💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 4

khalbil nee mathram

രചന: ഷംസീന ഫിറോസ്

   "നൂറാ.........!!!" തിന്നണ ടൈമിൽ പുറകിന്ന് ആരൊക്കെ അലറിയാലും, എന്തിന് സുനാമി മ്മടെ പുറകിലെത്തിന്ന് പറഞ്ഞ വരെ കേറ്റാനുള്ളത് കേറ്റിയിറക്കിയിട്ടെ മ്മള് എന്താണ് കാര്യോന്നൊക്കെ തിരക്കുള്ളൂ.മ്മളാ ശബ്‌ദം കേക്കാത്ത ഭാവത്തിൽ പരിപ്പുവട തൊണ്ടേന്ന് താഴേക്കിറക്കിയിട്ട് ആവി പറക്കണ മ്മടെ ചായ എടുത്തങ്ങട്ട് വീശി, മ്മള് മാത്രല്ല.റിയൽസിലെ ബാക്കിയെണ്ണവും ആർത്തിടെ കാര്യത്തിൽ പൊറകിലല്ല.ദേ, വീണ്ടും പൊറകീന്ന് ആ അലർച്ച. "നൂറാ....... !!!!!!!!!" ഇപ്രാവശ്യം നേരത്തത്തെക്കാളും ശബ്‌ദാണ്.ഇപ്പൊ കാന്റീൻ മൊത്തം മ്മടെ പേര് എക്കോ അടിക്കാണ്.ആരെ തൊള്ളക്കാണ് ഇത്രേം പ്രശ്നോന്നറിയാൻ മ്മളൊക്കെ ഒന്ന് തിരിഞ്ഞു നോക്കി. ഹോ!!ഇവനാണോ??കൊറേ നാളായിട്ട് കാണാൻ ഇല്ലല്ലോന്ന് മ്മള് ഇപ്പൊ വിചാരിച്ചേയുള്ളൂ.ആരാന്നല്ലേ?മ്മടെ സീനിയർസ് ആണ്.അതായത് എംബിഎ ഫൈനൽ ഇയർ സ്റ്റുഡന്റസ്,ജുനൈദും കൂട്ടരും.മ്മള് ആദ്യം പറഞ്ഞില്ലേ,ഈ കോളജിൽ കാലെടുത്തു കുത്തിയ അന്ന് മ്മക്ക് നല്ല പതിനെട്ടിന്റെ പണി കിട്ടിയിരുന്നെന്ന്.അത് തന്നത് ഈ തെണ്ടികളാണ്.കോളേജിലെ സൂപ്പർ ഹീറോസ്ന്നൊക്കെ എല്ലാരും പറയും.

പക്ഷെ,മ്മക്ക് പുല്ലാണ് ഇവറ്റകള്.ആദ്യായി ഇവിടെ വന്ന മ്മളെ വട്ടം കറക്കിയ കഴുതയാണ് ഓന്.അന്ന് തൊടങ്ങിയതാണ് മ്മടെ ശത്രുത.അതു നല്ല വൃത്തിക്ക് രണ്ടു കൊല്ലായി മുന്നോട്ടു പോവാണ്.മ്മള് എവിടെ തിരിഞ്ഞാലും മ്മളെ ചോദ്യം ചെയ്യാനിറങ്ങിയെക്കണ കാലമാടനാണ് ഓൻ.ആദ്യമൊക്കെ മ്മക്ക് മാത്രാർന്നു ഓനോട്‌ ദേഷ്യം,ഓൻക്ക് മ്മളോട് ദേഷ്യം ഒന്നും ഇണ്ടാർന്നില്ല.ഇപ്പോളും ഓൻക്ക് കോളേജ് വാസികൾടെ മുന്നിൽ വെച്ച് മ്മളോട് കലിപ്പ് ആണേലും അതൊരു മൊഹബ്ബത്ത് കലർന്ന കലിപ്പ് ആണ്.അത് മ്മക്ക് മാത്രമറിയുന്ന പരസ്യമായ രഹസ്യമാണ്‌.ഇങ്ങക്കൊന്നും മനസ്സിലായില്ലല്ലേ.പറഞ്ഞു തരാം.ആദ്യ കണ്ടുമുട്ടലിൽ തന്നെ ഓൻ മ്മക്ക് നല്ല മുട്ടൻ പണിയാണ് തന്നത്. അന്നെന്നെ മ്മള് മ്മടെ തനി കൊണം കാണിച്ചോണ്ട് ഓന്റെ ഗാങ്ന്റെ മുന്നിൽ തെല്ലൊന്നു പതറേണ്ടി വന്നു.ന്നാലും കാര്യമായിട്ടൊന്നും മ്മള് താണ് കൊടുത്തില്ല.

അന്നവിടെന്ന് മ്മള് സിമ്പിൾ ആയി സ്കൂട്ടായതാണ്.പിന്നെ എപ്പോളും ഈ തെണ്ടി മ്മളെ നോക്കി ചിരിക്കാൻ തൊടങ്ങി.ഓന്റെ ചിരിയിൽ ന്തോ പോരായ്മ ഉണ്ട്ന്ന് മ്മക്ക് ആദ്യേ തോന്നിയതാണ്.അവസാനം അത് സംഭവിച്ചു.ഒരു ദെവസം കോളജിലേക്ക് കടക്കണ മ്മളെ ഓനും കൂട്ടരും ഗേറ്റ്ന്റ്റെ അവടെ പിടിച്ച് നിർത്തി.എന്നിട്ട് ഓൻ മ്മളെ പ്രൊപ്പോസ് ചെയ്തു.മ്മക്ക് ഓനോട്‌ ആൾറെഡി ഒരു ദേഷ്യം ഉണ്ടാർന്നോ ണ്ട് മ്മള് മ്മക്ക് ഓൻ തന്നത് പതിനാറിരട്ടിയായി ഓൻക്കെന്നെ തിരിച്ചു കൊടുത്തു.അതും എല്ലാരുടെ മുന്നിൽ വച്ച്.അന്ന് ഓൻ ആകെ ചമ്മി നാറിയതാണ്.അന്നു തൊട്ടിന്നു വരെയും മ്മളെ ഇടയിലുള്ള പക കൂൾ ആയി പോവാണ്.ഓന്റെ ചങ്ങായിമാർക്കൊക്കെ മ്മളെ കാണണതെ ചൊറിച്ചിലാണ്.മ്മക്കും അങ്ങനെ തന്നെ.പക്ഷെ ജുനൈദിനോട് മ്മക്ക് മനസ്സിൽ ദേഷ്യമൊന്നുല്ലട്ടോ .ഓൻക്കും അങ്ങനെ തന്നെ ആണെന്നാ മ്മടെയൊരു ഇത്.ഹാ,അതൊക്കെ പോട്ടെ.ഫ്ലാഷ് ബാക്ക് കഴിഞ്ഞു.ഇനി എല്ലാരും പ്രസന്റ്റ്‌ലേക്ക് പോന്നാട്ടെ.

മ്മള് ഇരിക്കണ ടേബിൾന്റ്റെ അടുത്തേക് വന്ന് ഓൻ മ്മളെയൊന്നു അടിമുടി നോക്കി.ഓൻ നോക്കുക മാത്രെ ഉള്ളൂ.ന്തേലും തൊടങ്ങണെങ്കിൽ മ്മളെന്നെ വാ തൊറക്കണം. "ന്താടാ ഇന്റെ ചെവിക്ക് ന്തേലും തകരാറുണ്ട് ന്ന് അന്നോട് ആരേലും പറഞ്ഞോ??അല്ല,ഇനി അന്റെ തൊണ്ടക്കുഴീന്ന് ശബ്‌ദം പൊറത്തു വരണുണ്ടോന്ന് ഇയ്യ് ടെസ്റ്റ്‌ ചെയ്ത് നോക്കാണോ?" "ഡീ അന്നോട് ഞാൻ ആദ്യേ പറഞ്ഞതാ,ഇവിടെ,ഈ കോളജിൽ മ്മള്,ഈ സൂപ്പർ സീനിയർസ് ഉണ്ടാവുമ്പോൾ ഇങ്ങളധികം വെളയാൻ നിക്കല്ലെന്ന്.ഒരു റിയൽസ് വന്നേക്കണ്" ഓന്റെ മുഖത്തെ പുച്ഛം കണ്ട് മ്മക്ക് ഓനെ ഞെക്കി കൊല്ലാൻ തോന്നണ് ണ്ട്. ഓന്റെ വർത്താനം കേട്ട് സിനു ഓന്റെ നേർക്ക് ചാടി. "അത് പറയാൻ നീയാരാടാ" സിനുന് പണ്ടേ ഓനെ കാണാണതു കണ്ണിനു തിമിരം കേറണ പോലെയാണെ.ഇവിടെയൊരു ഫൈറ്റിനുള്ള വകയൊക്കെ സ്റ്റാർട്ട്‌ ആവണ് ണ്ട്ന്ന് തോന്നിയ മ്മള് സിനുനെ പിടിച്ചു മാറ്റി.മ്മക്ക് ഇനിയും വയ്യേ സസ്പെന്ഷൻ വാങ്ങി വീട്ടിലിരിക്കാൻ.ആൾറെഡി മ്മക്ക് ഒരു സസ്പെന്ഷന് കിട്ടിയതിന്റെ ക്ഷീണം മാറിയിട്ടില്ല.

"ഡാാ ജുനൈദേ അനക്കെന്താ വേണ്ട്.ഇന്നോട് ഞാൻ പലതവണ പറഞ്ഞതാ മ്മളെ ചൊറിയാൻ വരണ്ടാന്ന്.ഇപ്പൊന്താ അന്റെ പ്രശ്നം.അന്റെ കെട്ടിയോളെ പിടിച്ച് മ്മള് വിഴുങ്ങിയോ??" "ഡീ,കെട്ടിയോളെ പറയല്ലേട്ടോ.അത് നീ തന്നെയാ" ഇത് ഓൻ പതിയെ പറഞ്ഞതാ.മ്മള് മാത്രെ കേട്ടുള്ളൂ.ഇത് മ്മക്ക് ദഹിച്ചിട്ടില്ലെന്ന് തോന്നിയ ഓൻ കളം മാറ്റി ചവിട്ടി.പിന്നെയും കൊർച് കലിപ്പിൽ "ഇയ്യ് ഇന്നിവിടെ വല്യ റാഗിംഗ് ഒക്കെ നടത്തിയെന്ന് കേട്ടല്ലോ.മ്മള് ഉണ്ടാമ്പൊ അതൊക്കെ ചെയ്യാൻ ഇയ്യ് ആരാടി?" "ന്തോ??ഇയ്യ് വല്യ കൊമ്പത്തെ സീനിയർ ആണെന്ന് മ്മക്ക് അറിയില്ലേനു.അപ്പൊ ഇയ്യ് രണ്ടു കൊല്ലം മുൻപ് ചെയ്തതെന്താണ്ട് ടാ?ഇയ്യ് ചെയ്യുമ്പോൾ അത് താരാട്ടും മ്മള് ചെയ്യുമ്പള് റാഗിങ്ങും.ഒന്ന് പോയെ ചെർക്കാ ആട്ന്ന്.ഇനിക്ക് വേറെ പണിയുള്ളതാ. " മ്മള് അത്രയും കാച്ചിട്ട് അവിടുന്ന് തിരിഞ്ഞു നിന്നു.എന്നിട്ട് മ്മളെ പിള്ളേരോട് പോരുന്നില്ലേന്നും ചോദിച്ച് അവിടുന്ന് റിലീസ് ആയി.മ്മള് തിരിഞ്ഞു നടക്കുമ്പോഴും ഓനവിടുന്ന് അലറണുണ്ടായിരുന്നു, അനക്ക് ഞാൻ വെച്ചിട്ടുണ്ടെഡീന്ന്.

"പിന്നെ,രണ്ടു വർഷായിട്ട് വെച്ചതൊന്നും തരാൻ ഓൻക്ക് കഴിഞ്ഞിട്ടില്ല.ആ ഓൻ ആണ് ഇനി തരാൻ പോണത്." അനുവിന്റെ പറച്ചിൽ കേട്ട് മ്മള് അഞ്ചും കൂടി ചിരിച്ചു ഒരു വകയായി. ഉച്ചവരെ അവടേം ഇവടെക്കെ കറങ്ങി മ്മള് സമയം കളഞ്ഞു.ഫസ്റ്റ് ഇയർസിനെ ഉച്ചക്ക് വിടും.അവരെ വിടുമ്പോഴേക്കും ഗേറ്റ്ന്റ്റെ അവടെ സ്ഥാനം പിടിക്കണമെന്നൊക്കെ മ്മക്ക് ആഗ്രഹം ഉണ്ട്.അസ്‌ന ആണേൽ ഇവടെ ഒരു ലവ് ലെറ്ററിനു വേണ്ടി കാത്തിരിക്കയാണ്.പക്ഷെ,ഉച്ച ആവുമ്പോൾ ക്ലാസ്സിൽ കേറാണ്ട് പറ്റൂല.അതോണ്ട് മ്മള് ബാക്കിയുള്ള പിള്ളേരെ അടുത്ത ദിവസം പിടിച്ചോളാന്ന് സമാദാനിച്ച് കൊണ്ട് വീണ്ടും ക്ലാസ്സിൽക്ക് ചെന്നു.അവിടെ മ്മളെ കണ്ടതും മൊത്തം ജന്തുക്കളും ചൊവ്വേന്ന് ലാൻഡ് ചെയ്ത പോലെ മ്മളെ നോക്കാണ്.മ്മളോട് രാവിലത്തെ വിശേഷോക്കെ ചോദിക്കണ് ണ്ട എല്ലാരും കൂടി.മ്മള് അതും ഇതൊക്കെ കൂട്ടി സദ്യക്ക് വിളമ്പണ മാതിരി മൊത്തത്തിൽ വിളമ്പി കൊടുത്തു.അപ്പോഴേക്കും അടുത്ത മാരണം ആന്റണി,മ്മടെ ആന്റ്റപ്പൻ ക്ലാസിലേക്ക് വന്നേക്കാണ്.അയാൾടെ വാ തൊറക്കണയിനു മുന്നേ മ്മള് കൂർക്കം വലിക്കാൻ തൊടങ്ങി.

അങ്ങനെ ഉന്തിതളളി വിട്ട് മ്മള് എങ്ങനൊക്കെയോ വൈന്നേരമാക്കി.നാലു മണിക്കാണ് ക്ലാസ്സ്‌ കഴിയാ.നാല് മണിടെ ബെല്ലടിക്കേണ്ട താമസം ഒന്നാം ക്ലാസ്സിലെ കുട്ട്യോൾ ബാഗും എടുത്തു ഓടാണ പോലെ എല്ലം ഓടാണ്.മ്മള് ആറാളും പിന്നെയും കുറച്ച് സമയം കൂടി ക്ലാസ്സിലിരുന്നു സൊറ പറയാണ്.കൊറച്ചു കഴിഞ്ഞു മ്മളും പോവാൻ വേണ്ടി ക്ലാസിന്നു പൊറത്തിറങ്ങി.അപ്പോൾ അനുവിനൊരു കാൾ വന്നു ഓൾ അങ്ങോട്ടേക്ക് മാറി നിന്നു.അസ്‌ന ബസ്സിലാണ് പൂവാ.നാലരക്കാണ് ഓൾടെ ബസ്സ്.അതോണ്ടാണ് മ്മള് നാലര വരെ അവിടെ നിക്കണതും.സിനുവും അജുവും കൂടി സിനുന്റ്റെ ബൈക്കിലാണ് പോവുക.സിനുന്റ്റെ വീടിന്റെ അടുത്ത് തന്നാണ് അജുന്റ്റെ വീടും.അഖി ആണേൽ ഓന്റെ ബൈക്കിലും.അനു ഫോൺ കട്ട്‌ ചെയ്ത് മ്മൾടെ അടുത്ത് വന്നു പറഞ്ഞു

: "നൂറ,നീ വിട്ടോടി.ഞാൻ അനിയെട്ടന്റെ കൂടെ പോവാണ്.ഏട്ടൻ ഇപ്പൊ വരും ഇങ്ങോട്ട്.അമ്മായി ഹോസ്പിറ്റലിൽ ഉണ്ടെന്ന്,ഒന്നവിടം വരെ ചെല്ലണം ന്ന്.ഇതാ കീ,ഇയ്യ് സ്കൂട്ടി എടുത്തോ.രാവിലെ എന്നെ പിക്ക് ചെയ്യാൻ വന്നാ മതി" "അള്ളോഹ്!!!അന്റെ വണ്ടിൽ മ്മള് ഒറ്റയ്ക്ക് പോണോ??മ്മളെ കൊല്ലല്ലേടി ഇയ്യ്.അതെവിടെയാ പഞ്ചർ ആവണേന്ന് പറയാൻ പറ്റൂല.ഇയ്യ് അത് സ്റ്റാർട്ട്‌ ആക്കണ പോലെ ഇന്നെ കൊണ്ട് പറ്റോ ഇല്ല." "ന്നാ വേണ്ട,സ്കൂട്ടി ഇവടെ കെടക്കട്ടെ.നീ ബസ്സിൽ പോയിക്കൊട്ടാ.അല്ലേലും ഇനി എന്റെ വണ്ടീൽ നിന്നെ കേറ്റൂലാന്ന് ഞാൻ രാവിലെ തീരുമാനിച്ചതാ" "അനു,ഇയ്യ് പിണങ്ങിയോ?മ്മള് വെറുതെ പറയണതല്ലേ." "മോളങ്ങനെ അധികം വെറുതെയാക്കല്ലേ,വേണേൽ ഇത് പിടിക്ക്.ഞാൻ പൂവാ.ഏട്ടൻ പുറത്തുണ്ടാവും" ന്നും പറഞ്ഞ് അനു സ്ഥലം വിട്ടു.അസ്‌ന ക്ക് ആണേൽ ബസ്സും വന്നു. "നൂറ,ഇയ്യ് എന്ത് കാണാൻ നിക്കാ.വണ്ടി എടുത്തോണ്ട് പോടീ" കലിപ്പൻ സിനുവാണ്. "ഉവ്വേ.അങ്ങയുടെ ആഞ്ജ പോലെ" ന്നും പറഞ്ഞ് മ്മള് ചിരിച്ചു വണ്ടിന്റെ അടുത്തേക് പോയി.മ്മള് വണ്ടിയെടുത്ത് ഗേറ്റ് കടന്ന ശേഷാണ് അവറ്റകള് വണ്ടി സ്റ്റാർട്ട്‌ ചെയ്യണത്.

മ്മക്ക് ആണേൽ ഇതിലിരുന്ന് ഒരു സ്റ്റഡി ഇല്ലാത്ത പോലെ.രാവിലെ തന്നെ മ്മള് ഇത് ഉരുട്ടാൻ പെട്ട പാടെ! നേരം വൈകിട്ടൊന്നുല്ല.പതിയെ പോയാൽ മതി.പക്ഷെ,പ്രശ്നം അതല്ല.നല്ല മഴക്കോളുണ്ട്.മ്മള് ആണെങ്കിൽ കോട്ടും എടുത്തിട്ടില്ല.ഹെൽമെറ്റ്‌ ഉള്ളോണ്ട് മണ്ട നനയില്ല എന്നതാണ് ആകെയൊരു ആശ്വാസം.മഴ നനഞ്ഞാൽ പിന്നെത്തെ കാര്യം പറയേ വേണ്ട.തുമ്മലായി,ചീറ്റലായി,പനിയായി...അങ്ങനെ മ്മളെ ഒരാഴ്ച പോയി കിട്ടും.മഴക്ക് മുന്നേ വീട്ടിലെത്താന്ന് വിചാരിച്ച് മ്മള് ആഞ്ഞു പിടിച്ചു.റോഡ് മൊത്തം തെരക്കാണ്.നല്ല ഉഗ്രൻ ബ്ലോക്ക്‌.എന്നാലും മ്മള് കുറച്ചു പറപ്പിച്ചു തന്നെ വിട്ടു.പെട്ടന്നാണ് മ്മളെ ഫ്രണ്ടിന്ന് ഒരു ബൈക്ക് റോങ്ങ്‌ സൈഡിൽ കൂടെ പാഞ്ഞു വരണത്.ഇത്രേക്കെ ബ്ലോക്ക്‌ ഉണ്ടായിട്ടും ഓൻ ഇതൊന്നും കാണണില്ലേ റബ്ബി??ഓന്റെ വരവ് കണ്ടിട്ട് മ്മള് പകച്ചു പോയി.റബ്ബേ,ഈ വണ്ടിക്കാണേൽ ബ്രേക്കും കിട്ടുന്നില്ലല്ലൊ.മ്മളെ നെഞ്ചത്തുടെ കേറ്റിട്ടെ ഓൻ പോവുള്ളൂന്ന് ഒറപ്പായപ്പോഴ് മ്മള് രണ്ടും കല്പ്പിച്ചു ബ്രേക്ക്‌ പിടിച്ചു.ഹാവൂ....,

അപ്പൊ ഇതിനു ബ്രേക്ക്‌ ഉണ്ട്!!! എന്നിട്ട് മ്മള് കണ്ണും അടച്ചോണ്ട് ഒരു നിമിഷം നടുറോഡിൽ അങ്ങനെന്നെ സ്റ്റോപ്പ്‌ ആയിപ്പോയി.മ്മള് പതിയെ കണ്ണ് തുറന്നു നോക്കുമ്പൊള് ആ ബൈക്ക്കാരൻ തെണ്ടിയും മ്മടെ സൈഡിൽ ആയി ബ്രേക്ക്‌ പിടിച്ചു നിക്കാണ്.മ്മള് ഓന്റെ മോന്തക്ക് നോക്കി കണ്ണുരുട്ടി.ഓൻ ആണേൽ ഒരു പുളിച്ച ചിരിയോടെ സോറി പെങ്ങളെ ആൻഡ് താങ്ക് യൂ ന്നും പറഞ്ഞ് പിന്നെയും പറപ്പിക്കാണ്.ഓന്റെയൊരു പോക്ക്.കാലമാടൻ.മ്മള് ഇപ്പൊ മയ്യത്ത് ആയേനെ.എന്നിട്ട് മ്മള് വണ്ടി വീണ്ടും എടുക്കാൻ വേണ്ടി നോക്കുമ്പൊഴാണ് പുറകീന്നൊരു ശബ്ദം.ശബ്‌ദം കേട്ട് മ്മളൊന്ന് ഞെട്ടി തിരിഞ്ഞു നോക്കി. പടച്ചോനെ!!!ന്റ്റെ വണ്ടീ..., അല്ല അനുന്റ്റെ വണ്ടി.ഏതോ ഒരു ബെൻസ് മ്മളെ വണ്ടിന്റെ ചന്തിക്ക് വന്ന് ഇടിച്ചേക്കണ്.മ്മള് സ്റ്റാർട്ട്‌ ചെയ്യാൻ നിന്ന വണ്ടിനെ ഇനി സ്റ്റാർട്ട്‌ ചെയ്യണ്ട കാര്യമില്ല.അമ്മാതിരി കോലം ആയിക്കിട്ടി വണ്ടിക്ക്.ഇനി ഇതിനെ കൊണ്ട് അനുന് വല്യ യൂസ് ഒന്നും ഉണ്ടാവൂല,അനുനെന്നല്ല,പർക്കി പിള്ളേർക്ക് വരെ ഉണ്ടാവൂല.മ്മള് വണ്ടി സ്റ്റാൻഡ് ഇട്ട് ഇറങ്ങി.മ്മടെ വണ്ടി ഇടിച്ചു പഞ്ചറാക്കീട്ടും ആ കാറിലെ ജന്തുക്കൾ ഒന്ന് പൊറത്തിറങ്ങണ് വരെയില്ല.

മ്മളോടാ കളി.ന്റ്റെ വണ്ടിയാണേൽ പോട്ടെ.അനുവിനോട് മ്മള് എന്ത് സമാധാനം പറയും.അയ്യടാ!ന്റ്റെ വണ്ടി ആയാലും അങ്ങനെ പോണ്ടാ.മ്മള് രണ്ടും കല്പ്പിച്ചു ഹെൽമെറ്റും ഊരി കാർന്റ്റെ അടുത്തേക് ചെന്നു.അപ്പോഴേക്കും ആ ബെൻസ്ന്റ്റെ ഡ്രൈവിംഗ് സീറ്റിന്ന് ഒരുത്തൻ ഇറങ്ങി വന്നു.കൊഴപ്പൂല്ലാത്ത ഒരു മൊതല്.സുന്ദരനാണ്,സുമുഖനാണ്.ചെഹ്!!നൂറാ,ഇയ്യും തൊടങ്ങിയോ പെൺകുട്ട്യോളെ പോലെ വായിനോക്കാൻ.മ്മള് മ്മളെ തലക്കൊരു കൊട്ടും കൊടുത്ത് കാർന്റ്റെ അടുത്ത് ചെന്നു നിന്നു.നാലക്ഷരം പറയാൻ വേണ്ടി വാ തുറക്കാണയിനു മുന്നേ ആ ചെക്കൻ റേഡിയോ ഓണാക്കിയ പോലെ തൊടങ്ങിയെക്കാണ്. "സോറി പെങ്ങളെ.അറിയാണ്ടാ.കണ്ടില്ല.പെട്ടന്ന് പോവുമ്പോൾ പറ്റിപ്പോയതാ...കൊറച്ചു തെരക്കാണ്.അതോണ്ട് ചവിട്ടി വിട്ടതാ..സോറി......" ഓൻ ഇങ്ങനെയെന്തൊക്കെയോ പറയാണ്.ചെക്കൻ ആളപ്പോ പേടിതൂറിയാണ്.വല്യ പണിയൊന്നുല്ലാതെ മ്മക്ക് വേണ്ടത് ചുളുവിൽ വാങ്ങിച്ചു സ്ഥലം കാലിയാക്കാം അപ്പൊ. "ഡോ,അന്റെ മോത്ത് രണ്ടു ഉണ്ട കണ്ണുണ്ടല്ലോ.എന്നിട്ടും കണ്ടിട്ടില്ലാന്ന്...

ന്താ അനക്ക് അത്രയ്ക്കും അർജെൻറ്റ്.ന്തേയ്‌ അന്റെ അമ്മായിഅമ്മ പെറാൻ കെടക്കാണോ,അതോ അന്റെ കെട്ടിയോള് ഒളിച്ചോടി പോവാൻ നിക്കാണോ???" മ്മളെ ശബ്‌ദം കേട്ട് റോഡിലൂടെ പോവണ വണ്ടിയൊക്കെ സ്ലോ ആക്കാണ്.പോവണ ആൾക്കാരൊക്കെ മ്മടെ ചുറ്റും കൂടിയിട്ടുണ്ട് .അപ്പോഴേക്കും ഈ ചെക്കൻ പേടിച്ചു ബോധം കെട്ട അവസ്ഥയിൽ നിക്കാണ്.ന്തായാലും ഒരു പെൺകുട്ടി ആയിട്ടുള്ള പ്രശ്നത്തിൽ നാട്ടുകാർ മ്മടെ കൂടെയല്ലേ നിക്കുള്ളൂ.പക്ഷെ,മ്മളൊരു ആണാണെന്ന് ഓർക്കറിയൂലല്ലൊ. "അത്....സോറി പറഞ്ഞില്ലേ പെങ്ങളെ..." "പെങ്ങളാ,ആരാടാ അന്റെ പെങ്ങള്????കൊറേ നേരായല്ലൊ പെങ്ങള്ന്നൊക്കെ വിളിക്കാൻ തൊടങ്ങിട്ട്.ന്റ്റെ ഉമ്മാക്ക് എന്റ്റെ അറിവിൽ ഇങ്ങനെയൊരാൺകുട്ടി ഇല്ലല്ലോ" "അതല്ല കുട്ടി,മ്മള് പറയണതൊന്ന് കേൾക്കൂ" "ഏതല്ലാ...?കുട്ടിയോ..ആരാ അന്റെ കുട്ടി.ഞാനോ??ഇന്നെ കണ്ടാൽ അന്റെ കുട്ടിയാണെന്ന് തോന്നുവോ അനക്ക്??" മ്മടെ ശബ്‌ദത്തിന്റെ തീവ്രത കൂടണതിനനുസരിച്ചു കാഴ്ചക്കാരുടെ എണ്ണവും കൂടുന്നുണ്ട്.മ്മള്

ആണെങ്കിൽ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഓനെ നോക്കി പേടിപ്പിക്കാണ്.ഓനെ മ്മള് പേടിപ്പിക്കണോന്നില്ല.അല്ലാണ്ടെന്നെ ഓൻ പേടിച്ച് വിയർത്തു കുളിച്ചേക്കാണ്.അപ്പൊ ഇനി അധികം നിക്കണ്ട നൂറ,അനക്ക് വേണ്ടത് വാങ്ങിയിട്ട് പൊയ്ക്കോ. "ഡോ താനെന്താടോ ഇങ്ങനെ നോക്കി നിക്കണത്.ന്റ്റെ വണ്ടീടെ കോലോന്നു നോക്കിയേ" "എന്തേലും പറ്റിയോ" പടച്ചോനെ!!യോന്റ്റെ തലക്കെന്താ ഓളം ആണോ??മ്മള് ഇവിടെ ഇത്രേം നേരം തൊള്ള കീറിയത് ഇതും പറഞ്ഞോണ്ടാർന്നില്ലേ. "എന്തേലും പറ്റിയോന്നോ..ഇല്ല ടാ ഒന്നും പറ്റീട്ടില്ല. ന്റ്റെ വണ്ടീനെ മിക്സീല് ഇട്ട് അടിച്ചെടുത്ത പരിവത്തിലാക്കി തന്നിട്ട് എന്തേലും പറ്റിയോന്ന്.അന്റെ കണ്ണിനപ്പോ തീരെ കാഴ്ച ഇല്ലെടോ. ആദ്യം ഞാൻ വിചാരിച്ചു അറിയാണ്ടാവും ന്ന്;ഇപ്പൊ ഒറപ്പായി,താനൊരു കണ്ണു പൊട്ടനാണെന്ന്." മ്മള് ഓന്റെ അടുത്തേക്ക് ഒറഞ്ഞു തുള്ളുമ്പൊഴേക്കും കാർന്റ്റെ ഫ്രണ്ട് ഡോർ തൊറന്ന് വേറെ ഒരുത്തൻ പുറത്തേക്കിറങ്ങാണ്. എന്നിട്ട് ന്താ അലിയെ പ്രശ്നോന്നൊരു എൻട്രി ഡയലോഗും. അപ്പൊ ഇവനും പൊട്ടനാണോ????ഇവിടെ ഇത്രേക്കെ സീൻ നടന്നിട്ടും ഇവനൊന്നും കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല.ഇനി ഇവറ്റകള് പാരമ്പര്യമായി അന്ധന്മാരും ബദിരന്മാരും ആണോ??

ഇനി ഇതേതാണി അവതാരം ന്ന് അറിയാൻ മ്മള് ഓനെയും അടിമുടിയൊന്നു നോക്കി.നല്ല ടിപ്ടോപ് വേഷം.നല്ല ലുക്ക്‌ ഉള്ളോനാണ്.ടോട്ടലി ഒരു മൊഞ്ചൻ കുട്ടപ്പൻ.ഇനി ഓന്റെ മോന്ത എങ്ങനെന്നറിയാൻ വേണ്ടി മ്മള് ഓന്റെ മോന്തക്കും നോക്കി.ഓന്റെ മോന്ത കണ്ട മ്മക്ക് ആരാന്നറിയാത്ത ഓനോട്‌ വരെ കേറി കട്ടകലിപ്പ്.എന്തെന്നല്ലേ. ഓന്റെ കണ്ണാണ് കാരണം. ഓന്റെതു പൂച്ചക്കണ്ണ് ആണ്. മ്മക്ക് പണ്ടേ പൂച്ചകണ്ണ് ഉള്ളവരോട് അടങ്ങാത്ത ശത്രുതയാണ്.അതിനൊരു കാരണവും ഉണ്ട്.പത്തിൽ മ്മടെ കൂടെ പഠിച്ച ഒരു പൂച്ചകണ്ണൻ ചെക്കൻ കാരണം മ്മള് നന്നേ അനുഭവിച്ചതാണ്. അതല്ലാണ്ടും കാരണം വേറെ ഒന്നുണ്ട്. ഈ ജീവിതത്തിൽ മ്മള് ഒരിക്കലും മറക്കാത്ത ഒരു ദുഷ്ടന്റ്റെ മുഖം.!!അതാണ് മ്മക്ക് ഇപ്പൊ ഓർമ വന്നത്. "ന്താ അലിയെ ന്താ പ്രശ്നം" "അത്.. ഡാ ഈ കുട്ടീടെ വണ്ടിക്കൊന്നു തട്ടി" "അതിനാണോ ഇവളി കെടന്ന് കാറണത്." പൂച്ചകണ്ണന്റ്റെ നെക്സ്റ്റ് ഡയലോഗ്. ഈ പൂച്ചകണ്ണൻ ജന്തു മറ്റോനെ പോലെ ആളൊരു പൂച്ചയല്ല.അപ്പൊ മ്മക്ക് കിട്ടേണ്ടതു വാങ്ങിച്ചെടുക്കാൻ മ്മള് കൊറച്ച് പെടാ പാട് പെടും. ന്നാലും വേണ്ടില്ല,

ആവശ്യം മ്മൾടെത് ആയിപ്പോയില്ലെ. മ്മള് മറ്റോനോട് ആയി വീണ്ടും തൊള്ള തുറന്നു. "ഡോ..എന്താ ഇങ്ങനെ ഉണ്ട വിഴുങ്ങിയ പോലെ നിക്കണതു.ഇനിക്ക് പോണം.ന്റ്റെ വണ്ടി ശരിയാക്കാനുള്ള കാശ് തന്നോ താൻ" "ഡീീീ..ആരാടി നീീ.നിന്റെ ഈ പാട്ട വണ്ടിക്കൊന്നു തട്ടിയതിനാണോ നീീ ഈ കെടന്നു ഭദ്രകാളി തുള്ളുന്നെ?" വീണ്ടും പൂച്ചകണ്ണൻ ജന്തുവാണ് ഇത് മ്മക്ക് നേരെ വിട്ടത്. അപ്പൊ ഇവൻ ആൺകുട്ടിയാണല്ലൊ.മ്മളും കൊറവ് ഒന്നുമല്ലല്ലോ.മ്മള് വീണ്ടും തൊടങ്ങി മ്മളെ പൂരപ്പാട്ട്. "ഡോ..താൻ ആരാടോ എന്നെ എടി പോടീ ന്നൊക്കെ വിളിക്കാൻ.തന്റെ മടിയിൽ കിടത്തിയാണോ എനിക്ക് പേര് ഇട്ടത്.അന്റെ കെട്ടിയോളെ പോയി വിളിക്കെടാ" മ്മളെ ഡയലോഗു തീരണയിനു മുന്നേ ആ പൂച്ചകണ്ണൻ നാറി മ്മടെ അടുത്തേക്ക് ഒരു ചാട്ടാർന്നു.മ്മള് ആണെങ്കിൽ പേടിച്ചുന്നൊന്നും പറയണില്ല.അതൊന്നും മ്മക്ക് പണ്ടേ ഇല്ലാത്ത വികാരാണ്. "ഡീ നീീ ആളും തരവും നോക്കി കളിച്ചോ.ഇല്ലേൽ നീ വിവരം അറിയും" "താനൊന്ന് പോടോ തെണ്ടി,താനാരായാലും എനിക്കെന്താ??പിന്നെ,തന്നോടല്ല ഞാൻ പറഞ്ഞത്.ന്റെ വണ്ടിക്കിടിച്ചത് ഇവനല്ലെ.ഇവൻ പറയട്ടെ." ആ തെണ്ടിടെ അടുത്ത ഡയലോഗു പുറത്തേക്കു വരണയിനു മുന്നേ ആ പാവം ചെക്കൻ ഓനെ തടഞ്ഞു: വേണ്ടഡാ,

എല്ലാരും നോക്കണ് ണ്ട് ന്നൊക്കെ പറയാണ്.ആ പൂച്ചകണ്ണൻ നാറി ചുറ്റുമൊന്നു കണ്ണോടിച്ചോണ്ട് മറ്റോനോട് പറഞ്ഞു: "ന്ത്‌ പണ്ടാരാ വേണ്ടേന്ന് വച്ച ഈ ഭദ്രകാളിക്ക് കൊടുത്ത് വിട്ടേക്ക്" ആ ഭദ്രകാളി വിളി മ്മക്ക് ഒട്ടും ദഹിച്ചില്ലേലും മ്മള് ഒന്നും പ്രതികരിചില്ല.മ്മക്ക് വേണ്ടത് തുട്ട് ആണെ.ഇനിയും എന്തേലും കാച്ചിയാൽ മ്മക്കത് കിട്ടൂല.ആ പാവം പിടിച്ച ചെക്കൻ ഓന്റെ പേഴ്സിന്ന് രണ്ടായിരം രൂപന്റെ നോട്ട് എടുത്ത് മ്മക്ക് നേരെ നീട്ടി.മ്മള് അത് വാങ്ങിച്ചിട്ട് ഇതുപോരാ ന്ന് കുറച്ച് ഗൗരവത്തിൽ പറഞ്ഞു. പടച്ചോനെ!അപ്പോൾ ആ പൂച്ചകണ്ണന്റ്റെ മോന്തയൊന്നു കാണണം.മ്മളെ പച്ചക്ക് വിഴുങ്ങണ്ട കലിപ്പ് ഓന്റെ കണ്ണിൽ മ്മള് കണ്ടു.കൂടെ ഒരു ഡയലോഗും "ഡീ മയ്യത്ത് ആവാനായ അന്റെ വണ്ടിക്ക് ഇത് തന്നെ ധാരാളാണ്.നിന്ന് ചെലക്കാണ്ട് എടുത്ത് മാറ്റെഡീ അന്റെ ബെൻസിനെ" മ്മള് വാ തുറക്കുന്നതിന് മുന്നേ മറ്റേ ചെക്കൻ ആദ്യേ ഒരു രണ്ടായിരം രൂപ കൂടി മ്മക്ക് നേരെ നീട്ടി.മ്മള് ഇളിച്ചോണ്ട് ആ നാറിടെ മോത്തേക്ക് നോക്കിക്കൊണ്ട് അത് വാങ്ങിച്ചു. ന്നിട്ട് സ്റ്റൈലായി തിരിഞ്ഞു നടന്നു.

അപ്പോള് ആ നാറി പറയാണ്. "ഇതൊക്കെ പെണ്ണാണോ!!എന്റെ കയ്യിൽ കിട്ടുവെഡീ നിന്നെ" മ്മള് സ്ലോ മോഷനിൽ ഒന്ന് തിരിഞ്ഞു നിന്ന് പുഞ്ചിരിചോണ്ട് ഓനോട്‌ പറഞ്ഞു: "അപ്പൊ ഓക്കേ ഗയ്‌സ്..മ്മക്ക് വീണ്ടും കാണാം" ന്ന്. ഹോ!!ഓന്റെ മുഖത്തെ തിളപ്പ് കണ്ടിട്ട് മ്മക്ക് ചിരി വരാണ്.അധികം നിന്ന് ചിരിക്കാണ്ട് മ്മള് ഓൻ പറഞ്ഞ പോലെ മ്മളെ മയ്യത്ത് ആവാറായ വണ്ടീൽ കേറിയിട്ട് മ്മടെ തലപ്പാവും കമഴ്ത്തിട്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു. യാ റബ്ബി!!!!! പണി പാലും വെള്ളത്തിൽ കിട്ടിയല്ലോ.വണ്ടി സ്റ്റാർട്ട്‌ ആവണില്ല.മ്മള് പിന്നെയും ആഞ്ഞു പിടിച്ച് ആക്സിലേറ്റർ തിരിച്ച് നോക്കി.എവടെ????പെട്ടു!!മ്മള് പെട്ടേക്കണ്.മ്മള് പതിയെ ചുറ്റുമൊന്ന് കണ്ണോടിച്ചു.കൂടിയ ആൾക്കാരൊക്കെ അവറ്റകൾടെ പണി നോക്കി പോയിട്ടുണ്ട്.മ്മള് പിന്നെയും തിരിച്ചും മറിച്ചുമൊക്കെ നോക്കി.സ്റ്റാർട്ട്‌ ആവണില്ല.റബ്ബേ!!ഇനിയെന്താ ചെയ്യാ????

അങ്ങനത്തെ ഡയലോഗ് ആണ് ഈ വണ്ടിക്കും വേണ്ടി മ്മള് കാച്ചിയത്.മ്മള് പതിയെ തിരിഞ്ഞിട്ട് ആ നാറിനെ നോക്കി.ആ നാറിയാണേൽ കാർന്റ്റെ അകത്തു കേറിയിട്ടില്ല.പണ്ടാരക്കാലൻ.എന്ത് കാണാൻ നിക്കുവാണോ ന്തോ.മറ്റോനാണേൽ കാറിൽ കേറീട്ട് മരണ ഹോണടിയാണ്.ഓൻ പ്രതികാരം വീട്ടാണെന്ന് മ്മക്ക് മനസ്സിലായി.മ്മള് എന്താ ചെയ്യാന്ന് അറിയാതെ അതിന്റെ മോളിൽ തന്നെ ഇരുന്നു.അപ്പോഴാണ് മ്മൾടെ വണ്ടിന്റെ മോളിൽ ഒരുത്തന്റെ കൈ വന്നു പതിച്ചത്.ആരാണെന്ന് നോക്കിയ മ്മളൊന്ന് വല്ലാണ്ടായി.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story