💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 39

khalbil nee mathram

രചന: ഷംസീന ഫിറോസ്

 കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് നമ്മള് പതിയെ അവിടെന്നു സ്കൂട്ട് ആവാൻ വേണ്ടി തിരിഞ്ഞതും നമ്മളെ കയ്യിലെക്ക് ആരുടേയോ പിടുത്തം വീണു കഴിഞ്ഞിരുന്നു. "ടാ.. സിനു വിടെടാ.. ടാ തെണ്ടി.. നിന്നോട് വിടാനാ പറഞ്ഞത്." "ടീ.. നീ ഇതെവിടെ പോവാ.. എന്റെ മോളിവിടെ തന്നെ നിക്ക്.. ഇന്ന് നിന്റെ കാര്യത്തിൽ ഞങ്ങളൊക്കെ കൂടിയൊരു തീരുമാനം ഉണ്ടാക്കുന്നുണ്ട്. അതൊക്കെ കഴിഞ്ഞിട്ട് നീ ഇവിടുന്നു പോയാൽ മതി. " നമ്മളെ കാതിൽ സിനു പതിയെ ഇങ്ങനെ പറയുമ്പോൾ നമ്മള് ഓനെയും നമ്മളെ മുന്നിൽ കാറിൽ നിന്നിറങ്ങിയ ആളെയും നോക്കാൻ തുടങ്ങി.നമ്മളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ട് മുബിക്കയാണ് കോളേജിലേക്ക് ഇങ്ങനെയൊരു എൻട്രി നടത്തിയത്.മുബിക്കാനെ കണ്ട നമ്മള് ആദ്യം നോക്കിയത് മുംതാസ് കൂടെ ഉണ്ടോ എന്നാണ്. അവളില്ലാ..അപ്പൊ അവളെ കൊണ്ട് വിടാൻ വേണ്ടിയല്ല മുബിക്ക ഇവിടേക്ക് വന്നത്.മുബിക്ക നമ്മളെ അടുത്തേക്ക് വന്നതും നമ്മള് ആകെ പരുങ്ങാൻ തുടങ്ങി.

ശെരിക്ക് പറഞ്ഞാൽ മുബിക്കാനെ ഫേസ് ചെയ്യാൻ തന്നെ നമ്മക്ക് ചമ്മലാണ്.പിന്നേ ഇപ്പോൾ മിന്നു ചെന്ന് അവൾടെ പരിഭവവും പറയുന്നുണ്ടാവും. നമ്മള് സിനുന്റെ കൈ വിടുവിക്കാൻ ശ്രമിച്ചെങ്കിലും ഓൻ നമ്മളെ നോക്കി ഇളിക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല.അപ്പൊ മുബിക്കാനെ വിളിച്ചു വരുത്തിയത് ഇവനാണോ.നമ്മള് അപ്പൊത്തന്നെ ഓന്റെ കാലിനിട്ടൊരു ചവിട്ട് കൊടുത്തു.നമ്മളെ നോക്കി കണ്ണുരുട്ടി കൊണ്ടുള്ള ഓന്റെ അലർച്ച കേട്ട് മുബിക്കയും റിയൽസും നമ്മളെ തന്നെ ഉറ്റു നോക്കാൻ തുടങ്ങി. "നീ അവനെ പഞ്ഞിക്കിടണ്ടാ നൂറാ.. അവൻ പറഞ്ഞിട്ടല്ല ഞാൻ വന്നത്.. " നമ്മളെ നോക്കിയുള്ള മുബിക്കന്റെ വാക്കുകൾക്ക് മുന്നിൽ വേണോ വേണ്ടയോ എന്ന മട്ടിൽ നമ്മള് മുബിക്കാനെയും സിനുനെയും നോക്കി ഒന്ന് ഇളിച്ചു കൊടുത്തു. ബാക്കിയുള്ള തെണ്ടികൾക്ക് ഇത്രേം കേട്ടാൽ മതിയല്ലോ അവരുടെ കൊലച്ചിരി തുടങ്ങാൻ. "നൂറാ.. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്.. വിരോധമില്ലെങ്കിൽ കുറച്ചു നേരത്തേക്ക് നീയൊന്നെന്റെ കൂടെ വരണം. "

"മുബിക്കാ.. അത്....ഇപ്പോ....ഇപ്പോ എനിക്ക് ക്ലാസ്സ്‌ ഉണ്ട്." "ക്ലാസ്സോ...അതിനു നീ എപ്പോഴാ ക്ലാസ്സിൽ ഇരിക്കാറ്.. എന്താടി ഇത്.. മുബിക്കാക്ക് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത് കേട്ടില്ലേ.. നീ മുബിക്കന്റെ കൂടെ ചെന്നെ.. " എന്തെങ്കിലും പറഞ്ഞ് ഒന്ന് ഒഴിയാമെന്ന് കരുതിയപ്പോഴാണ് സിനു അതിന്റെ ഇടയിൽ ചാടി കയറി അങ്ങനെ പറഞ്ഞത്. "നൂറാ... ഇപ്പോഴത്തെ നിന്റെ മാനസികാവസ്ഥ മറ്റാരേക്കാളും നന്നായി എനിക്കറിയാം മോളെ.. മിന്നുനെയും എന്നെയും കാണുമ്പോൾ തന്നെ നീ ഇപ്പൊ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നത് നിനക്ക് ഞങ്ങളെ ഇഷ്ടമല്ലാഞ്ഞിട്ടല്ലാ..,, പകരം നിന്നോട് ഞങ്ങൾ ഷാനുനെക്കുറിച്ച് സംസാരിക്കുമെന്ന് നിനക്ക് ഉറപ്പുള്ളത് കൊണ്ടാണ്. അത് നിനക്ക് ഉൾകൊള്ളാൻ പറ്റില്ല എന്ന് കരുതുന്നത് കൊണ്ടല്ലേ എനിക്ക് സംസാരിക്കാൻ ഉള്ളത് എന്താണെന്ന് പോലും നീ ചോദിക്കാത്തത്.. " "അങ്ങനെയൊന്നുമല്ലാ മുബിക്കാ.. അത് ഷാജഹാൻ... എനിക്ക്... എനിക്കൊന്നും അറിയില്ല... ഇങ്ങക്ക് എന്താ ഈ പെങ്ങളുട്ടിയോട് സംസാരിക്കാൻ ഉള്ളത്.,,

ഇങ്ങളെ ഷാനുനെക്കുറിച്ച് അല്ലെ? വേണ്ട മുബിക്കാ.. ഇനി അതൊന്നും ശെരിയാവില്ല.. പണ്ട് മുബിക്ക പറയായിരുന്നില്ലേ,, ഇങ്ങളെ ഷാനുന് എന്ത് കൊണ്ടും ചേരുന്ന പെണ്ണാണ് ഞാനെന്ന്.. അതങ്ങനെയല്ല മുബിക്കാ.. ഷാജഹാന് മ്മള് ചേരൂലാ.. ചേരാത്തത് മാത്രല്ല,, എന്നെ നൂറായായി ഉൾകൊള്ളാൻ ഇങ്ങളെ ഷാനുന് കഴിയില്ല.. അതുപോലെ തന്നെയാണ് ഞമ്മക്കും. ഇനി ഷാജഹാനെ അംഗീകരിക്കാൻ എനിക്കാവില്ല.. അതിനുള്ളൊരു മനസ്സ് ഞമ്മക്ക് ഇപ്പൊ ഇല്ല.. ഇങ്ങളെ ഷാനുനെ സ്നേഹിച്ചു കൊണ്ടിരുന്ന ആ പഴയ നൂറ അല്ല ഞാൻ ഇപ്പൊ.. ഒരുപാട് മാറിയിരിക്കുന്നു... ഇനി നമ്മക്ക് ഒന്നും വേണ്ട മുബിക്കാ.." "ഇപ്പോ നിന്നോട് ഞാനെന്തു പറഞ്ഞാലും അതൊക്കെ ഞാൻ ഷാനുന് വേണ്ടിയാണു പറയുന്നതെന്നെ നീ കരുതു.. അവനെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നതാണെന്നേ തോന്നു..

പക്ഷെ,, ഇപ്പൊ ഞാൻ നിന്നെ കാണാൻ വന്നത് അതിന് വേണ്ടി ഒന്നുമല്ല. അവന്റെ കാര്യം സംസാരിച്ചു ഇനിയും നിന്നെ വേദനിപ്പിക്കാൻ ഞാൻ ഉദേശിച്ചിട്ടില്ല മോളെ.. ഇപ്പോൾത്തന്നെ നീ ഒരുപാട് ദുഖിച്ചിരിക്കുന്നു. നിനക്ക് പറ്റുമെങ്കിൽ നീ ഒന്നെന്റെ കൂടെ വീട്ടിലേക് വരണം. എനിക്കൊ ഷാനുനോ ആർക്ക് വേണ്ടിയുമല്ലാ.. ഇപ്പൊ നിന്നെ കാണാൻ കൊതിക്കുന്ന മറ്റൊരാൾ ഉണ്ട് ആ വീട്ടിൽ. നിന്നെ കൂട്ടി കൊണ്ട് ചെല്ലാമെന്ന് ഞാൻ വാക്ക് കൊടുത്തു പോയി. നിന്റെ ജെസിനെ നിനക്ക് നഷ്ടപ്പെടാൻ എന്റെ ഉപ്പ കൂടി ഒരു കാരണമാണെന്ന് നീ ഇപ്പോഴും വിശ്വസിക്കുന്നുണ്ടല്ലോ നൂറാ.. അന്ന് എന്റെ ഉപ്പ നിങ്ങളോട് ഒക്കെ ചെയ്തത് തെറ്റ് തന്നെയാണ്. പണത്തിന്റെയും പ്രശസ്തിയുടെയും അഹങ്കാരം തന്നെയാണ് ഉപ്പ അന്ന് നിന്റെ വീട്ടുകാരോട് കാണിച്ചത്. ചെയ്ത തെറ്റിനൊക്കെയുള്ള ശിക്ഷ പടച്ചവൻ എന്റെ ഉപ്പാക്ക് നൽകിയിരിക്കുന്നു. ശരീരമാസകലം തളർന്നു ഒന്ന് എഴുന്നേൽക്കാൻ പോലും വയ്യാതെ ഒരു കിടക്കയിൽ അവശേഷിക്കുന്നുണ്ട് ഇന്ന് ആ ബാക്കി ജീവൻ. കഴിഞ്ഞതൊക്കെ ഓർത്ത് ഉപ്പാക്ക് നല്ല കുറ്റബോധമുണ്ട്.

നാട്ടിൽ വന്ന അന്നുമുതൽ നിന്നെ കാണണമെന്ന് പറഞ്ഞ് വാശി പിടിച്ചതാണ്. ചെയ്ത തെറ്റിനെല്ലാം നിന്നെ കണ്ട് ക്ഷമ ചോദിക്കണമെന്ന് എന്നോട് കുറേ തവണ പറഞ്ഞതാ. പക്ഷെ,,, നീ വരില്ലാന്ന് കരുതിയാ,, എന്റെ ഉപ്പാനെ കാണാൻ നിനക്ക് ഇഷ്ടമുണ്ടാവില്ല എന്ന് കരുതിയാ ഇത്രയും ദിവസം നിന്നോട് ഈ കാര്യം പറയാൻ ഞാൻ വരാത്തത്.പക്ഷെ ഇപ്പൊ ഷാനുവും മിന്നുവും പറയുന്നു നീ വരുമെന്ന്,, ഞാൻ വിളിച്ചാൽ ഉപ്പാനെ കാണാൻ നീ എന്തായാലും വീട്ടിലേക് വരുമെന്ന്. വരില്ലെ മോളെ നീ. . എന്റ്റുപ്പാനോട്‌ ക്ഷമിക്കില്ലേ.. എല്ലാം നീ മറക്കണമെന്ന് ഞാൻ പറയില്ല.. ഒരുതവണ നീ വന്ന് ഉപ്പാനെ കാണണം, ഒന്ന് സംസാരിക്കണം.. ഇക്കാന്റെ ഈ ആവശ്യം മോള് നിറവേറ്റി തരില്ലെ.." "എന്താ മുബിക്കാ ഇത്.. അന്ന് അങ്ങനെയൊക്കെ സംഭവിച്ചെന്ന് കരുതി അതെല്ലാം ഇപ്പോഴും ഇവള് മനസ്സിൽ വെച്ച് നടക്കാണെന്നോ..

മുബിക്കന്റെ ഉപ്പാനോട് ഇവൾക്ക് എന്തിനാ ദേഷ്യം. നൂറ നിങ്ങൾടെ കൂടെ വരും. അല്ലെ നൂറാ... ചെന്നെ.. വൈകിക്കണ്ട.. പെട്ടെന്ന് പോയി വാ നൂറാ... " സിനു ഒരു വകയ്ക്കും നമ്മളെ വിടുന്ന ലക്ഷണമില്ല. മുബിക്കന്റെ കൂടെ പോവാൻ നമ്മക്ക് വിരോധം ഉണ്ടായിട്ടല്ലാ. അവിടെ ആ തെണ്ടിയും കൂടി ഉണ്ടാവുമല്ലോന്ന് കരുതിയാ.. "അതല്ലടാ സിനു.. പ്രിൻസി.. അയാളെന്നെ നേരത്തെ കണ്ടതാ. ഇനി ഞാൻ കോളേജിലേക്ക് വന്നതിന് ശേഷം പെർമിഷൻ ഇല്ലാതെ മുങ്ങിന്ന് അറിഞ്ഞാൽ..... " "അതോർത്തു നീ പേടിക്കണ്ട.. പ്രിൻസിന്റെ കാര്യം എനിക്ക് വിട്ടേക്ക്,, നമ്മള് മാനേജ് ചെയ്തോളാം. ഇപ്പൊ നീ മുബിക്കന്റെ കൂടെ ചെല്ല്.. " "അതെ നൂറാ.. പോയി വാ.. രാവിലത്തെ ക്ലാസും പോയി കിട്ടും. അതൊക്കെ തന്നെയാണല്ലോ നിനക്ക് വേണ്ടതും " അനുവാണ്. "നല്ല അടിപൊളി ലഞ്ച് ഒക്കെ തട്ടീട്ട് വാ . ഇനി ആഫ്റ്റർ നൂൺ ക്ലാസ്സിൽ ഇരിക്കാം. മുബിക്കാ,, നമ്മളെ നൂറാക്ക് അസ്സല് വിരുന്നോക്കെ നൽകണേ.. " അഖിയാണ്. ഈ തെണ്ടികൾക്ക് ഞമ്മളെ പറഞ്ഞയക്കാനുള്ള തിടുക്കം കണ്ടാൽ തോന്നും നമ്മള് ഇവറ്റകൾടെ ജീവൻ എടുക്കാൻ വന്ന കാലനാണെന്ന്.

വിരുന്ന്..ഹും..പച്ചവെള്ളം വരെ തന്നില്ലെങ്കിലും സാരല്യയായിരുന്നു. അങ്ങോട്ടേക്ക് കയറി ചെല്ലുമ്പോൾ തന്നെ ആ തെണ്ടി നമ്മളോട് ഇറങ്ങി പോവാൻ പറയാതിരുന്നാൽ മതിയായിരുന്നു. അഞ്ചെണ്ണത്തിന്റെയും ചിരിയും വർത്താനവും കേട്ട് നമ്മള് എല്ലാത്തിനെയും നോക്കി കണ്ണുരുട്ടി. സിനു നമ്മളെ നോക്കി തലയാട്ടി ചിരിക്കുന്നുണ്ട്. നിനക്കുള്ളത് വന്നിട്ട് താരാടാ മരപ്പട്ടിന്നും പല്ലിറുമ്പി കൊണ്ട് ഞമ്മള് മുബിക്കന്റെ കൂടെ കാറിൽ കയറി. മുബിക്കന്റെ വീടിനു മുന്നിൽ കാർ നിർത്തുമ്പോഴേക്കും നമ്മളെ പകുതി ജീവൻ പോയി കിട്ടിയിരുന്നു. അന്നിത് മുബിക്കന്റെ വീടാണെന്ന് അറിയാതെയാണ് നമ്മള് ഇവിടേക്ക് വന്നത്. അന്ന് ഇവിടുന്നു എല്ലാം തിരിച്ചറിഞ്ഞതിന് ശേഷം അറിഞ്ഞോ അറിയാതെയോ ഇനിയൊരിക്കൽ പോലും ഇവിടേക്ക് വരണ്ടാന്ന് കരുതിയതാണ്. മുബിക്ക ഇറങ്ങിയിട്ടും നമ്മള് കാറിൽ നിന്നിറങ്ങിയതെയില്ല. "ഇറങ്ങുന്നില്ലേ.. "

നമ്മള് മുബിക്കാനെ നോക്കി തലയാട്ടി കൊണ്ട് കാറിൽ നിന്നിറങ്ങി. എന്നിട്ടും നമ്മക്ക് മുബിക്കന്റെ കൂടെ അകത്തേക്ക് പോവാൻ തോന്നുന്നില്ല. കാലിനോക്കെ ആകെയൊരു വിറയലാണ്. "പേടിക്കണ്ട.. ഷാനു ഇവിടെ ഇല്ല. അവൻ പുറത്തു പോയിരിക്കയാ.. ഇന്ന് ഞാൻ നിന്നെ കാണാൻ വരുന്ന കാര്യമൊന്നും അവനോടു പറഞ്ഞിട്ടില്ല. അകത്ത് അവൻ ഉണ്ടാകുന്ന് കരുതിയല്ലേ നീ ഇവിടെത്തന്നെ നിൽക്കുന്നത്. " മുബിക്ക അത് പറഞ്ഞപ്പോഴാണ് നമ്മക്ക് ശ്വാസം ഒന്ന് നേരെ വീണത്. അതിനു മുബിക്കാനെ നോക്കിയൊന്നു ഇളിച്ചു കൊടുത്തതിന് ശേഷം നമ്മള് പിന്നൊന്നും നോക്കാതെ മുബിക്കാനെക്കാളും മുന്നിൽ തന്നെ നടന്ന് വീടിന്റെ അകത്തേക്ക് ഇടിച്ചു കയറി. നമ്മള് ഹാളിലേക്ക് കയറുമ്പോൾ തന്നെ കണ്ടത് നമ്മളെ രൂക്ഷമായി നോക്കുന്ന രണ്ട് കണ്ണുകളെയാണ്. അപ്പോഴാണ് ഇവിടെ ഇങ്ങനെയൊരു ഐറ്റം കൂടി ഉള്ള കാര്യം മ്മക്ക് ഓർമ വന്നത്. മിന്നൂന് നമ്മളോട് നല്ല ദേഷ്യം ഉണ്ടാവുംന്ന് നമ്മക്ക് അറിയാം. "മിന്നൂ.. ദേ നിന്റെ നൂറാത്ത വന്നുട്ടോ.

നിനക്കല്ലേ ഇത്തൂസിനെ ഇവിടേക്ക് കൂട്ടി കൊണ്ടു വരാത്തതിൽ വലിയ പരിഭവം ഉണ്ടായത്. ഇപ്പൊ സന്തോഷയോ..? " മുബിക്ക നമ്മളെയും ചൂണ്ടി കാട്ടി മിന്നൂനോട്‌ അത് പറഞ്ഞെങ്കിലും അവൾടെ മുഖത്തെ ഗൗരവം വിട്ട് മാറിയില്ല. "ഡീ മിന്നൂ.. നിനക്ക് ഇതെന്തുപറ്റി..? ഞാൻ ഇവിടുന്ന് ഇറങ്ങുന്നത് വരെ കുഴപ്പോന്നും ഉണ്ടായിരുന്നില്ലല്ലോ..." "ഇക്കാക്കാ..... ഈ ഇത്തൂസ് നമ്മളെ എന്താ ചെയ്തതെന്ന് ഇങ്ങക്ക് അറിയോ? ഇത്താക്ക് നമ്മളോട് പെരുത്ത് സ്നേഹായിരുന്നു. പക്ഷെ മ്മള് ഷാനുക്കന്റെ അനിയത്തി ആണെന്ന് അറിഞ്ഞതിനു ശേഷം ഈ ഇത്തൂസ് നമ്മളോട് സംസാരിച്ചിട്ടില്ല.. അത് പോട്ടേ,,, ഇത്താനെ കാണാൻ ചെന്നാൽ തന്നെ നമ്മളെ മുന്നിന്ന് മനഃപൂർവം ഒഴിഞ്ഞു മാറി നടക്കാ.നമ്മളെത്ര വിഷമിച്ചെന്ന് ഇങ്ങക്ക് അറിയോ ഇത്താ.. " നമ്മളെ നോക്കിയുള്ള മിന്നുന്റെ പരിഭവം പറച്ചില് കേട്ട് മുബിക്ക ചിരിക്കാൻ തുടങ്ങി. നമ്മള് മിന്നുന്റെ അടുത്ത് ചെന്ന് അവളെ ചേർത്ത് പിടിച്ചു. "എനിക്കറിയാം മോൾക്ക്‌ ഇത്തൂസിനോട് പിണക്കാണെന്ന്.. സോറി ഡാ.. അപ്പോഴത്തെ അവസ്ഥയിൽ നമ്മള് അന്നെ കണ്ടാൽ ശെരിയാവില്ലന്ന് തോന്നി.. അതോണ്ടാ.. പിണങ്ങല്ലേ മിന്നൂ.." "ഹാ.. അപ്പൊ പറ.. ഷാനുക്കാനോടുള്ള ദേഷ്യം ഇനി നമ്മളോട് കാണിക്കോ.. "

അതിനു നമ്മള് ചിരിച്ചു കൊണ്ട് ഇല്ലാന്ന് തലയാട്ടി അവളെ കെട്ടിപ്പിടിച്ചു. അപ്പോഴാണ് നമ്മക്ക് ഒരു കാര്യം ഓർമ വന്നത്. "മുബിക്കാ... മിന്നു,, ഇവളാരാ..? ഇവള് നിങ്ങൾടെ ആരാ..? നിങ്ങക്ക് പെങ്ങമാരൊന്നും ഇല്ലാന്നല്ലേ അന്ന് പറഞ്ഞത്." "ഇവളെന്റെ ആപ്പാന്റെ മോളാ.. ഞങ്ങള് ഒരുമിച്ചായിരുന്നല്ലോ അവിടെ താമസം. ആക്‌സിഡന്റ്ൽ അവരെ രണ്ട് പേരെയും ഞങ്ങൾക്ക് നഷ്ടപ്പെട്ടു.പടച്ചോന്റെ കൃപ കൊണ്ട് അന്ന് ഇവള് ഷാനുന്റെ കൂടെ റൂമിൽ തന്നെ ആയിരുന്നു. അവരുടെ കൂടെ പോയിരുന്നില്ല.അതോണ്ട് ഇവള് ഇന്ന് ബാക്കിയുണ്ട്." അത് പറയുമ്പോഴേക്കും മുബിക്കന്റെ ശബ്‌ദം ഇടറി തുടങ്ങിയിരുന്നു. മിന്നുനെ നോക്കുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട്.അതൊക്കെ കാണുമ്പോൾ ചോദിക്കേണ്ടിയിരുന്നില്ലന്ന് നമ്മക്ക് തോന്നിപ്പോയി. സ്വന്തം അനിയത്തി അല്ലാതിരുന്നിട്ടും ഇവരുടെ ഇടയിൽ ഇത്രയ്ക്കും സ്നേഹമോ.അല്ലെങ്കിലും മുബിക്കാക്ക് എല്ലാവരെയും സ്നേഹിക്കാനുള്ള മനസ്സ് മാത്രെ പടച്ചോൻ നൽകിയിട്ടുള്ളു. "ഇത്താ.. വാ.. മൂത്താപ്പനെ കാണേണ്ടേ..

ഇങ്ങളെ വിളിക്കാൻ മുബിക്ക വന്നാൽ ഇങ്ങള് വരുന്ന് നമ്മക്ക് ഉറപ്പായിരുന്നു. അതോണ്ടാ മ്മള് കോളേജിലേക്ക് പോലും വരാതെ ഇരുന്നത്. മുമ്പത്തെ കാര്യങ്ങളൊക്കെ മുബിക്കായും ഷാനുക്കായും പറഞ്ഞ് എനിക്കറിയാം ഇത്താ. അന്ന് മൂത്താപ്പ മുബിക്കന്റെ ഇഷ്ടത്തിനൊപ്പം നിന്നിരുന്നു എങ്കിൽ ഇന്ന് ജസിത്തായും നൂറാത്തായും ഇവിടെ ഉണ്ടാകുമായിരുന്നു,,എന്റെ മുബിക്കന്റെയും ഷാനുക്കാന്റെയും ഒന്നിച്ച്..നമ്മളെ ഇത്താത്താമാരായി.അല്ലെ ഇത്താ..?" മിന്നു അത് പറഞ്ഞപ്പോൾ നമ്മക്ക് എന്തോ പെട്ടെന്ന് ഒന്നും പറയാൻ കഴിഞ്ഞില്ല.എവിടെന്നോ ഒരു വിഷമം മ്മളെ തട്ടിയത് പോലെ. "മുബിക്കാ.. ഇവക്ക് ഞങ്ങളെ ജെസിന്റെ ചായ ഇല്ലേ..ഇവളെ കാണാൻ ഏകദേശം എന്റെ ജെസിനെ പോലെത്തന്നെ അല്ലെ മുബിക്കാ.." മിന്നു പറഞ്ഞ് വരുന്ന കാര്യത്തിൽ നിന്നും വിഷയം മാറാന്ന് കരുതിയാണ് നമ്മള് അങ്ങനെ ചോദിച്ചത്.ഇത് അതിനേക്കാളും കൂടുതൽ പണിയായി.മുബിക്കന്റെ മുഖത്ത് ആകെയൊരു വിഷമം പടരുന്നതാണ് മ്മള് കണ്ടത്.ഇതും ചോദിക്കേണ്ടിയിരുന്നില്ല.

"ഹേയ്...ജസീ... ജെസിനെ പോലെയോ..അത് നീ എപ്പോഴും അവളെ കുറിച്ച് ഓർക്കുന്നത് കൊണ്ട് നിനക്ക് വെറുതെ തോന്നുന്നതാ.. അല്ലേലും ഇവളെയൊക്കെ എന്റെ ജെസിനെ പോലെയുണ്ടെന്നു നീ അല്ലാതെ വേറെ ആരേലും പറയോ നൂറാ.. അവൾടെ മുഖത്തിന്റെ സൗന്ദര്യമോ ഐശ്വര്യമോ എന്തേലും ഒന്ന് ദേ ഇവൾക്ക് ഉണ്ടോ. അയ്യേ..ജസീനെ കൂടി മോശാക്കാൻ" സങ്കടം കടിച്ചു പിടിച്ച് മ്മളെ ചിരിപ്പിക്കാൻ വേണ്ടി മിന്നുനെ കളിയാക്കി കൊണ്ട് മുബിക്ക അങ്ങനെ പറയുമ്പോൾ നമ്മളും അറിയാതെ ചിരിച്ചു പോയി.മുബിക്കന്റെ അവസ്ഥ മനസ്സിലായത് കൊണ്ടാവാം മിന്നു അതിനൊന്നും പ്രതികരിക്കാതെ ചിരിച്ചു കൊടുത്തത്. "ഉപ്പാ..ദേ ആരാ വന്നിരിക്കുന്നേന്ന് നോക്കിയേ.. നൂറ വന്നിട്ടുണ്ട് ഉപ്പാനെ കാണാൻ " മുബിക്കന്റെ വിളി കേട്ടാണ് പാതി മയക്കത്തിൽ നിന്ന് ഉപ്പ കണ്ണ് തുറന്നത്.ആ മനുഷ്യൻ ആകെ മാറി പോയിരിക്കുന്നു.

അന്ന് കണ്ട ആ ഗംഭീരതയൊന്നും ഇന്നാ ശരീരത്തിനോ മുഖത്തിനോ ഒന്നുമില്ലാ. ആകെ ക്ഷീണിച്ചു തളർന്നു കട്ടിലിൽ കിടക്കുന്ന ഉപ്പാനെ കണ്ടപ്പോൾ നമ്മളെ നെഞ്ച് ഒന്ന് നീറിപ്പോയി. പെട്ടെന്ന് ഒരു നിമിഷം നമ്മക്ക് മുബിക്കന്റെ ഉമ്മാനെയാണ് ഓർമ വന്നത്. വിഷാദം ബാധിച്ചിരിക്കുന്ന ഉപ്പാന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നത് നമ്മളെ കണ്ടപ്പോഴാണ്. ശേഷം കണ്ണ് നിറയാനും തുടങ്ങി. എങ്ങനെ ഉണ്ടായിരുന്ന മനുഷ്യനാണ്. ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു മാറ്റമൊ.. പടച്ചവൻറ്റെ പരീക്ഷണം.. നമ്മള് ഉപ്പ കിടക്കുന്നതിന്റെ വശം ചേർന്നിരുന്നു ഉപ്പാനെ നോക്കി പുഞ്ചിരിച്ചു. "ഉപ്പ വിഷമിക്കാതെ,, നമ്മള് വന്നില്ലേ ഇങ്ങളെ കാണാൻ.. എല്ലാം പടച്ചോന്റെ തീരുമാനങ്ങളാണ്. അന്ന് അങ്ങനെയൊക്കെ സംഭവിക്കണമെന്ന് ആ പടച്ചോൻ തന്നെ വിധിച്ചതായിരിക്കും. എല്ലം കഴിഞ്ഞില്ലേ... പോട്ടേ..,, നിങ്ങള് അതൊന്നും ഓർത്ത് ഇനി ദുഖിക്കരുത്. " ഉപ്പാന്റെ തലയിലൂടെ തടവി കൊണ്ട് നമ്മള് അങ്ങനെ പറയുമ്പോൾ ഉപ്പാന്റെ കണ്ണീർ തുരു തുരെ ഒഴുകാൻ തുടങ്ങി.

"മോളെ... ഞാൻ....." "വേണ്ട ഉപ്പാ.. മുബിക്ക എല്ലാം പറഞ്ഞു. ഉപ്പാക്ക് കുറ്റബോധം ആണെന്നും പറഞ്ഞു. സങ്കടപ്പെടെണ്ട.. ഇങ്ങക്ക് പെട്ടെന്ന് സുഖാവട്ടെ.. ഇങ്ങളെ ആരോഗ്യം പെട്ടെന്ന് തന്നെ വീണ്ടെടുക്കാൻ നമ്മളും പടച്ചോനോട്‌ ദുആ ചെയ്യുന്നുണ്ട്.. " അത്രയും പറഞ്ഞു കൊണ്ട് നമ്മള് വേഗം ആ മുറിയിൽ നിന്നും പുറത്തിറങ്ങി. അതുവരെ അടക്കി വെച്ച നമ്മളെ കണ്ണീരും പുറത്തേക്ക് വരാൻ തുടങ്ങി.ഇതൊക്കെ കാണുമ്പോൾ ജെസിനെയാണ് നമ്മക്ക് ഓർമ വരുന്നത്. "ഇത്താ..ഇങ്ങളും കൂടി കരയണോ " "ഏയ്.... അത് ഉപ്പാനെ ഈ ഒരവസ്ഥയിൽ കണ്ടപ്പോൾ.. എന്താ മുബിക്കാ സംഭവിച്ചത്. ഈ ചുരുങ്ങിയ കാലത്തിൽ ഉപ്പാക്ക് എന്താ പറ്റിയത്. ഒരു കുഴപ്പോം ഉണ്ടായിരുന്നില്ലല്ലോ.. " "ഉപ്പ ചെയ്ത തെറ്റിന്റെയൊക്കെ ഫലം. ഉപ്പാന്റെ വിശ്വസ്തനും ബിസ്സിനെസ്സ് പാർട്ണറുമായ അഹമ്മദ് ഹാജിന്റെ പേരും പറഞ്ഞല്ലേ അന്ന് ഉപ്പ എന്റെ കാര്യത്തിന് തടസ്സം നിന്നത്. അയാളാ ഉപ്പാന്റെ ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണം. കൂടെ നിന്ന് ചതിച്ചതാ.. ആപ്പ ഏതായാലും മരണപ്പെട്ടു.ഒപ്പം തന്നെ ഉപ്പനെയും കൂടി ഒഴിവാക്കിയാൽ ബിസ്സിനെസ്സ് മൊത്തം സ്വന്തം കയ്യിൽ ആവുമെന്ന് അയാള് കരുതി..

കോടി കണക്കിന് വരുന്ന ഞങ്ങളെ സ്വത്തു കൈക്കലാക്കാൻ ശ്രമിച്ചതാ.. ഉപ്പാക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാനോ ഷാനോ പിന്നെ എല്ലാ കാര്യങ്ങളും അയാളെ തന്നെ ഏല്പിക്കുമെന്ന് അയാൾക് ഉറപ്പായിരുന്നു. @📖 പുസ്തക ശാല 📖 ✔ ഉപ്പ തനിച്ചുണ്ടായിരുന്ന ഒരു ദിവസം അയാളും ഫാമിലിയും ഫ്ലാറ്റിലേക്ക് വന്നിരുന്നു. ഉപ്പാക്ക് കൊടുത്ത ഫുഡിൽ അവര് വിഷം കലർത്തിയതാണ്. ഒപ്പം അവറ്റകൾടെ മകളും ഉണ്ടായിരുന്നു. ആ ജന്തുനെയാണ് അവരോടുള്ള വിശ്വാസം മൂത്ത് ഉപ്പ എന്റെ തലയിൽ കെട്ടി വെക്കാൻ നോക്കിയത്. ഭാഗ്യത്തിന് അന്ന് ഷാനു നേരത്തെ ഫ്ലാറ്റിലേക്ക് ചെന്നത് കൊണ്ട് ഇന്ന് ഉപ്പ ഇങ്ങനെയെങ്കിലും അവശേഷിക്കുന്നുണ്ട്. " മുബിക്ക പറഞ്ഞതൊക്കെ കേട്ട് നമ്മക്ക് വിഷമം കൂടി വന്നു. "ഇത്താ... വാ.. കാപ്പി കുടിക്കാം " മിന്നു വിളിച്ചപ്പോൾ ആദ്യം നമ്മള് എതിർത്തെങ്കിലും മുബിക്കന്റെയും കൂടി നിർബന്ധം ആയപ്പോൾ നമ്മള് മുബിക്കന്റെ കൂടെ കാപ്പി കുടിക്കാൻ ഇരുന്നു.

അപ്പോഴാണ് മിന്നുന്റെ കൈ തട്ടി ഒരു കപ്പ് കാപ്പി മുഴുവൻ നമ്മളെ ദേഹത്തേക്ക് വീണത്. "അള്ളോഹ്... സോറി ഇത്താ.. അറിയാതെ കൈ തട്ടിയതാ.. " "എവിടെ നോക്കിയാ മിന്നു നീ... അവളെ വസ്ത്രം മുഴുവൻ വൃത്തികേടായല്ലോ.. അവക്ക് ഇനി കോളേജിൽ പോവേണ്ടതല്ലേ.? " "സാരല്യ മുബിക്കാ.. അവള് അറിയാതെ അല്ലെ.. ഇത് ജസ്റ്റ് ഒന്ന് ക്ലീൻ ചെയ്താൽ മാറുന്നതല്ലേയുള്ളൂ" "ഇതാണ് ഞമ്മളെ പൊന്നിത്താ.. വാ ഇത്തൂസെ.. വാഷ് റൂം കാണിച്ചു തരാം. കുറച്ച് നേരം കഴിയുമ്പോൾ ഉണങ്ങിക്കോളും " അതും പറഞ്ഞ് മിന്നു നമ്മളെ ആ ബംഗ്ലാവിന്റെ ഏതോ ഒരു ഭാഗത്തേക്ക്‌ കൊണ്ട് പോയി. എന്നിട്ട് ഒരു റൂം കാണിച്ചു തന്നു. "ഇത്താ.. ഇതിന്റെ അകത്തു ബാത്രൂം ഉണ്ട്. ഇങ്ങള് കയറി വാഷ് ആയി വന്നോളി.. പിന്നെ സ്കാഫ് ആകെ വൃത്തി കേടായല്ലോ.. അതും ശെരിയാക്കിക്കോ.. ഇങ്ങക്ക് തട്ടം മാറ്റണമെങ്കിൽ നമ്മള് ഇവിടെ നിൽക്കാൻ പാടില്ലല്ലോ. ഇങ്ങളെ സൗന്ദര്യം ആരും കാണുന്നത് ഇങ്ങക്ക് ഇഷ്ടല്ലല്ലോ.. അതോണ്ട് മ്മള് താഴേ പോവാ. ഇത്ത ക്ലീൻ ആയി വന്നോളി.. "

ചിരിച്ചു കൊണ്ട് അതും പറഞ്ഞോണ്ട് മിന്നു താഴേക്ക് പോയി. ആ റൂമിന്റെ വലിപ്പം കണ്ടു നമ്മളെ കണ്ണ് തള്ളിപ്പോയി. അതിന്റെ സൗന്ദര്യം ആസ്വദിക്കാൻ നിന്നാൽ നമ്മള് ഇവിടെത്തന്നെ ബാക്കി ആവുംന്ന് തോന്നിയോണ്ട് നമ്മള് വേഗം ബാത്‌റൂമിൽ കയറി കാപ്പി തട്ടിയ ഭാഗമൊക്കെ വാഷ് ചെയ്തെടുത്തു. റൂമിൽ കയറി ഡോർ ജസ്റ്റ് ഒന്ന് ക്ലോസ് ചെയ്തതിനു ശേഷം നമ്മള് കണ്ണാടിന്റെ മുന്നിലേക്ക് നീങ്ങി നിന്നു. മിന്നു പറഞ്ഞത് ശരിയാണ്,, സ്കാഫ് ആകെ അലങ്കോലമായിട്ടുണ്ട്. നമ്മള് സ്കാഫ് തലയിൽ നിന്നും മാറ്റിയതും റൂമിന്റെ ഡോർ തുറന്നു ആരോ അകത്തേക്ക് കയറിയതും ഒരുമിച്ചായിരുന്നു. നമ്മള് അപ്പൊത്തന്നെ തട്ടം തലയിലേക്കിട്ടു കൊണ്ട് തന്നെ ഡോർന്റെ ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കി. 'ഷാജഹാൻ.. ' അവനെ കണ്ട നമ്മളെ കാറ്റ് പോയി. മാറ്റിയ അതേ സ്പോട്ടിൽ തന്നെ നമ്മള് സ്കാഫ് വീണ്ടും ചുറ്റാൻ തുടങ്ങി. അപ്രതീക്ഷിതമായി ഓനെ കണ്ട വെപ്രാളത്തിൽ നമ്മക്ക് ഒന്നും ശെരിക്ക് ചെയ്യാൻ പറ്റുന്നില്ലേനു. കയ്യും കാലും വിറച്ചിട്ടു ആണെങ്കിൽ കണ്ണാടിന്റെ മുന്നിൽ നിന്നും മാറാനും പറ്റുന്നില്ല.

അപ്പൊ മിന്നു ഈ തെണ്ടീന്റ്റെ റൂമിലേക്ക്‌ ആണോ നമ്മളെ കയറ്റി വിട്ടത്. മുബിക്കാ... ഇങ്ങളും ചതിച്ചല്ലേ.. ഒടുക്കം എന്തൊക്കെയോ കാട്ടി കൂട്ടി താഴേക്കു നോക്കി കൊണ്ട് നമ്മള് വാതിലും ലക്ഷ്യം വെച്ച് നടന്നു. നമ്മളെ ഈ കളിയൊക്കെ കണ്ട് ചിരി അടക്കി പിടിക്കാൻ ഷാജഹാൻ നന്നേ പാടു പെടുന്നുണ്ടെന്നു നമ്മക്ക് മനസ്സിലായത് വായും പൊത്തി പിടിച്ചുള്ള അവന്റെ നിൽപ്പ് കണ്ടപ്പോഴാണ്. നമ്മക്ക് ആകെ നാണക്കേട് ആയി എങ്കിലും അത് പുറത്ത് കാണിക്കാതെ പിന്നെ ഷാജഹാൻറ്റെ മുഖത്തേക്ക് പോലും നോക്കാതെ നമ്മള് വെളിയിലേക്ക് കടക്കാൻ ഒരുങ്ങിയതും ഷാജഹാൻ നമ്മളെ മുന്നിൽ കയറി നിന്നു. ഇത് നമ്മള് പ്രതീക്ഷിച്ചിതല്ലാ. അതോണ്ട് തന്നെ ഒരു ഞെട്ടലോടെ നമ്മള് ഓന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് അവിടുന്ന് പോവാൻ വേണ്ടി മറു ഭാഗത്തേക്ക്‌ നീങ്ങിയതും ഓൻ വീണ്ടും നമ്മളെ മുന്നിൽ കയറി നിന്നു. നമ്മക്ക് നല്ല ദേഷ്യം വന്നെങ്കിലും അതൊക്കെ സഹിച്ചു പിടിച്ചു തന്നെ നമ്മള് നിന്നു. കാരണം മുബിക്കയാണ്,,,

ഇനിയും നമ്മള് ഈ തെണ്ടീനോട്‌ ദേഷ്യപ്പെട്ടാൽ മുബിക്ക നമ്മളെ കുറിച്ച് എന്ത് വിചാരിക്കുന്ന് കരുതിയാണ്. ഓന്റെ ഈ കാട്ടി കൂട്ടലുകൾ കണ്ട് നമ്മള് ഓനെ രൂക്ഷമായൊന്നു നോക്കി. നമ്മക്ക് തടസമായി നിന്ന് നമ്മളെ തന്നെ നോക്കുന്ന ഓന്റെ ആ നോട്ടത്തിൽ എന്താണുള്ളത് എന്ന് വരെ നമ്മക്ക് അറിയുന്നില്ല. "എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.. " പെട്ടെന്നുള്ള ഓന്റെ വർത്താനം കേട്ട് നമ്മളൊന്ന് വല്ലാതായി. എങ്കിലും ഇവൻറ്റെ മുന്നിൽ അങ്ങനെ മിണ്ടാതെ ഇരിക്കണ്ട ആവശ്യമൊന്നും ഞമ്മക്ക് ഇല്ലാ. "എനിക്കൊന്നും സംസാരിക്കാനുമില്ല,, കേൾക്കാനുമില്ലാ.." നമ്മള് ഓന്റെ മുഖത്തേക്ക് നോക്കാതെ വേറെ എങ്ങോട്ടക്കോ നോക്കി കൊണ്ട് പറഞ്ഞു. "നിനക്ക് സംസാരിക്കാൻ ഉണ്ടോന്ന് ഞാൻ ചോദിച്ചില്ലല്ലോ.. എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. അത് നീ കേൾക്കണം. കേട്ടെ പറ്റൂ.. അത് കഴിഞ്ഞിട്ടേ നീ ഇവിടുന്ന് പോകുന്നുള്ളു.. " ഓന്റെ വർത്താനം കേട്ട് നമ്മക്ക് അങ്ങോട്ട്‌ ചൊറിഞ്ഞു വന്നു. "അത് തീരുമാനിക്കുന്നത് ഇയാളാണോ? മാറി നിൽക്ക്.. എനിക്ക് പോകണം" ന്നും പറഞ്ഞ് നമ്മള് വാതിൽ തുറന്നു.

"മര്യാദക്ക് പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ലേടീ " ന്നും ചോദിച്ചോണ്ട് നമ്മള് വലിച്ചു തുറന്ന വാതിൽ ഓൻ അതേ ഫോഴ്സിൽ തന്നെ തിരിച്ചടച്ചു.പെട്ടെന്ന് ഉണ്ടായ ഓന്റെ ഭാവ മാറ്റവും ഓന്റെ ശബ്‌ദം ഉയർന്നതും വാതിലിന്റെ ഒച്ചയുമൊക്കെ ആയപ്പോൾ നമ്മള് പേടിച്ചിട്ടു രണ്ടടി പിറകിലേക്ക് നീങ്ങി പോയി. ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത മുഖവുമായി ഓൻ നമ്മളെ നേർക്ക്‌ നടന്ന് അടുക്കുന്തോറും നമ്മള് പുറകോട്ടു നീങ്ങാൻ തുടങ്ങിയിരുന്നു. ഒടുക്കം ആ റൂമിന്റെ ഭിത്തിയോട് നമ്മള് ചേർന്ന് നിക്കുമ്പോൾ നമ്മക്ക് തൊട്ടു മുന്നിൽ തന്നെയായി ഷാജഹാൻ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ഇപ്പൊ നമ്മക്ക് ആ റൂമിനകത്ത് ആകെ കേൾക്കാൻ കഴിയുന്നത് നമ്മളെ ഹൃദയമിടിപ്പ് മാത്രാണ്. നമ്മളെ ശരീരത്തിലേക്ക് ഒരു വിറയൽ അനുഭവപ്പെട്ടെങ്കിലും നമ്മള് നെഞ്ചത്തേക്ക് കയ്യും വെച്ച് കൊണ്ട് പതിയെ ഷാജഹാൻറ്റെ മുഖത്തേക്ക് നോക്കി. നമ്മളെ ശ്വാസം ഒരു നൂലിഴ അകലത്തിൽ മാത്രം നമ്മളെ മുന്നിൽ നിൽക്കുന്ന ഷാജഹാൻറ്റെ മുഖത്തേക്ക് പതിക്കുന്ന പോലെ നമ്മക്ക് തോന്നി.

"എ.... എന്താ... തനിക്ക്.... തനിക്ക് സംസാരിക്കാനുള്ളത്" ദേഷ്യം നിറഞ്ഞു നിൽക്കുന്ന ഓന്റെ ആ നോട്ടം നേരിടാൻ വയ്യാതെ താഴേക്ക് നോക്കി വിക്കി കൊണ്ട് നമ്മള് അത്രേം ചോദിച്ചു ഒപ്പിച്ചു. "നൂറാ.... നൂറാ ഷെറിൻ.. കാണാമറയത്ത് നിന്നും ഈ ഷാജഹാൻറ്റെ മനസ്സ് കീഴ്പെടുത്തിയ വെള്ളാരം കണ്ണുള്ള മൊഞ്ചത്തി. കോളേജിലെ പെൺപുലി.. ആരുടെ മുന്നിലും പതറാത്തവൾ.. ഇപ്പൊ എന്തുപറ്റി.. പേടിച്ചു പോയൊ..? " അത്രയും ചോദിച്ചു കൊണ്ട് ഇരു കൈകളും നമ്മളെ രണ്ട് ഭാഗത്തായി ഭിത്തിയിൽ പതിപ്പിച്ചു കൊണ്ട് ഓൻ വീണ്ടും ഒന്നൂടെ നമ്മളെ അടുത്തേക്ക് നീങ്ങി നിന്നു. ശെരിക്കും പറഞ്ഞാൽ നമ്മള് ഇപ്പോൾ ഓൻ തീർത്ത കര വലയത്തിനുള്ളിലാണ്. നമ്മളെ ഹൃദയമിടിപ്പിന്റെ താളം അധികരിക്കുന്നതോട് ഒപ്പം ഓന്റെ ഹൃദയമിടിപ്പും നമ്മക്ക് ഇപ്പൊ വ്യക്തമായി കേൾക്കാം. കൂടെ ഷാജഹാൻറ്റെ ഓരോ ചുടു നിശ്വാസവും നമ്മളെ കവിളിലേക്ക് ആണ് പതിക്കുന്നത്. ഇത്രയൊക്കെ ആയിട്ടും മുഖമുയർത്തി നോക്കാനുള്ള ധൈര്യം നമ്മക്ക് ഇല്ലേനു.

ഒരു പക്ഷെ ഷാജഹാൻറ്റെ മുഖത്തേക്ക് നോക്കിയാൽ,, ആ കണ്ണിലേക്കു നോട്ടം പതിപ്പിച്ചാൽ ഒരു നിമിഷം വീണ്ടും പഴയതൊക്കെ നമ്മളെ മനസ്സിലേക്ക് ഓടി വരുമെന്ന പേടിയാണ്. ആരും അറിയാതെ ഈ ഉള്ളിൽ കുഴി കുത്തി മൂടിയ ഷാജഹാനോടുള്ള മ്മളെ സ്നേഹം പുറത്തേക്ക് വരുമോ എന്ന ഭയമാണ്‌. "പറ... എന്താ നിന്റെ മനസ്സിൽ.. എന്താ നിനക്ക് എന്നോട് ഉള്ളത്. ഈ മനസ്സിൽ എനിക്കുള്ള സ്ഥാനം എന്താ . പറ.. " നമ്മളെ അത്രയും അടുത്ത് നിന്നിട്ടും കാതു തുളയ്ക്കുന്ന തരത്തിൽ ഉള്ള ഷാജഹാൻറ്റെ ചോദ്യം കേട്ട് നമ്മള് ഞെട്ടി തരിച്ചു ഓന്റെ മുഖത്തേക്ക് നോക്കി. "പറ നൂറാ... എന്താ ഈ മനസ്സിൽ എനിക്കുള്ള സ്ഥാനം. എനിക്കറിയണം,, ഇപ്പോഴും നിന്റെ ഖൽബ് നിറയെ ഞാനല്ലേ.. ഇപ്പോഴും നീ എന്നെ സ്നേഹിക്കുന്നില്ലേ നൂറാ.. പറ.. " ഷാജഹാൻറ്റെ ചോദ്യം വീണ്ടും വീണ്ടും ആവർത്തിച്ചെങ്കിലും ഒരു മറുപടി പോലും തിരിച്ചു നൽകാതെ നമ്മള് താഴേക്കും നോക്കി നിന്നു. "നൂറാ.. എന്താ ഈ മൗനത്തിന്റെ അർത്ഥം. ഇതിൽ നിന്നും എന്താ ഞാൻ മനസ്സിലാക്കേണ്ടത്.

നിനക്ക് എന്നെ ഇഷ്ടാണെന്നല്ലേ.. അതെ,, ഇഷ്ടാണ്. ഈ ലോകത്ത് മറ്റാരേക്കാളും കൂടുതലായി നീ സ്നേഹിക്കുന്നത് എന്നെയാണ്. അത് നിന്റെ ഈ മുഖത്ത് നിന്നും വായിച്ചെടുക്കാൻ എനിക്ക് കഴിയുന്നുണ്ട്. മനസ്സിൽ നിറഞ്ഞു നിൽക്കുന്ന മുഹബ്ബത്ത് അധരങ്ങൾ കൊണ്ട് മൊഴിയാനാണോ നിനക്ക് സാധിക്കാത്തത്. " നമ്മളെ പിടിച്ചു കുലുക്കി കൊണ്ടുള്ള ഓന്റെ ചോദ്യത്തിനു മുന്നിൽ ഒരു പൊട്ടി തെറി ആയിരുന്നു നമ്മളെ മറുപടി. "അല്ല..അല്ലാ... ഇഷ്ടമല്ലാ... എനിക്ക് ഇഷ്ടമല്ലാ...." "താഴെ നോക്കിയല്ല,, ഇവിടെ എന്റെ മുഖത്ത് നോക്കി,, ഈ കണ്ണിൽ നോക്കി പറ നിനക്കെന്നെ ഇഷ്ടമല്ലാന്ന്.. ഒരിക്കലും നിന്റെ മനസ്സിൽ എനിക്കൊരു സ്ഥാനം ഉണ്ടായിട്ടില്ല എന്ന്.. " "ഹാ.. പറയാം.. ഷാജഹാൻറ്റെ മുഖത്ത് നോക്കി കണ്ണിൽ നോക്കി തന്നെ പറയാം. ഒരു തരി പോലും ഇഷ്ടം തോന്നിയിട്ടില്ല. ഈ നൂറയുടെ മനസ്സ് ഒരിക്കലും ഷാജഹാനെ കൊതിച്ചിട്ടില്ല,, ഇനിയൊരിക്കലും കൊതിക്കയുമില്ല. മതിയോ... ഇത്രയും കേട്ടാൽ മതിയോന്ന്.. "

ഒരു നിമിഷം പോലും ആലോചിക്കാതെ ഷാജഹാൻറ്റെ മുഖത്ത് നോക്കി തന്നെ ഒട്ടും പതർച്ച ഇല്ലാതെ നമ്മള് അത്രയും പറഞ്ഞ് കഴിഞ്ഞതിനു ശേഷം ദീർഘ നേരത്തേക്ക് ഞങ്ങളെ രണ്ടുപേരുടെയും ഇടയിൽ ഒരു മൗനം മാത്രമാണ് ഉണ്ടായത്. നമ്മളെ കണ്ണ് നിറഞ്ഞു വരുന്നത് ഷാജഹാൻ കാണാതിരിക്കാൻ വേണ്ടി നമ്മള് നന്നേ പാടു പെടുന്നുണ്ട്. "ഡീ.. ഇങ്ങോട്ട് നോക്കെടീ.. നിനക്ക് എന്താ എന്റെ മുഖത്തേക്ക് നോക്കാൻ ഇത്രയും പ്രയാസം. നിന്റെ കണ്ണൊക്കെ നിറഞ്ഞല്ലോ.. എന്തിനാ....? നീ പറഞ്ഞതൊക്കെ പച്ച കള്ളമാണെന്ന് മനസ്സിലാക്കാൻ നിന്റെ ഈ കണ്ണീർ തന്നെ ധാരാളാണ് നൂറാ. നിന്റെ ഈ മുഖം തന്നെ അതിന്റെ ഏറ്റവും വലിയ തെളിവാണ്. ഇന്നലെ വരെ ഞാൻ കരുതിയിരുന്നത് നിനക്ക് ഇപ്പോൾ എന്നെ ഇഷ്ടല്ലാ എന്നാണ്., ഷാജഹാനോട്‌ അന്ന് നിനക്ക് ഉണ്ടായിരുന്ന ആ സ്നേഹം ഇന്നില്ലാ എന്നാണ്. പക്ഷെ,, ഇപ്പൊ എനിക്കൊരു കാര്യം ഉറപ്പാണ്. ഇപ്പോഴും നീ എന്നെ സ്നേഹിക്കുന്നുണ്ട്. അന്നത്തെ പോലെത്തന്നെ ഇന്നും നിന്റെ ഖൽബിന്റെ ഓരോ തുടിപ്പും എനിക്ക് വേണ്ടി ഉള്ളതാണ് നൂറാ...

ദാ.. അതിപ്പോൾ എനിക്ക് വ്യക്തമായി കേൾക്കാം. നിന്റെ ഉള്ളിൽ ഞാൻ നിറഞ്ഞു നിൽക്കുന്നത് കൊണ്ടാണ് എന്റെ സാമീപ്യത്തിൽ അതിത്രയും ശക്തിയായി മിടിക്കുന്നത്. നിന്റെ ഉള്ളിലുള്ള മുഹബ്ബത്ത് അത് ദേ,, ഈ പകൽ പോലെ സത്യാണ്. എന്നിട്ടും എന്തിനാ.. ആർക്കു വേണ്ടിയാ നീ അത് മറച്ചു വെക്കുന്നത്.മനസ്സിൽ ഇത്രയേറെ ഇഷ്ടം ഉണ്ടായിട്ടും അത് പുറത്ത് പറയാൻ എന്താ നിനക്ക് പറ്റാത്തത് " വളരെ ദയനീയതയോട് കൂടി നമ്മളെ മുഖത്തേക്ക് നോക്കി ഷാജഹാൻ അത് ചോദിക്കുമ്പോൾ നമ്മളെ ഖൽബ് വലിഞ്ഞു നുറുങ്ങുന്ന പോലെയാണ് നമ്മക്ക് തോന്നിയത്. എങ്കിലും പാടില്ല,, മനസ്സിലുള്ള ഇഷ്ടം അതങ്ങനെ തന്നെ ഇരിക്കട്ടെ. ഷാജഹാൻ സ്നേഹിച്ചെതിന്റെ ഒരായിരം ഇരട്ടി നൂറ തിരിച്ചങ്ങോട്ട്‌ സ്നേഹിച്ചിരുന്നു എന്ന് ഷാജഹാൻ അറിയാതെ ഇരിക്കണമെങ്കിൽ വാക്കുകൾക്ക് ശക്തി കൂട്ടിയെ പറ്റൂ.

"ആരാ പറഞ്ഞത് എന്റെ മനസ്സിൽ താനാണെന്ന്.. മനസ്സിൽ ഒരിഷ്ടം തോന്നാതെ എങ്ങനെയാ ഇഷ്ടാണെന്ന് പറയാ.? ഷാജഹാൻ നന്നായി കേട്ടോളു... താൻ പറഞ്ഞത് പോലെയുള്ള ഒരു വികാരവും എനിക്ക് തന്നോട് ദേ ഈ നിമിഷം വരെ തോന്നിയിട്ടില്ല. അഥവാ അങ്ങനെയൊന്നുണ്ടായിരുന്നു എങ്കിൽ തന്നെ അത് ഇന്നില്ല,, ഇപ്പോഴില്ല. വർഷങ്ങൾക്ക് മുൻപാണ്. വകതിരിവ് ഇല്ലാത്ത പ്രായത്തിൽ ഈ പൊട്ട മനസ്സിൽ തോന്നിയൊരു ഇഷ്ടം. മുബിക്കന്റെ വാക്കുകളിൽ നിന്നും ഞാൻ സൃഷ്ടിച്ചെടുത്ത ഷാജഹാനോട്‌ തോന്നിയൊരു ആരാധന, അല്ലെങ്കിൽ ഒരു തരം അട്ട്രാക്ഷൻ. പക്ഷെ,, ആ ഷാജഹാൻ താനല്ല.. താൻ പറഞ്ഞത് ശെരിയാ.. ഈ മനസ്സിൽ ഷാജഹാന് ഒരു സ്ഥാനം ഉണ്ടായിരുന്നു. പക്ഷെ അത് ഇന്നില്ല. തന്നെ ഉൾകൊള്ളാനോ അംഗീകരിക്കാനോ സ്നേഹിക്കാനോ ഒന്നും എനിക്ക് ഇനി കഴിയില്ല. അതിനുള്ള മനസില്ലാ.. ഇനിയും എന്റ്റെ മുന്നിൽ വരരുത്. ഇതിൽ കൂടുതലായി എനിക്കൊന്നും തന്നോട് ഇനി സംസാരിക്കാനില്ല. "

നിറഞ്ഞു ഒഴുകാൻ വെമ്പുന്ന കണ്ണ് നീരിനെ അടക്കി പിടിച്ച് ഷാജഹാൻറ്റെ മുഖത്തേക്ക് നോക്കി അത്രയും പറഞ്ഞ് തീരുമ്പോഴേക്കും ആ മുഖത്തും ഒരു പെരുമഴയ്ക്കുള്ള പ്രതീതി നമ്മള് കണ്ടിരുന്നു. ഇനിയും ഷാജഹാൻറ്റെ മുന്നിൽ നിന്നാൽ ഒരു പൊട്ടിക്കരച്ചിലാവും പുറത്തേക്ക് വരുക എന്ന് ഉറപ്പായ നമ്മള് ഷാജഹാനെ തള്ളി മാറ്റി കൊണ്ട് അവിടെ നിന്നും പോവാൻ ഒരുങ്ങിയതും നമ്മളെ വലതു കയ്യിൽ പിടിച്ചു വലിച്ച് നമ്മളെ അവൻറെ നെഞ്ചത്തേക്ക് വലിച്ചിട്ടതും ഒരുമിച്ചായിരുന്നു. നമ്മള് ഞെട്ടി തരിച്ചു ഓന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കി കൊണ്ട് കുതറി മാറാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഓൻ നമ്മളെ ഇരു കൈകളും മുറുകെ പിടിച്ച് വീണ്ടും ഭിത്തിയോട് ചേർത്ത് നിർത്തിയിരുന്നു. "ഹേയ്..... വിട്... വിടാനാ പറഞ്ഞത്." "നിനക്ക് പറയാൻ ഉള്ളത് മുഴുവൻ നീ പറഞ്ഞു കഴിഞ്ഞല്ലോ.

എന്നാൽ ഇനി ഇതും കൂടി കേട്ടിട്ട് പോയിക്കോ.. ഇതുവരെ നീ എന്നെ സ്നേഹിച്ചിട്ടില്ല, ഇപ്പോൾ സ്നേഹിക്കുന്നുമില്ലാ.. അതിന്റെ അർത്ഥം ഇനി സ്നേഹിക്കാൻ, അല്ലെങ്കിൽ ഇഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്നല്ലേ. ഇനി അതിന്റെ അർത്ഥം അങ്ങനെ അല്ല എങ്കിൽ കൂടിയും ഞാൻ അത് അങ്ങനെ ആക്കി മാറ്റി ഇരിക്കും. എന്റെ മുഖത്ത് നോക്കി എന്നെ ഇഷ്ടല്ലാന്ന് പറഞ്ഞ നിന്നെ കൊണ്ട് തന്നെ ഞാൻ പറയിപ്പിക്കും നിനക്കെന്നെ ഇഷ്ടാണെന്ന്,, വെറും ഇഷ്ടമല്ലാ നിന്റെ ജീവനാണ് ഞാൻ എന്ന്. ഈ നാവിൻ തുമ്പിൽ നിന്നും തന്നെ എനിക്ക് കേൾക്കണം ഷാജഹാൻ ഇല്ലാതെ നൂറാക്ക് ഒരു ജീവിതമില്ലാ എന്ന്. ഞാൻ നിന്നെ സ്നേഹിച്ചതിനെക്കാളും ഒരായിരം ഇരട്ടി നീ എന്നെ സ്നേഹിച്ചിരുന്നു എന്ന് എന്റെ ഈ മുഖത്ത് നോക്കി തന്നെ പറയും നീ. പറയിപ്പിക്കും നിന്നെ കൊണ്ട് ഞാൻ... നൂറ പ്രണയിച്ചത് ഷാജഹാനെ പോലെത്തന്നെ ഖൽബ് കൊണ്ടാണല്ലോ. ആരും കാണാതെ ഉള്ളിൽ കുഴിച്ചു മൂടാൻ ശ്രമിക്കുന്ന നിന്റെ പ്രണയത്തിന്റെ ഒരേയൊരു അവകാശി ഞാൻ ആണെങ്കിൽ അത് എങ്ങനെ പുറത്ത് കൊണ്ട് വരണമെന്നും എനിക്കറിയാം. നോക്കിക്കോ നീ.. ഇനി അതിനു വേണ്ടിയാണ് എന്റെ പരിശ്രമം. അതിന് വേണ്ടി മാത്രം. "

അത്രയും പറഞ്ഞു കഴിഞ്ഞു ഓൻ നമ്മളെ കയ്യിലുള്ള ഓന്റെ പിടുത്തം ഒന്നൂടെ മുറുക്കി. അപ്പോഴേക്കും അടക്കി വെച്ചിരുന്ന നമ്മളെ കണ്ണുനീർ നിയന്ത്രണം ഇല്ലാതെ ഒഴുകാൻ തുടങ്ങി. കവിളിലൂടെ ഒലിച്ചിറങ്ങിയ നമ്മളെ കണ്ണീർ ധാര ധാരയായി ഷാജഹാൻറ്റെ കൈകളിലേക്ക് പതിച്ചപ്പോഴാണ് ഓൻ നമ്മളെ കയ്യിലുള്ള പിടുത്തം വിട്ടത്.പിന്നെയൊരു നിമിഷം പോലും നമ്മള് അവിടെ നിന്നില്ല. വാതിലും വലിച്ചു തുറന്ന് കണ്ണീർ തുടച്ചു കൊണ്ട് നമ്മള് താഴേക്ക് ഒരു ഓട്ടമായിരുന്നു. ഹാളിൽ തന്നെ നിൽക്കുന്ന മിന്നുന്റെയും മുബിക്കാൻറ്റെയും മുന്നിലേക്ക് ആണ് നമ്മള് ചെന്ന് പെട്ടത്. "എന്താ മോളെ.. എന്തുപറ്റി...? ഷാനു വല്ലതും.. " നമ്മളെ കണ്ണ് നിറഞ്ഞത് കണ്ട് മുബിക്ക പരിഭ്രാന്തിയോട് കൂടി നമ്മളോട് ചോദിച്ചു. "ഞാൻ...ഞാൻ പോവുവാ മുബിക്കാ.. " കരഞ്ഞു കൊണ്ട് തന്നെ അത്രയും പറഞ്ഞൊപ്പിച്ചു നമ്മള് അപ്പൊത്തന്നെ ആ വീടിന്റെ പുറത്തേക്ക് ഇറങ്ങി.പുറകിൽ നിന്ന് മുബിക്കായും മിന്നുവും ഒരുപാട് തവണ വിളിച്ചെങ്കിലും നമ്മളൊന്നു തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല.ഷാജഹാൻ ചോദിച്ച ഓരോ ചോദ്യങ്ങളും കേട്ട് വിങ്ങി പൊട്ടിയ മനസ്സിനെ നിയന്ത്രിച്ചു കൊണ്ട് നമ്മള് ഗേറ്റ് കടന്ന് അവിടുന്ന് നടന്നു നീങ്ങി. *-****-*****-****-***

നൂറാന്റെ കണ്ണ് നിറഞൊഴുകിയപ്പോൾ നമ്മളെ നെഞ്ചാണ് പിടച്ചത്. ഈ കയ്യിൽ പതിച്ച അവൾടെ കണ്ണീരിന്റെ ചൂട് തട്ടിയത് മ്മളെ ഉള്ളിലാണ്. അവളോട്‌ ഒന്ന് സംസാരിക്കണമെന്നേ കരുതിയുള്ളൂ. അല്ലാതെ ഞാൻ കാരണം അവള് വേദനിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല.നൂറ നമ്മളെ മുറിയിൽ ഉണ്ടെന്ന് മിന്നു പറഞ്ഞതാണ്. അതോണ്ട് തന്നെയാണ് മ്മള് രണ്ടും കല്പിച്ചു വന്ന് വാതിൽ തുറന്നത്. അവളെ കണ്മുന്നിൽ കാണുമ്പോൾ തന്നെ ഞമ്മക്ക് എന്തോ പറഞ്ഞറിയിക്കാൻ വയ്യാത്ത അത്രയും സന്തോഷമാണ് അനുഭവപ്പെടുന്നത്. പക്ഷെ അവക്ക് ഞമ്മളെ കാണുന്നതേ വെറുപ്പാണെന്ന് മ്മക്ക് മനസ്സിലായി. വാതിൽ തുറന്നു അകത്തേക്ക് കയറിയ നമ്മളെ കണ്ടപ്പോൾ അവളുടെ മുഖത്തുണ്ടായ ഭാവങ്ങൾ കണ്ട നമ്മക്ക് അതോർത്തു ഇപ്പോഴും ചിരിയാണ് വരുന്നത്. മ്മള് വരുമ്പോൾ നൂറ ചുറ്റി വച്ചിരിക്കുന്ന സ്കാഫ് അഴിക്കുകയായിരുന്നു. എന്നിട്ടും സ്കാഫ് ഇല്ലാത്ത അവളുടെ മുഖം കാണാൻ നമ്മക്ക് പറ്റിയില്ല. അപ്പോഴേക്കും അവളെന്തെക്കെയോ കാട്ടി കൂട്ടി സാദാരണ ഗതിയിലേക്ക് വന്നിരുന്നു.

എന്തായിരിക്കും അതിനും മാത്രം ആ തട്ടത്തിൻ മറയത്ത് ആരും കാണാതെ അവള് ഒളിപ്പിച്ചു വെക്കുന്നത്.എന്നാണാവോ നമ്മളെ നൂറാന്റെ മൊഞ്ചു നമ്മക്ക് ഒന്ന് ശെരിക്ക് കാണാൻ പറ്റാ.മിന്നു പറഞ്ഞതൊക്കെ വെച്ച് നോക്കുമ്പോൾ അവളെ ഈ രൂപത്തിൽ അല്ലാതെ മറ്റൊരു തരത്തിലും ഇതുവരെ ആരും കണ്ടിട്ടില്ല.. അതേതായാലും നന്നായി,, മ്മളെ പെണ്ണിന്റെ സൗന്ദര്യം അങ്ങനെ ഇപ്പൊ വേറാരും കാണണ്ട.. ഹൂ..ഒരു റെയർ ഐറ്റം തന്നെ. നമ്മള് ഓരോന്ന് ചിന്തിച്ചു റൂമിനു വെളിയിലേക്ക് ഇറങ്ങി. ന്റെ അള്ളോഹ്.. നൂറ പോയിക്കാണോ...? നമ്മളോട് ഉള്ള ദേഷ്യത്തിന് ഇനി മുബിക്കാനോട് നമ്മളെ പറ്റി മോശമായി വല്ലതും പറഞ്ഞിട്ട് ഉണ്ടാവോ.. ഹേയ്.. അതിനു നമ്മളൊന്നും ചെയ്തില്ലല്ലോ... നമ്മളെ മുഖത്ത് നോക്കി കൊണ്ട് തറപ്പിച്ചു ഇഷ്ടമല്ലാന്നു പറഞ്ഞപ്പോൾ,, അന്നേരം ദേഷ്യം കൊണ്ട് ആ തട്ടത്തിനുള്ളിൽ ചുവന്നു തുടുത്ത് പാതി മറഞ്ഞ അവളുടെ കവിള് കണ്ടപ്പോൾ നമ്മക്ക് അവളെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാനാണ് തോന്നിയത്.എന്റെ റബ്ബേ..

കണ്ട്രോൾ വിടാത്തത് നന്നായി.മറ്റാരും ഇല്ലാതെ നൂറാനെ തനിച്ചു നമ്മളെ അത്രേം അടുത്ത് കിട്ടീട്ടും പരിധി വിട്ട് ഒന്നും ചെയ്യാൻ തോന്നാത്തത് നമ്മളെ മഹാഭാഗ്യം. അങ്ങനെ എന്തേലും തോന്നിയിരുന്നേൽ ഇപ്പോൾ നമ്മളെ ശരീരവും തലയും രണ്ടു ഭാഗത്തായി കിടന്നേനെ.. അവള് കിടത്തിയേനെ.. ഇതുവരെ അവൾടെ സമ്മതമില്ലാതെ അവൾടെ ശരീരത്തിൽ എവിടേലും ഒന്ന് തട്ടിയവന്റെയൊക്കെ കരണം പുകഞ്ഞ ചരിത്രമാണ് മുബിക്ക പറഞ്ഞ് നമ്മക്ക് അറിയാൻ കഴിഞ്ഞിട്ടുള്ളത്. അപ്പൊ നമ്മളോട് അവളൊന്നും പ്രതികരിക്കാത്തതിന്റെ അർത്ഥം എന്താ... അവളെ ദേഹത്ത് സ്പർശിക്കാനുള്ള ഒരേയൊരു അവകാശി നമ്മളാണ് എന്നല്ലേ.. ഏതായാലും നമ്മളുടെ മനസ്സിലുള്ളത് ഒക്കെ അവളോട്‌ തുറന്നു പറഞ്ഞിട്ടുണ്ട്. നമ്മള് അത്രയൊക്കെ മനസ്സിൽ തട്ടി ഇത്രയും നാള് കൊണ്ട് നടന്ന മ്മളെ ഇഷ്ടം അവളോട്‌ പറഞ്ഞിട്ടും നമ്മളെ ഇഷ്ടമല്ല എന്ന് തന്നെയാണ് അവള് പറഞ്ഞത്.എനിക്കറിയാം... നൂറാക്ക് എന്നെ ഇഷ്ടാണ്. പക്ഷെ അതവളങ്ങനെ സമ്മതിച്ചു തരില്ല.

എന്തിനൊക്കെയോ വേണ്ടി അവള് മനപ്പൂർവം അവൾടെ ഇഷ്ടം മറച്ചു വെക്കുകയാണ്. ഇനി നമ്മളെ അംഗീകരിക്കാൻ പറ്റാത്തതാണോ..? അതോ നമ്മളാണ് ഷാജഹാൻ എന്ന് അറിഞ്ഞതിലുള്ള ദേഷ്യമാണോ? അപ്പോഴത്തെ വാശിക്ക് അവളോട്‌ എന്തൊക്കെയോ വിളിച്ചു പറയുകയും ചെയ്തു. അവളെ കൊണ്ട് നമ്മളെ ഇഷ്ടാണെന്ന് പറയിപ്പിക്കുമെന്ന് വരെ പറഞ്ഞു പോയി. അങ്ങനെ ഒരു വിധത്തിൽ ഒന്നും വളയുന്നവളോ തോറ്റു തരുന്നവളോ അല്ല എന്റെ നൂറാ.. അവളെ നാവിൻ തുമ്പിൽ നിന്നും അങ്ങനെയൊരു വാക്ക് കേൾക്കാൻ കാത്തിരുന്നാൽ മിക്കവാറും നമ്മളെ മൂക്കിൽ പല്ല് മുളച്ചിട്ടുണ്ടാവും. ഇത്രയും നാള് അവക്ക് വേണ്ടി ഒരു കാത്തിരിപ്പായിപ്പായിരുന്നു. ഇപ്പൊ കണ്മുന്നിൽ ഉണ്ടായിട്ടും അവളെ സ്നേഹം നേടി എടുക്കാനും സ്വന്തമാക്കാനും വേണ്ടിയുള്ള പ്രയത്നമാണല്ലോ പടച്ചോനെ നീ എനിക്ക് വിധിച്ചത്.

ഇനി വയ്യാ,,, കൂടുതൽ കാത്തിരിക്കാൻ വയ്യാ.. ഓരോ നിമിഷം കഴിയും തോറും അവളില്ലാതെ ജീവിക്കാൻ പറ്റില്ല എന്നൊരു തോന്നലാണ്. അവളെ ഈ നെഞ്ചോടു ചേർത്ത് നിർത്താൻ ഇനിയും നമ്മള് എത്ര നാള് കാത്തിരിക്കണം റബ്ബേ.. പിന്നെ അവൾടെ മുന്നിൽ അങ്ങനെയൊന്നും പരാജയപ്പെടാൻ നമ്മളും തീരുമാനിച്ചിട്ടില്ല. അവൾടെ സ്നേഹം പിടിച്ച് പറ്റണമെങ്കിൽ,, മനസ്സിലുള്ള ഇഷ്ടം നേടിയെടുക്കണമെങ്കിൽ ഇനി അങ്ങോട്ട്‌ നമ്മള് അവൾടെ കൺ വെട്ടത്തു തന്നെ വേണം. ഇരുപത്തി നാല് മണിക്കൂറും നമ്മള് നൂറാന്റെ പിന്നാലെ തന്നെ ഉണ്ടാവണം. അവൾടെ ചുറ്റുവട്ടത്ത് നിന്നും അവളെ ദേഷ്യം പിടിപ്പിച്ചും വാശി കയറ്റിയും ഇനിയും അവളുമായി ഉടക്കണം.ഒടുക്കം അവൾടെ മനസ്സിലുള്ള ആ ഇഷ്ടം അവളെ കൊണ്ട് തന്നെ പറയിപ്പിക്കണം. അതിനൊക്കെ കൂടി ഇനി നമ്മളെ മുന്നിൽ ഒരേയൊരു വഴിയേ ഉള്ളു.നമ്മളെ നൂറാനെ ഒന്ന് കൈ പിടിയിൽ ഒതുക്കി നിർത്താൻ ഇനി ആ വഴി തന്നെയാണ് നമ്മള് പ്രയോജനപ്പെടുത്തേണ്ടത്....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story