💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 2

khalbil nee mathram

രചന: ഷംസീന ഫിറോസ്

 അങ്ങനെ മ്മടെ ജൂനിയർസിനെയും കാത്ത് മ്മളൊക്കെ എൻട്രി പൊസിഷനിൽ നിക്കാണ്.ലോഡ് കണക്കിന് കുട്ട്യോളാണ് ഗേറ്റ് കടന്നു വരണത്.പടച്ചോനെ,ഇതിങ്ങളെയൊക്കെ ചോദ്യം ചെയ്ത് വരുമ്പോഴേക്കും മ്മളൊന്ന് ക്ഷീണിക്കും.ബോയ്സും ഗേൾസുമായി ആകെക്കൂടെ മൊഞ്ചൻമാരും മൊഞ്ചത്തികളുമായിട്ടാണ് എല്ലാത്തിന്റെയും വരവ്.മ്മടെ നിർത്തം കണ്ട് അസ്‌ന മ്മക്കിട്ട് താങ്ങാണ്. "എന്തേയ് പറ്റി നൂറാ,ഇയ്യ് വന്ന കാര്യം മറന്നേക്ക്ണ" മ്മളൊന്ന് ഓളെ നോക്കി പുച്ഛിച്ച് സിനുൻറെ മോന്തക്കാണ് നോക്കിയത്.ഓനെന്തോ ഗാഡമായ ചിന്തയിലാണ്.മ്മളൊന്ന് ചൊമച്ചിട്ട്: "ഇയ്യ് എന്താ ചിന്തിക്കണത്.അനക്ക് ന്താപ്പോ അത്രയ്ക്കും ഓർത്തെടുക്കാനുള്ളതു" "അല്ല നൂറോ,അസ്സമ്പിളിക്ക് പോണെ പോലെയാ എല്ലാം പോകണത്.പോരാത്തതിന് മൊത്തത്തിൽ കളർഫുൾ പെൺകുട്ട്യോളും.ഇതിൽ ആരെയാ ഇപ്പൊ സെലക്ട്‌ ചെയ്യാന്ന് ആകെക്കൂടെ മ്മക്കൊരു കൺഫ്യൂഷൻ." "ഡാ തെണ്ടി.അന്നെ വായിനോക്കാനല്ല ഇവിടെ നിർത്തിയെക്കണത്.അന്റെ മറ്റേടത്തെ സ്വഭാവം കാട്ടിയാൽ അന്നെ ഞാൻ ചവിട്ടിക്കൊല്ലുടാ" "നൂറ,ഇയ്യ് ഒന്നടങ്ങിയെ.പത്തു മണിക്ക് ക്ലാസ്സിൽ കേറാനുള്ളതാ.എന്തേലും കാട്ടാനുണ്ടേൽ പെട്ടന്നാവട്ടെട്ടോ" അനുവാണ്.

ഓൾടെ വർത്താനം കേട്ടാണ് മ്മള് വാച്ചിലേക്ക് നോക്കണത്.സമയം ഒമ്പതര ആവാറായെക്കണ്.മ്മള് ജൂനിയർസിനെ ഒക്കെ നിരീക്ഷിക്കയാണ്.അവറ്റകളൊക്കെ ഗേറ്റ് കടന്നു വരണത് തന്നെ ഭയങ്കര ബഹുമാനത്തോടും വിനയത്തോടും കൂടിയാണ്.എല്ലാത്തിന്റെയും മോത്തേക്കാണ് മ്മടെ നോട്ടം.പാവം പിടിച്ച കുട്ട്യോളെ തോണ്ടാതിരിക്കണതാണ് മ്മക്ക് നല്ലത്.അപ്പൊഴാണ് ഗേറ്റ്ൻറെ അവിടുന്ന് രണ്ട് പെൺകുട്ട്യോള് ഒരു ചെക്കനോട് സംസാരിച്ചോണ്ട് വരണത് മ്മള് കണ്ടത്.രണ്ടും എക്സ്ട്രാ ഓർഡിനറി ഡീസന്റ് ആണെന്ന് അവറ്റകൾടെ മോന്ത കണ്ടപ്പഴെ മ്മക്ക് ഒറപ്പായി. "സിനു,ഇയ്യ് അങ്ങോട്ടേക്ക് നോക്കിയേ.പിടിച്ചോട്ടാ.അവര് മതി മ്മക്ക്." "നൂറ,നല്ല ഓഞ്ഞ ലുക്ക്‌ ആണ്ട്ടോ രണ്ടെണ്ണത്തിനും." "അവറ്റകൾടെ മോന്ത നോക്കിയാട്ടേ,ഉള്ള വെയിറ്റ് വാഷും മുറുക്കാനുമൊക്കെ മൊത്തത്തിൽ പൂശിട്ടുള്ള വരവാണ്.ഇന്നിനി ഓൾടെ നിക്കാഹ് വല്ലതുമാണോ ഇവിടെ നടക്കാൻ പോണത്." ഇത് മ്മടെ അസ്‌നാൻറെ കമന്റ്‌ ആണ്. അപ്പോഴാ മ്മളും ശെരിക്കൊന്ന് ശ്രദ്ധിക്കണത്.

"യാ റബ്ബേ... ന്തോരം മേക്കപ്പ് ആണ് മോത്തേക്ക് തേച്ചേക്കണത്.ചീ.. വൃത്തികേട്.പെൺകുട്ട്യോൾടെ പേര് കളയാൻ." "നൂറ,നീ അതിനു പെണ്ണാണോ.നിനക്കതിലൊന്നും താല്പര്യമില്ലെങ്കിൽ വേണ്ടാ.അവര് യൂസ് ചെയ്തോട്ടേ.അതിനു നിനക്കെന്താ.അതിലൊന്നും നമ്മള് ഇടപെടണ്ട.അതൊക്കെ അവരുടെ ഇഷ്ടാണ്." ഇത് മ്മടെ അഖിലിന്റെ വർത്താനാണ്. മ്മക്കാണേൽ ഇത് കേട്ട് ആകെ ദേഷ്യം കേറി. "ന്തോ??എങ്ങനെ??അനക്കെന്താ കണ്ടപ്പോ തന്നെ അവറ്റകളെ അങ്ങട്ട് ബോധിച്ചോ.?" "ന്റെ നൂറാ,ഞാൻ കാര്യം പറഞ്ഞതാ" "അങ്ങനെ നിയിപ്പോ കാര്യം പറയണ്ട.സിനു,ഇയ്യ് വിളിച്ചാട്ടേ അവരെ.അവര് തന്നെ മതി നമ്മക്ക്" അപ്പോഴേക്കും അവര് മ്മടെ മുന്നിലൂടെ പാസ്സാവാണ്.സിനു അവരെ കൈകൊട്ടി ശബ്‌ദം ഉണ്ടാക്കി വിളിച്ചു.ആദ്യം അവര് കേൾക്കാത്ത ഭാവത്തിൽ സ്കൂട്ടാവാണ്.മ്മള് വിടുവോ.പിന്നെയും സിനു വിളിക്കാണ്: "ഏയ് ഇങ്ങോട്ടെക്കൊന്ന് വന്നേ" അവരവിടെ നിന്ന് ഓലെയാണോ മ്മള് വിളിക്കണത് എന്ന മട്ടിൽ മ്മളെ മാറി മാറി നോക്കാണ്. "ന്താടീ നോക്കണത്??ഇങ്ങളെ തന്നെയാണ്.ഇങ്ങോട്ടൊന്നു വന്നേ രണ്ടുപേരും" മ്മളാണ് ട്ടോ. അവറ്റകള് കൂടെയുണ്ടാർന്ന ചെക്കനെ നോക്കീട്ട് നമ്മളുടെ അടുത്തേക് വരാണ്.അപ്പോളാണ് അസ്‌നാൻറെ ഓർഡർ.

"ടാ ചെർക്കാ അന്നെയും കൂടിയാ വിളിച്ചെ" പടച്ചോനെ!!ഓള് ഇതെന്തിനുള്ള പുറപ്പാടാ എന്ന ഭാവത്തിൽ മ്മള് ഓളെ നോക്കി നിക്കാണ്.ഇവക്ക് ഇത്രേക്കെ ധൈര്യം ഉണ്ടാർന്നുന്ന് മ്മള് അറിയാതെ പോയല്ലോ. ആ പെൺകുട്ട്യോള് മ്മടെ മുന്നിൽ വന്നു നിന്ന് മ്മളെ ആറാളെയും മാറി മാറി നോക്കാണ്.ആ ചെർക്കനാണേൽ അസ്‌നനെ തന്നെ നോക്കാണ്.ഇങ്ങനെ നിന്നാൽ ശെരിയാവൂലാന്ന് തോന്നിയോണ്ട് മ്മളെന്നെ തുടങ്ങി. "ന്താടീ അന്റെ പേര് " ഒരുത്തിടെ മോത്തേക്ക് നോക്കി മ്മള് ചോദിച്ചു. ഓള് കേൾക്കാത്ത ഭാവത്തിൽ മാനത്തേക്ക് നോക്കി നിക്കാണ്.എന്തൊരു ജാഡയാണ് റബ്ബേ ഓൾക്ക്.കുട്ട്യോളെല്ലം നല്ലോണം ഡെവലപ്പ് ആയേക്കണ്. മ്മള് നല്ല കട്ട കലിപ്പിൽ ഓളെ പിടിച്ച് ഒന്ന് തള്ളീട്ട് "ന്താടീ അന്റെ വായിൽ നാക്കില്ലെന്ന്" ചോദിച്ചപ്പോ ഓൾ ഒന്ന് പേടിച്ചു.പേടിച്ചോ??ഇനി മ്മക്ക് തോന്നിയതാണോ??അല്ല,പേടിച്ചിട്ടുണ്ട്.

ഓൾടെ കൂടെയുള്ളവൾ ഓൾടെ കയ്യിൽ മുറുക്കി പിടിച്ചോണ്ട് പേര് പറയെടീ ഫസിന്നൊക്കെ പറയുന്നുണ്ട്.ഇപ്പൊ നമ്മക്ക് ഓളെ പേരെന്താണെന്ന് അറിഞ്ഞു.എന്നാലും അത് ഓൾടെ വായിൽന്ന് കേക്കണ സുഖം ഒന്ന് വേറെന്നെ ആണെ. ഓൾ മ്മടെ മോത്തേക്ക് നോക്കി ഫസ്‌ന എന്ന് പറഞ്ഞു.ഹോ!!ഓൾടെ ഒരു ഹുങ്ക്.ഇതൊക്കെ കണ്ടിട്ട് സിനുന് ദേഷ്യം വന്നിട്ടുണ്ടെന്നു ഓന്റെ മോന്ത കണ്ടാലറിയാം.ഓൻ മ്മടെ അടുത്ത് വന്നിട്ട് ഓൾടെ കൂടെയുണ്ടാർന്ന പെണ്ണിനോട് കലിപ്പിൽ ചോദിച്ചു: "അന്റെയോ??" ഓളാണെങ്കിൽ ചോദിക്കണ്ട താമസം ഓൾടെ പേര് പറഞ്ഞു കൊടുത്തു.ഇവളാള് കൊഴപ്പൂല്ലാത്ത മൊതലാണ്.മറ്റവളാണ് അഹങ്കാരി. "എന്താടീ പേര് ചോദിക്കുമ്പൊ അനക്ക് പറയാനിത്ര മടി.അന്റെ വായിൽ എന്താ സ്വർണപ്പല്ലുണ്ടോ?കൊഴിഞ്ഞു പോവൂന്ന് കരുതീട്ടാ" സിനുവാണ്. "ഇങ്ങളോട് ഒക്കെ പേര് പറയണ്ട ആവശ്യോന്നും എനിക്കില്ല."

ആ അഹങ്കാരം പിടിച്ച കൊരങ്ങത്തിയാണ് ഇത് പറഞ്ഞത്. "ടീ അന്റെ വെളച്ചിൽ കൊറച്ചോ.ഇത് സ്ഥലം വേറെയാണ്.മോള് കളിക്കാൻ നിക്കല്ലേ" പിന്നെയും സിനുവാണ്. അല്ലേലും അഖിലും അജുവും ഇങ്ങനെയുള്ള സാഹചര്യത്തിൽ വാ തുറക്കൂലല്ലോ. "നിക്കുഡോ, ഇയ്യ് എന്താ എന്നെ ചെയ്യാ?? ഈ കോളേജ് എന്താ നിന്റെ സ്വന്താണോ??" വീണ്ടും ആ രാക്ഷസിയാണ്. ഓൾടെ വർത്താനം കേട്ട് മ്മക്ക് പെരുവിരലിൽ തൊട്ട് അങ്ങട്ടേക്ക് അരിച്ചു കയറി.എന്താ ഓൾടെ ഭാവം.ഫാഷൻ ഷോ ക്ക് ഇറങ്ങീതാന്നാ വിചാരം.മ്മള് സീനിയർസ് ആണെന്ന തോന്നൽ വരെ ഓൾക്കില്ല.എന്തായാലും നമ്മളെ പോലെ തന്റേടിയാണ്.ആ സ്വഭാവം നമ്മക്കിഷ്ടപ്പെട്ടെങ്കിലും അത് മ്മൾടെ അടുത്ത് കാട്ടിയത് മ്മക്ക് തീരെ പിടിച്ചില്ല.മ്മള് സിനുനോട് അങ്ങട്ട് മാറി നിൽക്കാൻ പറഞ്ഞു.ഓൾടെ കൂടെയുള്ളോളാണെങ്കിൽ വേണ്ട ഫസി,പൂവാം ഫസിന്നൊക്കെ പറയണുണ്ട്.ആ ചെക്കനാണേൽ ഇപ്പോളും അസ്‌നാനെ നോക്കി നിൽക്കാണ്.ഇതെന്താപ്പോ കഥ.ഇനി ഓൻക്ക് സീനിയർസിനെ കൊത്താനുള്ള വല്ല പരിപാടിയും ഉണ്ടോ പടച്ചോനെ!! മ്മള് മെല്ലെ ആ പെണ്ണിന്റെ അടുത്തേക്ക് നിന്നിട്ട്:

"അനക്കെന്താ ഒരു പേടിയും ബഹുമാനോന്നുല്ലാത്തേ.നീ ആരാന്നാ അന്റെ വിചാരം.നമ്മളുടെ അടുത്ത് കളിച്ചിട്ട് ഇവിടന്നങ്ങട്ട് വിലസാന്ന് ഇയ്യ് കരുതണ്ട മോളെ. മ്മളെ നിനക്കറിയില്ല." "ആ അതെ.ഇൻക്ക് നിന്നെ അറിയില്ല.ഇനി അറിയോ വേണ്ടാ.ഒന്ന് മാറി നിന്നെ.മ്മക്ക് പോണം." പിന്നെയും ആ കൊരങ്ങത്തി മ്മക്ക് നേരെ കളിക്കാണ്. എന്നിട്ട് ഓള് പോകാൻ ഒരുങ്ങാണ്.മ്മള് നിക്കെടീന്നും പറഞ്ഞ് അലറണ്ട താമസം ഓൾടെ കൂടെയുള്ളോള് ഓളോട് നിക്കാൻ പറയാണ്.രണ്ടും കൂടി പിന്നേം അവടെ നിന്നു.മ്മള് ഓൾടെ കൂടെയുള്ള പെണ്ണിനോട് ചോദിച്ചു: "ഇയ്യ് കുടിക്കാൻ വെള്ളം കൊണ്ട് വന്നിട്ടുണ്ടോ?" ഓൾ പേടിച്ചോണ്ട് പറയാണ്: "അ...അത് ഇന്ന് ഫസ്റ്റ് ഡേ... ഡേ ആയോണ്ട്.... ഉ.. ഉച്ചക്ക് വിടണോണ്ട്...കൊണ്ടന്നിട്ടില്ല." മ്മള് ഓളടുത്ത്:"ഹാ.ഓക്കേ, ഓക്കേ" ന്ന് പറയുമ്പോ മറ്റോൾ മ്മളെ എന്താണെന്ന ഭാവത്തിൽ നോക്കി കണ്ണുരുട്ടാണ്.മ്മള് തിരിഞ്ഞ് നിന്ന്: "അനുവേ,അന്റെ വാട്ടർ ബോട്ടിൽ ഒന്നിങ്ങട്ടെടുത്തെ"

അനു എന്തിനാണെന്ന് ചോദിക്കാൻ വാ തൊറക്കുമ്പൊഴേക്കും അസ്‌ന മ്മക്ക് ഓൾടെ ബോട്ടിൽ എടുത്തു തരാണ്.മ്മടെ റിയൽസും ആ രണ്ട് കോന്തത്തികളും കൂടെയുള്ള കോന്തനും മ്മളെ നോക്കി നിക്കാണ്.മ്മളാ ബോട്ടിൽ ആ അഹങ്കാരിടെ നേർക്ക് നീട്ടിക്കൊണ്ട് പതിയെ പറഞ്ഞു: "മോളെ,ഇയ്യ് ഒന്ന് മുഖം കഴുകിയാട്ടെ. ആ ഇട്ടിരിക്കണ മേക്കപ്പിന്റെ മേലാണ് അന്റെ അഹങ്കാരോങ്കിൽ അതൊന്നു കൊറയട്ടെ.അത് കൊറച്ചിട്ട് ഇയ്യ് ക്ലാസ്സിൽക്ക് പോയാ മതി." ഇപ്പൊ ഓള് കൊറച്ചു പേടിച്ചിട്ടുണ്ട്.ആ രൂക്ഷമായ നോട്ടം മാറിയിട്ടുണ്ട്.പിന്നെയും ഓള് മ്മളെ നോക്കിക്കൊണ്ട് കുറച്ച് ഗൗരവത്തോടെ തന്നെ ഇല്ലെന്ന് പറഞ്ഞു.എന്റെ മുഖം കഴുകിക്കിലാണോ അന്റെ പണീംന്നും കൂടെ ചോദിച്ചു. എവടെ??ഇവള് പുലിയാണ്.എന്നാലും ഈ നൂറന്റെ അത്രത്തോളം വരണ്ടാട്ടോ. "ഇന്റെ പണി എന്താണെന്നൊക്കെ നീ പതിയെ അറിഞ്ഞോളും. ഇയ്യിപ്പോ ഞാൻ പറഞ്ഞത് ചെയ്തോളി.ഇല്ലേൽ ഇവിടുന്നൊരടി നീ മുന്നോട്ട് പോവൂല."

അപ്പോഴേക്കും സിനുവും അഖിയും അസ്‌നയും അനുവും അവരുടെ ചുറ്റും റൗണ്ട് അടിച്ചു നിന്നു.ഇപ്പൊ ഓള് ശെരിക്കും പേടിച്ചിട്ടുണ്ട്.മറ്റോളാണെങ്കിൽ ആകെ പേടിച്ച് കരച്ചിലിന്റെ വക്കോളമെത്തിട്ടുണ്ട്.ആ ചെക്കനാണേൽ മ്മളെ നോക്കി ഇളിക്കാണ്.മ്മള് ഓനെ നോക്കി പുരികം പൊക്കി എന്തെന്ന് ചോദിക്കുമ്പൊഴ് ഓൻ താഴേക്കു നോക്കാണ്.അപ്പൊ ഓനും ആളൊരു പേടിത്തൊണ്ടനാണ് .മ്മളെ മട്ടും ഭാവവുമൊക്കെ കണ്ടിട്ട് ആ മൂന്നെണ്ണവും നന്നായി പേടിച്ചിട്ടുണ്ടെന്നു മ്മക്ക് മനസിലായി. ആ ചെക്കൻ ആ അഹങ്കാരിയോട് പറയാണ്: "ഫസീ,ഓല് പറഞ്ഞതെന്താന്ന് വെച്ചാ ഇയ്യ് ഒന്ന് ചെയ്യെടീ.ഫസ്റ്റ് ഡേ ന്നെ ഇയ്യ് കൊളാക്കല്ലേ.അന്നോട് ഞാൻ ആദ്യേ പറഞ്ഞതാ,അന്റെ ആ നീളമുള്ള നാക്ക് ഇവിടെ കാണിക്കരുതെന്ന്. ഇപ്പൊന്തായി.സീനിയർസിനെ കടക്കാണ്ട് മ്മക്ക് ക്ലാസ്സിൽ കേറാനാവൂലെടീ." അപ്പൊ മറ്റവള്:"അതേടി ഫസി.എനിക്ക് പേടിയാവണ് ണ്ട്.ഒന്ന് മുഖം കഴുകാനല്ലെ പറഞ്ഞുള്ളൂ.ഇയ്യ് ഒന്ന് സമ്മതിച്ചേക്ക്. ചെയ്തേര് ഫസിയെ."

ഇപ്പൊ ആ അഹങ്കാരി മ്മളെ നോക്കാണ്.ഓളെ കണ്ണൊക്കെ നിറഞ്ഞ് വരുന്നത് മ്മള് കണ്ടു.എന്നാലും വേണ്ടില്ല.ഓൾടെ അഹങ്കാരമൊന്നങ്ങട്ട് കൊറയട്ടെ. മ്മള് പിന്നെയും ബോട്ടിൽ ഓൾക്ക് നീട്ടി. "ന്നാണ്ടീ വാങ്ങിക്ക്. അന്റെ മുഖമൊന്നു കഴുകാനല്ലെ മ്മള് പറഞ്ഞുള്ളൂ. അന്റെ ഒറിജിനൽ രൂപം മ്മളൊക്കെ ഒന്ന് കാണട്ടെ ന്നും പറഞ്ഞു മ്മളൊരു കൂട്ടചിരിയായിരുന്നു.ഓള് മടിച്ചു മടിച്ചു മ്മടെ കയ്യീന്ന് ബോട്ടിൽ വാങ്ങിച്ച് കയ്യിലുണ്ടാർന്ന കർച്ചിഫ് മറ്റോളുടെ കയ്യിൽ കൊടുത്തു.മ്മളാണെങ്കിൽ അപ്പ്‌ അപ്പ്‌ എന്നും പറഞ്ഞോണ്ട് ഓളെ പ്രോത്സാഹിപ്പിക്കാണ്. മ്മളെ ശബ്‌ദം കേട്ട് മ്മടെ ക്ലാസ്സിലെ കൊർച് പേരും മ്മക്ക് ചുറ്റും കൂടിയേക്കാണ്,ഇവിടിപ്പോ ന്താ സംഭവോന്നറിയാൻ വേണ്ടി.ഓളാണെങ്കിൽ ചുറ്റുമൊന്ന് നോക്കി മനസ്സില്ല മനസ്സോടെ താഴോട്ടു നോക്കി നിന്ന് ആ പുണ്യ കർമം അങ്ങട്ട് നിർവഹിച്ചു.ഓൾ ഓൾടെ മുഖം കഴുകിയെക്കണ്.മ്മക്ക് സന്തോഷായി,സമാദാനായി.പടച്ചോനെ!! അപ്പോൾത്തേ മ്മടെ ഫീലിംഗ്സ് ഒന്ന് പറഞ്ഞറിയിക്കാൻ വയ്യാട്ടോ.മ്മള് സകല ശക്തിയുമെടുത്ത് ഒരു വിസിലങ്ങട്ട് കാച്ചി.

ബാക്കി അഞ്ചുപേരും മ്മളെ കൈകൊട്ടി പ്രോത്സാഹിപ്പിക്കാണ് വിസിൽ അടിക്കാൻ.ബാക്കിയുള്ളോർക്കൊക്കെ ഈ നൂറയെ നല്ലോണം അറിയണോണ്ടാവും മ്മളെ പ്രത്യേകിച്ച് ഒന്ന് നോക്കാത്തതു.ഇവിടെ ആ പെണ്ണാണേൽ മുഖവും കഴുകി ബോട്ടിൽ നമ്മക്ക് നേരെ നീട്ടാണ്. "ടീ വൃത്തിയായിട്ടില്ലെടീ,ഒന്നുടെ.ഒന്നുടെ കഴുകിക്കോട്ടാ.വെള്ളം തീർന്നാലെ അന്നെ ഓൾ ഒന്നും പറയൂലാട്ടോ.അതോണ്ട് മോള് അങ്ങട്ട് നല്ലോണത്തിൽ കഴുകിക്കോ" ന്നും പറഞ്ഞു മ്മള് ബോട്ടിൽ ഓൾക്ക് നേരെന്നെ നീട്ടി.അപ്പോഴേക്കും ഓളെ കണ്ണൊക്കെ ചുവന്ന് നിറഞ്ഞിരുന്നു.പഠിക്കട്ടെ, മ്മളെ അടുത്താണോ ഓളെ കളി.പിന്നെയും മ്മള് പറഞ്ഞപോലെന്നെ ഓള് ചെയ്തു.ചുറ്റും കൂടിയ സീനിയർസ്,അതായത് മ്മടെ ചങ്ങായിമാരിൽ ചിലരൊക്കെ മതി നൂറാന്നും മറ്റു ചിലർ അപ്പ്‌ അപ്പ്‌ നൂറാന്നും വിളിച്ചു കൂവണ് ണ്ട്.ഈ പെണ്ണാണെങ്കിൽ കിടന്ന് കരയാണ്.മ്മള് ഇതൊന്നും ചെവി കൊടുക്കാതെ ഓളടുത്ത്ന്ന്‌ ബോട്ടിലും വാങ്ങി പറഞ്ഞു: "ടീ ഇപ്പൊ അനക്ക് മനസ്സിലായോ.മ്മളാരാണെന്നും എന്താണെന്നും.ഓൾടെ പേര് ചോയ്ക്കുമ്പോൾ എന്തൊരു ജാഡയാർന്നു.ഇപ്പൊ എവിടെപ്പോയെടി അതൊക്കെ.പിന്നെ,മേക്കപ്പ് ഇല്ലാത്ത കോലോന്നെയാ അനക്ക് ചേരണതു.ചേരണതു മാത്രല്ല,അനക്ക് നല്ലതും ഇതാണ്.ഇങ്ങനെയും ഇയ്യ് മൊഞ്ചത്തിയാണ്ട്ട്ടോ"

"നൂറ, മതിയെടി.അവൾക്കുള്ളതു നീ കൊടുത്തു കഴിഞ്ഞല്ലോ.മതി" അഖിയാണ്. സംഭവം ഓൾടെ കരച്ചിൽ കണ്ട് ചെക്കൻ ആകെ വല്ലാണ്ടായെക്കാണ്.മ്മള് സിനുനെ നോക്കി. ഓനും മതിയെന്ന് കണ്ണൊണ്ട് ആങ്ങിയം കാണിച്ചു. "ഹാ.എന്നാ ഇനി ഇയ്യ് പൊയ്ക്കോ മോളെ.മറക്കരുത് ട്ടാ മ്മളെ. മ്മള് ഇവിടൊക്കെ തന്നെ കാണും.വല്ലപ്പോഴുമൊക്കെ കണ്ടാലൊന്ന്‌ മൈൻഡ് ചെയ്തേക്കണെ." ഇപ്പൊ ആ കുരുപ്പ് മ്മടെ മോത്തേക്ക് തന്നെ നോക്കുന്നുണ്ട്.കരഞ്ഞു കലങ്ങിയ ആ കണ്ണുകളിൽ ഇപ്പോൾ പേടിയോ സങ്കടമോ ഇല്ല.പകരം എന്നോടുള്ള ദേഷ്യമാണ്‌. ഓൾടെ നോട്ടം കണ്ട് മ്മളൊന്നു വല്ലാതായി.ഇനി വല്ല പ്രതികാരത്തിനും വരുവോ ഓള്?അള്ളോഹ്!! ഇനി കൊറേ ആങ്ങളമാർ ഉള്ള മൊതലാവുമോ ഇത്??ഹേയ്,അങ്ങനെയാണെൽ തന്നെ ഈ നൂറക്കെന്ത്‌.പിന്നെ, എന്തായാലും പെണ്ണല്ലേ വർഗം!! "ടീ മതിയെടി നോക്കിപ്പെടിപ്പിച്ചേ.സ്ഥലം കാലിയാക്കാൻ നോക്ക്.അല്ലേൽ അടുത്ത പണിയും അനക്കിട്ട് തന്നെയായിരിക്കും."

മ്മള് അത്ര പറയുമ്പോഴേക്കും ഓൾടെ കൂടെയുള്ളോൾ ഓളെ വലിച്ചോണ്ട് പോയി.ആ ചെക്കൻ ഓലെ കൂടെ പോവാൻ തിരിഞ്ഞതും മ്മളൊന്ന് വിളിച്ചു. "ഡാാ" മ്മളെ വിളികേട്ട് ഓൻ പിന്നെയും നിന്നു.ഓന്റെ മുഖം കണ്ടിട്ട് മ്മക്ക് ചിരി സഹിക്കാൻ വയ്യ.അങ്ങനത്തെ എക്സ്പ്രഷൻസ് ആണ് ഓന്റെ മോന്തേല് മിന്നിമറയണത്.ഓൻ പതിയെ മ്മളെ അടുത്തേക് വന്നിട്ട്: "എ....എന്തേയ് വിളിച്ചെ" ഓന്റെ ശബ്‌ദോക്കെ നന്നായി ഇടറുന്നുണ്ട്.മ്മളാണെങ്കിൽ ചിരിച്ച് മയ്യത്തായി നിക്കണ അവസ്ഥയാണ്. "ഡാാ ഇയ്യ് എന്തിനാ ഇവളെ നോക്കിയത്" മ്മള് അസ്‌നാനെ ചൂണ്ടിക്കാട്ടി ഓന്റടുത്ത് ചോദിക്കുമ്പൊഴെക്കും ഓൻ ഞെട്ടി പണ്ടാറടങ്ങി പോയീന്ന് പറഞ്ഞ മതിയല്ലോ.ഓൻ മാത്രല്ല മ്മളെ അസ്‌നയും കൂടെ ബാക്കി മെംബേർസും.ഓൻ എപ്പോന്നുള്ള അർത്ഥത്തിൽ തൊള്ള തൊറന്നു മ്മളെ നോക്കാണ്. "ഡാാ ഇയ്യ് ഉരുളല്ലെ.മ്മള് കണ്ടതാണ് ഇയ്യ് ഓളെ നോക്കുന്നത്. ന്താ അന്റെ പ്ലാൻ? മ്മളോട് പറഞ്ഞോട്ടാ,മ്മക്ക് പറ്റാണേൽ അന്നെ മ്മള് ഹെല്പ് ചെയ്യാം. " മ്മളെ പറച്ചിൽ കേട്ട് അസ്‌ന തലേൽ കൈ വച്ച് പടച്ചോനെ വിളിക്കാണ്.ഓനാണേൽ ഒരു വൃത്തികെട്ട ചിരിയും ചിരിച്ചോണ്ട്: "അ....അത് മ്മക്ക് അങ്ങനൊന്നൂല്ല" "എ...എ..എങ്ങനൊന്നുല്ലാന്ന്.ന്താടാ നീ നിന്ന് പരുങ്ങണതു. "

"നൂറ, മതിയെടി. ക്ലാസ്സിൽ പോവാൻ ടൈം ആയി" മ്മടെ പഠിപ്പിസ്റ് അനുൻറെതാണ് ഈ ഡയലോഗു. "ഒന്നിരിയെന്റനുവേ, യോന്റ്റെ സൂക്കേട് എന്താന്നു മ്മക്കറിയാം.എന്താടാ അന്റെ പേര്??" "പേ..പേര് ജാസിം" "ആ ജാസിമോ ബാസിമോ എന്തേലും ആവട്ടെ.ഇയ്യ് ഒരു കാര്യം ചെയ്യ്.ഉച്ചക്ക് ക്ലാസ്സ്‌ കഴിഞ്ഞു മ്മടെ അടുത്തേക് വന്നോളി.മ്മള് ഇവിടത്തന്നെ ഉണ്ടാവും.വെറുതെ വന്നാൽ പോരാ.ദേ,ഈ നിക്കണ അസ്‌നക്ക് ഒരു ലവ് ലെറ്റർ എഴുതീട്ട് പോന്നാ മതി.ഓൾ ആണേൽ തരിശു ഭൂമിയായി കിടക്കുവാണെ.ഇപ്പൊളാണ് ഓൾക്ക് പറ്റിയ ഒരാളെ കിട്ടിയത്.അപ്പൊ എങ്ങനെ??ജാസിം മോൻ എഴുതുവല്ലോ.എഴുതണം.ഇയ്യ് എഴുതീട്ട് ഉച്ചക്കിങ്ങട്ട് വന്നാൽ മതി.അല്ലേൽ അന്റെ ചങ്ങായിച്ചിക്ക് കിട്ടിയേന്റ്റെ ബാക്കി അനക്കായിരിക്കും.ഓളോട് ഇവിടുന്നു മുഖം കഴുകാനെ പറഞ്ഞുള്ളു,അന്റടുത്ത് ഇവിടുന്ന് കുളിക്കാനായിരിക്കും മ്മള് പറയാ."

മ്മളെ ഡയലോഗു കേട്ട് ആ ചെക്കന്റെ കാറ്റ് പോയീന്ന് മ്മക്ക് ഒറപ്പായി.ഇനി മ്മടെ ഗാങ്ങിലെ മെംബേർസിന്റെ അവസ്ഥ എന്താന്നറിയാൻ മ്മള് തിരിഞ്ഞ് ഒന്നു നോക്കി.അസ്‌ന ഒഴികെ ബാക്കി മൊത്തം വായും പൊത്തിപിടിച്ചു ചിരിക്കാണ്.അസ്‌നാന്റ്റെ കണ്ണുരുട്ടിയുള്ള നോട്ടം കണ്ട് മ്മക്ക് പിന്നെയും ചിരി വരാണ്. "ഡാ അനക്ക് വയ്യെങ്കിൽ ഇപ്പൊ തന്നെ പറഞ്ഞോളി.എന്തെ പറ്റൂലെ??" ഓൻ പറ്റൂന്ന്ള്ള അർത്ഥത്തിൽ തലയാട്ടി നിന്നു. "അന്നാൽ ഇനി ഇയ്യും സ്ഥലം വിട്ടോന്നും" പറഞ്ഞ് മ്മള് ഓനെ പറഞ്ഞയച്ചു. മ്മളൊന്ന് ശ്വാസം വിട്ട് റിയൽസിന്റെ അടുത്തേക്ക് തിരിഞ്ഞു.നാലും നമ്മളെ നോക്കി എന്തൊക്കെയോ പറയാണ്.അജുന്റ്റെ ശബ്‌ദം കേക്കാതായപ്പോഴാണ് മ്മള് അജുനെ ശ്രദ്ധിക്കണത്.ഓനിവിടെ നടന്ന കാര്യങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല.എന്തിന്,ഇപ്പൊ നടക്കണതെന്താണ് എന്ന് വരെ ഓൻ അറിഞ്ഞിട്ടില്ല.ഇരുന്ന ഇരുപ്പാണ് ചെക്കൻ.അനങ്ങിയിട്ടില്ല

കൊരങ്ങ്.നേരത്തെ കൊണ്ടന്നു ഇരുത്തിയവിടെ തന്നാണ് ഇപ്പോഴും.ഇനി ഫസ്റ്റ് ഇയർസ് ആരേലും മ്മക്കിട്ട് പണിയാനായി അവിടെ വല്ല സൂപ്പർ ഗ്ലുവും മറ്റോ തേച്ചോ റബ്ബേ!! മ്മള് അഞ്ചാളും ഓന്റെ ചുറ്റും നിന്നൊന്ന് ചുമച്ചു. എവടെ??ചെക്കനേതോ സ്വപ്ന ലോകത്താണ്.മ്മക്ക് ഇണ്ടോ സഹിക്കണ്.മ്മള് ഉള്ള സൗണ്ട് ഒക്കെ പൊറത്തെടുത്ത് വിളിച്ചു കാറി: "ഡാാ അജുവേ!!!!!!!" പെട്ടന്ന്ണ്ട് ഓൻ ഞെട്ടിത്തരിച്ചു നോക്കണത്. "നൂ..നൂറാ,എ..എന്തേയ്??" "ഹാ,നൂ..നൂറ തന്നെയാണ്.ഒ..ഒന്നുല്ല..എന്താടാ അന്റെ കാറ്റ് പോയോ" ന്നും ചോദിച്ചു മ്മള് ഓന്റടുത്ത് ചെന്നിരുന്നു.അപ്പോളുണ്ട് ഓൻ ഒന്ന് പുഞ്ചിരിക്കണ്.ഓന്റെ ആ ചിരിയിൽ എന്താന്നറിയാണ്ട് മ്മളൊന്ന് കുഴങ്ങി.ഒരു വിധത്തിലൊന്നും അവടെയും ഇവടെയുമായി വായി നോക്കി നിക്കാത്ത മ്മടെ അജുവാണ് ഇന്നിപ്പോ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കണത്.എന്താ ഓൻക്ക് ആടെ അത്രക്കും ഉള്ളെന്നറിയാൻ വേണ്ടി മ്മളും അങ്ങോട്ടേക്ക് നോക്കി.നോക്കിയ മ്മളൊന്ന് ഞെട്ടിപ്പോയി. അവടെ മ്മള് കണ്ട കാഴ്ച മ്മക്ക് വിശ്വസിക്കാനായില്ല...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story