💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 38

khalbil nee mathram

രചന: ഷംസീന ഫിറോസ്

 ഷാജഹാൻ... ഞമ്മളെ ശരീരത്തിൽ നുരഞ്ഞു പൊങ്ങിയ ദേഷ്യവും പുറത്തേക്ക് വരാൻ ഇരുന്ന മാസ്സ് ഡയലോഗുമൊക്കെ ഞമ്മള് പോലും അറിയാതെ തന്നെ ആവിയായിപ്പോയി.. "അള്ളോഹ്... എന്ത് പണിയാടി നൂറാ നീ ഈ കാണിച്ചത്.. പൂക്കളൊക്കെ പോയല്ലോ.. എവിടെ നോക്കിയാടി നടക്കുന്നത്..? " ഞമ്മളെ കലിപ്പ് ആവിയായി പോയെങ്കിലും എന്താ പ്രയോജനം. അസി ഭദ്ര കാളിന്റെ രൂപവും എടുത്തോണ്ട് ഞമ്മളെ നേർക്ക്‌ ഉറഞ്ഞു തുള്ളി. ഓളെ വർത്താനം കേട്ട് ഞമ്മള് ഷാജഹാൻറ്റെയും ഓളെയും മുഖത്തേക്ക് മാറി മാറി നോക്കി. "ഓഹോ... അപ്പൊ താനായിരുന്നോ കണ്ണും മൂക്കും ഇല്ലാതെ ഇങ്ങനെ ചീറി പാഞ്ഞോണ്ട് വന്നത്.. ഇവളെ ദേഹത്ത് തട്ടി മുട്ടി നടന്നില്ലെങ്കിൽ തനിക്ക് ഉറക്കം വരില്ലെഡോ.. സത്യം പറഞ്ഞോ.. താൻ മനപ്പൂർവം ചെയ്തതല്ലേ ഇത്.. വേണംന്ന് കരുതി തന്നെ ഇവളെ വന്നു ഇടിച്ചിതല്ലേ...? "

ഷാജഹാനോട്‌ ആയുള്ള അസിന്റെ ചോദ്യം കേട്ട് ഞമ്മളെ കണ്ണ് തള്ളി പോയി. നമ്മള് മാത്രല്ല,, ഓന്റെയും അവസ്ഥ ഇത് തന്നെയാണ്. അപ്രതീക്ഷിതമായി ഇവിടെ വച്ച് കണ്ട് മുട്ടിയതിന്റെ ഷോക്ക് ഞമ്മക്കുമുണ്ട്,, ഷാജഹാൻറ്റെ മുഖത്തുമുണ്ട്.. സാദാരണ ഇങ്ങനെ വല്ലതും സംഭവിച്ചാൽ നമ്മളെ വായിട്ടലക്കൽ പരിപാടി തുടങ്ങേണ്ടതായിരുന്നു. ഇതിപ്പോ ഈ തെണ്ടിയാണ് നമ്മളെ ഷാജഹാനെന്ന് അറിഞ്ഞോണ്ട് ഓന്റെ മുഖത്തേക്ക് നോക്കി നമ്മക്കൊന്നും പറയാനും പറ്റുന്നില്ല.. നമ്മളെ കാര്യം പോട്ടേ,, അസി അത്രയൊക്കെ ചോദിച്ച സ്ഥിതിക്ക് ഓനെങ്കിലും ഒന്നു വാ തുറക്കേണ്ടതല്ലേ.. ഇതിപ്പോ ചെക്കൻ കണ്ണിമ വെട്ടാതെ ഞമ്മളെ തന്നെ നോക്കി നിക്കാണ്. ഇതൊക്കെ കണ്ട് ഞമ്മക്ക് ആകെയൊരു വല്ലായ്മ തോന്നി. "ഡോ.. തന്നോടാ ചോദിക്കുന്നത്.. ഒക്കെയും തട്ടി ഇട്ടതും പോരാഞ്ഞിട്ട് താൻ എന്താ ഇവളുടെ വായും നോക്കിക്കൊണ്ട് നിക്കാണോ..? ന്റെ നൂറാ,, എന്താടി അന്റെ വായിലും നാക്കില്ലേ..അല്ലെങ്കിൽ ഇവനെ കണ്ടാൽ കടിച്ചു കീറാൻ പോവുന്ന പെണ്ണാണല്ലോ നീ.. ഇന്നിപ്പോ എന്തുപറ്റി... മല പോലെ വന്ന് ഓൻ ഇടിച്ചിട്ടും നിനക്കൊന്നും പറയാനില്ലേ..

മര്യാദക്ക് ഇതൊക്കെ പെറുക്കി തരുന്നതാ തനിക്ക് നല്ലത്.. ഇല്ലാത്ത സമയവും ഉണ്ടാക്കി കഷ്ടപ്പെട്ട് വന്ന് വാങ്ങിച്ചതാ.. ഒക്കെയും നശിപ്പിച്ചല്ലോഡോ.... " അസി അത് പറഞ്ഞപ്പോഴാണ് നമ്മളും താഴേക്ക് നോക്കിയത്. ആഹാ.. എന്താ ഭംഗി. പൂക്കളൊക്കെ നാലു ഭാഗത്തായി ചിന്നി ചിതറി കിടപ്പുണ്ട്. അതൊക്കെ കണ്ട് നമ്മള് അസിനെ നോക്കിയൊന്നു ഇളിച്ചു കൊടുത്തു. പെട്ടന്ന് എന്തോ ബോധോദയം വന്ന പോലെ നമ്മള് വീണ്ടും താഴേക്ക് നോക്കി. അതാ ആ പൂക്കൾടെ ഇടയിൽ കിടക്കുന്നു നമ്മളെ മനം കവർന്നെടുത്ത ആ ബൊക്ക.. അത് കണ്ട ഞമ്മള് അപ്പൊത്തന്നെ ഷാജഹാൻറ്റെ മുഖത്തേക്ക് നോക്കി.അപ്പോഴും ഓൻ നമ്മളെ തന്നെ നോക്കി നിൽക്കാണ്. അപ്പൊ ആ ബൊക്ക വാങ്ങിയത് ഇവനാണോ.. ആ ബൊക്കയും ഷാജഹാൻറ്റെ മുഖവുമൊക്കെ കണ്ടപ്പോ പെട്ടെന്ന് എന്തോ ഞമ്മളെ ഉള്ളിലൊരു നീറ്റൽ..

"പൊന്നു മോളെ... നീ ഇങ്ങനെ സ്വപ്നം കണ്ടോണ്ട് നിൽക്കാതെ വാ തുറന്നു എന്തേലും ഒന്ന് പറയെടി.. ഒന്നുകിൽ ഇയാളോട് ഇതൊക്കെ വാരി എടുക്കാൻ പറ.. ഇല്ലേൽ ഇത്രേം പൂക്കൾ തന്നെ വാങ്ങിച്ചു തരാൻ പറ നൂറാ... എന്തേലും ഒന്ന് പെട്ടെന്ന് ചെയ്യെഡോ.. നമുക്ക് പോയിട്ട് അത്യാവശ്യമുള്ളതാ.. " ഈ തെണ്ടി ഇവിടെ ഞമ്മളെ മുന്നിൽ നിന്ന് ഞമ്മളെ തന്നെ കണ്ണ് എടുക്കാതെ നോക്കുന്നത് കൊണ്ട് ഞമ്മക്ക് ഒന്ന് വാ തുറന്ന് രണ്ടു വാക്ക് പോലും പറയാൻ പറ്റുന്നില്ലേനു. "എന്താ ഇപ്പൊ നിങ്ങളുടെ പ്രശ്നം.. ഈ പൂക്കൾ വീണു പോയതല്ലേ..? അത് പെറുക്കി തരാനൊന്നും എനിക്ക് വയ്യാ.. ഇത്രേം പൂക്കൾ വാങ്ങിച്ചു തന്നാൽ പോരെ...? പ്രശനം തീരില്ലേ ... വാ.. " നമ്മളെയും അസിനെയും നോക്കി കൊണ്ടുള്ള ഷാജഹാൻറ്റെ മറുപടി കേട്ട് നമ്മളെ കണ്ണ് തള്ളിപ്പോയി. ന്റെ പടച്ചോനെ.. ഇവന് ഇത്രയൊക്കെ മാന്യമായി പെരുമാറാൻ അറിയോ. അതും ഇന്ന് ഇവന്റെ ഭാഗത്ത്‌ മാത്രല്ല തെറ്റ്,, ഞമ്മൾടെ ഭാഗത്തുണ്ട്. നമ്മളും അസിയും ഇത് കേട്ട് കണ്ണും മിഴിച്ചു മുഖത്തൊടു മുഖം നോക്കി നിക്കുമ്പോൾ ഓൻ വീണ്ടും ശബ്‌ദം ഉയർത്തി.

;"എന്തേ.. വേണ്ടേ.. " അസി അതിന് പെട്ടെന്ന് തന്നെ വേണോന്നുള്ള അർത്ഥത്തിൽ തലയാട്ടി കൊടുത്തു. ഞങ്ങൾ രണ്ടു പേരും ഷാജഹാനെ പിന്തുടർന്നു വീണ്ടും ആ ഷോപ്പിലേക്ക് തന്നെ കയറി. ഞങ്ങൾക്ക് വേണ്ടതിനെക്കാളും കൂടുതലായി ഫ്ലവർസും എടുത്ത് നമ്മള് ഷോപ്പ് കീപ്പറിന്റെ അടുത്തേക്ക് ചെന്നു. നമ്മളെ കണ്ടതും അയാള് അന്തം വിട്ട് ഞങ്ങളെ മൂന്നാളെയും മിഴിച്ചു നോക്കാൻ തുടങ്ങി.എന്നിട്ട് പതിയെ ചിരിക്കാൻ തുടങ്ങി. "ആഹാ..നിങ്ങള് രണ്ട് പേരും ആള് കൊള്ളാല്ലോ.. ആ ബൊക്കയ്ക്ക് വേണ്ടി അത് വാങ്ങിച്ചോണ്ട് പോയ ആളെ തന്നെ കണ്ട് പിടിച്ചു വന്നിരിക്കാണല്ലോ. ഇപ്പോ കുട്ടിക്ക് സന്തോഷായോ.. ബൊക്ക കിട്ടില്ലേ,, അല്ല ആളെ മാത്രെ കിട്ടീള്ളു.. " അയാൾടെ ചോദ്യം കേട്ട് ഞങ്ങള് മൂന്ന് പേരും പരസ്പരം മുഖത്തൊടു മുഖം നോക്കി നിന്നു പോയി. അത് വാങ്ങി പോയത് ഷാജഹാൻ ആണെന്ന് ഞമ്മക്ക് നേരത്തെ ഓടിയതാ. അതോണ്ട് നമ്മക്ക് വല്യ ഞെട്ടലൊന്നും ഉണ്ടായില്ല. ഇത് കേട്ട ഷാജഹാൻ നമ്മളെ തന്നെ ഉറ്റു നോക്കാണ്. കൂടെ അസി നമ്മളെ രണ്ടു പേരെയും മാറി മാറി നോക്കുന്നുണ്ട്. ഇതൊക്കെ കൂടി നമ്മക്ക് ആകെ എന്തോ ഒരവസ്ഥയായിപ്പോയി. "ചേട്ടാ.. ഒന്ന് പെട്ടെന്ന് തന്നേ.. കോളേജിലെ പരിപാടിക്ക് വേണ്ടിയാ.. ഇത്തിരി തിരക്കുണ്ട്.. "

പെട്ടെന്ന് തന്നെ ഷാജഹാൻറ്റെ മുന്നിൽ നിന്ന് മാറി കിട്ടണമെന്ന ആഗ്രഹം കൊണ്ട് നമ്മള് പോവാൻ തിടുക്കം കാണിച്ചു. "കേട്ടോ മോനെ.. നീ നേരത്തെ ഇവിടുന്ന് അത് വാങ്ങിച്ചു പോയ ഉടൻ തന്നെ ഈ കുട്ടി വീണ്ടും ഇവിടേക്ക് വന്നിരുന്നു,, അതും ആ ബൊക്കയും ചോദിച്ചോണ്ട്... നിങ്ങള് പരിചയക്കാരാണോ..? അപ്പൊ മോൻ ആ ബൊക്ക വാങ്ങിയത് ഈ കുട്ടിക്ക് വേണ്ടി തന്നെയാണോ..? എന്നിട്ട് ആണോ മോള് ഇവിടെ കിടന്ന് ഇത്രയൊക്കെ തപ്പിയത്.. " നമ്മളെയും ഷാജഹാനെയും നോക്കി ഒരു കള്ളച്ചിരിയോടെ കടക്കാരൻ അത് പറഞ്ഞപ്പോൾ ഞമ്മള് അറിയാതെ തന്നെ നമ്മളെ മിഴികൾ ഷാജഹാൻറ്റെ മുഖത്തേക്ക് പതിഞ്ഞിരുന്നു. അപ്പോഴും പുഞ്ചിരി തൂകി കൊണ്ട് കണ്ണിമ വെട്ടാതെ നമ്മളെ തന്നെ നോക്കി നിൽക്കുന്ന ഷാജഹാനെയാണ് നമ്മക്ക് കാണാൻ കഴിഞ്ഞത്. കണ്ണുകൾ പരസ്പരം ഉടക്കുന്നതിന് മുന്നേ തന്നെ നമ്മള് ആ നോട്ടം പിൻവലിച്ചു. ഷാജഹാൻറ്റെ മുന്നിൽ നിൽക്കുന്ന ഓരോ നിമിഷവും നമ്മളെ അവസ്ഥ വഷളായി കൊണ്ടിരിക്കയാണ്,, ആകെയൊരു ചമ്മലാണ്. നമ്മളപ്പോ തന്നെ പൂക്കൾ വാങ്ങിച്ചു അസിനെയും കൂട്ടി അവിടുന്ന് നടന്നു.

"നൂറാ.. " ഷാജഹാൻറ്റെ വിളി കേൾക്കേണ്ട താമസം അത് കേൾക്കാൻ കൊതിച്ച പോലെ നമ്മളെ കാലുകൾ അപ്പൊത്തന്നെ അവിടെ സ്ഥാനം ഉറപ്പിച്ചു. ആ നാവിൻ തുമ്പിൽ നിന്നും ഇങ്ങനെയൊരു വിളി കേൾക്കാൻ നമ്മളെത്ര ആഗ്രഹിച്ചതാണ്. ഹേ.. അപ്പൊ ഇവന് നമ്മളോട് ദേഷ്യമൊന്നുമില്ലേ.. ആ പഴയ സ്നേഹം ഇപ്പോഴും ഇവന്റെ മനസ്സിൽ ഉണ്ടോ. നമ്മള് അപ്പൊത്തന്നെ തിരിഞ്ഞ് പതിയെ ഷാജഹാൻറ്റെ മുഖത്തേക്ക് നോക്കി. നമ്മളെ തന്നെ നോക്കി പുഞ്ചിരി തൂകുന്ന ആ മുഖം കണ്ടപ്പോൾ പെട്ടെന്ന് ഒരു നിമിഷം നമ്മക്ക് ഓർമ വന്നത് ആ പഴയ നാളുകളാണ്..,, ഷാജഹാനെ മാത്രം സ്വപ്നം കണ്ട് നടന്നിരുന്ന ദിവസങ്ങളെയാണ്. "ആഹാ... താൻ ആള് മോശമില്ലല്ലോ.. അപ്പോഴേക്കും ഇവളുടെ പേരും പഠിച്ചു കഴിഞ്ഞോ.. അറിയാം വയ്യാഞ്ഞിട്ട് ചോദിക്കയാ.. എന്താ ഇയാൾടെ ഉദ്ദേശം?? ഇന്നെന്താ ഇവളെ കണ്ടപ്പോൾ തന്റെ കലിപ്പ് മോഡ് ഓണാവാത്തത്. അല്ല നൂറോ.. അവന്റെ കാര്യം പോട്ടേ.. നീയെന്താ പന്തം കണ്ട പെരുച്ചാഴിയെ പോലെ.. തിരിച്ചു പോവാനുള്ള വല്ല തീരുമാനവും ഉണ്ടോ നിനക്ക്.. "

ഈ അസി എന്താ ഇങ്ങനെ.. അപ്പൊ ഇവനാണ് നമ്മളെ ഷാജഹാൻ മൂപ്പരെന്ന് ഇവൾക്ക് അറിഞ്ഞില്ലേ.. ഓഹോ.. ആ ടൈമിൽ ഇവള് ലോങ്ങ്‌ ലീവിൽ ആയിരുന്നല്ലോ. അന്ന് ആ സംഭവങ്ങളൊക്കെ പറയുമ്പോൾ ഇവള് ഉണ്ടായിരുന്നില്ല. പിന്നീട് ആ ടോപ്പിക്ക്നെക്കുറിച്ച് നമ്മള് ആരും സംസാരിക്കാത്തോണ്ട് ഇവൾക്ക് കാര്യമൊന്നും പിടി കിട്ടീട്ടില്ല. "നൂറാ... എനിക്ക് തന്നോട് കുറച്ച് സംസാരിക്കാനുണ്ട്. വിരോധമില്ലെങ്കിൽ..." വീണ്ടും നമ്മളെ നോക്കി കൊണ്ടുള്ള ഷാജഹാൻറ്റെ വാക്കുകൾ കേട്ടപ്പോൾ ഞമ്മളെ ശരീരത്തിലേക്ക് എന്തോ ഒരു കുളിര് കയറിയ പോലെയാണ് നമ്മക്ക് തോന്നിയത്.ഷാജഹാൻറ്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കാൻ അല്ലാതെ അവനോടു ഒരക്ഷരം പോലും സംസാരിക്കാൻ നമ്മക്ക് പറ്റുന്നില്ലേനു. "ങ്ങേ..സംസാരിക്കാനോ..? തനിക്കോ.. അതും ഇവളോട്..? ഹ..ഹ..ഹാ.. ഒന്ന് പോടോ.. വെറുതെ മനുഷ്യനെ പൊട്ടം കളിപ്പിക്കാതെ..എന്താ തനിക്ക് ഇപ്പോഴൊരു മനം മാറ്റം. അപ്പൊ ഇവളോട് സോറി പറയാൻ ആവുല്ലേ..എന്തിനായാലും ഇപ്പൊ ഞങ്ങക്ക് തീരെ സമയമില്ല.. വെരി സോറി.. ഇപ്പൊ തന്റെ ആ ചൂടും കലിപ്പ്മൊക്കെയൊന്നു കുറഞ്ഞിട്ടുണ്ടല്ലോ..അപ്പൊ ഇതുപോലെ തന്നെ കൂൾ മൂടുള്ള വേറൊരു ദിവസം വാടോ ഇവളെ കാണാൻ..

അന്ന് പറയാട്ടോ സോറി ഒക്കെ.. വിരോധമില്ലെങ്കിൽ കോളേജിലേക്ക് തന്നെ വന്നോളു..അന്ന് ഇഷ്യൂ ഉണ്ടായ അത്രയും ആൾക്കാരുടെ മുന്നിൽ വെച്ചു തന്നെ മാപ്പ് പറഞ്ഞോളൂ.. സ്വീകരിക്കാൻ ഇവള് റെഡി ആണ്..അല്ലെ നൂറാ.. അപ്പൊ ഓക്കേ ഭായ്.. എല്ലാം പറഞ്ഞത് പോലെ.." അത്രയും പറഞ്ഞോണ്ട് അസി നമ്മളെ കയ്യിൽ പിടിച്ച് വലിച്ചോണ്ട് അവിടെന്നു ഇറങ്ങി.അപ്പോളും നമ്മള് തിരിഞ്ഞു ഷാജഹാനെ നോക്കാണ്. വണ്ടിന്റെ അടുത്ത് എത്തീട്ടും നമ്മളെ കണ്ണ് ഷാജഹാൻറ്റെ ഭാഗത്തേക്കാണ്.നേരത്ത നമ്മളെ തട്ടലിൽ താഴെ പോയ ആ ബൊക്കയിലെ പൂക്കളും പെറുക്കി കയ്യിൽ പുടിച്ചോണ്ട് നിന്ന് ഷാജഹാൻ ഇപ്പോഴും നമ്മളെ നോക്കുന്നുണ്ട്. "ടീ.. അവനെങ്ങനെ നിന്റെ പേരറിയാം " ഇനിയെങ്കിലും അസിനോട്‌ കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ ശെരിയാവില്ലാന്നു തോന്നിയ നമ്മള് ഓളോട് എല്ലാം പറഞ്ഞു. "ന്റെ അള്ളോഹ്... " "വാ അടക്കെടീ അസി.. ഇതിനേക്കാളും കൂടുതലായി നമ്മള് ഞെട്ടിയതാ.. " "അപ്പൊ ആ പൂച്ച കണ്ണൻ.... അവനാണോ........അവനാണോ അന്റെ ഷാജഹാൻ..? അൺ ബിലീവബിൾ നൂറാ.. "

"ഹും... പോടീ.. നിന്റെ അവസ്ഥ ഇതാണ് എങ്കിൽ അപ്പൊ എന്റെ അവസ്ഥ എന്തായിരിക്കും എന്നൊന്നു ചിന്തിച്ചു നോക്കിയേ നീ.. " "എന്നാലും നൂറാ.. അവൻ... ശോ.. വെറുതെ അല്ല ഈ പുലിക്കുട്ടി ഇന്ന് അവന്റെ മുന്നിൽ പൂച്ച കുട്ടി ആയത്. ന്റെ റബ്ബേ.. അപ്പൊ അന്റെ ഷാജഹാനോട്‌ ആണോ ഞാൻ അങ്ങനെയൊക്കെ പറഞ്ഞത്. ചേഹ്.. ആകെ നാണക്കേടായി പോയല്ലോ.. അപ്പൊ നിനക്കൊന്നു പറയായിരുന്നില്ലേടീ.. " "അതിനുള്ള ഗ്യാപ് എങ്കിലും നീ നമ്മക്ക് തന്നോ? നമ്മക്ക് തരാത്തത് പോട്ടേ,, നമ്മളെ ഷാജഹാനെ വാ തുറക്കാൻ സമ്മതിച്ചോ നീ.. ദുഷ്ടീ.. " "സോറി നൂറാ.. എനിക്കറിയാതെ പറ്റിപ്പോയതല്ലേ.. നീ ഇതുവരെ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ... ഡീ... ഞാൻ പോയി ഷാജഹാനെ കണ്ട് പെട്ടെന്നൊരു സോറി പറഞ്ഞു വരട്ടെടീ.. അല്ലെങ്കിൽ ഇനി എന്നെ കുറിച്ച് എന്താ വിചാരിക്കാ.. " " ഒന്നാക്കണ്ട,, ഒരായിരം എണ്ണം പറഞ്ഞോ.. സോറി... ഒരു വീക്ക് വെച്ച് തന്നാലുണ്ടല്ലോ.. നീ പറഞ്ഞതൊക്കെ കുറഞ്ഞു പോയിന്നാ എന്റെ അഭിപ്രായം. കുറച്ച് കൂടി പറയാമായിരുന്നു.

പിന്നെ,, ഷാജഹാൻ നിന്നെ കുറിച്ച് എന്തു വിചാരിച്ചാലും അത് നിന്നെ ബാധിക്കുന്ന പ്രശ്നല്ലാ.. നിന്റെ പേടിത്തൊണ്ടൻ നിന്നെ കുറിച്ച് എന്ത് വിചാരിക്കുന്നു എന്നോർത്ത് മാത്രം നീ ടെൻഷൻ അടിച്ചാൽ മതി.. കേട്ടല്ലോ.. " "എന്തോ.. അപ്പൊ കാര്യങ്ങൾ ഒക്കെ അവിടേം വരെ എത്തിയല്ലേ.. ഡീ,, അല്ലെങ്കിലും നിന്റെ ഷാജഹാനെ നമ്മള് തട്ടി എടുക്കാനൊന്നും പോകുന്നില്ല.. " "നിന്ന് ചെലക്കാണ്ട് കേറെടീ.. "  അലിക്ക് അത്യാവശ്യമായി ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞതോണ്ടാണ് രാവിലെ തന്നെ ഞമ്മള് അലിന്റെ കൂടെ ടൗണിലേക്ക് വന്നത്. അവന്റെ ആവശ്യക്കാരനെ കിട്ടിയപ്പോൾ ഇപ്പൊ വരാന്നും പറഞ്ഞ് ഞമ്മളെ മാർക്കറ്റിനു മുന്നിൽ പോസ്റ്റ്‌ ആക്കിയിട്ട് പോയതാണ് ആ തെണ്ടി. അവനെയും കാത്ത് കാറിനു ചാരി നിൽക്കുമ്പോഴാണ് നമ്മളെ ഒപോസിറ്റ് സൈഡിൽ ഒരു ഫ്ലവർ ഷോപ്പ് ഞമ്മള് കണ്ടത്. ആ ഷോപ്പിനേക്കാളും മുന്നേ ഞമ്മളെ കണ്ണിൽ പെട്ടത് അതിന്റെ ചില്ലുവാതിലിനോട് ചേർന്ന് നിൽക്കുന്ന വൈറ്റ് ആൻഡ് പിങ്ക് നിറത്തിൽ റോസാപൂക്കൾ മാത്രം അടങ്ങുന്ന ആ ബൊക്കയായിരുന്നു.

അത് കണ്ട ഞമ്മക്ക് മനസിലേക്ക് ആദ്യം ഓടിവന്നത് ഞമ്മളെ പെണ്ണിന്റെ മുഖമാണ്. എന്റെ നൂറാക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള നിറങ്ങൾ..... അന്ന് ആ സംഭവത്തിനു ശേഷം അവളെയൊന്ന് കാണാനോ സംസാരിക്കാനോ സാധിച്ചിട്ടില്ല. ശരിക്ക് പറഞ്ഞാൽ വീട്ടിലേക്കും കോളേജിലേക്കും ചെന്ന് കാണാൻ പേടിയാണ്. ഞമ്മളെ കാണുമ്പോൾ അവളെ റിയാക്ഷൻ എന്തായിരിക്കുമെന്ന് ചിന്തിച്ച് നമ്മക്ക് നല്ല ടെൻഷൻ ഉണ്ട്. ഇനിയും ഈ മൗനം വലിച്ചുനീട്ടിക്കൊണ്ട് പോയാൽ ഞമ്മളെ പെണ്ണിനെ ഒരിക്കലും സ്വന്തമാക്കാൻ ഞമ്മക്ക് കഴിയില്ല. എന്തായാലും ഇന്ന് നൂറാനെ കാണാൻ പോവണം.ഇത് തന്നെയാണ് അതിനുള്ള അവസരവും. അവളെ കാണാൻ പോവുമ്പോൾ അവക്ക് ഏറ്റവും പ്രിയപ്പെട്ട നിറത്തിലുള്ള ഇങ്ങനെയൊരു ബൊക്ക കൊടുത്താൽ അവൾക്കു വളരെ സന്തോഷമാകും. പിന്നെ ഞമ്മളെ ഉൾകൊള്ളാൻ അവക്ക് പറ്റോന്ന് അറിയില്ല. എന്ത് തന്നെയായാലും ഇന്ന് അവളുടെ മനസ്സിലുള്ളത്എന്താണെന്ന് ചോദിച്ചറിയാം... ആ പഴയ ഇഷ്ടം ഇപ്പോഴും ഉണ്ടോന്ന് ഞമ്മക്ക് അറിയണം.

ആ ബൊക്കയുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് തന്നെ ഞമ്മള് ഷോപ്പിലേക്ക് കയറി ചെന്നു. അത്രക്കും ഭംഗിയുണ്ട് അതിലെ പൂക്കൾക്ക്. അലിനെയും കൂട്ടി ഇപ്പോൾ തന്നെ നൂറാനെ ചെന്ന് കാണണമെന്ന് ചിന്തിച്ചോണ്ട് നമ്മളാ പൂക്കളും വാങ്ങി ഷോപ്പിന് വെളിയിലേക്കിറങ്ങി. അപ്പോഴാണ് നമ്മളെ ഫോൺ ഷോപ്പിൽ മറന്നു വെച്ച കാര്യം ഞമ്മക്ക് ഓർമ വന്നത്. അത് തിരിച്ചെടുക്കാൻ വേണ്ടി വീണ്ടും ഷോപ്പിലേക്ക് കയറുമ്പോഴാണ് നൂറ വന്ന് ഞമ്മളെ ദേഹത്ത് ഇടിച്ചത്. ന്റെ പടച്ചോനെ... അപ്പോൾ ഞമ്മക്ക് ഉണ്ടായ സന്തോഷം എത്രയാണെന്ന് ഞമ്മക്ക് പോലും അറിയില്ല. ഞമ്മള് കാണാൻ കൊതിച്ചു കൊണ്ടിരുന്ന ഞമ്മളെ പെണ്ണിനെ ആ നിമിഷം തന്നെ ഞമ്മളെ മുന്നിൽ കണ്ടപ്പോൾ എന്ത് വികാരമാണ് ഞമ്മക്ക് ഉണ്ടായതെന്ന് പറയാൻ ഇപ്പോഴും പറ്റുന്നില്ല. നമ്മളേറ്റവും ആഗ്രഹിച്ചു വാങ്ങിയ നമ്മളെ കയ്യിലുണ്ടായിരുന്ന പൂക്കൾ താഴെ പോയതിനു ഞമ്മളെ ഇടിച്ചിട്ടയാളോട് രണ്ട് വർത്താനം പറയാൻ വേണ്ടിയാണ് ഞമ്മള് തിരിഞ്ഞു നോക്കിയത്.

അവളെ കണ്ടപ്പോൾ തന്നെ ഞമ്മളെ കിളി പോയി. പറയാൻ വന്ന ഡയലോഗ് വരെ മറന്ന് ഞമ്മള് ഓളെ മുഖത്തേക്ക് തന്നെ നോക്കി നിന്നെന്ന് പറഞ്ഞാൽ മതിയല്ലോ....? അവളെ കണ്ടതിനെക്കാളെറെ നമ്മക്ക് ഷോക്ക് ആയത് അവൾടെ വേഷം കണ്ടിട്ടാണ്. ആദ്യമായാണ് നമ്മളെ പെണ്ണിനെ അങ്ങനെയൊരു നല്ല വേഷത്തിൽ നമ്മള് കാണുന്നത്. അതും അവൾക്കും നമ്മക്കും ഫേവ്റിറ്റായ പിങ്ക് ആൻഡ് വൈറ്റ് കളർ ഡ്രെസ്സിൽ. ഇല്ലെങ്കിൽ സദാ സമയവും ആൺകുട്ടിയായി വിലസി നടക്കല്ലേ അവള്. എന്റെ പടച്ചോനെ.. എന്തൊരു മൊഞ്ജാണ് എന്റെ നൂറാക്ക് നീ നൽകിയിരിക്കുന്നത്. ആ വെള്ളാരം കണ്ണുകൾ കൊണ്ടുള്ള അവളുടെ നോട്ടമാണ്‌ നമ്മക്ക് സഹിക്കാൻ കഴിയാത്തത്. അവൾടെ ആ നോട്ടത്തിലും മുഖത്തിന്റെ മൊഞ്ചിലും ചുറ്റുമുള്ളതെല്ലാം ഒരു നിമിഷത്തേക്ക് മറന്നു പോയ പോലെയാണ് നമ്മക്ക് തോന്നിയത്. നമ്മക്ക് ഉണ്ടായത് പോലെത്തന്നെ നമ്മളെ കണ്ടപ്പോൾ അവക്കും ഒരു ഞെട്ടൽ ഉണ്ടായതാണ്.

അതവളുടെ മുഖത്ത് നിന്നും നമ്മക്ക് മനസ്സിലായതാണ്.സാദാരണ നേരിൽ കണ്ടാൽ പരസ്പരം കടിച്ചു കീറാൻ പോകുന്ന ഞങ്ങൾ രണ്ടുപേരും ഇന്ന് ഒരക്ഷരം പോലും വാ തുറന്നു പറഞ്ഞില്ല.നമ്മളെ കാര്യം പോട്ടേ,, ഇന്നത്തെ അവൾടെ മേക്ഓവർ കണ്ട് നമ്മള് അപ്പൊത്തന്നെ ഫ്ലാറ്റ് ആയതാണെന്ന് പറയാം. പക്ഷെ അവളെന്താ ഒന്നും പറയാതെ നമ്മളെ മുഖത്തേക്ക് തന്നെ നോക്കി നിന്നത്.ഇപ്പൊ ആള് കുറച്ച് സൈലന്റ് ആയിട്ടുണ്ട്.അപ്പൊ അവളെ നന്നാക്കാനുള്ള നമ്മളെ തീരുമാനമൊക്കെ വെറുതെ ആവോ..നമ്മളെ കണ്ടപ്പോൾ അവക്ക് ഉണ്ടായ ആ മൗനത്തിന്റെ അർത്ഥം നൂറാക്ക് ഇപ്പോഴും നമ്മളോട് ഒരു ഇഷ്ടമൊക്കെ ഉണ്ടെന്നല്ലേ.. കടക്കാരൻ ഞങ്ങളെ നോക്കിക്കൊണ്ട് അങ്ങനെയൊരു ചോദ്യം ചോദിക്കുമ്പോൾ അവള് നമ്മളെ മുഖത്തേക്ക് തന്നെ നോക്കുന്നത് ഞാൻ കണ്ടതാ. പക്ഷെ ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. മനസ്സിൽ ഉള്ളതൊന്നും അവളോട്‌ തുറന്നു പറയാൻ പറ്റിയില്ല. കണ്മുന്നിൽ കൊണ്ടെത്തിച്ചു തന്നിട്ടും ഇനിയും എന്റെ പെണ്ണിനെ നീ എന്നിൽ നിന്നും അകറ്റല്ലേ റബ്ബേ..

"ഷാനു.. അന്റെ പെണ്ണല്ലേടാ ആ പോയത്.. ടാ ഷാനു.. കാറ്റ് പോയൊ..? " നൂറ പോകുന്നതും നോക്കി ഇതൊക്കെ ചിന്തിച്ചു കൊണ്ട് നിന്നിരുന്ന നമ്മക്ക് ബോധം വന്നത് അലിന്റെ വിളി കേട്ടാണ്. "ഹോ.. വന്നോ.. കഴിഞ്ഞോ നിന്റെ മീറ്റിങും ഡിസ്കഷനുമൊക്കെ.. " "അതൊക്കെ നല്ലത് പോലെത്തന്നെ കഴിഞ്ഞു. പിന്നെ,, ഞാൻ ചോദിച്ചതിനുള്ള മറുപടി ഇതല്ലാ.. " "നീ ചോദിച്ചതിനോ..? എന്താടാ നീ ചോദിച്ചത്.. ഞാൻ ഒന്നും കേട്ടില്ലല്ലോ അലി.. " "ആഹാ.. ബെസ്റ്റ്.. ടാ.. ഇങ്ങനെ പരിസര ബോധമില്ലാതെ സ്വപ്നം കാണല്ലേട്ടോ.. നിന്റെ പെണ്ണെന്താ ഇവിടെന്ന്? " "എന്റെ പെണ്ണ് മാത്രല്ല,, നിന്റെയും കൂടി ഉണ്ടായിരുന്നു.. " "എന്താ.. അസ്‌നായും ഉണ്ടായിരുന്നോ? അപ്പൊ മറ്റേത് അവളായിരുന്നോ.. രണ്ടും ഇന്ന് നല്ല വെറൈറ്റി ലുക്കിൽ ആണല്ലോ.. നൂറാനെയും ആദ്യം എനിക്ക് മനസ്സില്ലയില്ലേനു.. പിന്നെ ഷാനു... നൂറാനോട്‌ സംസാരിച്ചോ..? " "ഹും.. നല്ലോണം സംസാരിച്ചു.. എങ്ങനെയാ അലി എന്തെങ്കിലും ഒന്ന് അവളോട്‌ സംസാരിക്കാ.. എപ്പോഴും വേതാളം പോലെ അവളെ ഒട്ടി ചേർന്ന് നിന്റെ പെണ്ണും ഉണ്ടാവുമല്ലോ..

ഇതെന്താ അവര് തമ്മിൽ കല്യാണം കഴിച്ചതാണോ..,, ഇരുപത്തി നാലു മണിക്കൂറും ഇങ്ങനെ ചേർന്ന് നടക്കാൻ.." "ഹ.. ഹാ.. അപ്പൊ അത് പറ.. നിനക്ക് നൂറാനോട്‌ ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.. അതാണ് ചെക്കൻറ്റെ മുഖം ഇങ്ങനെ വീർത്തിരിക്കുന്നത്" "കഴിയാത്തതല്ലാ അലി.. ആ അസ്‌ന സമ്മതിക്കാത്തതാ.. എന്തൊരു നാവാടാ അന്റെ പെണ്ണിന്.. ഭാഗ്യത്തിനു നൂറ ഇന്ന് വാ തുറന്നില്ല.. അതിനൊക്കെ കൂടിയുള്ളത് മറ്റവൾ എനിക്ക് തന്നിട്ടുണ്ട്. നൂറാനോട്‌ ഒരു ഹായ് പറയണ്ട ഗ്യാപ് പോലും അസ്‌ന തന്നില്ലെടാ നമ്മക്ക്.. എങ്കിലും ഒരു കാര്യം ഓർത്ത് നമ്മക്ക് ഇപ്പൊ നല്ല ആശ്വാസം ഉണ്ട്.. " "അതെന്താ ഷാനു.. പറ.. ഞാനും കൂടി ഒന്ന് ആശ്വാസിക്കട്ടെ.. " "എന്റെ പെണ്ണ് മാത്രല്ലടാ,, അന്റെ പെണ്ണും കൂടി ഒരു ഭദ്ര കാളിയാ.. അൽഹംദുലില്ലാഹ്.. ഇക്കാര്യത്തിലും നമ്മക്ക് കൂട്ടായി പടച്ചോൻ നിന്നെ തന്നെ തന്നല്ലോ.. മിക്കവാറും നിക്കാഹ് കഴിഞ്ഞാൽ ആ രണ്ട് പെണ്ണുങ്ങള് കൂടി ഞങ്ങളെ ബോഡി പഞ്ഞിക്കിടും " "ങ്ങേ.. പോടാ ദുഷ്ടാ.. എന്റെ കാര്യം പോട്ടേ.. നീ നല്ലോണം വെള്ളം കുടിക്കും ഷാനു,,

നൂറ കുടിപ്പിക്കും നിന്നെ... അവളെ പെർഫോമൻസ് ഒക്കെ നീ കാണാൻ കിടക്കുന്നതെയുള്ളൂ.. നിനക്ക് അറിയില്ലെടാ അവളെ.. എന്നാലും എന്റെ പെണ്ണ് കാണൽ.. ഹും... നമ്മക്ക് മറക്കാൻ പറ്റുന്നില്ല. ഇപ്പോഴും അസ്‌ന എനിക്കൊരു ഗ്രീൻ സിഗ്നൽ കാണിച്ചിട്ടില്ല. അതും നിന്റെ നൂറ കാരണാടാ. എന്ന് കരുതി അസ്‌ന പാവമാണെന്ന് അല്ലാട്ടോ... അവളും കുറവില്ലാത്ത ജാതി തന്നെയാ.. " "ഹാ.. പിന്നെ അസ്‌നനെ പറഞ്ഞിട്ടും കാര്യമില്ല അലി.. നൂറാന്റെ കൂടെയല്ലേ അവൾടെ സഹവാസം. എത്ര നല്ലവരായാലും എന്റെ പെണ്ണിന്റെ കൂടെ ചേർന്നാൽ പിന്നെ അവരുടെയും കൂടി തല തിരിഞ്ഞോളും" "ഈ കുരുപ്പുകളെയൊക്കെ എങ്ങനെയാ ഷാനു ഞങ്ങള് സഹിക്കാ.. " "സഹിക്കുന്നത് ഒക്കെ പിന്നെയല്ലേ അലി.. ആദ്യം രണ്ടിനെയും വളച്ചൊടിച്ചു കുപ്പിയിൽ ആക്കണം. നിന്റെ കാര്യം അസ്‌നന്റെ ഇക്കാക്ക ഒന്നാഞ്ഞു പിടിച്ചാൽ ശെരിയാവുന്നതേയുള്ളൂ.. പിന്നെ അത് മുടക്കാൻ വീണ്ടും നമ്മളെ നൂറ രംഗത്തെക്ക് ഇറങ്ങിയാൽ പറഞ്ഞിട്ട് കാര്യമില്ല.,, ഒരിക്കൽ കൂടി നീ പോസ്റ്റ്‌ ആവും അലി..

എന്നാലും നമുക്ക് നോക്കാം. ഇനിയൊരു വഴിയേ ഉള്ളു.. അസ്‌നനെ കണ്ട് നമ്മക്ക് ഒന്നു സംസാരിക്കാം. കൂട്ടത്തിൽ നൂറാനെയും ഒന്ന് കാണാൻ പറ്റോന്ന് നോക്കണം " "എന്നിട്ട്... " "എന്നിട്ട് എന്താ... അവളോട് സംസാരിക്കണം. മനസ്സിൽ ഉള്ളത് ഒക്കെയും തുറന്നു പറയണം.ഇനിയും കാത്തിരിക്കാൻ വയ്യെന്ന് പറയണം. പക്ഷെ,, അവളെന്നെ ഉൾകൊള്ളാനും അംഗീകരിക്കാനും തയാറല്ലെങ്കിലോ അലി... പിന്നെ ഞാൻ എന്താ ചെയ്യാ .? " "ഹേയ്... അങ്ങനെയൊന്നും വരില്ലെടാ.. പുറത്തു കാണുന്ന ആ വാശി മാത്രെ അവൾക്കുള്ളു ഷാനു..അവള് നല്ലവളാ.. അവക്ക് ഇപ്പോഴും നിന്നെ ഇഷ്ടായിരിക്കും.അത് തുറന്നു പറയാത്തത് ആവും. നിന്റെ സ്നേഹം അവള് തിരിച്ചറിയും ഷാനു.. " " ഹാ...വിശ്വാസം അതല്ലേ എല്ലാം.. " "അല്ല ഷാനു,, ഇതെന്താ നിന്റെ കയ്യിൽ.. ഐവാ.. എന്ത് നല്ല പൂക്കളാടാ.. നൂറാക്ക് കൊടുക്കാൻ വാങ്ങിച്ചതാണോ.. ഇതിന്റെ അവസ്ഥ കണ്ടിട്ട് നീ കൊടുത്ത അതേ സ്പോട്ടിൽ തന്നെ അവള് ഇത് തിരിച്ചു നിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ പോലുണ്ട് . ഹി.. ഹി.. " നമ്മള് ഇവിടെ പ്രാണ വേദന അനുഭവിക്കുമ്പോൾ അവന്റെയൊരു ഇളിക്കല്.. ഓന്റെ ചിരി ഒന്ന് അടങ്ങട്ടെന്ന് കരുതി ഇവിടെ നടന്ന കാര്യങ്ങളൊക്കെ നമ്മള് അലിനോട്‌ പറഞ്ഞു.

അത് കേട്ട് കഴിഞ്ഞപ്പോൾ ഓന്റെ ചിരിക്ക് വോൾട്ടേജ് കൂടുകയാണ് ചെയ്തത്. അതിനൊക്കെ കൂടി നമ്മള് ഓന്റെ കാല് നോക്കി രണ്ടു ചവിട്ട് വച്ച് കൊടുത്തു. ഇനി ഇന്നേതായാലും നൂറാനെ കാണാൻ പോയാൽ ശെരി ആവില്ലെന്ന് തോന്നിയതോണ്ട് നമ്മള് അപ്പൊത്തന്നെ അലിനെയും കൂട്ടി വീട്ടിലേക് തിരിച്ചു. @@@@@@@@@@@@@@@@@@@@ ഇന്നലെ ആർത്തു വിളിച്ചതിന്റെയും സെലിബ്രേഷൻ പൊളിച്ചു അടുക്കിയതിന്റെയും ക്ഷീണം ഇതുവരെയും നമ്മക്ക് മാറിയിട്ടില്ല. ഞങ്ങളെ ആഗ്രഹത്തിന് ഒത്തു തന്നെ ഇന്നലത്തെ പരിപാടികളൊക്കെ ഞമ്മള് കളർ ആക്കിയിട്ടുണ്ട്. ഇന്നൊരു ദിവസം കൂടി കോളേജിലേക്ക് പോയാൽ മതി.ഇനി പത്തു ദിവസം അവധിയാണ്.റിയൽസ് ഇല്ലാതെ ഞമ്മക്ക് ഇവിടെ മഹാ ബോറായിരിക്കും. എങ്കിലും സാരല്യ,,, ഇനി വരുന്ന ദിവസങ്ങളിൽ നമ്മക്ക് ഒന്ന് ഉറങ്ങി സുഖിക്കണം.

ഞങ്ങള് ആറു പേരും ചേർന്ന് മരച്ചോട്ടിൽ ഇരുന്ന് ഭയങ്കര കത്തി അടിയിലാണ്.മെയിൻ ടോപ്പിക്ക് ഇന്നലെ കഴിഞ്ഞ ഓണം പരിപാടി തന്നെയാണ്. പിന്നെ വരുന്ന പത്തു ദിവസങ്ങൾ എന്തു ചെയ്യണമെന്നതിനെക്കുറിച്ചുള്ള ചർച്ചയും. അപ്പോഴാണ് ഒരു കാർ ശര വേഗത്തിൽ കോളേജ് ഗേറ്റ് കടന്ന് വന്ന് ഞങ്ങളെ തൊട്ടടുത്ത് കൊണ്ട് നിർത്തിയത്.അതിന്റെ സ്പീഡും വരവുമൊക്കെ കണ്ട് നമ്മള് നിന്നിടത്ത് നിന്നും രണ്ടടി പിറകോട്ടു ചാടിയിരുന്നു. ഏതവനാണ് നമ്മളെ കോളേജിലേക്ക് കണ്ണും മൂക്കും ഇല്ലാതെ ഇങ്ങനെ ഇടിച്ചു കയറി വന്നതെന്ന് അറിയാൻ വേണ്ടി ഞങ്ങള് ആറുപേരും കൂടി നമ്മളെ മുന്നിൽ വന്ന് നിർത്തിയ കാറിനെ നെറ്റിയും ചുളിച്ചോണ്ട് നോക്കി നിന്നു.അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് നമ്മള് പതിയെ അവിടെന്ന് സ്കൂട്ട് ആവാൻ വേണ്ടി തിരിഞ്ഞതും നമ്മളെ കയ്യിലെക്ക് ആരുടെയോ പിടുത്തം വീണു കഴിഞ്ഞിരുന്നു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story