💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 31

khalbil nee mathram

രചന: ഷംസീന ഫിറോസ്

"ങ്ങേ... ഇവനോ?? എന്ത് തെറ്റാ റബ്ബേ ഞാൻ നിന്നോട് ചെയ്തത്?പടച്ചോനെ,, ഈ നാറിൻറെ കയ്യിന്നു എന്നെ കത്തോളി.. " എങ്ങോട്ട് തിരിഞ്ഞു മറിഞ്ഞാലും ഈ പൂച്ച കണ്ണൻ ജന്തുൻറെ മുന്നിലേക്ക് ആണല്ലോ പടച്ചോനെ ഇങ്ങള് എന്നെ തള്ളി ഇടണത്.നമ്മളെ കണ്ട ഓൻ നമ്മളെ നേർക്ക്‌ ചവിട്ടു നാടകം നടത്തുമെന്ന് കരുതിയ നമ്മക്ക് തെറ്റി.പകരം ഞമ്മളെ ഞെട്ടിച്ചു കൊണ്ട് മൂക്കത്ത് വിരലും വെച്ച് നിന്ന് ഓൻ നമ്മളെ നോക്കി പൊട്ടിച്ചിരിയാണ്.ഈ പഹയന് ഇങ്ങനൊക്കെ ചിരിക്കാൻ അറിയോ? ഇന്ന് നല്ല അഡാറ് ലുക്കിൽ ആണല്ലോ തെണ്ടി.ൻറെ റബ്ബേ!! ന്തൊരു മൊഞ്ചാണ് ഈ ജന്തുൻറെ ചിരിക്ക്.. ചേഹ്.. ഓന്റെ മൊഞ്ചാണോ ഇപ്പോഴത്തെ നമ്മളെ വിഷയം?? ഓന്റെ ആ നിർത്തവും ചിരിയും ഒക്കെ കണ്ട് നമ്മള് ഓനെ രൂക്ഷമായി നോക്കി. "എന്താടോ ഇത്രക്കും കിണിക്കാൻ??

അന്റെ കെട്ടിയോള് പെറ്റു കിടക്കാണോ ഇവിടെ?? " എവിടെ?? ഓന്റെ ഹലാക്കിലെ ചിരി കൂടുന്നതല്ലാതെ കുറയണില്ല.ഓൻ തലങ്ങും വിലങ്ങും ചിരിച്ചോണ്ട് നമ്മളെ അടുത്തേക്ക് വന്നു നിന്നു.എന്നിട്ട് നമ്മളെ മൊത്തത്തിൽ ഒന്ന് നോക്കിട്ട് പുച്ഛിക്കാൻ തുടങ്ങി.നമ്മള് ആണെങ്കിൽ വീണു കിടക്കുന്ന ചെളിയിൽ നിന്നും എഴുന്നേൽക്കാൻ പറ്റാതെ ഊരയ്ക്കും കൈ കൊടുത്ത് ഇരിപ്പാണ്.ദേഹം മൊത്തം വേദനിച്ചിട്ട് നമ്മക്ക് ഒന്നും പറയാനും വയ്യാ.നമ്മള് ഓനെ രൂക്ഷമായി നോക്കിക്കൊണ്ട് തന്നെ പതിയെ എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി നോക്കി.നമ്മള് കിടക്കുന്ന ചളിയിൽ തന്നെ ചവിട്ടി നമ്മളെ കാല് വഴുതി.ദേ നമ്മള് വീണ്ടും കിടക്കുന്നു.. "ൻറെ പടച്ചോനെ..." നമ്മളെ അലർച്ച കേട്ട് ആ നാറി തലയും ചൊറിഞ്ഞോണ്ട് മാനത്തേക്ക് നോക്കി നില്ക്കാണ്.നമ്മക്ക് ആണെങ്കിൽ ആകെ കൂടെ വേദനയും ചമ്മലും സഹിക്ക വയ്യാണ്ട് കണ്ണ് നിറയാൻ തുടങ്ങി.

നമ്മള് താഴേക്ക് നോക്കി അവിടെ തന്നെ ഇരിക്കുമ്പോൾ ആണ് നമ്മളെ മുന്നിലേക്ക് ഒരു കൈ നീളുന്നത്.നമ്മള് മുഖം ഉയർത്തി നോക്കുമ്പോ ഓൻ പുഞ്ചിരി തൂകിക്കൊണ്ട് നമ്മക്ക് നേരെ കൈ നീട്ടുകയാണ്.നമ്മളൊരു ലോഡ് പുച്ഛവും വിതറി കൊണ്ട് ഓന്റെ കയ്യും തട്ടി മാറ്റി വീണ്ടും എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി നോക്കി.എവടെ?? വീണിടത്ത് നിന്ന് അനങ്ങാൻ പോലും നമ്മക്ക് പറ്റുന്നില്ലേനു.അത്രക്കും ശരീരം വേദനിക്കുന്നുണ്ട്.നമ്മളെ ഈ കളിയൊക്കെ കണ്ട് ഓൻ വീണ്ടും നമ്മക്ക് നേരെ കൈ നീട്ടി.ഇനിയും എയർ പിടിച്ചോണ്ട് നിന്നാൽ ഇവിടെ തന്നെ കിടക്കേണ്ടി വരുമെന്ന് തോന്നിയതോണ്ട് നമ്മള് ഓന്റെ മുഖത്തേക്ക് നോക്കാതെ തന്നെ കൈ പിടിച്ച് എഴുന്നേറ്റു. എഴുന്നേറ്റിട്ടും നമ്മക്ക് ഒന്ന് ശരിക്ക് കാല് കുത്തി നിക്കാൻ വരെ പറ്റുന്നില്ല.അതെങ്ങനെയാ അതുപോലെത്തെ വീഴ്ചയല്ലേ വീണത്.

ഇവിടെ ഒരുത്തൻറ്റെ ഈ പുച്ചിക്കലൊക്കെ കണ്ടിട്ട് നമ്മക്ക് ആകെ ചൊറിഞ്ഞു കേറുന്നുണ്ട്. "നിന്നോട് എത്ര തവണ ഞാൻ പറഞ്ഞതാഡി കുറച്ച് അടക്കത്തോടും ഒതുക്കത്തോടും കൂടി നടന്നോളാൻ..അത് അനുസരിച്ചിരുന്നേൽ ഇപ്പൊ ഇങ്ങനെ നടു റോഡിൽ ചക്ക വെട്ടിട്ട പോലെ കിടക്കേണ്ടി വരുമായിരുന്നോ??പറ്റുന്ന പണിക്ക് പോയാൽ പോരെ,,, ഒരു ബുള്ളറ്റും കൊണ്ട് ഇറങ്ങിയേക്കുന്നു..ഇതൊക്കെ നല്ല ചുണകുട്ടികൾക്ക് പറഞ്ഞിട്ടുള്ളതാ.. " "നിർത്തെഡോ... കണ്ണും മൂക്കുമില്ലാതെ വന്ന് എന്നെ ഇടിച്ചിട്ടതും പോരാഞ്ഞിട്ട് എന്റെ മെക്കിട്ട് കയറുന്നോ? അംബാനിടെ മോനാന്നാ ഓന്റെ വിചാരം.. രാവിലെതന്നെ കുട്ടപ്പനായി മൾട്ടി സ്റ്റൈലിൽ ഒരു ഓഡിയും കൊണ്ട് ഇറങ്ങിയേക്കുന്നു..എന്താ തന്റെ വിചാരം?? എങ്ങോട്ടാ ഇങ്ങനെ ഒരുങ്ങി കെട്ടിട്ട് നേരം വെളുക്കുന്നതിന് മുന്നേ ഈ മരണപ്പാച്ചില് പായുന്നത്?

തന്റെ കെട്ടിയോളെയും കെട്ടിപിടിച്ചോണ്ട് വീട്ടിൽ തന്നെ ഇരുന്നാൽ പോരെ,, വെറുതെ എന്തിനാ ഇയാള് എപ്പോഴും ഇന്റെ നെഞ്ചത്തേക്ക് തന്നെ വന്ന് കയറണത്??" "നേരാവണ്ണം കാല് കുത്തി നിൽക്കാൻ പോലും പറ്റുന്നില്ല. എന്നിട്ടും ഓളെ ഡയലോഗടിക്ക് യാതൊരു കുറവുമില്ല.ആദ്യം ശെരിക്ക് ഒന്ന് നിക്കാൻ നോക്കെടീ.. എന്നിട്ട് മതി എന്റെ നേർക്കുള്ള നിന്റെ ചാട്ടമൊക്കെ... ഇനിയും വീണാൽ അവിടെ കിടക്കത്തെയുള്ളൂ.. ഞാൻ പിടിച്ച് എഴുന്നേൽപ്പിക്കുമെന്ന് കരുതണ്ട. " "അയ്യടാ.. തന്നോട് ഞാൻ പറഞ്ഞോ എന്നെ പിടിച്ചെഴുന്നേൽപ്പിക്കാൻ,,ഇല്ലല്ലോ?? പിന്നേ..ഞാൻ അത് പറഞ്ഞില്ലെങ്കിലും താനത് ചെയ്യണം. എന്നെ മാത്രമല്ല, എന്റെ വണ്ടിനെയും ഇയാള് തന്നെ ഒന്ന് പൊക്കി തന്നാട്ടേ...ഇയാള് അല്ലെ തെറ്റ് ചെയ്തത്?

ഇയാൾടെ ഒടുക്കത്തെ വരവ് കാരണമാ എനിക്കും എന്റെ വണ്ടിക്കും ഈ ഗതി വന്നത്...ദേ എന്റെ വണ്ടിക്ക് എന്തേലും സംഭവിച്ചിട്ടുണ്ടെങ്കിൽ തന്നെ ഞാൻ കൊല്ലുമെഡോ.. " "ഡീീീ.... !!! " "അലറണ്ടാ... വണ്ടിന്റെ കാര്യം പോട്ടെ..എന്റെ കോലം തന്നെ നോക്കിയേ.എന്റെ നടുൻറെ എല്ല് വരെ പൊട്ടിപ്പോയി,, ദേ കൈ പൊട്ടി ചോര വരുന്നുണ്ട്.. അതൊക്കെ പോട്ടെന്നു വെക്കാം.ൻറെ പുതിയ ഡ്രസ്സ്‌... എങ്ങനെ ഇരുന്ന വൈറ്റ് കളർ ടോപ് ആയിരുന്നു.. ഇപ്പൊ നോക്കിയാട്ടേ..ഇതിന്റെ കളർ എന്താണെന്ന് വരെ തിരിച്ചറിയാൻ പറ്റാത്ത പരുവത്തിൽ ആക്കി തന്നില്ലേ ഇയാള്.. എന്ത് ക്രൂരതയാഡോ ഞാൻ തന്നോട് ചെയ്തത്.ആദ്യം തൊട്ടേ ഇയാൾ എനിക്കും എന്റെ വണ്ടിക്കുമിട്ട് ഒരുപോലെ പണിയാൻ തുടങ്ങിയതാ..ഒരു കാലത്തും നന്നാവില്ലെഡോ തെണ്ടി നീയൊന്നും" നമ്മള് ഇത്രയൊക്കെ പ്രസംഗിച്ചിട്ടും ഓൻ നമ്മളെ നോക്കി നിക്കുന്നതല്ലാതെ ഓന്റെ കലിപ്പ് മോഡ് ഓണാക്കുന്നില്ല.സാദാരണ ഗതിയിൽ ആണെങ്കിൽ എന്റെ ഈ പെർഫോമൻസ് കഴിയുമ്പോ ഓന്റെ ഒരു പെട നമ്മളെ ചെകിട്ടത്ത് വീഴേണ്ടതായിരുന്നു.

"എന്താടോ തെണ്ടി നോക്കി പേടിപ്പിക്കുന്നെ..തന്റെ നാവും ഇറങ്ങി പോയൊ.?ഇതൊക്കെ മാറ്റി വൃത്തിയാക്കി ഇനി ഞാൻ എപ്പോ കോളേജിൽ പോവാനാ..ൻറെ റബ്ബേ ആരെ കണി കണ്ടിട്ടാണാവോ ഞാൻ ഇന്നിറങ്ങിയെ..ഇന്നിനി പോയിട്ടും കാര്യമില്ല,, ഇന്നെന്നല്ലാ ഇനി ഒരിക്കലും പോവേണ്ടി വരില്ല.ഡോ തന്റെ ഈ ഒരൊറ്റ അശ്രദ്ധ കാരണം എനിക്കെന്റെ കോളേജ് ലൈഫ് വരെയാ നഷ്ടപ്പെടാൻ പോകുന്നത്." ഇതൊക്കെ കേട്ട് ഓൻ വായും പൊളിച്ച് നമ്മളെ നോക്കുന്നുണ്ട്.എന്തൊക്കെ വിഡ്ഢിത്തരമാ നമ്മള് പറയുന്നത് എന്ന് കരുതിയാവും. "എന്താടോ ഇങ്ങനെ തുറിച്ചു നോക്കുന്നെ..താൻ എന്താ എന്നെ ആദ്യമായി കാണുവാണോ?? " "നിന്നെ ആദ്യമായി കാണുകയല്ല.. പക്ഷെ നിന്നെപ്പോലെയൊരു രാക്ഷസിനെ ആദ്യമായി കാണുകയാണ്" "ആഹാ ആണോ " ന്നും ചോദിച്ചോണ്ട് നമ്മള് ഓന്റെ അടുത്തേക്ക് നടന്നു നീങ്ങി.നമ്മള് ഓന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് ഒരു ചെറു പുഞ്ചിരിയോടെ ഓന്റടുത്തേക്ക് നീങ്ങുന്തോറും ഓനൊരു സംശയ ഭാവത്തിൽ നമ്മളെ നോക്കിക്കൊണ്ട് പുറകോട്ടു നീങ്ങി.നമ്മള് ഓരോ അടിയും മുന്നോട്ട് വെക്കുന്തോറും ഓൻ ഓട്ടോമാറ്റികലി പിന്നോട്ട് നീങ്ങി ഓന്റെ കാറിൽ തട്ടി നിന്നു.

നമ്മള് ഓന്റെ തൊട്ടു മുന്നിൽ നിന്ന് കണ്ണ് എടുക്കാതെ ഓന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ആ നാറി ഒന്നും മനസ്സിലാവാതെ നമ്മളെ മുഖത്തേക്ക് തന്നെ നോക്കി. "തന്നെ പോലെ തന്നെ നല്ല അഡാറ് ലുക്ക്‌ ആയിട്ടാണ് ഞാനും രാവിലെ വീട്ടിന്നിറങ്ങിയത്.ദേ ഇപ്പൊ എന്റെ ഈ വൈറ്റ് ഡ്രെസ്സിൻറെ അവസ്ഥ കണ്ടോ?അങ്ങനെയിപ്പോ മോൻ മാത്രം ഈ വൈറ്റ് ഷർട്ടും ഇട്ടോണ്ട് ഇത്രയും വൃത്തിയായി വായി നോക്കാൻ ഇറങ്ങണ്ടാട്ടോ..നമ്മളെ ഇത്രക്കും കളർ ആക്കി തന്നിട്ട് മോനിങ്ങനെ വെള്ള മാത്രം പൂശി നിക്കണതു കാണുമ്പോ നമ്മക്ക് അതൊരു വേദന അല്ലെടോ..സോ ഇതിരിക്കട്ടെ " ന്നും പറഞ്ഞ് നമ്മളെ കയ്യിൽ ഉണ്ടായിരുന്ന മൊത്തം ചെളിയും നമ്മള് ഓന്റെ ഷർട്ടിലേക്ക് നന്നായി തേച്ചു കൊടുത്തു.ഇപ്പൊ നമ്മളെ പത്തു വിരലും ഓന്റെ ഷർട്ടിലുണ്ട്.അപ്രതീക്ഷിതമായ നമ്മളെ കാട്ടി കൂട്ടലുകൾ കണ്ട് ഓൻ അന്തം വിട്ട് നമ്മളെ നോക്കി. "ഹാവൂ ഇപ്പോഴാ എനിക്കൊന്നു തൃപ്തിയായത്. ഈക്വൽ ഈക്വൽ..സോ പ്രോബ്ലം സോൾവ്. എന്നാൽ വരട്ടെഡോ പൂച്ച കണ്ണൻ തെണ്ടീ " ന്നും പറഞ്ഞ് നമ്മളവിടുന്ന് തിരിഞ്ഞതും ഓൻ ഡീീീ ന്ന് അലറിക്കൊണ്ട് നമ്മളെ കയ്യിൽ പിടിച്ചതും ഒപ്പമായിരുന്നു.

"അങ്ങനങ്ങ് പോയാലോ..ഈക്വൽ ആയിന്ന് നീ മാത്രം തീരുമാനിച്ചാൽ മതിയോ?? " നമ്മള് ഞെട്ടി തരിച്ചു ഓനെ നോക്കി.നമ്മള് കൈ വിടാൻ പറഞ്ഞ് ശക്തിയായി കുലുക്കി.ഓന്റെ പിടുത്തത്തിൻറെ ആഘാതം നമ്മളൊരു തവണ അറിഞ്ഞതാണ്.അതോണ്ട് തന്നെ നമ്മള് കൈ വിടാൻ പറഞ്ഞ് കൂടുതൽ വായിട്ട് അലച്ചാൽ പിടുത്തം പിന്നെയും മുറുകുമെന്ന് നമ്മക്ക് അറിയാം.ഇനി ഇവിടുന്ന് സ്കൂട്ട് ആവണമെങ്കിൽ അടവ് മാറ്റി പിടിക്കണമെന്ന് തോന്നിയതോണ്ട് നമ്മള് നമ്മളെ കൈക്കും ഓന്റെ മുഖത്തേക്കും മാറി മാറി നോക്കി കണ്ണീർ ഒലിപ്പിക്കാൻ തുടങ്ങി.നമ്മളെ കണ്ണ് നിറയുന്നത് കണ്ട ഓൻ അപ്പൊത്തന്നെ നമ്മളെ കയ്യിൽ ഉള്ള പിടിവിട്ടു.നമ്മക്ക് വേദനിച്ചിട്ടൊന്നും അല്ലാട്ടോ.വെറുതെയാണ്.നമ്മള് കൈ നല്ലോണം തടവി കൊടുത്ത് ഓനെ രൂക്ഷമായി നോക്കി. "എന്തൊരു ക്രൂരനാഡോ താൻ??

ഇന്റെ കൈ പൊട്ടിട്ട് ഇങ്ങനെ ചോര വരുന്നത് താൻ കാരണമാ.. എന്നിട്ട് അതും പോരാഞ്ഞിട്ട് ആ കൈക്ക് തന്നെ കേറി പിടിച്ച് വീണ്ടും വേദനിപ്പിക്കുകയാണ്.ഇത്രക്കും കണ്ണിൽ ചോര ഇല്ലാത്ത ജന്തുവാണ് താനെന്ന് ഞാൻ കരുതിയില്ല.മുഖത്തിന്‌ മാത്രം മൊഞ്ചുണ്ടായിട്ട് കാര്യമില്ലെഡോ..,, കുറച്ചുടെ മൊഞ്ചു ആ മനസ്സിനും കൂടി വേണം. ഹോ.. തന്റെയൊക്കെ കെട്ടിയോൾടെ ഒരവസ്ഥ. എങ്ങനെ സഹിക്കുന്നു തന്റെ പെണ്ണൊക്കെ തന്നെ?? ഹാ അവള് ചെയ്ത പാപത്തിന്റെയൊക്കെ ഫലമാവാം തന്നെയൊക്കെ അവൾക്ക് വിധിച്ചത്. അല്ല,, തന്നെപ്പോലും പുഴുങ്ങി തിന്നാൻ കഴിവുള്ള രാക്ഷസിയാണോ തന്റെ കെട്ടിയോള്,, അങ്ങനെ ആവാനെ വഴിയുള്ളു.. " നമ്മള് പറഞ്ഞു തീരുന്നതിന് മുന്നേ ഓൻ കലി തുള്ളിക്കൊണ്ട് നമ്മളെ നേർക്ക്‌ ചാടി. ഇതുകണ്ട നമ്മള് രണ്ടടി പുറകോട്ടും. എന്നിട്ട് നമ്മക്ക് നേരെ കൈ ചൂണ്ടിക്കൊണ്ട് ഓൻ പറഞ്ഞു. "ഡീീീ എന്റെ പെണ്ണിനെ പറ്റി പറഞ്ഞാൽ ഉണ്ടല്ലോ,,, ഇതുവരെ ഞാൻ സഹിച്ചു നിന്നത് പോലെ ഇനിയും നിന്നെന്ന് വരില്ല..

എന്ത് യോഗ്യതയാടി എന്റെ പെണ്ണിനെക്കുറിച്ച് പറയാൻ നിനക്ക് ഉള്ളത്. എന്ത് അറിഞ്ഞിട്ടാ നീ അവളെ കുറിച്ച് പറഞ്ഞതെന്ന്?? എന്റെ പ്രാണനെക്കാളും കൂടുതലായി ഞാൻ സ്നേഹിക്കുന്ന അവളെ കുറിച്ച് ഇനി ഒരക്ഷരം നീ മിണ്ടിപ്പോയാൽ പിന്നെ ഒരാളുടെ മുന്നിൽ പോലും ചിലക്കാൻ നിന്റെ ഈ നാക്ക് കാണില്ല.നീ ഇപ്പൊ പറഞ്ഞ ആ കെട്ടിയോളില്ലേ,, അവളാടി യഥാർത്ഥ പെണ്ണ്.. അവളെപ്പോലെ ഈ ലോകത്ത് തന്നെ വേറെ ഒരുത്തിയും കാണില്ല.. അവൾടെ ആ ഖൽബിൻറെ മൊഞ്ചിന്റെ അത്രയോളം വരില്ലെടി മറ്റേത് ഒരുത്തിയുടെയും ഖൽബ്.. അതൊക്കെ പറഞ്ഞാൽ നിനക്ക് മനസ്സിലാവോ?? പെണ്ണായി പിറന്നാൽ പോരാ,, അങ്ങനെയൊരു മനസ്സും കൂടി വേണം. " ഇങ്ങനെ നമ്മള് പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങൾ ഓൻ നമ്മളെ മുന്നിൽ നിന്ന് ശബ്ദിച്ചു കൊണ്ടേയിരുന്നു. നമ്മളതൊന്നും കേട്ടില്ല. പകരം നമ്മള് ശ്രദ്ധിച്ചതു ഓന്റെ മുഖത്തേക്ക് ആണ്. ഓന്റെ മുഖത്ത് മാറി മറഞ്ഞ ആ ഭാവ വ്യത്യാസം നമ്മളെ വല്ലാതെ തളർത്തി.

ഓൻ അത്രക്കും ശബ്‌ദിക്കാൻ മാത്രം എന്താ നമ്മള് പറഞ്ഞത്. ഓന്റെ പെണ്ണിനെ കുറിച്ച് ഞാൻ അങ്ങനെയൊരു വാക്ക് പറഞ്ഞതിനാണോ ഈ നാറി ഇത്രക്കും എന്നെ പുഴുങ്ങി തിന്നത്? പക്ഷെ ഓന്റെ പെണ്ണിനെ കുറിച്ച് പറയുമ്പോൾ ഓന്റെ കണ്ണിൽ വിരിഞ്ഞ തിളക്കമാണ്‌ നമ്മള് ശ്രദ്ധിച്ചത്. ഒരു പക്ഷെ അവന്റെ പെണ്ണ് ജീവിച്ചിരിപ്പുണ്ടാവില്ല,, അല്ലെങ്കിൽ മറ്റേന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകും. അതായിരിക്കും നമ്മള് അങ്ങനെ പറഞ്ഞപ്പോൾ ഓൻക്ക് അത്രക്കും ഫീൽ ആയത്. എന്നാലും ഓന്റെ പെണ്ണിനോടുള്ള ഓന്റെ സ്നേഹം അത് ഭയങ്കരം തന്നെ. നമ്മള് ചിന്തകളൊക്കെ വിട്ട് യാഥാർഥ്യത്തിലേക്ക് വരുമ്പോൾ ഇവിടെ ആ തെണ്ടിയും ഇല്ല ഓന്റെ കാറുമില്ല.അപ്പൊ ഓൻ പോയോ? അപ്പൊ നമ്മള് പറഞ്ഞത് ഓനെ അത്രക്കും ഹേർട്ട് ചെയ്തിട്ടുണ്ട്.ചെഹ്.. നേരത്തെ ഓന്റെ മറ്റോളെ പറഞ്ഞാൽ മതിയായിരുന്നു.

എങ്കിൽ നേരത്തെ തന്നെ ആ ജന്തു സ്ഥലം വിട്ടേനെ. ഇനി ഏതായാലും കോളേജിലേക്ക് പോയി വല്യ കാര്യം ഇല്ലാന്ന് ഉറപ്പായതു കൊണ്ട് നമ്മള് കഷ്ടപ്പെട്ടു നമ്മളെ വണ്ടിനെയും ശെരിയാക്കി എടുത്ത് വീട്ടിലേക്ക് വിട്ടു. ആരും കാണാതെ മുറിയിലേക്ക് ഓടാൻ ആയിരുന്നു ഞമ്മളെ പ്ലാൻ. പക്ഷെ അവിടെയും നമ്മക്ക് നിർഭാഗ്യം തന്നെ. മൂത്താപ്പയും നമ്മളെ ഹസീനാത്തായും വരാന്തയിൽ തന്നെ ഉണ്ട്. "എന്താ മോളെ ഇയ്യ് പോയ പോലെ തന്നെ മടങ്ങിയെ? ക്ലാസ്സില്ലേ അനക്ക്? " "പോയ പോലെയാണോ ഇക്ക അവള് വന്നേക്കണത്.എന്താടി ഇത്?? ഈ കോലത്തിൽ ആണോ ഇയ്യ് രാവിലെ ഇവിടുന്നിറങ്ങിയത്.കോളേജിലും നടു റോഡിലുമൊക്കെ വഴക്ക് ഉണ്ടാക്കൽ മതിയാക്കിട്ട് ഇപ്പൊ കണ്ട പാടത്തും പറമ്പിലും ആണോ അന്റെ അഭ്യാസം. ആരെ തോണ്ടാൻ ചെന്നിട്ടാടി ഇന്നീ പരുവത്തിൽ ആയത്? "

"ഹസിയെ,, അവള് വന്നു കയറിയതല്ലെയുള്ളൂ.. അവളാദ്യം അതൊന്നു മാറ്റി വരട്ടെ. എന്നിട്ട് ആവാം അന്റെ വിസ്താരമൊക്കെ " "അതല്ല ഇക്കാ..ഇവള്ടെ ഈ പോക്ക് കണ്ടിട്ട് ഇൻക് നല്ലോണം പേടി ആവണ് ണ്ട്. എവിടെ ചെന്നാലും ഇവളെ കുറിച്ച് പരാതി മാത്രേ കേൾക്കാൻ ഉള്ളു. പെൺകുട്ടിയാന്നുള്ള ഒരു വിചാരോ ഇല്ലാണ്ടാ ഇവള്ടെ ഈ പോക്ക്. ഇതെവിടെ ചെന്ന് അവസാനിക്കുന്ന് പറഞ്ഞിട്ടാ.. അവളും അവൾടെയൊരു വണ്ടിയും. ഒക്കെയും ശെരിയാക്കി തരണുണ്ട് അനക്ക് ഞാൻ. രാത്രി ആവട്ടെ,,, അന്റെ ഉപ്പച്ചി ഒന്ന് വന്നോട്ടെ. ഇന്ന് തീർത്തു തരാടി ആരെയും അനുസരണ ഇല്ലാത്ത അന്റെ ഈ കളിയൊക്കെ " "പോട്ടെ ഹസി.. അവള് എന്ത് ചെയ്തുന്നാ നീയീ പറയണത്?എവിടേലും വീണതാവും. അല്ലെ നൂറാ..മൂത്താപ്പൻറെ മോള് പറ,, എന്താ പറ്റിയെ?? " "മൂത്താപ്പ ചോദിച്ചത് കേട്ടില്ലേ.പറ നൂറാ,,എന്താ ഉണ്ടായതെന്ന് "

"വേണ്ടാ, അതൊക്കെ നമ്മക്ക് പിന്നെ സംസാരിക്കാം. ഇപ്പൊ ഇയ്യ് പോയിട്ട് ഇതൊക്കെയൊന്നു മാറ്റി വാ...രാവിലെ ഒന്നും കഴിക്കാതെ ഇറങ്ങിയതല്ലെ.ഹസിയെ...അവക്ക് കഴിക്കാൻ എടുത്തു വച്ചേ. മൂത്താപ്പക്കും നല്ല വിശപ്പുണ്ട്.ഞങ്ങക്ക് ഒന്നിച്ചു കഴിക്കാം. ചെല്ല്, പെട്ടെന്ന് മാറ്റിട്ട് വന്നോളി. " മൂത്താപ്പ ഉള്ളതോണ്ട് നമ്മള് ഹസീനത്താൻറെ കയ്യിന്ന് രക്ഷപെട്ടു. പാവം, ഞമ്മളെക്കുറിച്ച് ഉള്ള ആദിയാണ് ഉമ്മച്ചിൻറെ മനസ്സ് നിറയെ. എന്ന് വെച്ച് ഞമ്മക്ക് അത്ര പെട്ടെന്ന് ഞമ്മളെ സ്വഭാവം നന്നാക്കാൻ പറ്റോ. ഒരു തവണ കുളിച്ചു റെഡി ആയിട്ട് മണിക്കൂർ ഒന്നായില്ല. അതിനു മുന്നേ വീണ്ടും കുളിക്കേണ്ടി വന്നല്ലോ നമ്മക്ക്. സിനുൻറെ സമ്മാനം... .ആഹാ!! എന്ത് നല്ല വൃത്തിയായി കിട്ടി. രാത്രി ഉപ്പച്ചി വന്നപ്പോൾ നമ്മളെ ലീലാ വിലാസങ്ങൾ ഒക്കെ ഉമ്മച്ചി നന്നായി പാടി കൊടുക്കുന്നുണ്ട്.പക്ഷെ ഇന്ന് സംഭവിച്ചതിന്റെ സത്യകഥ ആർക്കും അറിഞ്ഞിട്ടില്ല.വണ്ടി ഒന്ന് സ്ലിപ് ആയിന്ന് പറഞ്ഞ് നമ്മളെ തടി ഊരിയതാണ്.നമ്മക്ക് അത്ര ചെറിയ അബദ്ധമൊന്നും പറ്റില്ലാന്ന് പറഞ്ഞ് കളിയാക്കിക്കൊണ്ട് നാഫി കാര്യം തോണ്ടി എടുക്കാൻ വേണ്ടി നമ്മളെ റൂമിലേക്ക്‌ വന്നു

.നമ്മക്ക് പിന്നെ ഓനെ പണ്ടേ പുല്ലു വില ആയതോണ്ട് പേടിക്കാതെ ഉണ്ടായതൊക്കെ നമ്മള് ഓനോട്‌ പറഞ്ഞു.ഒക്കെയും കേട്ട് കഴിഞ്ഞു ഓൻ കണ്ണും മിഴിച്ചു നമ്മളെ നോക്കാണ്.കുറച്ച് കഴിഞ്ഞു ഓന്റെ ഹലാക്കിലെ ചിരിയും. "അന്റെ കൈ ഇത്രയും മുറിഞ്ഞ സ്ഥിതിക്ക് ഇയ്യ് ഓന്റെ തല വെട്ടിട്ട് ഉണ്ടാവണമല്ലോ.? " "ഇല്ലടാ നാഫി.. ഇയ്യ് കരുതുന്ന പോലെ ഒരു പേടിത്തൊണ്ടൻ ഒന്നുമല്ല അത്. നമ്മളെ ഇത്രയൊക്കെ ആക്കി വെച്ചിട്ടും ഓന്റെയൊരു ഡയലോഗ് അടിയും ആക്ഷനുമൊക്കെ കാണണമായിരുന്നു. രാക്ഷസനാണ് ഓൻ.., രാക്ഷസൻ.. " "രാക്ഷസൻ ആണല്ലേ. ഹാ ആയിരിക്കും,,, അല്ലെങ്കിലും രാക്ഷസിൻറെ കൂടെ ചേരാൻ രാക്ഷസൻ തന്നെയാ നല്ലത്. " പിന്നെ നമ്മളൊന്നും നോക്കിയില്ല. നാഫിനെ ചവിട്ടി കൂട്ടി നമ്മളെ റൂമിന് പുറത്തേക്കിട്ടു. വെറുതെ കിടക്കുമ്പോൾ ചിന്ത മുഴുവനും പോകുന്നത് ആ പൂച്ച കണ്ണൻറ്റെ വാക്കുകളിലേക്കാണ്. 'പെണ്ണായി പിറന്നാൽ മാത്രം പോരാ അങ്ങനെയൊരു മനസ്സും കൂടി വേണം.

' ഓൻക്ക് എന്തറിയാം ഈ നൂറയെക്കുറിച്ച്. എന്റെ പുറമെയുള്ള രൂപവും ഭാവവും മാത്രമാണ്‌ ഓൻ കണ്ടത്. അതുകൊണ്ട് ആയിരിക്കാം ഞാനൊരു പെണ്ണല്ലാന്ന് വരെ പലതവണയായി ഓൻ പറഞ്ഞത്.എന്റെ മനസ്സിനെക്കുറിച്ച് അവനെന്തറിയാം. ഈ മനസ്സ് ആരുടെ മുന്നിലും ഞാൻ തുറന്നു കാട്ടിയിട്ടില്ല. ഒരു പക്ഷെ എന്നെങ്കിലും ആരുടെ എങ്കിലും മുന്നിൽ ഈ ഉള്ളൊന്ന് തുറന്നു കാണിച്ചിരുന്നെങ്കിൽ ഇന്ന് അവനെന്നല്ല,, ഒരിക്കലും ആരും അങ്ങനെയൊരു ചോദ്യം നമ്മളോട് ചോദിക്കില്ലായിരുന്നു. നമ്മളെ ആ വർത്താനം കേട്ട് ഓൻ നമ്മളെ കഴുത്തിൽ വരെ പിടിക്കാൻ വന്നതാ. ആ നേരത്തെ ഓന്റെ കലി കയറിയ ആ മുഖവും പ്രവർത്തിയൊക്കെ ഓർക്കുമ്പോൾ ഇപ്പോളും നമ്മളെ കയ്യും കാലും വിറക്കാണ്.ഓന്റെ കെട്ടിയോളെന്താ അത്രക്കും വല്യ സംഭവം ആണോ? ഓൻ ആരാണെന്നോ എവിടുന്നാണെന്നോ ഒന്നും അറിയില്ല. പക്ഷേങ്കിൽ ഒന്ന് നമ്മക്ക് മനസ്സിലായി. ആളൊരു കലിപ്പനും മുരടനും ആണെങ്കിലും ഓന്റെ പെണ്ണിനോട് ഓൻക്ക് ഒടുങ്ങാത്ത സ്നേഹമാണ്‌.അറിയാതെ ഞാൻ അങ്ങനെ ഒന്ന് പറഞ്ഞതിനല്ലെ

ഓൻ നമ്മളെ അത്രക്കും പൊരിച്ചത്.ഒരാണിന് ഒരു പെണ്ണിനെ ഇത്രക്കും ഒക്കെ സ്നേഹിക്കാൻ പറ്റോ. ഹാ..അവൾടെ ഭാഗ്യം. ആരാണാവോ ആ ഭാഗ്യത്തിനുടമ. ഒരു ആണിന് മാത്രമല്ല നൂറാ.. ഒരു പെണ്ണിനും ഒരാണിനെ അങ്ങനെയൊക്കെ സ്നേഹിക്കാൻ പറ്റും. അതിന്റെ ഏറ്റവും വല്യ ഉദാഹരണം നമ്മള് തന്നെയല്ലേ. ഒന്നും അറിയാത്ത ഷാജഹാനെ അത്രമാത്രം സ്നേഹിച്ച ഖൽബിൻറെ ഉടമയാണ് ഞമ്മള്. ആ നമ്മളെയാണ് പൂച്ച കണ്ണൻ ഇന്ന് അങ്ങനെയൊക്കെ പറഞ്ഞത്.ഖൽബിൻറെ മൊഞ്ചു എന്താണെന്ന് അറിയണമെങ്കിൽ അവൻറെ പെണ്ണിന്റെ ഖൽബ് തന്നെ കാണണമെന്ന്... ഈ നൂറയുടെ ഖൽബിനും ഉണ്ട് അതിനെക്കാളും ഏറെ മൊഞ്ച്.പക്ഷെ അത് അറിഞ്ഞതും മനസ്സിലാക്കിയതും ഷാജഹാൻ മാത്രമാണേന്നേയുള്ളൂ. ഹാ,, പൂച്ച കണ്ണനെ പറഞ്ഞിട്ടും കാര്യമില്ല. ഓന്റെ കണ്ണിലൂടെ നോക്കുമ്പോൾ ആരെക്കാളും നല്ലവൾ ഓന്റെ പെണ്ണ് തന്നെയായിരിക്കും. കോളേജിലെ വിശേഷം അറിയാം എന്ന് കരുതിയാണ് നമ്മള് ഫോൺ എടുത്തത്. ന്റുമ്മാ..

അസിന്റെയും സിനുന്റെയും കൂടി നൂറ്റി നാല്പതു മിസ്സ് കാൾസ്.പിന്നെ വാട്സ് ആപ്പിൽ കയറി നോക്കി. റബ്ബി.. ഇവിടെയും അവസ്ഥ അത് തന്നെ. റിയൽ റിബൽ ഗ്രൂപ്പിൽ വന്നിരിക്കുന്ന മെസ്സേജ്ൻറെ എണ്ണം കണ്ട് നമ്മള് അന്തം വിട്ട് പോയി. പോരാത്തതിന് എല്ലാത്തിന്റെയും പേർസണൽ മെസ്സേജ്ജും. അസിൻറെ മെസ്സേജ് റീഡ് ആക്കിയതിന് ശേഷം നമ്മക്ക് തോന്നി വേണ്ടായിരുന്നെന്ന്. അമ്മാതിരി പുളിച്ച തെറിയാണ് ഓള് നമ്മക്ക് ഇട്ടു തന്നിരിക്കുന്നത്. ഗ്രുപ്പിലും മെയിൻ ചർച്ച വിഷയം നമ്മള് ആണ്. നമ്മള് കോളേജിൽ പോവാത്തതിന്റെ കാരണവും അതും ഇതുമൊക്കെ കൂട്ടി ഗ്രുപ്പ് ആകെ അലങ്കോലമാക്കി വെച്ചിരിക്കുകയാണ്. ഗ്രൂപ്പിലും അസി നമ്മളെ പൊരിഞ്ഞ തെറിയാണ്. നമ്മള് ഓൺലൈൻ കണ്ടപ്പോ തന്നെ അസി നമ്മക്ക് ഫോൺ ചെയ്തു നമ്മള് ആരാ മോള്??

അറ്റൻഡ് ചെയ്തില്ല. അയച്ചു തന്ന തെറി തന്നെ വായിച്ചു കഴിഞ്ഞില്ല. അതും പോരാഞ്ഞിട്ട് ബാക്കി കാളിലൂടെ തരാൻ ആണ്. ഓള് വിളിക്കുന്തോറും നമ്മള് കട്ട്‌ ആക്കിക്കൊണ്ടേയിരുന്നു. അപ്പൊ തന്നെ ഓള് നമ്മക്ക് മെസ്സേജ് വിട്ടു. "നാളെ നീ വരുമല്ലോ,, ഉറപ്പാ നൂറാ.. നാളെ അന്റെ മയ്യത്താണ്." അതിനൊക്കെ റിപ്ലൈ ആയി കിസ്സ് വെക്കുന്ന ആയിരം സ്മൈലിയാണ് നമ്മള് വിട്ട് കൊടുത്തത്. ശേഷം സിനുൻറെ മെസ്സേജ്ജും കൂടി നമ്മള് റീഡ് ആക്കി. ഓനും പൊരിഞ്ഞ തെറി തന്നെയാണ്. അസിൻറെ റെക്കോർഡ് നമ്മളെ കയ്യിൽ ഉള്ളതാണ് ഇതിനൊക്കെ കാരണം. ഇതിന്റെയൊക്കെ കൂടെ ഒരു ഫോട്ടോയും സിനു വിട്ട് തന്നിട്ടുണ്ട്.ഡൌൺലോഡ് ആയി വന്ന ഫോട്ടോ കണ്ട് നമ്മളെ കണ്ണ് തള്ളിപ്പോയി. .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story