💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 24

khalbil nee mathram

രചന: ഷംസീന ഫിറോസ്

അകത്തേക്ക് കയറിയ നമ്മള് ജെസിന്റെ അവസ്ഥ കണ്ട് അലറി വിളിച്ചു. "ജസീ... " കരഞ്ഞു തളർന്നു നിലത്ത് ബോധം കെട്ടു കിടക്കുന്ന ജെസിനെ കണ്ട് നമ്മളെ നെഞ്ച് ഒന്ന് കാളിപ്പോയി. നമ്മള് ഓടിപ്പോയി വെള്ളം കൊണ്ടന്നു ജെസിന്റെ മുഖത്തേക്ക് തളിച്ചു. മൂത്തുമ്മയും ഉമ്മച്ചിയും കൂടി അവളെ കുലുക്കി വിളിക്കുന്നുണ്ട്. പതിയെ കണ്ണ് തുറന്നിട്ടും അവൾ വീണ്ടും തേങ്ങി കരയുകയാണ്. മൂത്താപ്പ ഒന്നും മിണ്ടാതെ മുറിന്നിറങ്ങിപ്പോയി. നമ്മളും ഉപ്പച്ചിയും കൂടി കുറേ പറഞ്ഞ് അവളെ സമദാനിപ്പിച്ചു. എല്ലാവരും മുറിന്ന് പോയതിനു ശേഷം മുബിക്ക നമ്മളോട് പറഞ്ഞ കാര്യം നമ്മള് ജെസിനോട് പറഞ്ഞു. അത് കേക്കുമ്പോ പെണ്ണ് കൂടുതൽ കരയുന്നതല്ലാതെ കരച്ചിൽ നിർത്തുന്നില്ല. ഓളെ അവസ്ഥ കണ്ട് നമ്മളും കരയാൻ തുടങ്ങി. എന്തെല്ലാം പ്രതീക്ഷകളായിരുന്നു. ഒരു നിമിഷം കൊണ്ടല്ലേ ഒക്കെയും തകിടം മറിഞ്ഞത്.മുബിക്കാൻറ്റെ ഉപ്പ ഇത്രക്കും ക്രൂരൻ ആണെന്ന് നമ്മള് കരുതിയില്ല.അവരുടെ മുന്നിൽ അപമാനിതനായ മൂത്താപ്പന്റെ അവസ്ഥ ഓർത്ത് ആണ് ജെസിക്കും നമ്മക്കും കൂടുതൽ വിഷമം.

"നൂറാ....എനിക്ക്.....ഞാൻ..... ഞാൻ കാരണാ.... ഇപ്പച്ചി ഇന്ന് ഇങ്ങനെ...ആദ്യമായി ഒരാളുടെ മുന്നിൽ..എന്റെ ആഗ്രഹം നടത്തി തരാനല്ലേ ഇപ്പച്ചി നോക്കിയുള്ളു..... ആ ഉപ്പച്ചി ഞാൻ കാരണം...." "കരയല്ലേ ജസീ... മൂത്താപ്പനോട് നമ്മക്ക് സംസാരിക്കാം.. മുബിക്ക വരും.. മുബിക്കാൻറ്റെ ഉപ്പച്ചിന്റെ മനസ്സ് മാറും ജെസി.. നീ സമദാനിക്ക്... മുബിക്ക വെറും വാക്ക് പറയില്ല.. " "വേണ്ട നൂറാ.. എന്റ്റുപ്പച്ചിനെ വേദനിപ്പിച്ചൊരു ജീവിതം എനിക്ക് വേണ്ടാ.. അതുപോലെതന്നെ എന്നെ സ്വീകരിക്കണമെങ്കിൽ ഇക്ക ഇക്കാന്റെ ഉപ്പച്ചിനെ ധിക്കരിക്കണം..ഞാൻ കാരണം ഇക്ക ഉപ്പച്ചിനെ എതിർക്കാൻ പാടില്ല. ഇന്നലെ കണ്ട എനിക്ക് വേണ്ടി ഇത്രയും കാലം വളർത്തി എടുത്ത ഉപ്പച്ചിന്റെ വാക്ക് ധിക്കരിക്കെണ്ടാന്ന് പറ..പടച്ചോൻ പോലും പൊറുക്കില്ല ഇന്നോട്..ഞാൻ ചെയ്തത് തെറ്റായിപ്പോയി..ഉപ്പച്ചിന്റെ സമ്മതം ഇല്ലാതെ ഒരാളെ സ്നേഹിക്കാൻ പാടില്ലായിരുന്നു.. അതും മുബിക്കാനെ പോലെ ഒരാളെ..മുബിക്കാൻറ്റെ ഉപ്പ പറഞ്ഞതൊക്കെ സത്യല്ലേ..എന്ത് യോഗ്യതയാ എനിക്കുള്ളത് മുബിക്കന്റെ ബീവി ആകാൻ..സ്നേഹിക്കാൻ മാത്രേ ഞാൻ പഠിച്ചുള്ളു നൂറാ..

എനിക്ക് ആരെയും വേദനിപ്പിക്കണ്ട..ആരെയും വേദനിപ്പിച്ചിട്ടെനിക്കൊരു സന്തോഷം വേണ്ട നൂറാ...." പുസ്തകശാല "എന്തൊക്കെ വിഡ്ഢിത്തരാ ജെസി നീ പറയുന്നത്..അപ്പൊ നീ മുബിക്കാനെ സ്നേഹിച്ചിട്ടില്ലെ..??എല്ലാവരുടെ സന്തോഷത്തിനു വേണ്ടി മുബിക്കാനെ നീ വേണ്ടാന്ന് വെച്ചാലും നിന്നെ വേണ്ടാന്ന് വെക്കാൻ മുബിക്കാക്ക് പറ്റോ..ഇല്ല. നീ ഇല്ലാതെ ഒരു ജീവിതം മുബിക്കാക്ക് ഉണ്ടാവില്ല ജെസി..മുബിക്ക വരും എന്റെ ജെസിയെ കൊണ്ടോവാൻ..നീ ഇങ്ങനെ തളരല്ലേ...എനിക്ക് വാക്ക് തന്നതാ..മുബിക്ക വരും.." "ഇല്ല..ഓൻ വരില്ല..അഥവാ ഇനി ഓൻ വന്നാലും എനിക്ക് ജീവൻ ഉള്ളിടത്തോളം കാലം ഇന്റെ മോളെ ഞാൻ അവന് കൊടുക്കില്ല.. ഇപ്പൊ തൃപ്തിയായല്ലോ രണ്ടാക്കും..ഞാൻ അവരുടെ മുന്നിൽ തല താഴ്ത്തി കൊടുത്തപ്പോൾ സമാദാനം ആയോ ഇങ്ങക്ക്..ഈ അബ്ദുറഹ്മാൻറ്റെ കയ്യിൽ പണത്തിനു മാത്രേ കുറവ് വന്നിട്ടുള്ളു..

അഭിമാനത്തിനു ഇന്ന് വരെ ഒരു കോട്ടവും തട്ടിയിട്ടില്ല.. ഇന്നിതാ ഇന്റെ മക്കള് കാരണം അതും സംഭവിച്ചിരിക്കുന്നു.ഇനി ഓനീ മുറ്റത്തു വന്ന് കാലു പിടിച്ചാലും കൊടുക്കില്ല നിന്നെ ഞാനവന്.." മുറിയിലേക്ക് ഗർജിച്ചോണ്ട് വന്ന മൂത്താപ്പന്റെ വാക്കുകൾ കേട്ട് നമ്മള് തരിച്ചു പോയി. "മൂത്താപ്പ.....അത്....അത് ഞാൻ ഒന്ന് പറയട്ടെ..." "വേണ്ടാ.. ഇയ്യ് ഇനി ഒന്നും പറയണ്ട... കുട്ട്യോളല്ലേന്ന് കരുതി കുറച്ച് സ്വാതന്ത്ര്യം തന്നപ്പോൾ രണ്ടും കൂടി തലേല് കേറി നിരങ്ങാണ് അല്ലെ.. മതി എല്ലാം നിർത്തിക്കോളി.. നിങ്ങളെ ഇഷ്ടം പറച്ചിലും അഭിപ്രായമൊക്കെ മതിയാക്കിക്കോ.. ഇങ്ങളെ വാക്ക് കേട്ട് എന്താ ഏതാന്നൊക്കെ അറിയാത്ത കൊമ്പത്തെ ഒരുത്തനെ ഞാൻ ഇങ്ങോട്ടേക്കു വിളിക്കാൻ പാടില്ലായിരുന്നു. ആരാ അവൻ..?? അത്രേക്കെ സ്വത്തും സമ്പത്തും ഉള്ളേന്റെ അഹങ്കാരാണോ ഓൻക്കും ഓന്റെ വാപ്പാക്കും..

അവൻറെ വാപ്പ അത്രേക്കെ പറയുമ്പോൾ ഓനൊരു വാക്ക് എതിർത്തു പറഞ്ഞോ.. സ്നേഹിച്ച പെണ്ണിനെ തന്നെ വേണോന്നു പറയാനുള്ള ചങ്കുറ്റം ഓന് ഉണ്ടായോ. ഓൻ നിന്നെ സ്നേഹിച്ചിട്ടില്ല... അതോ ഉണ്ടെങ്കിൽ തന്നെ ഓന്റെ വാപ്പാന്റെ മുന്നിൽ എത്തുമ്പോഴേക്കും അതൊക്കെ ആവിയായി പോയൊ.. അഥവാ ഇനി ഓന് അന്നെ തന്നെ വേണോന്നു പറഞ്ഞാൽ തന്നെ എങ്ങനെയാ മോളെ അങ്ങനെയൊരു വീട്ടിലേക്ക് ഇന്റെ മോളെ ഈ ഉപ്പച്ചി പറഞ്ഞയക്കാ.. ഓന്റെ വാപ്പ അനക്ക് അവടെയൊരു സമാദാനം തരുമെന്ന് ഇയ്യ് കരുതണുണ്ടോ.. എല്ലാം അറിഞ്ഞു വെച്ചിട്ട് എങ്ങനെയാ ഈ ഉപ്പച്ചി ഇന്റെ മോളെ കൊല്ലാൻ കൊടുക്കാ.. അനക്ക് പടച്ചോൻ ഇത് വിധിച്ചിട്ടില്ലാന്ന് കരുതാ.. " "ഇല്ല മൂത്താപ്പ..... അങ്ങനെയല്ല....മുബിക്കാ... " "നൂറാ.... ഇയ്യ് ഇനി ഒരക്ഷരം മിണ്ടി പോവരുത്. ഓളെയൊരു മുബിക്ക..

ഇപ്പൊ മറന്നോണം ആ പേര് രണ്ടാളും.എനിക്ക് അറിയാം ഇനി എന്താ ചെയ്യേണ്ടതെന്ന്..ഈ വന്നോനെക്കാളും എത്രയോ പൂത്ത കാശുള്ളോനല്ലേ ആ ശിഹാബ്..ഇന്റെ മോളെയാണ് ഓൻക്ക് ഇഷ്ടപ്പെട്ടെന്ന് അറിയുമ്പോ ഓന്റെ വാപ്പയും ഓനെ വിലക്കിയതാണ് ഈ ബന്ധം വേണ്ടാന്ന് പറഞ്ഞ്.പക്ഷെങ്കിലും ഇവളെ തന്നെ വേണോന്ന് ഓൻ വാശി പിടിച്ചോണ്ടല്ലെ ഓന്റെ വാപ്പയും പിന്നീട് സമ്മതിച്ചത്.അങ്ങനെയാ ശെരിക്കും സ്നേഹിക്കുന്നോർ ചെയ്യാ..ഇത്രേക്കെ സ്നേഹിക്കുന്ന ഒരുത്തൻ അന്നെ ഇഷ്ടാന്ന് പറഞ്ഞ് വന്നപ്പോ ഓൾക്കത് വേണ്ടാ..ഓൻക്കും ഉണ്ടല്ലോ കാശും കമ്പനിയൊക്കെ..എന്നിട്ട് ഓനും ഓന്റെ വാപ്പയും കാണിച്ചോ അതിന്റെ ഹുങ്ക്..മതി..അന്നോട് ഇനി ഒന്നും ചോദിക്കാനും പറയാനും ഞാൻ നിക്കണില്ല.എനിക്കറിയാം ഇനി എന്താ ചെയ്യേണ്ടതെന്ന്..ഓന്റെ വാപ്പാക്ക് മാത്രല്ല അഭിമാനവും വാക്കും വിലയൊക്കെ ഉള്ളത്...ശിഹാബിന്റെ വാപ്പാക്ക് ഞാൻ വാക്ക് കൊടുത്തിട്ടും അന്റെ ഇഷ്ടം വേറെ ഒന്നാണ്ന്ന് അറിഞ്ഞപ്പോൾ അതിന് ഞാൻ കൂട്ട് നിന്നു.തെറ്റായി പോയി ഒക്കെയും...

എല്ലാം മറക്കണതാണ് അനക്ക് നല്ലത്.." മൂത്താപ്പന്റെ ശബ്‌ദത്തിന്റെ തീവ്രത കൂടുന്നതിനനുസരിച്ച് നമ്മളും ജെസിയും പൊട്ടി പൊട്ടി കരയാൻ തുടങ്ങി. പുസ്തകശാല പിന്നീട് അങ്ങോട്ട്‌ എന്താണ് നടന്നതെന്ന് പടച്ച റബ്ബിനു മാത്രേ അറിയൂ.മുബിക്കാൻറ്റെ മുന്നിൽ തല താഴ്ത്തെണ്ടി വന്നതിൽ ഉള്ള സങ്കടവും വാശിയൊക്കെ ആയി മൂത്താപ്പ ശിഹാബ്മായുള്ള ജെസിന്റെ നിക്കാഹ് ഉറപ്പിച്ചു.നമ്മള് കരഞ്ഞോണ്ട് മൂത്താപ്പന്റെ കാലു പിടിച്ച് പറഞ്ഞു ഇത് വേണ്ടാന്ന്.പക്ഷെ കേട്ടില്ല.നിക്കാഹ് പെട്ടെന്ന് തന്നെ നടത്തണമെന്നുള്ള ശിഹാബിന്റെ വീട്ടുകാരുടെ അഭിപ്രായം മാനിച്ചു മൂത്താപ്പ പെട്ടെന്ന് ഉള്ളൊരു ദിവസത്തേക്ക് തന്നെ നിക്കാഹ് ഫിക്സ് ചെയ്തു.അതിനു മുന്നേ ചെറിയൊരു നിശ്ചയ പരിപാടിക്കായി ശിഹാബിന്റെ വീട്ടുകാർ ഞങ്ങളെ വീട്ടിലേക് വന്നിരുന്നു.അന്ന് അവൻറെ മുന്നിൽ ഒരു മയ്യത്ത് കണക്കെ ഒരുങ്ങി നിന്ന എന്റെ ജെസി ന്റെ അവസ്ഥ കണ്ട് നമ്മളെ നെഞ്ച് പൊട്ടിപ്പോയി.

അന്നും ഓന്റെ വാശിയും ദേഷ്യവും തീർന്നിട്ടില്ല.എല്ലാം നേടി എടുത്തു ഇനി നിനക്ക് എന്ത് ചെയ്യാൻ കഴിയുമെടി എന്ന ഓന്റെ ആക്ഷേപവും നമ്മക്ക് നേരെയായി.എല്ലാം കൈവിട്ടു പോയ അവസ്ഥയിൽ നമ്മക്ക് ഒക്കെയും നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു.മുബിക്കാക്ക് ഒരുപാട് തവണ വിളിച്ചു നോക്കി.എത്രയൊക്കെ ആയിട്ടും കാൾ പോകുന്നില്ല.എങ്ങനെ എങ്കിലും മുബി ക്കാനെ വിവരം അറിയിക്കണമെന്ന് കരുതി നമ്മള് സിനുനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു.അന്വേഷിച്ചിട്ട് വിവരമൊന്നും കിട്ടിയില്ല എന്നാണ് ഓനും പറഞ്ഞത്.അന്ന് മുബിക്ക പറഞ്ഞത് ഷാജഹാൻ ഒരാഴ്ച്ചക്കുള്ളിൽ വരുമെന്നല്ലേ.ഷാജഹാൻ വന്നിട്ടുണ്ടായിരുന്നെങ്കിൽ ഉറപ്പായും എന്നെ കാണാൻ വരുമായിരുന്നു.അതോ ഇനി വാപ്പാന്റെ വാക്കിന് മുന്നിൽ ഷാജഹാന് നൂറയോടുള്ള സ്നേഹം അലിഞ്ഞു പോയോ...

ജെസിനോട് നമ്മളൊരു നൂറുതവണ കരഞ്ഞു പറഞ്ഞു.ഇത് വേണ്ടാ ഇഷ്ടല്ലാന്ന് മൂത്താപ്പനോട് പറയാൻ.ഒരിക്കൽ ഞാൻ കാരണം ഇപ്പച്ചി വിഷമിച്ചതാണ്..നാണം കെട്ടതാണ്..ഇനി ഒരിക്കൽ കൂടി എന്റെ ഉപ്പച്ചി ഞാൻ കാരണം വേദനിക്കാൻ പാടില്ല,ഇനിയും ഉപ്പച്ചി മറ്റുള്ളോരുടെ മുന്നിൽ തല താഴ്ത്താൻ പാടില്ല.. ഉപ്പച്ചി അവർക്ക് വാക്ക് കൊടുത്തു. ഇനി ഞാൻ കാരണം ആ വാക്കിന് വില ഇല്ലാതായി പോയാൽ ഉപ്പച്ചിക്കത് താങ്ങാൻ കഴിയില്ല നൂറാന്നും പറഞ്ഞ് കരയുന്നതല്ലാതെ വേറൊരു മറുപടി അവൾക്ക് ഉണ്ടായിരുന്നില്ല.. നിക്കാഹിന്റെ തലേദിവസം രാത്രി വരെ നമ്മള് മുബിക്കാനെ കാത്തിരുന്നു.ഈ ലോകത്തിന്റെ ഏതു കോണിൽ ആയാലും ജെസിനെ കൊണ്ടോവാൻ മുബിക്ക വരുംന്ന് മറ്റാരേക്കാളും നമ്മക്ക് ഉറപ്പുണ്ടായിരുന്നു.പക്ഷെ പ്രതീക്ഷകളൊക്കെ തെറ്റി.മുബിക്ക വന്നില്ല..അപ്പോഴും ജെസിക്ക് മുബിക്കാനോട് ദേഷ്യമുണ്ടായിരുന്നില്ല. ഇന്നലെ കണ്ട ഒരുവൾക്ക് വേണ്ടി സ്വന്തം ഉപ്പച്ചിന്റെ വാക്ക് ധിക്കരിക്കാതെ ..

ഉപ്പച്ചിന്റെ വാക്കിനു വില നൽകിയ മുബിക്കാനോട് അവൾക്ക് ബഹുമാനം തോന്നുന്നുന്നെ അവള് പറഞ്ഞുള്ളു. അത്രയും വലിയൊരു മനസ്സിനുടമയെ പടച്ചോൻ ഈ ജെസിക്ക് വിധിച്ചിട്ടില്ല നൂറാന്നും പറഞ്ഞ് അവള് തേങ്ങി കരഞ്ഞു. സത്യമാണ്‌.. മുബിക്കാനോട് നമ്മക്കും ബഹുമാനം മാത്രേ ഉള്ളു. വെറും ഒരു വർഷത്തെ പരിചയം മാത്രമുള്ള ഒരുത്തിക്ക് വേണ്ടി സ്വന്തം ഉപ്പച്ചിനെ മുബിക്ക വേദനിപ്പിച്ചില്ലല്ലോ. മുബിക്ക സ്വന്തം ഉപ്പാക്ക് വേണ്ടി ചെയ്യുന്ന അതേ ത്യാഗമാണ്‌ ജെസി ഇവിടെ മൂത്താപ്പക്ക് വേണ്ടി ചെയ്യുന്നത്. ശിഹാബ്മായി ഒരു സന്തോഷ ജീവിതം അവൾക്ക് ഉണ്ടാവില്ലെന്ന് അറിഞ്ഞിട്ടും അവന്റെ എല്ലാ വൃത്തികെട്ട സ്വഭാവങ്ങള് തിരിച്ചറിഞ്ഞിട്ടും മൂത്താപ്പക്ക് വേണ്ടി ജെസി അവൾടെ ജീവിതം നശിപ്പിക്കുകയാണ്. മൂത്താപ്പക്ക് വേണ്ടി പാവം എന്റെ ജെസി അവളുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും മണ്ണിട്ട് മൂടുകയാണല്ലോ റബ്ബി.. നിക്കാഹിന്റെ തലേദിവസം രാത്രി ജെസി എന്തെന്ന് ഇല്ലാതെ നമ്മളെ കെട്ടിപ്പിടിച്ചു പൊട്ടി കരഞ്ഞു. കൂടെ നമ്മളും..

വലിയ ആർഭാടത്തോട് കൂടി തന്നെ മൂത്താപ്പ ജെസിന്റെ വിവാഹം നടത്തി. ജീവൻ നിലച്ച വെറുമൊരു ശരീരം പോലെ ജെസി ശിഹാബിന്റെ ബീവിയായി മാറി. അവള് വീട്ടീന്ന് പടിയിറങ്ങിയ നാള് തൊട്ട് നമ്മളും മയ്യത്ത് കണക്കെയായി. അവൾക്ക് അവിടെ ഒരിക്കലും ഒരു സന്തോഷവും ഉണ്ടാവില്ലെന്ന് മറ്റാരേക്കാളും നന്നായിട്ട് നമ്മക്ക് അറിയാം. അവളെ നിക്കാഹ് കഴിഞ്ഞന്ന് രാത്രി തന്നെ ശിഹാബ് നമ്മക്ക് വിളിച്ചിരുന്നു.അവന്റെ അഹങ്കാരം പറച്ചിലും ജെസിന്റെ അടക്കി പിടിച്ചുള്ള തേങ്ങലുമാണ്‌ നമ്മക്ക് അന്ന് കേൾക്കാൻ കഴിഞ്ഞത് പിന്നീട് അങ്ങോട്ട്‌ എത്രയൊക്കെ വിളിച്ചാലും അവള് ഫോൺ എടുക്കാതെ ആയി. കൂടുതൽ നേരം വിളിച്ചോണ്ട് നിന്നാൽ ആ ചെകുത്താൻ ആണ് ഫോൺ എടുക്കുക എന്നുറപ്പായ നമ്മള് പിന്നെ വിളിച്ചില്ല. പക്ഷെ അവൾടെ സ്വരം കേൾക്കാതെ നമ്മക്ക് ഒരു സമാദാനവും ഇല്ലേന്നു.

നിക്കാഹ് കഴിഞ്ഞ് ആദ്യത്തെ ഒരാഴ്ച ആവുമ്പോൾ തന്നെ ശിഹാബ് ഓന്റെ തനി സ്വഭാവം കാണിക്കാൻ തുടങ്ങി. മൂത്താപ്പക്കും ഏറെക്കുറെയൊക്കെ ഓന്റെ സ്വഭാവം എങ്ങനെത്തെതാണ് എന്ന് മനസ്സിലായി. ജെസിനെ അവൻ ഞങ്ങളെ വീട്ടിലേക് വരെ അയക്കാതെയായി. അങ്ങോട്ട്‌ പോയാലുള്ള ഓന്റെ പെരുമാറ്റം അസഹനീയമായോണ്ട് ജെസിനെ അങ്ങോട്ട്‌ ചെന്നു കാണാനും നമ്മക്ക് പറ്റിയില്ല. ഇടക്ക് ഒക്കെ ശിഹാബ് അറിയാതെ അവള് നമ്മക്ക് വിളിച്ച് പൊട്ടി കരയും അവിടത്തെ അവസ്ഥകളൊക്കെ പറഞ്ഞ്. ഓന്റെ അടിയും തൊഴിയും ക്രൂരതകളുമൊക്കെ സഹിക്കാം. പക്ഷെ ഞാൻ അല്ലാതെ വേറെയും പെണ്ണുങ്ങളെ ഓൻ ഇവിടേക്ക് കൊണ്ടരുന്നത് എനിക്ക് സഹിക്കാൻ കഴിയണില്ല നൂറാ..ഓൻറ്റുപ്പച്ചിയും ഉമ്മച്ചിയുമൊക്കെ ഓന്റെ വൃത്തികേട് നു കൂട്ട് നിൽക്കണതു നോക്കി നിക്കാൻ പറ്റണില്ല നൂറാന്നും പറഞ്ഞ് അവള് വാവിട്ട് കരയും.

എത്രയൊക്കെ അനുഭവിച്ചാലും അതൊന്നും നമ്മള് അല്ലാതെ വീട്ടിലെ വേറാരും അറിയരുതെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു.മൂത്താപ്പയും മൂത്തുമ്മയും അറിഞ്ഞാൽ വിഷമിക്കും അതോണ്ട് നീ ഒന്നും പറയല്ലേ നൂറാന്നും പറഞ്ഞ് അവള് കരയും.ഇതൊക്കെ കേട്ട് പിന്നീട് അങ്ങോട്ട്‌ കരഞ്ഞുറങ്ങിയ ദിവസങ്ങളാണ് നമ്മക്ക് ഉള്ളത്.പ്ലസ് ടൂവിന്റെ എക്സാം വരെ അവളെ എഴുതാൻ അവൻ സമ്മതിച്ചില്ല.അത്രയൊക്കെ പഠിക്കാൻ കഴിവുള്ള അവളുടെ സ്വപ്‌നങ്ങളും ഭാവിയുമാണ്‌ ഓൻ തകർത്തതു.ഇതൊക്കെ അറിഞ്ഞ മൂത്താപ്പ ആകെ തളർന്നു.കൂടെ കുറ്റബോധവും.മൂത്താപ്പനോട് നമ്മള് സംസാരിക്കാണ്ട് വരെയായി. ലാസ്റ്റ് എക്സാമും കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ വീട്ടിൽ ആരും ഇല്ല.എല്ലാരും എവിടെ പോയെന്ന് അറിയാതെ നമ്മള് പകച്ചു നിൽക്കുമ്പോഴാണ് സിനു നമ്മളെ കൂട്ടാൻ വേണ്ടി വന്നത്.ഓന്റെ ഒപ്പം വണ്ടീൽ കേറി പോകുമ്പോൾ എവിടേക്ക് ആണെന്ന് എത്ര ചോദിച്ചിട്ടും ഓൻ പറഞ്ഞില്ല.

അവസാനം ഹോസ്പിറ്റലിൽ എത്തിയപ്പോൾ നമ്മളെ ഉള്ള് ഒന്ന് പിടച്ചു.സിനുന്റെ കൂടെ ഒന്നും ചോദിക്കാതെ നമ്മള് അകത്തേക്ക് നടന്നു.ഐസിയു വിന്റെ മുന്നിൽ കരഞ്ഞു തളർന്നിരിക്കുന്ന മൂത്താപ്പനെയും മൂത്തുമ്മനെയും ഉമ്മച്ചിനെയും ഉപ്പച്ചിനെയും എന്തിന് നാഫിനെ വരെ കണ്ടപ്പോൾ കാര്യം എന്താണെന്ന് അറിയാതെ നമ്മള് തരിച്ചു പോയി. നമ്മളെ കണ്ടതും എന്റെ ജെസിന്നും പറഞ്ഞ് മൂത്തുമ്മ നെഞ്ച് പൊട്ടി കരഞ്ഞു. കാര്യം എന്താണെന്ന് അറിയാതെ പരിഭ്രമിച്ചു നിൽക്കുന്ന നമ്മളോട് സിനു പറഞ്ഞു. "നൂറാ......... ജെസി... നമ്മളെ ജെസി......അവള്.....അവള് വിഷം കഴിച്ചെടീ....നമ്മളെ ഉപേക്ഷിച്ചവള് പോവാൻ നോക്കി നൂറാ....സീരിയസാ ന്നാ ഡോക്ടർ പറഞ്ഞെ... രക്ഷപ്പെടാൻ ചാൻസ് കൊറവ് ആണെന്നാ അവര് പറയണേ.... നൂറാ... നമ്മളെ ജെസി.. " ന്നും പറഞ്ഞ് സിനു വാവിട്ട് കരഞ്ഞു. അത്രയൊക്കെ കേട്ടിട്ടും നമ്മളെ കണ്ണ് നനഞ്ഞില്ല. ആ വാർത്ത കേട്ട് ശ്വാസം നിലച്ച പോലെ നമ്മള് എത്ര നേരം അവിടെ നിന്നെന്ന് അറിയില്ല.ഒരു തല കറക്കം വന്നത് മാത്രേ നമ്മക്ക് ഓർമയുള്ളൂ.

പിന്നീട് കണ്ണ് തുറന്നു നോക്കുമ്പോൾ നമ്മളെതോ മുറിയിൽ ആണ്. നമ്മളെ തലക്ക് ഒരു മരവിപ്പ് ആണ്. ചുറ്റും നോക്കിയപ്പോൾ ഹോസ്പിറ്റലിൽ ആണെന്ന് മനസ്സിലായി. നമ്മള് ആദ്യം ചോദിച്ചത് ജെസിനെയാണ്.അതിനൊരു കൂട്ട കരച്ചിൽ മാത്രമാണ് നമ്മക്ക് കിട്ടിയ മറുപടി. എന്റെ ജെസിനെ അവസാനമായി ഒരു നോക്ക് കാണാൻ പോലും എന്നെ ആരും അനുവദിച്ചില്ല.അപ്പോഴേക്കും...... അത് കാണാൻ ഉള്ള ശേഷി നമ്മക്ക് ഇല്ലാന്ന് അറിഞ്ഞോണ്ട് തന്നെയാണ്. പുസ്തകശാല "ഇല്ല... !! എന്റെ ജെസി.... എനിക്ക് കാണണം... ന്റെ ജെസിനെ കാണണം... അവളെ അവൻ കൊന്നതാണ്.... ന്റെ ജെസിനെ അവൻ കൊന്നതാണ്.... എനിക്കെന്റെ ജെസിനെ കാണണം.. " ന്നുള്ളൊരലർച്ചയിൽ വീണ്ടും നമ്മളെ ബോധം മറഞ്ഞു.അന്ന് നമ്മളോട് ഒപ്പം തളർന്നതാണ് മൂത്തുമ്മയും.നമ്മളെ തളർച്ചയും മാറ്റവും എല്ലാവരിലും വിഷമം ഉണ്ടാക്കി. ആരോടും സംസാരിക്കാതെ മുറി അടച്ചു ഇരിക്കുന്ന നമ്മളെ കണ്ട് ഉപ്പച്ചിയും ഉമ്മച്ചിയും പൊട്ടി കരയാൻ തുടങ്ങി.

കുറ്റബോധം കൊണ്ട് തളർന്നു ഇരിക്കുന്ന മൂത്താപ്പനോട് നമ്മക്ക് ദേഷ്യമായിരുന്നു.എത്ര ഞാൻ കെഞ്ചിയതാ ന്റെ ജെസിക്ക് വേണ്ടി..ഒന്ന് കേട്ടിരുന്നുവെങ്കിൽ...?? മുബിക്കാനെ കാത്തിരുന്നില്ലേലും സാരല്യായിരുന്നു...ഈ ചെകുത്താൻ അല്ലാതെ മറ്റൊരാൾടെ കയ്യിൽ എങ്കിലും ഏല്പിക്കാമായിരുന്നു അവളെ.. മാനസികമായും ശാരീരികമായും തളർന്ന നമ്മളെ ആ ഷോക്കിൽ നിന്നും മാറ്റി എടുക്കാൻ ഉപ്പച്ചിയും ഉമ്മച്ചിയും കൊറെ ശ്രമിച്ചു.അതൊന്നും നടക്കാതെ ആയപ്പോൾ നസിയും ഇക്കാക്കയും ഗൾഫിൽ നിന്നും വന്നു.നമ്മക്ക് അതെങ്കിലും ഒരു മാറ്റം ആവട്ടെ ന്ന് കരുതി.അവിടെയും എല്ലാവരും പരാജയപ്പെട്ടു.ജെസി ഇല്ലാത്ത ഈ ലോകത്ത് ഇനി പഴയ ഒരു നൂറ ഉണ്ടാവില്ലെന്ന് കരുതി മനസ്സ് മരിച് കിടക്കുന്ന നമ്മളെ വീണ്ടും ഈ അവസ്ഥയിലേക്ക് മാറ്റി എടുത്തത് സിനുവും സാബിക്കായും ചേർന്നാണ്.അവരുടെ പൂർണ സാന്നിധ്യവും സപ്പോർട്ടും കേറിങ്ങും ഒക്കെയായി കുറച്ച് നാൾ ഹോസ്പിറ്റൽമൊക്കെയായി നമ്മള് വീണ്ടും പുതിയൊരു ജീവിതം തുടങ്ങിയതാണ്.

ഇനി പഠിത്തമൊന്നും വേണ്ടാന്ന് കരുതി വീട്ടിൽ ഒതുങ്ങിയ നമ്മളെ ഉപ്പച്ചിന്റെയും മൂത്താപ്പന്റെയും നിർബന്ധ പ്രകാരം സിനു നമ്മളെ ഡിഗ്രിക്ക് ഈ കോളേജിൽ ചേർത്തു.ഒപ്പം അവനും.അവൻ പറഞ്ഞാലേ നമ്മള് അനുസരിക്കുകയുള്ളൂന്ന് കരുതിയതോണ്ടാണ് ഉപ്പച്ചി ആ ദൗത്യം അവനെ ഏൽപ്പിച്ചത്.എന്നിട്ടും നമ്മള് പൂർണമായും ഒക്കെയും മറന്നില്ലന്ന് കരുതി നമ്മള് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു ബുള്ളറ്റ് തന്നെ ഉപ്പച്ചി നമ്മക്ക് വാങ്ങിച്ചു തന്നത്.അതിനു മുന്നേയൊക്കെ ഒരു ബുള്ളറ്റ് വേണോന്ന് ആഗ്രഹം പറഞ്ഞപ്പോൾ ഉപ്പച്ചി നമ്മളെ വഴക്ക് പറഞ്ഞിരുന്നു.പിന്നീടും അതിൽ തീരെ താല്പര്യവും ഇഷ്ടവും ഇല്ലാതെ ഇരുന്നിട്ടും നമ്മക്ക് ഒരു മാറ്റം വരട്ടെന്ന് കരുതി സിനുന്റെ നിർദേശപ്രകാരം നമ്മക്ക് ഒരു ബുള്ളറ്റ് വാങ്ങി തന്നു. എങ്കിലും തളർന്നു കിടക്കുന്ന മൂത്തുമ്മന്റെ അവസ്ഥ കാണുമ്പോൾ നമ്മള് വീണ്ടും ജെസിന്റെ ഓർമയിലേക്ക് എത്തും. അപ്പോഴും നമ്മളെ മനസ്സിലൊരു ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളു. ശിഹാബ്.... എന്റെ ജെസി ഇല്ലാതാവാൻ കാരണക്കാരൻ ആയ ശിഹാബ്...

അവൻ കൊന്നതാ ന്റെ ജെസിനെ.. അവൻറെ ക്രൂരത സഹിക്കാൻ വയ്യാതെയാ അവള്....... അവനുള്ള ശിക്ഷ വാങ്ങി കൊടുക്കാൻ നമ്മള് പരമാവധി ശ്രമിച്ചതാണ്.. പക്ഷെ അവന്റെ തന്തേടെ പണക്കൊഴുപ്പ് കൊണ്ട് ഓൻ എല്ലാത്തുന്നും തലയൂരി. പക്ഷെ ഇപ്പോളും നമ്മള് കാത്തിരിക്കയാണ് ഓനെ കുടുക്കാൻ ഉള്ള അവസരത്തിന് വേണ്ടി.. പിന്നീട് നമ്മളെ വണ്ടിയും സിനുവും അനുവും കോളേജ്മൊക്കെയായി നമ്മളെ ലോകം നമ്മള് തന്നെ മാറ്റി എടുത്തു. ആ സമയത്താണ് കോളേജ്ന്ന് എനിക്ക് നിന്നെയും അജുനെയും അഖിനെയുമൊക്കെ ഫ്രണ്ട്‌സ് ആയി കിട്ടുന്നത്. റിയൽ റിബൽ ഗാങ് ആയി നമ്മള് മാറുമ്പോൾ എന്റെ എല്ലാ വേദനയും ഞാൻ നിങ്ങളെ മുന്നിൽ മറക്കുക ആയിരുന്നു.എന്നിട്ടും നമ്മള് മറന്നത് ഒക്കെ ഇന്ന് മുബിക്കാനെ കാണുമ്പോൾ നമ്മളെ മനസ്സിലേക്ക് ഓടി എത്തി.

സിനുനോട് അന്ന് മുബിക്കാനെ കുറിച്ച് അന്വേഷിചക്കാൻ പറഞ്ഞപ്പോൾ ആദ്യം വിവരമൊന്നും കിട്ടിയില്ലെങ്കിലും അവസാനം അറിയാൻ കഴിഞ്ഞത് ജെസിന്റെ നിക്കാഹ് ന്റെ തലേ ദിവസം ഗൾഫിലേക്ക് പറന്നു എന്നാണ്. ******** ആ മുബിക്കാനെയാണ് നമ്മള് ഇന്ന് വീണ്ടും കണ്ടിരിക്കുന്നത് അസിയെന്നും പറഞ്ഞ് നമ്മള് അസ്‌നനെ കെട്ടി പിടിച്ച് പൊട്ടി കരഞ്ഞു.അസ്‌ന നമ്മളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു.പരിസര ബോധം വന്ന് നമ്മള് കണ്ണൊക്കെ തുടച്ചു നോക്കുമ്പോൾ അസ്‌നന്റെ മിഴികളും നിറഞ്ഞിരുന്നു. "നേരം ഒരുപാട് ആയി അസീ..വീട്ടിലേക്ക് ചെല്ലാം.. വെറുതെ ഇന്റെ കഥയൊക്കെ പറഞ്ഞ് അന്നെയും കൂടി വിഷമിപ്പിക്കാന്നേ ഉള്ളു.." ന്നും പറഞ്ഞ് നമ്മള് മുഖമൊക്കെ തുടച് വണ്ടിന്റെ അടുത്തേക്ക് ചെന്നു. "അപ്പൊ ഷാജഹാനോ...?? അപ്പൊ അന്റെ ഷാജഹാൻ എവിടെ നൂറാ...??" അസ്‌നന്റെ അടുത്തുന്ന് പ്രതീക്ഷിക്കാത്ത ചോദ്യം കേട്ട് നമ്മള് ഞെട്ടി തരിച്ചു നിന്നു....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story