💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 45

khalbil nee mathram

രചന: ഷംസീന ഫിറോസ്

"ഇപ്പൊ മനസ്സിലായോ നൂറാ ഷെറിന്.. ഷാജഹാനോട്‌ ഒപ്പം മത്സരിക്കാൻ നിന്നാൽ നീ തോറ്റു പോകുമെന്ന്.. ദേ എന്നോട് കളിച്ചാൽ കളി ഇങ്ങനെ ഇരിക്കും." എന്ന് മ്മള് പതിയെ പറഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കിയൊരു കള്ളച്ചിരിയോട് ഒപ്പം ഒന്ന് കണ്ണിറുക്കി കാണിച്ചതും വെട്ടിയിട്ട വാഴ പോലെ ബോധം മറഞ്ഞു പെണ്ണ് മ്മളെ ദേഹത്തേക്ക് ഒരൊറ്റ വീഴ്ചയായിരുന്നു. നമ്മളെ നെഞ്ചിലെക്ക് വീണ അവളെ നമ്മള് ഇരുകൈകൾ കൊണ്ട് താങ്ങി പിടിച്ചെങ്കിലും പെട്ടെന്നൊരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ നമ്മള് പതർച്ചയോടെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു പോയി. അപ്പോഴേക്കും സിനു മ്മളെ അടുത്തേക്ക് ഓടി വന്ന് ബോധം മറഞ്ഞു കിടക്കുന്ന അവളെ നമ്മളെ കയ്യിൽ നിന്നും അവനിലേക്ക് ചേർത്ത് പിടിച്ച് നമ്മളെ ദയനീയ ഭാവത്തിൽ ഒന്ന് നോക്കി.ബാക്കി കുട്ടികളൊക്കെ കാര്യം എന്താന്ന് അറിയാതെ ആകെ പകച്ചു നിൽക്കുന്നുണ്ട്.

അസ്‌നയും അനുവുമൊക്കെ നൂറാന്ന് വിളിച്ചോണ്ട് മ്മളെ അടുത്തേക്ക് വരുമ്പോഴേക്കും സിനുവും മ്മളും അവളെ താങ്ങി പിടിച്ച് അവിടെയുള്ള ചെയറിൽ കൊണ്ട് പോയി ഇരുത്തി. നമ്മള് അവളുടെ കവിളിൽ തട്ടി നൂറാന്ന് ഒരുപാട് തവണ വിളിച്ചു നോക്കിയെങ്കിലും പെണ്ണ് കണ്ണ് തുറന്നതേയില്ല.അവൾടെ ഈ അവസ്ഥ കണ്ട് മ്മളെ നെഞ്ചൊന്ന് നീറിപ്പോയി.നമ്മള് കാരണമാണ്‌ ഇപ്പൊ നൂറാക്ക് ഇങ്ങനെ..... നമ്മളോട് അവള് പറഞ്ഞതാണ് കാല് വേദനിക്കുന്നുണ്ട്,,നിൽക്കാൻ വയ്യാന്നൊക്കെ.എന്നിട്ടും അവളെയൊന്നു ദേഷ്യം പിടിപ്പിക്കാമെന്ന് കരുതി നമ്മള് വെറുതെ ഒരു രസത്തിനു ചെയ്തതാണ്.അപ്പോഴേക്കും ഇങ്ങനെ ഒക്കെ സംഭവിക്കുമെന്ന് മ്മള് വിചാരിച്ചില്ലേന്നു. എന്റെ നൂറാക്ക് ഒന്നും വരുത്തല്ലേന്ന് നമ്മള് പടച്ചോനോട് മനമുരുകി പ്രാർത്ഥിച്ചു കൊണ്ട് വീണ്ടും അവളുടെ കവിളിൽ തട്ടി വിളിക്കാൻ തുടങ്ങി.

അപ്പോഴേക്കും നൂറാന്റെ ഫ്രണ്ട്‌സ് ഒഴികെ ബാക്കി കുട്ടികൾ നമ്മളെ വിമർശിക്കാൻ തുടങ്ങിയിരുന്നു.എന്ത് തന്നെ ആയാലും സാർ നൂറാക്ക് നൽകിയ ശിക്ഷ ഇത്തിരി കൂടി പോയെന്നും പറഞ്ഞ് ഒരുത്തൻ നമ്മളെ നേർക്ക്‌ കയർക്കുമ്പോൾ സിനു അവനെ പിടിച്ചു മാറ്റി.എന്നിട്ട് മ്മളെ തോളിൽ പിടിച്ചു കൊണ്ട് കണ്ണടച്ച് ഒന്നുമില്ല എന്ന് പറഞ്ഞു നമ്മളെ സമാദാനനിപ്പിച്ചു. "സിനു..ഞാൻ ഒരു തമാശയ്ക്ക്.." "നിങ്ങള് പേടിക്കാതെ ഷാനുക്കാ..അവക്ക് ഒന്നുല്ല..ജസ്റ്റ്‌ ഒരു തലകറക്കം ആയിരിക്കും.. അസീ..നീ പോയി കുറച്ചു വെള്ളം എടുത്തോണ്ട് വന്നേ.." സിനു അങ്ങനെ പറഞ്ഞെങ്കിലും മ്മക്ക് ആശ്വാസിക്കാൻ കഴിഞ്ഞില്ല.സാദാരണ ഇവളെ നമ്മള് ഇങ്ങനെയൊന്നും കാണാറില്ല.എത്ര വലിയ ഇഷ്യൂ ഉണ്ടായാലും മുഖം വാടാത്തവളാണ് എന്റെ പെണ്ണ് എന്ന് മുബിക്ക പറഞ്ഞു മ്മള് കേട്ടിട്ടുണ്ട്.

അപ്പൊ അതിനർത്ഥം മ്മള് ഇന്ന് ഇവളോട് ചെയ്തത് ക്രൂരതയായിപ്പോയി എന്നല്ലേ.നമ്മളെ ഭാഗത്തുന്ന് ഇങ്ങനെയൊരു പ്രതികരണം ഉണ്ടായപ്പോൾ ശരീരത്തിനൊപ്പം അവളുടെ മനസ്സും വേദനിച്ചിട്ടുണ്ടാവും. നമ്മള് കസേരയ്ക്ക് അരികിലായി മുട്ട് കുത്തിയിരുന്നു അവളുടെ മുഖത്തേക്ക് വെള്ളം തളിച്ച് കൊടുത്തു. നനഞ്ഞ കൈകൾ കൊണ്ട് പതിയെ അവളുടെ നെറ്റിയിലൂടെ തലോടി എങ്കിലും പെണ്ണിന് യാതൊരു മാറ്റവുമില്ല. കണ്ണ് തുറക്കുന്നതേയില്ല.മ്മക്ക് വീണ്ടും പരിഭ്രമം കൂടി വന്നു. "സിനു.. ദാ കീ..നീ പോയി വണ്ടി സ്റ്റാർട്ട്‌ ചെയ്യ്... നമുക്ക് ഹോസ്പിറ്റൽ പോവാം.എന്റെ നൂറാ... ഞാൻ കാരണം ഇങ്ങനെ.. എനിക്ക്... ഞാൻ ചെയ്തത് ഇത്തിരി കൂടിപ്പോയോ സിനു.." "ഹേയ് ഷാനുക്കാ...ഇങ്ങളും ഇങ്ങനെ തുടങ്ങിയാൽ എങ്ങനാ ശരിയാവാ.. ഇത് അവൾക്ക് ഇടയ്ക്കൊക്കെ ഉള്ളതാ.മൂക്ക് മുട്ടെ വാരി വലിച്ചു കഴിക്കുമെന്നെയുള്ളൂ.

പണ്ടേ പെണ്ണിന് ആരോഗ്യം കുറവാ." "സിനു പറഞ്ഞത് ശെരിയാ ഷാനുക്കാ.നൂറാക്ക് ഇടയ്ക്കൊക്കെ ഇങ്ങനെ തലകറക്കം വരാറുള്ളതാ.അതിനു ഹോസ്പിറ്റൽ പോവേണ്ട ആവശ്യമൊന്നുല്ല.. കുറച്ച് കഴിഞ്ഞാൽ ശെരി ആവുന്നതെയുള്ളൂ" "അതല്ല അഖി.. എന്നാലും ഞാൻ ആദ്യമായാ ഇവളെ ഇങ്ങനെയൊരു അവസ്ഥയിൽ... അതും ഞാൻ കാരണമാണല്ലോന്ന് ഓർക്കുമ്പോൾ എന്തോ... " ആകെ വിഷമം നിറഞ്ഞു മ്മക്ക് വാക്കുകൾ പോലും പൂർത്തിയാക്കാൻ പറ്റുന്നില്ലേന്നു.എന്നാലും ഈ വായാടിനെ കണ്ടാൽ പറയില്ലാട്ടൊ ഇത്ര പെട്ടെന്ന് ബോധം പോവുന്നവളാണെന്ന്.ഇക്കണക്കിനു പോയാൽ നിക്കാഹ് കഴിഞ്ഞാൽ ഇരുപത്തി നാല് മണിക്കൂറും മ്മള് ഇവളെ താങ്ങി പിടിച്ചു ഇരിക്കേണ്ടി വരുമല്ലോ റബ്ബേ.. ക്ലാസ്സിലെ കുട്ടികളൊക്കെ മ്മളെ നോക്കി എന്തൊക്കെയോ അടക്കം പറയുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ ഒരു ബെഞ്ച് വലിച്ചിട്ടു മ്മള് നൂറാന്റെ അടുത്തായി ഇരുന്നു.

ഈ സാദനത്തിനു ബോധം വരുന്ന വരെ ഇങ്ങനെ ഇരുന്നല്ലേ പറ്റൂ. ബോധം പോയെങ്കിലും വേണ്ടില്ല,,അത്ര നേരത്തേക്ക് എങ്കിലും പെണ്ണിന്റെ വായൊന്നു അടങ്ങി കിട്ടുമല്ലോ. ഇരിക്കുന്ന ഇരുത്തം നോക്കിയേ.ഹോ..ഇപ്പൊ എന്തോരു നിഷ്കളങ്കതയാണ് പെണ്ണിന്റെ മുഖത്ത്.പൂച്ച കുഞ്ഞു വരെ തോറ്റു പോകും.ടീ.. ഒന്നു കണ്ണ് തുറക്കെന്റെ പെണ്ണേ.. മനുഷ്യൻ ഇവിടെ ഇങ്ങനെ ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ നിനക്ക് എങ്ങനാ എന്റെ നൂറാ ഇതുപോലെ ഉറങ്ങാൻ പറ്റണേ.. നമ്മള് ഇങ്ങനെ ഓരോന്നും ചിന്തിച്ചോണ്ട് അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുമ്പോൾ പെട്ടെന്നാണ് മ്മള് അത് ശ്രദ്ദിച്ചത്.പെണ്ണിന്റെ ചുണ്ടിൽ ഒരു ചിരി വിടരുന്നുണ്ട്.മ്മള് അവളെ തന്നെ സസൂക്ഷ്മം നിരീക്ഷിച്ചു. ആഹാ..കാണിച്ചു തരാടി മോളെ നിനക്ക് ഞാൻ..ആക്ടിങ് ആണല്ലേ.മ്മളെ ഇവിടെ കൊലക്ക് കൊടുത്തു നീ ഇവിടെ ഇരുന്ന് സുഗിക്കാണല്ലേ രാക്ഷസി.. ടീ.. ബോധം പോയ ദുഷ്ടേ.ദേ ഇപ്പം തരാടി നിനക്കുള്ള അടുത്ത പണി.നഷ്ടപെട്ട ബോധം ഇരട്ടി വേഗത്തിൽ തിരിച്ചു വരുന്നത് എങ്ങനാണെന്ന് ഞാൻ കാണിച്ചു തരാം പെണ്ണേ..... 💗💗💗💗💗💗💗💗💗💗💗💗

ഹ..ഹ...ഹാ..ഹാ.. ഹി..ഹി...ഹി...ഹൂ....ഹു..ഹൂ.. ന്റെ പടച്ചോനെ.. ഇനി നമ്മക്ക് മയ്യത്ത് ആയാലും വേണ്ടില്ല..ഹൂ..ലോകം കീഴടക്കിയ സന്തോഷമുണ്ട് ഇപ്പം നമ്മക്ക്.ഹ.ഹാ.ഹാ.ഹാാ... ഇപ്പൊ നിങ്ങളൊക്കെ വിചാരിക്കുന്നുണ്ടാവും എന്താ നിങ്ങളെ നൂറാക്ക് വട്ടായോന്ന്.. ഇത് വട്ടൊന്നുമല്ലാട്ടോ.നമ്മളെ ഈ പൊട്ടിച്ചിരിയൊക്കെ നമ്മളെ മനസ്സിനുള്ളിലാട്ടോ.. എന്ന് വെച്ചാൽ ബോധം കെട്ടു കിടക്കുന്ന മ്മളെ ഉള്ളിലെ ചിരിയും സന്തോഷവുമാണ്‌ ഇപ്പൊ നിങ്ങളൊക്കെ കണ്ടത്. നോക്കിയേ..നമ്മളെ ഷാജഹാൻ തെണ്ടീടെ ഇപ്പോഴത്തെ അവസ്ഥ എന്താന്ന് നിങ്ങളൊക്കെയൊന്നു നോക്കിയാട്ടെ.. അപ്രതീക്ഷിതമായ മ്മളെ ബോധം പോവലിൽ അവന്റെ ബോധവും പോയിട്ടുണ്ട്. അവൻ എന്താ കരുതിയത്,,അവന് മാത്രേ കളിക്കാൻ അറിയുള്ളുന്നോ.. ഷാജഹാൻറ്റെ മുന്നിൽ നൂറ തോറ്റു പോകുമെന്ന്... നിങ്ങള് പറ..

ആരാ ഇപ്പോ തോറ്റത്..നമ്മളെ ഈ അവസ്ഥ കണ്ട് ടെൻഷൻ അടിച്ചു ചകാനായ ആ തെണ്ടീന്റെ മുഖം നമ്മള് പാതി തുറന്ന കണ്ണുകളിലൂടെ നോക്കി കാണുന്നുണ്ട്. പണ്ടാരോ പറഞ്ഞ പോലെ എന്തോ പോയ അണ്ണാൻറ്റെ മുഖഭാവമാണ്‌ ഇപ്പൊ ആ തെണ്ടിക്ക്.ഇത്രേം നേരം മ്മളെ ഒറ്റ കാലിൽ നിർത്തിയതല്ലേ.. അതിനൊരു പണിയായി ഇത് കിടക്കട്ടെ ഇവന്.. എന്ത് കിട്ടിയാലും അതൊക്കെ ഇരട്ടിയായി തിരിച്ചു കൊടുക്കുന്ന ശീലം മ്മക്ക് പണ്ടേ ഉള്ളതാ.മ്മൾടെ ആ സ്വഭാവമൊക്കെ വെച്ച് നോക്കിയാൽ നമ്മള് ഇപ്പം ഇവന് കൊടുത്ത ഈ ഷോക്ക് കുറഞ്ഞു പോയി.അതോണ്ട് കുറച്ച് നേരം കൂടി നെഞ്ചത്ത് തീയും കേറ്റി ഇങ്ങനെ നമ്മക്ക് കാവൽ ഇരുന്നോ നീ തെണ്ടി... അപ്പൊ നമ്മളോട് സ്നേഹമൊക്കെയുണ്ട്. അല്ലേ ഷാജഹാൻ മാസ്റ്റർ.. നേരത്തെ സിനുനോട്‌ സംസാരിക്കുമ്പോൾ അവൻറെ ശബ്‌ദം പതറുന്നത് കണ്ടപ്പോൾ തന്നെ മ്മക്ക് പൊട്ടിച്ചിരിക്കാൻ തോന്നിയതേനു. പക്ഷെ അത് ചെയ്യാൻ പറ്റില്ലല്ലോ.. എന്റെ നൂറാ.. ഞാൻ കാരണം.. ഹു...ഹൂ..ഓർക്കുമ്പോൾ തന്നെ മ്മക്ക് കുളിര് കേറാണ്.

ഇപ്പോഴും ഇവിടെ ഈ തെണ്ടി നമ്മക്ക് ബോധം വരുന്നതും നോക്കി ഇരിക്കാണ്.കുറച്ച് നേരം കൂടി ഈ അഭിനയം മുന്നോട്ട് കൊണ്ട് പോകണം.ചെക്കൻ ഒന്ന് നല്ലോണം പേടിക്കട്ടെ. ഇപ്പൊ ആരാടാ തോറ്റത് എന്ന് ഓന്റെ മുഖത്ത് നോക്കി ചോദിക്കണമെന്നുണ്ട്.പക്ഷെ ന്താ ചെയ്യാ..നമ്മള് ഇപ്പം ബോധം പോയി കിടക്കല്ലേ. സാരല്യ..ബോധം വരട്ടെ.അപ്പൊ ചോദിക്കാം.ഒക്കെയും ചിന്തിച്ചു കൂട്ടി മ്മക്ക് ചിരി അടക്കി പിടിക്കാൻ പറ്റുന്നില്ലേന്നു.അള്ളോഹ് കുറച്ച് നേരത്തേക്കും കൂടി ഈ ആക്ടിങ് ഹാൻഡിൽ ചെയ്യാൻ നമ്മക്ക് കഴിയണേ.ചിരി കണ്ട്രോൾ ചെയ്യാൻ പറ്റിയാൽ മതിയായിരുന്നു. "ഷാനുക്കാ..ഇതുവരെയും പെണ്ണിന് ബോധം വീണില്ലേ ..?ഇനി എന്താ ചെയ്യാ..? സാദാരണ ബോധം പോയാൽ പെട്ടെന്ന് തിരിച്ചു വരാറുണ്ടല്ലോ.ഇന്നിപ്പോ ഇവൾക്ക് ഇതെന്താ സംഭവിച്ചത്.. ഇനി ഷാനുക്ക പറഞ്ഞത് പോലേതന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവേണ്ടി വരോ ..?" "ഹേയ്.. അതിന്റെയൊന്നും ആവശ്യമില്ല അസ്‌ന.. ഇതങ്ങനെ പെട്ടെന്ന് തിരിച്ചു വരാൻ വേണ്ടി പോയ ബോധമല്ലാ.ഇതേ തിരിച്ചു വരാൻ കുറച്ച് സമയം എടുക്കും."

"എന്താ ഷാനുക്കാ.. ഇനി നൂറാക്ക് വല്ലതും..? " "നേരത്തെ എന്നെ സമാദാനിപ്പിച്ച ആളാണ് ഇപ്പൊ നിന്ന് ടെൻഷൻ അടിക്കുന്നത്. നിന്റെ നൂറാക്ക് ബോധം വരുന്നത് നീ കണ്ടോ സിനു.. ദേ ഞാൻ ഇപ്പൊ കാണിച്ചു തരാം.ഈ ടൈപ്പ് ബോധം പോവലിനുള്ള മരുന്നൊക്കെ എന്റെ കയ്യിൽ ഉണ്ട്. അത് ഞാൻ കൊണ്ട് വരുന്നത് വരെ നീയൊന്നു ഇവിടെ ഇരുന്നോ..നൂറാനെ ശ്രദ്ദിച്ചോണെ.ഞാൻ ഇപ്പൊ വരാം.." അള്ളോഹ്.ഈ തെണ്ടി ഇതെന്തു ഭാവിച്ചാണാവോ..ഇനി നമ്മളെ ആക്ടിങ് ഓൻ അറിഞ്ഞു കാണോ. ഹേയ് അതിനു ചാൻസ് ഇല്ലാ.. മമ്മൂക്കാനേക്കാളും നന്നായി നമ്മള് ഇവിടെ അഭിനയിച്ചു തകർക്കല്ലേ.അത്രക്കും പെർഫെക്ട് ആയല്ലേ മ്മളെ ആക്ടിങ്. ഹൂ..ന്റെ നൂറാ.. അന്നെ സമ്മതിച്ചു തരണോടി... "സിനു.. നീ ഒന്ന് അവിടെന്നു എഴുന്നേറ്റെ.. " ഷാജഹാൻറ്റെ ശബ്‌ദം വീണ്ടും കേട്ടപ്പോൾ നമ്മള് കണ്ണ് ഒന്നുടെ ഇറുക്കി അടച്ചു. അടുത്ത നിമിഷം മലവെള്ളം ഇറങ്ങുന്ന ശക്തിയിൽ നമ്മളെ തലയിലൂടെ തണുത്ത വെള്ളം താഴേക്കു ഒലിച്ചിറങ്ങാൻ തുടങ്ങി.

പെട്ടെന്ന് എന്താ സംഭവമെന്നറിയാതെ ഒരു ഞെട്ടലോടെ ഇരുന്ന ഇരുപ്പിൽ നിന്നും എന്റുമ്മാന്നും അലറി വിളിച്ചോണ്ട് നമ്മള് ഒരൊറ്റ എഴുന്നേൽക്കലായിരുന്നു.വെറും എഴുന്നേൽക്കലല്ലാട്ടോ.. കസേരയിൽ നിന്നും നാലടി മുന്നോട്ടെക്ക് ഒരു ചാട്ടം തന്നെയാ യിരുന്നു. എന്താ കഥ എന്നറിയാതെ നമ്മള് കണ്ണും മിഴിച്ചു ചുറ്റും നോക്കുമ്പോൾ ആ തെണ്ടി കയ്യിലൊരു ബക്കറ്റും പിടിച്ചു നിൽക്കാണ്.അതും സാദാരണ നിൽപ്പ് ആണോ.. നമ്മളെ നോക്കി പുരികം പൊക്കി ഇപ്പൊ എങ്ങനെ ഉണ്ടെന്ന ഭാവത്തിൽ നിന്ന് നമ്മളെ നോക്കി ഹലാക്കിലേ ചിരിയാണ്.റിയൽസാണെങ്കിൽ തൊള്ളയും തുറന്നു മ്മളെ തന്നെ ഉറ്റു നോക്കാണ്. അപ്പോഴാണ് മ്മക്കും കാര്യം ഓടിയത്.മ്മള് ബോധം പോയി കിടക്കായിരുന്നല്ലോ.അപ്പൊ ആ തെണ്ടി മ്മളെ ആക്ടിങ് മനസ്സിലാക്കി മനപ്പൂർവം നമ്മക്ക് ഇട്ട് വീണ്ടും പണിതതാണ്. റിയൽസ് നമ്മളെ അറ്റാക്ക് ചെയ്യാൻ വരുന്നതിനു മുന്നേ നമ്മള് തലയും ചൊറിഞ്ഞോണ്ട് അവറ്റകളെയൊക്കെ നോക്കിയൊന്നു ഇളിച്ചു കാണിച്ചു.

"ഇപ്പൊ കണ്ടോ സിനു നിന്റെ നൂറാക്ക് ബോധം വന്നത്.കൊടുക്കേണ്ട മരുന്ന് കൊടുക്കേണ്ട സമയത്തു തന്നെ കൊടുത്താൽ ഏതു ബോധക്കേടും മാറി കിട്ടും.അല്ലേ നൂറാ ..? " വിജയശ്രീലാളിതനായി മ്മളെ നോക്കി കൊണ്ടുള്ള ഓന്റെ ചോദ്യം കേട്ടപ്പോൾ മ്മക്ക് അങ്ങോട്ട്‌ അരിച്ചു കയറി. നമ്മള് അപ്പൊത്തന്നെ ഡാ തെണ്ടീന്നും അലറിക്കൊണ്ട് ഓന്റെ നേർക്ക്‌ പാഞ്ഞടുക്കുമ്പോൾ സിനു മ്മളെ മുന്നിൽ കയറി നിന്നു. "എന്താടി...എവിടെക്കാ ഇങ്ങനെ ഉറഞ്ഞു തുള്ളിക്കൊണ്ട്...? നിന്റെ ഈ അഭ്യാസത്തിനു വേണ്ടത് തന്നെയാ ഷാനുക്ക ചെയ്തത്. ഇത് പോരെങ്കിൽ ബാക്കി ഞാൻ തരാം." പെട്ടെന്ന് സിനു മ്മളെ നേർക്ക്‌ കലിപ്പായപ്പോൾ നമ്മക്ക് എന്തോ ഒരു വിഷമം പോലെ തോന്നി. "സിനു..അത്..അത് ഞാൻ ഒന്ന് പറയട്ടെ ടാ.." "മതി.ഇനി നീയൊന്നും പറയണ്ടാ.നേരത്തത്തെ നിന്റെ വീഴ്ച കണ്ട് മനുഷ്യൻമാരുടെ നല്ല ജീവൻ അങ്ങ് പോയി കിട്ടിയതാ.. അല്ലേലും മറ്റുള്ളോർടെ വേദനയൊന്നും നിനക്ക് അറിയണ്ടല്ലോ.നിന്റെ കുരുട്ടു ബുദ്ദിയും വാശിയുമൊക്കെ ജയിക്കണം. അതാണല്ലോ എപ്പോഴും നിനക്ക് വേണ്ടത്.."

അങ്ങനെ എന്തൊക്കെയോ പറഞ്ഞു കൊണ്ട് സിനു മ്മളെ നേരെ ചാടി കടിക്കാൻ വന്നു.ഇങ്ങനൊക്കെ പറയാൻ മാത്രം നമ്മള് എന്ത് കുന്തമാ ഇവിടെ ചെയ്തതെന്ന് അറിയാതെ അന്തം വിട്ട് നമ്മള് ഓനെ തന്നെ നോക്കി നിന്നു. "പോട്ടേ സിനു.. അവള് എന്നെയൊന്നു പേടിപ്പിക്കാൻ നോക്കിയതല്ലേ.." ഇളിച്ചു കൊണ്ടുള്ള ആ തെണ്ടീന്റെ വർത്താനം കേൾക്കുമ്പോൾ തന്നെ മ്മക്ക് കണ്ട്രോൾ പോവാണ്. "ടാ തെണ്ടീ..എന്താ താൻ കാണിച്ചത്.. എന്റെ ദേഹത്തേക്ക് വെള്ളം ഒഴിക്കാൻ തന്നോട് ആരാ പറഞ്ഞത്.. ആരാ തനിക്ക് അതിനുള്ള അധികാരം തന്നത്." "ഇതൊക്കെ ചെയ്യാൻ ആരെങ്കിലും പറഞ്ഞു തരണോ നൂറാ.. ബോധം മറഞ്ഞു കിടക്കുന്ന ഒരാളെ ഉണർത്താൻ ഇതൊക്കെ തന്നെയാ ചെയ്യാ.സാദാരണ മനുഷ്യൻമാർക്ക്‌ ആയാലേ ഒന്നോ രണ്ടോ തുള്ളി വെള്ളം തളിച്ച് കൊടുത്താൽ മതിയാവും. പിന്നെ നിനക്ക് ബോധവും ബുദ്ദിയുമൊക്കെ ഇച്ചിരി കൂടുതൽ ആയതോണ്ട് ഒരു ബക്കറ്റ് വെള്ളം വേണ്ടി വന്നു.

ദാറ്റ്‌സ് ആൾ.. " ഓന്റെ വർത്താനം തീരുന്നതിനു മുന്നേ കലികയറിയ മ്മള് ഓന്റെ നേരെ പാഞ്ഞടുത്ത് ഓന്റെ ഷർട്ടിന്റെ കോളേറിൽ പിടുത്തം ഇട്ട് കഴിഞ്ഞിരുന്നു. "നിന്നെ ഇന്ന് ഞാൻ കൊല്ലുമെടാ തെണ്ടീ.. എന്നെ തോൽപിച്ചു അങ്ങനെ ഇവിടെ വിലസി നടക്കാമെന്ന് താൻ കരുതണ്ട.. ഒന്നുകിൽ ഷാജഹാൻ അല്ലെങ്കിൽ നൂറാ.. രണ്ടിലൊരാൾ മതി ഇവിടെ.. " ഓന്റെ കോളറിലുള്ള മ്മളെ പിടി വിടുവിക്കാൻ സിനു കൊറേ ശ്രമിച്ചുവെങ്കിലും നമ്മള് അതൊന്നും കൂട്ടാക്കിയില്ല.വീണ്ടും വീണ്ടും മ്മള് ഓന്റെ നേർക്ക്‌ തട്ടി കയറി കൊണ്ടിരുന്നു.നമ്മക്ക് അത്രക്കും ദേഷ്യം അടക്കി പിടിക്കാൻ പറ്റുന്നില്ലേന്നു. നമ്മള് ഇത്രയൊക്കെ ദേഷ്യപ്പെടുമ്പോഴും ഓന്റെ മുഖത്ത് പുഞ്ചിരി മാത്രാണ്. പെട്ടന്ന് ഓൻ നമ്മളെ രണ്ടു കൈകളും ഓന്റെ കൈകൾ കൊണ്ട് പിടിച്ചു ഓനിലേക്ക് ഒതുക്കി വെച്ചു.ശേഷം മ്മളെ മുഖത്തേക്ക് തന്നെ നോക്കി നിന്നു...

"ഹേയ് നൂറാ..." നമ്മളെ കയ്യും പിടിച്ചു വെച്ച് മ്മളെ കണ്ണിലേക്കു നോക്കികൊണ്ടുള്ള ഓന്റെ വിളിക്കു പകരമായി മ്മള് കൊടുത്തത് രൂക്ഷമായുള്ളൊരു നോട്ടമാണ്‌.നമ്മളപ്പോ തന്നെ കൈ വലിച്ചൂരാൻ നോക്കിയെങ്കിലും ഓൻ വീണ്ടും മ്മളെ കയ്യിലുള്ള പിടുത്തം മുറുക്കി കൊണ്ട് മ്മളെ ഓനിലേക്ക് ചേർത്ത് നിർത്തുകയാണ്. ഇപ്പൊ ഇങ്ങനെ ഓന്റെ നെഞ്ചോടു ചേർന്ന് നിൽക്കുമ്പോൾ നനഞ്ഞു കുതിർന്നു നിൽക്കുന്ന മ്മളെ ശരീരത്തിന്റെ നനവ് ഓനിലേക്കും പടരുന്നത് പോലെ മ്മക്ക് തോന്നി. "ദേ ഇതാണ് എനിക്ക് വേണ്ടത്. നിന്റെ ഈ ദേഷ്യവും വാശിയുമാണ്‌ എനിക്ക് കാണേണ്ടത്.. നീ എന്നോട് ഇങ്ങനെ ചൂടാവുന്നത് കാണാൻ വേണ്ടി തന്നെയല്ലേ നൂറ ഞാൻ ഇമ്മാതിരി പണികളൊക്കെ ചെയ്തു കൂട്ടുന്നത്.. എന്ത് മൊഞ്ജാടി പെണ്ണേ നിന്നെ ഇങ്ങനെ കാണാൻ.. നിന്റെ ഈ പൊട്ടിതെറിയൊക്കെ ആസ്വദിക്കാൻ തന്നെ എന്തോരു സുഗാണെന്ന് അറിയോ നിനക്ക്.. ഇങ്ങനെ ദേഷ്യം കയറി കണ്ട്രോൾ വിട്ട് നിൽക്കുന്ന നിന്നെ ഇതുപോലെ ഈ നെഞ്ചോടു ചേർത്ത് പിടിക്കുമ്പോഴുള്ള സുഖം എന്താണെന്ന് അറിയോ നിനക്ക്...

ഈ സുഖം എനിക്കെന്നും വേണം നൂറാ.. ഈ ജീവിതകാലം മുഴുവൻ നീ എന്റെ കൂടെ ദേ ഇതുപോലെ എന്നോട് ചേർന്ന് തന്നെ ഉണ്ടാവണം.. അതിനു വേണ്ടിയല്ലേ നൂറാ ഞാൻ... അതിനു വേണ്ടി തന്നെയല്ലേ ഇത്രയും നാള് ഞാൻ കാത്തിരുന്നത്.. നിനക്ക് വേണ്ടി മാത്രമല്ലെ നൂറാ..." നമ്മളെ കണ്ണിൽ തന്നെ നോക്കിക്കൊണ്ട് ഓൻ അത് പറഞ്ഞപ്പോഴാണ് നമ്മളും അക്കാര്യം ശ്രദ്ദിച്ചത്.ആകെ നനഞ്ഞൊട്ടി ഒരു പൂച്ചകുഞ്ഞിനെ പോലെ നമ്മള് ഓന്റെ കൈകൾക്കുള്ളിൽ ഓന്റെ ദേഹത്തോടു ചേർന്ന് നിൽപ്പാണ്. നമ്മളെ ശരീരത്തിന്റെയും ഡ്രെസ്സിന്റെയും അവസ്ഥ കാണുമ്പോൾ തന്നെ മ്മക്ക് ഓനോടുള്ള ദേഷ്യം വർധിച്ചു വന്നു. വിടെടാ തെണ്ടീന്നും പറഞ്ഞ് നമ്മള് അപ്പൊത്തന്നെ ഓന്റെ നെഞ്ചിലേക്ക് നമ്മളെ രണ്ട് കൈ കൊണ്ടും ആഞ്ഞടിച്ചു. നമ്മളെ ഇടിയുടെ ആഘാതം കൊണ്ടാവണം ഓൻ അപ്പൊത്തന്നെ നമ്മളിലുള്ള പിടുത്തം വിട്ടു.പോരാത്തതിന് നമ്മളെ ഓനിൽ നിന്നും തള്ളി മാറ്റുകയും ചെയ്തു. "ഹൂ..എന്തൊരു പെണ്ണാണിത്.. എന്റെ നെഞ്ചിൻകൂട് ഇടിച്ചു കലക്കാമെന്ന് നീ വല്ല നേർച്ചയും നേർന്നിട്ടുണ്ടോ..?"

"എന്റെ അനുവാദവും സമ്മതവുമില്ലാതെ എന്റെ ദേഹത്ത് തൊടരുത്.അതെനിക്ക് ഇഷ്ടമല്ല.. അങ്ങനെ ചെയ്താൽ ദേ ഇത് തന്നെയാവും എന്റെ പ്രതികരണം. നെഞ്ചിൻകൂട് മാത്രല്ല,, തന്റെ ഈ ആറടി പൊക്കമുള്ള ശരീരം മൊത്തത്തിൽ ഞാൻ ഇടിച്ചു കലക്കും..കേട്ടോടാ ഷാജഹാൻ തെണ്ടീ.." നമ്മളെ മറുപടി കേട്ട് ചെക്കൻ നിന്നു ചിരിക്കാൻ തുടങ്ങി.ഓൻ മ്മളെ നോക്കി തലങ്ങും വിലങ്ങും നിന്ന് ചിരിക്കാണ്. "ഇത്രക്ക് ചിരിക്കാൻ മാത്രം ഞാൻ എന്താടോ തെണ്ടീ ഇപ്പൊ പറഞ്ഞത്.." "നീ പറഞ്ഞത് കേട്ടല്ല,,നിന്റെ ഈ വടയക്ഷി രൂപം കണ്ടാണ് മോളെ മ്മക്ക് ചിരി വരുന്നത്.." "ആണോ..എന്നാലേ മോൻ കൂടുതൽ ചിരിച്ചു മറിയണ്ടാ..പിന്നെ ഒരിക്കലും ചിരിക്കാൻ പറ്റിയെന്നു വരില്ല.. ആൻഡ് ആൾസോ താൻ നേരത്തെ ഒരുഗ്രൻ സെന്റെൻസ് കാച്ചിയല്ലോ..അതൊന്നു മാറ്റി പിടിച്ചേക്ക്.. ഐ മീൻ ഇത്രയും നാള് ഇയാള് കാത്തിരുന്നത് എനിക്ക് വേണ്ടിയാണെന്നോ അങ്ങനെ എന്തോ പറഞ്ഞില്ലേ..

എന്നാലെ ഇനി അതിന്റെ ആവശ്യമില്ല.ഇയാളോട് ഞാൻ പറഞ്ഞോ എന്നെ സ്നേഹിക്കാൻ.. എനിക്ക് വേണ്ടി കാത്തിരിക്കാൻ ഞാൻ പറഞ്ഞോന്ന്..? തന്റെ തലയ്ക്കെന്താ ഓളമാണോ..?അല്ലേൽ എന്തിനാ ഇങ്ങനെ എനിക്ക് വേണ്ടി തന്റെ ജീവിതം പാഴാക്കി കളയുന്നത്. ഷാജഹാൻ എന്നെ മറക്കണം.എന്നെക്കാളും നല്ലൊരു പെണ്ണിനെ തനിക്ക് വേറെ കിട്ടും.ഇയാൾക്ക് നല്ലൊരു ജീവിതമുണ്ട്.വെറുതെ എന്തിനാ ഇങ്ങനെ എന്റെ പിന്നാലെ നടന്ന് തന്റെ ഉള്ള നല്ല കാലമൊക്കെ വേസ്റ്റ് ചെയ്യുന്നത്. സോ ഇനിയും ഇതുപോലെ ഓരോ ഉപദ്രവങ്ങളുമായി എന്റെ പിന്നാലെ വരരുത്.." നമ്മള് ഇത് പറഞ്ഞു തീരുമ്പോഴേക്കും ഓന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു പകരം ദേഷ്യം കയറി വരുന്നതാണ് മ്മള് കണ്ടത്. "എന്റെ ജീവിതം പാഴാക്കണോ വേണ്ടയോന്ന് ഞാൻ തീരുമാനിച്ചോളാം.അതൊന്നും ഓർത്ത് നീ ബുദ്ദിമുട്ടമെന്നില്ല.

നീ പറഞ്ഞത് ശെരിയാ.എനിക്ക് നല്ലൊരു ജീവിതമുണ്ട്..അതെനിക്ക് നന്നായി അറിയാം. എന്ന് എനിക്ക് വേണ്ടി നീ കാത്തിരിക്കാൻ തുടങ്ങിയോ അന്ന് മുതൽ എന്റെ ജീവിതം നല്ലതാണ് നൂറാ.. പിന്നെ നീ പറഞ്ഞല്ലോ ഞാൻ നിന്നെ മറക്കണമെന്ന്..അങ്ങനെ എളുപ്പം മറക്കാനോ വിട്ടു കളയാൻ വേണ്ടിയോ അല്ല ഞാൻ നിന്നെ സ്നേഹിച്ചത്.ഈ ഷാജഹാൻ മണ്ണിൽ ഉറങ്ങും വരെ നീ എന്റെ നെഞ്ചിൽ ഉണ്ടാകും നൂറാ.. നിന്നെക്കാളും നല്ലൊരു പെണ്ണിനെ അല്ല എനിക്ക് വേണ്ടത്,,നിന്നെ തന്നെയാണ്. അതോണ്ട് എന്റെ ഈ വക കാര്യങ്ങളൊക്കെ ഓർത്ത് മോള് കൂടുതൽ തല പുണ്ണാക്കണ്ട.. " "അള്ളോഹ്.. ഇനി എന്ത് ഭാഷയിലാടോ ഞാൻ തന്നോട് പറയേണ്ടത്.. എങ്ങനെ പറഞ്ഞാലാ തനിക്കൊന്നു മനസ്സിലാവുക.. " "എനിക്ക് സകലതും മനസ്സിലാക്കി തരാനും പഠിപ്പിച്ചു തരാനുമാണ്‌ നിന്റെ ഉദ്ദേമെങ്കിൽ നീ ഇച്ചിരി ബുദ്ദിമുട്ടും നൂറാ... ഇപ്പോൾത്തന്നെ കണ്ടില്ലേ,, എന്നോട് കളിക്കാൻ നിന്നത് കൊണ്ടല്ലേ ഇങ്ങനെ വെള്ളത്തിൽ കുതിർന്നു നിൽക്കുന്നത്. ഞാൻ പറഞ്ഞതല്ലേ നിന്നോട്,

,ഷാജഹാനോട്‌ ഒപ്പം മത്സരിക്കാൻ നിന്നാൽ നീ തോറ്റു പോകുമെന്ന്.. ഗെയിമിൽ എന്നെ വെല്ലാൻ നൂറാ ഷെറിന് ആവില്ലെന്ന്.. ഇപ്പൊ മനസ്സിലായോ.?? ഇനിയും എന്റെ മുന്നിൽ ജയിച്ചേ തീരുന്നുള്ള വാശിയാണ് നിനക്ക് എങ്കിൽ വീണ്ടും ഇതൊക്കെ തന്നെയാവും അവസ്ഥ. അതോണ്ട് മോൾടെ ഈ സുന്ദരമായ തലയിലുള്ള കുരുട്ടു ബുദ്ദിയൊക്കെ മാറ്റി വെച്ച് ഇനിയെങ്കിലും ഒന്നു നന്നാവാൻ നോക്ക്.അതാണ് നിനക്ക് നല്ലത്.. " "ടാ തെണ്ടീ..നീ ജയിച്ചുന്ന് കരുതണ്ട.ഇനിയും കിടക്കല്ലേ ദിവസങ്ങൾ.. ഇതിനൊക്കെ ഉള്ളത് പലിശ സഹിതം ചേർത്ത് തരും ഞാൻ. നൂറയാ പറയുന്നത്. ഷാജഹാൻ കാത്തിരുന്നോ.. " "ഓഫ് കോഴ്സ്..പെട്ടെന്ന് തന്നെ വേണേ.എനിക്ക് നേരെ നീ പ്രായോഗിക്കുന്ന വളഞ്ഞ ബുദ്ധികളും ഒടുക്കം അതൊക്കെ നിനക്ക് തന്നെ പാരയായി എന്റെ മുന്നിൽ തോറ്റു എല്ലൊടിഞ്ഞു നിൽക്കുന്ന നിന്റെ ഈ മോന്തയും കാണാനുള്ള പൂതി കൊണ്ടാ മോളെ.. അതോണ്ട് നീ എന്തേലും ചെയ്യുന്നുണ്ടേൽ അതൊക്കെ പെട്ടന്ന് തന്നെ വേണേ..ഐ ആം വെയ്റ്റിംഗ്..

ഇപ്പൊ മോള് ചെന്നാട്ടെ.നിന്റെ ഫ്രണ്ട്സും എനിമീസുമൊക്കെ ഇപ്പൊ കയറി വരും.ഇനി നീ ഏതായാലും ക്ലാസ്സിൽ ഇരിക്കേണ്ട.എവിടേലും വെയിൽ തട്ടുന്ന സ്ഥലത്തു ചെന്ന് നിൽക്ക്..ഈ ഡ്രസ്സ്‌ ഒക്കെയൊന്നു ഉണങ്ങി കിട്ടട്ടെ.. ഹി.. ഹി.. " ഷാജഹാൻ അത് പറഞ്ഞപ്പോഴാണ് നമ്മക്കും ബോധം വന്നത്.മ്മളെ ഈ പെർഫോമൻസൊക്കെ ക്ലാസ്സിനകത്ത് വെച്ചാണ് നടക്കുന്നത്.ഇവിടെ ആണെങ്കിൽ ഒരൊറ്റ മനുഷ്യൻമാരെ പോലും കാണാനില്ല.ബാക്കി ജന്തുക്കളൊക്കെ പോട്ടേ.. നമ്മളെ റിയൽസിന്റെ പൊടി വരെ ഇവിടെ കാണാനില്ല. "നോക്കണ്ട..നിന്റെ തലകറക്കം കാണുമ്പോൾ ആദ്യം കരുതി ഒറിജിനൽ ആവുമെന്ന്.അപ്പൊ നിനക്ക് കുറച്ച് പ്രൈവസി കിട്ടിക്കോട്ടേന്ന് കരുതിയാ എല്ലാവരോടും വെളിയിലേക്ക് ഇറങ്ങി നിൽക്കാൻ പറഞ്ഞത്.. പിന്നീടല്ലെ അറിഞ്ഞത് നീ ബെസ്റ്റ് ആക്ടർനുള്ള അവാർഡ് വാങ്ങിയവളാണെന്ന്.. " "ഇക്കണക്കിനു പോയാൽ എനിക്ക് ഓസ്കാർ അവാർഡ് തന്നെ കിട്ടും.അത് അഭിനയത്തിന്റെ ടാഗിൽ അല്ല,,പകരം ഒരുഗ്രൻ കൊല നടത്തിയതിന്റെ പേരിൽ.. " എന്നും പറഞ്ഞ് നമ്മള് ഓനെ നോക്കി ദഹിപ്പിച്ചു കൊണ്ട് വെളിയിലേക്ക് നടന്നു.

ക്ലാസ്സിനകത്തെ മൊത്തം സീൻസും വാച്ച് ചെയ്തോണ്ട് ദേ മ്മളെ റിയൽസ് വെളിയിൽ തന്നെ കാവലുണ്ട്. വൃത്തികെട്ടവന്മാർ...ഒളിഞ്ഞു നോക്കാൻ നിന്നതാണ്. "നൂറോ..ഞങ്ങള് കണ്ടൂ.." അസിയാണ്. "എന്ത് കണ്ടെന്ന്.." നമ്മളൊരു അന്ധാളിപ്പോടെ ചോദിച്ചു. "റൊമാൻസേ...അകത്ത്.. നിങ്ങള് രണ്ട് പേരും തമ്മിൽ.." അനുവാണ്. "ഞങ്ങള് രണ്ട് പേരും തമ്മിൽ എന്താ..ബാക്കിയും കൂടി പറയെടി ഊളെ.." "അതും ഇനി ഞങ്ങള് തന്നെ പറഞ്ഞു തരണോ.. ഞങ്ങൾ എല്ലാം കണ്ടു നൂറാ.. ഷാനുക്ക നിന്റെ കയ്യിൽ പിടിച്ചു വലിച്ചതും നീ ഷാനുക്കന്റെ ദേഹത്ത് ചേർന്ന് നിന്നതുമൊക്കെ കണ്ട കാര്യമാ ഞങ്ങൾ പറഞ്ഞത്. സത്യം പറയാലോ നൂറാ..നല്ല ചേലുണ്ടായിരുന്നു നിങ്ങളെ ആ നിൽപ്പ് കാണാൻ.. ഹു..ഹൂ..വെരി റൊമാന്റിക് സീൻ..." "അസി പറഞ്ഞത് ശെരിയാ നൂറാ..നല്ല അഡാറ് കോമ്പിനേഷനാണ് ഷാനുക്കായും നീയും തമ്മിൽ.ഒരു ബാക്ക് ഗ്രൗണ്ട് മ്യൂസിക്ന്റെ കുറവ് മാത്രേ ഉണ്ടായിരുന്നുള്ളു.." അഖിയാണ്.

"ഈ റൊമാന്സ് കളി ഇങ്ങനെ തുടരാനാണ് പ്ലാൻ എങ്കിൽ നമ്മക്ക് വല്ല ഹിന്ദി സീരിയലിലും ചാൻസ് ഉണ്ടോന്ന് നോക്കാം.എന്താ നൂറാ..?" അജുവാണ്. "കഴിഞ്ഞോ..? എല്ലാരുടെയും വക കമന്റ്‌സ് കഴിഞ്ഞോന്ന്... അല്ല ഇനി എന്തേലും ബാക്കി ഉണ്ടേൽ അതും കൂടി പറയെടി.." "അങ്ങനെ ചോദിച്ചാൽ പറയാൻ മാത്രേ ഉള്ളു നൂറാ.. ഏതിനെ കുറിച്ചാ പറയേണ്ടത്.. നിന്റെയും ഷാനുക്കന്റെയും റൊമാൻസ് കളിയെ കുറിച്ചോ അതോ നേരത്തെ നീ നടത്തിയ അത്യുഗ്രൻ ആക്റ്റിങ്ങിനെ കുറിച്ചോ.." സിനുവാണ്. "എന്നാലും നൂറോ.. അന്നെ സമ്മതിച്ചു തന്നിരിക്കുന്നു.. എന്തൊരു കള്ളത്തരാടി അന്റെ കയ്യിൽ സ്റ്റോക്ക് ഉള്ളത്.. ഇന്നത്തെ നിന്റെ അഭിനയം വെച്ച് നോക്കിയാൽ ജയഭാരതി പോലും തോറ്റു പിന്മാറി പോകുമല്ലോടി.." അനുവാണ്. "ഒന്നു നിർത്തുന്നുണ്ടോ നിങ്ങള്..അഞ്ചും കൂടി ഓരോ സൈഡിന്ന് എന്റെ ഇറച്ചി തിന്നാണല്ലോ.. ആ തെണ്ടീന്റെ കയ്യിൽ നിന്നും രക്ഷപെട്ടു ഒന്ന് പുറത്തിറങ്ങിയതേയുള്ളു..അപ്പോഴേക്കുംകറക്റ്റ് ആയി നിങ്ങള് തുടങ്ങിക്കോണം ഒറ്റ ഒരെണ്ണം മിണ്ടി പോവരുത്.നിങ്ങളൊക്കെ കാരണമാ എനിക്ക് ഇന്ന് ഇങ്ങനെ ചെയ്യേണ്ടി വന്നത്.എനിക്ക് punshmnt വാങ്ങി തരാൻ എന്തോരു ഉത്സാഹമായിരുന്നു എല്ലാത്തിനും.

ഇപ്പൊ തൃപ്തിയായല്ലോ.സന്തോഷായല്ലോ മരപ്പട്ടികളെ നിങ്ങക്ക്.. എന്റെ കോലം നോക്കെടി അസീ.. ഇനി എങ്ങനെയാ ഞാൻ ക്ലാസ്സിൽ ഇരിക്കാ..എപ്പോഴാ ഇതൊക്കെയൊന്നു ഉണങ്ങി കിട്ടാ.. ഇങ്ങനെയുള്ള ശവങ്ങളെയാണല്ലോ റബ്ബി നീ എനിക്ക് കൂടെ കൂട്ടാൻ തന്നത്.." "ഹ..ഹ.ഹാ..നിന്റെ കയ്യിലിരിപ്പ് കൊണ്ടല്ലേ..നീ ചോദിച്ചു വാങ്ങിയതല്ലേ.. ബോധക്കേടിനുള്ള മരുന്ന് കൊണ്ട് വരാന്ന് ഷാനുക്ക പറഞ്ഞപ്പോൾ അത് ഒരു ബക്കറ്റ് വെള്ളം ആവുംന്ന് ഞങ്ങള് കരുതിയില്ല.ഹി..ഹി.." "എടീ മൂദേവി അസീ..ഞാൻ വിചാരിച്ചത് ഈ അടുത്തായി ഞാൻ ഒരു കൊല നടത്തുന്നുണ്ടെങ്കിൽ അത് ആ തെണ്ടീനെ ആയിരിക്കുമെന്നാ..അത് മിക്കവാറും നീയായി മാറ്റി തരും.അവന്റെ ഡെഡ് ബോഡി എടുക്കുന്നതിന് മുന്നേ നിന്നെ ഞാൻ പരലോകത്തേക്കു കയറ്റി വിടും.പറഞ്ഞില്ലന്ന് വേണ്ട അസീ.. ഇപ്പൊ എവിടുന്ന് വന്നെടി നിങ്ങൾക്കൊക്കെ ഒരു ഷാനുക്കാ.. എപ്പോഴാടി നിനക്കൊക്കെ ആ തെണ്ടീ ഇക്കയായത്.എനിക്ക് അവനുമായി യാതൊരു ബന്ധവുമില്ലെങ്കിൽ പിന്നെ നിങ്ങൾക്ക് എങ്ങനാ ആ തെണ്ടി ഇക്ക ആയത്.പറയെടാ..

ഇനിയും ഷാനുക്കാന്ന് വിളിച്ചോണ്ട് അവൻറെ പിറകെ ചെല്ലാനോ കിന്നരിക്കാനോ അതല്ല എനിക്കിട്ടു പണിയാൻ ആ തെണ്ടിന്റെ ഒപ്പം നിൽക്കാനാണ് ഭാവമെങ്കിൽ പിന്നെ എല്ലാത്തിനെയും ഞാനെന്താ ചെയ്യാന്ന് എനിക്ക് തന്നെ അറിയില്ല.സകലതിനെയും ചവിട്ടി കൊല്ലും." ***** "പ്ലീസ് നൂറാ.. നീയൊന്നു പറഞ്ഞു നോക്ക്.നീ പറഞ്ഞാൽ അസ്‌ന അനുസരിക്കും.അതെനിക്ക് ഉറപ്പാ.." "അതെന്താ തനിക്ക് അത്രയും ഉറപ്പ്.." "ഹാ..അതൊക്കെയുണ്ട്.നീ പറയണം.നീ പറഞ്ഞാലേ അസ്‌ന കേൾക്കൂ. പിന്നെ മറ്റൊരു വിധത്തിൽ പറഞ്ഞാൽ എന്റെയും അസ്‌നന്റെയും കാര്യം ശെരിയാക്കി തരേണ്ടത് നിന്റെ ചുമതല കൂടിയാണ്.നീ എന്തായാലും അത് ചെയ്തു തരണം. കാരണം നീ ആണല്ലോ ആദ്യം തന്നെ എന്റെ കാര്യം പൊളിച്ചടക്കി തന്നത്. പണ്ട് തൊട്ടേയുള്ള ഇഷ്ടാണ് നൂറാ.. അവൾടെ ഇക്കാക്കാന്റെ കൂടെ പലപ്പോഴായി ഞാൻ അവിടേക്ക് പോയി കൊണ്ടിരുന്നത് അസ്‌നനെ കാണാൻ വേണ്ടിയുള്ള ഉദ്ദേശത്തിൽ മാത്രമായിരുന്നു.പക്ഷെ അവൾക്ക് അതൊന്നും അറിയില്ല..

ഒടുക്കം എന്റെ മനസ് വായിച്ചെടുത്ത പോലെ അസിന്റെ ഇക്കാക്ക ഈ പ്രൊപോസൽ കൊണ്ട് വന്നപ്പോൾ എനിക്ക് ലോകം തന്നെ കീഴടക്കിയ സന്തോഷമുണ്ടായിരുന്നു.അപ്പോഴും അവളുടെ അഭിപ്രായം എന്താണെന്ന് അറിയാനുള്ള ആകാംഷയായിരുന്നു എനിക്ക്.എന്റെ വേവലാതി അവൾടെ ഇക്കാക്കാനോട്‌ ഞാൻ തുറന്നു പറയേം ചെയ്തു. അപ്പൊ മൂപ്പര് പറഞ്ഞത് എന്നെ എന്തായാലും അവൾക്ക് ഇഷ്ടപ്പെടും,അങ്ങനെ ഒറ്റ നോട്ടത്തിൽ തന്നെ വേണ്ടാന്ന് പറയാൻ തക്ക വിധത്തിൽ കുറവൊന്നും എനിക്കില്ലാ എന്നാണ്. ശെരിയല്ലേ..അതിനുമാത്രം എനിക്ക് യാതൊരു കുറവും ഇല്ലല്ലോ. നമ്മളെ കുഞ്ഞിക്കാന്റെ അത്രയും സൗന്ദര്യമുണ്ട് എനിക്ക്.ഷാരൂഖ് ഖാൻറ്റെ അത്രക്കും വരില്ലെങ്കിലും ഒരു പത്ത് പേരുടെ മുന്നിൽ കട്ടക്കു പിടിച്ചു നിൽക്കേണ്ട മസ്സിൽ ബോഡിയില്ലെ എനിക്ക്.. അസ്‌നക്കു നല്ല വെളുപ്പ് നിറം ഉള്ളതോണ്ട് അവക്ക് വേണ്ടി കഷ്ടപ്പെട്ടു ഉണ്ടാക്കിയതാ എന്റെ ഈ തൊലി വെളുപ്പ്.ഇതിനു വേണ്ടി ഒരു മാസത്തേക്ക് ഫെയർലോവേലി,കുങ്കുമപ്പൂവ്ന്നൊക്കെ പറഞ്ഞ് എന്തോരം പണമാണ്‌ ഞാൻ മുടക്കുന്നതെന്ന് നിനക്ക് അറിയോ..

എന്നിട്ടും എന്ത് പ്രയോജനം.ചീട്ട് കൊട്ടാരം പോലെ ഒറ്റ നിമിഷം കൊണ്ടല്ലേ എന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും നീ തകർത്തത്.എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്നെന്നോ അന്ന് അസ്‌നനെ പെണ്ണ് കാണാൻ വരുമ്പോൾ എനിക്ക് ഉണ്ടായത്. അകത്ത് കയറി നിന്നെ കണ്ടപ്പോൾ തന്നെ പ്രതീക്ഷകൾക്കൊപ്പം എന്റെ പാതി ജീവനും പോയി കിട്ടിയതാ..പിന്നെ അന്നത്തെ നിന്റെ ബാക്കി പെർഫോമൻസും കൂടി ആയപ്പോൾ എനിക്ക് ഇനി അസിനെ ഒരിക്കലും കിട്ടില്ലാന്ന് തന്നെ ഉറപ്പായി. എല്ലാം നീ കാരണമാ.. നിനക്കോ ഷാനുനെ വേണ്ടാ.എന്ന് കരുതി അസ്‌നയും ഞാനും ഒന്നിക്കാൻ പാടില്ലെന്നാണോ..ബല്ലാത്ത ജാതി തന്നെ നൂറാ നീ.. നീ ഷാനുന്റെ സ്നേഹം അംഗീകരിക്കാത്തതു നന്നായി.അങ്ങനെ വല്ലതും സംഭവിച്ചിരുന്നേൽ കെട്ടു കഴിഞ്ഞു രണ്ടാം ദിവസം തന്നെ ഷാനുന്റെ ബോഡി തൂക്കി എടുക്കേണ്ടി വന്നേനെ.."

നമ്മളെ പേടിത്തൊണ്ടൻറ്റെ ഒടുക്കത്തെ സെന്റിയടിയും ബാക്കി ഡയലോഗുമൊക്കെ കേട്ടു നമ്മളെ കണ്ണു രണ്ടും തള്ളിപ്പോയി.ഈ ചെക്കൻ ഇതെന്തൊക്കെയാ പറയുന്നെന്ന് അറിയാതെ നമ്മള് അന്തം വിട്ടു ഓന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. "ഇങ്ങനെ വായും പൊളിച്ചു നിൽക്കാനല്ല ഞാൻ പറഞ്ഞത്.എന്റെ കാര്യമൊന്നു ശെരിയാക്കി തരാനാ.." "ഞാൻ എന്ത് ചെയ്യണമെന്നാ എലി പറയുന്നത്..." "എന്ത് ചെയ്തിട്ട് ആയാലും വേണ്ടില്ല..അസ്‌നന്റെ മനസ്സൊന്നു മാറ്റി തരണം.കാര്യം അവക്ക് എന്നെ ഇഷ്ടാണ് എന്നാണ് എന്റൊരു ഇത്.. എന്നാലും അവള് അത് സമ്മതിച്ചു തരുന്നില്ല.ഹാ..അവളെ പറഞ്ഞിട്ടും കാര്യമില്ല..നിന്നെ ചേർന്നല്ലെ നടക്കുന്നത്..നീ ഷാനുനെ ഇട്ട് വട്ടം കറക്കുന്നത് പോലെത്തന്നെ എന്നെയും ചെയ്യാമെന്ന് അവള് കരുതിയിട്ടുണ്ടാവും."

"ഡോ എലി..താൻ എന്റെ കയ്യിന്ന് വാങ്ങിക്കും.അധികം വാചകം അടിക്കാൻ നിന്നാലേ അസ്‌നനെ ഒരിക്കലും തനിക്ക് കിട്ടാത്ത വിധത്തിൽ ആക്കി വെക്കും ഞാൻ ബാക്കി കാര്യങ്ങൾ..." "ചതിക്കരുത് നൂറാ..ഞാൻ പറഞ്ഞതൊക്കെ ഞാൻ തിരിച്ചെടുത്തിരിക്കുന്നു.പ്ലീസ് നൂറാ.. താൻ എനിക്ക് ഈയൊരു ഹെല്പ് ചെയ്തു തരണം. അസിനെ എനിക്ക് അത്രയും ഇഷ്ടാണ്.അതോണ്ടാ.. പെട്ടെന്ന് നിക്കാഹ് നടത്തുംന്നുള്ള പേടിയിലാ അവള് എന്റെ പ്രൊപോസൽ ക്യാൻസൽ ചെയ്യാൻ നോക്കുന്നത്.അവൾടെ ഇക്കാക്കാനോട്‌ ഞാൻ സംസാരിക്കാം.അവളുടെ പഠിത്തം കഴിഞ്ഞു നിക്കാഹ് മതിയെന്ന് പറയാം.അതിനു മുന്നേ ഇപ്പൊ ജസ്റ്റ്‌ ഒന്നു ഉറപ്പിച്ചു വെക്കാനാടോ.... അവൾടെ ആഗ്രഹം പോലെതന്നെ അവള് തുടർന്ന് പഠിച്ചോട്ടേ..താൻ ഒന്നു സംസാരിച്ചു അസ്‌നനെ കൺവീൻസ് ചെയ്തു തരണം.പ്ലീസ്.." "ഹാ..അതൊക്കെ ഞാൻ ശെരിയാക്കി തരാം.But one condition.. " "എന്താ അത്. എനിക്ക് താങ്ങാൻ പറ്റാത്ത വല്ലതും ആണേൽ പറയരുത്. നിന്റെ സ്വഭാവം നന്നായി അറിയുന്നോണ്ടാ. "

"ഓക്കേ. അങ്ങനാണേൽ വേണ്ടാ.നമുക്ക് ഈ ടോപ്പിക്ക് വിടാം. " "ഹേയ്. അങ്ങനെ പറയല്ലേ.താൻ പറ എന്താ കണ്ടിഷൻ.എനിക്ക് പറ്റുവാണേൽ നോക്കാം. " "ഹാ..അസ്‌നന്റെ മാറ്റർ ഞാൻ പെട്ടെന്ന് തന്നെ ഇയാക്ക് അനുകൂലമാക്കി തരാം. അതിനു മുന്നേ ആ തെണ്ടീനെയും കൂട്ടി താൻ ഇവിടുന്നു പോണം. ഐ മീൻ രണ്ട് പേരുടെയും പ്രൊജക്റ്റ്‌ ക്ലാസ്സ്‌ ഡിസ്മിസ്സൽ ചെയ്തു എത്രയും പെട്ടെന്ന് തന്നെ നിങ്ങള് കോളേജ് വിടണം. ഞങ്ങളെ ഫ്രീയാക്കി തരണമെന്ന്.. അടിച്ചു പൊളിച്ചു തീർക്കാനുള്ള ഞങ്ങളെ വെക്കേഷൻ ടൈം വേസ്റ്റ് ചെയ്യാൻ വേണ്ടി ഒരു ഒലക്കമ്മേലെ പ്രൊജക്ടും കൊണ്ട് വന്നിരിക്കുന്നു തെണ്ടീ. എന്താ പറ്റോ.. ഞാൻ പറഞ്ഞത് തനിക്ക് ചെയ്യാൻ പറ്റുവാണെങ്കിൽ താൻ പറഞ്ഞത് ഞാനും ചെയ്യാം." "അത് നൂറാ..ഈ കാര്യം പറഞ്ഞാൽ ഷാനു കേൾക്കോ.. ഞാൻ പറഞ്ഞാൽ അവൻ ഇത് ഉപേക്ഷിച്ചു പോകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.. ഇതവൻ നിനക്ക് വേണ്ടിയല്ലേ... " "എനിക്ക് വേണ്ടിയോ..എനിക്ക് ഇതിന്റെയൊക്കെ ആവശ്യമുണ്ടെന്ന് ഞാൻ പറഞ്ഞോ അവനോട്..

അഥവാ ഉണ്ടെങ്കിൽ തന്നെ എനിക്ക് അവൻറെ ക്ലാസ്സൊന്നും വേണ്ടാ.. തനിക്ക് വയ്യെങ്കിൽ വേണ്ടാ.വിട്ടേക്ക്.കൂടെ അസ്‌നനെയും മറന്നേക്ക്.. " "അള്ളോഹ്.. താൻ എന്താടോ നൂറാ ഇങ്ങനെ.ഇതുപോലെ ചങ്കിൽ കൊള്ളുന്ന വർത്താനം പറയല്ലേട്ടോ. ഞാൻ ശ്രമിക്കാം.പക്ഷെ ഈ പ്രൊജക്റ്റ്‌ ക്ലാസ്സ്‌ ക്ലോസ് ചെയ്തു അവൻ ഇവിടുന്നു പോയാലും നിന്നെ വിട്ടു അവൻ പോവില്ല നൂറാ.നീ എവിടെ ചെന്നാലും അവിടൊക്കെ ഷാനു ഉണ്ടാവും " "എന്നാലെ കൂട്ടുകാരന്റെ ബോഡി താഴ്ത്തി വെക്കാൻ വേണ്ടി താനൊരു കുഴി തോണ്ടി വച്ചോ.. " അതും പറഞ്ഞു നമ്മള് അവിടുന്ന് തിരിഞ്ഞു നടക്കുമ്പോഴും ഡാഷ് പോയ അണ്ണാൻറ്റെ അവസ്ഥയിൽ എലി തൊള്ളയും തുറന്നു നമ്മളെ തന്നെ നോക്കി നിൽപ്പുണ്ടേന്നു. നമ്മള് റിയൽസിന്റെ അടുത്തേക്ക് എത്തുന്നതിന് മുന്നേ തന്നെ അസി തുടങ്ങി നമ്മളെ ഇട്ട് ചോദ്യം ചെയ്യാൻ. "എന്താടി അവന് നിന്നോട് മാത്രമായി സംസാരിക്കാൻ ഉണ്ടായത്.ഞങ്ങൾ എല്ലാവരും കൂടി ഇവിടെ നിന്ന് വർത്താനം പറയുമ്പോൾ അവൻ നിന്നെ മാത്രം വിളിച്ചോണ്ട് പോയത് എന്തിനാ.. "

കയ്യിലെ നഖവും കടിച്ചോണ്ട് നമ്മളെ നോക്കി കണ്ണുരുട്ടി കൊണ്ടുള്ള അസിന്റെ ചോദ്യം കേട്ടപ്പോഴെ നമ്മള് ചിരിച്ചു മയ്യത്ത് ആവാൻ തുടങ്ങി. "ഇത്രക്കും ചിരിക്കാൻ ഞാൻ എന്താടി ഇവിടെ തുണി ഇല്ലാണ്ട് നിക്കുവാണോ.. കാര്യം പറയെടി കൂതറെ.. " അസിന്റെ മഹാകാളി രൂപം കണ്ട് നമ്മക്ക് വീണ്ടും ചിരി കൂടുകയാണ് ചെയ്തത്.ഒടുക്കം അവള് നമ്മളെ പിച്ചി മാന്താൻ തുടങ്ങിയപ്പോ ചിരിയൊക്കെ ഒന്നു ഒതുക്കി നിർത്തി മ്മള് കാര്യങ്ങളൊക്കെ മൊത്തത്തിൽ റിയൽസിനോട് പറഞ്ഞു കൊടുത്തു. "കേട്ടോടി.. ഇതൊക്കെ തന്നെയാ കാര്യങ്ങൾ.. ഹൂ പെണ്ണിന്റെയൊരു അസൂയ നോക്കിയേ. നിന്റെ എലി തൊണ്ടനെ ഞാനൊന്നും തട്ടി എടുക്കാൻ പോകുന്നില്ല." ഇതൊക്കെ കേട്ടതിനു ശേഷമാണ്‌ അസിന്റെ മുഖത്തൊരു തെളിവ് വന്നത്. "അല്ലേലും നിനക്ക് എന്തിനാ ആ പേടിത്തൊണ്ടനെ.. അഥവാ നിനക്ക് അങ്ങനെ വല്ല പൂതിയും ഉണ്ടേൽ അസി നിന്നെ തട്ടുന്നതിന് മുന്നേ ആ സൽകർമ്മം ഞാൻ അങ്ങട് നിർവഹിക്കും. നിനക്ക് വേണ്ടി ഷാനുക്ക ഉണ്ട്. ഷാനുക്കാനെ അല്ലാതെ വേറെ ആരെയും നീ ഇഷ്ടപ്പെടാനോ സ്നേഹിക്കാനോ പാടില്ല.കേട്ടോടി ഹംകേ.. "

"ഓ.നല്ലോണം കേട്ടു അനു തമ്പുരാട്ടി..എനിക്ക് വിശക്കുന്നു.വല്ലതും വിഴുങ്ങണേൽ വാ.ഞാൻ ക്യാന്റീനിലേക്ക് പോവാ.." ഡെയിലി മറ്റുള്ളോർടെ പോക്കറ്റ് കാലിയാക്കിയും ഹംസക്കന്റെ കയ്യിന്ന് ഓസിനു ഫുഡ്‌ അടിച്ചുമാണ്‌ മ്മക്ക് ശീലം.ഇന്നും അങ്ങനെ ചെയ്യാമെന്ന് കരുതി തന്നെയാണ് വയറു പൊരിഞ്ഞപ്പോൾ ക്യാന്റീനിലേക്ക് വെച്ച് പിടിച്ചത്.പക്ഷെ നമ്മളുടെ കച്ചറ ചങ്ക്‌സ് മ്മളെ ചതിച്ചു. ക്യാന്റീനിൽ കണ്ടതും കേട്ടതുമൊക്കെ മൊത്തത്തിൽ വാരി വലിച്ചു കയറ്റി ഒടുക്കം ബില്ല് നമ്മളെ തലയിൽ കൊണ്ടിട്ടു.അതിലെ റുപ്പീസ് കണ്ട മ്മക്ക് മർമ്മ സ്ഥാനത്തേക്ക് അടി കിട്ടിയ ഫീൽ ആയിരുന്നു.മ്മള് അതും കയ്യിൽ പിടിച്ചോണ്ട് കണ്ണും തള്ളി അതിനെ തിരിച്ചും മറിച്ചും നോക്കി കൊണ്ടിരുന്നു.ഒടുക്കം മ്മള് സിനുനെ നോക്കി മ്മൾടെ കയ്യിൽ ഇത്രയും കാശ് ഒന്നും ഇല്ലാന്ന് പറഞ്ഞ് കൈ മലർത്തി കാണിച്ചു. "സാരല്യ.ഉള്ളത് കൊടുത്താൽ മതി.ബാക്കി പിന്നെ കൊടുക്കാം.ഇപ്പോ ഞങ്ങള് പോ

നീ കാശും കൊടുത്തു പതിയെ വരാൻ നോക്ക്ട്ടാ.." എന്ന് പറഞ്ഞ് സിനുവും കൂടെ ബാക്കി നാല് ശവങ്ങളും നമ്മളെ നോക്കി ഇളിച്ചു കൊണ്ട് കൈ വീശി ടാറ്റാന്നും ആങ്ങിയം കാണിച്ചു കൊണ്ട് ക്യാന്റീനിൽ നിന്നും ഇറങ്ങിപ്പോയി. നിറ കണ്ണുകളോടെ അല്ലെങ്കിലും അവര് പോകുന്നതും നോക്കി നമ്മള് അവിടെ തന്നെ ഇരുന്നു.അഞ്ചും കൂടി ഒരു മുട്ടൻ പണി തന്നെയാണ് നമ്മക്ക് തന്നിട്ട് പോയത്.എന്ത് ചെയ്യാം.ഫ്രണ്ട്‌സ് ആയി പോയില്ലേ.ഇനി ഏതായാലും പൈസ കൊടുക്കാതെ പോവാൻ കഴിയില്ലല്ലോന്ന് കരുതി നമ്മള് നമ്മളുടെ പേഴ്സ് കാലിയാക്കാൻ തന്നെ തീരുമാനിച്ചു.

പണ്ടേ മ്മക്ക് കാശ് ചെലവ് ചെയ്യാൻ മടിയാണ്.അതാണ് മ്മക്ക് ഇപ്പോ കാശ് പുറത്തേക്ക് എടുക്കാൻ ഒരു വിഷമം.ഒടുക്കം അഞ്ചു തെണ്ടികളെയും പ്രാകി കൊണ്ട് മനസ്സില്ല മനസ്സോടെ നമ്മള് അവിടെന്നു എഴുന്നേറ്റ് ഹംസക്കന്റെ അടുത്തേക്ക് ചെന്നു. മ്മള് കാശ് നീട്ടുന്നതല്ലാതെ ഹംസക്ക അത് വാങ്ങിക്കുന്നില്ല.നമ്മളെ മുഖത്തേക്ക് തന്നെ നോക്കി പുഞ്ചിരിച്ചോണ്ട് നിൽക്കാണ് മൂപ്പര്. "എന്താ ഹംസക്കാ..ഇങ്ങളെന്നെ ആദ്യമായി കാണുന്നത് പോലെ. ഓ..മ്മള് കാശ് തരുന്നത് കൊണ്ടാണോ..അവറ്റകളൊക്കെ നമ്മളെ പറ്റിച്ചു ഹംസക്കാ.." "അതല്ല മോളെ..കാശു തന്നതാണല്ലോ.." "ഹേ..തന്നന്നോ..ആര്..എപ്പോ..?" നമ്മളൊരു ഞെട്ടലോടെ അത് ചോദിച്ചു തീരുന്നതിനു മുന്നേ ഹംസക്ക ഒരു ടേബിൾന്റെ ഭാഗത്തേക്ക്‌ കൈ ചൂണ്ടി കാണിച്ചു തന്നു. അവിടെ നമ്മളെ തന്നെ രൂക്ഷമായി നോക്കിയിരിക്കുന്ന ആ രണ്ടു കണ്ണുകൾ കണ്ടതും മ്മള് ശ്വാസം മുകളിലേക്ക് ഒരൊറ്റ വലിയായിരുന്നു........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story