💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 25

khalbil nee mathram

രചന: ഷംസീന ഫിറോസ്

"അപ്പൊ ഷാജഹാനോ..?? അപ്പൊ അന്റെ ഷാജഹാൻ എവിടെ നൂറാ..?? " ഓളെ വായിന്ന് പ്രതീക്ഷിക്കാത്ത ചോദ്യം കേട്ട് നമ്മള് ഞെട്ടി തരിച്ചു നിന്നു. "അറിയില്ല അസീ.. മുബിക്ക അന്ന് നമ്മളെ വീട്ടീന്ന് പോയതിനു ശേഷം മുബിക്കാനെ കുറിച്ചോ ഷാജഹാനെ കുറിച്ചോ ഒന്നും നമ്മള് അറിഞ്ഞിട്ടില്ല. " "അപ്പൊ ആരും അറിയാതെ പോയൊരു മുഹബ്ബത്തിന്റെ കഥ അന്റെ ഉള്ളിൽ ഉണ്ടല്ലേ നൂറാ... അന്റെ ഖൽബിൽ അങ്ങനെയൊരു മുഹബ്ബത്ത് ഒരാളോട് തോന്നിയിട്ടുണ്ടെന്ന് ഇതുവരെ നമ്മളോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ നൂറാ നീ.. ഇത്രയൊക്കെ വിഷമങ്ങൾ ഉള്ളിൽ ഒതുക്കിയാണ് നീ ഞങ്ങളെ മുന്നിൽ ചിരിച്ചു നടന്നതെന്ന് ഒരിക്കലെങ്കിലും അനക്ക് പറയാമായിരുന്നില്ലേ..?? " "അതൊക്കെ പോട്ടെ അസീ.. ഒക്കെയും കഴിഞ്ഞു പോയില്ലേ.. നമ്മള് അതൊക്കെ എന്നേ മറന്നതാണ്.. " "ഷാജഹാനയോ ?? അപ്പൊ അന്റെ ഷാജഹാനെയും നീ മറന്നോ..?? അനക്ക് ഇപ്പോളും ഷാജഹാനോട് ഇഷ്ടമില്ലേ.. ഇയ്യ് ഇപ്പോളും ഒരു പ്രൊപോസലിന് പോലും സമ്മതിക്കാതെ കാത്തു നിൽക്കുന്നത് അന്റെ ഷാജഹാൻ എന്നെങ്കിലും വരുമെന്ന പ്രതീക്ഷയിൽ അല്ലെ നൂറാ... പറ.. അല്ലെന്ന്...? "

"നീ..... നീ ഇത്... ഇതെന്തൊക്കെയാ അസീ പറയുന്നത്.. അതൊക്കെ എന്റെ ജീവിതത്തിലെ അടഞ്ഞ അദ്ധ്യായങ്ങളാണ്. ജെസിനെ എന്ന് എനിക്ക് നഷ്ടമായോ അന്ന് ഷാജഹാൻ ഈ മനസ്സിന്നു പടി ഇറങ്ങിയതാണ്.. എന്റെ ജെസിക്ക് വേണ്ടിയാണ് ഞാൻ ഷാജഹാനെ ഇഷ്ടപ്പെട്ടതും സ്നേഹിച്ചതുമൊക്കെ.. അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ വേണ്ടി മാത്രമാണ്‌ ഷാജഹാനെ ഞാൻ ഈ ഖൽബിൽ കൊണ്ട് നടന്നത്.. ജെസിനെപ്പോലെ തന്നെ ഷാജഹാനും ഇപ്പോൾ എനിക്കൊരു ഓർമ മാത്രമാണ്. " "ഇല്ല.. !! കള്ളം പറയാണ് നീ.. ജെസിക്ക് വേണ്ടി ആയിരിക്കാം നീ ഷാജഹാൻറ്റെ ഇഷ്ടം ആദ്യമായി സ്വീകരിച്ചതു. പക്ഷെ അത് കഴിഞ്ഞ് ഷാജഹാനെ നീ ആത്മാർത്ഥമായി പ്രണയിച്ചില്ലേ നൂറാ.. അന്റെ വായിന്ന് ഷാജഹാനെക്കുറിച്ച് വന്ന ഓരോ വാക്കുകളിൽ നിന്നും എനിക്കത് മനസ്സിലായി നൂറാ..

ഷാജഹാനെക്കുറിച്ച് സംസാരിക്കുമ്പോൾ അന്റെ മുഖത്ത് വിരിയുന്ന ആ പ്രകാശം കണ്ടാൽ അറിയാം ഇപ്പോളും അന്റെ മനസ്സ് നിറയെ ഷാജഹാൻ ആണെന്ന്..എന്നിട്ടും നീ എന്തിനാ ഇങ്ങനെ കഴിഞ്ഞതൊക്കെ ഓർത്ത് അന്റെ ജീവിതം നശിപ്പിക്കുന്നത്..അന്റെ സ്നേഹം സത്യമാണ്‌ നൂറാ..എന്നായാലും ഷാജഹാനെ അനക്ക് കിട്ടും.. അതൊക്കെ പോട്ടെ..നീ ഷാജഹാനെ സ്നേഹിച്ചിട്ടുമില്ല,ഇപ്പൊ സ്നേഹിക്കുന്നുമില്ല.. എന്നാലും ഒരിക്കലെങ്കിലും ഷാജഹാനെ കാണണമെന്ന് അനക്ക് തോന്നിട്ടില്ലേ.. സത്യം പറ നൂറാ.. അങ്ങനെയൊരു ആഗ്രഹം ഇല്ലേ അനക്ക്..?? " "ഇല്ലാ... തോന്നിയിരുന്നു.. ഷാജഹാൻ എന്റെ കണ്മുന്നിലേക്ക് വരുന്നതും കാത്തിരുന്ന ദിവസങ്ങൾ ഉണ്ടായിരുന്നു.. പക്ഷെ ഇന്നില്ല അസീ.. നീ പറഞ്ഞതു പോലെത്തന്നെ എന്റെ സ്നേഹവും സത്യമായിരുന്നു.. പക്ഷെ ഇന്നാ സ്നേഹം എന്റെ ഉള്ളിൽ ഇല്ല. ഇനി പടച്ചോനായി ഷാജഹാനെ എന്റെ മുന്നിൽ കൊണ്ട് തന്നാലും എനിക്ക് വേണ്ട ഷാജഹാനെ.. ഇനി ഒരിക്കലും ഷാജഹാനെ സ്നേഹിക്കാൻ എനിക്ക് കഴിയില്ല.. ഇനി അഥവാ ഷാജഹാൻ എനിക്കായി

എവിടെ എങ്കിലും കാത്തിരിക്കുന്നുണ്ടെങ്കിൽ തന്നെ ഷാജഹാൻറ്റെ പെണ്ണായി മാറാൻ എനിക്കിനി കഴിയില്ല.. എന്റെ ജെസിന്റെ മരണത്തിനു ഒരു വിധത്തിൽ എങ്കിലും ഷാജഹാൻറ്റെ വാപ്പ കൂടി കാരണക്കാരനാണ്. ആ മനുഷ്യൻ ഇന്നും മാറിയിട്ടുണ്ടാവില്ല.. അയാളോട് ഉള്ള ദേഷ്യത്തിനു മുന്നിൽ ഷാജഹാനോട് ഉള്ള എന്റെ സ്നേഹവും ഇല്ലാതായി കഴിഞ്ഞിരിക്കുന്നു. ഇനി ഒരിക്കലും ആ പേര് ഓർക്കരുത് എന്ന് പോലും കരുതിയതാണ്.. പക്ഷെ നിന്നോട് എനിക്കെല്ലാം തുറന്നു പറയേണ്ടി വന്നു.. " "നിന്റെ അവസ്ഥ എനിക്ക് മനസ്സിലാവും... അതുപോലെതന്നെ നിന്റെ മനസ്സിൽ ഉള്ളത് എന്താണെന്നും എനിക്ക് നന്നായിട്ടറിയാം. പക്ഷെ മനപ്പൂർവം ആർക്കൊക്കെയോ വേണ്ടി അന്റെ ആഗ്രഹങ്ങൾ പോലും നീ മറച്ചു വെക്കുകയാണ് നൂറാ.. ഇനി ഞാൻ എന്തൊക്കെ ചോദിച്ചാലും നീ ഇങ്ങനെയൊക്കെ പറയുന്ന് എനിക്കറിയാം.

അപ്പൊ അനക്ക് ഇനി ഷാജഹാനെ കാണണ്ട.. നീ അത് ഉറപ്പിച്ചോ?? എന്നാലേ ഒരു വിധത്തിൽ ഒന്നും ആരുടെ മുന്നിലും വീഴാത്ത എന്റെ ഈ വായാടി പെണ്ണിന്റെ ഖൽബ് കവർന്ന ആ അജ്ഞാത സുന്ദരനെ എനിക്കൊന്നു കാണണോല്ലോ.. നേരത്തെ നിന്റെ മുബിക്കാൻറ്റെ മുന്നിന്ന് തന്നെ നീ ഇതൊക്കെ പറഞ്ഞിരുന്നെങ്കിൽ ഞാൻ അപ്പൊത്തന്നെ മുബിക്കാനോട് ചോദിക്കില്ലായിരുന്നോ, ഇങ്ങളെ ഷാനു എവിടെന്ന്..? ഇതിപ്പോ ആകെ എടങ്ങേറ് ആയിപ്പോയല്ലോ..ഇനിയിപ്പോ എവിടെപ്പോയാ ഞാൻ ഒന്ന് തെരയാ.. നൂറോ.. അനക്ക് കാണണ്ടെങ്കിൽ വേണ്ടാ.. ഇതുവരെ ഗെയിമിലെക്ക് ഇറങ്ങാതെ മറഞ്ഞു നിന്ന് കറക്റ്റ് ആയി ഗോൾ അടിച്ചു ജയിച്ച ആ മഹാനെ എനിക്ക് എന്തായാലും കണ്ടേ പറ്റൂ. ഞാൻ എന്തായാലും അന്റെ ഷാജഹാനെ തേടി പോവാ.. അനക്ക് ഇഷ്ടപ്പെടുലാന്നറിയാം.. എങ്കിലും സാരല്ല്യ. ഞാൻ കണ്ടു പിടിച്ചിരിക്കും അന്റെ ഷാജഹാനെ.. ഓ സോറി.. അന്റെ ഷാജഹാൻ അല്ല.. വെറും ഷാജഹാനെ.. നമ്മക്ക് അതൊരു സുഖല്ലേ മോളെ " ന്നും പറഞ്ഞ് അസി വണ്ടിന്റെ അടുത്ത് വന്നു നിന്നു.

ഓളെ വർത്താനം കേട്ട് നമ്മക്ക് ദേഷ്യം നുരഞ്ഞു പൊങ്ങി.നമ്മള് അസിനെ രൂക്ഷമായി നോക്കി നിന്നു. "ഡീ നിന്ന് നോക്കി പേടിപ്പിക്കാതെ വണ്ടി എടുക്കാൻ നോക്ക്.. നേരം എത്ര ആയിന്നാ അന്റെ വിചാരം.. ഓൾടെ ലവ് സ്റ്റോറിയും പറഞ്ഞ് നിന്ന് ടൈം പോയത് വരെ ഓൾക് അറിഞ്ഞിട്ടില്ല.. നീ ഒരാൺകുട്ടീയായോണ്ട് എപ്പോ വേണെങ്കിലും വീട്ടിൽക്ക് കയറി ചെല്ലാം. പക്ഷെ നമ്മക്ക് അത് പറ്റില്ല. അതോണ്ട് ഇന്റെ മോള് വേഗം എന്നെ വീട്ടിൽ കൊണ്ടാക്കി തന്നെ" ഓളെ വർത്താനം കേട്ട് നാലെണ്ണം പറയാൻ നമ്മളെ നാക്ക് തരിച്ചതാ.പക്ഷെ നമ്മളെ ഇപ്പോഴത്തെ സാഡ് മൂഡിൽ നമ്മക്ക് ഒന്നും പറയാൻ പറ്റുന്നില്ലേനു..ഓൾടെ ഭാഗ്യം. വീട് എത്തുന്നത് വരെ നമ്മള് പറഞ്ഞു കൊടുത്ത കഥയിലെ സംശയങ്ങള് മാത്രേ ഓൾക്ക് നമ്മളോട് ചോദിക്കാൻ ഉള്ളു.അവസാനം വീടെത്തി അവളെയും ഇറക്കി വിട്ട് നാളെ കാണാംന്ന് പറഞ്ഞ് നമ്മളവിടെന്ന് വിട്ടു.

ഓള് വീട്ടിൽ കയറാൻ പറഞ്ഞതാണ്.ഓൾടെ പ്രൊപോസൽന്റെ കാര്യത്തിൽ നമ്മളൊരു തീരുമാനം ആക്കി കൊടുത്തോണ്ട് ആ സാഹസത്തിനു നമ്മള് മുതിർന്നില്ല. വീട്ടിൽ എത്തിയിട്ട് നമ്മള് നേരെ വച്ച് പിടിച്ചത് നമ്മളെ മുറിയിലേക്ക് ആണ്.കുളിച്ചു ഫ്രഷ് ആയി കാപ്പി കുടിയും നിസ്കാരവുമൊക്കെ കഴിഞ്ഞ് നമ്മള് ബെഡിലേക്ക് മലർന്നു വീണു.അസിനോട് എല്ലാം തുറന്നു പറഞ്ഞോണ്ട് നമ്മക്ക് ഇന്ന് നല്ല ആശ്വാസമുണ്ട്.ഓളോട് പറഞ്ഞതും കരഞ്ഞതും നമ്മളെ പൂർവ്വകാലമൊക്കെ ഓർത്ത് എത്ര നേരം നമ്മള് അങ്ങനെ കിടന്നു എന്നറിയില്ല.പെട്ടെന്ന് എന്തോ ഒന്ന് ഓർമ വന്ന പോലെ നമ്മള് എഴുന്നേറ്റ് ചെന്ന് നമ്മളെ ഷെൽഫ് തുറന്നു.ആരും കാണാതെ നമ്മള് സൂക്ഷിച്ചു വെച്ച രണ്ടു സാദനങ്ങൾ ഉണ്ട് നമ്മളെ ഷെൽഫിൽ.ഒന്ന് ഷാജഹാൻ ആദ്യമായും അവസാനമായും നമ്മക്ക് നൽകിയ പ്രണയ സമ്മാനം.മറ്റൊന്ന്,

എന്റെ ജെസിന്റെ ഡയറി.ഡയറി എഴുതണ ശീലമൊന്നും അവൾക്ക് ഉണ്ടായിരുന്നില്ല.ജെസി മരിച്ചു കുറച്ച് നാളുകൾ കഴിഞ്ഞ ശേഷം സിനു നമ്മക്ക് കൊണ്ട് തന്നതാണ് ഈ ഡയറി.ശിഹാബിന്റെ വീട്ടിലേക്ക് അവസാനമായി പോയ അന്ന് സിനുന് ജെസിന്റെ മുറിന്ന് കിട്ടിയതാണ്.ആദ്യം നമ്മക്ക് തരണ്ടാന്ന് കരുതി അവൻ മനപ്പൂർവം മാറ്റി വെച്ചതാ.പക്ഷെ അവളുടെ അവസാനത്തെ ഓർമ്മയും എന്റെ കയ്യിൽ ഉണ്ടായിരിക്കണമെന്ന് സിനു കരുതിയോണ്ടാവും അവൻ ഇത് നമ്മളെ ഏൽപ്പിച്ചത്.പക്ഷെ ഇത് തരുമ്പോൾ അവനൊരു കാര്യം മാത്രേ നമ്മളോട് ആവശ്യപ്പെട്ടുള്ളു..ഒരിക്കലും ഇത് തുറന്നു നോക്കരുത് എന്ന്..അതിൽ എന്താണ് ഉള്ളതെന്ന് അവനും വായിച്ചു നോക്കിയിട്ടില്ല. നമ്മളോടും വായിക്കരുത് എന്നാണ് പറഞ്ഞത്. മറ്റൊന്നും കൊണ്ടല്ല..

എന്തായാലും കല്യാണം കഴിഞ്ഞതിന് ശേഷം ജെസി കഷ്ടപ്പാട് മാത്രേ അനുഭവിച്ചിട്ടുള്ളു. ആ വേദനകൾ മാത്രം ആയിരിക്കാം അവളതിൽ എഴുതി കൂട്ടിയിട്ടുള്ളത്. അതൊക്കെ വായിച്ചു ഓർത്തും ഒരിക്കൽ കൂടി ഞാൻ തളരരുത് എന്ന് കരുതിയാവും സിനു അങ്ങനെ പറഞ്ഞത്. ജെസിന്റെ ഓർമ്മകൾ എന്നെ തലോടുമ്പോൾ ഒക്കെ ഞാൻ ഇതെടുത്ത് നോക്കും. വായിച്ചു നോക്കാന്നും വിചാരിക്കും. പക്ഷെ ഒരിക്കൽ കൂടി തളരാൻ വയ്യാത്തോണ്ട് വേണ്ടാന്നു വെക്കും. ജീവിതാവസാനം വരെ എന്റെ കൂടെ ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിച്ച രണ്ട് പേർ.. ഒന്നെന്റെ ജെസി.. മറ്റൊന്ന് ഷാജഹാൻ.. രണ്ടാളും ഇന്നെന്റെ കൂടെയില്ല. ഈ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ച രണ്ട് വ്യക്തികൾ.. ഇന്ന് അവരുടെ ഓർമയ്ക്ക് ആയി ഇത് മാത്രമേ എന്റെ കയ്യിൽ ഉള്ളു. ഷാജഹാൻ നമ്മക്ക് നൽകിയ ആ ഗിഫ്റ്റ് തുറന്നു നോക്കിക്കൊണ്ട് എന്തെന്നില്ലാതെ നമ്മള് പൊട്ടി കരഞ്ഞു. ഷാജഹാനെക്കുറിച്ച് അസി നമ്മളോട് ചോദിച്ചത് ഒക്കെയും നമ്മളെ മനസ്സിലേക്ക് വരുകയാണ്.

ഷാജഹാനെ ഓർക്കുമ്പോൾ തന്നെ ഓന്റെ വാപ്പാന്റെ മുഖമാണ് ഓർമ വരുന്നത്. അത് കഴിഞ്ഞാൽ ജെസിനെയും.. ഒക്കെ കൂടി ആകുമ്പോൾ ഒരു പൊട്ടി കരച്ചിലും. ആ ഡയറിയും ഗിഫ്റ്റും നെഞ്ചോടു ചേർത്ത് വച്ച് എത്ര നേരം നമ്മളങ്ങനെ തേങ്ങി കരഞ്ഞുവെന്ന് അറിയില്ല. രാവിലെ ഉറക്കം എണീറ്റ്‌ നോക്കുമ്പോൾ ആ രണ്ട് സാധങ്ങളും നമ്മളെ ചേർന്ന് കിടപ്പുണ്ട്. രാത്രി എന്തൊക്കെയാ നമ്മള് കാട്ടി കൂട്ടിയതെന്ന് നമ്മക്ക് വരെ അറിയില്ല. നമ്മള് വേഗം അതൊക്കെ എടുത്തു വെച്ച് ഫ്രഷ് ആയി വന്ന് നിസ്കരിച്ചു താഴേക്ക് ഇറങ്ങി. ഇന്നും നമ്മള് ലേറ്റ് ആണ്. ഉമ്മച്ചിനോട് തിരക്കിട്ടു കാപ്പി ചോദിക്കുമ്പോഴാണ് നമ്മളെ നാഫിക്കുട്ടൻ അടുക്കളേലേക്ക് വരുന്നത്. "ഡീ.. കോളേജിലേക്ക് പോവാൻ ഉണ്ടെന്നൊരു ബോധം വേണം. അനക്കും രാവിലെ എഴുന്നേറ്റ് ഉമ്മച്ചിന്റുടെ അടുക്കളേൽ കയറിക്കൂടെ.. വയറ്റിലേക്ക് കാറ്റ് കയറുമ്പോൾ മാത്രം ഇങ്ങട്ട് ഇറങ്ങിയാൽ പോരാ.. കുറച്ച് നേരത്തെ എഴുന്നേറ്റുടെ അനക്ക്..?? ഒന്നുല്ലേലും ഇങ്ങനെ തിരക്ക് പിടിക്കേണ്ടല്ലോ..

അതെങ്ങനെയാ കുംഭ കർണ്ണൻറ്റെ കെട്ടിയോളാന്നാ ഓൾടെ വിചാരം " "ഡാ ചെർക്കാ.. അന്റെ കാര്യം നോക്കി നടന്നോ.. രാവിലെതന്നെ എന്നെ നന്നാക്കാൻ ഇറങ്ങിയതാ നീ..ഉമ്മച്ചി കഷ്ടപ്പെടണേൽ അനക്ക് അത്രക്കും ദണ്ടം ഉണ്ടെങ്കിൽ ഒരുത്തിനെ കെട്ടിക്കോണ്ട് വാടാ നീ.." "നിങ്ങക്ക് ഒക്കെ സമ്മതാണെങ്കിൽ ഞാൻ എപ്പോ ഒരുത്തിനെ കൊണ്ടന്നുന്ന് ചോദിച്ചാൽ പോരെ.. അല്ലുമ്മച്ചിയെ..ഇവിടത്തെ പണിയൊക്കെ എടുക്കാൻ ഒരുത്തി മതിയാവോ..അല്ല ഒരു രണ്ട് മൂന്നു പേര് വേണോ?? " നാഫിന്റെ സംശയം തീരുന്നതിനു മുന്നേ നമ്മളെ ഹസീനത്താ ചട്ടുകം എടുത്തോണ്ട് ഓന്റെ പിന്നാലെ ഓടി.ഇനി കളി ഓനും ഉമ്മച്ചിയും തമ്മിൽ ആയിക്കോളുന്ന് ഉറപ്പായോണ്ട് നമ്മള് സലാം പറഞ്ഞിറങ്ങി. അനുന്റെ വണ്ടി ഇന്ന് വൈകുന്നേരെ കിട്ടുള്ളു.അത് റിപ്പയർ ചെയ്യാൻ അന്ന് ആ പേടിത്തൊണ്ടൻറ്റെ കയ്യിന്ന് നമ്മള് കൈക്കലാക്കിയ കാശ് ഇപ്പൊ നമ്മളെ കയ്യിൽ ഇല്ല

.അനുനോട് എന്തെങ്കിലും പറഞ്ഞ് തടി തപ്പണം.അനുനെയും കൂട്ടി നമ്മള് കോളേജിലേക്ക് വിട്ടു.ഇന്ന് റെക്കോർഡ് വർക്ക്‌ ഒന്നും ഇല്ലാത്തോണ്ട് നമ്മളെ നാല് മെംബേർസും നമ്മളെ സ്ഥിരം പ്ലേസിലുണ്ട്.അജുന്റെ ഇരുത്തം കണ്ടിട്ടാണ് നമ്മക്ക് സഹിക്കാത്തത്.പാവം.. ഓന്റെ മൊഞ്ചത്തിന്റെ വരവും കാത്ത് കണ്ണിൽ എണ്ണ ഒഴിച്ച് ഇരിക്കയാണ് ചെക്കൻ.ഇനി ഓൻ പറഞ്ഞത് പോലെ ഓള് നമ്മളെ പേടിച്ചിട്ടാവോ വരാത്തെ.. അസി നമ്മളെ കണ്ടതും ചിരിക്കാൻ തുടങ്ങി.അതും അസ്സല് ഒരു ആക്കിച്ചിരി.അതെന്തിനാണെന്ന് നമ്മക്ക് മനസ്സിലായി.ഇതുവരെ അവരുടെയൊക്കെ മുന്നിൽ നമ്മളൊരു റഫ് പേർസൺ ആയിരുന്നു. എന്ന് വച്ചാൽ ഒരു വായിനോക്കിത്തരത്തിനോ പ്രേമത്തിനോ ഒന്നും അടിമ പെടാത്തവൾ.. ഏകദേശം കോളേജിൽ എല്ലാരുടെയും ലവ് പൊട്ടിച്ചു കയ്യിൽ വെച്ചു കൊടുക്കലാണ് നമ്മളെ മെയിൻ ഹോബി. അവരുടെ മുന്നിൽ നമ്മള് അത്രക്കും പ്രണയ വിരോധിയാണ്.

അങ്ങനെയുള്ള ഈ ഞാൻ ഒരാളെ പ്രണയിച്ചു എന്ന് അറിഞ്ഞതിലുള്ള കളിയാക്കലാണ് ഇപ്പൊ അസി നമ്മക്ക് നേരെ തൊടുത്തു വിട്ട ആ ചിരിയുടെ അർത്ഥം. റബ്ബേ ഇതിനി ഇവരോട് മൊത്തം പാട്ടാക്കി കാണുവോ.. ചെഹ്.. ആകെ നാണക്കേട് ആയിപ്പോയല്ലോ. ഇവരുടെ മുന്നിൽ ഒക്കെ എന്ത് ഡീസന്റ് ആയിരുന്നു നമ്മള്. ഇനി നമ്മളുടെ ചരിത്രം അസി ഇവറ്റകളോട് വിളമ്പി കൊടുത്തിട്ടുണ്ടെങ്കിൽ ഇവരുടെയൊക്കെ ലവ് സ്റ്റോറിക്ക് നമ്മള് സപ്പോർട്ട് നിക്കേണ്ടി വരും. വെറും സപ്പോർട്ട് മാത്രം ആയിരിക്കില്ല.. അസിയൊക്കെ ഓളെ ആവശ്യത്തിന് ഇനി ഈ പേരും പറഞ്ഞ് നമ്മളെ നല്ലോണം മുതലാക്കാൻ തുടങ്ങും. "എന്താടി അസി അനക്ക് ഒരു ചിരി.. ആ പേടിത്തൊണ്ടൻ ആദ്യേ വന്നോ അന്നെ കാണാൻ?? " "ഓൻ നമ്മളെ കാണാൻ വന്നാൽ നമ്മള് ഇങ്ങനെ സന്തോഷിക്കോ നൂറാ.. അതിനേക്കാളും ഒക്കെ സന്തോഷം അന്റെ കാര്യം ഓർത്തിട്ടാ.. എന്നാലും ഇന്റെ നൂറാ.. അന്നെ ഞാൻ ഇങ്ങനൊന്നും വിചാരിച്ചില്ലാട്ടോ.. എന്തൊക്കെ ആയിരുന്നു.. ആരെയും പ്രേമിക്കാൻ പാടില്ല..

അതൊക്കെ വെറും ടൈം പാസ്സാണ്.. ഉപ്പച്ചിനെയും ഉമ്മച്ചിനെയും ചതിക്കലാണ്.. അതൊക്കെ പാടി നടന്നോണ്ടിരുന്ന അന്റെ മനസ്സിൽ പണ്ടേ ഒരു മുഹബ്ബത്ത് വിരിഞ്ഞിട്ടുണ്ടായിരുന്നുന്ന് നമ്മക്ക് അറിയണത് ഇന്നലെയല്ലേ... " അസ്‌നന്റെ വർത്താനം തീരണയിനു മുന്നേ നമ്മള് ഓളെ കാലു നോക്കിയൊരു ചവിട്ട് കൊടുത്തു. ""എന്റ്റുമ്മാ... !!"" ഓളെ വർത്താനവും അലർച്ചയും ഒക്കെ കേട്ട് നമ്മളെ ബാക്കി ചങ്ങായിസ് കാര്യം എന്താണെന്ന് അറിയാതെ തൊള്ളയും തുറന്നു നമ്മളെയും അസിനെയും മാറി മാറി നോക്കി. നാലും കൂടി നമ്മളെ വളഞ്ഞിട്ട് ആക്രമിക്കാൻ തുടങ്ങി. അസി പറഞ്ഞത് എന്താ നമ്മക്ക് ഒന്നും മനസ്സിലായില്ലാന്നും പറഞ്ഞ് അഖി നമ്മളെ ചുറ്റി. നമ്മള് അസിനെ തുറുക്കനെ നോക്കിയപ്പോൾ ഓള് പേടിച്ച് അടവ് മാറ്റി. "അത്..... എന്താ.. അഖി..?? അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ... " "നീ ഒന്നും പറഞ്ഞില്ലേ.. അപ്പൊ നീ ഇപ്പൊ പറഞ്ഞതോ?? എന്താടി നിങ്ങള് തമ്മിൽ നമ്മള് അറിയാതെയൊരു സീക്രെട്.. "

"ഹേ.. പറഞ്ഞോ.. ഞാൻ എന്തേലും പറഞ്ഞോ നൂറാ... ഹാ... പറഞ്ഞു.. അത് ഒന്നുല്ല അഖി... അത് ഞാൻ വെറുതെ... അല്ലെ നൂറാ... അതേ... നൂറാനോട് ചോദിച്ചേ.. " "മതി.. നിങ്ങളൊക്കെ ഒന്ന് നിർത്തുന്നുണ്ടോ.. ദേ എന്റെ മൊഞ്ചത്തി വരുന്നുണ്ട്.. നിങ്ങളെ അലർച്ച കേട്ട് അവളിനി ഇവിടുന്ന് തന്നെ തിരിച്ചു പോവോന്നാണ് എന്റെ പേടി. ഒരിക്കൽ പേടിപ്പിച്ചു വിട്ടതിന്റെ ഡോസ് തീർന്നു അവള് കോളേജിലേക്ക് വരാൻ രണ്ട് ദിവസം എടുത്തു. ഇനിയും നിങ്ങൾ അങ്ങനെ ചെയ്യല്ലേ ദുഷ്ടമാരെ.. പ്ലീസ്.. ഒന്ന് മിണ്ടാതെ ഇരുന്നെ എല്ലാരും.." അജുന്റെ വർത്താനം കേട്ട് നമ്മള് വായും പൊളിച്ചു ഓനെ നോക്കി നിന്നു.എന്നിട്ട് നമ്മള് ഗേറ്റ്ന്റെ അവിടേക്ക് നോക്കി. അപ്പൊ അതാ വരുന്നു ഓന്റെ മൊഞ്ചത്തി. നമ്മളോട് ദേഷ്യപ്പെട്ടെങ്കിലും ഓന്റെ മുഖത്ത് വരുന്ന നാണം കണ്ടു നമ്മക്ക് ചിരി അടക്കാൻ പറ്റിയില്ല. "ഡാ അജു.. അന്റെ പെണ്ണിന് തീരേ അനുസരണ ഇല്ലല്ലോ.. ഓളോട് നമ്മള് സാരി ഉടുത്തോണ്ട് പോരാൻ അല്ലെ പറഞ്ഞെ.. ആദ്യത്തെ രണ്ട് ദിവസം വരാതെ ഇരിക്കുമ്പോൾ നമ്മള് കരുതി പേടിച്ചിട്ടുണ്ടാവുമെന്ന്..

ദേ എന്നിട്ട് ഇന്ന് വന്നത് നോക്കിയേ.. അപ്പൊ പേടിച്ചിട്ടു വരാത്തത് അല്ല... ഓൾക് നമ്മളെ അനുസരിക്കാൻ പറ്റോ ഇല്ലയോന്ന് നമ്മക്ക് ഒന്ന് അറിയണോല്ലോ.. " "വേണ്ട നൂറാ... വിട്ടേക്കെടി.. വെറുതെ അവളെ പേടിപ്പിക്കാൻ നിക്കണ്ട.. അവള് അവൾടെ ഇഷ്ടം പോലെ ചെയ്തോട്ടെ.. ഇന്നും നീ അവളെ പേടിപ്പിച്ചാൽ അവൾ ഇനിയും രണ്ടുസം വരില്ലെടി.. അവളെ ഈ രണ്ടു ദിവസം കാണാത്തതിന്റെ വേദന ഇപ്പോഴും എനിക്ക് തീർന്നിട്ടില്ല. " "ഒന്ന് പോടാ ചെർക്കാ.. അന്റെ പെണ്ണിനെ ഞാൻ ഒന്നും ചെയ്യൂലാ.. ഒന്ന് ഡീപ്പ് ആയി പരിചയപ്പെടണം. അത്രേയുള്ളൂ.." ന്നും പറഞ്ഞ് നമ്മള് ഓളെ നമ്മളടുത്തേക്ക് വിളിച്ചു.നമ്മള് വിളിക്കേണ്ട താമസം ഓള് ഓൾടെ കൂടെ ഉള്ളോളെയും കൂട്ടി പുഞ്ചിരിച്ചോണ്ട് നമ്മളടുത്തെക്ക് വന്നു. "എന്താ മോളെ.. അനക്ക് ഞങ്ങള് പറഞ്ഞതൊന്നും ഓർമയില്ലേ..അന്നോട് എന്ത് ധരിച്ചോണ്ടാ ഇന്ന് വരാൻ പറഞ്ഞത്..??"

"അത്...അത് ഇത്താത്താ...." "ഹാ..എന്താ സീനിയർസ്നെ തീരേ ബഹുമാനം ഇല്ലാലോ.. എവിടെ പോയതാ രണ്ടു ദിവസം..? " അസിയാണ്. "അത് എനിക്ക് പനി യായിരുന്നു ഇത്താ.." "അതൊക്കെ പോട്ടെ.. എന്താ ഇയ്യ് സാരി ഉടുക്കാത്തെ..സാരി ഉടുത്തോണ്ട് വന്നാൽ മതിന്ന് അന്നോട് നമ്മള് പ്രത്യേകം പറഞ്ഞതല്ലേ.." "അത് ഇത്താത്ത.... ഇന്റെ ഇക്കാക്ക സമ്മതിക്കാത്തോണ്ടാ..നമ്മള് സാരി ഉടുക്കാൻ തയ്യാറായിരുന്നു.. പക്ഷെ നമ്മളെ ഇക്കാക്ക നമ്മളെ അനുവദിച്ചില്ല.. ഇയ്യ് സാരി ഉടുക്കാൻ ഒന്നും ആയിട്ടില്ല, കോളേജിൽ പോവുമ്പോൾ അതിന്റെ മര്യാദയിൽ ഒക്കെ പോയാൽ മതിന്നും പറഞ്ഞ് നമ്മളോട് ഇക്കാക്ക വഴക്ക് ഉണ്ടാക്കി.അതോണ്ടാ ഇത്താത്താ...."

പെണ്ണ് ഒരു കൂസലുമില്ലാതെ നമ്മളെ മുഖത്തേക്ക് നോക്കി പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞു.ഓളെ മറുപടി കേട്ട് നമ്മക്ക് വല്ലാതെ ആയെങ്കിലും അജു ചിരിച്ച് മണ്ണ് തുപ്പാണ്. "ആര്..അന്റെ ഷാജഹാനോ..?? അന്റെ ഷാജഹാനാണോ അന്നോട് സാരി ധരിക്കണ്ടാന്ന് പറഞ്ഞത്.?? " നമ്മളൊരു ആകാംഷയോടെ ചോദിച്ചു. നമ്മളെ ചോദ്യം തീർന്നതും സിനു നമ്മളെ കയ്യിൽ പിടിച്ച് വലിച്ചോണ്ട് അവിടന്ന് മാറി നിന്നു. "എന്താ നിന്റെ ഉദ്ദേശം??എന്താ നിന്റ്റെ മനസ്സില്?? പറ... പറയെടി.. " അപ്രതീക്ഷിതമായ സിനുന്റെ പ്രവർത്തിയും ചോദ്യവും ഭാവ മാറ്റമൊക്കെ കണ്ട് ഒന്നും മനസ്സിലാവാതെ നമ്മള് ഞെട്ടി തരിച്ചു നിന്ന് പോയി...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story