💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 34

khalbil nee mathram

രചന: ഷംസീന ഫിറോസ്

 ആളെ കണ്ട നമ്മക്ക് പെരുത്ത് സന്തോഷായി.നമ്മള് വണ്ടി ബസ്‌ സ്റ്റോപ്പിൻറെ അടുത്തേക്ക് ഒതുക്കി നിർത്തി. "ആമിത്താ..." നമ്മളെ വിളി കേട്ട് ആമിത്ത നമ്മളെ അടുത്തേക്ക് വന്നു.അപ്രതീക്ഷിതമായി നമ്മളെ ഇവിടെ വെച്ച് കണ്ടതിലുള്ള അത്ഭുതം ആമിത്താൻറെ മുഖത്ത് നമ്മക്ക് കാണാൻ കഴിയുന്നുണ്ട്. "നൂറാ....നിയോ?? എത്ര നാളായെടി കണ്ടിട്ട്.. പെണ്ണ് മൊഞ്ചത്തി ആയിട്ടുണ്ടല്ലോ?? " "ആമിത്തോ....താങ്ങല്ലേ.. മൊഞ്ചത്തി ആയത് നമ്മളാണോ,,, ഇങ്ങളല്ലേ..? വെളുത്തു തുടുത്തു സുന്ദരിയായിട്ടുണ്ടല്ലോ.. നിക്കാഹ് അടുക്കാറായത് കൊണ്ടാണോ അല്ലാ ഇക്കാക്ക ലാൻഡ് ആയതിനു ശേഷമുള്ള മാറ്റമാണോ??" "പോടീ അവിടുന്ന്....ആ വായാടിത്തരത്തിന് ഇപ്പോഴും ഒരു കുറവുമില്ലല്ലോ നൂറാ അനക്ക്.." "അത്യാവശ്യം അതൊക്കെ ഉള്ളതോണ്ടല്ലേ നമ്മളിങ്ങനെ തട്ടി മുട്ടി ജീവിച്ചു പോകുന്നത്... അല്ലാ,, ഇതെങ്ങോട്ടാ ഈ രാവിലെ തന്നെ..? എന്തായി ഇങ്ങളെ ജോലി കാര്യോക്കേ.. റാങ്ക് ഹോൾഡെർ ആയിട്ടും ഇതുവരെ ഒന്നും ശരിയായില്ലേ ഇത്താ..." "റാങ്ക് ഒക്കെ വാങ്ങാന്നേയുള്ളൂ മോളെ..

നമ്മള് ഈ ജോലിക്ക് പോകുന്നതിലൊന്നും ഇക്കാക്ക് വല്യ താല്പര്യമില്ല.. നിക്കാഹ് കഴിഞ്ഞതിനു ശേഷം അവിടെത്തന്നെ നോക്കാമെന്ന ഇക്ക പറയുന്നേ.. പിന്നെ രണ്ട് മൂന്നു ഇന്റർവ്യൂന് പോയി സെലെക്ഷൻ കിട്ടിയതാ..അതൊക്കെ ലോങ്ങ്‌ ആണ് ട്രാവൽ ബുദ്ദിമുട്ടാവുന്നൊക്കെ പറഞ്ഞ് നമ്മളെ ഉപ്പച്ചി നൈസ് ആയി ഒഴിവാക്കി തന്നു.പിന്നെ അതിലൊന്നും എനിക്കും വലിയ താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷെ,,ഇന്ന് നമ്മക്ക് ഒരു ചാൻസ് ഒത്തുവന്നിട്ടുണ്ട്.ഇവിടെ അടുത്തുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനിൽ അസിസ്റ്റന്റ് മാനേജർ ആയി ഒരു പോസ്റ്റ്‌ വാക്കാൻസിയാണ്.അതിന്റെ ഇന്റർവ്യൂ ഒന്നു അറ്റൻഡ് ചെയ്തു നോക്കാന്ന് കരുതി ഇറങ്ങിയതാ..." "ഓഹോ,,അപ്പൊ അങ്ങനെയൊരു ദുരുദ്ദേശത്തിന് ഇറങ്ങിയതാണോ ഇങ്ങള്...എന്നിട്ട് എന്തേയ് ഇവിടെ ബാക്കിയായി?? അല്ലാ,,ഇങ്ങളെന്താ ഈ സ്റ്റോപ്പിൽ?? " "ൻറെ പുന്നാര അനിയൻ അജു കാണിച്ചു വെച്ച പണിയാ ഇത്..അവിടേം വരെ കൊണ്ടാക്കി തരാന്ന് പറഞ്ഞോണ്ട് ഓന്റെ ഒപ്പം ഇറങ്ങിതാ ഞാൻ..അപ്പോഴേക്കും എന്തോ അത്യാവശ്യമാണ്‌ പെട്ടെന്ന് വാന്നൊക്കെ പറഞ്ഞ് ഉപ്പച്ചിൻറെ കാൾ വന്നു.

.നിക്കാഹ് ഒക്കെ അടുത്തില്ലേ,,അതാ.. എന്നാ ഇയ്യ് ബസ്സിന് പോയിക്കോടിന്നും പറഞ്ഞ് ഞമ്മളെ ഇവിടെ ഇറക്കി വിട്ടിട്ട് ഓൻ പോയി." "ഹ..ഹാ...ബെസ്റ്റ് അനിയൻ. എന്തോരു സ്നേഹം ഇത്തൂസിനോട്.. ഞമ്മളൊരു ചെറിയ ഷോപ്പിങ്ങിന് ഇറങ്ങിയതാ..അസിനെ കൂട്ടാൻ പോവണം " "ഇനി ഏതാ നൂറാ ബസ്? ഞമ്മളാകെ പെട്ടു.പോവേണ്ട സ്ഥലം എവിടെയാന്നു വരെ എനിക്കറിയില്ല..ഓൻ കൊണ്ടാക്കി തരാന്ന് പറഞ്ഞോണ്ട് ചാടി പുറപ്പെട്ടതാ.. ആ കമ്പനിയെക്കുറിച്ച് കുറേ കേട്ടിട്ടുണ്ട്.പക്ഷെ സ്ഥലം എവിടെയാന്ന് ഒരെത്തും പിടിയുമില്ല.. സുൽത്താൻ ഗ്രൂപ്പ്സ്... ഹൂ..ഇനി ആ പേരും തപ്പി പിടിച്ചോണ്ട് ഞാൻ അവിടെ എത്തുമ്പോഴേക്കും ഇന്റർവ്യൂ ഒക്കെ കഴിഞ്ഞ് അവര് അവരുടെ പാട് നോക്കി പോയിട്ടുണ്ടാവും " ആമിത്ത പറഞ്ഞ ആ പേര് കേട്ട് നമ്മളൊന്നു ഞെട്ടിയോ...? ഹാ,,ഞെട്ടി. "സുൽത്താൻ.....സുൽത്താൻ ഗ്രൂപ്പ്‌സ്..അവിടെയാണോ ഇങ്ങക്ക് പോവേണ്ടത്??" "ഹാ..എന്തേ അനക്ക് അറിയോ സ്ഥലം? " പടച്ചോനെ..

ഇങ്ങക്ക് ഒരായിരം സ്തുതി.രോഗി ഇച്ചിച്ചതും വൈദ്യൻ കല്പിച്ചതും പാല്.ഇന്ന് രാവിലെയും കൂടി നമ്മള് മുബിക്കാനെക്കുറിച്ച് ഓർത്തതെയുള്ളൂ.മുബിക്കാനെ ഒന്നു കാണണമെന്ന് തോന്നുമ്പോൾ തന്നെ ഇങ്ങള് നമ്മക്കൊരു അവസരം ഉണ്ടാക്കി തന്നല്ലോ റബ്ബേ..സുൽത്താൻ ഗ്രുപ്പ്സ്.. മുബിക്ക നമ്മക്ക് തന്ന കാർഡിൽ നമ്മള് കണ്ട പേര് അത് തന്നെയല്ലേ..അതെ.ഓഫീസ് അഡ്രസ് ആണ് മുബിക്ക തന്നത്.അപ്പൊ ഈ സുൽത്താൻ ഗ്രൂപ്പ്സിന്റെ സ്ഥാപനങ്ങളൊക്കെ മുബിക്കന്റെയാണോ?? "നൂറോ.. .ടീ... നീയെന്താ പകൽ കിനാവ് കാണുവാണോ?? ഞാൻ ചോദിച്ചത് കേട്ടോ നീ? " "ആ.....എന്താ....എന്താ ആമിത്താ ഇങ്ങള് ചോദിച്ചത്.. സുൽത്താൻ ഗ്രൂപ്പ്സ്ന്റെ സ്ഥാപനം എവിടെയാണെന്ന് അറിയോന്നല്ലേ...നമ്മക്ക് അറിയാം സ്ഥലമൊക്കെ...ഇങ്ങള് വാ. . ഞാൻ കൊണ്ടാക്കി തരാം.." നമ്മളെ വർത്താനം കേട്ട് ആമിത്ത വായും പൊളിച്ചു നമ്മളെ നോക്കി നിന്നു. "എന്താ പോവണ്ടേ....ഒന്നു കയറെൻറെ ഇത്തോ.... " "അപ്പൊ അസിയോ...അല്ല,,എങ്ങോട്ട് പോവാൻ ആയിരുന്നു നിങ്ങളെ പ്ലാൻ? "

ആമിത്ത അത് ചോദിച്ചപ്പോഴാണ് നമ്മളും ആ കാര്യത്തെക്കുറിച്ച് ഓർത്തത്.മുബിക്കാനെ കാര്യം ഓർത്തപ്പോൾ തന്നെ നമ്മളെ ബാക്കി പരിപാടികളൊക്കെ നമ്മള് മറന്നു പോയി.പിന്നെ നമ്മളൊന്നും നോക്കിയില്ല.അസിനെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു.ഓളോട് ഓൾടെ ഇക്കാക്കാനെയും കൂട്ടി പോയിക്കൊന്നും പറഞ്ഞ് നമ്മള് അതിന്നു നൈസ് ആയി ഊരി.ആദ്യം അസിൻറെ വായിലുള്ള പുളിച്ച തെറി മൊത്തം നമ്മള് കേൾക്കേണ്ടി വന്നെങ്കിലും അവസാനം ആമിത്താൻറെ കാര്യമായതു കൊണ്ട് ഓള് ഗ്രീൻ സിഗ്നൽ കാണിച്ചു. ആമിത്താനെയും കയറ്റി സുൽത്താൻ ഗ്രൂപ്പ്സും ലക്ഷ്യം വെച്ച് നമ്മളെ വണ്ടി നീങ്ങുമ്പോ ആമിത്താക്ക് നൂറ് സംശയങ്ങളാണ്.നമ്മക്ക് എങ്ങനെ സ്ഥലം അറിയാം, ആ പേര് കേൾക്കുമ്പോൾ തന്നെ ആമിത്താൻറെ കൂടെ ചാടി പുറപ്പെട്ടതു എന്തിനാന്നൊക്കെ... മുബിക്ക തന്ന അഡ്രസ് നമ്മളെ പേഴ്സിൽ തന്നെ ഉണ്ടായിരുന്നു.

അതിത്ര വേഗം പ്രയോജനപ്പെടുമെന്ന് നമ്മള് കരുതിയതല്ല.അഡ്രസ് നോക്കി മനസ്സിലാക്കി കറക്റ്റ് ആയി നമ്മള് ലക്ഷ്യ സ്ഥാനത്തേക്കെത്തി. "എന്നാലും നൂറാ..ഇത്ര കറക്റ്റ് ആയി നീയെങ്ങനെ സ്ഥലം കണ്ടുപിടിച്ചു.നിനക്ക് ഇവിടം മുൻപേ പരിചയമുണ്ടോ?? ഐ മീൻ ഇതിന് മുൻപ് നീ ഇവിടെ വന്നിട്ടുണ്ടോ " "ഇങ്ങക്ക് ഒരുപകാരം ചെയ്തിട്ട് ഇതിപ്പോ നമ്മക്ക് വല്യ പാര ആയല്ലോ?? ൻറെ ഇത്തൂസെ,, എന്റെയിൽ ഇവിടുത്തെ അഡ്രെസ്സ് ഉണ്ടായിരുന്നു " "അഡ്രസ്സോ.? എവിടുന്നാ...? അനക്ക് എങ്ങനെയാ ഇവിടുത്തെ അഡ്രെസ്സ് ഒക്കെ കിട്ടിയേ? " "ൻറെ പൊന്നാര ആമിത്തോ... ഇങ്ങള് ഇവിടെത്തെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്നതാണോ അല്ല നമ്മളെ ഇന്റർവ്യൂ ചെയ്യാൻ വന്നതാണോ? " നമ്മള് ആമിത്താനെയും കളിയാക്കിക്കൊണ്ട് ആ പടു കൂറ്റൻ ബിൽഡിംഗ്ൻറെ നേർക്കായി നടക്കാൻ തുടങ്ങി. "എന്റുമ്മാ... എന്താപ്പാ ഇത്.. ഇവിടത്തെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനാണോ ഞാൻ വന്നത്?? വേണ്ട നൂറാ,,, നമുക്ക് പോവാം.. ഇനിക്ക് പേടിയാവുന്നു. " "എന്തിനാ പേടിക്കുന്നെ.. ഇതിനകത്തും മനുഷ്യന്മാർ തന്നെയല്ലേ ഉണ്ടാവാ.. "

"എന്നാലും നൂറാ.. എന്തോ നമ്മക്ക് പറ്റിയതല്ലാന്ന് ഒരു തോന്നല്.. ഹൂ.. ഇതുപോലെത്തെ ബിൽഡിംഗ്‌സ്സും നമ്മളെ നാട്ടിൽ ഉണ്ടായിരുന്നോ?? അല്ല,, നമ്മള് ഇനി വല്ല ഗൾഫ് രാജ്യത്തേക്കും എത്തിപ്പെട്ടതാണോ?? " ആമിത്ത പറഞ്ഞത് ശെരിയാണ്. സുൽത്താൻ ഗ്രുപ്പ്സ്ന്നൊക്കെ പറയുമ്പോ നമ്മള് ഇത്രയും പ്രതീക്ഷിച്ചില്ല. എന്തോരം ഉണ്ട് റബ്ബി കാണാൻ.. ഇതൊക്കെ ഇവരുടെ ചെറിയ ഭാഗം മാത്രമാണ്ത്രേ.. അപ്പൊ ഇനി ഇതുപോലെത്തെ എത്രെണ്ണം നമ്മള് കാണാൻ കിടക്കുന്നു. ഇതിന്റെകത്തുന്ന് നമ്മള് എങ്ങനെയാ മുബിക്കാനെയൊന്നു തപ്പിയെടുക്കുക. നമ്മള് വന്നതിന്റെ പൊരുൾ ഇതാണെന്ന് ആമിത്താനോട് പറയാനും വയ്യാ. അകത്തേക്ക് കയറുമ്പോൾ തന്നെ ഒരുത്തി ഞങ്ങളോട് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്നതാണോന്നും ചോദിച്ചോണ്ട് ഒരു ഭാഗത്തേക്ക്‌ നീക്കി നിർത്തി. ഇതെന്താ വല്ല നേഴ്സറി ക്ലാസും മറ്റുമാണോ.. നമ്മള് ആമിത്താനെ ഇന്റർവ്യൂ ഹാളിനു മുന്നിൽ കൊണ്ടുപോയി ഇരുത്തി. എന്നിട്ട് അവിടെയൊക്കെയൊന്നു ചുറ്റി കറങ്ങാമെന്ന് കരുതി നമ്മളൊന്നു ചുറ്റും കണ്ണോടിച്ചു നോക്കി. ന്റുമ്മാ.. ഇവിടുന്ന് മുബിക്കാനെ തപ്പി എടുക്കുമ്പോൾ നമ്മളൊന്നു വിയർക്കും.

ഇങ്ങനെയൊന്ന് ടീവിയിലും സിനിമയിലും മാത്രമേ നമ്മള് കണ്ടിട്ടുള്ളു. നാല് ഭാഗത്തും കമ്പ്യൂട്ടറും ലാപ്ടോപ്പും ഒക്കെ തോണ്ടിക്കൊണ്ട് ഇരിക്കുന്ന മനുഷ്യൻമാർ. അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ കടലാസും കയ്യിൽ പിടിച്ചോണ്ട് ഓടുന്ന സുന്ദരന്മാരും സുന്ദരികളും. നമ്മളെ ബുള്ളറ്റ് ഇതിനകത്തേക്ക് കയറ്റിയാൽ മതിയായിരുന്നു. ഒരുകാലത്തും നടന്ന് ചെന്ന് നമ്മളിതിന്റെ അറ്റം കണ്ടുപിടിക്കലുണ്ടാവില്ല. നമ്മള് ഇങ്ങനെ നാല് ഭാഗത്തേക്കും നോക്കി ഒരു പിടിയും കിട്ടാതെ അവിടന്ന് വട്ടം കറങ്ങുമ്പോഴാണ് ഒരു മദാമ്മച്ചി നമ്മളെ അടുത്തേക്ക് വന്നത്. ഒറിജിനൽ മദാമ്മച്ചിയൊന്നുമല്ലാട്ടോ.. മൊത്തം വൈറ്റ് വാഷ് ആണ്. "വാട്ട്‌ ഡു യു വാണ്ട്‌? " നമ്മക്ക് പിന്നെ പണ്ടേ ഇംഗ്ലീഷ് നല്ല വശമായോണ്ട് നമ്മക്ക് നേരെ അവള് ഉന്നയിച്ച ചോദ്യത്തിനു ഒരു അവിഞ്ഞ ചിരിയോട് ഒപ്പം ആകെ കൂടെ ഇംഗ്ലീശിൽ അറിയുന്ന നതിംഗ് എന്നൊരു വാക്കും പാസ് ആക്കിക്കൊണ്ട് ഓളെ മുന്നിന്ന് നമ്മള് സ്കൂട്ട് ആയി.പിന്നെ നമ്മള് നേരെ വച്ച് പിടിച്ചത് റിസപ്ഷൻ എന്ന് ബോർഡ് വെച്ചിരിക്കുന്ന ഭാഗത്തേക്ക്‌ ആണ്.

"എക്സ്ക്യൂസ്മി....ഈ മിസ്റ്റർ മുബാറക് നെ ഒന്ന്... " "ഓ സാർ...സാറിനെ കാണാൻ പറ്റില്ല.എന്താ വേണ്ടത്? " "അതെന്താ? " "സാർ കുറച്ച് തിരക്കിലാണ്.അങ്ങോട്ടേക്ക് ഇപ്പോൾ ആരെയും കടത്തി വിടണ്ടാന്ന് ഓർഡർ ഉണ്ട്.സോറി" "അങ്ങനെ പറഞ്ഞാൽ പറ്റില്ല,, എനിക്ക് മിസ്റ്റർ മുബാറക്ക്നെ കണ്ടേ പറ്റൂ" "സോറി മാഡം.. ഇപ്പോൾ കാണാൻ പറ്റില്ല..പ്ലീസ് അണ്ടർ സ്റ്റാൻഡ് " "പിന്നെ എപ്പോ കാണാൻ പറ്റും " "സോറി മാഡം. കറക്റ്റ് ടൈം പറയാൻ പറ്റില്ല..സാർ ഒരു മീറ്റിംഗിൽ ആണ് " "എന്നാലേ എനിക്ക് ഇപ്പോൾ സാർനെ കണ്ടെ പറ്റൂ.എന്ത് മീറ്റിംഗ് വർക്ക്‌ൽ ആണെങ്കിലും സാർനെ കാണാൻ തന്നെയാ എന്റെ തീരുമാനം " നമ്മളോട് അത്രക്കും മാന്യമായി സംസാരിച്ചു കൊണ്ടിരുന്ന ആ സുന്ദരിയായ പെൺകുട്ടിൻറെ വാക്കുകൾക്ക് മുന്നിൽ കയർത്ത് സംസാരിച്ചു കൊണ്ട് നമ്മള് എംഡിയുടെ റൂം ലക്ഷ്യമാക്കി നടന്നു.അപ്പോഴും ആ പെൺകുട്ടി പുറകെന്ന് നോ മാഡംന്ന് വിളിച്ചു പറയുന്നുണ്ട്. എത്ര തിരക്കിൽ ആണെങ്കിലും നമ്മളെ കാണാനും സംസാരിക്കാനുമുള്ള സമയം മുബിക്കാക്ക് ഉണ്ടാകുമെന്ന വിശ്വാസത്തോടു കൂടി മാനേജിങ്ങ് ഡയറക്ടർ എന്ന് വലുതായി എഴുതി ബോർഡ് വെച്ചിരിക്കുന്ന ക്യാബിൻറ്റെ ചില്ല് വാതിൽ നമ്മള് തള്ളി തുറന്നു.

ആദ്യത്തെ രണ്ട് തള്ളിൽ തുറക്കാതെ ആയപ്പോൾ നമ്മള് മൂന്നാമതായി തള്ളിയത് അല്പം ശക്തിയിലായിപ്പോയി.ആ തള്ളലിൽ നമ്മള് തന്നെ തെറിച്ചു ആ ക്യാബിൻറ്റെ സെൻട്രൽ പൊസിഷനിലെക്ക് എത്തിയിരുന്നു.അതിന്റെ ഉള്ളിൽ ചെയറും റൊട്ടേറ്റ് ചെയ്തോണ്ട് ഇരിക്കുന്ന ആളെ കണ്ട് നമ്മളെ കിളി പോയി.റബ്ബേ ഇവിടെയും ഇവനോ?? മിസ്റ്റർ പൂച്ചകണ്ണൻ... എന്നത്തെ പോലെ ഇന്നും ഓന്റെ ചെവിൽ ആ കുന്ത്രാണ്ടം ഉള്ളോണ്ട് നമ്മള് ഇങ്ങനെയൊരു മനുഷ്യ ജന്മം ഇതിന്റെ അകത്തേക്ക് കയറിയത് വരെ ഓൻക്ക് അറിഞ്ഞിട്ടില്ല.ഈ പഹയൻ എന്താ ഇവിടെ? ഇവിടുത്തെ ബിസ്സിനെസ്സ് ഒക്കെ നോക്കി നടത്തുന്നത് മുബിക്കന്റെ ഫ്രണ്ട് ആണെന്നല്ലെ പറഞ്ഞത്. ഇവനാണോ മുബിക്കന്റെ ഫ്രണ്ട്.. അയ്യേ,,, വേറെ ആരെയും കിട്ടില്ലേ മുബിക്കാക്ക് ഇതൊക്കെ ഏല്പിക്കാൻ. ചിലപ്പോ ഇവന്റെ ഒടുക്കത്തെ മൊഞ്ചു കണ്ട് മുബിക്ക വീണു പോയതാവും. ഓന്റെയാ വട്ടമുഖവും കട്ടതാടിയും വൈറ്റ് ഷർട്ടും ഒക്കെ നല്ല മൾട്ടി ലുക്ക്‌ ആണ്. രണ്ട് ദിവസം മുമ്പ് വരെ ഇവന് കുറ്റിതാടി ആയിരുന്നല്ലോ.. പിന്നെ ഇപ്പൊ എങ്ങനെയാ കട്ടത്താടി ആയത്. ഇനി വല്ല ബിഗ്ഗും ആയിരിക്കുമോ. നമ്മള് ഇങ്ങനെ ഓന്റെ സൗന്ദര്യത്തിൽ മതി മറന്നു നിക്കുമ്പോഴാണ് ഓന്റെ ശബ്‌ദം നമ്മക്ക് നേരെ ഉയരുന്നത്. "യൂ....!! "

റബ്ബേ..പണി പാളി.ഓൻ നമ്മളെ കാണുന്നതിന് മുന്നേ സ്ഥലം വിടണമെന്ന് കരുതിയതാ.അതെങ്ങനെയാ ഒടുക്കത്തെ ഗ്ലാമറും വെച്ച് ഇറങ്ങിയെക്കുവല്ലേ പെൺകുട്ട്യോളെ വഴി തെറ്റിക്കാൻ. നമ്മളെ നോക്കി ചോര കുടിക്കുന്ന ഓന്റെ മുഖം കണ്ട് നമ്മളെ കയ്യും കാലും വിറക്കാൻ തുടങ്ങി.നമ്മള് പിന്നെയൊന്നും നോക്കിയില്ല.രണ്ടും കല്പിച്ചു അവിടെന്ന് തിരിഞ്ഞു നടന്നു. "ഡീ നിക്കെടി അവിടെ .. !! " അത് കേൾക്കേണ്ട താമസം നമ്മളവിടെ തന്നെ നിന്നു.പേടിച്ചിട്ടൊന്നും അല്ലാട്ടോ.ഏതായാലും ഇവിടേം വരെ വന്നില്ലേ, ഇവനെങ്കിൽ ഇവൻ. മുബിക്ക എവിടെന്ന് അന്വേഷിച്ചിട്ട് തന്നെ കാര്യം.നമ്മള് ഓനെ നോക്കിയൊന്നു നന്നായി ഇളിച്ചു കൊടുത്തു.അപ്പോഴുണ്ട് ഓൻ നമ്മളെ നോക്കി കണ്ണുരുട്ടുന്നു.എന്നിട്ട് ചെയറിൽ നിന്നും എഴുന്നേറ്റ് നമ്മളെ അടുത്തേക്ക് വന്നു. "നീ...നീയോ... നീ എന്താടി ഇവിടെ?? നിനക്ക് എന്താ ഇവിടെ കാര്യം?? " "അത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത്.താൻ എന്താ ഇവിടെ?? തനിക്ക് എന്താ ഇവിടെ കാര്യം?? " നമ്മളെ ചോദ്യം കേട്ടതും ഓന്റെ മുഖം ദേഷ്യം കൊണ്ട് ചുവക്കാൻ തുടങ്ങി.

"ഹൗ dare യു..? എന്റെ ഓഫീസിൽ കയറി വന്ന് എന്നോട് എന്താ കാര്യമെന്ന് ചോദിക്കുന്നോ..? ആരുടെ പെർമിഷൻ കിട്ടിയിട്ടാടി നീ അകത്തേക്ക് കയറിയത്.." "ഓ..അങ്ങനെ പെർമിഷൻ ചോദിക്കാൻ മാത്രമൊന്നും ആരെയും അവിടെ കണ്ടില്ല... എന്താ താൻ പറഞ്ഞെ..തന്റെ ഓഫീസോ... ഹ..ഹാ..ഹാാ...ഒന്ന് പോടോ...ആ പാട്ട റെസ്റ്റോറന്റ് തന്റെയാണെന്ന് പറഞ്ഞപ്പോ അത് ഞാൻ വിശ്വസിച്ചെന്നു കരുതി ഇതും ഞാൻ വിശ്വസിക്കണോ?? ഇതെന്താ ഞാൻ ചെല്ലുന്ന സ്ഥലങ്ങളൊക്കെ ഇയാള് മൊത്തത്തിൽ വിലക്ക് വാങ്ങിരിക്കയാണോ?? " "ഇറങ്ങിപ്പോടി എന്റെ ക്യാബിൻന്ന്.... ഒരു എംഡിയുടെ റൂമിലേക്ക്‌ കയറി ചെല്ലേണ്ടത് എങ്ങനെയാണെന്നറിയോ നിനക്ക്.. അതിനുള്ള മെത്തേഡ്സ് എന്തൊക്കെ ആണെന്ന് അറിയോ നിനക്ക്..അതെങ്ങനെയാ അതിനും മാത്രമുള്ള മാന്നേഴ്സ് ഒന്നും നിനക്ക് ഇല്ലല്ലോ..." "അയ്യടാ..ഒരു എംഡി..കണ്ടേച്ചാലും മതി..എംഡിടെ കസേരയിൽ കയറി ഇരുന്നാൽ ഇവിടുത്തെ എംഡി ആവുമെന്നാണോ താൻ കരുതിയത്.വിളിക്കെടോ ഒറിജിനൽ എംഡിയെ...എനിക്ക് കാണേണ്ടത് അയാളെയാ..അല്ലാതെ തന്റെ ഈ മരമോന്തയല്ല."

"ഡീ രാക്ഷസി... ഇത്രയും നേരം മര്യാദയ്ക്കാ ഞാൻ നിന്നോട് സംസാരിച്ചത്.പുറത്ത് വെണ്ടയ്ക്ക അക്ഷരത്തിൽ മാനേജിങ്ങ് ഡയറക്റ്റർ എന്ന് എഴുതി വെച്ചിട്ടുണ്ടല്ലോ..ദേ ഇതിനകത്ത് ഇങ്ങനെയൊരു മനുഷ്യ രൂപവുമുണ്ട്.ഇനിയെന്താ നിനക്ക് വേണ്ടത്? " "എനിക്ക് വേണ്ടത് ഞാൻ പറഞ്ഞു കഴിഞ്ഞല്ലോ... എനിക്ക് എംഡിയെ കാണണം. അല്ലാതെ തന്നെയല്ലാ.. താനാരാ...?ഇവിടുത്തെ സ്റ്റാഫ്‌ ആണോ? കണ്ടാൽ അതും പറയില്ലാട്ടൊ.. ഈ ഗ്ലാമർനു ചേരുന്നത് പുറത്തു ഗേറ്റ്ൻറവിടെ നിക്കലായിരുന്നു.ചെഹ്...ഇനിയെന്താ ചെയ്യാ.. സാരല്ല്യ...എംഡിയോട് പറഞ്ഞ് നമ്മക്ക് ശെരിയാ.............." "ചീ...നിർത്തെടി പുല്ലേ.പെണ്ണായിപ്പോയി,,,അല്ലേൽ കാണാമായിരുന്നു ഇപ്പൊ. ഈ ചുവരിന്ന് വടിച്ചെടുക്കേണ്ടി വന്നേനെ നിന്നെ.. ഇത് നിന്റെ മറ്റവന്റെ വീടല്ല, നിനക്ക് തോന്നുന്ന പോലെ കയറി ഇറങ്ങാനും വായിട്ടലക്കാനും.ഗെറ്റ് ലോസ്റ്റ്‌ ഇഡിയറ്റ് " ന്നും പറഞ്ഞ് ഓൻ നമ്മളെ പിടിച്ചു ഡോർൻറെ അവിടേക്ക് തള്ളി.ഓന്റെ പ്രവർത്തിയിൽ നമ്മളെ കണ്ട്രോൾ പോയിന്ന് പറഞ്ഞാൽ മതിയല്ലോ.

"ഡാാ തെണ്ടീ..നീ ആരാന്നാ നിന്റെ വിചാരം..ഇതൊക്കെ നിന്റെ സ്വന്തമാണെന്നാണോ നീ കരുതിയിരിക്കുന്നത്..? നോക്കിക്കോ,,, വിത്ത്‌ ഇൻ ട്വന്റി ഫോർ ഹൗർസ് തന്റെ ജോലി ഞാൻ തെറിപ്പിച്ചിരിക്കും.ഞാൻ നേരത്തെ പറഞ്ഞ ആ സെക്യൂരിറ്റി പൊസിഷൻ വരെ നിനക്ക് കിട്ടാത്ത തരത്തിൽ ആക്കി തരാടാ പട്ടീ.." നമ്മളെ വെല്ലുവിളി തീരുന്നതിന് മുന്നേ ഗെറ്റ് ലോസ്റ്റ്‌ന്നും അലറിക്കൊണ്ട് ഓൻ നമ്മളെ കയ്യിൽ പിടിച്ചു വലിച്ച് ഡോറും തുറന്ന് നമ്മളെ പുറത്തേക്ക് തള്ളിയിട്ടു.അതിനോട് ഒപ്പം ഓൻക്ക് അറീന്നതും അറിയാത്തതുമായഒരുപാട് ഇംഗ്ലീഷ് തെറികളും.അതിൽ നമ്മക്ക് മനസ്സിലായത് ഇഡിയറ്റും സ്റ്റുപ്പിഡും മാത്രമാണ്.ബാക്കി ഉള്ളതൊന്നും നമ്മളെ ഈ പത്തൊമ്പതു വർഷത്തിനിടയിൽ ഇതുവരെ എവിടെയും നമ്മള് കേട്ടിട്ടില്ല. നമ്മക്ക് ആണെങ്കിൽ വായിൽ വന്ന തെറിയൊന്നും ഓനെ വിളിക്കാൻ കഴിയാത്തതിലുള്ള വിഷമമാണ്‌. എന്നു കരുതി ഈ നൂറ വെറുതെ ഇരിക്കോ? ഓന്റെ ക്യാബിൻറ്റെ പുറത്ത് നിന്ന് ഓന്റെ ചെവി പൊട്ടുന്ന വിധത്തിൽ പച്ച മലയാളത്തിൽ നമ്മക്ക് അറീന്ന മൊത്തം തെറി നമ്മളും വിളിച്ചു കൂവി.

നമ്മക്ക് ഒരു തൃപ്തി വന്നതിനു ശേഷം നമ്മളവിടുന്നു തിരിഞ്ഞു നടന്നു. ഇനി ആമിത്താനെ ഇതിന്റെ അകത്ത്ന്ന് തപ്പലാണ് റിസ്ക്. വീണ്ടും ഒന്നും മനസ്സിലാവാതെ അവിടേം ഇവിടേം ഒക്കെയായി തപ്പി നടക്കുമ്പോഴാണ് പുറകിന്ന് ആരോ വന്ന് ഞമ്മളെ തോണ്ടിയത്. "ആഹാ ആമിത്താ... ഇങ്ങള് ഇവിടെ തന്നെ ഉണ്ടായിരുന്നോ..? നമ്മളെവിടെയൊക്കെ അന്വേഷിച്ചെന്നറിയോ.. " "എന്തോ... നീ എന്നെയാണോ അന്വേഷിച്ചത് അതോ ഞാൻ നിന്നെയാണോടി.. എന്നെ ഇവിടെ ആക്കിട്ട് നീ ഇതെവിടെ പോയതാ..നമ്മളെ പേര് ആദ്യം തന്നെ ഉണ്ടായോണ്ട് നമ്മളെ പണി പെട്ടെന്ന് കഴിഞ്ഞു.അപ്പൊ തൊട്ട് അന്നെയും തപ്പി ഞാൻ ഇവിടെ മുഴുവൻ നടക്കുവായിരുന്നു.ഇതെവിടെയൊക്കെ കറങ്ങിട്ടുള്ള വരവാ.." "അത്...അത് ആമിത്താ... അല്ല ഇങ്ങളെ ഇന്റർവ്യൂൻറെ കാര്യം എന്തായി...ആദ്യം അത് പറഞ്ഞാട്ടെ" നമ്മള് പെട്ടെന്ന് തന്നെ വിഷയം മാറ്റി ഒരു ആകാംഷയോട് കൂടി ആമിത്താട് കാര്യം ചോദിച്ചു. "അതൊന്നും ശെരിയാവില്ല നൂറാ...വാ..നമുക്ക് പോവാം. " ആമിത്താൻറെ മുഖത്തെ വിഷമം കണ്ട് നമ്മള് ആകെ വല്ലാതായി.

"എന്ത് പറ്റി ഇത്താ.. ഇന്റർവ്യൂ അത്രക്കും മോശമായിരുന്നോ?? ഇങ്ങള് ശെരിക്ക് അറ്റൻഡ് ചെയ്തില്ലേ? " നമ്മളെ ചോദ്യത്തിനു ഒരു പൊട്ടിച്ചിരിയായിരുന്നു ആമിത്താൻറെ മറുപടി. നമ്മള് ഇതിപ്പോ എന്താ കഥ എന്നറിയാതെ ആമിത്താനെയും നോക്കി വാ പൊളിച്ചു നിന്നു. "വാ അടക്കെടി പെണ്ണെ... ആം അപ്പോയ്ന്റ്ഡ്.. " ന്നും പറഞ്ഞ് ആമിത്ത തുള്ളി ചാടാൻ തുടങ്ങി. "ങ്‌ഹേ... ഇത്ര പെട്ടെന്നോ..? ഇതെന്താ ഇങ്ങള് കപ്പലണ്ടി വാങ്ങാൻ പോയതാണോ..? ഒരു ജോലി വേണോന്ന് അതിന്റെ അകത്തേക്ക് കയറി ചെല്ലുമ്പോൾ തന്നെ ഇങ്ങക്കുള്ള ജോബ് അവര് ഇങ്ങളെ കയ്യിൽ വെച്ച് തന്നോ. " "അതൊക്കെയുണ്ട് മോളെ.. മ്മളെ സർട്ടിഫിക്കറ്റ് കാണുമ്പോൾ തന്നെ അതിന്റെ അകത്ത്ണ്ടായിരുന്ന മഹാൻമാരൊക്കെ ഫ്ലാറ്റ് ആയിപ്പോയി. പിന്നെ മ്മളെ പെർഫോമൻസ്,,, അതൊക്കെ മതില്ലെ മോളെ ഒരു ഇന്റർവ്യൂ സക്സസ് ആവാൻ?? " ന്നും പറഞ്ഞ് ആമിത്ത നമ്മക്ക് മുന്നിൽ ഷോൾഡർ പൊക്കി കാണിച്ചു. "അയ്യടാ... ഇങ്ങളെ പെർഫോമൻസ്നെ കുറിച്ച് മ്മക്ക് നല്ലോണം അറിയാം ഇത്തൂസെ.. ഇന്റർവ്യൂ കഴിഞ്ഞതെയുള്ളൂ..

അപ്പോഴേക്കും ആള് നിലത്ത് ഒന്നുമല്ലല്ലോ... എനിവേ കൺഗ്രാറ്സ് ഇത്താ.. " ആമിത്താൻറെ സന്തോഷം കണ്ട് നമ്മക്ക് പെരുത്ത് സന്തോഷായി. ജോലി കിട്ടിയതിന്റെയും ഇക്കാക്ക വന്നതിൻറെയുമൊക്കെ വകയായി നല്ലോണം പിഴിഞ്ഞതിന് ശേഷമാണ്‌ നമ്മള് ആമിത്താനെ വീട്ടിലാക്കി കൊടുത്തത്. ഇന്നലെ അജൂനെ പിഴിഞ്ഞ് മൂക്ക് മുട്ടെ തട്ടാന്ന് വിചാരിച്ചപ്പോഴല്ലെ ആ തെണ്ടി അവിടെയും നമ്മക്ക് പാരയായി വന്നത്. ജന്തു, എവിടെ പോയാലും ഓന്റെ തിരുമോന്ത ആണല്ലോ എനിക്ക് കാണേണ്ടി വരുന്നത്. ഓനെ പേടിച്ച് നമ്മക്ക് വീട്ടിന്നിറങ്ങാൻ പറ്റാത്ത അവസ്ഥയായിപ്പോയി. ----------------------------------- ഉച്ചക്ക് ക്യാന്റീനിൽ ചെന്ന് ഹംസക്കന്റെ കയ്യിന്ന് ഓസിക്ക് ഒരു ബിരിയാണിയും തട്ടി കയറ്റി നമ്മള് റിയൽസിന്റെ സ്ഥിരം പൊസിഷനിൽ വന്നിരുന്നു. നമ്മളും സിനുവും അസിയും അനുവും കൂടി മരച്ചോട്ടിലിരുന്ന് ഉഗ്രൻ കത്തി അടിയിലാണ്. അഖിൻറെ അടങ്ങാത്ത വിശപ്പ് കാരണം ഓന് ഒരു ബിരിയാണിയിലൊന്നും ഓന്റെ തീറ്റ ഒതുക്കിയില്ല. ഓനെ നോക്കിയിരുന്നാൽ നമ്മക്ക് വീണ്ടും ഒരു പ്ലേറ്റ് ബിരിയാണി കൂടി വേണ്ടി വരുമെന്ന് തോന്നിയതോണ്ട് നമ്മള് അഖിനെയും ഒപ്പം അജൂനെയും ക്യാന്റീനിൽ വിട്ട് ഇങ്ങോട്ടേക്കു പോന്നു .

ഇതുവരെയും ആ രണ്ട് കൊരങ്ങന്മാർ തീറ്റ മതിയാക്കിയില്ലാ എന്നാണ് തോന്നുന്നത്. ഉച്ചക്ക് ശേഷം എങ്ങനെ ക്ലാസ്സ്‌ കട്ട്‌ ആക്കാമെന്നാണ് ഇപ്പോഴത്തെ ഞങ്ങളെ നാല് പേരുടെയും മെയിൽ ചർച്ച വിഷയം. ഇന്ന് റെസ്റ്റോറന്റ് അല്ല, ബീച്ച് ആണ് ഞങ്ങളെ ലക്ഷ്യം. എന്ത് കള്ളമാണ്‌ ഇവിടെ അവതരിപ്പിക്കുകയെന്ന് നമ്മള് തല പുകഞ്ഞു ആലോചിക്കുമ്പോഴാണ് അജുവും അഖിയും ഓടി കിതച്ച് നമ്മളെ അടുത്തേക്ക് വന്നത്.അവരുടെ വരവും ഭാവവുമൊക്കെ കണ്ട് ഞങ്ങള് നാല് പേരും പേടിച്ചു പോയി. നമ്മള് കാര്യമെന്താന്ന് ചോദിച്ചെങ്കിലും കിതപ്പ് വിട്ടു മാറാത്തോണ്ട് അഖിയും അജുവും പള്ളക്ക് കൈ വെച്ചോണ്ട് നിന്ന് ശ്വാസം വലിച്ചു വിടുകയാണ്. "എന്താ അഖി.. നീയെങ്കിലും ഒന്ന് പറ.. എന്താടാ കാര്യം " നമ്മള് ആകെ പരിഭ്രമത്തോടെ ചോദിച്ചു. "അത്... അവിടെ.. അവിടെ.... " "ഡാ ശെരിക്ക് പറയെടാ തെണ്ടീ... കൊറെ നേരായല്ലോ അവിടെ ഇവിടെന്നൊക്കെ പറയുന്നു. എവിടെയാടാ.. " "നൂറാ.. ദേ ഇവന്റെ പെണ്ണ്... . മുംതാസ്......അവിടെ..........." .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story