💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 44

khalbil nee mathram

രചന: ഷംസീന ഫിറോസ്

അകത്തെ കാഴ്ച കണ്ട് ദേഷ്യവും സങ്കടവും ഇരച്ചു കയറിയ മ്മള് സർവ ശക്തിയുമെടുത്ത് സകലതും മറന്ന് വാതിലിലേക്ക് ആഞ്ഞടിച്ചു. ആ തെണ്ടിയും മ്മളെ ക്ലാസ്സിലേ റിഷാനയും ചിരിച്ചു സല്ലപിക്കുന്നതാണ് മ്മക്ക് അതിന്റെ അകത്തു കാണാൻ കഴിഞ്ഞത്. നമ്മള് ഇവിടെ ഉണ്ടാക്കിയ ശബ്‌ദം കേട്ട് രണ്ടെണ്ണവും ഞെട്ടി തരിച്ചു മ്മളെ തന്നെ ഉറ്റു നോക്കുന്നുണ്ട്.മ്മളെ ഈ കലി തുള്ളിയ രൂപം കണ്ടപ്പോൾ തന്നെ റിഷാന ആ തെണ്ടീനോട്‌ പിന്നെ കാണാമെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി.പോകുമ്പോൾ ഓള് നമ്മളെ നോക്കിയൊന്നു ചിരിച്ചു തന്നു.അതിനു ഒരു രൂക്ഷമായ നോട്ടമാണ്‌ നമ്മള് അവൾക്ക് സമ്മാനിച്ചത്. നമ്മള് ഇങ്ങനെ കത്തി ജ്വലിച്ചു നിൽക്കുന്ന അവസ്ഥ കണ്ട് ഷാജഹാൻ നെറ്റി ചുളിച്ചോണ്ട് മ്മളെ അടുത്തേക്ക് വന്നു.എന്നിട്ട് അവൻ മ്മളെ നോക്കി ചിരിക്കാൻ തുടങ്ങി.ഓന്റെ ചിരി കണ്ടപ്പോൾ നമ്മക്ക് വീണ്ടും ദേഷ്യം കൂടി. തെണ്ടീ,വൃത്തികെട്ടവൻ,വായിനോക്കി...കണ്ട പെൺപിള്ളേരോട് ഒക്കെ ശ്രിങ്കരിക്കുന്നത് കാണാൻ വേണ്ടിയാണോ നമ്മളോട് കോഴി കൂവുന്നതിന് മുന്നേ ഇങ്ങോട്ടേക്കു കെട്ടി എടുക്കാൻ പറഞ്ഞത്.

ഇതാണോ ഇവൻ പറഞ്ഞ സർപ്രൈസ്.ഇത്രക്കും വേണ്ടിയിരുന്നില്ല. മ്മളെ ചെക്കനെ ഇങ്ങനെ വേറെ ഒരുത്തിന്റെ കൂടെ കൊഞ്ചി കുഴയുന്നത് കണ്ടാൽ മ്മക്ക് സഹിക്കാൻ പറ്റോ.സർപ്രൈസ് തന്നില്ലേലും സാരല്യയായിരുന്നു.ഇമ്മാതിരി ഷോക്ക് തരേണ്ടിയിരുന്നില്ല. നമ്മളെ കണ്ണൊക്കെ നിറഞ്ഞു വരാൻ തുടങ്ങിന്ന് പറഞ്ഞാൽ മതീല്ലോ.അതിന്റെ കൂടെ ഇവന്റെ ഒരു പുച്ചിക്കലും പരിഹസിക്കലും. പോട്ടേ..അവൻ ആരോട് സംസാരിച്ചാലും കിന്നരിച്ചാലും എനിക്കെന്താ.എന്റെ ആരാ അവൻ.ഇനി എന്ത് വന്നാലും ഇവനോട് കമന്നൊരക്ഷരം പോലും മിണ്ടാൻ പാടില്ല. "നല്ല അസൂയ ഉണ്ടല്ലേ.." ഓന്റെ ചോദ്യം കേട്ടിട്ടും മ്മള് ഓനെ രൂക്ഷമായി നോക്കിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.ഓന്റെ മുഖത്തേക്ക് നോക്കുമ്പോൾ തന്നെ മ്മക്ക് ദേഷ്യം വരാണ്.നമ്മളപ്പോ തന്നെ അവിടുന്ന് തിരിഞ്ഞു നടന്നു. "ഒന്ന് നിക്കെന്റെ പെണ്ണേ.." ന്നും പറഞ്ഞ് ഓൻ മ്മളെ കയ്യിൽ പിടിച്ചു വലിച്ചു ഓന്റെ മുന്നിൽ നിർത്തിയതും നമ്മള് എന്റ്റുമ്മാന്ന് അലറി വിളിച്ചതും ഒന്നിച്ചായിരുന്നു.

നമ്മളെ അലർച്ച കേട്ട് ഞെട്ടിപ്പോയി ഓൻ മ്മളെ കയ്യിലുള്ള ഓന്റെ പിടുത്തം അപ്പൊത്തന്നെ വിട്ടു. അപ്പോഴാണ് മ്മളും ആ കാര്യം ശ്രദ്ദിച്ചത്.നേരത്തത്തെ ആഞ്ഞടിക്കലിൽ മ്മളെ കൈ പൊട്ടിയിട്ടുണ്ട്.പോരാത്തതിന് മുറിവിൽ നിന്നും ചെറുതായി ചോരയും വരുന്നുണ്ട്.നമ്മള് നമ്മളെ കൈ സസൂക്ഷ്മം നിരീക്ഷിക്കുന്നത് കണ്ടു ഓൻ എന്താന്നും ചോദിച്ചു വീണ്ടും നമ്മളെ കൈ പിടിച്ചു വലിച്ചു.മ്മള് കൈ വിടുവിക്കാൻ ശ്രമിച്ചെങ്കിലും ഓൻ അത് കൂട്ടാക്കിയില്ല. "എന്താടി ഇത്... എന്നോടുള്ള ദേഷ്യം തീർത്തതാണോ..?" ഓൻ മ്മളെ നേർക്ക്‌ കലിപ്പായി. "എന്തായാലും തനിക്ക് എന്താ..? എന്റെ കയ്യിന്ന് വിട്ടേ.." "അടങ്ങി നിക്കെടി.. ചോര വരുന്നത് കണ്ടില്ലേ..?" "ഹാ..കണ്ടു.അതിനു ഇയാൾക്ക് എന്താന്നാ ഞാൻ ചോദിച്ചത്.?" "പിന്നെ എനിക്ക് അല്ലാതെ വേറെ ആർക്കാ...?" ന്നും ചോദിച്ചോണ്ട് ഓൻ മ്മളെ കയ്യിലുള്ള പിടുത്തം ഒന്നൂടെ മുറുക്കി ഓനിലേക്ക് വലിച്ചടുപ്പിച്ചു. "സഹിക്കില്ല നൂറാ.. ഇത്തിരി പോലും നീ വേദനിക്കുന്നത് കാണാൻ എനിക്ക് ആവില്ല..." മ്മളെ കണ്ണിൽ തന്നെ നോക്കിക്കൊണ്ട് ഓൻ അത് പറഞ്ഞപ്പോൾ നമ്മളെ നെഞ്ച് ഒന്ന് നീറിപ്പോയി.ഓന്റെ തീവ്രമായ നോട്ടത്തിൽ മ്മളും കണ്ണ് എടുക്കാതെ ഓനെ തന്നെ നോക്കി നിന്നു.

"എന്നിട്ടാണോ ഇപ്പൊ എന്നെ വേദനിപ്പിച്ചത്.?" ഓന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നപ്പോൾ നമ്മള് പോലും അറിയാതെ നമ്മളെ വായേന്നു വീണു പോയതാണത്. അള്ളോഹ്..അബദ്ദായിപ്പോയല്ലോ.. യൂ ബുദ്ദൂസ് നൂറാ.. അത് കേട്ട ഓൻറ്റെ മുഖത്തൊരു കള്ളച്ചിരി വന്നപ്പോൾ നമ്മളപ്പോ തന്നെ ഓനിൽ നിന്നും വിട്ടു നിന്നു. "എന്താ നീ പറഞ്ഞത്..?" ഓൻ വീണ്ടും മ്മളെ അടുത്തേക്ക് നീങ്ങികൊണ്ട് ചോദിച്ചു. "അത്...അത് ഞാൻ....വെറുതെ.." നമ്മള് വാക്കുകളൊന്നും കിട്ടാതെ നിന്നു തപ്പാൻ തുടങ്ങി. "അത്...നീ....പറ എന്താന്ന്.. ഞാൻ ശെരിക്ക് കേട്ടില്ല.." "കുന്തം" കണ്ണുരുട്ടിക്കൊണ്ട് ഉള്ള മ്മളെ മറുപടി കേട്ട് ഓൻ ചിരിയും അടക്കി പിടിച്ചു നിന്ന് നമ്മളെ തന്നെ നോക്കാൻ തുടങ്ങി.അപ്പോഴും ഓൻ മ്മളെ കയ്യിലുള്ള പിടുത്തം വിട്ടില്ല. "ദേ..എനിക്ക് നോവുന്നുണ്ട്..കയ്യിന്ന് വിട്ടേ.." എവടെ..നമ്മളെ വാക്കിന് പുല്ലു വില പോലും കൊടുക്കാതെ ഓൻ മ്മളെ കയ്യിലുള്ള പിടുത്തം മുറുക്കാണ്.എന്നിട്ട് മ്മളെ കയ്യിൽ വലിച്ചോണ്ട് നടക്കാൻ തുടങ്ങി. "ഹേയ്...വിടാനാ പറഞ്ഞത്.ഇതെവിടെക്കാ പോകുന്നേ.ആരേലും കാണും.വിടെടാ.."

"ഒന്ന് അടങ്ങി നിക്ക് എന്റെ പെണ്ണേ..ഞാൻ നിന്നെ ഒന്നും ചെയ്യാൻ പോകുന്നില്ല. പിന്നെ ആരേലും കണ്ടാൽ എന്താ.. എന്റെ കെട്ട്യോൾ ആണെന്ന് പറയും." "ടാ തെണ്ടീ..വെറുതെ അനാവശ്യം പറയരുത്." നമ്മള് എന്തൊക്കെ പറഞ്ഞിട്ടും ഓൻ മ്മളെ കയ്യിലുള്ള പിടുത്തം വിടുന്ന ലക്ഷണമില്ല.നമ്മളെ കാട്ടി കൂട്ടലുകൾ കൂടുന്നതനുസരിച്ചു ഓന്റെ പിടുത്തത്തിന്റെ കാഠിന്യവും കൂടുന്നുണ്ട്.എന്തിനാ വെറുതെ മ്മളെ കുഴി മ്മള് തന്നെ തോണ്ടുന്നെന്നു കരുതി മ്മള് അടങ്ങി ഒതുങ്ങി നല്ല കുട്ടിയായി തന്നെ ഓന്റെ കൂടെ ചെന്നു.ഓൻ നമ്മളെയും കൂട്ടി ചെന്നത് റസ്റ്റ്‌ റൂമിലേക്ക്‌ ആണ്. ഓൻ നമ്മളെ അവിടെ ഒരു ചെയറിൽ പിടിച്ചിരുത്തി ഒരു ഷെൽഫും തുറന്ന് ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തോണ്ട് വന്നു. ഇവൻ ഇതെന്തിനുള്ള പുറപ്പാടാ റബ്ബേ.ഞമ്മളെന്താ ഇവിടെ വല്ല കത്തി കുത്തും ഏറ്റു വന്നതാണോ.. ഓൻ അതിൽ നിന്നും മരുന്ന് എടുത്തു ഓന്റെ കൈ നമ്മക്ക് നേരെ നീട്ടി എങ്കിലും നമ്മള് കൈ കാണിക്കാൻ തയാറായില്ല.ഒടുക്കം അവൻ നമ്മളെ കൈ പിടിച്ച് വലിച്ചു മരുന്ന് വെച്ച് തന്നു.

മരുന്ന് വെക്കുമ്പോഴുള്ള നീറ്റലിൽ നമ്മള് ഉമ്മനെയും ഉപ്പനെയുമൊക്കെ അലറി വിളിക്കാൻ തുടങ്ങിയിരുന്നു.നമ്മളെ ഈ കളിയൊക്കെ കണ്ടു ഓൻ മ്മളെ കയ്യിലെക്ക് പതിയെ ഊതി തരാൻ തുടങ്ങി. "ഇപ്പോഴും വേദനിക്കുന്നുണ്ടോ..?" നമ്മളെ കയ്യിലെക്ക് ഊതി കൊണ്ട് തന്നെ ഓൻ ചോദിച്ചു.സത്യം പറഞ്ഞാൽ ഓന്റെ ഈ കെയറിങ്ങിൽ നമ്മക്ക് ശരീരത്തിനു വല്ലാത്ത സുഗാണ്‌.പക്ഷെ ഓന്റെ ഈ സ്നേഹം കാണുമ്പോൾ മ്മളെ മനസ്സാണ് വേദനിക്കുന്നത്. "ഹാ..ഉണ്ട്.നല്ല വേദനയുണ്ട്.കൈ മുറിഞ്ഞതിലല്ല,,തന്റെ ഒടുക്കത്തെ പിടുത്തം കാരണമാ.. എന്തൊരു പിടുത്താടോ.. ഇനി കയ്യിന്റെ എല്ലിനു എന്തേലും ചതവുണ്ടോന്നു കണ്ടറിയണം." ന്നും പറഞ്ഞ് ഓൻ പിടിച്ചിരുന്ന മ്മളെ കൈ നമ്മള് അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് കുലുക്കാൻ തുടങ്ങി. "ഓഹോ..അപ്പൊ ഞാൻ കാരണമാണ്‌ നിനക്ക് വേദനിച്ചത്.എന്നാൽ ആ വേദന ഞാൻ തന്നെ മാറ്റി തരട്ടെ" ന്നും ചോദിച്ചോണ്ട് ഓൻ നമ്മളെ അടുത്തേക്ക് നീങ്ങി ഇരുന്ന് നമ്മളെ കൈ ഓന്റെ മുഖത്തോട് അടുപ്പിക്കാൻ തുടങ്ങി.ഓന്റെ ദുരുദ്ദേശം മനസ്സിലായ മ്മള് കൈ വിടുവിക്കാൻ കുറേ ശ്രമിച്ചുവെങ്കിലും ഓൻ വിടുന്ന യാതൊരു ലക്ഷണവുമില്ല.

നമ്മള് ഓന്റെ മുഖത്തേക്ക് ദയനീയമായൊന്നു നോക്കി തല ആട്ടി കൊണ്ട് വേണ്ടാന്നുള്ള തരത്തിൽ ആങ്ങിയം കാണിച്ചു.മ്മക്ക് ഈ പുറമെയുള്ള കുരുത്തക്കേടും കളിയുമൊക്കെയെ ഉള്ളു.അകത്തു മ്മള് വെറും പാവാട്ടോ.ഇങ്ങനെയുള്ള സാഹചര്യത്തിൽ പേടിച്ചു വിറച്ചു മ്മളെ കണ്ണ് വരെ നിറയും. നമ്മളെ ഈ വെപ്രാളമൊക്കെ കണ്ടു ഷാജഹാൻ മ്മളെ കയ്യിലുള്ള പിടിവിട്ട ശേഷം മ്മളെ മുഖത്തേക്ക് നോക്കി മൂക്കത്ത് വിരലും വെച്ചു ചിരിക്കാണ്.നമ്മള് അപ്പൊത്തന്നെ അവിടുന്ന് എണീറ്റ്‌ പോകാൻ ഒരുങ്ങിയതും ഓൻ മ്മക്ക് മുന്നിലേക്ക് കാല് കയറ്റി തടസ്സം വെച്ചു. "എന്റെ സർപ്രൈസ് എന്താണെന്ന് അറിയാൻ വേണ്ടിയല്ലേ നീ നേരം പുലരുന്നതിന് മുന്നേ ഇങ്ങോട്ടേക്കു വന്നത്.എന്നിട്ട് അതെന്താണെന്ന് ചോദിക്കാതെ പോവാണോ നൂറാ..." ഓൻ അത് പറയുമ്പോഴാണ് നമ്മക്കും അത് ഓടിയത്.ഇവിടെ ഇവന്റെ റൊമാൻസ് കളിയിൽ നമ്മളാ കാര്യം പാടെ മറന്നു പോയിരുന്നു. പക്ഷെ ഇന്നലെ ഇവനോട് നടത്തിയ വെല്ലുവിളി.....😤

"ഇപ്പോ എങ്ങനെ ഉണ്ട് നൂറാ..ഞാൻ പറഞ്ഞതല്ലേ നീ വരുമെന്ന്.. ഞാൻ പറഞ്ഞാൽ നിനക്ക് വരാതെ ഇരിക്കാൻ പറ്റില്ലെന്ന്." "ആര് പറഞ്ഞു ഞാൻ ഇയാൾടെ സർപ്രൈസ് കാണാനാണ് വന്നതെന്ന്. ഇന്നെനിക്കു നേരത്തെ ഒരുങ്ങി കഴിഞ്ഞു. അതാ നേരത്തെ വന്നത്. പിന്നെ വല്ലപ്പോഴുമൊക്കെ സമയത്തിനും കാലത്തിനും വരണമെന്ന് തോന്നി.ദാറ്റ്‌സ് ആൾ.." "അപ്പൊ നിനക്കെന്റെ സർപ്രൈസ് കാണണ്ടേ.എന്താണെന്ന് അറിയണ്ടേ." "വേണോന്നില്ല.തന്റെ കോപ്പിലെ സർപ്രൈസ് എന്താണെന്ന് എനിക്ക് മനസ്സിലായി. നേരത്തെ അവിടെ വെച്ചു ഞാൻ കണ്ണ് നിറയെ കണ്ടതാ.അപ്പൊത്തന്നെ വയറും നിറഞ്ഞു.സന്തോഷായി... " "നിനക്ക് സന്തോഷായെന്നു മനസ്സിലായി.അതാണല്ലോ ഇപ്പൊ ഈ കയ്യിൽ കിടക്കുന്നത്. എന്തൊരു അസൂയയാടി പെണ്ണേ നിനക്ക്.ഞാൻ അവളോട് ഒന്ന് സംസാരിക്കുന്നത് കണ്ടതിനല്ലേ നീ അങ്ങനെ പൊട്ടി തെറിച്ചത്. " "കോപ്പാണ്.ഇയാള് ആരോട് സംസാരിച്ചാലും എനിക്ക് എന്താ.എന്ത് കണ്ടിട്ടാ ഞാൻ അസൂയ പെടേണ്ടത്. തന്റെ തൊലി വെളുപ്പും മൾട്ടി ഗെറ്റ് അപ്പ്‌മൊക്കെ കണ്ടു മയങ്ങുന്ന പെണ്ണുങ്ങൾ കൊറേ ഉണ്ടാവും. അക്കൂട്ടത്തിൽ ഈ നൂറയെ കൂട്ടണ്ട.

അതോണ്ട് തന്നെ താൻ ആരോടു ശ്രിങ്കരിച്ചാലും എനിക്കൊരു കുന്തവുമില്ല. " "അത് ശെരിയാ.ഗ്ലാമറും ഗെറ്റ്അപ്പ്‌മൊന്നും കണ്ട് മയങ്ങുന്നവളല്ല നീ.നിന്നെ വീഴ്ത്തണമെങ്കിൽ അതിനേക്കാളുമൊക്കെ പ്രധാനമായി വേണ്ടത് മറ്റൊന്നാണ്. ഖൽബിന്റെ മൊഞ്ച്.. അതീ ഷാജഹാനു വേണ്ടുവോളമുണ്ട്.ആ മൊഞ്ചിന്റെ മുന്നിൽ നീയൊരു തവണ വീണു പോയതാണ് മോളെ.. ആ കാര്യം എന്റെ പെണ്ണിന് ഓർമ ഉണ്ടാകുമല്ലോ.. " ഷാജഹാൻ അത് പറഞ്ഞപ്പോൾ നമ്മക്ക് എന്തോ പെട്ടെന്ന് ഉത്തരം മുട്ടിപ്പോയി.അതിനു മറുപടി ആയി നമ്മള് എത്ര തന്നെ ഇല്ലാ ഇല്ലാന്നു അലറി വിളിച്ചാലും ഷാജഹാൻ പറഞ്ഞത് സത്യം അല്ലാതാവില്ലല്ലോ.ആ പഴയ നാളുകളൊക്കെ ഓർക്കുമ്പോൾ നമ്മക്ക് ദുഃഖം തികട്ടി വരാണ്.ജെസി ഇന്ന് ഉണ്ടായിരുന്നെങ്കിൽ നമ്മള് ഇന്ന് ഷാജഹാനെ ഇങ്ങനെ പൊട്ടൻ കളിപ്പിക്കേണ്ടായിരുന്നു.നമ്മളെ മനസ്സിലുള്ള മുഴുവൻ സ്നേഹവും അവന് വാരിക്കോരി നൽകായിരുന്നു. നമ്മളെ വിരലിലെ കെട്ടു കണ്ട് റിയൽസ് മ്മളോട് കാര്യം ചോദിച്ചപ്പോൾ ഇന്നലെ ഷാജഹാനോട്‌ നടത്തിയ വെല്ലുവിളി മുതൽ ഇന്ന് നമ്മള് രാവിലെ നേരത്തെ വന്നത് വരെയുള്ള സകലതും വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു.

"എന്നിട്ട് സർപ്രൈസ് എന്താണെന്ന് അറിഞ്ഞോ നൂറാ.. " അഖിയാണ്. "ഇല്ലടാ... " "അപ്പൊ ഷാനുക്ക നിനക്ക് കാണിച്ചു തന്നില്ലെ.. " അജുവാണ്. "ഇല്ലെന്നല്ലേ പറഞ്ഞത്.. " "അപ്പൊ നീ ചോദിക്കേണ്ടെ നൂറാ.. " അസിയാണ്. "അതെങ്ങനാ അവൾടെ ഈഗോ മാറ്റി വെച്ചു അവള് അവനോട് അത് ചോദിക്കോ... അവന്റെ മുന്നിൽ തോറ്റു പോയാലോ.അല്ലേടി ജന്തു...? എന്താടി നിന്റെ സൂക്കേട്..അവൻ ഇത്രക്കും നിന്നെ സ്നേഹിക്കുന്നുണ്ടായിട്ടും ഇനി എന്താ നിന്റെ പ്രശ്നം. ഇതിൽ കൂടുതലായി എന്താ നിനക്ക് വേണ്ടത്.?" സിനുവാണ്. "ടാ..അതല്ലടാ..അവള്..ആ റിഷാന.. അവൾക്ക് എന്താ ആ തെണ്ടീനോട്‌ അത്രക്കും സംസാരിക്കാൻ ഉള്ളത്. " "അവര് സംസാരിച്ചോട്ടെ. അതിനു നിനക്ക് എന്താ നൂറാ.. ഷാജഹാനോട്‌ നിനക്ക് സ്നേഹമൊന്നുല്ലല്ലോ.പിന്നെ റിഷാന അവനോട് സംസാരിക്കുന്നതിൽ നിനക്ക് എന്താ കുഴപ്പമുള്ളത്. ഒരുപക്ഷെ റിഷാനക്ക് ഷാജഹാനോട്‌ വല്ല താല്പര്യവും ഉണ്ടായിരിക്കും.ഉണ്ടായിരിക്കുംന്നല്ല.,,ഉണ്ടെന്നു തന്നെയാ എനിക്ക് തോന്നുന്നത്.ഫസ്റ്റ് ഡേ തന്നെ അവള് ചോദിച്ചത് നീയും കേട്ടതല്ലേ.. സാർ മാരീഡ് ആണോന്ന്.. ഹാ..ഇരിക്കട്ടെ.ഷാജഹാനു വിധിച്ചത് അവളെയായിരിക്കും.റിഷാനന്റെ ഭാഗ്യം.അല്ലാതെന്തു പറയാൻ.." അനുവാണ്.

അനുന്റെ വർത്താനം കേട്ട് മ്മക്ക് ആകെ കണ്ട്രോൾ വിടുന്ന മാതിരിയായി.പക്ഷെ അത് പുറത്ത് കാണിക്കാൻ പറ്റോ.എനിക്ക് ഷാജഹാനോട്‌ ഒരു പുല്ലും ഇല്ലെങ്കിൽ പിന്നെ എനിക്കെന്താന്നല്ലേ ഇവരൊക്കെ ചോദിക്കുന്നത്. ഷാജഹാൻ മറ്റൊരു പെണ്ണിന്റെ സ്വന്തമാകുന്നത് കാണാൻ എനിക്ക് കഴിയില്ല. പടച്ചോനെ,, അങ്ങനെ വല്ലതും സംഭവിക്കാനാണ് നിന്റെ വിധിയെങ്കിൽ അപ്പോഴേക്കും നീ നമ്മളെ അങ്ങോട്ടേക്ക് വിളിച്ചേക്കണേ.അങ്ങനെയൊരു കാഴ്ച കാണാൻ മ്മളെ നീ ഇവിടെ ബാക്കി ആക്കല്ലേട്ടോ.. ഇനി ആ റിഷാന.. അവൾടെ മനസ്സിൽ അങ്ങനെ വല്ല ദുരാഗ്രവും ഉണ്ടെങ്കിൽ ഉറപ്പായും ഞാൻ അവളെ കൊല്ലും. "അനൂ..നീ ഇങ്ങനെ ഒന്നും പറയല്ലേ..നൂറ പറഞ്ഞതിലും കാര്യമുണ്ട്.റിഷാനക്ക് എന്താ ഷാജഹാനോട്‌ മാത്രമായി സംസാരിക്കാൻ ഉണ്ടായത്.സംതിങ് സീക്രെട്ന്റെ മണമാണല്ലോ. വേറെ വല്ലതും ആയിരുന്നെങ്കിൽ അവൾക്ക് ഇവിടുന്നു ക്ലാസ്സിൽ വെച്ചു തന്നെ ചോദിക്കായിരുന്നല്ലോ.?അപ്പൊ എന്തോ വശപെശക് ഉണ്ടെന്നല്ലേ..?"അസ്‌നയാണ്.

"സീക്രെട്..മണ്ണാങ്കട്ട.അല്ലാതെ നൂറ കണ്ട്രോൾ വിട്ടു നിൽക്കാണ്.ഇനി നീയും കൂടി അവളെ പിരി കേറ്റി വിട്.എന്നിട്ട് വേണം ഇവള് ആ റിഷാനന്റെ കൊലവെരി നടത്താൻ." അഖിയാണ്. "എന്നാലും ബല്ലാത്ത ജാതി തന്നെ ഓള്.അവക്ക് വേണ്ടിയല്ലേ അന്ന് നൂറ ആ റാഷിദ്‌നോട്‌ ഇഷ്യൂ ഉണ്ടാക്കിയത്.അവളെ ആ ദുഷ്ടൻറ്റെ കയ്യിന്ന് രക്ഷിച്ചതു ഇവളല്ലേ.എന്നിട്ടും അവള് ഇപ്പൊ എന്ത് പണിയാ ചെയ്തു കൂട്ടുന്നത്. നന്ദി ഇല്ലാത്ത ജന്തു.അവക്ക് അടിച്ചു മാറ്റാൻ മ്മളെ നൂറാന്റെ ചെക്കനെ മാത്രെ കിട്ടിയുള്ളൂ." അജുവാണ്. ഇവരൊക്കെ പറയുന്നത് കേട്ട് മ്മക്ക് തല പെരുക്കാൻ തുടങ്ങി.സത്യല്ലേ.അവക്ക് വേണ്ടി മ്മള് എന്തോരം കഷ്ടപ്പെട്ടതാ.എന്നിട്ട് ആ അവള് തന്നെ ഇപ്പൊ മ്മളെ കഞ്ഞിയിൽ പാറ്റ ഇടാണല്ലോ അല്ലാഹ്. ഹൂ..മ്മളെ തെറ്റ്.മ്മളെ തന്നെ പറഞ്ഞാൽ മതീല്ലോ.അന്ന് റാഷിദ്‌ന്റെ ഇഷ്യൂ വരുമ്പോൾ അവനെ ഇവളുടെ തലയിൽ തന്നെ കെട്ടി വെച്ചാൽ മതിയായിരുന്നു.എന്നാൽ പിന്നെ ഈ കോപ്പ് ഇമ്മാതിരി തരം താണ പണി കാണിക്കില്ലായിരുന്നു.ഒക്കെയും ചിന്തിച്ചു കൂട്ടി മ്മളെ ശരീരം ദേഷ്യം കൊണ്ട് വിറക്കാൻ തുടങ്ങി.നമ്മള് അപ്പൊത്തന്നെ റിഷാനനെയും തപ്പി ഇറങ്ങി. തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞത് പോലെ ദേ ആ ചെയ്ത്താൻ ഇളിച്ചോണ്ട് മ്മളെ മുന്നിലേക്ക് വരുന്നു.

അത് കാണുമ്പോൾ തന്നെ അവൾടെ ചെപ്പ നോക്കിയൊന്നു പൊട്ടിക്കാനാ മ്മക്ക് തോന്നിയത്. "നൂറാ..ഷാജഹാൻ സാർനെ നിനക്ക് നേരത്തെ പരിചയമുണ്ടോ.?" "അത് അറിഞ്ഞിട്ട് എന്തിനാ.നിന്റെ അമ്മായിടെ മോളെ കൊണ്ട് കെട്ടിക്കാൻ ആണോ..?" "നീ എന്തിനാ എന്നോട് ദേഷ്യപ്പെടുന്നത്.ഞാൻ വെറുതെ ചോദിച്ചുന്നേയുള്ളൂ." "ആണോ..എന്നാലേ ഞാൻ കാര്യത്തിന് തന്നെയാ ചോദിച്ചത്.എന്താ നിന്റെ ഉദ്ദേശം.എന്തായിരുന്നു രാവിലേ രണ്ടും കൂടി അവടെ..?" "ഓ..അതോ..അത് ഞങ്ങള് വെറുതെ ഓരോന്ന് സംസാരിച്ചോണ്ട് ഇരുന്നതാ.ഹൂ നൂറാ..സാർനോട്‌ സംസാരിക്കുമ്പോൾ സമയം പോകുന്നതേ അറിയുന്നില്ല.ആ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുമ്പോൾ എന്താ ഒരു സുഖം. എന്തായാലും ആള് ചുള്ളനാണ്.നമ്മളൊരു കൈ നോക്കിയാലോന്ന് ആലോചിക്കുവാ. റിഷാന ഷാജഹാൻ.. നല്ല മാച്ച് ആണല്ലേ.എന്താ നിന്റെ അഭിപ്രായം.മ്മള് ഏതായാലും സാർനോട്‌ ഇഷ്ടം പറയാൻ പോവാ." "ടീ..നന്ദികെട്ട ജന്തു.. എന്റെ അഭിപ്രായം അറിയണമല്ലേ നിനക്ക്..പറഞ്ഞു തരാടി..

നല്ലോണം പറഞ്ഞു തരാം. നിന്റെ ഇഷ്ടം. കോപ്പ്..കൊണ്ട് പോയി ഉപ്പിലിട്ട് വെച്ചോണം.ഇനി മേലാൽ നീ ഷാജഹാനോട്‌ സംസാരിച്ചുന്ന് ഞാൻ അറിഞ്ഞാൽ പിന്നെ നീ ഏറ്റവും വെറുക്കുന്ന ആ റാഷിദ്‌ ഇല്ലേ അവനെ ഞാൻ നിന്റെ തലയിലെക്ക് കെട്ടി വെക്കും. എന്താ നീ പറഞ്ഞത് ആള് ചുള്ളൻ ആണെന്നൊ.. സംസാരിക്കുമ്പോൾ പ്രത്യേക സുഗാണെന്നോ..? ആ സുഖമൊന്നും നീ അനുഭവിക്കണ്ട.അതിനാടി ഇവിടെ ഞാൻ ഉള്ളത്.ഷാജഹാൻ എന്റേതാണ്.എന്റേത് മാത്രം. വെറുതെ നീ അവനെ മോഹിക്കാൻ നിക്കണ്ടാ.ഒരു റിഷാന ഷാജഹാൻ... നിന്റെ ആ സ്വപ്നം ഒരിക്കലും പൂവണിയാൻ പോകുന്നില്ല.ഷാജഹാനു എപ്പോഴും മാച്ച് നൂറ തന്നാണ്.ഇനി നൂറാന്നുള്ള പേര് മാച്ച് ഇല്ലെങ്കിൽ ഷെറിൻ എന്നെടുക്കാം.അപ്പൊഴാണ് കൂടുതൽ മാച്ച്.ഷെറിൻ ഷാജഹാൻ.. ഷ..ഷാ.. ഐവ..അത് തന്നാണ് കൂടുതൽ ചേർച്ച...😉 മനസ്സിലായോടി കുരുപ്പേ.. ഇനി ഞാൻ പറഞ്ഞതെങ്ങാനും ഷാജഹാനോട്‌ പോയി പറഞ്ഞാൽ ഉണ്ടല്ലോ നിന്റെ ഈ സുന്ദരമായ മുഖത്തിന്റെ ഷേപ്പ് ഞാൻ കിണ്ണം ചളുങ്ങിയത് പോലെ ആക്കി തരും.അറിയാല്ലോ എന്നെ..ഞാൻ പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്നവളാണെന്ന്. നീ നല്ലത് ആണെങ്കിൽ ഞാനും നല്ലതാണ് റിഷാന.എനിക്ക് നിന്നോട് യാതൊരു വിധ ദേഷ്യവും ഉണ്ടായിരുന്നില്ല.

അതോണ്ട് തന്നാണ് അന്ന് നീ ആവശ്യപെടാതിരുന്നിട്ടും ഞാൻ നിന്റെ കാര്യത്തിൽ ഇടപെട്ടത്. മനുഷ്യൻമാരായാലെ കുറച്ച് ഒക്കെ നന്ദി വേണോടി നന്ദി..കൾച്ചർ ലെസ്സ് ഫെല്ലോ.ഹ്മ്മ്." നല്ല വെടി കെട്ടു പോലത്തെ മ്മളെ ഭീഷണി കേട്ട് റിഷാന അന്തം വിട്ടു മ്മളെ തന്നെ നോക്കി നിക്കാണ്. അവൾടെ തൊള്ള തുറന്നിട്ടുള്ള നിൽപ്പ് കണ്ടിട്ട് മ്മള് ഓളെ പിടിച്ചു കുലുക്കി എങ്കിലും പെണ്ണ് ഒന്നും പ്രതികരിച്ചില്ല. അള്ളോഹ്.. ഇനി കാറ്റ് പോയോ.. ഹാ.. പോണേൽ പോട്ടേ.😏ഒരു ശല്യം ഒഴിഞ്ഞു കിട്ടിയെല്ലോന്നുള്ള നിർവൃതിയിൽ മ്മള് അവിടുന്ന് തിരിഞ്ഞു നടന്നതും ചെന്നു പെട്ടത് കഥാ നായകന്റെ മുന്നിലേക്ക് ആണ്. ദേ.. പണി ഇന്നും പാളി. മ്മളെ ഈ പെർഫോമൻസും തെണ്ടി കണ്ടിരിക്കുന്നു. നമ്മള് റിഷാനനോട്‌ നടത്തിയ മാസ്സ് ഡയലോഗ് ഒക്കെ കേട്ട് ഡാഷ് പോയ അണ്ണനെ പോലെയാണ് ഷാജഹാൻറ്റെ നിൽപ്പ്. റബ്ബേ..മ്മള് എന്തൊക്കെ കാണണം.ഇങ്ങനെ പോയാൽ മിക്കവാറും ഈ തെണ്ടി കാരണം മ്മള് ഒരു കൊലയാളി ആവും.ഹല്ല പിന്നേ. പുറത്തുന്നു എന്തൊക്കെ കളി കളിച്ചാലും ഷാജഹാൻ ക്ലാസ്സിന്റെ അകത്തേക്ക് കയറി കഴിഞ്ഞാൽ ആള് ഡീസന്റ് ആണ്. മ്മള് ഇങ്ങനെയൊരു പെണ്ണ് ക്ലാസ്സിൽ ഉണ്ടെന്ന ഭാവം പോലും കാണിക്കില്ല.കാണിക്കും,,

ഒൺലി ഫോർ ദേഷ്യപ്പെടാൻ. അത്രക്കും എയർ പിടിച്ചാണ് ആ തെണ്ടീന്റെ നിൽപ്പ്. അവൻ ക്ലാസ്സിൽ കയറിയപ്പം മുതൽ റിഷാന മ്മളെയും ഓനെയും മാറി മാറി നോക്കാൻ തുടങ്ങിയതാണ്. മ്മള് കണ്ണുരുട്ടി കൊണ്ട് എന്തേടിന്ന് ചോദിച്ചപ്പോൾ അവൾ ഒന്നുമില്ലെ എന്ന ഭാവത്തിൽ താഴേക്കും നോക്കിയിരുന്നു. അവള് ഇനി ക്ലാസ്സ്‌ എടുക്കുമ്പോൾ പോലും ഷാജഹാൻറ്റെ മുഖത്തേക്ക് നോക്കില്ല.ഹി..ഹി.. നമ്മളോടാ അവൾടെ കളി. ഇരുപത്തി നാല് മണിക്കൂറും കണ്ണും മിഴിച്ചു അവൻറെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു മ്മളെ തലന്റെ പിരി എപ്പോ പോവുന്നുള്ള അവസ്ഥയായിപ്പോയി.നമ്മക്ക് ആണെങ്കിൽ പണ്ടേ ക്ലാസ്സ്‌ ശ്രദ്ദിച്ചുള്ള ശീലമൊന്നുമില്ലേ.അതാണ് മ്മളെ ചന്തി ഇവിടെ ശെരിക്ക് ഉറക്കാത്തത്. അസിനോടും അനുനോടും രണ്ട് ഡയലോഗ് കാച്ചി ഇരിക്കാന്ന് പറഞ്ഞാലോ ആ തെണ്ടീനെ പേടിച്ച് ഒറ്റ ഒന്നും വാ തുറന്ന് കമന്നൊരക്ഷരം പോലും മിണ്ടുന്നില്ല.അതെങ്ങനാ അമ്മാതിരി എയർ പിടിക്കല്ലേ ഷാജഹാൻ മാസ്റ്റർ. എങ്കിലും മ്മള് തുടങ്ങി മ്മളെ സൈഡ് ബിസ്സിനെസ്സ്.ഓൻ കണ്ടാലും കുഴപ്പുല്യന്ന് പറഞ്ഞ് മ്മള് അസിനെ തോണ്ടി വർത്താനം പറയാൻ തുടങ്ങി.

മ്മള് എന്തൊക്കെ ചോദിച്ചിട്ടും പെണ്ണ് ആ തെണ്ടീന്റെ ക്ലാസ്സ്‌ ശ്രദ്ദിക്കുന്നതല്ലാതെ മ്മളോട് ഒന്നും മിണ്ടുന്നില്ല.എത്രയൊക്കെ ഒരസിയിട്ടും അസി മ്മളെ വക വെക്കാതെ ആവുമ്പോൾ മ്മള് ഓൾടെ തുടയിക്ക് ഇട്ടൊരു നുള്ള് വെച്ചു കൊടുത്തു.നമ്മളെ നുള്ളിന്റെ ശക്തി എത്രത്തോളം ഉണ്ടെന്നു മ്മള് അറിഞ്ഞത് ക്ലാസ്സ്‌ ഞെട്ടിക്കുന്ന തരത്തിൽ ഉള്ള അവൾടെ അലർച്ച കേട്ടപ്പോഴാണ്.റബ്ബി..ന്തൊരു വോൾട്ടേജ് ആണ് സൗണ്ടിന്. തീർന്നു.എല്ലാം തീർന്നു.ഇല്ലേൽ ആ തെണ്ടീ ഇപ്പൊ തീർത്തു തരും. "എന്താ അവിടെ..? " മ്മളെ ബെഞ്ചിന്റെ അടുത്തേക്ക് രൂക്ഷമായൊരു നോട്ടം എറിഞ്ഞു കൊണ്ടാണ് ഷാജഹാൻറ്റെ ശബ്‌ദം ഉയർന്നത്. "ചോദിച്ചത് കേട്ടില്ലേ.അസ്‌ന.. തന്നോടാ ചോദിക്കുന്നത്..? ഇത് കോളേജാണ്. അല്ലാതെ മെന്റൽ ഹോസ്പിറ്റൽ അല്ല ഇങ്ങനെ അലറി വിളിക്കാൻ. " "അത് സാർ.. ഇവള്.. നൂറ എന്നെ നുള്ളി.. " എഴുന്നേറ്റു നിന്ന് ചിണുങ്ങി കൊണ്ടുള്ള അസിന്റെ മറുപടി കേട്ട് മ്മള് അന്തം വിട്ട് പോയി.ഇവള് ഇങ്ങനെയും സത്യം പറയാറുണ്ടോ. അപ്പോഴേക്കും ഷാജഹാൻ നമ്മളെ നോക്കി കണ്ണുരുട്ടാൻ തുടങ്ങിയിരുന്നു. "നൂറയോ..അതാരാ.?ഈ ക്ലാസ്സിൽ എന്റെ അറിവിൽ അങ്ങനെയൊരു സ്റ്റുഡന്റ് ഇല്ലല്ലോ" അസിനോടുള്ള അവൻറെ ചോദ്യത്തിലും നോട്ടം മ്മക്ക് നേരെയാണ്.ഓ..ഒന്നും അറിയാൻ വയ്യാത്ത പിള്ള.

അവന്റെ മുഖഭാവവും ആക്ടിങ്ങുമൊക്കെ കാണുമ്പോൾ അവൻറെ കൊങ്ങയ്ക്കു പിടിച്ചു വെളിയിൽ തള്ളാനാണ് മ്മക്ക് തോന്നിയത്. "ആരാ നൂറാ..?ഈ ക്ലാസ്സിൽ ഇതുപോലെയുള്ള അലമ്പ് പരിപാടികൾ കാണിക്കുന്ന ആ ഐറ്റം ഏതായെന്ന്..?ഞാനും കൂടിയൊന്നു പരിചയപ്പെടട്ടെ.. സ്റ്റാൻഡ് അപ്പ്‌ നൂറാ.. " നമ്മളെ തന്നെ നോക്കികൊണ്ടുള്ള ഓന്റെ ഓർഡർ കേട്ട് മ്മക്ക് നല്ല ദേഷ്യം വന്നു.എന്ത് വന്നാലും എഴുന്നേൽക്കില്ലാന്ന് വിചാരിച്ചിരുന്ന മ്മളെ അസിയും അനുവും കൂടി രണ്ട് സൈഡിന്നും ഉന്തിയും തോണ്ടിയുമൊക്കെ എഴുന്നേൽപ്പിച്ചു "ഹേയ് ഷെറിൻ... താൻ ഇരിക്കൂ.ഞാൻ ചോദിച്ചത് നൂറയെയാണ്. " ഈ തെണ്ടീ.കോപ്പ്. ഇവന്റെ അന്ത്യം ഇപ്പോം ഇവിടെ വെച്ചു നമ്മളുടെ കൈ കൊണ്ടാവും. "സാർ..ഇവൾ തന്നെയാണ് സാർ ഇപ്പോം ചോദിച്ച ആ ഐറ്റം. സാർനു ഇതുവരെയായും നൂറയെ അറിയില്ലെ.." നമ്മളെയും ഷാജഹാനെയും നോക്കി ഒരു ആക്കിയ ചിരിയോട് കൂടി അസി ചോദിച്ചു. "ഹോ..അപ്പൊ ഷെറിൻ ആരാ..?ഇവളോട് പേര് ചോദിക്കുമ്പോൾ ഷെറിൻ എന്നാണല്ലോ പറഞ്ഞത്.അപ്പൊ ശെരിക്കും തനിക്ക് എത്ര പേരാടോ..

ഓരോരു നേരത്ത് ഓരോ പേരിലാണല്ലോ താൻ അറിയപ്പെടുന്നത്.ഇനി ഇയാള് വല്ല ആൾമാറാട്ട കേസും ആണോ..?" നമ്മളെ നോക്കി പരിഹസിച്ചു കൊണ്ടുള്ള ഷാജഹാൻറ്റെ ചോദ്യം കേട്ടപ്പോൾ നമ്മക്ക് തെല്ലൊന്നുമല്ല ദേഷ്യം വന്നത്.ഇതിന്റെ അകത്തു കയറിയാൽ ഈ തെണ്ടീ മ്മക്ക് പുല്ല് വില തരാറില്ല.പുറത്തുന്ന് ആയാൽ ഇരുപത്തി നാല് മണിക്കൂറും നമ്മളെ പിന്നാലെ തന്നെയാണ് വായിനോക്കി. ഷോ കളിക്കാണ്.ഇവരുടെയൊക്കെ മുന്നിൽ വെച്ച് മ്മളെ തോല്പിക്കാൻ നോക്കാണ്.ഈ നൂറയും വിട്ട് തരില്ലടാ തെണ്ടീ. "അതൊക്കെയാണോ ഇപ്പൊ ഷാജഹാൻ സാർർർനു അറിയേണ്ടത്.അതിനാണോ എന്നോട് എഴുന്നേറ്റു നിൽക്കാൻ പറഞ്ഞത്." "അസ്‌ന..ഇവള് തന്നെയല്ലേ നിന്നെ ഡിസ്റ്റർബ് ചെയ്തത്." "അതേ സാർ" നമ്മളെ നോക്കി ഇളിച്ചു കൊണ്ട് അസി അത് പറഞ്ഞപ്പോൾ അസി നീയും കൂടിന്ന് പറഞ്ഞ് മ്മള് ഓളെ ദയനീയമായൊന്നു നോക്കി.അപ്പൊ ഓള് നമ്മളെ നോക്കി ചുമ്മാന്നും പറഞ്ഞു കണ്ണടച്ച് കാണിക്കാ ശവം. "അപ്പൊ അസ്‌ന യു സിറ്റ് ഡൗൺ. എന്താ ഇയാൾടെ അസുഖം.ക്ലാസ്സിൽ ഇരിക്കാൻ താല്പര്യം ഇല്ലേ..?" "ഇല്ലാ.തീരെ താല്പര്യമില്ല.എന്തോന്ന് ഇതൊക്കെയൊരു ക്ലാസ്സ്‌ ആണോ.ഇതിനെക്കാളും ഭേദം വല്ല സെമിത്തേരിയിലും പോയി ഇരിക്കുന്നതാ.

സാർ..പറഞ്ഞില്ലന്ന് വേണ്ടാ.സാർന്റെ ക്ലാസ്സ്‌ മഹാ ബോറാണ്.സഹിക്കാൻ വയ്യാ." ഷാജഹാൻറ്റെ ചോദ്യത്തിന് മ്മള് ഓനെ പുല്ലു വില പോലും വെക്കാതെ നല്ല കൂൾ ആയി തന്നെ മറുപടി കൊടുത്തു. "താല്പര്യം ഇല്ലാത്തവർ ക്ലാസ്സിൽ ഇരിക്കണമെന്ന് എനിക്ക് യാതൊരു വിധ നിർബന്ധവുമില്ല.ഇയാൾക്ക് എന്റെ ക്ലാസ്സ്‌ അത്രക്കും അരോചകമായി തോന്നുന്നുണ്ടേൽ ഇനിയും ഇവിടെ ഇരുന്നു ബുദ്ദിമുട്ടണമെന്നില്ല.You can go." നമ്മളെ മുഖത്തേക്ക് നോക്കി നല്ല കട്ട കലിപ്പിൽ ഓനത് പറഞ്ഞപ്പോൾ മ്മക്ക് എന്തോ ഒരു വിഷമം പോലെയായി.ഇവനെന്താ ഇതിന്റെ അകത്തു കയറി കഴിഞ്ഞാൽ മ്മളോട് ഇത്ര ദേഷ്യം. "പറഞ്ഞത് കേട്ടില്ലേ.ഗെറ്റ് ഔട്ട്‌ ഫ്രം മൈ ക്ലാസ്സ്‌." ഓന്റെ വിറപ്പിക്കൽ കേട്ട് നമ്മളൊന്നു ഞെട്ടി എങ്കിലും നമ്മക്ക് അപ്പൊ സ്വർഗം കീഴടക്കിയ സന്തോഷമുണ്ടേന്നു.വെളിയിൽ പോവാൻ വേണ്ടി തന്നെയല്ലേ മ്മള് ഇമ്മാതിരി പണിയൊക്കെ ചെയ്തു കൂട്ടുന്നത്. അവന്റെ ഓർഡർ കേട്ട നിർവൃതിയിൽ മ്മള് താങ്ക് യു തെണ്ടീന്നും പറഞ്ഞ് അവിടുന്ന് ചാടി തുള്ളി നടന്ന് ക്ലാസ്സിന്റെ വെളിയിലേക്ക് കടക്കാൻ നിന്നതും "ഷെറിൻ..one മിനുട്ട്.."

ഇനി എന്ത് കോപ്പിനാണോ എന്തോ ഇവന്റെ ഈ വിളിയെന്നു കരുതി മ്മള് പുറത്തേക്ക് വെക്കാൻ ഒരുങ്ങിയ കാല് അകത്തേക്ക് തന്നെ വെച്ച് തിരിഞ്ഞു നോക്കി. "വെളിയിൽ പോകാൻ വേണ്ടി തന്നാണല്ലോ ഇമ്മാതിരി പണികളൊക്കെ ചെയ്തു കൂട്ടുന്നത്.അങ്ങനെ ഇപ്പൊ തന്നെ ക്ലാസ്സിനു പുറത്താക്കാൻ ഞാൻ തീരുമാനിച്ചിട്ടില്ല. നീ വെളിയിൽ ഇറങ്ങിയാൽ അത് അപ്പുറത്തെ ക്ലാസ്സിലെ കുട്ട്യോൾക്കും ഡിസ്റ്റർബ് ഉണ്ടാക്കും.അല്ല,,തന്റെ കയ്യിലിരിപ്പ് അതാണല്ലോ..? വരാന്തയിൽ കാറ്റും കൊണ്ട് പിജിക്കാരുടെ വായിനോക്കി നിക്കാൻ നല്ല സുഗാവുല്ലേ.അങ്ങനെ ഇപ്പൊ ഞാൻ പുറത്താക്കി താനൊരു ഫ്രീ ബെർഡ് ആയി വിലസണ്ടാ.തനിക്ക് ഉള്ള ശിക്ഷ ഞാൻ ഒന്നു മാറ്റി തരാം." നമ്മളെ നോക്കി പുച്ഛിച്ചു കൊണ്ടുള്ള ഓന്റെ പറച്ചില് കേട്ട് നമ്മള് ഇനി എന്താന്ന് അറിയാൻ വേണ്ടി ഓനെ നോക്കി നെറ്റി ചുളിച്ചു.മ്മള് മാത്രല്ല,ക്ലാസ്സിലെ മൊത്തം കുരിപ്പുകളും ഞങ്ങളെ തന്നെ ഉറ്റു നോക്കുന്നുണ്ട്,,ഓന്റെ ശിക്ഷ എന്തായിരിക്കും എന്ന് അറിയാൻ വേണ്ടി... നമ്മക്ക് ഉറപ്പുണ്ട്.. നമ്മക്ക് ഉള്ള പതിനെട്ടിന്റെ പണി ആവും ഓൻ തരാന്ന്.

"ഏതായാലും നിൽക്കാൻ തീരുമാനിച്ചതല്ലേ.ദേ ഇവിടെ നിന്നോ.ഇവിടെ ആകുമ്പോൾ ഞങ്ങളുടെ എല്ലാവരുടെയും കണ്ണ് തന്റെ മേൽ ഉണ്ടാവും.പുറത്താകുമ്പോൾ താൻ ഇനിയും വല്ല കുരുത്തക്കേടും ഒപ്പിക്കുമോന്ന് ആര് കണ്ടു. അതോണ്ട് ഷെറിൻ എന്റ്റെ പീരീഡ് കഴിയുന്നത് വരെ ദേ ഇവിടെ നിൽക്കണം. വെറുതെ നിന്നാൽ പോരാ,,ഒറ്റക്കാലിൽ നിൽക്കണം. " എന്ന് പറഞ്ഞ് ഓൻ ബോയ്സ് ഇരിക്കുന്ന ഭാഗത്തിന്റെ ഫ്രണ്ടിലേക്ക് കൈ ചൂണ്ടി കാണിച്ചു. ഓൻ പറഞ്ഞത് കേട്ട് നമ്മളെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി വന്നു. എനിക്കൊന്നും വയ്യാന്ന് ഓന്റെ മുഖത്തേക്ക് നോക്കി പറയണമെന്നുണ്ട്. പക്ഷെ അതും കൂടി ചെയ്താൽ ഓൻ എന്നെ ഡെസ്കിന്റെ മുകളിൽ കയറ്റിയാവും നിർത്താ.ബലാല്.. "എന്താ ഷെറിൻ.. കേട്ടില്ല എന്നുണ്ടോ. അതോ എന്നെ അനുസരിക്കില്ല എന്നാണോ.? " ഇനി എയർ പിടിച്ചിട്ടു കാര്യമില്ല.കളം മാറ്റി ചവിട്ടണം. "അത്...സാർ..ഇനി ഞാൻ ഇങ്ങനെ ആവർത്തിക്കില്ല." "അതാണ് വേണ്ടത്.ഇനി ആവർത്തിക്കാൻ പാടില്ല.എന്ന് കരുതി ഈ punishment പിൻവലിക്കാൻ ഞാൻ തീരുമാനിച്ചിട്ടില്ല.ഇത് തനിക്ക് അർഹതപ്പെട്ടതാണ്."

ഓന്റെ വർത്താനം കേട്ട് നമ്മക്ക് അങ്ങോട്ട്‌ ചൊറിഞ്ഞു വന്നു. എങ്കിലും അത് പുറത്ത് കാണിക്കാതെ നല്ല മാന്യമായി തന്നെ നമ്മള് ഓന്റെ മുന്നിൽ കെഞ്ചി.കാരണം ഈ തെണ്ടിന്റെ പീരീഡ് കഴിയുന്നത് വരെയാണ് മ്മളോട് ഒറ്റക്കാലിൽ നിൽക്കാൻ പറഞ്ഞത്.ആദ്യത്തെ രണ്ട് പീരീഡും ഈ തെണ്ടീയുടെത് തന്നെ ആയോണ്ട് ഇനിയുമുണ്ട് ഒരു മണിക്കൂർ. നമ്മളെ കൊണ്ട് പറ്റോ ഒരു മണിക്കൂർ അവിടെ ഷോക്ക് നിക്കണ പോലെ ഒറ്റ കാലിൽ നിക്കാൻ.മ്മളെ ശിക്ഷയിൽ എന്തെങ്കിലും ഇളവ് വരുത്തുമെന്ന് കരുതി നമ്മള് നമ്മളെ ഗർവ്വ് ഒക്കെ ഒന്ന് ഒതുക്കി വെച്ച് നല്ലോണം ഓന്റെ മുന്നിൽ താണ് കൊടുത്തു. തെണ്ടി പിടിച്ചവൻ.. നമ്മളെ ഈ പൂച്ച കുട്ടി കളി അവൻ നല്ലോണം ആസ്വദിക്കുന്നുണ്ട്. "ഓക്കേ. ഈ punishment നിനക്ക് അർഹതപ്പെട്ടതാണോ അല്ലയോന്ന് നിന്റെ ഫ്രണ്ട്‌സ് പറയട്ടെ. അവര് പറഞ്ഞാൽ ഇതിലെന്തെങ്കിലും ഇളവ് വരുത്താം " ചിരി അടക്കി പിടിച്ചു കൊണ്ടുള്ള ഓന്റെ വർത്താനത്തിനു നമ്മളപ്പോ തന്നെ തലയാട്ടി കൊടുത്തു. ഇത്രേം സ്റ്റൈലുള്ള ഇവന്റെ ഈ തലേല് എന്താ പടച്ചോനെ കളിമണ്ണ് ആണോ.പൊട്ടൻ.

ചോദിക്കെടാ..നമ്മളെ റിയൽസിനോടു തന്നെ ചോദിക്ക്.മ്മളെ ചങ്ക്‌സ് മ്മക്ക് ഇട്ട് പണിയോ.പുഷ്പം പോലെ നമ്മളെ ഇതിൽ നിന്നും അവര് ഊരി തരും. "സിനാൻ.. താൻ പറ.. എന്താ തന്റെ ഒപിന്യൻ. ഈ പറഞ്ഞ ശിക്ഷ ഷെറിനു നൽകണോ വേണ്ടയോ..? " "ഓഫ് കോഴ്സ്.നൽകണം എന്നാണ് എന്റ്റെ അഭിപ്രായം.തുടക്കം മുതലേ punishments കൊടുത്താൽ മാത്രമേ ഇനി ഇതുപോലുള്ള തെറ്റുകൾ ഇവള് ആവർത്തിക്കാതെ ഇരിക്കൂ.ഐ മീൻ ഇനി ഇവള് ക്ലാസ്സിൽ വേറെ ആരെയും ഡിസ്റ്റർബ് ചെയ്യാതെ ഇരിക്കണമെങ്കിൽ ഇത് ഇവൾക്ക് അത്യാവശ്യമാണ്‌." സിനുന്റെ മറുപടി കേട്ട് മ്മളെ നെഞ്ചത്തേക്ക് ഇടി വെട്ടിയ ഫീൽ ആയിരുന്നു.മ്മളെ കിളി പാറി പറന്നുന്ന് പറഞ്ഞാൽ മതിയല്ലോ.കാറ്റ് പോയ മ്മക്ക് ബോധം വന്നത് ഷാജഹാൻറ്റെ ശബ്‌ദം വീണ്ടും മ്മക്ക് നേരെ ഉയർന്നപ്പോഴാണ്. "ഷെറിൻ..ഇപ്പോൾ താൻ എന്ത് പറയുന്നു.അപ്പൊ തുടങ്ങല്ലേ.. എന്നാൽ താൻ അങ്ങോട്ട്‌ മാറി നിന്നോ.ഇപ്പോൾ തന്നെ താൻ കാരണം ട്വന്റി മിനുട്സാണ് വേസ്റ്റ് ആയത്.സോ താൻ ഇനി അവിടെ നിന്നു ക്ലാസ്സ്‌ ശ്രദ്ദിച്ചാൽ മതി."

നമ്മള് പിന്നെയും ദയനീയമായി ഓന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. നമ്മളോട് ഉള്ള സ്നേഹത്തിന്റെ പേരിൽ എങ്കിലും ഓൻ ഈ തീരുമാനം പിൻവലിക്കുമെന്നാണ് നമ്മള് കരുതിയത്. എവടെ.. ഓൻ നമ്മളെ നോക്കി പുരികം പൊക്കി ഇപ്പൊ എങ്ങനെ ഉണ്ടെന്ന ഭാവത്തിൽ ഷോ കളിക്കാണ്.ഇനി ഓന്റെ കാല് പിടിക്കുക മാത്രാണ് രക്ഷ. അതിനെന്തായാലും മ്മള് തയാറല്ല.അങ്ങനെ മ്മളെ തോല്പിക്കാന്ന് ഓൻ വിചാരിക്കണ്ട. ഒരു മണിക്കൂർ ഒറ്റ കാലിൽ നിൽക്കാൻ പറ്റോന്ന് നമ്മളൊന്നു നോക്കട്ടെ. ഈ നൂറ വിചാരിച്ചാലും ചിലതൊക്കെ നടത്താൻ സാദിക്കും. ഇനി ഏതായാലും ഓൻ പറഞ്ഞത് അനുസരിക്കുകയല്ലാതെ വേറെ വഴിയൊന്നും ഇല്ലാത്തതു കൊണ്ട് നമ്മള് ഓൻ പറഞ്ഞ സ്ഥാനത്തു നിൽപ്പ് തുടങ്ങി.എങ്ങനെ കിണഞ്ഞു പരിശ്രമിച്ചിട്ടും ഒരു സെക്കന്റ്റിനു കൂടുതലായി ഒറ്റ കാലിൽ നിൽക്കാൻ നമ്മളെ കൊണ്ട് പറ്റുന്നില്ലേന്നു. നമ്മളെ ഈ നിൽപ്പും കാര്യവും കണ്ട് സകല തെണ്ടികളും ചിരി അടക്കാൻ നന്നേ പാട് പെടുന്നുണ്ട്.

കൂട്ടത്തിൽ റിയൽസ് ചിരിച്ചു തല കുത്തി മറിയാണ്. നമ്മള് സിനുനെ ദയനീയമായൊന്നു നോക്കികൊണ്ട് എന്നോട് ഈ ചതി വേണമായിരുന്നോ എന്ന് ആത്മഗതം കൊണ്ടു.പിന്നെ ആ ഇബ്‌ലീസ് പോലത്തെ അസി.. അവൾ ഒറ്റ ഒരുത്തിയാണ് നമ്മളെ ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണം. മ്മള് ഓളെ നോക്കി നിനക്കുള്ളത് ഞാൻ പിന്നെ തരാടി മൂദേവിന്ന് ആങ്ങിയം കാണിക്കുമ്പോൾ ഓള് മുകളിൽ തൂക്കി ഇട്ടിരിക്കുന്ന ഫാൻന്റെ ചന്തം നോക്കാണ് കുരുപ്പ്. അള്ളോഹ്.. നമ്മളെ ഈ അവസ്ഥ കാണാൻ ഇവിടെ ആരുമില്ലേ.ഒറ്റ കാലിൽ നിന്നു കൊണ്ട് നമ്മള് ഇവിടെ നല്ല ഉഗ്രൻ ഡിസ്കോ കളിക്കാൻ തുടങ്ങി.ഷാജഹാനെയോ അവന്റെ ക്ലാസ്സോ അല്ലാ ഈ ജന്തുക്കളൊന്നും ഇപ്പൊ ശ്രദ്ദിക്കുന്നത്. മ്മളെ ഈ എട്ടേ പത്തേന്നുള്ള നിർത്തം കണ്ട് സകലതും മ്മളെ തന്നെ നോക്കി വായും പൊത്തി പിടിച്ചു ചിരിക്കാണ്. ഇവിടെ ഷാജഹാൻ തെണ്ടി ആണെങ്കിൽ ക്ലാസ്സ്‌ എടുക്കുന്നതിന്റെ ഇടയിൽ ഇടം കണ്ണിട്ട് മ്മളെ നോക്കി പുരികം പൊക്കി കാണിക്കാണ്.ഇപ്പൊ അവന്റെ മുഖത്തെ സന്തോഷമൊന്നു കാണണം.

നമ്മളെ ഇങ്ങനെ വേദനിപ്പിച്ചു എന്താണാവോ ഇവന് കിട്ടാൻ പോകുന്നത്.നമ്മളോട് ഒരു തരി എങ്കിലും ഇവന് സ്നേഹം ഉണ്ടായിരുന്നെങ്കിൽ ഇപ്പം ഇവൻ ഇങ്ങനൊക്കെ ചെയ്യുമായിരുന്നോ...? അതെങ്ങനാ ഇപ്പൊ ഇവന് വേണ്ടത് റിഷാനനെ അല്ലേ.ഹ്മ്മ്..😏അവളെയും നമ്മള് ഒരു ദിവസം ഇങ്ങനെ നിർത്തിക്കുന്നുണ്ട്. ഒടുക്കം കാല് കഴയുമ്പോൾ നമ്മള് രണ്ട് കാലും കുത്തി തന്നെ നിന്നു.അവൻ എന്താ ചെയ്യുന്നേ എന്ന് നമ്മക്ക് ഒന്ന് അറിയണമല്ലോ. "ഷെറിൻ... കാല്.. " ക്ലാസ്സ്‌ എടുക്കുന്നതിനിടയിൽ നമ്മളെ ഭാഗത്തേക്ക്‌ നോക്കാതെ തന്നെ അവൻ വിളിച്ചു പറഞ്ഞു. അള്ളോഹ്.. നമ്മക്ക് വയ്യാ. നമ്മള് ഇപ്പോം ക്ഷീണിക്കും. ബോർഡിൽ contents ഒക്കെ എഴുതി കൊടുക്കുമ്പോൾ ഓന്റെ നോട്ടം മ്മളെ നേർക്ക്‌ ആണ്.നമ്മള് ഓനെ നോക്കി കണ്ണുരുട്ടുമ്പോൾ ഓൻ മ്മളെ നോക്കി സൈറ്റ് അടിക്കുന്നുണ്ട്.നമ്മള് മനസ്സിൽ ഓനെയും പ്രാകിക്കൊണ്ട് ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു. അപ്പോഴാണ് നമ്മളെ തലയിലൊരു അഡാറ് ബുദ്ധി തെളിഞ്ഞു വന്നത്.ഡാ...തെണ്ടി ഷാജഹാനെ നിനക്ക് മാത്രല്ലടാ കളിക്കാൻ അറിയുന്നത്.ഈ നൂറക്കും അറിയാം മോനെ.. 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

നൂറാക്കൊരു പണി കൊടുക്കാൻ വേണ്ടി തന്നാണ് മ്മള് ഇങ്ങനെയൊരു punishment അവൾക്ക് കൊടുത്തത്.നമ്മള് ഇങ്ങനെയൊരു പണി കാണിച്ചിട്ട് ആണെങ്കിലും കുറച്ച് നേരത്തേക്ക് എങ്കിലും ക്ലാസ്സിൽ അവളൊന്നു ഒതുങ്ങട്ടേന്ന് കരുതിയാണ് മ്മള് ഇത് ചെയ്തത്. ഇതുപോലെ ഫ്രിണ്ടിൽ കൊണ്ട് വന്നു പോസ്റ്റ്‌ ആക്കി നിർത്തിയാലെങ്കിലും കുറച്ച് അടങ്ങി നിൽക്കുമെന്നാണ് മ്മള് വിചാരിച്ചത്. എവടെ..അവൾക്ക് ഇതൊന്നും ഏശിയിട്ടേയില്ല.അവിടെ നിന്നും പെണ്ണ് ഡിസ്കോ തന്നെയാണ്.അച്ചടക്കം എന്ന് പറയുന്ന സാധനം അവൾടെ ഏഴയലത്ത് കൂടെ കടന്നിട്ടില്ല.ഇങ്ങനെ നില്ക്കലും ക്ലാസ്സിന്ന് ഗെറ്റ് ഔട്ട്‌ അടിക്കലുമൊക്കെ ഇവൾക്ക് സ്ഥിരം പരിപാടി ആണെന്ന് തോന്നുന്നു. ഇവിടെ ഇങ്ങനെ ഒറ്റ കാലിൽ നിന്നും ബാക്കി ഉള്ളോർടെ നേർക്ക്‌ അവള് കാട്ടുന്ന കോപ്രായങ്ങൾക്ക് യാതൊരു വിധ കുറവുമില്ല.കൂടുതലും മ്മളെ നോക്കിയാണ്. ന്റെ റബ്ബേ...കണ്ണുരുട്ടി കൊണ്ടുള്ള ഓളെ നോട്ടം ഒന്ന് കാണണം.കത്തനാർ പണ്ട് തളച്ച വല്ല യക്ഷിയുമാണോ എന്റെ നൂറാ നീ.

മ്മളെ തന്നെ രൂക്ഷമായി നോക്കി കൊണ്ടുള്ള ഓളെ പിറുപിറുക്കൽ കണ്ട് മ്മക്ക് ചിരി അടക്കാൻ പറ്റുന്നില്ലേന്നു.പെണ്ണിനെ ഇട്ട് ഇങ്ങനെ കളിപ്പിക്കാൻ തന്നെ ഒരു പ്രത്യേക സുഗാണ്‌. ഒരു മണിക്കൂർ ഒറ്റ കാലിൽ നില്ക്കാന്നൊക്കെ പറഞ്ഞാൽ അത് ഇച്ചിരി കൂടിപ്പോയോ.അവക്ക് ആണെങ്കിൽ ഇപ്പോഴേ നേരാവണ്ണം നിൽക്കാൻ പറ്റുന്നില്ല.പാവം.പെണ്ണിന് കാല് വേദനിക്കുന്നുണ്ടാവും. എന്നാലും സാരല്യ..കിടക്കട്ടെ മ്മളെ വക അവൾക്കൊരു പണി.അങ്ങനെയെങ്കിലും പെണ്ണൊന്നു അടങ്ങട്ടേ. ഇവിടെ ഇപ്പൊ ഞമ്മക്ക് ഒരു അദ്ധ്യാപകൻറ്റെ റോൾ ആയിപോയി.ഇല്ലേൽ ഇവള് ഇപ്പം നമ്മളെ രണ്ടായി പിളർന്നെനെ.ഇനി ഇതിനൊക്കെ പകരമായി ഇവള് എന്ത് കുരുക്കാണാവോ മ്മക്ക് വേണ്ടി ഒപ്പിക്കുന്നത്.പിന്നെ ഇവളെ നന്നാക്കാനുള്ള മ്മളെ ഉദ്ദേശത്തിൽ എന്തിനും ഏതിനും സിനു മ്മൾടെ കൂടെ കട്ടക്ക് നിക്കും.അതാണ് ഏക ആശ്വാസം.ആകെപ്പാടെ ഇവളു കുറച്ചെങ്കിലും അനുസരിക്കുന്നത് സിനുനെ മാത്രാണ്. ഇപ്പൊ അവളുടെ നോട്ടം മുഴുവനും പുറത്തേക്കാണ്.ജനലിനോട്‌ ചേർന്ന് നിന്ന് പെണ്ണ് വെളിയിലേക്കും കണ്ണും നട്ടിരിപ്പാണ്.അകത്തേക്ക് വീശി വരുന്ന ഇളം തെന്നലിൽ ചുറ്റി വെച്ചിരിക്കുന്ന അവളുടെ സ്കാഫ്ന്റെ അറ്റങ്ങൾ പാറി പറന്നു

അവളുടെ മുഖത്തെക്ക് തന്നെ തട്ടുന്നുണ്ട്. ആ വെള്ളാരം കണ്ണുകൾ വിടർത്തി ഏതോ ലോകത്തേക്ക് നോട്ടം എറിഞ്ഞു കൊണ്ടുള്ള അവളുടെ നിൽപ്പ് ആസ്വദിച്ചു നമ്മള് അങ്ങനെ നിന്നു. ബോർഡിൽ പോയിന്റ്സ് ഒക്കെ എഴുതിക്കൊണ്ട് നമ്മള് നീങ്ങി നീങ്ങി ജനലിലിന്റെ ഓരത്തേക്ക് വന്നു. നമ്മള് അടുത്തെത്തിയതും പെണ്ണ് വീണ്ടും നമ്മളെ ദഹിപ്പിക്കാൻ തുടങ്ങി. "കാല് വേദനിക്കുന്നു.എനിക്ക് ഇരിക്കണം" നമ്മള് മാത്രം കേൾക്കേ അവള് നല്ല കടുപ്പത്തിൽ മ്മളെ മുഖത്തേക്ക് നോക്കി പറഞ്ഞു. "അതിനെന്താ പോയി ഇരുന്നോ.ബട്ട്‌ one കണ്ടിഷൻ..." "ഇനിയെന്താ..രണ്ടു കാലും നിലത്ത് തൊടാതെ നിൽക്കണോ? " പെണ്ണ് നല്ല ദേഷ്യത്തിൽ തന്നെ ചോദിച്ചു. "ഹേയ്..അതൊക്കെ നിനക്ക് ബുദ്ധി മുട്ടാവില്ലേ.. ഇത് അതൊന്നുമല്ല.വെരി സിമ്പിൾ മാറ്റർ.. ദേ..ഇപ്പൊ ഇത്രയും ആള് കേൾക്കേ കാതു തുളയ്ക്കുന്ന ശബ്‌ദത്തിൽ നീ പറയണം നിനക്ക് എന്നെ ഇഷ്ടാണ് എന്ന്. കുറച്ച് കൂടെ എളുപ്പത്തിൽ പറഞ്ഞാൽ മോള് എന്നോട് ഒന്ന് I love you എന്ന് പറയണം.എന്താ പറ്റോ.അത് ചെയ്താൽ നിനക്ക് പോയി സീറ്റിൽ ഇരിക്കാം."

മ്മള് പതിയെ അവളുടെ കാതോരം ചേർന്ന് കൊണ്ട് പറഞ്ഞു. "വേണ്ട.എനിക്ക് ഇരിക്കണ്ട.ഒന്നല്ല,പത്തു മണിക്കൂർ ആയാലും ഞാൻ ഇവിടെ ഇങ്ങനെ തന്നെ നിന്നോളം.എന്നിട്ട് എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് താൻ മാത്രമായിരിക്കും ഉത്തരവാദി. ഡോ തെണ്ടി..കാല് അത്രക്കും വേദനിക്കുന്നുണ്ട്.." "ആണോ.വേദനിക്കുന്നുണ്ടോ.ഞാൻ ഒരു ഓഫർ തന്നതാണല്ലോ.അപ്പൊ നിനക്ക് അത് സ്വീകരിക്കാൻ പറ്റില്ല.അതോണ്ട് മോള് ഈ ടാസ്ക് തന്നെ പൂർത്തി ആക്കിക്കോ. ഇപ്പോ മനസ്സിലായോ നൂറാ ഷെറിന്.. ഷാജഹാനോട്‌ ഒപ്പം മത്സരിക്കാൻ നിന്നാൽ നീ തോറ്റു പോകുമെന്ന്.ദേ..എന്നോട് കളിച്ചാൽ കളി ഇങ്ങനെ ഇരിക്കും." എന്ന് നമ്മള് പതിയെ പറഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കിയൊരു കള്ളച്ചിരിയോട് ഒപ്പം കണ്ണിറുക്കി കാണിച്ചതും വെട്ടിയിട്ട വാഴ പോലെ ബോധം മറഞ്ഞു പെണ്ണ് നമ്മളെ ദേഹത്തേക്ക് ഒരൊറ്റ വീഴ്ചയായിരുന്നു....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story