💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 37

khalbil nee mathram

രചന: ഷംസീന ഫിറോസ്

   ആ പെരുമഴയത്ത് ആകെ നനഞ്ഞു കുളിച്ചാണ് നമ്മള് വീട്ടിലേക്ക് എത്തിയത്. കൂടെ കരഞ്ഞു തളർന്നു നമ്മള് നല്ലോണം അവശയായിട്ടുണ്ട്. ആർക്കും മുഖം കൊടുക്കാതെ നേരെ കയറി ചെന്നത് നമ്മളെ മുറിയിലെക്കാണ്. വാതിലും കുറ്റിയിട്ട് നനഞു ഒട്ടിപ്പിടിച്ചിരിക്കുന്ന വസ്ത്രം പോലും മാറ്റാതെ നമ്മള് ബെഡിലേക്ക് വീണു. ഇപ്പോഴും കണ്ണുനീർ തോർന്നിട്ടില്ല. മുബിക്ക പറഞ്ഞതും അവിടെ നടന്നതോന്നും ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. ഒക്കെയും ഓർത്ത് കൊണ്ട് നമ്മള് വീണ്ടും വീണ്ടും കരഞ്ഞു കൊണ്ടേയിരുന്നു. നമ്മളെ ശരീരമാസകലം തണുത്തു മരവിച്ച അവസ്ഥയാണ്. കൂടെ ആകെയൊരു നീറ്റലും. എന്താണ് റബ്ബേ ഞാൻ കേട്ടതൊക്കെ. ഷാജഹാൻ.. അവൻ.. ആ പൂച്ച കണ്ണൻ തെണ്ടി.. ഇല്ലാ... അല്ലാ.. ഞാനിതു വിശ്വസിക്കില്ല... ഈ നൂറ ഇത്രയും കലം മനസ്സിൽ കൊണ്ട് നടന്ന ഷാജഹാൻ അവനാണോ? എന്തൊക്കെയാ ഞാനീ കേട്ടത്.. ഈ ജീവിതത്തിൽ ഇനിയൊരിക്കലും.... അല്ല,,,, ഒരിക്കൽ പോലും കാണരുതെന്ന് നമ്മള് കരുതിയ ആളെ ഞാൻ ഇന്ന് കണ്ടിരിക്കുന്നു.

ഇന്നല്ല,, എത്രയോ ദിവസം മുൻപേ തന്നെ കണ്ടിരിക്കുന്നു.. എന്നിട്ടും ഞാൻ അറിഞ്ഞില്ലല്ലോ റബ്ബി അത് ഷാജഹാനാണെന്ന്.. ഒക്കെയും ഓർക്കും തോറും വീണ്ടും വീണ്ടും കരച്ചിൽ വരുകയാണ്. "നൂറാ... ഡീ.. തീപ്പൊരി.. എത്ര നേരായെടി വന്നു കയറിയിട്ട്.. ഇറങ്ങിവാടി.. ഉമ്മച്ചി കാപ്പി കുടിക്കാൻ വിളിക്കുന്നുണ്ട്. " വാതിലിൽ തട്ടി വിളിച്ചു കൊണ്ടുള്ള നാഫിൻറെ ശബ്‌ദം കേട്ടപ്പോഴാണ് നമ്മക്ക് സ്വബോധം വന്നത്. വന്നു കയറിയ അതേ കോലത്തിൽ തന്നെയാണ് ഇപ്പോഴും. നമ്മളെ ഡ്രെസ്സിന്റെ നനവും കണ്ണ് നീരുമൊക്കെ പടർന്നു ബെഡ് ഷീറ്റും തലയണയുമൊക്കെ ആകെ നനഞ്ഞിട്ടുണ്ട്. കരഞ്ഞു കലങ്ങിയ ഈ മുഖവും വെച്ച് എങ്ങനെയാ താഴേക്ക് ഇറങ്ങാ. ആരേലും എന്തേലുമൊക്കെ ചോദിച്ചാൽ നമ്മള് വീണ്ടും കരഞ്ഞു പോകും. "തുറക്കെടീ.. നീ എന്താ വല്ല ചെക്കൻമാരെയും അകത്തു കയറ്റിയിട്ട്ണ്ടോ..? അതാണോ വാതിൽ തുറക്കാൻ നിനക്ക് ഇത്ര താമസം.. " അപ്പൊ നാഫി പോയില്ലെ.. ഇനിയും വാതിൽ തുറക്കാതെ ഇരുന്നാൽ അവൻ ചവിട്ടി തുറക്കുമെന്ന് ഉറപ്പായോണ്ട് നമ്മള് പെട്ടെന്ന് തന്നെ എഴുന്നേറ്റു കണ്ണും മുഖവുമൊക്കെ തുടച്ചു വാതിൽ തുറന്നു.

നമ്മള് വാതിൽ തുറന്നതും നാഫി നമ്മളെപ്പോലും വക വെക്കാതെ അകത്തേക്ക് കയറി മൊത്തത്തിൽ നിരീക്ഷിക്കാൻ തുടങ്ങി. കൂടെ പിന്നെയും എന്തൊക്കെയോ ചളിയും പറയുന്നുണ്ട്. നമ്മളതോന്നും കാര്യമാക്കാതെ വീണ്ടും കട്ടിലിൽ ചെന്നിരുന്നു. നമ്മള് ഒന്നും പ്രതികരിക്കാത്തത് കൊണ്ടാവാം നാഫി നമ്മളെ ശ്രദ്ദിച്ചത്. "എടീ.. എന്ത് കോലാടി ഇത്.. അപ്പൊ ഇയ്യ് ഇന്നും കോട്ട് എടുത്തില്ലേ.. ആകെ നനഞ്ഞിട്ടുണ്ടല്ലോ.. വന്നിട്ട് ഇത്രയും നേരായി നീ ഇതൊന്നും മാറ്റിയില്ലെ.. അപ്പൊ നീ എന്തെടുക്കുവായിരുന്നു ഇതിന്റെ അകത്ത്.. ഈ ഡോറും അടച്ചിട്ടിരുന്ന് വല്ല മുട്ടയും പുഴുങ്ങി തിന്നതാണോ " ആ ചോദ്യത്തിനും ഒരു മറുപടി നൽകാതെ നമ്മള് നാഫിൻറെ മുഖത്തേക്ക് നോക്കിയൊന്നു പുഞ്ചിരിച്ചു. ചിരിക്കാൻ ആവുന്നില്ല,, എങ്കിലും പിടിച്ചു നിന്നല്ലേ പറ്റൂ.. "നൂറാ... എന്താടി.. എന്ത് പറ്റി?? എന്താ നിന്റെ മുഖമൊക്കെ വല്ലാണ്ട് ഇരിക്കുന്നെ.. നീ കരഞ്ഞോ..? നിന്നോടാ ഞാൻ ചോദിക്കുന്നത്.. നീയെന്താ ഒന്നും മിണ്ടാത്തത്..? ഇത്തൂസെ.. പറ.. കാര്യമായിട്ടെന്തോ സംഭവിച്ചിട്ടുണ്ട്.. അല്ലെങ്കിൽ നീ ഇത്രത്തോളം ഡൾ ആയി ഇരിക്കില്ല...

അറ്റ്ലീസ്റ്റ് നിനക്ക് ആ സ്കാഫ് എങ്കിലും മാറ്റിക്കൂടെടി.. ആകെ നനഞ്ഞു കുതിർന്നിട്ടുണ്ടല്ലോ.. എന്താണേലും പറ ഇത്തൂസെ.. ഇങ്ങളെ നാഫി അല്ലേ ചോദിക്കുന്നെ.. " അതുവരെ അടക്കിപിടിച്ച കരച്ചിൽ നാഫിൻറെ ചോദ്യത്തിന് മുന്നിൽ ഒരു പൊട്ടിക്കരച്ചിലായി മാറി. നമ്മള് നാഫിനെ കെട്ടിപ്പിടിച്ചു കുറേ നേരം കരഞ്ഞു. വീണ്ടും വീണ്ടും ഓൻ നമ്മളോട് കാര്യം എന്താണെന്ന് ചോദിച്ചു കൊണ്ടേയിരിന്നു. എനിക്കും എന്റെ ജെസിക്കും പിന്നേ ഇപ്പൊ റിയൽസിനും മാത്രം അറിയുന്ന എന്റെ എല്ലാ കാര്യങ്ങളും നമ്മള് നാഫിയോട് തുറന്നു പറഞ്ഞു. നമ്മള് ഷാജഹാനെ സ്നേഹിച്ചത് മുതൽ കാണാമറയത്ത് നിന്നും നമ്മളെ കണ്മുന്നിലേക്ക് വന്നത് വരെയുള്ള എല്ലാ സംഭവങ്ങളും നമ്മള് പറഞ്ഞു. പൂച്ച കണ്ണനുമായി നമ്മക്ക് ഉണ്ടായ എല്ലാ പ്രശ്നങ്ങളും നാഫിക്ക് അറിയുന്നത് കൊണ്ട് കാര്യങ്ങൾ മനസ്സിലാക്കാനും നമ്മളെ വിഷമത്തിന്റെ കാരണം എന്താണെന്ന് തിരിച്ച് അറിയാനും നാഫിക്ക് കൂടുതൽ സമയം വേണ്ടി വന്നില്ല. ഒക്കെയും കേട്ട് കഴിഞ്ഞു

ഓൻ നമ്മളെ കൊറേ ആശ്വാസിപ്പിച്ചെങ്കിലും അവന്റെ വാക്കുകൾക്കൊന്നും നമ്മളെ കണ്ണീരിനെ തടുക്കാനായില്ല. "സന്തോഷിക്കല്ലേ ഇത്തൂസെ വേണ്ടത്.. എന്റെ ഇത്തൂസിനെ ഓർത്ത് എനിക്ക് ഇപ്പോൾ വളരെ അഭിമാനം തോന്നുന്നു. ഒരിക്കലും കാണാത്ത ഒരാളെ എങ്ങനെയാ നിങ്ങള് ഇത്രയൊക്കെ സ്നേഹിച്ചേ... ലോകത്ത് ഒരു പെണ്ണിനും ഒരാണിനെ ഇത്രത്തോളം മനസ്സറിഞ്ഞു സ്നേഹിക്കാൻ പറ്റില്ല.. ഇൻറെ ഇത്തൂസിന്റെ ഖൽബിന് ഇത്രയേറെ മൊഞ്ചുണ്ടായിരുന്നെന്ന് ഞമ്മക്ക് അറിയാതെ പോയല്ലോ.. ഇപ്പോ ഞമ്മക്ക് പെരുത്ത് സന്തോഷാണ്. ഇനിയെങ്കിലും നിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകുമല്ലോ. അന്നെ സുരക്ഷിതമായാ ഒരാളുടെ കയ്യിൽ ഏല്പിക്കുന്ന ദിനവും സ്വപ്നം കണ്ടോണ്ട് ഇരിക്കാണ് നമ്മളെ ഉപ്പച്ചിയും ഉമ്മച്ചിയും.നീ അതിനൊന്നും തയാറാവാത്തതോർത്ത്‌ ഞമ്മക്ക് നല്ല വിഷമം ഉണ്ടായിരുന്നു.

പക്ഷെങ്കിൽ ഇപ്പൊ അതൊക്കെ മാറി.. ഞമ്മക്ക് നല്ല പ്രതീക്ഷയുണ്ട് അന്റെ കാര്യത്തിൽ.. നീ സ്നേഹിച്ച ആളെ തന്നെ പടച്ചോൻ നിന്റെ മുന്നിലേക്ക് എത്തിച്ചു തന്നില്ലേ.. ഇനിയെന്താ നിന്റെ പ്രശ്നം.. ഉപ്പച്ചിനോട് എല്ലാം തുറന്നു പറഞ്ഞോളി.. അന്റെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കൊന്നും ഉപ്പച്ചി ഒരിക്കലും തടസ്സം നിൽക്കില്ല. ഇല്ലെങ്കിൽ സിനുനോട് പറ,, അവൻ വന്നു അവതരിപ്പിക്കട്ടെ ഇവിടെ.. അതിനേക്കാളുമൊക്കെ നല്ലത് മുബിക്കാനോടും അന്റെ ഷാജഹാനോടും നേരിട്ട് ഇങ്ങോട്ടേക്കു തന്നെ പോരാൻ പറഞ്ഞോളി.. അതല്ലേ നല്ലത്..? ഇനിയും നീ ഇങ്ങനെ സങ്കടപ്പെട്ടു ഇരിക്കുന്നത് കാണാൻ ഇനിക്ക് വയ്യെന്റെ ഇത്തൂസെ.. " "ഇല്ല നാഫി.. നീ ഇപ്പൊ പറഞ്ഞ ഈ കാര്യങ്ങളൊന്നും ഒരിക്കലും നടക്കാൻ പോന്നില്ല. നീ മറന്നോ പഴയതൊക്കെ..? നമ്മുടെ ജെസിനെ മറന്നോ നീ..? അന്ന് ജെസിക്ക് വേണ്ടി ഒരിക്കൽ മുബിക്ക ഇവിടെ വന്നതാ.. അന്നത്തെ ആ ദിവസം മുബിക്കന്റെ ഉപ്പ ഇവിടെ നടത്തിയ പെർഫോമൻസ് നീയും അറിഞ്ഞതല്ലേ.. മൂത്താപ്പനെയും നമ്മളെ ഉപ്പച്ചിനെയും എല്ലാവരെയും ഒന്നടങ്കം ആക്ഷേപിച്ചല്ലേ മുബിക്കന്റെ ഉപ്പ അന്ന് ഇവിടുന്ന് ഇറങ്ങി പോയത്. അങ്ങനെയുള്ള ആ ഉപ്പാന്റെ മറ്റൊരു മകനല്ലേ ഷാജഹാൻ..

അയാളുടെ രണ്ടാമത്തെ മകനും സ്നേഹിച്ചതും ഇഷ്ടപ്പെട്ടതും വീണ്ടും ഈ വീട്ടിലെ തന്നെ മറ്റൊരുവളെയാണെന്ന് അറിഞ്ഞാൽ ആ ഉപ്പാന്റെ പ്രതികരണം എന്താവും. ഇനിയൊരിക്കൽ കൂടി ഈ വീട്ടുകാരെ അയാളുടെ മുന്നിൽ നാണം കെടുത്താൻ ഞാൻ തയാറല്ലാ.. അന്നൊരു തവണ ഞമ്മള് കാരണം മൂത്താപ്പ കുറെ അനുഭവിച്ചതാ.. മൂത്താപ്പ മാത്രല്ല,, എന്റെ ജെസിയും. മുബിക്കാനെ സ്നേഹിച്ച ഒരേയൊരു കാരണം കൊണ്ടാ,,, മുബിക്കന്റെ ഉപ്പാന്റെയും മൂത്താപ്പന്റെയും ഒറ്റയൊരു വാശി കാരണമാ ഇന്നെന്റെ ജസി ഈ ദുനിയാവിൽ ഇല്ലാതായത്. ഒക്കെയും അറിഞ്ഞു വെച്ചിട്ട് ഒരിക്കൽ കൂടി ഞാനൊരു തെറ്റ് ആവർത്തിക്കണോ.. ഇല്ല നാഫി..എല്ലാം എന്നേ കഴിഞ്ഞു പോയ കാര്യങ്ങളാണ്.ജെസി പോയ അന്ന് തൊട്ട് നൂറ ഇങ്ങനെയാണ്.ഇനി നൂറാക്ക് ഇതിൽ കൂടുതലായി ഒരു ജീവിതമോ സന്തോഷമോ ഒന്നുമില്ലാ..ഒന്നും വേണ്ടാ.. ഇങ്ങനെയൊക്കെ തന്നെ മതി നാഫി.." "ഇനിയും ഫിലോസഫി പറഞ്ഞ് ഇത്തൂസ് കൂടുതൽ ബുദ്ദിമുട്ടണമെന്നില്ല....അപ്പൊ ഇതൊക്കെയാണോ അന്റെ പ്രശ്നം..? ഷാജഹാൻറ്റെ ഉപ്പയാണോ നിങ്ങൾക്ക് ഇടയിലുള്ള ഈ അകലത്തിന്റെ കാരണം.. പറ.. അല്ലാതെ നിനക്ക് ഷാജഹാനെ ഇഷ്ടമല്ലാഞ്ഞിട്ടല്ല.. മുൻപത്തതിനെക്കാളും കൂടുതലായി ഇപ്പോഴും നീ ഷാജഹാനെ സ്നേഹിക്കുന്നുണ്ടല്ലോ..

അത് മതി നൂറാ... മുബിക്കന്റെ ഉപ്പാന്റെ കാഴ്ചപ്പാട് ഒക്കെ മാറിയിട്ടുണ്ടാവും. കാലം കുറച്ച് ആയില്ലേ നൂറാ.. എല്ലാം മറന്നിട്ടുണ്ടാകും. ഇനി അഥവാ കാര്യങ്ങൾ അങ്ങനെയൊന്നും അല്ലെങ്കിൽ കൂടി ഞാൻ ഇതൊക്കെ ഉപ്പച്ചിനോട് പറയാൻ പോവാ..നാളെ തന്നെ സിനുനെയും കൂട്ടി ഷാജഹാനെ കാണാൻ പോവാ.. എന്നിട്ട് ഇങ്ങോട്ടേക്കു വരാൻ പറയാം.. ഇനി നിന്നെ ഇങ്ങനെ വിട്ടാൽ ശെരിയാവില്ല നൂറാ..." "വേണ്ട നാഫി..അതിന്റെയൊന്നും ആവശ്യമില്ല..നീ പറഞ്ഞത് പോലെയുള്ള യാതൊരു വിധ ഇഷ്ടമോ സ്നേഹമോ ഒന്നും എനിക്ക് ഇപ്പോൾ ഷാജഹാനോട്‌ ഇല്ലാ.. അങ്ങനെയൊന്നും തോന്നുന്നില്ലടാ..എന്നോ ഇഷ്ടപ്പെട്ടിരുന്നു.അത് സത്യാണ്. ദേ..ഇന്ന് അവനാണ് ഷാജഹാൻ എന്ന് തിരിച്ചറിയുന്നതിനു മുൻപ് വരെ ഒരു പ്രതീക്ഷയോ മറ്റോ എന്തോ ഒന്ന് നമ്മളെ മനസ്സിൽ ഉണ്ടായിരുന്നു.പക്ഷെ ഇപ്പൊ ഒന്നുല്ലടാ.. ഒരുനിമിഷം കൊണ്ട് ഒക്കെയും തകർന്നു പോയി. മുബിക്ക പറഞ്ഞു തന്ന, നമ്മള് മനസ്സിലാക്കിയ, ആഗ്രഹിച്ച ഷാജഹാനെ അല്ലടാ അവൻ..മുബിക്ക പറഞ്ഞു തന്ന ഒരു സ്വഭാവ ഗുണങ്ങളും അവനില്ലെടാ..

ദുഷ്ടനാണ് അവൻ..വെറും ദുഷ്ടൻ.. അവന്റെ സ്വഭാവം, പെരുമാറ്റം ഒന്നും എനിക്ക് ബോധിച്ചിട്ടില്ല.. ആകെയുള്ളത് പെൺകുട്ട്യോളെ വീഴ്ത്താൻ പാകത്തിന് ഒരു ലോഡ് ഗ്ലാമർ മാത്രം.. അതല്ലല്ലോ ഞമ്മക്ക് വേണ്ടത്.. അതല്ലല്ലോ നൂറ ആഗ്രഹിച്ചത്.. ചെഹ്..ആ തെണ്ടീ മുബിക്കന്റെ അനിയൻ ആണെന്ന് പറയാനേ പറ്റുന്നില്ല.. " "ഹ.. ഹാ.. ന്റെ നൂറാ.. നീ ഇങ്ങനെയൊരു ബുദ്ദൂസ് ആയിപ്പോയല്ലോടി.. അപ്പൊ എക്സ്ടെർണൽ മാത്രമാണ് ഈ എയർ പിടുത്തവും കലിപ്പ്മൊക്കെ..അകത്തു വെറും പൊള്ളയാണല്ലേ.. ടീ.. നീ എന്തൊക്കെയാ പറഞ്ഞു വരുന്നത്. നിനക്ക് ഇപ്പൊ ഇതൊക്കെ തോന്നാൻ കാരണമെന്താ.. നീ സ്നേഹിച്ച ഷാജഹാൻ ഇവനാണെന്ന് അംഗീകരിക്കാൻ പറ്റാത്തതാണോ നിന്റെ പ്രശ്നം.? അതിന് നീയും കൂടി കാരണക്കാരിയല്ലേ.. ആദ്യം തൊട്ടേ നീ അവനുമായി ഉടക്കല്ലേ.. നീയല്ലേ എല്ലായിടത്തു നിന്നും അവന്റെ മെക്കിട്ട് കയറാൻ നിന്നത്. പിന്നേ ഇത്തിരി മുൻപ് നീ തന്നെയല്ലേ പറഞ്ഞത് നീ സ്നേഹിച്ചത് ഷാജഹാൻറ്റെ മനസ്സിനെയാണെന്ന്.. ആ ഹൃദയത്തിനെയാണെന്ന്.. എന്നിട്ട് ഇപ്പോ എന്തായി.. ഡീ,,

അവൻ നല്ലവൻ തന്നെയാ.. നീ നിന്റെ മനസ്സിൽ ഷാജഹാന് ഉണ്ടാക്കി വെച്ച ഇമേജ്ജും യഥാർത്ഥത്തിൽ നീ കണ്ട ഷാജഹാനും രണ്ടും രണ്ടാണ്. പക്ഷെ,, ആള് ഒന്ന് തന്നെയല്ലേ നൂറാ... എന്തായാലും നീ നല്ലോണം ചിന്തിക്ക്.. നിന്റെ വാശി പുറത്തൊന്നും എടുത്തു ചാടി ഒരു തീരുമാനം എടുക്കരുത്. സമാദാനമായി ആലോചിക്ക്.. എന്ത് കാര്യമുണ്ടായാലും എന്നോട് പറ,, ഈ നാഫിനെക്കൊണ്ട് ആവുന്ന തരത്തിൽ ഒക്കെ ഞമ്മള് നിന്നെ ഹെല്പാടി.." മനസ്സ് നിറയെ എന്തൊക്കെയോ ചിന്തകൾ ആയത് കൊണ്ട് നമ്മള് രാത്രി ഒരു പോള കണ്ണടിച്ചില്ല. ജെസിൻറെ ഉപദേശ പ്രകാരം ഞമ്മള് തഹജ്ജുദ് നിസ്കാരം പതിവാക്കിയതാണ്. അവള് ഇല്ലാതെ ഇരുന്നിട്ടും ഞമ്മളതിനൊരു മുടക്കവും വരുത്താറില്ല. നമസ്കാരം കഴിഞ്ഞതിനു ശേഷവും ആ നിസ്കാര പായയിൽ ഇരുന്ന് കൊണ്ട് തന്നെ നമ്മള് എന്തെന്നില്ലാതെ പൊട്ടി പൊട്ടി കരഞ്ഞു. എന്തിനാണ് ഇത്രയേറെ വിഷമം എന്ന് ഞമ്മക്ക് പോലും അറിയുന്നില്ല. രാത്രി മുഴുവൻ കരഞ്ഞത് കൊണ്ട് രാവിലേക്ക് മനസ്സിന്റെ ഭാരമൊന്നു കുറഞ്ഞിട്ടുണ്ട്.

വിഷമമൊക്കെ പൂർണമായും ഭേദമായിട്ടുണ്ട്. ഇനി കോളേജിൽ പോയി റിയൽസിനോടും കൂടെയൊന്നു ഇത് പറഞ്ഞാലേ ഞമ്മക്ക് ഒരു സമാദാനമാവൂ. ഇത് അറിഞ്ഞാൽ പിന്നേ സിനു എടുക്കുന്ന തീരുമാനം എന്താകും ന്ന് വരെ നമ്മക്ക് ഒരു പിടുത്തമില്ലാ. കാര്യങ്ങൾ ഒക്കെ കേട്ട് കഴിഞ്ഞ നാലെണ്ണം കണ്ണും തള്ളി നമ്മളെ തന്നെ ഉറ്റു നോക്കുകയാണ്. കമന്നൊരക്ഷരം പോലും ഒന്നിന്റെ വായേന്നും പുറത്തേക്ക് വരുന്നില്ല.എങ്ങനെ വരാനാ?? ഇക്കാര്യങ്ങളൊക്കെ അറിഞ്ഞ നമ്മളെ കിളി ഇന്നലെ പോയതാ.ദേ,,ബാക്കി നാലെണ്ണം ഇതൊക്കെ കേട്ടപ്പോഴേ കാറ്റു പോയ അവസ്ഥയിലാണ്.എല്ലാം അറിഞ്ഞു കഴിയുമ്പോൾ സിനു നമ്മളെ ഉപദേശിച്ചു കൊല്ലുമെന്ന് കരുതിയ നമ്മക്ക് തെറ്റി. ഓൻ നമ്മളെ നോക്കി ഹലാക്കിലെ ചിരിയാണ്. കൂടെ ബാക്കി മൂന്ന് തെണ്ടീകളും. ഇത്താൻറെ പേരും പറഞ്ഞ് അസി ഒരാഴ്ച ലീവ് എടുത്തത് നമ്മളെ ഭാഗ്യം. അല്ലേൽ ഇപ്പൊ ആ ജന്തുൻറെ കളിയാക്കലും കൂടി സഹിക്കേണ്ടി വന്നേനെ. ആഹാ..., എല്ലാത്തിനും എന്തോരു സുഖം. ഞമ്മളെ വേദന പറഞ്ഞാൽ ഇവറ്റകൾക്ക് മനസ്സിലാവോ.. ശവങ്ങൾ..

"ഹേയ്.. നൂറാ.. അപ്പൊ മുംതാസിന്റെ റോൾ എന്താ ഇവിടെ? ഷാജഹാൻറ്റെ ഉമ്മാക്ക് പെണ്മക്കളില്ലാ എന്നല്ലേ നീ പറഞ്ഞത്.? " അനുവാണ്. "യെസ്.. നോട്ട് ദി പോയിന്റ്. അപ്പൊ അവളാരാ..? " അഖിയാണ്. "അത് ശെരിയാണല്ലോ.ഇത്രയൊക്കെ സംഭവങ്ങൾ നടന്നിട്ടും അതിനെക്കുറിച്ച് നമ്മള് ചിന്തിച്ചില്ലല്ലോ സിനു.. എന്റെ അറിവിൽ മുബിക്കാക്ക് അങ്ങനെയൊരു അനിയത്തി ഉണ്ടാവാൻ വഴിയില്ല. വഴിയില്ലാ എന്നല്ലാ..,, ഇല്ലാ എന്ന് തന്നെ ഉറപ്പാണ്." "അന്റെ അറിവിൽ അല്ലേ..? മതി,, നിന്റെ അറിവും ബുദ്ദിയും കണ്ടുപിടിത്തമൊക്കെ.. അറിവും വിവരോക്കെ ആവശ്യത്തിൽ കൂടുതലായോണ്ടാ ഇപ്പൊ കാര്യങ്ങളൊക്കെ ഇവിടേം വരെ എത്തിയത്. മിണ്ടാതിരുന്നോണം.. ഇനി അങ്ങോട്ട്‌ ബാക്കി കാര്യങ്ങളൊക്കെ ഞങ്ങള് കണ്ടുപിടിച്ചോളാം.." സിനുവാണ്. എല്ലാവരും ഞമ്മളോട് ഓരോന്ന് ചോദിക്കുന്നുണ്ട്,, പറയുന്നുണ്ട്..എന്തിന് ഞമ്മളെ പച്ചക്ക് തിന്നുന്നുണ്ട്.പക്ഷെ,,ഒരുത്തൻ മാത്രം ഞാനൊന്നും അറിഞ്ഞില്ലേ നാരായണ എന്ന മട്ടിലാണ്. "ഡാ അജൂ..ഇവരുടെതൊക്കെ കഴിഞ്ഞു.അനക്ക് ഒന്നും പറയാനില്ലേ.. അല്ല,,അന്റെ വക ഉപദേശങ്ങളൊന്നും വന്നില്ല.." "എന്താ ഇപ്പൊ പറയാ..കൺഗ്രാറ്റ്സ് നൂറാ.. അല്ലെങ്കിൽ വേണ്ടാ,,താങ്ക് യു വെരി മച്ച് നൂറാ.."

"ങ്ങേ...എന്തിന്..?" "ഞമ്മളെ റൂട്ട് ക്ലിയർ ആക്കി തന്നതിന്.." "അജൂ..ഇത്രേക്കെ സംഭവങ്ങൾ അൺഎക്സ്പെക്റ്റട് ആയി നടന്നിട്ടും ഞമ്മളെ തലക്ക് ഒന്നും സംഭവിച്ചില്ല..ഇനി എന്റെ വിഷമങ്ങളൊക്കെ കേട്ട് വട്ടായത് നിനക്കാണോ..?" "ഞമ്മളെ അളിയനല്ലേ നിന്റെ ഷാജഹാൻ.എന്റ്റെ പെണ്ണിൻറെ ആങ്ങളനെയല്ലേ ഇയ്യ് വളച്ചത്.അപ്പൊ ഇനി ഞമ്മളെ റൂട്ട് ക്ലിയർ ആയില്ലേ.. ഇനി മുംതാസിനെ എനിക്ക് സെറ്റ് ആക്കി തരാൻ നിനക്ക് വല്യ പണിയൊന്നും ഇല്ലാലോ.. അവൾടെ ഇത്തൂസിന്റെ സ്ഥാനത്തു നിന്നും അവളെ ഞമ്മളെ കൈ പിടിച്ചേൽപ്പിക്കേണ്ടത് ഇനി അന്റെ കടമ കൂടിയാണ് ട്ടോ " "അയ്യടാ...പൂതി ഇണ്ടായിനോ..അന്റെ ആ ദുരുദ്ദേശങ്ങളൊക്കെ എട്ടായി മടക്കി പോക്കറ്റിൽ വെച്ചോട്ടാ.. ആ തെണ്ടി എന്റെ ഷാജഹാനുമല്ലാ,, മുംതാസ് അവന്റെ പെങ്ങളുമല്ലാ.. ഞമ്മക്ക് ആ തെണ്ടീനെയും വേണ്ടാ,,അനക്ക് മുംതാസിനെയും വേണ്ടാ.. അങ്ങനെയിപ്പോ അവനെ എന്റെ തലയിൽ കെട്ടി വെച്ചിട്ട് ഇയ്യ് അന്റെ റൂട്ട് അത്ര പെട്ടെന്ന് ക്ലിയർ ആക്കണ്ടാട്ടോ.." "ഡീ..നിന്റെ വായ അടക്കി വെച്ചോ.അവൻ നിന്റെ ഷാജഹാനാടീ.. ഇനി മുതൽ അവൻ ഇവൻ തെണ്ടീ നാറിന്നൊക്കെ വിളിക്കാൻ നിന്നാലുണ്ടല്ലോ.. ഇയ്യ് എന്റെ കയ്യിന്ന് മേടിക്കും നൂറാ.." "പ്ർർർർർ.....ഷാജഹാൻ,,, കോജഹാൻ... പോയി പണിയുണ്ടോന്നു നോക്കാൻ പറ അവനോട്.ഇനിയും ഞാൻ അവനെ തെണ്ടീ നാറിന്നൊക്കെ വിളിക്കൂ.. നിങ്ങക്കൊന്നും അറിയില്ല.. ദുഷ്ടനാണവൻ,,വെറും ദുഷ്ടൻ.. രാക്ഷസൻ..

. വീട്ടിൽ കയറി ചെന്ന എന്നെ ഒരു മര്യാദയുമില്ലാതെ ഇറങ്ങി പോവാൻ പറഞ്ഞവനാ അവൻ,,, ഇറക്കി വിട്ടതാ എന്നെ ആ ജന്തു.. കാര്യം അന്നേരം ഞാൻ അവന്റെ ശത്രു തന്നെയായിരുന്നിരിക്കാം. എങ്കിലും ഒരു ഗസ്റ്റ് എന്ന പരിഗണന,, പോട്ടേ,,, മിന്നൂൻറെ ഫ്രണ്ട് ആണെന്നുള്ള പരിഗണന എങ്കിലും അവനെനിക്ക് തന്നോ..? അതൊക്കെ പോരാഞ്ഞിട്ട് മുബിക്കന്റെ മുന്നിൽ വെച്ച് അവൻ എന്തൊക്കെയാ എന്നെ പറഞ്ഞതെന്ന് നിങ്ങക്ക് ആർക്കേലും അറിയോ..? അപ്പോഴെങ്കിലും ഞമ്മളാണ് നൂറാന്ന് മുബിക്ക പറഞ്ഞതോണ്ട് ഞമ്മള് രക്ഷപെട്ടു.ഇല്ലേൽ ആ കാട്ടു പോത്ത് ഞമ്മളെ കടിച്ചു കീറിയേനെ. ഈ ജന്മത്തിൽ ആ തെണ്ടീനെ ഷാജഹാനായി ഉൾകൊള്ളാൻ എനിക്ക് കഴിയില്ല." ഞമ്മളോട് ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലന്ന് ഉറപ്പായോണ്ട് പിന്നേ റിയൽസ് ഞമ്മളെ ഉപദേശിക്കാനായി സമയം പാഴാക്കിയില്ല. ഞമ്മക്ക് നല്ല വിഷമം ഉണ്ടെങ്കിലും പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ അതൊന്നും പുറത്ത് കാണിക്കാതെ ഞമ്മള് റിയൽസിന്റെ കൂടെ വീണ്ടും കോളേജ് പൊളിച്ചടുക്കാൻ തുടങ്ങി.

അസിൻറെ കുറവ് നല്ലോണം ഉണ്ട്. ഒരാഴ്ചന്നൊക്കെ പറഞ്ഞ് അവള് ലീവ് പിന്നെയും നീട്ടി കൊണ്ടിരുന്നു. ആ ദിവസങ്ങളിലൊക്കെ കോളേജിൽ മുംതാസിന്റെ കണ്ണിൽ പെടാതെയാണ് നമ്മള് നടന്നത്. അവള് ഞമ്മളെ അന്വേഷിച്ചു വന്നാൽ തന്നെ എന്തേലും കാരണങ്ങൾ പറഞ്ഞ് അനു അതിൽ നിന്നും ഞമ്മളെ ഒഴിവാക്കി തരും. അവളെ അങ്ങനെ അവോയ്ഡ് ചെയ്യുന്നതിൽ നമ്മക്ക് നല്ല വിഷമമുണ്ട്. അവളെ ഞമ്മളെ കാണാൻ വരുന്നത് ഷാജഹാൻറ്റെ കാര്യം സംസാരിക്കാൻ ആയിരിക്കുമെന്ന് നമ്മക്ക് ഉറപ്പുണ്ട്. ഇനിയും ഷാജഹാനെക്കുറിച്ച് സംസാരിച്ചാൽ ഒരുപക്ഷെ നമ്മക്ക് അതൊന്നും ഉൾകൊള്ളാൻ ആവില്ലെന്ന് പൂർണ ബോദ്യം ഉള്ളത് കൊണ്ടാണ് മിന്നൂനെ കാണുമ്പോൾ നമ്മള് മനപ്പൂർവം മാറി നിക്കുന്നത്. അവളെ അങ്ങനെ ചെയ്യുന്നതിൽ സിനുന്റെയും അജൂന്റെയും വക നല്ലോണം കിട്ടുന്നുമുണ്ട്. നമ്മക്ക് ദേഷ്യം വരണ്ടാന്നു കരുതി സിനു അതിൽ പിന്നെ ഷാജഹാനെ അന്വേഷിക്കാനോ ആ കാര്യം നമ്മളോട് ചോദിക്കാനോ നിന്നില്ല. എങ്കിലും അവൻ ഞമ്മള് അറിയാതെ എന്തൊക്കെയോ തീരുമാനം എടുത്ത പോലെ നമ്മക്ക് തോന്നിയിരുന്നു.

ദിവസങ്ങൾ കടന്നു പോകുന്തോറും കോളേജിൽ റിയൽസിന്റെ പേര് പിന്നെയും ഫേമസ് ആവുകയാണ്. ഓരോ ദിവസവും ഓരോ പ്രശ്നത്തിൽ ചെന്നു ചാടി അവസാനം വഴക്ക് അടിപിടിന്നൊക്കെയായി ഞമ്മളെ ഗാങ്ങിനു മൊത്തത്തിൽ ചീത്ത പേര് വരാൻ തുടങ്ങി. ഇപ്പോൾ റിയൽസ് എന്നത് മാറി പകരം ടോട്ടലി റിബൽസ് എന്നു തന്നെ ആയിട്ടുണ്ട്. മേക്കപ്പ് റാണിയൊക്കെ ഞമ്മളെ ടാർഗറ്റ്ൽ നിന്നും പോയി പകരം പിജിക്കാരാണ് ഇപ്പൊ ഞങ്ങളെ മെയിൻ എനിമീസ്.. ഞമ്മളെ തന്നെ സൂപ്പർ സീനിയർസ് ആയ ജുനൈദും കൂട്ടരും എന്തിനും ഏതിനും ഞമ്മക്ക് കട്ട സപ്പോർട്ട് ആയി വരുമ്പോൾ MCom സ്റ്റുഡന്റസ് ഞങ്ങളെ കോളേജിൽ നിന്നും പുറത്താക്കാനുള്ള തത്രപ്പാടിലാണ്. അതിൽ മെയിൻ ആയി റാഷിദും ഓന്റെ വാലുകളുമാണ്‌. പണ്ട് തൊട്ടേ ഓൻ നമ്മളെ ശത്രു ആണെങ്കിലും ഇതുവരെ ഓൻ രംഗത്ത് ഇറങ്ങി വന്ന് നമ്മളെ നേർക്ക്‌ കളിചില്ലേനു. പക്ഷെ,, ഈയിടെയായി ഓന്റെ ശല്യവും കളികളുമൊക്കെ കുറച്ച് കൂടുതലാണ്. ഓന്റെ വാപ്പ ഏതോ വല്യ പൊളിറ്റിഷ്യൻ ആണെന്നതിലുള്ള ഹുങ്ക് ഓൻ കോളേജിൽ മൊത്തം കുട്ടികൾടെയും നേർക്ക്‌ കാണിക്കാറുണ്ട്.

ആൾറെഡി കിട്ടിയ സസ്പെന്ഷനോക്കെ ഓൻ ഓന്റെ വാപ്പാന്റെ കൈ ബലം ഉപയോഗിച്ച് പുല്ലു പോലെ ഒഴിവാക്കി എടുത്തിട്ടുണ്ട്. ഞമ്മളെ ക്ലാസ്സിലെ റിഷാനയുമായുള്ള ഓന്റെ പ്രശ്നത്തിൽ ഞമ്മക്കൊന്ന് ഇടപെടേണ്ടി വന്നു. അതോണ്ട് ഈയിടെയായി ഓൻക്ക് നമ്മളോട് ഭയങ്കര ദേഷ്യാണ്. എന്നിരുന്നാലും അതൊന്നും കാര്യമാക്കാതെ നമ്മള് വീണ്ടും ഹാപ്പി ആയി നടക്കാൻ തുടങ്ങി. ആ ടൈമിലാണ് ഞമ്മളെ കോളേജിൽ ഓണം സെലിബ്രേഷൻറ്റെ ഡേറ്റ് ഫിക്സ് ചെയ്തത്. കോളേജ് യൂണിയനും ഡിപ്പാർട്മെന്റ്റുമൊക്കെ ചർച്ച ചെയ്തു ഓണ പരിപാടി അടിച്ചു പൊളിക്കാൻ തന്നെ തീരുമാനിച്ചു. ഫൈനൽ ഇയർ ആയത് കൊണ്ട് ഒന്നിനും ഒരു കുറവും വരണ്ടാന്ന് ഞങ്ങളും തീരുമാനമെടുത്തു. അതുവരെ കോളേജിലേക്ക് വരാത്ത അസി പ്രോഗ്രാംസ്ന്റെ മെനു അറിഞ്ഞതിനു ശേഷം കോളേജിലേക്ക് വരാൻ തുടങ്ങി. കഴിഞ്ഞ രണ്ട് വർഷത്തെ പോലെ ഇപ്രാവശ്യവും പൂക്കളത്തിൽ ഞമ്മക്ക് തന്നെ ഫസ്റ്റ് വേണമെന്ന ദൃഡ നിശ്ചയത്തിന്റെ പേരിൽ ഞമ്മളെ ക്ലാസ്സിൽ ഗംഭീര പ്രിപ്രേഷൻസ് തന്നെയാണ് നടക്കുന്നത്.

ഞമ്മള് ആറുപേരും കൂടി ഓണം പരിപാടി പൊളിച്ചു തരിപ്പണമാക്കുമെന്നും മറ്റു ബാച്ച്കാരുമായി ഒന്നും രണ്ടും പറഞ്ഞ് അവസാനം കളി കാര്യമായി സെലിബ്രേഷൻ വഷളാവുമെന്നും പ്രിൻസിക്ക് മുൻധാരണയുള്ളത് കൊണ്ട് ഒരാഴ്ച മുന്നേ തന്നെ ഞമ്മക്കുള്ള വാണിംഗ് അന്നൗൺസ്മെന്റ് ആയി കോളേജ് മൊത്തം പ്രധിധ്വനിച്ചിരുന്നു. എല്ലാ കാര്യത്തിലും ഒരു തീരുമാനമായി.പക്ഷെ ഞങ്ങളെ ഡ്രെസ്സിന്റെ കാര്യത്തിൽ മാത്രം യാതൊരു വിധത്തിലുള്ള തീരുമാനവും ആയില്ല.ക്ലാസ്സ്‌ മൊത്തം ഒരേ ഡ്രസ്സ്‌ വേണമെന്നതാണ് ക്ലാസ്സിന്റെ ആവശ്യം.പക്ഷെ ഞങ്ങക്ക് ആറാക്കായി വേറെ തന്നെ ഒരു കോഡ് വേണമെന്നതാണ് നമ്മളെ അഭിപ്രായം.ഞങ്ങളെ വാശിക്കൊത്ത് ഞങ്ങള് ആറുപേരും സെപറെറ്റായി ഒരു കളർ ഡിസൈഡ് ചെയ്തു.മൂന്ന് ചെക്കൻമാർക്കും മുണ്ടും ഷർട്ടുമാണ്‌ വേഷം.ഞമ്മക്കും അത് തന്നെ വേണമെന്നാണ് ആഗ്രഹം.നമ്മളെ ആഗ്രഹം തുറന്നു പറഞ്ഞപ്പോൾ അഞ്ചെണ്ണം കൂടി നമ്മളെ ഇട്ടു പൊരിച്ചുന്ന് പറഞ്ഞാൽ മതിയല്ലോ.അനുനും അസിക്കും സാരി ധരിക്കാനാണ് താത്പര്യം.

നമ്മളോടും അതുതന്നെ ധരിക്കണമെന്ന് പറഞ്ഞപ്പോൾ നമ്മക്ക് ചിരിയാണ് വന്നത്. "ഹ..ഹാ..ഹാാ.... സാരി.. ഞാനോ.. ഒന്ന് പോടീ ബ്ലഡി ഗ്രാമവാസിസ്.. ഈ പത്തൊമ്പത് വർഷത്തിനിടയിൽ നേരാവണ്ണം ഒരു ചുരിദാർ പോലും ധരിക്കാത്ത ഞാനാണ് ഈ പറഞ്ഞ സാരിയും ചുറ്റി കെട്ടി ഇങ്ങോട്ട് വരുന്നത്. ഒന്ന് പോടീ.. നടക്കുന്ന വല്ല കാര്യവും ഉണ്ടെങ്കിൽ പറ.. " "എന്താ നടക്കാത്തത്..? ആ ഒരു ദിവസത്തേക്ക് നീയത് നടത്തിയേ പറ്റൂ. അന്നും ഇതുപോലെ വല്ല കോപ്രായവും കെട്ടി വരാനാണ് നിന്റെ പരിപാടി എങ്കിൽ,,, ദേ നൂറാ.. പറഞ്ഞില്ലാന്ന് വേണ്ടാ.. " അനുവാണ്. "നിനക്ക് സാരി ധരിക്കാൻ പറ്റില്ല,, ഞങ്ങളെ കോസ്റ്റും പോലെ മുണ്ടും ഷർട്ടും ധരിക്കാൻ നീ തയ്യാറാണ്. അല്ലേ..? അന്ന് അതുപോലെയുള്ള എന്തെങ്കിലും പരിപാടി ഒപ്പിച്ചോണ്ടാണ് നീ വരുന്നതെങ്കിൽ നിന്റെ രണ്ട് മുട്ട് കാലും ഞാൻ തല്ലി ഒടിക്കും. ഇതുവരെ നിന്റെ എല്ലാ വേലത്തരത്തിനും കൂട്ട് നിന്ന ഈ സിനാൻ തന്നെയാ ഇപ്പൊ ഇത് പറയുന്നത്.. കേട്ടല്ലോ..?" "ഹി..ഹി.. അത് പൊളിച്ചു സിനു..ഇപ്പോഴെങ്കിലും നിനക്കൊരു നല്ല ബുദ്ധി തോന്നിയല്ലോ."

അഖിയാണ്. "നൂറാ.. നിന്റെ തമാശയൊക്കെ വിട്.. ഞാൻ കാര്യമായി പറഞ്ഞതാടി.. സാരി മതി നൂറാ.. നമ്മള് ഫൈനൽ ഇയർസ് അല്ലേ. ഇനി ഇതുപോലൊരു ചാൻസ് ഉണ്ടാവില്ലെടി.. എല്ലാവരും സെറ്റ് സാരിയൊക്കെ ഉടുത്തു നല്ല കളർ ആയി വരുമ്പോൾ ഞങ്ങള് മാത്രം എങ്ങനെയാടി ഒരുമാതിരി കോലത്തിൽ വരുന്നത്.. നീ സാരിക്ക് ഓക്കേ അല്ലെങ്കിൽ പിന്നെ എനിക്കും വേണ്ടാ,, നീ പറയുന്നത് പോലെത്തന്നെ ചെയ്യാം. നൂറാ.. നിനക്കിനിയും ചാൻസ് ഉണ്ടാവും. അനുനും ഉണ്ടാവും. നിങ്ങള് പിജിക്കൊക്കെ പോകുംന്നല്ലേ പറഞ്ഞത്.. പക്ഷെ,, എന്റെ അവസ്ഥ അതല്ലെടി.. എനിക്ക് ഈയൊരു ഇയറും കൂടിയല്ലേ ഉള്ളു.ഇനി എന്റെ വീട്ടുകാർ എന്നെ പഠിക്കാനൊന്നും വിടില്ല.. അപ്പൊ കിട്ടുന്ന ഈ ടൈം മാക്സിമം എൻജോയ് ചെയ്യണോന്നൊക്കെ എനിക്കൊരു ആഗ്രഹം ഉണ്ടാവൂലെ.. നൂറോ.. ഒന്ന് സമ്മതിക്കെടി.. എനിക്ക് വേണ്ടി എങ്കിലും.. " അസിന്റെ സെന്റി അടിക്കലും നിർബന്ധവുമൊക്കെ സഹിക്ക വയ്യാതെ ഒടുവിൽ അവരുടെ സാരി എന്ന ആഗ്രഹത്തിന് ഞമ്മക്ക് സമ്മതം മൂളെണ്ടി വന്നു.

ഞമ്മളെ ഏറ്റവും ഫേവ്റിറ്റ് ആയ പിങ്ക് ആൻഡ് വൈറ്റ് തന്നെയാണ് അഞ്ചാളും കൂടി സെലക്ട്‌ ചെയ്തത്. ചെക്കന്മാർ മൂന്നാളും പിങ്ക് കളറിൽ ഷർട്ടും വൈറ്റ് മുണ്ടും. ഞങ്ങള് മൂന്നും പിങ്ക് കളറിൽ ബ്ലൗസും ആ കളറിൽ തന്നെ ബോർഡർ ഉള്ള സെറ്റ് സാരിയും. വ്യാഴാഴ്ച്ചയാണ് ഫങ്ക്ഷൻ ഫിക്സ് ചെയ്തിരിക്കുന്നത്. അങ്ങനെ പരിപാടി ദിവസത്തിന്റെ അന്ന് രാവിലെ തന്നെ നമ്മള് പണി തുടങ്ങി. എങ്ങനെ തല കുത്തി മറിഞ്ഞിട്ടും നമ്മളെ കയ്യിലുള്ള സാരിന്റെ തുടക്കവും ഒടുക്കവുമൊന്നും കണ്ടുപിടിക്കാൻ ഞമ്മളെ കൊണ്ടായില്ല. ദേഷ്യം സഹിക്ക വയ്യാതെ ആയപ്പോൾ അത്രയും വൃത്തിയായി അയൺ ചെയ്തു വെച്ച ആ സാരിനെ ഞമ്മള് ചവിട്ടിക്കൂട്ടി മൂലക്കിട്ടു. അഞ്ചു മണിക്ക് എഴുന്നേറ്റ ഞമ്മള് ഒമ്പതു മണിയായിട്ടും താഴേക്ക് ഇറങ്ങാതെ ആയപ്പോൾ നമ്മളെ ഹസീനാത്താ ഞമ്മളെയും തപ്പിക്കൊണ്ട് റൂമിലേക്ക്‌ വന്നു. ഞമ്മളെ ഈ വിഷാദ ഭാവവും സാരിന്റെ അവസ്ഥയുമൊക്കെ കണ്ട് ഉമ്മച്ചി നല്ലോണത്തിൽ നമ്മക്കിട്ടു താങ്ങാൻ തുടങ്ങി. ഒരു പെണ്ണായി മാറണമെന്നുള്ള നമ്മളെ ആഗ്രഹത്തിനെ നമ്മളെ ഉമ്മച്ചി തന്നെ മുളയിലെ നുള്ളി കളഞ്ഞു.

പക്ഷെ നമ്മള് അങ്ങനെ തോറ്റു കൊടുക്കാൻ തയാറാല്ലേനു. ഉമ്മച്ചിനെ നല്ലോണത്തിൽ ഒന്ന് പതപ്പിച്ചെടുത്ത് ആ സാരിനെ നമ്മള് വീണ്ടും ചുറ്റാൻ തുടങ്ങി. അവസാനം നമ്മളെയും ഉമ്മച്ചിന്റെയും പരിശ്രമം വിജയം കൊണ്ടുന്ന് പറഞ്ഞാൽ മതിയല്ലോ. ഈ ജന്മത്തിൽ ഒരിക്കൽ പോലും നമ്മള് ചെയ്യൂലന്ന് കരുതിയ കാര്യമാണ് ഇന്ന് അസിക്കും അനുനും വേണ്ടി നമ്മള് ചെയ്തത്. കാര്യം ഞമ്മക്ക് ഇതൊരു പേക്കോലം ആണെങ്കിലും ഈ സാരിയിൽ ഞമ്മളൊരു അഡാർ ലുക്ക്‌ ആയിട്ടുണ്ട്. കണ്ണാടിയിൽ നോക്കിയ ഞമ്മളെ കണ്ണ് വരെ തള്ളിപ്പോയി. നല്ല വെറൈറ്റി ഉണ്ട് ഇന്ന് ഞമ്മളെ കാണാൻ.ഇന്നലെ നമ്മള് പ്രാക്ടീസ് ന്യൂ മോഡലിൽ തന്നെ സ്കാഫും ചെയ്ത് ചെത്ത്‌ മൊഞ്ചത്തിയായി തന്നെ നമ്മള് താഴേക്ക് ഇറങ്ങി. ഉമ്മച്ചി നമ്മളെ വീണ്ടും വീണ്ടും കളിയാക്കി കൊല്ലുന്നുണ്ട്. നമ്മളെ മേക്ഓവർ കണ്ട മൂത്താപ്പയും നാഫിയും കറന്റ് ലൈനിൽ തട്ടിയ അവസ്ഥയിലാണ്. "ന്റുമ്മച്ചിയെ... ഇവളോട് ഇത് മാറ്റിയിട്ട് വേറെ വല്ലതും ഇട്ടോണ്ട് പോകാൻ പറ,, നൂറാ... പറഞ്ഞില്ലാന്നു വേണ്ടാ.. മഹാ ബോറാണ്..

ആകെ ഒരുമാതിരി വൃത്തികെട്ട കോലമായിപ്പോയി.. നീ കണ്ണാടിയിലൊന്നും നോക്കിയില്ലേ.. ഇപ്പൊ നിന്നെ കണ്ടാൽ വല്ല പാടത്തും കോലം കുത്താൻ പോകുന്നതാണെന്നെ പറയു.. " നാഫിന്റെ വർത്താനം കേട്ട് ഞമ്മക്ക് ആകെ ചൊറിഞ്ഞു വന്നു.ഒപ്പം സങ്കടവും. ആദ്യമായല്ലേ നമ്മള് ഇങ്ങനെയൊരു സാഹസത്തിനു മുതിർന്നത്. രണ്ട് നല്ല വാക്ക് പറയേണ്ടതിന് പകരം അവൻ പറഞ്ഞത് എന്താണെന്ന് കേട്ടില്ലേ.. പിന്നേയ്... അവൻ പറഞ്ഞാൽ നമ്മക്ക് പുല്ലാണ്. മൂത്താപ്പന്റെയും മൂത്തുമ്മന്റെയും പുകഴ്ത്തലുകൾ തന്നെ നമ്മക്ക് ധാരാളമായിരുന്നു. നമ്മളെ ഇന്നത്തെ ഈ വേഷത്തിനു ബുള്ളറ്റ് നമ്മക്ക് ചേരൂലാന്ന് തോന്നിയതോണ്ട് എല്ലാവരോടും സലാം പറഞ്ഞ് നമ്മള് അനുന്റെ വീട്ടിലേക്ക് പോവാൻ ഒരുങ്ങി. അവിടുന്ന് ഓളെ വണ്ടീൽ പോവാനാണ് നമ്മളെ ഉദ്ദേശം. ഇറങ്ങാൻ നേരം നാഫി നമ്മളെ അടുത്തേക്ക് വന്ന് പതിയെ നമ്മളെ കാതിൽ മൊഴിഞ്ഞു.. "ഇത്തൂസെ.. കളറായിട്ടുണ്ട്ട്ടോ.." അത് കേട്ടപ്പോ നമ്മക്ക് ചിരി വന്നെങ്കിലും നമ്മള് അത് പുറത്തു കാണിക്കാതെ ഓനെ നോക്കി കണ്ണുരുട്ടി.

"ഷാജഹാൻ ഇന്ന് കോളേജിലേക്ക് വരാന്നൊന്നും പറഞ്ഞിട്ടില്ലല്ലോ..? അല്ല,, അത്രക്കും മൊഞ്ചത്തിയായിട്ടുണ്ട്.. " "ഉണ്ടല്ലോ.. കോളേജിലേക്ക് മാത്രല്ല.. ഇവിടേക്കും വരുന്നുണ്ട്. പറ്റുമെങ്കിൽ നീ എന്റെ റൂമൊക്കെയൊന്നു നല്ലോണം ഡെക്കറെറ്റ് ചെയ്തു വെച്ചോ.. ഇനി മുതൽ ഷാജഹാൻ നമ്മളോട് ഒപ്പം ഇവിടെ തന്നെ അങ്ങ് കൂടാൻ പോവാ.. " അനുവും ഇന്ന് നല്ല ലുക്കിൽ തന്നെയാണ്.നമ്മളെ ഈ കോലത്തിൽ കണ്ട് അനുന്റെയും കാറ്റ് പോയിട്ടുണ്ട്. കണ്ണ് എടുക്കാതെ നമ്മളെ തന്നെ കുറച്ച് നേരം നോക്കി നിന്ന് അവളും ഞമ്മളെ കളിയാക്കാൻ തുടങ്ങി. ഇനിയും ഡയലോഗടിച്ചു നിന്നാൽ കോളേജിൽ എത്താൻ ലേറ്റ് ആവുന്ന് ഉറപ്പായോണ്ട് നമ്മള് രണ്ടും കോളേജിലേക്ക് വിട്ടു. ഓൾടെ വണ്ടി ഉരുണ്ടും മറിഞ്ഞും അവിടേക്ക് എത്തുമ്പോൾ തന്നെ നേരം ഒരുപാട് ആയിരുന്നു. ഞങ്ങളെ കണ്ടതും ബാക്കിയുള്ള നാലെണ്ണവും നമ്മളെ ചുറ്റും കൂടി. അവര് മാത്രല്ല,, കോളേജിലെ നമ്മളെ ബാക്കി ചങ്ങായീസും നമ്മളെ പരിചയമുള്ള ഏകദേശം സ്റ്റുഡന്റസും ചക്കരയിൽ ഈച്ച പൊതിയുന്ന പോലെ ഞമ്മക്ക് ചുറ്റും പൊതിയാൻ തുടങ്ങി.

നമ്മളെ ഇങ്ങനെയൊരു വേഷത്തിൽ കണ്ടതിന്റെ അത്ഭുതമാണ്‌ എല്ലാർക്കും. "ന്റെ നൂറാ.. എന്ത് മൊഞ്ജാടി അനക്ക്.. ഇത്രേം നാളും നീ ഇതൊക്കെ എവിടെ കൊണ്ടോയി ഒളിപ്പിച്ചു വെച്ചതായിരുന്നു " അസിയാണ്. "അത്യാവശ്യം മൊഞ്ചൊക്കെ പടച്ചോൻ അവക്ക് നൽകിയിട്ടുണ്ട്. പക്ഷെ,, ഒരു പെണ്ണിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടാൻ മാത്രം അവൾക്ക് പറ്റില്ല..അതാണ് പ്രശ്നം.. " സിനുവാണ്. "വല്ലപ്പോഴുമൊക്കെ ഇങ്ങനെയുള്ള നല്ല വേഷത്തിൽ വന്നൂടെ നൂറാ.എന്നാലല്ലേ നിനക്ക് എത്രത്തോളം ഗ്ലാമർ ഉണ്ടെന്നു എല്ലാർക്കും ഒന്ന് കാണാൻ പറ്റൂ.." അനുവാണ്. "അല്ല,, മുല്ലപ്പൂ എവിടെ..? എന്റെ നൂറാ... ഇന്നത്തെ ഒരു ദിവസമെങ്കിലും നിനക്ക് സ്കാഫ് ചെയ്യാതെ ഇരിക്കാമായിരുന്നു.ദേ,,ഇതുപോലെ ഷാൾ ലൂസിൽ ഇട്ട് കൊടുത്താൽ മതി ആയിരുന്നല്ലോ.. ഇങ്ങനെ മുറുക്കി കെട്ടി വന്നാൽ എങ്ങനെയാ നൂറാ ശെരിയാവാ.. " "അസീ... നിന്റെ ഒറ്റ ഒരാളുടെ നിർബന്ധം കൊണ്ട് മാത്രാ ഇന്ന് ഇതും ചുറ്റി കെട്ടിട്ട് ഞാൻ ഇങ്ങോട്ടേക്കു എഴുന്നള്ളിയത്.

ഇനി അതും പോരാഞ്ഞിട്ട് നീ പറയുന്ന ബാക്കി കാര്യങ്ങളും കൂടി ചെയ്യാൻ എന്നെ കിട്ടില്ല അസീ.. നൂറാക്കെ പടച്ചോൻ ഇത്തിരി മൊഞ്ചു തന്നിട്ടുണ്ട്. അത് ശെരി തന്നെയാ.. പക്ഷെ അതാരുടെ മുന്നിലും പ്രദർശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. എല്ലാവരും എന്നെ ഇങ്ങനെയൊക്കെ കണ്ടാൽ മതി. നിങ്ങള് നേരത്തെ പറഞ്ഞ എന്റെ ആ ഗ്ലാമർ അങ്ങനെയിപ്പോ ഇവിടെയാരും കാണണ്ടാ.. " "ഹൂ... പെണ്ണുങ്ങള് തുടങ്ങി.. ഒന്ന് മിണ്ടാതിരിക്കെന്റെ അസി.. അവൾടെ സ്വഭാവം നിനക്ക് അറിയുന്നതല്ലേ.. ഇനി ആരൊക്കെ പറഞ്ഞാലും അവൾടെ രീതി മാറാനും പോകുന്നില്ല,, അവള് മാറ്റാനും പോകുന്നില്ല.. എല്ലാരും വന്നേ.. ക്ലാസ്സിൽ പൂക്കളം ഇടാൻ തുടങ്ങീട്ട് ഉണ്ടാകും. ഇനി ഇവിടെ നിന്ന് സമയം കളയണ്ടാ.." അജുവാണ്. കളിയാക്കലുകളും കമെന്റ്സുമൊക്കെ കഴിഞ്ഞ് ഞങ്ങള് ആറാളും ക്ലാസ്സിലേക്ക് വിട്ടു. ന്റെ റബ്ബേ.. ഈ സാരിയും ഉടുത്തോണ്ട് നടക്കുന്ന പെണ്ണുങ്ങളെയൊക്കെ സമ്മതിക്കണം. ഇന്നലെ വരെ കണ്ണും മൂക്കുമില്ലാതെ കോളേജ് മുഴുവനും ഓടി ചാടി നടന്ന നമ്മളാണ് ഇന്ന് ഇവിടെ നിന്ന് ഇഴഞ്ഞു നീങ്ങുന്നത്. ഇതും വലിച്ചു പിടിച്ച് നമ്മക്ക് ഒരടി പോലും നടക്കാൻ പറ്റുന്നില്ല. അനുനും അസിക്കും ഇടയ്ക്ക് എപ്പോഴെങ്കിലും ഇങ്ങനെയൊരോ വേഷവിദാനം പതിവുള്ളതോണ്ട് യാതൊരു കൂസലുമില്ലാതെയാണ് നടക്കുന്നത്.

എന്തായാലും ഞങ്ങള് ആറ് പേരും മാച്ചിങ്ങായി നല്ല സ്റ്റൈലോട് കൂടി തന്നെ എല്ലാവരുടെയും മുന്നിൽ ഞെളിഞ്ഞു നടന്നു.സിനുവും അഖിയും നന്നായി വരക്കും. അവരാണ് പൂക്കളം ഇടാൻ മെയിൽ.ചെക്കന്മാരൊക്കെ കൂടി വരക്കലും പെണ്ണുങ്ങളൊക്കെ കൂടി ഫ്ലവർസ് കട്ട്‌ ചെയ്യലുമാണ്‌ പരിപാടി.നമ്മള് അതൊന്നും വക വെക്കാതെ അവിടെ ഇവിടെയൊക്കെയായി സെൽഫിയും എടുത്തോണ്ട് നടക്കുന്ന തിരക്കിലാണ്.ഏകദേശം വരച്ചു കഴിഞ്ഞു.ഫ്ലവർ കോമ്പിനേഷൻ പറഞ്ഞു കൊടുക്കാൻ നമ്മള് അതിന്റെ ചുറ്റു വട്ടത്തേക്കൊന്ന് എത്തി നോക്കി. "നൂറാ... പൂക്കൾ കുറവാടി.. ഓർഡർ ചെയ്തത് കുറഞ്ഞു പോയെന്നാ തോന്നുന്നേ.. " അഖിയാണ്. "ഇന്നലെ മാർക്കറ്റിൽ വന്നത് ഇത്രേ ഉണ്ടായിരുന്നുള്ളു.. ബാക്കി ഇന്ന് മഹേഷ്‌ വരുമ്പോൾ വാങ്ങിക്കാംന്നാ പറഞ്ഞത്.. " അനുവാണ്. "എന്നിട്ട് മഹിയെവിടെ..? " "അവൻ ഇതുവരെ വന്നില്ലെടീ.. വിളിച്ചിട്ട് ആണേൽ ഫോണും എടുക്കുന്നില്ല.. " അജുവാണ്.

"ഇനിയിപ്പോ എന്താ ചെയ്യാ.. ഞങ്ങളെ പൂക്കളത്തിന്റെ കാര്യത്തിൽ ഇപ്പോൾ തന്നെ ഒരു തീരുമാനമായി.. ഇനിയാകെ ഒരു മണിക്കൂർ തികച്ചില്ല.. ഇത്തവണ നമ്മള് പൊട്ടും സിനു.. " അസിയാണ്. "ഇല്ലാ.. അങ്ങനെ തോറ്റു കൊടുക്കാൻ പാടില്ല.. ജൂനിയർസ്ന്റെ മുന്നിൽ നാണം കെടുന്ന കേസാ.. ഒരു മണിക്കൂർ ഉണ്ടല്ലോ.. ഏകദേശം വരച്ചും കഴിഞ്ഞു.ഇനി കുറച്ച് പൂക്കളല്ലേ വേണ്ടത്..അതാരേലും പോയി പെട്ടെന്ന് വാങ്ങിച്ചോണ്ട് വന്നാൽ പോരെ,, അല്ലെങ്കിൽ വേണ്ടാ.. വേറെ ക്ലാസ്സിനോട്‌ കുറച്ച് ചോദിച്ചാൽ പോരെ " സിനുവാണ്. "നീ ഇതെന്തൊക്കെയാ സിനു പറയുന്നേ.. നമുക്ക് വേണ്ട പൂക്കൾ ആര് തരുന്നാ.. അങ്ങോട്ടേക്ക് ചോദിച്ചോണ്ട് ചെന്നാലും മതി.. ഏതു ക്ലാസ്സിലെ കുട്ട്യോളുമായിട്ടാ ഞങ്ങള് ശെരിയുള്ളത്.. പിന്നെ,, ഈ ചുരുങ്ങിയ സമയം കൊണ്ട് ടൗണിൽ പോയി വാങ്ങിക്കലൊന്നും നടക്കില്ല.. ഇനി ഏതായാലും ഞങ്ങളെ ദൗത്യം വിജയിക്കില്ല... പോട്ടേ,, രണ്ടു തവണ ഫസ്റ്റ് അടിച്ചില്ലേ... ഇപ്രാവശ്യം വിട്ടു കളയാം... " അജുവാണ്.

"അങ്ങനെ വിട്ടു കളയാൻ തയാറല്ലെങ്കിലോ.. കാരണം ഞങ്ങള് റിയൽസാണ്. ഞങ്ങൾ വേണമെന്ന് വിചാരിച്ചാൽ വിജയിക്കാത്തതായി ഒന്നുല്ല അഖി.. നിങ്ങള് ബാക്കിയും കൂടെ വരച്ചോ.. ഉള്ള ഫ്ലവർസ് ഒക്കെ സെറ്റ് ആക്കിക്കൊ.. ഞാനും അസിയും കൂടി പോയി വരാം. ഇവിടുന്നു മാർക്കറ്റിലേക്ക് വല്യ ദൂരം ഒന്നുല്ലല്ലോ.. പെട്ടെന്ന് തന്നെ വാങ്ങിച്ചു വരാം.. ഇവിടുത്തെ കാര്യങ്ങൾ ഒക്കെ നിങ്ങള് മാനേജ് ചെയ്തോ... വാടീ അസീ... " @📖 പുസ്തക ശാല 📖 ✔ ഒരുനിമിഷം പോലും പാഴ് ആക്കാതെ അനുന്റെ വണ്ടിയും എടുത്ത് അസിനെയും കൂട്ടി നമ്മള് അപ്പൊത്തന്നെ മാർക്കറ്റിലേക്ക് വെച്ച് പിടിച്ചു. ആവശ്യത്തിൽ കൂടുതലായി ഒരു കുട്ട പൂക്കളും വാങ്ങി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ആ കടയിൽ തന്നെ പിങ്ക് ആൻഡ് വൈറ്റ് കളറിൽ റോസാപ്പൂക്കൾ മാത്രം അടങ്ങുന്ന ഒരു ബൊക്ക ഞമ്മളെ ശ്രദ്ധയിൽ പെട്ടത്. ഈ സാരിയും കയറ്റി പിടിച്ച് ഒരിക്കൽ കൂടി പടികൾ കയറി ആ കടയിലേക്ക് തന്നെ പോകാൻ മടി തോന്നിയെങ്കിലും ആ പൂക്കൾ ഞമ്മളെ വല്ലാതെ ആകർഷിച്ചിരുന്നു. ഇനി ഏതായാലും അതും കൂടി വാങ്ങിയിട്ടെ പോവുന്നുള്ളുന്ന് കരുതി നമ്മള് അസിനെയും വലിച്ച് വീണ്ടും ആ ഷോപ്പിലേക്ക് തന്നെ ലക്ഷ്യം വെച്ചു. ശെരിക്കും അന്നനട എന്താണെന്ന് ഞമ്മള് മനസ്സിലാക്കിയത് ഇന്നാണ്. വൈറ്റ് കളർ സാരി ആയോണ്ട് ചെളിയിൽ തട്ടിയാൽ പ്രശനാണ്. ആ കാരണം കൊണ്ട് സാരി മാക്സിമം പൊക്കി പിടിച്ച് നമ്മള് വീണ്ടും പതിയെ സ്റ്റെപ് കയറി.

അതിന്റെയൊക്കെ കൂടെ ഈ പൂക്കൊട്ടനെയും കൂടി പിടിക്കണോല്ലോന്ന് ഓർക്കുമ്പോഴാണ് ദേഷ്യം വരുന്നത്.നമ്മള് ഷോപ്പിന്റെ അകത്തേക്ക് കയറി മൊത്തത്തിലൊന്നു കണ്ണോടിച്ചു.ഞമ്മള് നേരത്തെ കണ്ട ആ ബൊക്ക അവിടെ എവിടെയും കാണുന്നില്ലേനു.എന്നാലും ഇത്ര പെട്ടെന്ന് അതെവിടെ പോയിന്ന് കരുതി നമ്മള് വീണ്ടും വീണ്ടും ആ ഷോപ്പ് മൊത്തത്തിൽ തിരഞ്ഞു.നമ്മളെ ഈ കളിയൊക്കെ കണ്ട് ലേറ്റ് ആയി നൂറാന്നും പറഞ്ഞ് അസി നമ്മളോട് നല്ലോണം വഴക്കിടുന്നുണ്ട്.ആ പൂക്കളും കൂടി കിട്ടാതെ നമ്മള് അവിടുന്ന് ഇറങ്ങില്ലാന്ന് കണ്ട അസി ഞമ്മളെയും വലിച്ചോണ്ട് ഷോപ്പ് കീപ്പറിന്റെ അടുത്തേക്ക് ചെന്നു.എന്നിട്ട് ഞമ്മളെ ബൊക്ക ആവി ആയതിനെക്കുറിച്ച് അയാളോട് ചോദിച്ചു.അത് ഉണ്ടായിരുന്ന പൊസിഷൻ വരെ ഞമ്മള് കാണിച്ചു കൊടുത്തു. "സോറി മോളെ..അതിന്റെ ഒരു പീസ് മാത്രമെ ഉണ്ടായിരുന്നുള്ളു..അതിപ്പോ ഒരു പയ്യൻ വന്ന് വാങ്ങിച്ചു പോയി..ദേ,, നിങ്ങള് ഇറങ്ങിയപ്പോ തന്നെയാണ്.." അത് കേട്ട നമ്മക്ക് ആകെ വിഷമായി.

"ഇപ്പോ സമാദാനായല്ലോ..ഇനി എന്ത് നോക്കി നിക്കുവാടീ... ഒന്ന് വേഗം വാ നൂറാ..ഞങ്ങള് എത്തുമ്പോഴേക്കും പരിപാടിയൊക്കെ കഴിഞ്ഞ് വിന്നർസിന്റെ പേര് വരെ അന്നൗൺസ് ചെയ്തിട്ട് ഉണ്ടാവും " എന്നാലും നമ്മക്ക് അത്രയും ഇഷ്ടപ്പെട്ടു പോയതായിരുന്നു അതിലെ പൂക്കള്.. അത്ര പെട്ടെന്ന് ഏതവനാണോ എന്തോ ഇങ്ങോട്ടേക്കു വന്ന് ഇവിടെ ഇത്രയും പൂക്കൾ ഉണ്ടായിട്ടും അത് തന്നെ വാങ്ങിച്ചോണ്ട് പോയതുംന്ന് ചിന്തിച്ചോണ്ട് ഈ സാരിനെയും പൊക്കി പിടിച്ച് നമ്മള് അവിടുന്ന് അസിന്റെ പിന്നാലെ ചടപടാന്ന് ഇറങ്ങിയതും എതിരെ വന്ന ഒരാളുമായി നമ്മള് കൂട്ടി മുട്ടിയതും ഒരുമിച്ചായിരുന്നു.പിന്നെ നമ്മള് കണ്ടത് കയ്യിൽ ഉണ്ടായിരുന്ന പൂക്കൊട്ട മാനത്തേക്ക് പറക്കുന്നതാണ്. എവടെ നോക്കിയാഡോ നടക്കുന്നത് എന്നുള്ളൊരു കലിപ്പ് ഡയലോഗ് പുറത്തേക്ക് വിട്ടതിനു ശേഷാണ് ഏതു ടാങ്കർ ലോറിയാണ് നമ്മളെ ഇടിച്ചതെന്ന് നമ്മള് തിരിഞ്ഞു നോക്കിയത്. അപ്പോഴേക്കും മുകളിലേക്ക് ഉയർന്നു പൊങ്ങിയ പൂക്കളൊക്കെ നമ്മളെയും നമ്മളെ മുന്നിലുള്ള ആളുടെയും ദേഹത്തേക്ക് മഴ പോലെ പെയ്യാൻ തുടങ്ങിയിരുന്നു. അതിനിടയിലും ആ മുഖം ഞമ്മള് കണ്ടു.. ഷാജഹാൻ... ഞമ്മളെ ശരീരത്തിൽ നുരഞ്ഞു പൊങ്ങിയ ദേഷ്യവും പുറത്തേക്ക് വരാൻ ഇരുന്ന മാസ് ഡയലോഗുമൊക്കെ നമ്മള് പോലും അറിയാതെ തന്നെ ആവിയായി പോയി........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story