക്ക ഇല്ലാതെ നിനക്ക് ജീവിക്കാൻ പറ്റില്ലെന്ന് എനിക്കറിയാം, മുബിക്കാനെ അല്ലാതെ മറ്റൊരാളെ നിനക്കിനി സ്വപ്നം കാണാൻ കഴിയില്ലെന്നും അറിയാം. അതോണ്ട് തന്നെ നീ ധൈര്യമായിരിക്ക്.. നാളെ തന്നെ മുബിക്കാനോട് കാര്യങ്ങളൊക്കെ പറയാം. മൂത്താപ്പ നിന്റെ അഭിപ്രായം ചോദിച്ചാൽ ഒന്നും നോക്കാതെ വേണ്ടാന്ന് പറഞ്ഞോളി " "അത്... അതെങ്ങനെയാ നൂറാ..ഇപ്പച്ചിയോട് ഞാൻ എങ്ങനെയാ അങ്ങനൊക്കെ പറയാ.. ഇന്നുവരെ ഒരു കാര്യത്തിന് പോലും നമ്മള് ഇപ്പച്ചിനോട് ഒരെതിരഭിപ്രായം പറഞ്ഞിട്ടില്ല, ഇപ്പച്ചിന്റെ ഇഷ്ടങ്ങൾ എനിക്ക് വേണ്ടാന്നും പറഞ്ഞിട്ടില്ല..

ആ ഞാൻ എങ്ങനെയാ ഇപ്പച്ചി ചോദിക്കുമ്പോൾ എനിക്ക് ഇഷ്ടല്ലാന്ന് പറയാ.ഒരു പക്ഷെ ഇപ്പച്ചിക്ക് ഇത് നല്ലോണം ബോധിച്ചിട്ടുണ്ടെങ്കിലോ?? ഇപ്പച്ചിനെ ഞാൻ എങ്ങനെയാ വേദനിപ്പിക്കാ... പറ നൂറാ..." "എല്ലാം നീ തന്നെ പറഞ്ഞാൽ എങ്ങനെയാ ജെസി.. അപ്പൊ മുബിക്കാനെ വേദനിപ്പിക്കണമെന്നണോ, അല്ല നിന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും മനസ്സിൽ മണ്ണിട്ടു മൂടി മൂത്താപ്പാന്റ്റെ ഇഷ്ടത്തിന് ചേരണമെന്നാണോ?? പിന്നെ മൂത്താപ്പ ഒന്നും ഉറപ്പ് പറഞ്ഞില്ലല്ലോ..ഒന്നും തീരുമാനിച്ചിട്ടുമില്ല.. ജസ്റ്റ്‌ ഒന്ന് കാണാൻ വരട്ടെന്നേ ചോദിച്ചിട്ടുള്ളു.. ഏതായാലും നീ പറഞ്ഞത് പോലെ തന്നെ മൂത്താപ്പാനെ വിഷമിപ്പിക്കാൻ നിക്കണ്ട.. അവരോട് വരാൻ പറയാം. ബാക്കി അത് കഴിഞ്ഞിട്ടല്ലേ. അതിനു മുൻപ് മുബിക്കാന്റ്റെ അഭിപ്രായം എന്താണെന്നറിയാം. ഇപ്പൊ നീ വിഷമിക്കാതിരിക്ക്.. നാളെ ആവട്ടെ" ഹൂ..ഇനി ഏതു പണ്ടാറക്കാലനാണോ ഇവളെ കാണാൻ വരുന്നത്? ഇവളുടെയൊരു മൊഞ്ചു കാരണമാ ഇപ്പൊ ഇത് സംഭവിച്ചത്.. ജെസിയെ കണ്ടിഷ്ടപ്പെട്ടന്നല്ലേ പറഞ്ഞത്..അപ്പൊ വായിനോക്കി ആയിരിക്കും.ദുഷ്ടൻ..

ഇവളെ കിട്ടിയുള്ളൂ ഇഷ്ടപ്പെടാൻ. പെട്രോൾ ഒഴിച്ച് കത്തിക്കുകയാ ചെയ്യേണ്ടത് ഓനെയെല്ലാം,പിന്നല്ലാതെ.. ഇനി ഓനോട്‌ തന്നെ പറയാം.. ജെസി ആൾറെഡി ബുക്ഡ് ആണെന്ന്. എന്നിട്ടും ഇവളെ തന്നെ വേണമെന്ന് പറഞ്ഞാൽ ഓൻക്ക് കൊടുക്കുന്ന ചായയിൽ വിഷം ചേർക്കാം. അങ്ങനെ എന്തൊക്കെയോ പ്ലാൻ ഇട്ടുകൊണ്ട് നമ്മള് നേരം വെളുപ്പിച്ചു. സ്കൂളിലേക്ക് പോവുന്ന വഴിക്ക് അനുനോട് നമ്മളെല്ലാ കഥയും പറഞ്ഞു.നമ്മക്ക് കിട്ടിയ സർപ്രൈസ് ഗിഫ്ടും ജെസിക്ക് വന്ന ഒലക്കമ്മേലെയൊരു പ്രൊപോസലും ഒക്കെ ചേർത്ത് തന്നെ പറഞ്ഞു കൊടുത്തു.ജെസിന്റ്റെ വിഷമം കണ്ട് അനുവും അവളെ ആശ്വാസിപ്പിക്കാൻ തുടങ്ങി.സ്കൂളിൽ ചെന്നിട്ട് സിനുനോടും നമ്മള് കഥയൊക്കെ പറഞ്ഞു.ആദ്യം വരുന്ന മണുകുണാഞ്ചനെ ഓടിക്കാൻ നോക്ക് എന്നിട്ട് മതി മുബിക്കാന്റ്റെ കാര്യം പ്രേസേന്റ്റ്‌ ചെയ്യൽ എന്നാണ് ഓന്റെ നിർദേശം.

വൈകുന്നേരം ഞങ്ങള് വരുന്നതും നോക്കി മുബിക്ക ബസ്‌ സ്റ്റോപ്പിനടുത്ത് തന്നെയുണ്ട്.മുബിക്കാനെ കണ്ടപ്പോൾ ജെസി വീണ്ടും കരയാൻ തുടങ്ങി.നമ്മളും അനുവും കൂടി ഒരു വിധത്തിൽ ഓളെ പറഞ്ഞ് സമദാനിപ്പിച്ച് നമ്മള് തന്നെ മുബിക്കാനോട് കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു. "അയ്യേ.. ഏതോ ഒരുത്തൻ കാണാൻ വരുന്നെന്ന് പറഞ്ഞതിനാണോ എന്റെ പെണ്ണിങ്ങനെ കരഞ്ഞു നാറ്റിക്കുന്നത്." ന്നും ചോദിച്ചോണ്ട് മുബിക്ക ജെസിയെ ചേർത്ത് പിടിച്ചു.ജെസിന്റ്റെ കരച്ചിൽ പിന്നെയും കൂടുന്നതല്ലാതെ കുറയുന്നില്ല.ഒരുവിധത്തിൽ മുബിക്ക ജെസിയെ പറഞ്ഞ് ആശ്വാസിപ്പിച്ചു. "നിങ്ങളോട് ഞാൻ ആദ്യമേ പറഞ്ഞതല്ലേ, ഉപ്പ നാട്ടിലേക്ക് വരാതെ എനിക്കൊരു തീരുമാനം എടുക്കാൻ പറ്റില്ലെന്ന്. എന്ന് കരുതി എന്റെ പെണ്ണിനെ മറ്റൊരുത്തന് വിട്ടു കൊടുക്കുമെന്നല്ലാ ഞാൻ പറഞ്ഞതിന്റെ അർത്ഥം.

ഇപ്പൊ ഞാൻ മാത്രമല്ലേ ഇവിടെ ഉള്ളു.ഉമ്മാന്റെ അവസ്ഥ ആണെങ്കിൽ നിങ്ങക്കറിയാവുന്നതല്ലേ. ഉപ്പാനോട് ഞാൻ ഇതുവരെ ഈ കാര്യത്തിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. മൂപ്പര് ആളൊരു ഗൗരവക്കാരനാണ്.പൊതുവെ ഞങ്ങളെ ഇഷ്ടങ്ങളൊന്നും അത്ര പെട്ടെന്ന് അംഗീകരിക്കാത്ത പ്രകൃതമാണ്‌ ഉപ്പാന്റെത്. അതോണ്ട് ഇവിടെ വന്നതിനു ശേഷം സമാദാനമായി ഉപ്പാനോട് എന്റെ കാര്യം അവതരിപ്പിക്കാമെന്നാ കരുതിയിട്ടുള്ളത്.കൂടെ ഷാനുന്റ്റെതും.ഉപ്പാന്റെ തീരുമാനം അറിഞ്ഞതിനു ശേഷം നിങ്ങളെ വീട്ടിൽ വന്നു ചോദിക്കാമെന്ന് വിചാരിച്ചിരിക്കുവാ.അതും ഉപ്പാനെ കൂട്ടി തന്നെ വരാനാ പ്ലാൻ.അതുവരെ മുബിക്കാക്ക് നിങ്ങള് സമയം തരണം. കൂടിപ്പോയാൽ ഒരു മാസം.അതുവരെ നിങ്ങളൊന്ന് അഡ്ജസ്റ്റ് ചെയ്യണം. " ഞങ്ങക്ക് തൃപ്തികരമായൊരു മറുപടിയല്ല മുബിക്ക തന്നത് എങ്കിലും നമ്മളതിനു സമ്മതം മൂളി. "അപ്പൊ മുബിക്കന്റെ ഉപ്പാക്ക് ഇവരെ ഇഷ്ടപ്പെട്ടില്ലെങ്കിലോ?? ഈ ബന്ധത്തിനു താല്പര്യമില്ലെങ്കിലോ?? " നമ്മളെ ഞെട്ടിച്ചു കൊണ്ടായിരുന്നു അനുന്റ്റെ ചോദ്യം.

"ഏയ്‌, അങ്ങനെയൊന്നും ഉണ്ടാവില്ല. ആർക്കാ ഇവരെ ഇഷ്ടപ്പെടാതിരിക്കുക..ഉപ്പ സമ്മതിക്കും, ഉപ്പാന്റെ സമ്മതവും വാങ്ങി ഞാൻ വരും പെട്ടെന്ന് തന്നെ.. പിന്നെ നൂറോ..ഞാൻ മാത്രമല്ല...അന്റെ ചെറുക്കനും വരുന്നുണ്ട് " മുബിക്കാക്ക് അതിനൊരു പുഞ്ചിരി നൽകി ഞങ്ങള് മടങ്ങി.വീട്ടിലേക്ക് പോകുമ്പോൾ അനു മുബിക്കാനോട് ചോദിച്ച ചോദ്യം തന്നെയാണ് എന്റെ മനസ്സിലും. മുബിക്കാന്റ്റെ ഉപ്പ ഒരെതിരഭിപ്രായം പറഞ്ഞാലോ?? മുബിക്കാ...? ജെസി...? പടച്ചോനെ എല്ലാം ശെരിയാക്കി തരണേ.എന്റെ ജെസിയെ നീ വേദനിപ്പിക്കല്ലെ നാഥാ.. മുബിക്ക പറഞ്ഞ തീരുമാനത്തിന്റെ ബലത്തിൽ ഇനിയെന്ത് തന്നെയായാലും വരുന്നിടത്തു വെച്ച് കാണാംന്ന് പറഞ്ഞ് അനുവും ഞങ്ങളും പിരിഞ്ഞു.വീടിന്റെ ഗേറ്റ് തുറക്കുമ്പോൾ തന്നെ പരിചയമില്ലാത്തോരു വണ്ടി പുറത്ത് കിടപ്പുണ്ട്.ഇനി ആ ശവങ്ങളൊക്കെ ഇന്ന് തന്നെ കെട്ടിയെടുത്തോന്നും ചിന്തിച്ചോണ്ട് നമ്മളും ജെസിയും അകത്തേക്ക് കയറി.

ഹാളിൽ നിന്ന് നമ്മക്ക് പരിചയം ഇല്ലാത്ത ഒരു പുരുഷ ശബ്‌ദം ഉയരുന്നുണ്ട്.നമ്മള് തെല്ലൊരു ഭയത്തോടെ മറഞ്ഞു നിന്ന് നോക്കി.ഉപ്പച്ചിയും മൂത്താപ്പയും അല്ലാതെ ഉപ്പച്ചിനോളം പ്രായം തോന്നിക്കുന്ന വേറെ ഒരാളും കൂടിയുണ്ട്.അതും കോട്ടും സൂട്ടുമൊക്കെ ഇട്ടൊരു പുതിയ അവതാരം.ജെസിനെ റൂമിലേക്ക്‌ പറഞ്ഞയച്ചു നമ്മള് അടുക്കളയിലേക്ക് ചെന്നു. "ആരാ മൂത്തുമ്മ അത്?? " "ഓ..അതോ,അതാ നിന്റെ മൂത്താപ്പാന്റ്റെ ബോസ്സ് " അപ്പൊ അയാള് വന്നത് നമ്മക്ക് മാത്രമല്ല മൂത്തുമ്മാക്കും ഇഷ്ടപ്പെട്ടിട്ടില്ല. "എന്തിനാ അയാള് വന്നത്?? കാശിന്റെ കാര്യം ചോദിച്ചാണോ..? " "ഇതുവരെ കാശിന്റെ കാര്യം ചോദിച്ചോണ്ടിരുന്നതാ.. പക്ഷെ ഇപ്പൊ കുറച്ചു ദിവസായി അതല്ല കാര്യം " "പിന്നെയെന്താ..? " "അപ്പൊ ഇജ്ജ് ഒന്നും അറിഞ്ഞില്ലേ നൂറാ..ഇയാളുടെ മോനാ ജെസിയെ ചോദിച്ചത്.. ഇപ്പൊ വന്നത് അത് സംസാരിക്കാനാ" ഓഹോ..അപ്പൊ അതൊക്കെയാണ്‌ കാര്യം.വെറുതെ അല്ല ഇത്ര തിരക്ക് പിടിച്ച് ഇവിടെ കാര്യങ്ങളൊക്കെ നീങ്ങുന്നത്.

അപ്പൊ മൂത്താപ്പ ഇന്നലെ പക്ഷെ വച്ച് നിർത്തിയത് ഇതിനായിരുന്നുല്ലേ.. "മൂത്തുമ്മാ..അപ്പൊ മൂത്താപ്പാക്ക് ഇയാളെ കുറിച്ച് അത്ര നല്ല അഭിപ്രായം ആയിരുന്നില്ലല്ലൊ.പിന്നെ ഇപ്പൊ എന്തു പറ്റി..? " "ഹാ.. അതിപ്പോഴും അങ്ങനെയൊക്കെ തന്നെയാ . പക്ഷെ ഇയാൾടെ മകൻ ആള് നല്ലൊരുത്തനാണെന്നാ മൂത്താപ്പ പറയുന്നേ.അവന് ജെസിയെ അത്രക്കും ഇഷ്ടപ്പെട്ടു പോയീന്ന്..ഓന്റെ നിർബന്ധം കൊണ്ട് മാത്രാ ഇയാളിവിടെ വന്നേന്ന്..മകന്റെ ഒരാഗ്രഹത്തിനു പോലും എതിര് നിൽക്കാത്ത ആളാണ് പോലും.അവന്റെ വിനയവും ബഹുമാനമൊക്കെ കണ്ട് മൂത്താപ്പാക്ക് അവനെ നല്ലോണം ബോധിച്ചുട്ടുണ്ട്." "അപ്പൊ ഇങ്ങക്കോ" "ഞാൻ കണ്ടില്ലല്ലൊ മോളെ പയ്യനെ..ഇയാളെ ഇനിക്ക് പണ്ടേ അലർജി ആണ്.പിന്നെ ചെക്കന്റെ സ്വഭാവം നല്ലത് ആണെങ്കിൽ...? ജെസിന്റ്റെ അഭിപ്രായം അറിഞ്ഞിട്ട്... ആ നൂറാ..പിന്നെ നാളെ ഉച്ച കഴിഞ്ഞ് ചെറുക്കൻ വരുന്നുണ്ട് ജെസിയെ കാണാൻ.. അവനല്ലേ കണ്ടുള്ളൂ. ജെസിക്കും കൂടി കാണണ്ടേ..?" അധികമൊന്നും കേൾക്കാൻ

പിന്നെ നമ്മളവിടെ നിന്നില്ല.റൂമിൽ പോയി ജെസിയോട് കാര്യങ്ങളൊക്കെ പറഞ്ഞു.അവള് തുടങ്ങി വീണ്ടും കരയാൻ.കാര്യങ്ങളൊക്കെ കൈ വിട്ടു പോകുകയാണല്ലൊ അല്ലാഹ്..മൂത്താപ്പ ഏകദേശം എല്ലാം ഉറപ്പിച്ച മട്ടാണെന്ന് തോന്നുന്നു.എന്നാലും അയാളുമായൊരു ബന്ധം നമുക്ക് വേണ്ടായിരുന്നു.മൂത്താപ്പക്ക് അത് ചിന്തിക്കാമായിരുന്നു.പിന്നെ നല്ലൊരു ആലോചന വന്നാൽ ഏതു ഉപ്പയും ചെയ്യുന്നതേ മൂത്താപ്പയും ചെയ്തുള്ളു.തെറ്റ് നമ്മളെ ഭാഗത്തുമുണ്ട്.മുബിക്കാന്റ്റെ കാര്യം നമ്മളിവിടെ അവതരിപ്പിക്കണമായിരുന്നു. ഇനി വരുന്ന തെണ്ടിക്ക് എന്ത് പണി കൊടുക്കാമെന്നായിരുന്നു പിന്നീടുള്ള നമ്മളെ ചിന്ത.അവനെ എന്തെങ്കിലും പറഞ്ഞു വിരട്ടി ഓടിച്ചാലെ ജെസിന്റ്റെ ബാക്കി കാര്യം സക്സസ്സ് ആവുകയുള്ളു.മൂത്താപ്പാനോട് തന്നെ പറഞ്ഞാലോ വേണ്ടാന്ന്.കാരണം ചോദിച്ചാൽ എന്ത് പറയും.പിന്നെ നമ്മളെ അഭിപ്രായം അല്ലല്ലോ പ്രധാനം.

ജെസിന്റ്റെയല്ലേ.അവളാണെങ്കിൽ മൂത്താപ്പന്റ്റെ ഇഷ്ടത്തിന് എതിരായി ഒരു വാക്ക് പോലും മിണ്ടില്ല.അവളുടെ ജീവനും ജീവിതവും നഷ്ടപ്പെടുന്ന കാര്യമാണെങ്കിൽ പോലും അവളൊരു വാക്ക് മൂത്താപ്പനെ എതിർത്തു പറയില്ല, ഒരു വാക്ക് കൊണ്ട് പോലും അവളാരെയും വേദനിപ്പിക്കില്ല.അതോണ്ട് നമ്മള് തന്നെ എന്തെങ്കിലും ചെയ്തേ പറ്റൂ.ഒരു ഐഡിയക്ക് വേണ്ടി തലങ്ങും വിലങ്ങും ആലോചിച്ചു. അവസാനം ഒന്നും കിട്ടാതെ ആവുമ്പോൾ നമ്മള് കിടന്നുറങ്ങി. ഉച്ച ആവുന്നതിനു മുന്നേ മൂത്താപ്പയും മൂത്തുമ്മയും എന്തിന് നമ്മളെ ഉമ്മച്ചി വരെ ജെസിയോട് ഒരുങ്ങി നിൽക്കാൻ പറഞ്ഞു.നമ്മളവളെ ഒരുങ്ങാൻ ഒന്നും സമ്മതിച്ചില്ല.അവൾക്ക് താല്പര്യം ഇല്ലെങ്കിൽ പിന്നെ എന്തിനാ?? നമ്മളും ജെസിയും വാലിന് തീ പിടിച്ച പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി. താഴെ ഒരു കാർ വന്നു നിർത്തുന്ന ശബ്‌ദം കേട്ട് നമ്മള് ജനലിലൂടെ താഴേക്ക് നോക്കി.കാറിൽ നിന്നിറങ്ങിയ ആൾരൂപത്തെ കണ്ട് നമ്മളെ ശ്വാസം നിലച്ചു പോയി..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story