💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 5

khalbil nee mathram

രചന: ഷംസീന ഫിറോസ്

 ആരാണെന്ന് നോക്കിയ മ്മളൊന്ന് വല്ലാണ്ടായി.പിന്നെയും ഓനെന്നെയാണ്.ആ പൂച്ചകണ്ണൻ നാറി.ഓൻ മ്മൾടെ അടുത്ത് വന്നിട്ട് മ്മളെ വണ്ടിൽ കയ്യും വെച്ച് നിന്ന് മ്മളെ നോക്കി ഇളിക്കാണ്.അപ്പൊ ഇവൻ ആള് മ്മള് വിചാരിച്ച പോലെ കലിപ്പനല്ലെ??ചിരിക്കാനൊക്കെ അറിയണ ഇനമാണ്‌.പക്ഷെങ്കിൽ ഓന്റെ ഈ ചിരി അത് മ്മക്ക് ഇട്ട് താങ്ങാൻ ഉള്ളതാണ്.മ്മളോടു ള്ള പുച്ഛവും പരിഹാസവും ഓന്റെ ആ ചിരിയിൽ മ്മക്ക് കാണാം.മ്മള് ആകെ നാറിയല്ലോ റബ്ബി!!എന്തൊക്കെയാർന്നു ഈ വണ്ടിക്ക് വേണ്ടി മ്മൾടെ പൂരപ്പാട്ട്.ഇനി തന്ന കാശ് തിരിച്ചു മേടിക്കാൻ ആണോ??ഏയ്,ന്താ നൂറ ഇയ്യ് ചിന്തിക്കണത്.മ്മള് എന്തേലും പറയണ്ടേ.ഇങ്ങനെ നിന്ന് ചമ്മാനൊന്നും നൂറാനെ കൊണ്ടാവൂല.മ്മള് ന്താ പറയാന്ന് ആലോചിക്കണയിന് മുന്നേ ഓന്റെ ചോദ്യം: "എന്തേയ്??അംബാനിടെ മോൾടെ ബെൻസ് സ്റ്റാർട്ട്‌ ആവണില്ലേ??" എന്ന് ചോദിച്ചോണ്ട് ആ പഹയൻ ഓന്റെ മൂക്കത്ത് വിരലും വെച്ചോണ്ട് കിണിക്കാണ്. കൊരങ്ങൻ,കാട്ടുപോത്ത്.ഓന്റെ മോന്ത മ്മക്ക് ആദ്യേ പിടിച്ചിട്ടില്ല.

ഇപ്പൊ ഓന്റെ ഡയലോഗും ചിരിയുമൊക്കെ കൂടിയപ്പോ മ്മക്ക് തല പെരുക്കണ പോലെയായി.പോരാത്തതിന് മഴയും ചാറാൻ തുടങ്ങിയെക്കാണ്. "ഡോ..തന്റെ ചങ്ങായി ഇടിച്ചിട്ടേല് ന്റ്റെ വണ്ടി സ്റ്റാർട്ട്‌ വരെ ആവാണ്ട് ആയി.ഇനി ഇത് സ്റ്റാർട്ട്‌ ചെയ്തു തന്നിട്ട് മക്കള് പോയാ മതി" മ്മള് ഈ വർത്താനം പറഞ്ഞിട്ടും നാറി കൊലച്ചിരി മതിയാക്കിട്ടില്ല.ഓന്റെ മറ്റോനാണെങ്കിൽ പുറകിന്ന് ഇപ്പോളും മരണ ഹോൺ അടിയാണ്. "മോളെ... ഓഹ്!!സോറി..ഇപ്പൊ താൻ ചോദിക്കും,ഞാൻ എപ്പോഴാ അന്റെ മോളായതെന്ന്.സൊ അത് വേണ്ട.ഡീ ഭദ്രകാളി,നിന്റെ വണ്ടി മയ്യത്ത് ആയിന്ന് മ്മള് നേരത്തെ പറഞ്ഞതാണ്.ഈ പണ്ടാറത്തിനെ എടുത്ത് മാറ്റെടീ,ഇല്ലേൽ ഞാൻ ചവിട്ടി റോഡിന് പുറത്തേക്കിടും." ഇത് ഉള്ള കലിപ്പ് മൊത്തം പുറത്തെടുത്തോണ്ട് ആണ് ഓൻ മ്മളോട് പറഞ്ഞത്.ഞാനേ കലിപ്പത്തിയാണ്.ഇവൻ അതിനേക്കാളും മേലെയാണല്ലോ. ഓനോട്‌ മ്മക്ക് വന്ന ദേഷ്യം മുഴുവനും മ്മള് മ്മടെ വണ്ടിയോടാണ് കാട്ടിയത്.മ്മള് ഓന്റെ ഓരോ ഡയലോഗിനും വണ്ടിന്റെ ആക്സിലേറ്ററിൽ പിടിച്ചു തിരിക്കാണ്

.അത്രക്കും കലിപ്പ് മ്മടെ ദേഹത്ത് കേറിയിട്ടുണ്ട്.ഓനോട്‌ ഒരു വർത്താനം പറയാൻ വാ തുറക്കുമ്പൊഴേക്കും മ്മടെ വണ്ടി സ്റ്റാർട്ട്‌ ആയെക്കണ്.അൽഹംദുലില്ലാഹ്.എങ്ങനെ സ്റ്റാർട്ട്‌ ആവാണ്ട് ഇരിക്കും.അമ്മാതിരി തിരിക്കലല്ലേ മ്മള് പിടിച്ച് തിരിച്ചതു.ആ നാറിടെ മോത്ത് കലിപ്പ് ആണേലും മ്മളോട് ഉള്ള പുച്ഛവും കാണാം.എവടെന്നാണാവോ ഓരോന്നിന്റ്റെയൊക്കെ വരവ്.എല്ലാം കറക്റ്റ് ആയി മ്മടെ നേർക്കെന്നെ എത്തിക്കണോട്ടോ റബ്ബേ നീ.ആരെയാണാവോ രാവിലെ കണി കണ്ടത്??? മ്മള് വന്ന ദേശ്യോക്കെ ഒന്ന് കടിച്ചമർത്തി ഓന്റെ മോത്തേക്ക് നോക്കി നന്നായി പുഞ്ചിരിച്ചോണ്ട് പറഞ്ഞു: "ഡോ.. ന്റ്റെ ബെൻസ് സ്റ്റാർട്ട്‌ ആയെക്കണ്.മ്മക്ക് തീരെ ടൈമില്ല.മ്മള് വിടുവാട്ടോ.വരട്ടെഡോ പൂച്ചകണ്ണൻ തെണ്ടീ" ഓൻ മ്മളെ നോക്കി പല്ലിറുമ്പികൊണ്ട് ഡീ ന്നൊരലർച്ചയാർന്നു.അപ്പോൾത്തെ ഓന്റെ മുഖം കാണണം.

തിളച്ച എണ്ണയിൽ കെടക്കണ പഴത്തിന് വരെ ഇത്രേം പൊരിപ്പ് കാണൂല.ഓന്റെ അടുത്ത മാസ്സ് ഡയലോഗ് ന് ചെവി കൊടുക്കാണ്ട് മ്മള് അവിടുന്ന് പറപ്പിച്ചു വിട്ടു.പെരുമഴക്ക് മുന്നേ കൂടണയണമല്ലോ.മ്മള് വണ്ടി അനുന്റെ വീട്ടിൽ വെച്ചിട്ട് മ്മടെ വീട്ടിലേക്ക് നടന്നു പോവാന്ന് വിചാരിച്ചതാണ്.ഒരു വളവിന്റ്റെ ദൂരെ ഉള്ളൂ മ്മടെ വീട് തമ്മിൽ.പക്ഷെ മഴ ആയോണ്ട് നേരെ മ്മളെ വീട്ടിലേക്ക് തന്നെ വിട്ടു.വീടിന്റെ ഗേറ്റ് കടക്കണയിനു മുന്നേ തന്നെ ഇപ്പച്ചി കോലായിലേക്കിറങ്ങിട്ടുണ്ട്.ഓൾടെ വണ്ടിക്ക് അത്രക്കും സൗണ്ട് കൊറവ് ആണേ.മ്മള് പതിയെ വണ്ടി സൈഡ് ആക്കി അതിൽ നിന്നും ഇറങ്ങി.ചെറുങ്ങനെയൊന്നു നനഞ്ഞിട്ടുണ്ട്. "ന്താ മോളെ നൂറ ഇയ്യ് ഇന്ന് നേരത്തെ.അല്ലേൽ ആറര മണിയാവാണ്ട് വീട്ടിൽക്ക് ചേരാത്ത ആളാണ് ഇന്ന് ആറു മണിക്ക് മുന്നേ എത്തിയെക്കണത്.എന്തേയ് അന്റെ വാച്ച് തെറ്റിപ്പോയോ." ഇതാണ് മ്മടെ പുന്നാര ഇപ്പച്ചി.അല്ല,ഇങ്ങളൊക്കെ എന്ത് മനുഷ്യന്മാരാ.ഇങ്ങള് ന്റ്റെ വീട്ടുകാരെ പരിചയപ്പെട്ടോ??ഇങ്ങളാരേലും എന്തേലും ചോയിച്ചോന്ന്???

വേണ്ട.ഇനി ഇങ്ങള് ചോദിക്കാൻ നിന്നാൽ മ്മള് പറയലുണ്ടാവൂല.അതോണ്ട് മ്മളെന്നെ പറയാം. ഇപ്പൊ മ്മളോട് വിവരം തിരക്കിയ ആളാണ് ന്റ്റെ ഉപ്പച്ചി.അബൂബക്കർ ഹാജി.ഇവിടെ അടുത്തുള്ള ടൗണിൽ ഒരു സൂപ്പർ മാർക്കറ്റ് നടത്താണ്.ആളൊരു ദേഷ്യക്കാരനാണേലും മ്മൾടെ അടുത്ത് പെട്ടെന്നൊന്നും ചൂടാവൂല.പിന്നെ മ്മള് അതിനപ്പുറത്തെ ചൂട് കാണിച്ചു കൊടുക്കും.മ്മള് ഇപ്പച്ചിക്ക് നല്ലൊരു പുഞ്ചിരിയും കൊടുത്തോണ്ട് "എന്തേയ് ഇപ്പച്ചി നേരത്തെ പോന്നെ" എന്നൊരു മറു ചോദ്യാർന്നു. "അതൊന്നുല്ല നൂറോ,വയ്യ.ചെറിയൊരു തലവേദന.കട മൊയ്‌ദീനെ ഏൽപ്പിച്ചു ഞാനിങ്ങ് പോന്നു." "ഹോ..അപ്പൊ അതാണ്‌.തലവേദന വീണ്ടും കൂടിയെക്കാണ്.ഇങ്ങളോട് എത്ര തവണ പറഞ്ഞതാ ഇപ്പച്ചിയെ ഹോസ്പിറ്റലിൽ പോവാൻ.കേൾക്കണ്ടാട്ടോ,ഒന്നും അനുസരിക്കേ വേണ്ട.ഇനി നൂറ ഇങ്ങളടുത്ത് ഒന്നും പറയണില്ല." "ഇയ്യ് വന്നോ നൂറ.. എന്തേയ് കോട്ട് എടുത്തില്ലേ.ആകെ നനഞ്ഞെക്കാണല്ലോ" ഇത് മ്മടെ സ്വീറ്റ് മദർ ഹസീന അബൂബക്കർന്റ്റെ എൻട്രി ഡയലോഗ് ആണ്.ആള് വെറും തൊട്ടാവാടിയാണ്.ചിലപ്പോ ഈ ഉമ്മിക്ക് പിറന്നതാണോ ഞാൻ ന്ന് വരെ കൊറേ ജന്തുക്കൾ ചോദിച്ചിട്ടുണ്ട്. അത്രക്കും പാവം.

ശെരിക്കു പറഞ്ഞാൽ ഒരു പാവം കോഴിക്കോട്ടുകാരി.പണ്ട് കച്ചവടത്തിനു പോയ മ്മടെ ഇപ്പച്ചി മലപൊർത്തേക്ക് അടിച്ചോണ്ട് വന്ന സാധനം.ചുരുക്കി പറഞ്ഞാൽ ഇവരുടെത് ലവ് മാര്യേജ് ആയിരുന്നു.ഇമ്മച്ചി ഇവിടേക്ക് ലാൻഡ് ആയതിനു ശേഷം ഇമ്മച്ചിന്റ്റെ ഫാമിലിയും ഏറെക്കുറെ ഇങ്ങോട്ടേക്കു ഷിഫ്റ്റ്‌ ആയതാണ്. "ഇല്ലുമ്മച്ചിയെ,രാവിലെ തെരക്കിട്ടിറങ്ങിയോണ്ട് കോട്ട് എടുക്കാൻ മറന്നു പോയതാണ്.പിന്നേയ് ഇമ്മച്ചിയെ ഞാൻ പറഞ്ഞതല്ലേ ഇപ്പച്ചിനെ ഹോസ്പിറ്റലിൽക്ക് കൂട്ടിപ്പോവാൻ.എന്നിട്ടെന്തേയ്‌???" "നല്ല കഥയാണ്.ഇന്റുപ്പച്ചിന്റ്റെ സ്വഭാവം അനക്ക് അറിയണതല്ലേ" "പ്പച്ചിയെ,ഇങ്ങള് പറഞ്ഞത് അനുസരിച്ചോളി.നാളെ ശനിയാഴ്ചയല്ലേ.ഞാൻ വരണുണ്ട്. ന്റ്റെ കൂടെ പോന്നാൽ മതി." "അതൊന്നും വേണ്ട നൂറോ, അയിന്റെ ഒന്നും ആവശ്യമില്ല.ഇത് ചെറിയൊരു തലവേദനയാണ്." "അത് ഇങ്ങളല്ല തീരുമാനിക്കേണ്ട്.ഇന്റെ അറിവിൽ ഇങ്ങള് എംബിബിസ് പാസ്സ് ആയതൊന്നുമല്ല.ഇനി അങ്ങനെ വല്ലതും ആണോ???" "ന്റ്റെ നൂറ, അന്നോട് വാ തൊറക്കാൻ മ്മള് ഇല്ലേയ്‌"

"എന്നാ ഇങ്ങള് പോയി അകത്തിരുന്നാട്ടെ.വയ്യാണ്ടാവുമ്പോൾ എന്തിനാ ഇങ്ങനെ ഇറങ്ങി നടക്കണെ?" "ഇയ്യ് എന്നെ ഇപ്പഴേ അങ്ങനെ വയസ്സനാക്കണ്ട" "മതി മതി ഇപ്പച്ചിന്റെയും മോൾടെയും വർത്താനം. നൂറ, ഇയ്യ് കേറിയാട്ടെ.ആകെ നനഞ്ഞെക്കാണ്.മാറ്റിയിട്ട് പോര്.കഴിക്കാനെടുക്കാം." മ്മള് അങ്ങനെ മ്മളെ റൂമിലേക്ക്‌ കേറിപ്പോയി.പെട്ടന്നെന്നെ കുളിച്ചു മാറ്റി നിസ്കാരൊക്കെ കഴിച്ച് താഴോട്ടിറങ്ങി.ഇപ്പച്ചിന്റ്റെ കൂടെയിരുന്നു കാപ്പി കുടിക്കുമ്പൊഴാണ് നാഫിടെ വിളി. "നൂറാ...." ഇത് ഇങ്ങള് കാണാത്ത കഥാപാത്രം ആണല്ലെ.ഇതാണ് മ്മള് പോന്നതിനു ശേഷം എന്റുമ്മച്ചിന്റ്റെ വയറ്റിന്ന് വന്ന സാധനം.അതായത് എന്റെ ഒരേയൊരു ആങ്ങള.പേര് നൗഫൽ.നാഫിന്ന് വിളിക്കും.ആള് ഇവിടെ കൊറച്ചകലെയുള്ള സ്കൂളിൽ പ്ലസ് വണ്ണിനു പഠിക്കാണ്.ആള് മ്മളെ പോലെത്തന്നെ കൊർച് ധൈര്യമൊക്കെ ഉള്ള കൂട്ടത്തിലാണ്.ചങ്ങായിമാരെ കൂടെ നാടു തെണ്ടി നടക്കലാണ് ഓന്റെ മെയിൻ ഹോബി.എന്നിട്ട് ഈ തോന്നണ ടൈമിലാണ് വീട്ടിൽക്ക് കേറി വരാ.അനിയൻ മാത്രല്ല,ഒരു ഇത്തുസ് കൂടിയുണ്ട് മ്മക്ക്.

നാസ്മിൻ.മ്മടെ എല്ലാർടെയും നസി.ഇന്നെക്കാളും ആറു വയസ്സിനു ഓള് മൂപ്പാണേലും മ്മള് ഇതുവരെ ഓളെ ബഹുമാനം കൊടുത്തു വിളിച്ചിട്ടില്ല.നസിന്നെ വിളിക്കുള്ളു. ഇനിക്കും നാഫിക്കും നേരെ ഒപോസിറ്റ് ആണ് നസി. വെറും പേടിത്തൊണ്ടിയാണ്. ശെരിക്കും പറഞ്ഞാൽ മ്മടെ ഉമ്മിക്ക് പറ്റിയ മോള്.അതൊക്കെ കൊണ്ട് തന്നെ കുടുംബക്കാരുടെ കണ്ണിലുണ്ണി.ഓള് ഇപ്പോൾ കല്യാണം കഴിഞ്ഞ് ഒരു കുട്ടിയായി ഇക്കാക്കാന്റ്റെ കൂടെ അങ്ങ് ഗൾഫിലാണ്.വർഷത്തിലൊരിക്കലാണ് നാട്ടിൽക്ക് ലാൻഡിംഗ്.ഇങ്ങനെ ഒരു തരക്കേടില്ലാത്ത മിഡ്‌ഡിൽ ക്ലാസ്സ്‌ ഫാമിലിയായി പോവാണ് ഈ നൂറയുടെ വിശേഷങ്ങൾ.മ്മള് എവടാ നിർത്തിയെ??നാഫിടെ വിളിയല്ലേ. "നൂറാ....." ഇവടെ ഓൻ വിളിക്കണതു കേട്ടാ... നൂറാന്ന്.മ്മള് ആർക്കും കൊടുക്കാത്ത റെസ്‌പെക്ട് മ്മക്കും തരൂലാന്ന്ള്ള തരത്തിലാണ് ഓന്റെ അവസ്ഥ.എന്നാലും വേണ്ടില്ല.മ്മളോട് നല്ല സ്നേഹുള്ളോനാണ്. ഓന്റെ കാര്യം കാണാൻ വേണ്ടിയെങ്കിലും മ്മളെ ഓൻ ഇത്തുസ് ന്ന് വിളിക്കാറുണ്ട്.പിന്നെ,ആ വിളി മ്മക്ക് തീരെ ഇഷ്ടംവുമില്ല.

അതോണ്ട് നൂറാന്ന് വിളിച്ചോട്ടെ ഓൻ. "ന്താടാ വിളിച്ചു കാറണത്" "അല്ല..അന്റെ വണ്ടിക്ക് എന്താ പറ്റിയെ.മ്മള് രാവിലെ കൊറേ ചവിട്ടി നോക്കിയല്ലോ" "അന്നോടാരാടാ ന്റെ വണ്ടിൽ ചവിട്ടാൻ പറഞ്ഞെ. അന്നോട് ഞാൻ പണ്ടേ പറഞ്ഞതാണ് അതുമ്മല് തൊട്ടുള്ള കളി വേണ്ടാന്ന്" "അയ്യടാ.. ഓൾടെ ഒരു വണ്ടി" "നൂറ, ഇയ്യ് ദേഷ്യപ്പെടാതെ.. രാവിലെ മാർക്കറ്റിൽ പോവാൻ വേണ്ടി ഞാനാ ഓനോട്‌ പറഞ്ഞത് വണ്ടിയെടുത്തോളാൻ, സ്കൂളിൽക്ക് ലേറ്റ് ആവണ്ടാന്ന് കരുതി.അപ്പൊഴല്ലെ അതിന് സൂക്കേട് ആണെന്ന് അറിഞ്ഞത്" ഉപ്പച്ചിയാണ്. മ്മളൊന്ന് നാഫിനെയും ഇപ്പചിനെയും നോക്കിട്ട് കുറച്ച് സമാധാനത്തോടെ പറഞ്ഞു: "ഇൻക്കും അറിയില്ല ഇപ്പച്ചിയെ ന്താ പറ്റിയെന്ന്. രാവിലെ മ്മളും കൊറേ നോക്കിയതാ" "ഡീ അത്രേന്നും ആയ പോരെടി അനക്ക്.അമ്മാതിരി കയ്യിലിരിപ്പാണ് അന്റെത്." ന്നും പറഞ്ഞ് നാഫി മ്മടെ മണ്ടക്കൊരു കൊട്ട് തന്നു.മ്മള് തിരിച്ചു കൊടുക്കാൻ നിന്നാൽ ഇവിടെയൊരു മൂന്നാം ലോക മഹായുദ്ധം സംഭവിക്കുമെന്ന് ഒറപ്പുള്ളോണ്ട് മ്മള് അത് കാര്യാക്കാണ്ട് അടങ്ങിയിരുന്നു.ഇപ്പച്ചിന്റ്റെ കൂടെ ഇരുന്നു കൊർച് നാട്ടുവർത്താനോക്കെ പറഞ്ഞു സമയം കളഞ്ഞു.ഇന്ന് കുട്ട്യോളെ റാഗ് ചെയ്തതും വരുമ്പോ വഴിൽ നടന്നതും എന്തിന് ആ പൂച്ചകണ്ണൻ നാറിടെ ഡയലോഗ്സ് വരെ മ്മള് വള്ളിപുള്ളി തെറ്റാണ്ട് ഇപ്പച്ചിക്ക് പറഞ്ഞു കൊടുത്തു.പറഞ്ഞതിന് ശേഷമാണ്‌ പറയേണ്ടിയിരുന്നില്ലന്ന് തോന്നിയത്.

അമ്മാതിരി ഉപദേശാർന്നു അബുക്കാന്റത്. ഇമ്മച്ചിയോട് പിന്നെ ഇമ്മാതിരി കാര്യങ്ങൾ പറയാണ്ട് ഇരിക്കലാണ് മ്മക്ക് ഭേദം. മ്മള് ആരോടേലും വഴക്ക് ഇട്ടെന്നറിഞ്ഞാൽ പേടിച്ചു വിറക്കും മ്മടെ ഇമ്മച്ചി. വേറൊന്നും കൊണ്ടല്ല, പിന്നീട് എന്തേലും പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് കരുതിയാണ്.ഇനി ഏതായാലും ഇവിടെ നിന്നാൽ ഉപദേശങ്ങളുടെ പെരുമഴ ആയിരിക്കുന്നൊറപ്പിച്ച മ്മള് പതിയെ അവിടുന്ന് സ്കൂട്ടായി. എന്നിട്ട് നേരെ ചെന്നത് മൂത്തുമ്മാന്റെ റൂമിൽക്കാണ്. ഇപ്പൊ നിങ്ങള് വിചാരിക്കും മ്മള് നാലാൾ അല്ലാണ്ട് വേറെ ആരാണിവിടെന്ന്.അല്ലേ??മ്മളെ കൂടാണ്ട് ഉപ്പച്ചിന്റെ ഇക്കയും ഇക്കാന്റെ ഭാര്യയും അതായത് എന്റെ മൂത്താപ്പയും മൂത്തുമ്മയും ഇവിടെയുണ്ട്.മ്മള് നേരത്തെ പറഞ്ഞില്ലേ,ന്റ്റെ ജസിയെക്കുറിച്ച്.ഓൾടെ ഉമ്മയാണ്.പാവം.ഓൾടെ മരണത്തിനു ശേഷം ഒന്നനങ്ങിയിട്ടില്ല.അന്നാ വാർത്ത കേട്ട് തളർന്നതാണ് ആ പാവം ഉമ്മ.ദീർഘ നാളത്തെ കാത്തിരിപ്പിന് ശേഷം പടച്ചോനൊരു സുന്ദരിക്കുട്ടിയെ കൊടുത്തതാണ് മൂത്തുമ്മയ്ക്ക്.വൈകി കൊടുത്തിട്ടും പടച്ചോൻ ഓളെ നേരത്തെ വിളിച്ചെക്കാണ്.അതൊക്കെയും മ്മള് മനപ്പൂർവം മറക്കാണ്.ഓർത്താൽ പിന്നെ ദേഹമാസകലം ഒരു നീറ്റലാണ്.പണ്ട് തൊട്ടേ മ്മള് രണ്ടു ഫാമിലിയും ഒരുമിച്ച് ഇവിടെയാണ് താമസം.ഉപ്പുപ്പാന്റോക്കെ വീടാർന്നു ഇത്.

എത്രയോ സന്തോഷത്തോടെ കഴിഞ്ഞതായിരുന്നു എല്ലാരും കൂടി.പക്ഷെ,ഒക്കെയും ഒരു നിമിഷം കൊണ്ട് പടച്ചോൻ തിരിച്ചെടുത്തു.മൂത്താപ്പ ശരീരം കൊണ്ട് തളർന്നിട്ടില്ലെങ്കിലും മനസ്സ് കൊണ്ട് അന്നേ തളർന്നതാണ്.മൂത്തുമ്മയ്ക്ക് ആറ്റുനോറ്റു കിട്ടിയതാണ് ജസിനെ എങ്കിലും സ്നേഹക്കൂടുതൽ മ്മളോട് ആർന്നു.ഇന്റെ എല്ലാ കുരുത്തക്കേടിനും ഒപ്പം നിൽക്കുമായിരുന്നു മൂത്താപ്പയും മൂത്തുമ്മയും.ജസിയൊരു പാവാർന്നു.വെറും പാവം തൊട്ടാവാടി.അതോണ്ട് തന്നെ ആയിരിക്കും ഈ ലോകത്ത് പിടിച്ച് നിൽക്കാൻ ഓക്ക് പറ്റാതെ പോയതും.ഹാ,ഇനിയെന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല.പടച്ചവന്റെ വിധി.അതല്ലേ നടക്കുള്ളൂ. മ്മള് പതിയെ മൂത്തുമ്മന്റ്റെ മുറിടെ വാതിൽ തുറന്നു അകത്തേക്ക് കയറി.ശബ്‌ദം കേട്ട് മൂത്തുമ്മ കെടന്നിടത്ത് നിന്നും തല ചെരിച്ചു നോക്കുന്നുണ്ട്. സംസാരിക്കാൻ ആവുംന്നല്ലാണ്ട് കിടന്നിടത്ത് നിന്നും അനങ്ങാൻ പോലും ആ പാവത്തിന് പറ്റണില്ല. അന്ന് ആ ദുഷ്ടൻ തകർത്തത് ഒരു ജീവൻ മാത്രല്ല,പലരുടെയും ജീവിതമാണ്. "മൂത്തുമ്മ,ഇങ്ങളൊറങ്ങിയില്ലേ"

"ഇല്ല മോളെ,ഒറക്കം വരണില്ല.മോള് കഴിച്ചോ" "ഹാ മൂത്തുമ്മ,മ്മള് കഴിച്ചു.ഇങ്ങള് എന്തേയ് ഒന്നും കഴിച്ചില്ല.ഉമ്മച്ചി പറഞ്ഞല്ലോ.മൂത്താപ്പ എവടെ??" "പൊറത്തില്ലേയ്" "മ്മള് നോക്കി‌ട്ടില്ല.ദാ ഇത് കഴിച്ചാട്ടെ.ന്റ്റെ മൂത്തുമ്മക്ക് ഈ നൂറ വാരിത്തന്നാലല്ലേ കഴിക്കുള്ളൂ." മ്മള് അതും പറഞ്ഞോണ്ട് മൂത്തുമ്മാക്ക് ചോറ് വാരികൊടുക്കാൻ തുടങ്ങി.വേണ്ടാന്ന് പലതവണ പറഞ്ഞെങ്കിലും മ്മടെ സ്നേഹത്തിന് മുന്നിൽ എപ്പോളും മൂത്തുമ്മ തോൽക്കാറെ പതിവുള്ളൂ. കണ്ണൊക്കെ നിറഞ്ഞൊഴുകണുണ്ട്.ഇടയിക്കിടക്ക് അറിയാണ്ട് മ്മളെ ജസിന്നൊക്കെ വിളിക്കും.എപ്പോളും കൊറച്ച് നേരം മ്മള് വന്നു ഇവിടെ ഇരിക്കണം.എന്നാലേ മൂത്തുമ്മാക്കും മ്മക്കും ഒരു സമാധാനം ആവുള്ളൂ.മ്മള് ചോറൊക്കെ വാരികൊടുത്ത് വായൊക്കെ തൊടച്ച് കൊടുത്തു.എന്നിട്ട് മരുന്നൊക്കെ കൊടുത്ത് പുതപ്പും ഇട്ടു കൊടുത്ത് ഉറങ്ങിക്കോന്നും പറഞ്ഞ് അവിടെ തന്നെ ഇരുന്നു. എന്നും മൂത്തുമ്മ ഒറങ്ങീട്ടെ മ്മള് റൂമിന്ന് പുറത്തിറങ്ങുള്ളു. കുറച്ച് നേരം കഴിഞ്ഞ് മൂത്താപ്പ കേറി വന്നു. എങ്ങനെ ഉണ്ടായിരുന്ന മനുഷ്യനാർന്നു

.ഓൾടെ മരണത്തിനു പിന്നെ ആകെയൊരു കോലായെക്കാണ്.അത്രക്കൊന്നും വയസ്സ് ആവാണ്ട് തന്നെ ഒരു വയസ്സൻ ആയേക്കണ്.മ്മള് മൂത്താപ്പാട് കൊർച് വർത്താനോക്കെ ചോദിച്ചിട്ട് മ്മളെ റൂമിൽക്ക് കേറി പോന്നു.അപ്പോഴാണ് മ്മളെ ഫോൺ നിർത്താണ്ട് കെടന്നു ചിലക്കണത്.മ്മള് നോക്കുമ്പോൾ അനുവാണ്.നാളത്തെ സ്പെഷ്യൽ ക്ലാസിനു പോവുന്നുണ്ടോന്ന് അറിയാനാണ്.മ്മള് എന്തായാലും ഇല്ലെന്ന് പറഞ്ഞ് ഉറപ്പിച്ചു.ഓളോട് സംസാരിക്കണ ഇടയിലാണ് ഓൾടെ വണ്ടിക്ക് കിട്ടിയ തട്ടിന്റ്റെ കാര്യം മ്മക്ക് ഓർമ വന്നത്.മ്മള് എന്തായാലും അത് പറയണ്ടാന്ന് കരുതി.പറഞ്ഞാൽ പിന്നെ ഫോണിൽ കൂടി ആയിരിക്കും ഓള് മ്മളെ തട്ടാ... ഫോണും കട്ട്‌ ആക്കി ഒന്ന് ബെഡിലേക്ക് ചായുമ്പൊഴാണ് ആ പൂച്ചകണ്ണന്റ്റെ മോന്ത മനസ്സിൽക്ക് വന്നത്.ഓനോട്‌ വന്ന കലിപ്പിനെക്കാളെറെ മ്മക്ക് കലിപ്പ് വന്നത് ഓന്റെ കണ്ണിനോടാണ്.ആാ പൂച്ച കണ്ണിനോട്. അതോർക്കുമ്പോൾ തന്നെ ആ ദുഷ്ടൻ ശിഹാബിന്റെ മുഖമാണ്‌ ഓർമ വരുന്നത്. വേണ്ട നൂറാ.... ഓനെ നീ ഓർക്കാൻ പാടില്ല..

അത്രക്കും നീചനാണ് ഓൻ. ഓൻ ഈ ദുനിയാവിൽ എവിടാണേലും ഓൻക്കുള്ളതു പടച്ചോൻ കൊടുത്തോളും.അതും ഓർത്തോണ്ടിരിക്കുമ്പൊഴാണ് മ്മക്ക് വേറൊരു കാര്യം ഓർമ വരുന്നത്.അപ്പൊ തന്നെ മ്മളൊരു ഓട്ടാർന്നു. എവിടെക്കാന്നല്ലെ......... ബാത്‌റൂമിലേക്ക്.എന്തിനാണെന്നല്ലെ???? മ്മള് മാറ്റിയിട്ട ജീൻസിലാണ് മ്മക്ക് ഇന്ന് ചുളുവിൽ കിട്ടിയ നാലായിരം രൂപ കെടക്കണത്.ചുളുവിലൊന്നുമല്ല. ഓൾടെ വണ്ടിക്ക് പണിയെടുക്കണ്ടേ??? അത്രക്കൊന്നും പറ്റിയിട്ടില്ല. എന്നാലും...... ഇനിയിപ്പോ പറ്റണത് ഇനിക്ക് ആയിരിക്കും, അതും നാളെ ഓളടുത്തുന്ന്. മ്മള് വേഗം ജീൻസ്ന്റ്റെ പോക്കറ്റ് ഒക്കെ തപ്പി നോക്കി. ഭാഗ്യത്തിനു നനഞ്ഞിട്ടില്ല. വരുമ്പോ മഴ നനഞ്ഞതാണല്ലോ.ന്നിട്ട് അതും എടുത്തോണ്ട് റൂമിൽക്ക് ചെന്നു. ഇഷാ നിസ്കാരൊക്കെ കഴിഞ്ഞ് മ്മള് ഉറങ്ങാൻ കെടന്നു.ആറു മണിക്ക് നിർത്താതെ അലാറം അടിക്കണ കേട്ടിട്ടാണ് രാവിലെ മ്മള് ഉണരണത്. പെട്ടെന്ന് കുളിച്ചു ഫ്രഷ് ആയി സുബഹിയൊക്കെ കഴിച്ച് ആദ്യേ കെടന്ന് കൂർക്കം വലിച്ചു. മ്മളൊരു ആൺകുട്ടി ആയോണ്ട് ഇമ്മച്ചി മ്മളെ അടുക്കള പണിക്കൊന്നും വിളിക്കൂല. വീണ്ടും അലാറം അടിക്കണ കേട്ടാണ് മ്മള് ഞെട്ടി എണീറ്റത്.നോക്കുമ്പോൾ നാഫിയാണ്,അലാറം അല്ല.ഓന്റെ തൊള്ള കീറിട്ടുള്ള വിളിയായിരുന്നു അത്.അള്ളോഹ്!!

ഇനി താഴെ വല്ല ഭൂകമ്പം മറ്റോ സംഭവിച്ചോ?? "ന്താണ്ടാ???പൂവൻ കോഴിടെ ചാർജ് അനക്ക് കിട്ടിയോ.നേരം പൊലരണയിനു മുന്നേ ചെക്കൻ കെടന്നലറാണ്" "ഡീ ഇയ്യ് ഒന്ന് ആ ക്ലോക്ക് ലേക്ക് നോക്കിയാട്ടെ.നേരം പുലർന്ന് ഇരുട്ടാറായി.കാഴ്ച്ചയിൽ ഇയ്യ് ഒരു ആണാണേലും ജന്മം കൊണ്ട് ഇയ്യ് ഒരു പെണ്ണല്ലേ ഇത്തുസെ...അതിന്റെ എന്തേലും ഒരു കൊണം അനക്ക് കാണിച്ചുടെ??" "ഡാ നാഫി,രാവിലെ തന്നെ ഇയ്യ് കേറിവന്നത് ഇന്നെ നന്നാക്കാനാണോ.ന്താ കാര്യോന്ന് പറഞ്ഞു തൊലക്കെഡാ" "ഇയ്യ് ഉപ്പിന്റ്റെ കൂടെ ഹോസ്പിറ്റലിൽക്ക് ചെല്ലാന്ന് പറഞ്ഞിട്ടുണ്ടാർന്നൊ.ഇമ്മച്ചി രാവിലെ തൊട്ട് വിളിക്കണതാണ് അന്നേ.പോരാത്തതിന് ഇപ്പച്ചിനെ മാർക്കറ്റിൽക്കും വിട്ടിട്ടില്ല." മ്മക്ക് അപ്പോഴാ അത് ഓർമ വരണതു തന്നെ.കോളേജിലേക്ക് പോവണില്ലല്ലോന്ന് കരുതി കെടന്ന് ഒറങ്ങിയതാണ്.ഇങ്ങനൊരു കാര്യം ഉള്ളത് മ്മള് മറന്നേക്കണ്. "മതിയെടീ സ്വപ്നം കണ്ടത്.എണീറ്റു പോര്.അല്ലേൽ ഇപ്പച്ചി ഇങ്ങോട്ടക്ക് കേറി വരും." "ഇയ്യ് പോയാട്ടെ.മ്മള് ദാ ഇപ്പൊ വരാം" ന്നും പറഞ്ഞു ബാത്‌റൂമിൽക്ക് ഒരു ഓട്ടമായിരുന്നു.

ചട പട പരിപാടികളൊക്കെ കഴിച്ച് താഴോട്ടിറങ്ങി.മൂത്താപ്പയും ഇപ്പച്ചിയും നാഫിയും കൂടി ബ്രേക്ക്‌ ഫാസ്റ്റ് അടിക്കാണ്.മ്മളും കയ്യൊക്കെ കഴുകി ഓർടെ കൂടെയിരുന്നു. "നൂറോ,അനക്കിന്ന് ക്ലാസ്സില്ലെ" "ഉണ്ട് മൂത്താപ്പാ,സ്പെഷ്യൽ ആണ്.മ്മള് വേണ്ടാന്ന് വച്ചു." "ന്താണ് മൂത്താപ്പാ ഇങ്ങള് ഇങ്ങനെ..ഈ നേരത്തിനു എണീറ്റ്‌ വരണ ഓളടുത്ത് ചോദിക്കണ്ട ചോദ്യമിതാണോ??ആൺകുട്ടിയായ മ്മള് പോലും ആറു മണിക്ക് എണീറ്റല്ലോ." മ്മടെ പുന്നാര അനിയനാണ്. നാഫിക്കുട്ടാ, മ്മക്ക് ഇട്ട് വെക്കാനുള്ള ഒരവസരവും ഇയ്യ് പാഴാക്കണ്ടട്ടോ. അനക്ക് ഞാൻ കാണിച്ചു തെരാടാ നാഫിക്കൊരങ്ങേ.. "ഡാ ഇയ്യ് മാത്രല്ലല്ലോ, ഓളും ഇവടത്തേ ആൺകുട്ടിയല്ലേ. " വീണ്ടും മൂത്താപ്പയാണ്. "ഇങ്ങളൊക്കെ കൂടിയാണ് ഓളെ ഇത്രക്കും വഷളാക്കണത്." ഹസീനത്ത അടുക്കളേന്ന് ഇങ്ങോട്ടേക്കു ലാൻഡ് ആയിട്ടുണ്ട്.മ്മള് മൂത്താപ്പാനെയും മ്മളെ ഇപ്പച്ചിനെയും നോക്കിയൊന്നു ഇളിച്ചു കൊടുത്തു. വീണ്ടും ഉമ്മി പുൾസ്റ്റോപ്പ്‌ ഇട്ടവിടുന്ന് തൊടങ്ങാണ്. "നാളെ മറ്റൊരു വീട്ടിൽ പോയി കഴിയെണ്ടവളാണെന്ന് യാതൊരു വിചാരവുമില്ലാത്ത സാധനം ഇയ്യ് മാത്രെ കാണുള്ളൂ നൂറ"

ഉമ്മിന്റ്റെ ഈ വർത്താനം തീരണയിന് മുന്നേ ന്റെയും മൂത്താപ്പന്റെയും മുഖത്തെ ചിരിയൊക്കെ മാഞ്ഞിരുന്നു.ഇപ്പച്ചി ആണേൽ ഉമ്മിയെ നോക്കി വേണ്ടാന്ന് തല ആട്ടണ് ണ്ട്.പിന്നെ അവടെയൊരു ദീർഘ നേരത്തെ മൗനമായിരുന്നു.മ്മള് ഒന്നും കഴിക്കാണ്ട് എണീറ്റ്‌ പുറത്തേക്ക് പോയി.മ്മക്ക് മുന്നേ മൂത്താപ്പയും എണീറ്റിരുന്നു.മ്മള് നോക്കുമ്പോൾ മൂത്താപ്പ വരാന്തയിലെ ചാരു കസേരയിലിരുന്ന് ആഴമായ ചിന്തയിലാണ്. കണ്ണൊക്കെ നിറഞ്ഞു വരുന്നുണ്ട്. ചിന്തയല്ലെന്ന് മ്മക്കും അറിയാം. കഴിഞ്ഞതൊക്കെ ഓർത്തുള്ള സങ്കടമാണ്‌. ഒരു തരത്തിൽ മൂത്താപ്പയും കാരണക്കാരൻ അല്ലെയെന്നുള്ള വിഷമം.ഏതു വിഷമ ഘട്ടത്തിലും ആർക്കും ധൈര്യം കൊടുക്കണ മ്മക്ക് ഈ കാര്യത്തിൽ, അതായത് മൂത്താപ്പാനെ പറഞ്ഞ് ആശ്വാസിപ്പിക്കാൻ മ്മക്ക് ആവൂല. ഒരു പക്ഷെ മൂത്താപ്പന്റ്റെ അടുത്ത് ചെന്നാൽ മ്മളും കരഞ്ഞു പോവും.അങ്ങനെലും ആ മനുഷ്യന്റ്റെ വിഷമം കൊറയട്ടെന്ന് കരുതി മ്മള് നേരെ ഇപ്പച്ചിന്റ്റടുത്തേക്ക് വിട്ടു. ന്നിട്ട് കൊറച്ചുറക്കെ ചോദിച്ചു: "റെഡി ആയില്ലേ?? ഇറങ്ങിയാലോ?? "

അപ്പോളാണ് നാഫിന്റ്റെ ചോദ്യം: "അല്ല നൂറ, ഇങ്ങള് എങ്ങനെയാ പൂവാ. വണ്ടി പൊളിഞ്ഞു കിടക്കല്ലേ" അപ്പോഴാ മ്മക്കും കത്തിയത്. ബുള്ളറ്റ് ഇന്നലെ പണി തന്നതാണ്. കൊഴപ്പൂല്ലാ. അനുന്റ്റെ വണ്ടി കെടക്കല്ലേ. "നാഫിയെ, അനുന്റെ വണ്ടിയുണ്ട്.ഇന്നലെ മ്മള് അതിലാ പോന്നെ. " മ്മള് അത്ര പറയുമ്പോഴേക്കും ചെക്കൻ കെടന്ന് ഹലാക്കിലെ ചിരി. ഇതിപ്പോ ഇവിടെ ന്താ കഥാന്നറിയാൻ വേണ്ടി മ്മള് ഓനെയും ഇപ്പച്ചിനെയും മാറി മാറി നോക്കി. "വണ്ടിയൊക്കെ എപ്പോളെ അനു ചേച്ചി എടുത്തോണ്ട് പോയേക്കണ്. " ന്നും പറഞ്ഞ് ഓൻ പിന്നേം ചിരിക്കാണ്. മ്മള് എപ്പോന്നും ചോദിച്ച്‌ കണ്ണും തള്ളി നിക്കാണ്. ഓള് ഇന്നോട് ഒന്നും പറഞ്ഞില്ലല്ലോ. അപ്പൊ കീയോ???? "ടീ ഇയ്യ് ന്താ ആലോചിക്കണെ, കീ എങ്ങനെ കിട്ടിന്നൊ??അത് മ്മളാ എടുത്തു കൊടുത്തെ" ഹൂൂൂ!!പിന്നെയും ഓൻ കിണിക്കാണ്.ഓന്റെയൊരു കൊലച്ചിരി. മ്മള് എന്തേലും ചോദിക്കണയിനു മുന്നേ ഇപ്പച്ചി പറയാണ്: "അനു അന്റെ ഫോണിൽക്ക് കൊറേ തവണ വിളിച്ചതാണെന്ന്, ഇയ്യ് എടുക്കാത്തത് കൊണ്ട് നേരെ ഇവടെക്ക് പോന്നതാണ്.

ആ കുട്ടിക്ക് രാവിലെന്നെ അത്യാവശ്യായി എവടെക്കോ പോവാനുണ്ടെന്ന്" ഹേഹ്!!അവള് വിളിച്ചോ?? എപ്പോ??വിളിച്ചിട്ടുണ്ടാവും. കുമ്പ കർണന്റ്റെ ഒറക്കം ഒറങ്ങണ മ്മക്ക് മ്മളെ തട്ടി കൊണ്ട് പോയാൽ വരെ അറിയില്ല. പിന്നെയാ ഫോൺ അടിച്ചാൽ. മ്മള് ഇനി എങ്ങനെയാ പോവാന്നും ആലോചിചോണ്ട് നിക്കുമ്പൊഴാണ് പിന്നെയും നാഫിക്കൊരങ്ങ് ചോദിക്കണതു. "ന്തേയ്‌ ഇറങ്ങണില്ലേ" ഹോ!!ഓന്റെ തൊണ്ടക്ക് പിടിച്ച് ഞെക്കാ വേണ്ട്. മ്മള് ഓനെ തുറുക്കനെ നോക്കണതു കണ്ടിട്ട് ഓൻ വാ പൊത്തി ചിരിക്കാണ്. എന്നിട്ട് മ്മക്ക് നേരെ എന്തോ നീട്ടാണ്. മ്മള് എന്താന്ന് നോക്കിയപ്പോ മ്മളെ ബുള്ളറ്റ്ന്റ്റെ ചാവി. മ്മള് ഓനെ പിന്നെയും കണ്ണുരുട്ടി നോക്കണതു കണ്ടിട്ട് ഓനാ ചിരിയൊന്നു കൊറച്ചിട്ടു പറയാ: "ഇപ്പച്ചിനെ കാണാൻ രാവിലെ നാസർക്ക വന്നിട്ടുണ്ടാർന്നു. അപ്പോളാ ഞാൻ അന്റെ ബുള്ളറ്റ് ഒന്നു നോക്കാൻ പറഞ്ഞെ. ചവിട്ടി ശെരിയാക്കി തന്നിട്ടാ പോയത്" മ്മള് ഞെട്ടിപ്പോയി.ഹൂ..മ്മളൊരു ഒറക്കം ഒറങ്ങി എണീക്കുമ്പൊഴേക്കും ആരൊക്കെയാ റബ്ബേ ഇങ്ങോട്ടേക്കു വരണത്.

മ്മള് ചിരിച്ചോണ്ട് ഓൻറ്റടുത്തുന്ന് അത് വാങ്ങിച്ച് ഒരു താങ്ക്സും പറഞ്ഞ് ഓന്റെ വയറ്റെക്കൊരു കുത്ത് കൊടുത്തു. "അയ്യടാ, ഓൾടെ ഒരു ചിരി. നിന്ന് ഇളിക്കാണ്ട് പോവാൻ നോക്കെടീ" മ്മള് ഒന്നും മടക്കി പറയാൻ നിക്കാണ്ട് ഉപ്പച്ചിനെയും വിളിച്ചിറങ്ങി. ഒന്നുല്ലേലും നന്ദി വേണോല്ലോ. എന്നിട്ട് ഇപ്പച്ചിനെയും കേറ്റി വീട്ടുകാരോട് സലാം ചൊല്ലി ഇറങ്ങി. മ്മളെ വണ്ടി പറപ്പിക്കൽ കണ്ടിട്ട് ഇപ്പച്ചി ട്രോൾ അടിക്കാണ്. "നൂറോ, ഇയ്യ് ഈ പോക്ക് പോയാൽ ഹോസ്പിറ്റലിൽക്ക് എത്തുമ്പോള് തലവേദനക്ക് പകരം ഇപ്പച്ചിക്ക് നെഞ്ച് വേദനയാവുട്ടോ. പിന്നെ മ്മള് അവിടെ തന്നെ ബാക്കി ആവോന്നാണ് മ്മടെ പേടി" "ന്താണ്ട് ഇപ്പച്ചിയെ, ഇങ്ങളും തൊടങ്ങിയോ ബാക്കിയുള്ളോരെ പോലെ ചളി അടിക്കാൻ. പിന്നെ ഇങ്ങക്ക് നെഞ്ച് വേദന വരാനാണ് പരിപാടി എങ്കില് ഇങ്ങള് ഇറങ്ങിക്കോളി.മ്മക്ക് വയ്യാ ഇങ്ങളെ താങ്ങി പിടിച്ചോണ്ട് ഈ ബുള്ളറ്റ്മ്മല് കൊണ്ടോവാൻ." "ഡീ ഇയ്യ് ഒക്കെ ഒരു മകൾ ആണോടി.കൊറച്ചു കണ്ണിച്ചോര എങ്കിലും ഈ ഇപ്പച്ചിനോട് കാണിക്കെടി" "അല്ലല്ലോ.ഇങ്ങളൊക്കെ തന്നെയല്ലേ മ്മളെ ഒരു മകൻ ആക്കിയത്.പിന്നെ ഇപ്പച്ചി പറഞ്ഞ ആ ചോര അത് മ്മക്ക് അവടെ ഹോസ്പിറ്റലിൽ ഉണ്ടാവോന്ന് നോക്കാ.ഇപ്പൊ ഇങ്ങള് അടങ്ങി ഇരുന്നാട്ടേ"

പെണ്ണുങ്ങളെ പുറകിലിരുത്തുന്നതിനെക്കാളും കഷ്ടാണല്ലോ ഈ ഇപ്പച്ചിനെ ഇരുത്താൻ.അല്ല അത്രയ്ക്ക് ഇളക്കക്കുറവാണെ. ഡോക്ടർടെ റൂമിൽക്ക് ഇപ്പച്ചിനെ ഒറ്റയ്ക്ക് വിട്ടാൽ ശരിയാവൂലാന്ന് കരുതി മ്മളും കൂടെ ചെന്നു.ചെറിയ തലവേദനയാണ്,പേടിക്കാൻ ഒന്നുമില്ലെന്നാണ് ഡോക്ടർടെ സംസാരം.പക്ഷെ ഇടയ്ക്കിടെ ഉണ്ടാവണ് ണ്ടല്ലോന്ന് പറയുമ്പോൾ ബിപിടെ ആണെന്ന്.അതും കൊറച്ചു കൂടുതൽ ആണെന്ന്.പിന്നെ ഇപ്പച്ചിന്റടുത്തായി ഡോക്ടർന്റ്റെ ചോദ്യങ്ങൾ.ബിപി പെട്ടന്ന് കൂടാൻ മാത്രം ആയിട്ട് എന്താണ് ഇത്രക്കും ടെൻഷൻ ന്നുള്ള ഡോക്ടർടെ ചോദ്യത്തിന് ഇപ്പച്ചി നോക്കിയത് മ്മളെ ആയിരുന്നു.ഇപ്പച്ചി മ്മളെ നോക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു,ഡോക്ടറും മ്മളെ ചോദ്യ ഭാവത്തിൽ നോക്കാണ്. അള്ളോഹ്!!ഇതു നല്ല കഥ.ഇപ്പച്ചിന്റ്റെ ടെന്ഷന് കാരണക്കാരി മ്മള് ആണോ???കൊറച്ച് വികൃതി തരോക്കെ കയ്യിലുണ്ടെന്ന് വെച്ച് അത് ഇപ്പച്ചിടെ ബിപിയെ ബാധിക്കോ???എന്താണിപ്പോ കഥ.ചെഹ്,,BBA ക്ക് ആയിരുന്നില്ല പോവേണ്ടിയിരുന്നത്,,,എംബിബിസ് നാർന്നു.ഹോ,അതിനും വേണോല്ലോ മണ്ടേൽ എന്തേലുമൊക്കെ.പിന്നെ മ്മള് പ്ലസ് ടു കോമേഴ്‌സ് ബാച്ച്‌ കൂടി ആയിരുന്നല്ലോ. ഡോക്ടർ പിന്നയും ചോദ്യം ആവർത്തിച്ചു

.ഇപ്രാവശ്യവും ഇപ്പച്ചി മ്മളെ നോക്കണതു കണ്ടിട്ട് മ്മള് ഇപ്പചിനെ നോക്കി കണ്ണുരുട്ടി.അപ്പോൾത്തന്നെ ഇപ്പച്ചി ഡോക്ടറെ നോക്കി ഇല്ലെന്ന് തലയാട്ടി. "ഓക്കേ.ടെൻഷനോക്കെ റിലീസ് ചെയ്തു എപ്പോളും കൂൾ ആയിട്ടിരിക്കു.ബോഡിക്ക് കാര്യമായി പ്രോബ്ലംസ് ഒന്നുല്ല.എങ്കിലും പെട്ടന്ന് ബിപി ഹൈ ആവണതു പ്രശ്നം ആയേക്കാം" ഇങ്ങനെ ഡോക്ടർന്റ്റെ ഒരു പത്തു പന്ത്രണ്ടു ഉപദേശോക്കെ കഴിഞ്ഞിട്ട് മ്മള് ഇറങ്ങി.ന്നാലും ഇപ്പച്ചിന്റെ ആ നോട്ടത്തിൽ എന്തായിരിക്കും???ഹാ..ഇപ്പച്ചിക്ക് ഒരേയൊരു ടെൻഷൻ അല്ലെ ഉള്ളൂ.അത് മ്മള് കാരണമാണെന്ന് മ്മക്കും അറിയണതല്ലേ. മരുന്നും വാങ്ങിച്ചു നേരെ വീട്ടിലേക്കു വിട്ടു.പോവണ വഴിയിൽ ഇപ്പച്ചി ഒന്നും മിണ്ടിയില്ല.ആകെ സൈലന്റ് ആർന്നു.മ്മള് എന്തേലും തൊടങ്ങിയാൽ അവസാനം ഇപ്പച്ചി ഇപ്പച്ചിന്റ്റെ ടെൻഷൻറ്റെ കാര്യത്തിൽ ചെന്നവസാനിക്കുന്ന് തോന്നിയോണ്ട് മ്മളും ഇപ്പച്ചിനെ അങ്ങോട്ടേക്ക് തോണ്ടാൻ നിന്നില്ല. ഗേറ്റ് കടക്കുമ്പോൾ തന്നെ മുറ്റത്തൊരു കാർ നിർത്തിയിട്ടിരിക്കുന്നു. ആരാണ് ഇപ്പൊ??ഇതിനു മുൻപ് കണ്ടു നല്ല പരിചയമില്ലാത്ത വണ്ടി ആണല്ലോ.. മ്മള് വണ്ടി ഒതുക്കി. ഇപ്പച്ചി ഇറങ്ങി. മൂത്താപ്പ പുറത്തു തന്നെ ഇരുന്നിട്ടുണ്ട്. "ഹസിയെ..ദേ അബുവും മോളും എത്തിയെക്കണ്."

മൂത്താപ്പയാണ്. അപ്പോഴാണ് നാഫി പുറത്തേക്ക് ഇറങ്ങി വന്നത്.അപ്പൊ ഓൻ ഇന്ന് തെണ്ടാനൊന്നും പോയില്ലേ.അപ്പൊ കാര്യമായിട്ടുള്ള ആരുടെയോ വരവാണ്. "നൂറോ,കേറിവാടി..അന്നേ കാണാൻ ഒരാള് വന്നിട്ടുണ്ട്." വീണ്ടും മൂത്താപ്പയാണ്. ഇപ്പച്ചി എന്നെയും വിളിച്ചോണ്ട് അകത്തേക്ക് കയറി.മ്മള് വണ്ടി പോർചിലേക്ക് നീക്കയിട്ട് വരാന്നു പറഞ്ഞു. "നൂറോ,ഇയ്യ് ചെന്നാട്ടെ.അന്നെ കാണാൻ വേണ്ടി മാത്രം വന്നതാ.കൊറേ നേരായി.മുഷിപ്പിക്കണ്ട.ചെന്നേര്" അത്രയും പറഞ്ഞ് ഫോണും തോണ്ടികൊണ്ട് നാഫി പുറത്തേക്ക് ഇറങ്ങി.മ്മള് ഇതിപ്പോ ആരാണ് മ്മളെ കാണാൻ വേണ്ടി മാത്രായി വന്നാള്???മ്മള് അധിക നേരം ചിന്തിച്ചോണ്ടിരിക്കാണ്ട് അകത്തേക്ക് കേറി.മ്മക്ക് അറിയണ്ടേ ആ മഹാൻ ആരാന്ന്,മ്മക്ക് മാത്രായിട്ടുള്ള ആ ഗസ്റ്റ് ആരാന്ന്?????... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story