💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 29

khalbil nee mathram

രചന: ഷംസീന ഫിറോസ്

എന്താണ് ഷാനുനെ കുറിച്ച് മുബിക്ക പറയാൻ പോകുന്നത് എന്ന് ചിന്തിച്ചു നമ്മളെ ഉള്ള് നീറി കൊണ്ടിരുന്നു. വീണ്ടും ആ കണ്ണുനീരിനെ അടക്കി പിടിച്ചു കൊണ്ട് ഒരു ശ്വാസം വലിച്ചു വിട്ട് മുബിക്ക നമ്മളെ മുന്നിന്ന് മാറി കൊണ്ട് തുടർന്നു. "എന്റെ ഷാനു... അവസാനമായി ഉമ്മാനെ ഒരു നോക്കു കാണാൻ പോലും എന്റെ ഷാനുന് കഴിഞ്ഞിട്ടില്ല.. അവസാന നാളുകളിൽ ഉമ്മ കൂടെ കൂടെ ചോദിച്ചത് ഷാനുനെയും നിങ്ങളെയും മാത്ര മാണ്‌..അപ്പോഴേക്കും എല്ലാം കൊണ്ട് വിധി എനിക്കും ഷാനുനും എതിരായി വന്നു. നിന്നോട് ഞാൻ പറഞ്ഞിരുന്നില്ലേ,, ഗൾഫിൽ ഉള്ള എന്റെ ആപ്പാനെയും ഫാമിലിയെയും കുറിച്ച്.അന്ന് ഷാനുൻറെ കൂടെ നാട്ടിലേക്ക് വരാൻ തയാറെടുത്ത് നിന്നിരുന്ന അവരെയും പടച്ചോൻ എന്നെന്നേക്കുമായി തിരിച്ചു വിളിച്ചു.കുറച്ച് സാധനങ്ങൾ വാങ്ങാനായി ആപ്പയും ആമായും രാവിലെ ഷാനുനോട് പെട്ടെന്ന് വരാന്ന് പറഞ്ഞ് പുറത്തേക്ക് പോയതാ.

പിന്നീട് അവൻ അറിയുന്നത് അവർ ഐ സി യുവിൽ ഉണ്ടെന്ന വാർത്തയാണ്.ആക്‌സിഡന്റ് ആയിരുന്നു.ഒരിറ്റു ശ്വാസത്തിനു വേണ്ടി അവിടുത്തെ ഹോസ്പിറ്റലിൽ മരണത്തോട് മല്ലിട്ടു കിടക്കുന്ന സ്വന്തം കൂടപ്പിറപ്പികളുടെ അവസ്ഥ കണ്ട് തളർന്നാണ് ഷാനു അന്നെന്നെ വിളിച്ചത്.ആകെ നിസ്സഹായനായി നിൽക്കുന്ന അവനോട് ഉമ്മാന്റെ അവസ്ഥ വളരെ മോശമാണെന്ന് പറയാൻ എനിക്ക് സാധിച്ചില്ല...ആ അവസ്ഥയിൽ അവരെ അവിടെ വിട്ടിട്ട് പോരാൻ ഷാനുന് ആവില്ലല്ലോ..ഞാൻ ഇവിടെ ഉമ്മാന്റെ ജീവനു വേണ്ടിയും ഷാനു അവിടെ അവരുടെ ജീവന് വേണ്ടിയും..... അപ്പോഴേക്കും ഉമ്മിൻറെ അവസ്ഥ ഇവിടെ കൂടുതൽ വഷളായി കഴിഞ്ഞിരുന്നു.ഷാനുനോട് എല്ലാം തുറന്നു പറയുമ്പോൾ ഒരു വാവിട്ട കരച്ചിൽ മാത്രമാണ്‌ അന്നെനിക്ക് കേൾക്കാൻ കഴിഞ്ഞത്.

അപ്പോഴും ഉപ്പാന്റെ വാശി കുറഞ്ഞില്ല.ഉമ്മാന്റെ മരണത്തിൽ ആകെ തളർന്ന ഞാൻ പിന്നീട് എന്ത് ചെയ്യണമെന്ന് അറിയാതെയായി.അപ്പോഴാണ് ജെസിൻറെ നിക്കാഹ് ഉറപ്പിച്ച കാര്യം അറിഞ്ഞത്.രണ്ടും കല്പിച്ചു നിങ്ങളെ വീട്ടിലേക് വന്ന് അവളെ ഇറക്കി കൊണ്ട് വരാൻ ആയിരുന്നു അന്ന് തീരുമാനിച്ചത്.എന്തായാലും നിന്റെ മൂത്താപ്പൻറെ സമ്മതപ്രകാരം അവളെ എനിക്ക് കിട്ടില്ലെന്ന്‌ എനിക്ക് അറിയാമായിരുന്നു. അപ്പോഴാണ് ഷാനു വിളിച്ച് അവിടുത്തെ കാര്യങ്ങൾ പറഞ്ഞ് വീണ്ടും പൊട്ടി കരഞ്ഞത്. ജെസിനോട് ഇക്കാക്ക് വേണ്ടി കാത്തിരിക്കാൻ പറ, ഇപ്പൊ ഈ അവസ്ഥയിൽ ജെസിനെ കൂടി ഒപ്പം കൂട്ടിയാൽ കാര്യങ്ങൾ കൂടുതൽ മോശമാവും.,, ഉറപ്പായും ജെസി നിങ്ങക്ക് വേണ്ടി കാത്തിരിക്കും മുബിക്കാന്ന് പറഞ്ഞ അവന്റെ ആശ്വാസ വാക്കുകൾ... പിറ്റേന്ന് തന്നെ എനിക്കും ഉപ്പാക്കും തിരിച്ചു പോകാനുള്ള ടിക്കറ്റ്‌ ഉപ്പ റെഡി ആക്കി കഴിഞ്ഞിരുന്നു. ആ അവസ്ഥയിൽ ഉപ്പാനെ ധിക്കരിക്കണ്ടാന്ന് കരുതി അന്ന് ഉപ്പാന്റെ കൂടെ ചെന്നു,

ഷാനുന് ആ സമയത്ത് എന്റെ സാമീപ്യം അത്യാവശ്യമാണെന്ന് തോന്നിയതോണ്ട്..എങ്ങനേലും ഉപ്പാനെ അവിടെ ആക്കി ഷാനുനെയും കൂട്ടി ഒരാഴ്ച്ചക്കുള്ളിൽ തന്നെ നാട്ടിലേക്ക് തിരിക്കണമെന്ന് ഉറപ്പിച്ചു കൊണ്ടാണ് അന്ന് ഇവിടുന്ന് പറന്നത്. അവിടെയും വിധി എന്നെ തളർത്തി. ഞങ്ങൾ എത്താൻ കാത്തു നിന്നത് പോലെ ഐ സി യുവിൽ കിടക്കുന്ന ആ രണ്ട് ജീവനും നിലച്ചു. എല്ലാം നഷ്ടപ്പെട്ടു തളർന്നിരിക്കുന്ന ആ നേരത്ത് ആണ് ഇവിടുത്തെ ഒരു ഫ്രണ്ട് വഴി ജെസിൻറെ നിക്കാഹ് കഴിഞ്ഞുന്ന് അറിഞ്ഞത്. നിക്കാഹ് ഉറപ്പിച്ചുന്നല്ലാതെ അത്ര വേഗം ഉണ്ടാവുമെന്ന് ഞാൻ കരുതിയതല്ല.. എല്ലാം നഷ്ടപെട്ട എനിക്ക് ഷാനു മാത്രമേ കൂട്ടുണ്ടായിരുന്നുള്ളു.. ജെസിനെ സ്വന്തമാക്കാൻ കഴിയാത്ത ഈ നാട്ടിലേക് ഇനിയൊരു തിരിച്ചു വരവില്ലാന്ന് കരുതിയതാണ്.. എന്നിട്ടും.... "

ഒരു ഏറ്റു പറച്ചില് പോലെ ഒക്കെയും പറഞ്ഞു കഴിഞ്ഞ് മുബിക്ക നമ്മക്ക് മുഖം തരാതെ തേങ്ങി കരഞ്ഞു കൊണ്ടേയിരുന്നു. "തെറ്റാണ് ഞാൻ ചെയ്തത്. എനിക്ക് തെറ്റ് പറ്റിപ്പോയി നൂറാ.. അന്ന് പോകുന്നതിന് മുന്നേ ഒരു തവണ എങ്കിലും ജെസിനെ കാണാൻ ഞാൻ വരണമായിരുന്നു,, എനിക്ക് വേണ്ടി കാത്തിരിക്കണമെന്ന് പറയണമായിരുന്നു. ഒരുപക്ഷെ അന്ന് ഞാൻ അങ്ങനെയൊരു വാക്ക് പറഞ്ഞിരുന്നെങ്കിൽ അവള് എനിക്ക് വേണ്ടി കാത്തിരുന്നേനെ,, ഇന്നവൾ എന്റെ കൂടെ ഉണ്ടാകുമായിരുന്നു.. " "ഇല്ല മുബിക്കാ.. അവള് നിങ്ങക്ക് വേണ്ടി കാത്തിരിക്കില്ലായിരുന്നു.. ഈ ലോകത്ത് എന്നെക്കാളും കൂടുതലായി അവള് സ്നേഹിച്ചതു നിങ്ങളെയാണ്.ആ സ്നേഹം സത്യവുമായിരുന്നു..പക്ഷെ ഒരിക്കലും മൂത്താപ്പൻറെ വാക്കുകൾ മറി കടന്ന് കൊണ്ട് അവള് നിങ്ങക്ക് വേണ്ടി കാത്തിരിക്കില്ലായിരുന്നു..

എന്ത് കാര്യത്തിലും ഞാൻ പറയുന്നത് മാത്രം അനുസരിക്കുന്ന അവള് ആദ്യമായാണ് എന്നെ പോലും വേദനിപ്പിച്ചു കൊണ്ട് അന്ന് ആ തീരുമാനം എടുത്തത്.അതും സ്വന്തം ഉപ്പാക്ക് വേണ്ടി..അവളുടെ ജീവിതം വെച്ചാണ് അവൻ കളിക്കുന്നതെന്ന് അറിഞ്ഞിട്ടും മൂത്താപ്പനെ ധിക്കരിക്കാനോ വേദനിപ്പിക്കാനോ കഴിയില്ല എന്ന് പറഞ്ഞാണ് അന്ന് അവള് ആ നിക്കാഹിന് സമ്മതിച്ചത്.നിങ്ങക്ക് അറിയുന്നതല്ലേ എന്റെ ജെസിനെ.. മുബിക്കാക്ക് അറിയില്ലേ അവളെ..അവക്ക് ആരെയും വേദനിപ്പിക്കാൻ പറ്റില്ലെന്ന് നിങ്ങക്ക് അറിയുന്നതല്ലേ മുബിക്കാ..അവള് പോയി..നൂറാനെ തനിച്ചാക്കി ജെസി പോയി..ഇന്നവളില്ലാ.." "കരയല്ലേ നൂറാ...കരയാതെ.. അന്നൊരു ഫ്രണ്ട് വഴി ജെസിൻറെ മരണ വാർത്ത അറിഞ്ഞു സമനില തെറ്റിയതാണ്..ആ അവസ്ഥയിൽ നിന്ന് എങ്ങനെയാണ് ഞാൻ കര കയറിയതെന്ന് റബ്ബിന് മാത്രം അറിയാം. ജെസിൻറെ മരണം മറ്റാരേക്കാളും കൂടുതലായി നിന്നെ തളർത്തിയിരുന്നു എന്നെനിക്കറിയാം"

"പടച്ചോൻറ്റെ വിധി ഇതായിരിക്കാം മുബിക്കാ.. പോട്ടെ,, ഒക്കെയും കഴിഞ്ഞില്ലേ.. വെറുതെ എന്തിനാ ഒരിക്കൽ കൂടി.... " വിങ്ങി പൊട്ടുന്ന മനസ്സിനെ നിയന്ത്രിച്ചു നമ്മള് ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. "അതൊക്കെ പോട്ടെ മുബിക്കാ.. ഇങ്ങക്ക് സുഖല്ലേ..?? എന്ത് കോലമാ മുബിക്കാ ഇത്?? എന്ത് മൊഞ്ചുള്ള മനുഷ്യനാർന്നു. ഇപ്പൊ നോക്കിയാട്ടെ.. ആകെ ഒരുമാതിരി ആയേക്കണല്ലോ.. ഇപ്പൊ ഇങ്ങളെ കണ്ടാൽ ഒരു അഡാറ് തേപ്പ് കിട്ടിയതാണെന്നേ പറയുള്ളു.. ഹ.. ഹാ.. ആട്ടെ.. എന്റ്റെ ജെസിൻറെ സ്ഥാനത്തേക്ക് ആരേലും വന്നോ..??ഇനി ആർക്കാണാവോ ആ ഭാഗ്യം.. ഇവിടുന്നു പോയതിൽ പിന്നെ എനിക്ക് പകരം വേറെ പെങ്ങളുട്ടിയെ കിട്ടിയോ നിങ്ങക്ക്..?? " ഒരു കൂട്ടം ചോദ്യങ്ങൾക്ക് വിശാദം കലർന്ന ഒരു പുഞ്ചിരിയാണ് മുബിക്ക ആദ്യം നൽകിയത്. "നീ ഒട്ടും മാറിയിട്ടില്ല.. ആ പഴയ നൂറ തന്നെ.,, അതേ വായാടിത്തരം,, അതേ ചിരി... ഉള്ളിൽ ഇത്രയൊക്കെ നീറ്റൽ ഉണ്ടായിട്ടും പുറമെ ഇങ്ങനെ ചിരിക്കാൻ നിനക്ക് മാത്രെ പറ്റൂ നൂറാ.. നിന്നെ പോലൊരു പെണ്ണ് ഈ ലോകത്ത് വേറെ ഉണ്ടാവില്ല.. എന്റ്റെ പെങ്ങളുടെ ഈ ചിരിക്കുന്ന മുഖമാണ്‌ മുബിക്കാക്ക് ഇനി എപ്പോഴും കാണേണ്ടത്.." ന്നും പറഞ്ഞ് മുബിക്ക നമ്മളെ ചേർത്ത് പിടിച്ചു തലോടി.

അപ്പോഴാണ് മുബിക്കാക്ക് ഒരു ഫോൺ കാൾ വന്നത്.അത് അറ്റൻഡ് ചെയ്യാതെ മുബിക്ക പേഴ്സിൽ നിന്ന് ഒരു കാർഡ് എടുത്ത് നമ്മക്ക് നേരെ നീട്ടി. "ഇതാണ് എന്റെ അഡ്രസ്..ഓഫീസിലെയാണ്.ഈ ഇക്കാനെ കാണാൻ തോന്നുമ്പോൾ ഒക്കെ വന്നോളു.. എന്ത് ആവശ്യമുണ്ടെങ്കിലും മുബിക്കന്റെ അടുത്തേക്ക് വരില്ലേ നീ?? ആവശ്യമുണ്ടെങ്കിൽ മാത്രമല്ല,, അല്ലെങ്കിലും ഇക്കാനെ കാണാൻ വരണം.ഇപ്പൊ ഞാൻ പോവാ..കുറച്ച് തിരക്കുണ്ട്.ഓഫീസ്ന്നുള്ള കാൾ ആണ്..വരട്ടെ നൂറാ..." നമ്മക്ക് നല്ലൊരു പുഞ്ചിരിയും കൂടി സമ്മാനിച്ചു മുബിക്ക പോയി.മുബിക്ക പോയിട്ടും നമ്മക്ക് അവിടുന്ന് അനങ്ങാൻ പറ്റുന്നില്ലേനു..മുബിക്കന്റെ കഥ കേട്ട വിഷമം ഇപ്പോഴും മാറിയില്ല.അന്ന് എന്റെ വീട്ടുകാരൊക്കെ പറഞ്ഞത് മുബിക്ക ജെസിനെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടല്ല എന്നാണ്,, അങ്ങനെ ആയിരുന്നെങ്കിൽ വീണ്ടുമൊരിക്കൽ കൂടി അവൻ ഇവിടേക്ക് വന്നേനെ എന്ന്.. പക്ഷെ ഇത്രയൊക്കെ വേദന ഉള്ളിൽ നിറച്ചു കൊണ്ടാണ് മുബിക്ക ഗൾഫിലേക്ക് പറന്നതെന്ന് ആർക്കും അറിയില്ലല്ലോ..

മുബിക്കാക്ക് നഷ്ട്ങ്ങൾ മാത്രെ സംഭവിച്ചുള്ളു. സ്വന്തം ഉമ്മി, ജീവന് തുല്യം സ്നേഹിച്ച പെണ്ണ്, വേറെയും കൂടപ്പിറപ്പുകൾ... ഇന്ന് നമ്മള് കോളേജിലേക്ക് വന്നത് തന്നെ സിനുനോട് മുബിക്കന്റെ കാര്യങ്ങളൊക്കെ തുറന്നു പറയാനാണ്. ഒന്നുല്ലെങ്കിലും മുബിക്കാനെ അവൻ എപ്പോഴെങ്കിലും കുറ്റക്കാരൻ ആയി കണ്ടിട്ടുണ്ടെങ്കിൽ അത് മാറട്ടെന്ന് കരുതിയാണ്. പക്ഷെ ഓന്റെ ഇന്നലത്തെ കലിപ്പ് ഇതുവരെ മാറിയില്ല. അവന് മാത്രമാണോ ദേഷ്യം?? ഇന്നലെ രാവിലെ നമ്മളെ ഓൻ എന്തൊക്കെയാ പറഞ്ഞത്. ആ പൂച്ച കണ്ണൻ നാറിൻറെ കാര്യം പറഞ്ഞ് അവൻ നമ്മളോട് നല്ലോണം ചൂടായതല്ലേ.. നൂറയും വിട്ടു കൊടുക്കാൻ തയാറാല്ല. നമ്മള് നല്ല കട്ടക്ക് തന്നെ ഓനോട്‌ ഉള്ള ദേഷ്യം പിടിച്ചു നിന്നു. നമ്മള് ഒരു വകയ്ക്കും വിട്ടു കൊടുക്കില്ലാന്ന് ഉറപ്പായപ്പോൾ സിനു നമ്മളെ തോണ്ടാൻ വന്നു. നമ്മള് ഓനെ തീരെ മൈൻഡ് വെച്ചില്ല. ഓൻ പിന്നെയും എന്തൊക്കെയോ ചളി പറഞ്ഞോണ്ട് നമ്മളെ പുറകെ വന്നു. കമ ന്നൊരക്ഷരം പോലും നമ്മള് ഓനോട്‌ മിണ്ടിയില്ല.

എന്റെയും സിനുന്റെയും കാട്ടി കൂട്ടലുകളും കോപ്രായങ്ങളും കണ്ട് നമ്മളെ നാല് ചങ്ങായീസും പൊരിഞ്ഞ ചിരിയിലാണ്. എന്ത് വന്നാലും വിട്ടു കൊടുക്കില്ലാന്നു കരുതി എയർ പിടിച്ചു നിക്കുമ്പോഴാണ് സിനു നമ്മളെ നേർക്ക്‌ ഒരു കവർ നീട്ടിയത്. നമ്മളതു വാങ്ങാതെ ഓനെയൊന്നു പുച്ഛിച്ചിട്ടു മുഖം തിരിച്ചു കളഞ്ഞു. ഓൻ വീണ്ടും അത് നമ്മക്ക് നേരെ നീട്ടിയപ്പോൾ നമ്മള് വീണ്ടും അത് തന്നെ ചെയ്തു. "ഡീീീ പുല്ലേ.. പിടിക്കെടി.. " കലിപ്പൻ സിനുൻറെ മൂഡ് വീണ്ടും കലിപ്പിലേക്ക് മാറിയപ്പോൾ നമ്മളറിയാതെ തന്നെ നമ്മളെ കൈകൾ അത് വാങ്ങിച്ചു. "നൂറാൻറെ പത്തി ഒന്ന് താഴണമെങ്കിൽ സിനു തന്നെ വിചാരിക്കണം.. അല്ലെ നൂറോ.." അസിയാണ്. "അത് കറക്റ്റാട്ടോ അസി.. ആകെ കൂടെ ഇവളൊന്ന് തോറ്റു കൊടുക്കുന്നത് ഇവന്റെ മുന്നിൽ മാത്രമാ.. " അഖിയാണ്. നാലും കൂടി നമ്മളെ ഇറച്ചി തിന്നു തീർത്തു.. ഇപ്പോൾ സിനുവും നമ്മളെ നോക്കി പൊട്ടിച്ചിരിയാണ്. നമ്മള് കാര്യം അറിയാതെ അഞ്ച് എണ്ണത്തിനെയും മാറി മാറി നോക്കി. "തുറന്നു നോക്കെഡീ..." സിനുൻറെ ആഞ്ജ പ്രകാരം നമ്മളതും ചെയ്തു.കവർ തുറന്നു നോക്കിയ നമ്മള് ആകെ വണ്ടർ അടിച്ചു പോയി..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story