💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 20

khalbil nee mathram

രചന: ഷംസീന ഫിറോസ്

കാറിൽ നിന്ന് ഇറങ്ങിയ ആൾരൂപത്തെ കണ്ട് നമ്മളെ ശ്വാസം നിലച്ചു പോയി. "ശിഹാബ്.. " നമ്മളെ ചുണ്ടുകൾ ഉറക്കെ മൊഴിഞ്ഞു. "ഇല്ല.. ഇത് നടക്കില്ല. ജസീ... ഇപ്പൊ പറയണം മൂത്താപ്പാനോട്.. ഇതൊരിക്കലും നടക്കില്ലെന്ന് പറയണം.. " പെട്ടെന്നുള്ള നമ്മളെ ഭാവമാറ്റം കണ്ട് ജെസി പേടിച്ച് നമ്മളടുത്തേക്ക് വന്ന് നമ്മളെ കൈകൾ ചേർത്ത് പിടിച്ചു. "നൂറാ.. എന്ത് പറയാമെന്നാ.. നമ്മള് എങ്ങനെ പറയാനാ?? വേണ്ട നൂറാ.. ഇപ്പച്ചി ഇപ്പോ ഒന്നും അറിയണ്ട" "ജെസി.. നീ എന്തൊക്കെയാ ഈ പറയുന്നത്?? നിന്റെ ജീവിതം വെച്ചാ നീ കളിക്കുന്നത്. ആ വൃത്തികെട്ടവൻ മൂത്താപ്പാനെ പറഞ്ഞ് മയക്കി ഇരിക്കുകയാ..മൂത്താപ്പാന്റ്റെ മുന്നിൽ നല്ലവനായി അഭിനയിച്ച് നിന്റെ ജീവിതം നശിപ്പിക്കാൻ വേണ്ടി ഇറങ്ങി ഇരിക്കുകയാ അവൻ. അവന്റെ തന്ത ആയിരുന്നോ മൂത്താപ്പാന്റ്റെ ബോസ്സ്.അയാളൊരു ചെറ്റയാണെന്ന് മൂത്താപ്പക്ക് അറിയാം.അതിനേക്കാളുമൊക്കെ ചെറ്റയാണ് ഇവനെന്ന് മൂത്താപ്പാക്ക് അറിഞ്ഞിട്ടില്ല. നിന്നെ കാണുന്നത് പോയിട്ട് അവനെ ഈ വീട്ടിലേക്ക് കയറാൻ ഞാൻ സമ്മതിക്കില്ല..."

"നൂറാ.. വേണ്ട നൂറാ.. നീ ഇതെന്തിനുള്ള പുറപ്പാടാ.. ഇപ്പൊ നീ ഒന്നും പറയല്ലേ.. ഇപ്പച്ചിനെ എല്ലാരേം മുന്നിൽ വച്ച് വേദനിപ്പിക്കല്ലേടി " ന്നും പറഞ്ഞ് ജെസി കരഞ്ഞോണ്ട് നമ്മളെ പിടിച്ചു നിർത്തി. "നൂറാ.. ഞാൻ പറയുന്നത് ഒന്നു കേക്കെടി.. അവന്റെ മുന്നിൽ ചെന്ന് ഞാൻ ഒന്നു നിന്നെന്ന് കരുതി ഒന്നും സംഭവിക്കാൻ പോകുന്നില്ല. അവരൊക്കെ ഇറങ്ങട്ടെ.. എന്നിട്ട് നമ്മക്ക് ഇപ്പച്ചിനോട് എന്തെങ്കിലും പറയാം. നീ ഇങ്ങനെ ദേഷ്യം പിടിച്ചു നിക്കല്ലേ " "പക്ഷെ ജെസി നിനക്കറിയുന്നതല്ലേ അവനെ. എന്നോടുള്ള ദേഷ്യത്തിന്റ്റെ പുറത്താ അവൻ നിന്നെ തന്നെ വേണമെന്ന് പറഞ്ഞത്.. അല്ലാതെ നിന്നെ ഇഷ്ടപ്പെട്ടിട്ടൊന്നുമല്ല. അതും നിന്നെ വേദനിപ്പിക്കാൻ വേണ്ടി മാത്രാ ജെസി. അവനെന്നോട് പറഞ്ഞതാ നിന്റെ ജീവിതം നശിപ്പിക്കുമെന്ന്.. അതു കണ്ട് ഞാൻ കരയുമെന്ന് .. നിന്റെ ജീവന് വേണ്ടി ഞാൻ അവന്റെ കാലുപിടിച്ച് യാചിക്കുന്നൊരു ദിവസം ഉണ്ടാക്കുമെന്ന്.. അവൻ പറഞ്ഞതാ... പക്ഷെ അവൻ ഇങ്ങനെയൊരു പ്ലാനുമായി വരുമെന്ന് ഞാൻ വിചാരിച്ചതല്ല.. ഞാൻ കാരണാ ജെസി.. എല്ലാം ഞാൻ കാരണാ.. " ന്നും പറഞ്ഞ് നമ്മള് ജെസിനെ കെട്ടിപ്പിടിച് കരഞ്ഞു.

"നൂറാ.. ഒന്നുല്ലെടി. നീ ഇങ്ങനെ തളർന്നാൽ പിന്നെ എനിക്കാരാ?? നീ പേടിക്കാതെ.. ഈ ജെസിക്കൊരു ജീവിതമുണ്ടെങ്കിൽ അത് മുബിക്കാന്റ്റെ കൂടെ ആയിരിക്കും. അല്ലെങ്കിൽ..... " അത്രയും പറഞ്ഞ് കരഞ്ഞോണ്ട് ജെസി മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോയി. പടച്ചോനെ.. ഇങ്ങനെയൊരു പരീക്ഷണമാണല്ലൊ നിയെനിക്ക് തന്നത്.. എല്ലാം ഞാൻ കാരണാ.. ഞാൻ അവനെ ദേഷ്യം പിടിപ്പിച്ചതിനും വാശി കയറ്റിയതിനുമൊക്കെ അവൻ പകരം വീട്ടുകയാണ്. അതും അവൻ പറഞ്ഞത് പോലെത്തന്നെ എന്റെ ജെസിന്റ്റെ ജീവിതം വച്ച്. മൂത്താപ്പാനെ അവൻ എന്തൊക്കെയോ പറഞ്ഞ് മയക്കി വെച്ചിരിക്കുകയാണ്. റബ്ബേ ഇനി ഞാൻ എന്താ ചെയ്യാ?? ഞാൻ ആഗ്രഹിക്കുന്നതൊന്നും എനിക്ക് നീ നൽകി ഇല്ലെങ്കിലും അവളാഗ്രഹിച്ചതു പോലെ മുബിക്കാനോട് ഒത്തൊരു ജീവിതം തന്നെ അവൾക്ക് നൽകണേ നാഥാ.. "മോളെ നൂറാ.. ജെസിനെയും കൂട്ടി ഇങ്ങോട്ടേക്കു വന്നോളി " മൂത്തുമ്മാന്റ്റെ വിളി കേട്ട് നമ്മള് കണ്ണ് തുടച്ചു താഴേക്ക് ഇറങ്ങി. ജെസി താഴെ ഒരു മൂലയ്ക്കിരുന്നു കരയുന്നുണ്ട്.

ഒരു വിധത്തിൽ അവളെ ആശ്വാസിപ്പിച്ച് നമ്മള് അടുക്കളേലേക്ക് ചെന്നു. "ഇയ്യ് എവിടെ ആയിരുന്നെഡീ.. എത്ര നേരമായി അവര് വന്നിട്ട്.. മൂത്തുമ്മ നിന്നെ വിളിക്കാൻ തുടങ്ങീട്ട് നേരം കൊറേ ആയല്ലോ. ജെസി എവടെ?? " "അതുമ്മച്ചിയെ.. ഒരു.. ഒരു ചെറിയ തലവേദന പോലെ.. അതാ... " "അവളെ കാണാൻ ഒരുത്തൻ വന്നപ്പോളെ അനക്ക് തലവേദന തൊടങ്ങിയോ? എന്നാൽ ഓളെ നിക്കാഹ് കഴിഞ്ഞാലുള്ള അന്റെ അവസ്ഥ എന്തായിരിക്കും.. ഹാ അതൊക്കെ പോട്ടെ.. ഇയ്യ് ഇതെടുത്തോ, എന്നിട്ട് ജെസിനെയും കൂട്ടി അങ്ങോട്ടേക്ക് ചെന്നാളി.. ചെറുക്കനും ഓന്റെ അമ്മോവനും കൂടിയ വന്നിട്ടുള്ളെ.." ഇമ്മച്ചിന്റ്റെ വാക്കുകൾ കേട്ട് നമ്മള് ജെസിനെയും കൂട്ടി യാന്ത്രികമായി ഹാളിലേക്ക് ചലിച്ചു.നമ്മള് ആദ്യം നോക്കിയത് ശിഹാബിന്റെ മുഖത്തേക്കാണ്.നമ്മളെ കണ്ട ഓൻ പിന്നെയും ഒന്നു ഞെളിഞ്ഞിരുന്നു.എല്ലാം നേടി എടുത്തവന്റെ അഹങ്കാര ഭാവത്തോടു കൂടി ഓൻ നമ്മളെ നോക്കി പുച്ഛിച്ചു മുഖം തിരിച്ചു.ഇപ്പോഴും ഓന്റെ കണ്ണിലെ കനൽ അടങ്ങിയിട്ടില്ല.മൂത്താപ്പയും ഇപ്പച്ചിയും വളരെ സന്തോഷത്തോടു കൂടി അവരോട് സംസാരിക്കുന്നുണ്ട്.ഓന്റെ മാന്യമായ സംസാരം കണ്ട് നമ്മള് പോലും പതറിപ്പോയി.ജെസി ചായയും കൊണ്ട് വച്ച് ആരുടെ മുഖത്തേക്ക് പോലുമൊന്ന് നോക്കാതെ തിരിച്ചു വന്നു.

"ഷിഹാബെ.. അനക്ക് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞിട്ട്..? " ഓന്റെ അമ്മോവന്റെ സംസാരം കേട്ട് ആ ചൂട് ചായ എടുത്ത് അയാളുടെ മോന്തക്ക് വീശാനാ നമ്മക്ക് തോന്നിയത്. "അതിനെന്താ.. കുട്ട്യോൾക്കും കാണുവല്ലോ എന്തെങ്കിലും ഒക്കെ ചോദിക്കാൻ " ഇപ്പച്ചി.. ഇങ്ങളെ നമ്മള് ശെരിയാക്കി തരുന്നുണ്ട്. അവനെക്കുറിച്ച് ഇങ്ങക്ക് എന്തറിഞ്ഞിട്ടാ.. എല്ലാം നമ്മള് പറഞ്ഞു തരാട്ടാ.. ജെസിയെ തനിച്ച് റൂമിലേക്ക്‌ വിടാൻ പറ്റാത്തതു കൊണ്ട് നമ്മളും കൂടെ ചെന്നു. ഒരു വിധത്തിൽ പറഞ്ഞാൽ അവന് കാണേണ്ടതും സംസാരിക്കേണ്ടതും നമ്മളോടല്ലെ.. "സഹോദരിമാർ തമ്മിൽ ഗൂഢാലോചനയിൽ ആണല്ലോ?? ഷിഹാബിനെ എങ്ങനെ ഗെയിംൽ നിന്നും ഔട്ട്‌ ആക്കാമെന്നാണോ?? " "അതിന് നിന്നെ നമ്മൾ ഈ ഗെയിമിൽ കയറ്റിയിട്ട് വേണ്ടേ " "ഇപ്പോഴും നിന്റെ അഹങ്കാരത്തിനു കുറവൊന്നും ഇല്ല, അല്ലേടി?

നീ കയറ്റാതെ തന്നെ നിങ്ങളുടെ ഗെയിംലേക്ക് എങ്ങനെ കയറണമെന്ന് എനിക്കറിയാം. അതിന്റെ ഫസ്റ്റ് സ്റ്റെപ് ആടി ഇന്നിവിടെ നടക്കുന്നത്. ഇനി നീയെന്നല്ല, പടച്ചോൻ വിചാരിച്ചാൽ പോലും ഇതിൽ നിന്ന് ഈ ഷിഹാബിനെ ഗെറ്റ് ഔട്ട്‌ അടിക്കാൻ പറ്റില്ല... അല്ല എന്റെ പെണ്ണെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത് " ന്നും ചോദിച്ചോണ്ട് ഓൻ ജെസിൻറെ അടുത്തേക്ക് നീങ്ങി. എന്നിട്ട് അവളെ തൊടാൻ കൈ നീട്ടി. അപ്പോഴേക്കും നമ്മള് ജെസിനെ നമ്മളടുത്തെക്ക് വലിച്ചു നിർത്തി. "ചീഹ്.. തൊട്ടു പോകരുത് അവളെ.. " "ഡീ... ഇവളെ തൊടാനുള്ള പൂർണ അധികാരവും അവകാശവും ഇനി എനിക്ക് മാത്രമാണ്. അത് ഞാൻ നിന്റെ തന്തപ്പടിയോടും പിന്നെ ദേ എന്റെ ഡാഡ് നെ ചതിച്ച ആ കെളവനില്ലേ അയാളോടും ചോദിച്ചു വാങ്ങിച്ചതാ.. മാറി നിക്കെഡീ.. " ന്നും പറഞ്ഞു അവൻ നമ്മളെ തള്ളി മാറ്റി. "ഡാാ.....!!"

"അലറണ്ടെഡീ.. നീയിനി എന്തൊക്കെ കളി കളിച്ചാലും ഇവളെൻറെതായിരിക്കും. പിന്നെ നിന്നോട് അന്ന് ഞാൻ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ? " "ഇല്ലടാ.. നിന്റെ ഒരു കളിയും നടക്കില്ല.. അതിന് ഈ നൂറ സമ്മതിക്കില്ല " "കൂൾ ഡൗൺ ബേബി ... വെറുതെ ശബ്‌ദമുണ്ടാക്കി നീ എല്ലാവരെയും വിളിച്ചു കൂട്ടണ്ട. ഞാൻ പറഞ്ഞു കഴിഞ്ഞല്ലോ . ഇനി കളി നമ്മള് തമ്മിലാണ്.അതിലൊരു ഇര മാത്രമാണ്‌ ഇവൾ..ഗെയിമിലേക്ക് ഇറങ്ങാൻ മാത്രമല്ല, കറക്റ്റ് ആയി ഗോൾ അടിക്കാനും ശിഹാബിനറിയാം. നീയും ശ്രമിച്ചു നോക്കെഡീ നിനക്കാവും വിധത്തിൽ ഒക്കെ.. ദേ ഇവളെ എന്റെ കയ്യിൽ നിന്ന് രക്ഷപ്പെടുത്താൻ പറ്റുമോന്ന് നീയൊന്നു നോക്ക്.. ഏതു കളിയിലെക്കിറങ്ങിയാലും ശിഹാബ് ജയിച്ചു കയറിയ ചരിത്രം മാത്രമേ ഉള്ളു. ഇവിടെയും അത് മാത്രമേ സംഭവിക്കൂ..

എന്റെ മുഖത്തടിക്കാൻ ഉയർത്തിയ ആ കൈ ഇനിയും നീ എന്റെ മുന്നിൽ ഉയർത്തും.. അതെന്നെ അടിക്കാനല്ല, പകരം എന്റെ മുന്നിൽ കൈ കൂപ്പി യാചിക്കാൻ വേണ്ടി ആയിരിക്കും... " ഇങ്ങനെ എന്തൊക്കെയോ വെല്ലുവിളികൾ ഉയർത്തി ഒരു ജേതാവിനെപ്പോലെ അവൻ മുറിയിൽ നിന്നിറങ്ങിപ്പോയി. ജെസിൻറെ തേങ്ങിക്കൊണ്ടുള്ള കരച്ചിൽ കണ്ട് നമ്മളെ നെഞ്ച് വല്ലാതെ നീറി.ഒരു വാക്ക് കൊണ്ട് പോലും അവളെ ആശ്വസിപ്പിക്കാൻ എനിക്കായില്ല.അവൻ എല്ലാം ഉറപ്പിച്ചിട്ട് തന്നെയാണ് ഇറങ്ങിയിരിക്കുന്നത്.അവന്റെ കൃത്യമായ പ്ലാനിങ്ങ്സിൽ എല്ലാവരും വീണിരിക്കുന്നു.ഒരു പക്ഷെ നമ്മള് മൂത്താപ്പനോട് കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞാൽ പിന്നെ അവൻ നമ്മക്ക് നേരെ വരുന്നത് ഭീഷണിയുടെ സ്വരത്തിൽ ആവും.അവന്റെ പരട്ട തന്ത മൂത്താപ്പൻറെ അവസ്ഥ ശെരിക്കും മുതലെടുത്തിട്ടുണ്ട്.

ഇതിൽ നിന്നും മൂത്താപ്പയിനി പിന്തിരിയുമെന്ന് നമ്മക്ക് തോന്നുന്നില്ല.അവൻറെ പെർഫെക്ട് പ്ലേയിൽ മൂത്താപ്പ വീണിരിക്കുന്നു.ഇനി മുബിക്കാക്ക് മാത്രെ എന്തെങ്കിലും ചെയ്യാൻ പറ്റൂ.പക്ഷെ അത് പെട്ടെന്ന് വേണം.എല്ലാം ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നെ മുബിക്കാക്ക് എന്താണ് ഇവിടെയൊരു റോൾ?? പടച്ചോനെ ഒന്നും മനസ്സിലാകുന്നില്ലല്ലോ.. മൂത്താപ്പനോട് ഒക്കെയും തുറന്നു പറഞ്ഞാലോ..പക്ഷെ ജെസി അതിനു സമ്മതിക്കില്ല. അവന്റെ കാർ മുറ്റത്തുന്ന് പോയതിനു ശേഷമാണ്‌ ഞാനും ജെസിയും താഴേക്ക് ഇറങ്ങിയത്. "മോളെ എന്താ അന്റെ അഭിപ്രായം.. പയ്യൻ എങ്ങനെയുണ്ട്? അനക്ക് ഇഷ്ടായോ?" നമ്മളെ ഇപ്പച്ചിയാണ് ജെസിയോട് ഇത് ചോദിച്ചത്. അവളൊരു മറുപടിയും കൊടുക്കാതെ ഇപ്പച്ചിനെയും മൂത്താപ്പനെയും മാറി മാറി നോക്കി.കരഞ്ഞു കലങ്ങിയ അവളുടെ കണ്ണിലെ നിസ്സഹായവസ്ത നമ്മളെ വല്ലാതെ തളർത്തി.

"അത്... അതുപ്പച്ചിയെ.. അവൾക്ക് ഇഷ്ടപ്പെട്ടില്ല.. " നമ്മളെ മറുപടി കേട്ട് ഉപ്പച്ചിന്റെയും മൂത്താപ്പന്റെയും മുഖത്തെ ചിരി മാഞ്ഞു. "എന്താ നൂറാ ഇയ്യ് പറയുന്നത്.. അന്റെ അഭിപ്രായമല്ല ചോദിച്ചത്. ജെസിൻറെയാ.. ഇയ്യ് കളിക്കാതെ പോയെ .." "അവൾടെ അഭിപ്രായം തന്നെയാണ് ഞാൻ പറഞ്ഞത്. അവൾക്ക് ഇഷ്ടപ്പെട്ടില്ല. ആ പയ്യനെ അവക്ക് വേണ്ടാ.. " എടുത്തടിച്ച നമ്മളെ മറുപടി കേട്ട് എല്ലാവരും ഞെട്ടി. "നൂറാ.. എന്താ ഇയ്യ് ഇങ്ങനൊക്കെ പറയാൻ?? ജെസി അന്നോട് അങ്ങനെ പറഞ്ഞോ.പറ മോളെ " നമ്മള് മൂത്താപ്പക്ക് ഒരു ഉത്തരം കൊടുക്കുന്നതിന് മുന്നേ മൂത്താപ്പ വീണ്ടും ചോദിച്ചു.. അതും ജെസിയോട്. "നൂറ പറഞ്ഞത് ശെരിയാണോ?? അനക്ക് അവനെ പറ്റിയില്ലേ..നീ അവളോട്‌ അങ്ങനെ പറഞ്ഞോ?? ജസീ...അന്നോടാ ചോദിക്കുന്നെ " ഓളോട് ചോദിച്ചിട്ട് കാര്യമില്ല.മൂത്താപ്പൻറെ മുഖത്ത് നോക്കി അവളൊന്നും പറയില്ല.ഇഷ്ടപ്പെടാത്തതും ഇഷ്ടപ്പെട്ടുന്നേ പറയു.

"എന്താ മോളെ കാര്യം പറ . നല്ല പയ്യൻ ആണല്ലോ.നല്ല സ്വഭാവം..ഇവിടെ എല്ലാവർക്കും ഇഷ്ടപ്പെട്ടു.ഇനി അന്റെ അഭിപ്രായം കൂടി അറിഞ്ഞാൽ മതി." ഇനി ഒന്നും മറച്ചു വെച്ചിട്ട് കാര്യമില്ല എന്ന് തോന്നിയോണ്ട് നമ്മള് കാര്യം എല്ലാവരോടുമായി തുറന്നു പറഞ്ഞു.മുബിക്കാൻറെ കാര്യം മാത്രമേ പറഞ്ഞുള്ളു.ഷിഹാബുമായി മുൻപരിചയം ഉള്ളത് നമ്മള് മറച്ചു വെച്ചു.നമ്മളെ ഷാജഹാൻറ്റെ കാര്യം കൂടി പറയണമെന്നുണ്ടായിരുന്നു.അതിനെന്തോ മനസ്സിനുവദിച്ചില്ല.വായിൽ വന്നത് ഒക്കെ പറഞ്ഞു കഴിഞ്ഞതിനു ശേഷമാണ്‌ എന്തൊക്കെയാണ് പറഞ്ഞതെന്ന് നമ്മക്ക് തന്നെ ബോധം വരുന്നത്.എല്ലാം കേട്ട് ഞെട്ടി തരിച്ചു നിൽക്കുന്ന നാലാളുടെയും മുഖത്തേക്ക് നമ്മളും ജെസിയും മാറി മാറി നോക്കി.റബ്ബനാ...!പിന്നെ അവിടെ നടന്നത് ഒന്നും പറയണ്ടല്ലോ.മൂത്തുമ്മന്റെയും ഉമ്മച്ചിന്റെയും ക്യുഎസ്ടിയൻ ചെയ്യൽ..

മൂത്താപ്പന്റെയും ഇപ്പച്ചിന്റെയും വഴക്ക്..അങ്ങനെ എന്തൊക്കെയാണ് അവിടെ നടന്നത്ന്ന് നമ്മക്ക് പോലും പിടിത്തം കിട്ടിയില്ല.മൂത്താപ്പൻറെ ചോദ്യം ചെയ്യൽ കേട്ട് ജെസി കരഞ്ഞു തളർന്നുന്ന് പറഞ്ഞാൽ മതിയല്ലോ.നമ്മള് മുബിക്കാനെ കുറിച്ച് വള്ളി പുള്ളി തെറ്റാതെ മുഴുവനായും പറഞ്ഞു കൊടുത്തു അതൊന്നും നടക്കില്ല,അങ്ങനെയൊരു ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ ആദ്യമെ പറയണമായിരുന്നു,ഇപ്പോൾ ഇവർക്ക് വാക്ക് കൊടുത്തുന്നൊക്കെ പറഞ്ഞ് മൂത്താപ്പ കലി തുള്ളാൻ തുടങ്ങി. "അവക്ക് ഇഷ്ടപ്പെട്ട ഒരാളുടെ കൂടെയല്ലേ മൂത്താപ്പ അവള് ജീവിക്കേണ്ടത്.അവളിന്നു വരെയും മൂത്താപ്പനോട് എന്തെങ്കിലും വേണമെന്ന് പറഞ്ഞിട്ട് വാശി പിടിച്ചിട്ടുണ്ടോ?? ഇന്നും വാശി പിടിക്കുന്നില്ല.കുറെ തവണ ഈ കാര്യം പറയാൻ ഞാൻ ശ്രമിച്ചതാ.പക്ഷെ അപ്പോഴൊന്നും ഇവള് സമ്മതിച്ചില്ല.മൂത്താപ്പക്ക് വിഷമാവും, മൂത്താപ്പൻറെ വിശ്വാസമാണ്‌ ഞങ്ങള് തകർക്കുന്നത്ന്നൊക്കെ പറഞ്ഞ് ഇവള് പറയാൻ സമ്മതിച്ചില്ല.

മനസ്സ് കൊണ്ട് അത്രയൊക്കെ മറ്റൊരാളെ സ്നേഹിച്ചിട്ടും ഇങ്ങളെ ഇഷ്ടം മതി അവൾക്കെന്നും പറഞ്ഞ് നിൽക്കുന്നവളാ ഇങ്ങളെ ജെസി. അവളെ വേദനിപ്പിക്കല്ലെ മൂത്താപ്പാ.. ഇപ്പച്ചി, ഇങ്ങളൊന്ന് പറ ഇപ്പച്ചിയെ.. മൂത്തുമ്മാ.....അവക്ക് മുബിക്കാനെ മതി.... " എല്ലാവർക്കും മുന്നിൽ ഇങ്ങനെയൊരു അഡാർ പ്രസംഗം തന്നെ നടത്തിയതിന് ശേഷം നമ്മള് പൊട്ടിക്കരഞ്ഞു. നമ്മളെ കാട്ടി കൂട്ടലൊക്കെ കണ്ട് ജെസി വരെ കാറ്റ് പോയ അവസ്ഥയിലാണ്. അവളുടെ മനസ്സിൽ ഉള്ളത് ഞാൻ തുറന്നു പറഞ്ഞു, ഇനി എന്ത് വേണമെങ്കിലും നിങ്ങക്ക് തീരുമാനിക്കാം എന്ന് പറഞ്ഞ് നമ്മള് ജെസിനെയും കൂട്ടി റൂമിലേക്ക്‌ ഓടി. "നൂറാ.. എന്ത് പണിയാടി നീ കാണിച്ചത്?? ഇപ്പച്ചി നമ്മളെക്കുറിച്ച് എന്ത് വിചാരിച്ചു കാണും?? ആരാ നിന്നോട് മുബിക്കാൻറെ കാര്യം പറയാൻ പറഞ്ഞത്?? " കരച്ചിലിൻറെ ഇടയിലും ഓളെ ഡയലോഗിനൊരു കുറവുമില്ല. "ഓഹോ ഇപ്പോ ഞാൻ പറഞ്ഞതായോ കുറ്റം. മൂത്താപ്പനോട് പറഞ്ഞൊപ്പിച്ചതിന്റെ ക്ഷീണം തന്നെ നമ്മക്ക് മാറിയിട്ടില്ല. ഇപ്പൊങ്കിലും എല്ലാം പറഞ്ഞല്ലോന്ന് സമദാനിക്കുമ്പോഴാ അവൾടെയൊരു.....

എന്താ നിന്റെ മനസ്സിൽ.. മുബിക്കാനെ വിട്ട് ആ ജന്തുൻറെ കൂടെ പോകാമെന്നോ?? ഡീ നന്ദി വേണോടി..ഇനി നമ്മളെ ഷാജഹാൻറ്റെ കാര്യം എങ്ങനെയാ ഒന്ന് അവതരിപ്പിക്കുക എന്ന ടെൻഷനിലാ ഞാൻ.. ഇനി എന്റെ കാര്യം നീ സോൾവ് ആക്കി തരണം" "നിന്റെ തലക്ക് വട്ടായോ നൂറാ..നീ ഇപ്പച്ചിനോട് കാര്യം പറഞ്ഞതെയുള്ളു..ഇപ്പച്ചിൻറെ തീരുമാനം എന്താണെന്ന് ഇപ്പച്ചി പറഞ്ഞോ?? ഇപ്പച്ചി ആദ്യം പറഞ്ഞത് നീ കേട്ടതല്ലേ..എന്നെ കൊലക്കു കൊടുത്തിട്ട് അവള് പറയുന്നത് നോക്കിയേ. ഷാജഹാൻറ്റെ കാര്യം സോൾവ് ആക്കി കൊടുക്കണം പോലും..ആദ്യം ഇപ്പച്ചി എന്നെ എന്താ ചെയ്യാൻ പോകുന്നേന്ന് നോക്കാ.." ജെസി പറഞ്ഞു തീരുന്നതിനു മുന്നേ മൂത്താപ്പയും ഇപ്പച്ചിയും റൂമിലേക്ക്‌ വന്നിരുന്നു.അള്ളോഹ് എല്ലാം കേട്ട് കാണുവോ??എന്നാൽ ജെസിൻറെ മാത്രമല്ല, നമ്മളെയും കൂടി മയ്യത്ത് ആയിരിക്കും ഇന്നിവിടെ നടക്കാൻ പോകുന്നത്..

നമ്മള് എന്ത് ചെയ്യണമെന്നറിയാതെ നിക്കുമ്പോൾ മൂത്താപ്പയും ഇപ്പച്ചിയും ഞങ്ങളെ അടുത്ത് വന്നിരുന്നു. "മോളെ ജെസി.. അനക്ക് അങ്ങനെയൊരു ഇഷ്ടം ഉണ്ടെങ്കിൽ ആദ്യമേ ഞങ്ങളോട് പറയാമായിരുന്നില്ലേ.മക്കളുടെ എന്ത് ആഗ്രഹത്തിനാ ഞങ്ങൾ ഇതുവരെ തടസ്സം നിന്നിട്ടുള്ളത്." ന്നും പറഞ്ഞ് നമ്മളെ ഇപ്പച്ചി ജെസിനെ ചേർത്ത് പിടിച്ചു.ഇതൊക്കെ കണ്ട് നമ്മള് തൊള്ളയും തുറന്നു നോക്കിപ്പോയി.വെറുതെ അപ്പോഴത്തെ എനർജിക്ക് ഒക്കെയും വിളിച്ചു പറഞ്ഞതാ.ഇത്ര പെട്ടെന്ന് എല്ലാം തീരുമാനം ആവുമെന്ന് നമ്മള് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലേനു.. "നൂറാ..ഇപ്പൊ അനക്ക് ഒന്നും പറയാനില്ലേ..ജെസിൻറെ ഇഷ്ടവും ആഗ്രഹങ്ങളും മറ്റാരേക്കാളും നന്നായിട്ട് അനക്ക് അറിയാം.അതോണ്ടല്ലേ അവൾക്ക് വേണ്ടി ഇയ്യ് അതൊക്കെ പറഞ്ഞെ.ഇയ്യ് അവനെ വിളിച്ചു പറ,നാളെത്തന്നെ ഇങ്ങോട്ടേക്കു വരാൻ പറ..

ജെസിക്ക് ഇഷ്ടം ഇതാണെങ്കിൽ നമ്മക്ക് ഒക്കെ ഇതങ്ങോട്ട് നോക്കാം. അന്നോട് അവനെക്കുറിച്ച് ഒന്നും നമ്മള് ചോദിക്കണില്ല.അവൻ വരട്ടെ,കാര്യങ്ങളൊക്കെ അവനോട് തന്നെ ചോദിച്ച് മനസ്സിലാക്കാം. എന്താ സന്തോഷായോ അനക്ക്?? " നമ്മളെ തലോടിക്കൊണ്ട് മൂത്താപ്പ ഇത് ചോദിക്കുമ്പോൾ നമ്മള് മൂത്താപ്പനെ കെട്ടിപ്പിടിച്ചു. "മൂത്താപ്പ.. ഞാൻ.... ഇങ്ങള് സമ്മതിക്കുമെന്ന് എനിക്കറിയില്ലായിരുന്നു..ഇങ്ങളോട് പറയാൻ അവക്ക് ധൈര്യം ഇല്ലാത്തോണ്ടാ ഞാൻ.... " "അതൊക്കെ പോട്ടെ,എന്നാലും എന്റെ ജെസി മോള് ഇങ്ങനെയൊരു പണി കാണിക്കുമെന്ന് നമ്മള് വിചാരിച്ചില്ലാട്ടോ" ന്നും പറഞ്ഞ് മൂത്താപ്പ ജെസിൻറെ ചെവി പിടിച്ച് പൊന്നാക്കി കൊടുത്തു. "ഇക്കാ, ജെസി ഒന്നും ചെയ്തിട്ടുണ്ടാവൂലാ ഇവളുടെ കൂടെയല്ലേ ജെസിൻറെ സഞ്ചാരം . ദേ ഈ തല തെറിച്ചവളുടെ കൂടെ ചേർന്ന് പറ്റിപ്പോയതാവും..ഇവളായിരിക്കും ജെസിയെ കാറ്റ് കേറ്റി വിട്ടത്"

നമ്മളെ ഇപ്പച്ചിൻറെ വർത്താനം കേട്ട് നമ്മള് ലൈനിൽ തട്ടി ഷോക്ക് അടിച്ച പോലെയായിപ്പോയി.ഇപ്പച്ചി പറഞ്ഞത് അവളെ പ്രേമിക്കാൻ പഠിപ്പിച്ചതു നമ്മളാണെന്നല്ലേ.. എന്ത് നല്ല ഉപ്പച്ചി.സ്വന്തം മോളെ ഇത്രക്കും വിശ്വാസമുള്ള ഒരു ഇപ്പച്ചി വേറെ ഉണ്ടാവൂല.പിന്നേയ്, ഞാനല്ലേ അവളെ പ്രേമത്തിലേക്ക് തള്ളി വിട്ടത്.അവക്ക് ഒരുത്തനെ കിട്ടിയതും പോരാഞ്ഞിട്ട് നമ്മക്കും കൂടി ഒരുത്തനെ സെറ്റ് ആക്കി തന്നവളാണ് ഇപ്പച്ചി പറഞ്ഞ ഈ പൊന്നാര ജെസി മോള്..ഇവളെ സ്വഭാവം നമ്മക്കല്ലേ അറിയുള്ളു.എന്നിട്ട് ഇപ്പൊ എല്ലാരും പറയണത് നമ്മളെയും. "ഇപ്പച്ചി.. ഇങ്ങളധികം തമാശിക്കല്ലേട്ടോ " "നൂറോ.. പറഞ്ഞത് മറക്കണ്ട.. ഇയ്യ് അവനെ വിളിച്ച് കാര്യം പറഞ്ഞോളി.. പെട്ടന്ന് തന്നെ വരാൻ പറ.. ഇന്ന് വന്നവരെ എന്തെങ്കിലും പറഞ്ഞു ഒഴിവാക്കാം. ജെസിക്ക് പറ്റിയിട്ടില്ലെന്ന് തന്നെ പറയാം. എന്തേയ്...?? "

"ഹാ അതാണ് മൂത്താപ്പാ.. അങ്ങനെ തന്നെ പറഞ്ഞാൽ മതി" മൂത്താപ്പയും ഇപ്പച്ചിയും മുറിയിൽ നിന്നും പോയതിനു ശേഷം ജെസി നമ്മളെ കെട്ടിപിടിച്ചു. ഹോ പെണ്ണിൻറെ മുഖത്തെ തെളിച്ചമൊന്നു കാണണം. ഇവിടെ എല്ലാം ഇത്ര പെട്ടെന്ന് ശെരിയാവുമെന്ന് നമ്മള് വിചാരിച്ചില്ല. അൽഹംദുലില്ലാഹ്.. ഇനി മുബിക്കാൻറെ അവസ്ഥയും കൂടി ഒന്നറിയണം. ഇവിടെ എല്ലാം സെറ്റ് ആയിന്നറിഞ്ഞാൽ മുബിക്കാക്ക് സന്തോഷമാവും. പക്ഷെ മുബിക്കാക്ക് ഉപ്പ വരാതെ ഒന്നും ചെയ്യാൻ പറ്റില്ല എന്നല്ലേ പറഞ്ഞത്. എന്നാലും സാരമില്ല, മൂത്താപ്പ സമ്മതിച്ചല്ലോ.. എന്തായാലും കാര്യങ്ങളൊക്കെ മുബിക്കാനോട് പറയാമെന്ന് കരുതി നമ്മള് മുബിക്കാനെ വിളിച്ചു. കുറെ നേരം റിംഗ് ആയതിനു ശേഷമാണ്‌ മുബിക്ക കാൾ അറ്റൻഡ് ചെയ്തത്. നമ്മള് അങ്ങോട്ടെന്തെങ്കിലും പറയുന്നതിന് മുന്നേ മുബിക്ക നമ്മളോട് ഇങ്ങോട്ട് പറഞ്ഞ കാര്യം കേട്ട് നമ്മളെ നെഞ്ച് നീറിപ്പോയി...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story