💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 51

khalbil nee mathram

രചന: ഷംസീന ഫിറോസ്

നമ്മളോട് ചെയ്യാൻ ഓൻ പറഞ്ഞ കാര്യം കേട്ടു ഓന്റെ തലമണ്ട അടിച്ചു പൊട്ടിക്കാനാ മ്മക്ക് തോന്നിയത്. "താൻ ഒരു കാര്യം ചെയ്യ്.എല്ലാവരുടെയും പ്രൊജക്റ്റ്‌ കളക്ട് ചെയ്യേണ്ട ചുമതല ഞാൻ ഷെറിനെ ഏല്പിക്കുന്നു.ഇപ്പോൾ തന്നെ വേണം. ശേഷം അതൊക്കെ എടുത്തോണ്ട് എന്റെ കൂടെ സ്റ്റാഫ്‌ റൂമിലേക്ക്‌ വാ. തന്നെയൊന്നു ഉപദേശിക്കാനുണ്ട്. ഐ മീൻ തന്റെ ഈ അശ്രദ്ധയൊക്കെ മാറ്റാൻ വേണ്ടി കുറച്ച് കാര്യങ്ങൾ പറഞ്ഞു തരാം. എന്നാൽ പെട്ടെന്ന് തുടങ്ങിക്കോ." എന്ന് പറഞ്ഞ് ഓൻ കയ്യും കെട്ടി ടേബിളിന് ചാരി നിന്നു.വേറൊന്നും കൊണ്ടല്ല ഞമ്മക്ക് ഓനോട്‌ ദേഷ്യം വന്നത്. ഒന്നാമത്തെ കാരണം ഞമ്മക്ക് വർക് കംപ്ലീറ്റ് ആയിട്ടില്ല.ആരുടെയെങ്കിലുമൊക്കെ നോക്കി കോപ്പി അടിച്ച് ഉച്ച ആവുമ്പോഴേക്കും റെഡി ആക്കാമെന്നാ കരുതിയത്‌.അത് പോട്ടെ,,നമ്മക്ക് ആയതോണ്ട് ഇവൻ വല്ല ഇളവും തരുമായിരിക്കും.

ഓൻ ചുമക്കേണ്ട ഈ പത്തറുപത് കുട്ട്യോൾടെ പ്രൊജക്ടും താങ്ങി പിടിച്ചോണ്ട് ഓന്റെ പിന്നാലെ ചെല്ലാൻ ഞമ്മള് ആരാ ഓന്റെ വേലക്കാരിയോ. "ഷെറിൻ..പെട്ടെന്ന് വേണം.ഇന്ന് ഈവെനിംഗ് ആവുമ്പോഴേക്കും എനിക്ക് മുഴുവൻ നോക്കി വെക്കാനുള്ളതാ." നമ്മക്ക് ഒരു അസ്സല് പണി തന്നതിന്റെ സന്തോഷം ഓന്റെ മുഖത്ത് കാണാനുണ്ട്.ഇവിടെ ഓൻ സാറും ഞമ്മള് സ്റ്റുഡന്റ്റും ആയിപ്പോയി. അതോണ്ട് മ്മക്ക് വേറെ വഴി ഒന്നും ഇല്ലാത്തോണ്ട് നമ്മള് ഓൻ പറഞ്ഞത് പോലെ മൊത്തത്തിൽ കളക്ട് ചെയ്തു. പക്ഷെ ഇതൊക്കെ പൊക്കി സ്റ്റാഫ്‌ റൂമിലേക്ക്‌ ചെല്ലുക എന്നത് ബുദ്ധി മുട്ടായത്‌ കൊണ്ട് നമ്മള് അസീനെയും കൂട്ടി ഓന്റെ പിന്നാലെ വെച്ചു പിടിച്ചു. സ്റ്റാഫ്‌ റൂമിൽ ഓൻക്ക് പ്രൈവസി കിട്ടില്ലത്രെ.അതോണ്ട് ലൈബ്രറിയിൽ കൊണ്ട് പോയി വെക്കണമെന്നു പറഞ്ഞ് ഓൻ നമ്മളെയും അസീനെയും വീണ്ടും ഓന്റെ പിന്നാലെ ഇട്ട് നടത്തിച്ചു.ഓന്റെ ഈ കാട്ടി കൂട്ടലൊക്കെ കാണുമ്പോൾ തന്നെ പിന്നീന്നു ഒരു തൊഴി വെച്ചു കൊടുക്കാനാ മ്മക്ക് തോന്നിയത്. "ഷാനുക്കാ ഇന്നലെ എന്തായിരുന്നു നിങ്ങള് തമ്മിൽ.? "

കയ്യിലുള്ള പ്രൊജക്റ്റ്‌ ഒക്കെ ടേബിളിലേക്ക് വെച്ചു കൊണ്ട് അസി ഞമ്മളെയും ഷാജഹാനെയും നോക്കി പല്ല് ഇളിച്ചു കൊണ്ട് ചോദിച്ചു. "അപ്പൊ നൂറാ..നീ ഒന്നും പറഞ്ഞു കൊടുത്തില്ലേ ഇന്നലെ അവിടെ വെച്ച് ഞങ്ങൾ തമ്മിൽ എന്തായിരുന്നെന്ന്..ഇത് മോശായിപ്പോയി നൂറാ.." "ന്റെ പടച്ചോനെ.. ഞങ്ങളെയൊക്കെ മുന്നിൽ നിന്ന് കീരിയും പാമ്പും കളിച്ചു ഒടുക്കം ആരും ഇല്ലാത്ത നേരത്ത് നിങ്ങള് പണി പറ്റിച്ചോ." എന്ന് ചോദിച്ചോണ്ട് അസി ഹലാക്കിലെ ചിരി ചിരിക്കുമ്പോൾ അതേറ്റു പിടിക്കാൻ ഞമ്മളെ ചെറുക്കനും.നമ്മക്ക് ചൊറിഞ്ഞു കേറാൻ ഇത്രയും മതിയല്ലോ.നമ്മള് മൊത്തം ദേഷ്യം അസിന്റെ കാലിനിട്ടൊരു ചവിട്ടു കൊടുത്തു തീർത്തു. "നൂറാ..നീറ്റൽ ഉണ്ടോ." എന്ന് ചോദിച്ചു ഒരു കള്ളച്ചിരിയും മുഖത്ത് ഫിറ്റ്‌ ചെയ്തോണ്ട് ഷാജഹാൻ ഞമ്മളെ അടുത്തേക്ക് വന്നു. നമ്മക്കും അസിക്കും ഓന്റെ ചോദ്യം ശെരിക്കും ഓടാത്തതു കൊണ്ട് ഞങ്ങള് രണ്ടാളും ഓനെ നോക്കി നെറ്റി ചുളിച്ചു.

"വേദനയുണ്ടോന്നാ ചോദിച്ചത്." എന്ന് പറഞ്ഞ് ഓൻ ഒരു കൈ ഓന്റെ കഴുത്തിലൂടെ തടവി മറു കൈ കൊണ്ട് ഓന്റെ ചുണ്ട് തുടച്ചു കാണിച്ച് മ്മളെ നോക്കിയൊന്നു കണ്ണിറുക്കി. ഓന്റെ ആ കള്ളച്ചിരിയും കഴുത്തും ചുണ്ടും പിടിച്ചുള്ള തടവലുമൊക്കെ കണ്ടപ്പോ തന്നെ അറിയാതെ നമ്മളെ കയ്യും കഴുത്തിലൂടെ തൊട്ടു നോക്കാൻ തുടങ്ങിയിരുന്നു. "എന്താടി കാര്യം. എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് മണക്കുന്നുണ്ടല്ലോ. രണ്ടിന്റെ മുഖത്തും എന്താ ഒരു കള്ളലക്ഷണം. സത്യം പറ.ഇന്നലെ വല്ലതും നടന്നോ." എന്ന് ചോദിച്ചോണ്ട് അസി നമ്മളെ കഴുത്തിലൂടെ കയ്യിട്ടു.നമ്മള് അപ്പൊത്തന്നെ ന്റുമ്മാന്നൊരു അലർച്ചയായിരുന്നു. ഇതൊരു മാതിരി ഇടി വെട്ടിയവനെ കിങ് കോബ്ര കടിച്ച അവസ്ഥയായിപ്പോയി ഞമ്മക്ക്. "എന്താ നൂറാ.എന്താ പറ്റിയത്.നീ എന്തിനാ ഇങ്ങനെ കിടന്നു കാറുന്നത്." നമ്മളെ അലറി വിളിക്കൽ കേട്ട് അസി അപ്പൊത്തന്നെ ഓൾടെ കൈ എടുത്തു മാറ്റി കൊണ്ട് വെപ്രാളത്തോടെ ചോദിച്ചു.

അത് കേട്ടപ്പോൾ മ്മള് നോക്കിയത് ഷാജഹാൻറ്റെ മുഖത്തേക്ക് ആണ്. ഓൻ നമ്മളെ നോക്കി ഒരുമാതിരി ആക്കിയ ചിരി ചിരിക്കുന്നുണ്ട്.അതും പോരാഞ്ഞിട്ട് ഓന്റെ കണ്ണും മിഴിച്ചുള്ള നോട്ടവും.അത് കണ്ടപ്പോൾ തന്നെ മ്മള് ആകെ ചടച്ചു. "അത്..അതൊന്നുല്ല അസീ" "ഒന്നുല്ലാഞ്ഞിട്ടാണോ നീയിപ്പോ ഇങ്ങനെ അലറി വിളിച്ചത്. എന്താടി..? " "അത് കഴുത്തിന് ചെറിയൊരു വേദന.അതാ നീ പിടിച്ചപ്പോ പെട്ടെന്ന് അങ്ങനെ..." "കഴുത്തിലോ..അതെന്തു വേദനയാ.. ഉളുക്കിയതാണോ" "ആ..അതൊന്നും എനിക്കറിയില്ല.വേദനിക്കുന്നു.അത്ര തന്നെ." അസിന്റെ ഓരോ സംശയത്തിനും മ്മള് ഇച്ചിരി കടുപ്പിച്ചു മറുപടി പറയുമ്പോൾ മ്മളെ മുന്നിൽ വാ പൊത്തി ചിരി അടക്കി പിടിക്കാൻ പാട് പെടുന്നവനെ കണ്ട് ഞമ്മക്ക് തല പെരുത്തു. "ടീ.അസീ..വരുന്നുണ്ടേൽ വാ."

നമ്മള് അത് പറയേണ്ട താമസം നല്ല അനുസരണയുള്ള കുട്ടിയായി അസി തലയാട്ടി കാണിച്ചു.മ്മളും അസിയും പോവാൻ നിന്നതും ഷാജഹാൻ നമ്മളെ തട്ടത്തിൽ പിടിച്ചു വലിച്ചു.മ്മള് സ്വിച്ചിട്ട പോലെ അപ്പൊത്തന്നെ അവിടെ നിന്നു. വേറൊന്നും കൊണ്ടല്ലാട്ടോ.എങ്ങാനും ഓൻ വലിച്ച് തട്ടം ലൂസായാൽ പിന്നെ അതൊന്നു ചുറ്റി ശെരിയാക്കണമെങ്കിൽ നമ്മക്ക് ചെറിയ സമയമൊന്നുമല്ല വേണ്ടത്.നമ്മള് ഓനെ തുറുക്കനെ നോക്കിക്കൊണ്ട് ഓന്റെ കൈ തട്ടി മാറ്റി. "അസീ..നീ പോയിക്കോ.നൂറ വന്നോളും.ഞമ്മക്കേ കുറച്ച് ഭാവി കാര്യങ്ങൾ ഡിസ്‌കസ് ചെയ്യാനുണ്ട്. നീ പെട്ടെന്ന് ചെന്നോ.അലിന്റെ ക്ലാസ്സാ.. മോള് പോയി ക്ലാസ്സിൽ അലിക്കാനെ നോക്കിയിരുന്നു നല്ലോണം എൻജോയ് ചെയ്തോ." എന്ന് പറഞ്ഞ് ഷാജഹാൻ അസിനെ കളിയാക്കിയതും പെണ്ണ് നാണിച്ചു തല താഴ്ത്തിക്കൊണ്ട് നമ്മക്ക് ഒരു അവിഞ്ഞ ചിരി പാസ് ആക്കി തന്നു. "അപ്പൊ നൂറാ..ഞാൻ പോട്ടേ.നിങ്ങള് ഇവിടെ പൊളിക്ക്. ഞാനും ഇക്കായും കൂടി അവിടുന്ന് റൊമാൻസ് കളിക്കാം." അതും പറഞ്ഞോണ്ട് തുള്ളി ചാടി പോകുന്ന അസീനെ നിറ കണ്ണുകളോടെ അല്ലെങ്കിലും ഞമ്മള് നോക്കി നിന്നു.

"നീ എന്തിനാടി അസീനോട്‌ ദേഷ്യപ്പെട്ടത്.അവള് ചോദിച്ചതിന് നിനക്ക് മറുപടി കൊടുക്കാവുന്നതല്ലേ ഉള്ളു. നിനക്ക് പറയായിരുന്നില്ലേ എന്താ വേദനയ്ക്ക് കാരണമെന്ന്." "അതൊക്കെ എന്റെ ഇഷ്ടം.എന്ത് പറയണം പറയണ്ടാന്നൊക്കെ എനിക്കറിയാം.ഇയാള് പറഞ്ഞു തരണ്ടാ." "എടീ..നീ നിന്റെ ഈ ഹൈ പ്രഷർ ഒക്കെയൊന്നു കണ്ട്രോൾ ചെയ്യെന്റെ പെണ്ണേ.നീ എന്തിനാ സധാ സമയവും എല്ലാരോടും ദേഷ്യപ്പെടുന്നത്. കാര്യം ചൂട് കയറുമ്പോൾ തന്നെയാണ് നിനക്ക് മൊഞ്ചു കൂടുതൽ.എന്ന് കരുതി നിന്നെയൊന്നു കൂൾ ആയി കാണാൻ ഞമ്മക്കും ഒരു ആഗ്രഹം ഉണ്ടാവൂലെ." "ഇയാള് കൂടുതൽ ഒലിപ്പിക്കാൻ നിക്കല്ലേ." "ഓക്കേ.എന്നാൽ അതൊക്കെ പോട്ടേ. നിനക്ക് വേദനിക്കുന്നുണ്ടോ.അത് പറ." ഓന്റെ ആ ചോദ്യം കേട്ടു നമ്മക്ക് നല്ലോണം ദേഷ്യം വന്നു.കടിച്ചു നോവിച്ചതും പോരാഞ്ഞിട്ട് ഇപ്പൊ ഓന്റെ ഒരു ഒലക്കമ്മേലെ ചോദ്യം വേദനയുണ്ടോന്ന്. "ഇല്ലാ."

"ഓ.ഇല്ലേ.പിന്നെന്തിനാ അസ്‌ന കഴുത്തിൽ പിടിച്ചപ്പോ നീ അലറിയത്‌.അവളോട്‌ നീ എന്താ പറഞ്ഞത് വേദന ഉണ്ടെന്നല്ലേ." "അത്...അത് അപ്പൊ ഞാൻ.." "അത് അപ്പൊ...പറ" "എനിക്ക് വേദനയുണ്ടോ ഇല്ലയോന്ന് തീരുമാനിക്കുന്നത് ഇയാളാണോ." "അപ്പൊ ഒട്ടും വേദന ഇല്ലാന്നാണോ" "ഷാജഹാന് എന്താ തീരെ ചെവി കേൾക്കില്ലേ.ഇല്ലാ എന്ന് തന്നെയല്ലേ ഞാൻ ഇത്രയും നേരം പറഞ്ഞത്" "ഓക്കേ..എന്നാൽ ഞാനൊന്നു നോക്കട്ടെ" എന്ന് പറഞ്ഞ് ആ ദുഷ്ടൻ ഞമ്മളെ കഴുത്തിൽ പിടിച്ചൊരൊറ്റ ഞെക്കലായിരുന്നു. ഞമ്മക്ക് ഇത്രയും മതിയല്ലോ തൊള്ള കീറാൻ.നമ്മളെ അലർച്ച പുറത്തേക്ക് വരുമ്പോൾ തന്നെ ഓൻ ഓന്റെ കൈ എടുത്തു മാറ്റി. എന്നിട്ട് നമ്മളെ നോക്കി തലങ്ങും വിലങ്ങും ചിരിയാണ് കാലമാടാൻ.ഞമ്മള് ഓന്റെ നടുപൊറം നോക്കി ഒരുഗ്രൻ കുത്ത് വെച്ചു കൊടുത്തു.അതിന് ഓന്റെ മറുപടി വരുന്നതിനു മുന്നേ നമ്മള് ഓനെ ഉന്തി തള്ളി മാറ്റി ക്ലാസ്സിലേക്ക് വെച്ചു പിടിച്ചു. 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

കോളേജിൽ ഇങ്ങനെയൊരു ക്ലാസ്സ്‌ സങ്കടിപ്പിച്ചതിന്റെ പേരിൽ ഉച്ചക്ക് ശേഷം ഞമ്മക്ക് പ്രിൻസിപ്പൽന്റെ വക കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് അഭിനന്ദനങ്ങളും അനുമോദനങ്ങളുമൊക്കെയാണ്.കൂട്ടത്തിൽ കുട്ടികളുടെ വക ട്രീറ്റ്‌.നമ്മളെ പെണ്ണ് എല്ലാത്തിലും ആക്റ്റീവ് ആയി തന്നെ പങ്കെടുക്കുകയും എല്ലാവരോടും ഭയങ്കര കളിയും പെരുമാറ്റവുമൊക്കെയാണ്.പക്ഷെ ഞമ്മളെ മുഖത്തേക്ക് നോക്കുമ്പോൾ മാത്രം ഓൾടെ മുഖം കടന്നൽ കുത്തിയത്‌ പോലെയാണ്.ഞമ്മളോട് മാത്രാണ് അവൾക്ക് സംസാരിക്കാൻ കഴിയാത്തത്. അലിനോടുള്ള ഓൾടെ കത്തിയടിയും ചിരിയുമൊക്കെ കാണുമ്പോൾ തന്നെ ഞമ്മക്ക് തല പെരുത്തു വരാൻ തുടങ്ങി.കാര്യം അലി നമ്മളെ കട്ട ചങ്ക് ഒക്കെ ആണെങ്കിലും നൂറ നമ്മളോട് അല്ലാതെ മറ്റൊരുത്തനോടും അടുത്തു ഇടപെടുന്നത് ഞമ്മക്ക് ഇഷ്ടമല്ല.

ഒരുപക്ഷെ അത് ഞമ്മളെ സ്വാർത്ഥത തന്നെയാവും. ഇന്ന് ഇവിടെ നിന്നും പോയാൽ പിന്നെ നൂറായുമായുള്ള കൂടി കാഴ്ചയ്ക്ക് സാധ്യത കുറവാണ്.അഥവാ ഞമ്മള് അവളെ കാണാൻ വേണ്ടി വന്നാൽ തന്നെ അവള് ഞമ്മക്ക് മുഖം തരാതെ ഒഴിഞ്ഞു മാറും.നൂറാനോട്‌ നമ്മക്ക് എന്തൊക്കെയോ സംസാരിക്കാൻ ഉള്ളത് പോലെ.. എല്ലാവരുടെയും പ്രൊജക്റ്റ്‌ നോക്കി കറക്റ്റ് ചെയ്തതിന് ശേഷം നമ്മള് അതൊക്കെ സിനുന്റെ കയ്യിൽ ക്ലാസ്സിലേക്ക് കൊടുത്തു വിട്ടു.നൂറാന്റേതു ഒഴിച്ച്.. അവളെ ഞമ്മക്ക് ഒന്നു തനിച്ച് കാണണം.അവൾടെ പ്രൊജക്റ്റ്‌ മാത്രം കയ്യിൽ വെച്ച് നമ്മള് ലൈബ്രറിയിൽ തന്നെ ഇരുന്നു. ഞമ്മക്ക് ഉറപ്പുണ്ട് ഇതും അന്വേഷിച്ചുകൊണ്ട് അവള് എന്റെ അടുത്തേക്ക് വരുമെന്ന്. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ഹേ..ഇല്ലേ.നീ ശെരിക്കു നോക്ക് നൂറാ.ഉണ്ടാവും.എല്ലാവരും വലിച്ച് എടുത്തപ്പോൾ നിന്റെത് അടിയിൽ പെട്ടിട്ടുണ്ടാവും.നീ ഒന്നൂടെ നോക്കിയേ.. " "ഇല്ല അസീ..ഞാൻ ശെരിക്കും നോക്കിയതാ.എല്ലാവരുടെയും ഉണ്ട്. എന്റേത് മാത്രം കാണുന്നില്ല.. "

"അപ്പൊ ഇത് കാര്യം വേറെയാ നൂറാ.നിന്റെ വർക് കംപ്ലീറ്റ് ആയില്ലല്ലോ.അതോണ്ടാവും ഷാനുക്ക തിരിച്ച് നൽകാത്തത്. " "ഇത് കംപ്ലീറ്റ് ആവാത്തോണ്ട് ഒന്നുമല്ല അസീ.. അവൻ മനപ്പൂർവം എന്റേത് മാത്രം അതിൽ നിന്നും മാറ്റി വെച്ചതാവും. ഞാൻ അതും ചോദിച്ചോണ്ട് അവന്റെ അടുത്തേക്ക് ചെല്ലുമെന്ന് അവനറിയാം.അതിന് വേണ്ടിയാ.." "ഓ.എന്റെ നൂറാ.അങ്ങനെ എങ്കിൽ അങ്ങനെ.എന്തായാലും നീ ചെന്ന് ചോദിക്ക്..ഇത് നിന്റെ ആവശ്യമാണ്.പോരാത്തതിന് നിന്റേത് കംപ്ലീറ്റ് അല്ലെന്നുള്ള ഓർമയും വേണം നിനക്ക്. നീ വെറുതെ ഷാനുക്കാനോട്‌ ദേഷ്യപ്പെടാൻ നിക്കണ്ടാ.പിന്നെ ഷാനുക്ക സൈൻ ചെയ്തില്ലെങ്കിൽ പ്രിൻസി നോക്കില്ല നൂറാ.. ഏതായാലും നിന്റേത് ആയോണ്ട് ഷാനുക്ക അങ്ങനെയൊന്നും ചെയ്യില്ല.ഒരുപക്ഷെ ഷാനുക്ക അത് കംപ്ലീറ്റ് ചെയ്യുകയാണെങ്കിലോ" "ഓ.പിന്നെ.എന്റെ വർക്കിന്റെ മുകളിൽ ഓൻ റെഡ് മാർക്ക്‌ വരഞ്ഞിട്ടുണ്ടാവോന്നാ എന്റെ പേടി.ഇല്ലേൽ എനിക്ക് പ്രിൻസിന്റെ അടുത്തുന്ന് രണ്ടു കിട്ടട്ടെന്ന് കരുതി ഓൻ അത് കൊണ്ട് പോയി കളഞ്ഞിട്ടുണ്ടാവും.എന്തായാലും ഞാനൊന്നു പോയി നോക്കട്ടെ.

നീ പറഞ്ഞത് പോലെതന്നെ ആവശ്യം എന്റെതായി പോയില്ലേ.ഇനി എന്താ..കഴുത കാലു പിടിക്കുക തന്നെ വഴി." നമ്മള് ലൈബ്രറിയിൽ ചെന്ന് നോക്കുമ്പോൾ നമ്മള് വിചാരിച്ചത് പോലെത്തന്നെ ഷാജഹാൻ ഞമ്മളെ പ്രൊജക്ടും കയ്യിൽ പിടിച്ചോണ്ട് ഇരിക്കാണ്.അതിലേക്ക് കണ്ണും മിഴിച്ചിരിക്കുന്ന ഓന്റെ ആ ഇരുപ്പ് കണ്ടപ്പോൾ തന്നെ ഞമ്മക്ക് ഓനെ അതുപോലെ തൂക്കി എടുത്ത് കോളേജിന് വെളിയിലേക്ക് ഇടാനാ തോന്നിയത്. "കമോൺ നൂറാ ഷെറിൻ..അപ്പൊ എന്റെ പ്രതീക്ഷ തെറ്റിയില്ല." "ആവശ്യം എന്റേത് ആയിപ്പോയില്ലേ.അതുകൊണ്ടാണ് ഇയാൾടെ പ്രതീക്ഷ തെറ്റാത്തത്." "അപ്പൊ നീ എന്നെ കാണാനോ സംസാരിക്കാനോ വേണ്ടി വന്നതല്ലേ. ഞാൻ കരുതി പോകുന്നതിനു മുന്നേ നിനക്ക് എന്നോട് എന്തോ പറയാൻ ഉണ്ടെന്ന്." "ഞാൻ എന്തിനാ ഇയാളെ കാണാനും സംസാരിക്കാനും വരുന്നത്.എനിക്ക് അതിന്റെ ആവശ്യം എന്താ. തന്റെ കയ്യിൽ ഇരിക്കുന്ന ആ സാദനം ഒന്നു തന്നിരുന്നെങ്കിൽ എനിക്കങ്ങോട്ട്‌ പോകാമായിരുന്നു." "അതിനു ഇത് പൂർണമല്ലല്ലോ.

പിന്നെ എങ്ങനെയാ ഞാൻ വാല്യൂ ചെയ്യേണ്ടത്.പറ..ഇങ്ങനെ ഒന്നിൽ എനിക്ക് സൈൻ ചെയ്യാൻ പറ്റോ. സോ ഇത് നിനക്ക് തരാൻ യാതൊരു നിർവാഹവുമില്ല.ഡയറക്റ്റ് ആയി ഞാൻ തന്നെ പ്രിൻസിന്റെ കയ്യിൽ കൊടുത്തോളാം. ബാക്കി അൻപത്തി ഒമ്പതു കുട്ടികളും കറക്റ്റ് ആയി വർക്ക്‌ ചെയ്തപ്പോൾ നൂറാ ഷെറിൻ ദേ ഇത്രമാത്രെ ചെയ്തുള്ളൂന്ന് പറയാം. " എന്ന് പറഞ്ഞ് ഓൻ അതും കയ്യിൽ പിടിച്ചോണ്ട് തന്നെ നമ്മളെ അടുത്തേക്ക് വന്നു. "അത് കംപ്ലീറ്റ് അല്ലാന്നു തന്നെക്കാളും നന്നായി എനിക്കറിയാം.അപ്പൊ ഷാജഹാനത് ഫിൽ ചെയ്തില്ലേ.എറർസ് ഒന്നും കറക്റ്റ് ചെയ്തില്ലേ. " "ഞാൻ എന്തിന് നിന്റെ വർക്ക്‌ കംപ്ലീറ്റ് ചെയ്യണം.എനിക്കെന്താ അതിന്റെ ആവശ്യം " "അതൊന്നും എനിക്കറിയില്ല.പക്ഷെ തന്റെ കയ്യിൽ ഇരിക്കുന്ന എന്റെ ഈ പ്രൊജക്റ്റ്‌ അത് താൻ കംപ്ലീറ്റ് ചെയ്തിട്ടുണ്ടാവും.അതെനിക്ക് ഉറപ്പാ. " "അതെന്താ നിനക്ക് അത്ര ഉറപ്പ് " എന്ന് ചോദിച്ചോണ്ട് നെറ്റിയും ചുളിച്ച് ഷാജഹാൻ നമ്മളെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ടിരുന്നു. "എനിക്ക് ഉറപ്പുണ്ട്.നൂറ ബാക്കി വെച്ചത് എന്ത് തന്നെ ആയാലും അത് ഷാജഹാൻ പൂർത്തിയാക്കുമെന്ന്..

അത്രക്കുണ്ടല്ലോ ഷാജഹാന് എന്റെ കാര്യത്തിലുള്ള ശ്രദ്ദ.പിന്നെ താൻ പറഞ്ഞല്ലോ ഡയറക്റ്റ് ആയി പ്രിൻസിന്റെ കയ്യിൽ ഏല്പിക്കാൻ പോവാന്ന്.താൻ എന്തായാലും അത് ചെയ്യാൻ പോവുന്നില്ല എന്ന് തന്നേക്കാളും നന്നായി എനിക്കറിയാം. കാരണം എനിക്ക് ദോഷം വരുന്ന ഒരു പ്രവർത്തിയും ഷാജഹാൻ ചെയ്യില്ല.തന്റെ മുന്നിൽ അല്ലാതെ മറ്റൊരാളുടെ മുന്നിലും ഞാൻ തോൽക്കാനോ വേദനിക്കാനോ താൻ സമ്മതിക്കില്ല എന്നും എനിക്കറിയാം" "ഓഹോ.അപ്പോ ഇതൊക്കെ നിനക്ക് നന്നായി അറിയാം..എന്റെ സ്നേഹം നീ ഇത്ര നന്നായി മനസ്സിലാക്കിയിട്ടുണ്ട്. എന്നിട്ടാണോടി നീ എന്നെ ഇട്ടു ഇങ്ങനെ വട്ടു കളിപ്പിക്കുന്നത്." എന്ന് ചോദിച്ചോണ്ട് ഓൻ നമ്മളെ കണ്ണിലേക്കു തന്നെ തീവ്രമായി നോക്കാൻ തുടങ്ങി. യാ റബ്ബീ.. ഒക്കെയും സഹിക്കാം.നേരിടാം.പക്ഷെ ഓന്റെ ആ നോട്ടം.അത് താങ്ങാനുള്ള കെല്പ് ഞമ്മക്ക് ഇല്ലാത്തോണ്ട് നമ്മള് അപ്പൊത്തന്നെ ഓന്റെ മുഖത്ത് നിന്നും നോട്ടം പിൻവലിച്ചു.

നമ്മള് ഓന്റെ കയ്യിലുള്ള പ്രൊജക്റ്റ്‌ന് വേണ്ടി ഒരുപാട് തവണ ചോദിച്ചെങ്കിലും ഓൻ അത് ഞമ്മക്ക് തരാതെ അതിനെ അങ്ങോട്ടും ഇങ്ങോട്ടും പൊക്കിയും താഴ്ത്തിയും നമ്മളെ ഓന്റെ താളത്തിനൊത്ത് തുള്ളിക്കയാണ്.ഒടുക്കം കലി കയറി ഞമ്മക്ക് ഓന്റെ കഴുത്തു പിടിച്ചു ഞെരിക്കാൻ വരെ തോന്നിപ്പോയി. "എനിക്ക് വേണ്ടാ.താൻ കൊണ്ട് പോയി പുഴുങ്ങി തിന്ന്." "ഇതാ.എനിക്കൊന്നും വേണ്ടാ നിന്റെ പ്രൊജക്റ്റ്‌.ഞാൻ ഇതൊക്കെ കഴിഞ്ഞു തന്നെയാ ഇവിടെ വരെ എത്തിയത്. അല്ലേലും എനിക്ക് വേണ്ടത് ഈ പ്രൊജക്റ്റ്‌ അല്ല.ഇതിന്റെ ഉടമസ്ഥയെയാ.എന്താ അത് തരാൻ പറ്റോ നിനക്ക്. ആ സാദനത്തിനെ ആണെങ്കിൽ നീ പറഞ്ഞത് പോലെത്തന്നെ കൊണ്ട് പോയി പുഴുങ്ങി തിന്നാമായിരുന്നു." "ഇയാള് കൂടുതൽ വാചകം അടിക്കാതെ അതൊന്നു തരുന്നുണ്ടേൽ താ.സമയം ഒരുപാടായി.എല്ലാവരും പോയി കാണും.

അവരൊക്കെ എന്നെ അവിടെ അന്വേഷിക്കുന്നുണ്ടാവും" എന്ന് പറഞ്ഞ് നമ്മള് ഓന്റെ നേരെ കൈ നീട്ടിയതും പിന്നെ ഒന്നും പറയാതെ ഓൻ നമ്മക്ക് അത് തന്നു.നമ്മള് അപ്പൊത്തന്നെ ക്ലാസ്സിലേക്ക് വെച്ച് പിടിച്ചു. നമ്മള് പറഞ്ഞത് പോലെത്തന്നെ അനു ഒഴികെ ബാക്കി എല്ലാവരും പോയിട്ടുണ്ട്.ഇന്ന് നമ്മളും അനുവും ഓൾടെ വണ്ടിയിലാണ് വന്നത്. ഓള് വണ്ടിയിൽ കയറി നമ്മളോട് കയറാൻ പറയുമ്പോഴും ഷാജഹാനെ ഒന്നൂടെ കാണാൻ പറ്റോന്ന് കരുതി നമ്മള് അവിടെയൊക്കെ ഒന്നു കണ്ണോടിച്ചു. എന്തോ നമ്മക്ക് ഇന്ന് കോളേജ് വിട്ടു പോവാനെ മനസ് വരുന്നില്ല.ഷാജഹാനോട് എന്തൊക്കെയോ പറയാൻ ഉള്ളത് പോലെ.മനസ്സിൽ ഉള്ളത് മുഴുവൻ വെട്ടി തുറന്നങ്ങു പറഞ്ഞാലോന്ന് വരെ തോന്നി പോവാണ്. "നൂറാ.." നമ്മള് കൊതിച്ച പോലെത്തന്നെ ഷാജഹാൻറ്റെ വിളി. റബ്ബേ..ഓന്റെ മുഖത്തെക്ക് നോക്കിയാൽ മനസ് കൈ വിട്ടു പോവും.ഒക്കെയും ഒതുക്കി നിർത്താൻ കഴിയണേ അല്ലാഹ്. "നൂറാ..ഞാൻ പോവാടി.നിന്റെ ആഗ്രഹം പോലെത്തന്നെ എന്റെ ഇവിടുത്തെ മാസ്റ്റർ ഉദ്യോഗം അവസാനിച്ചു. നാളെ മുതൽ നിനക്ക് എന്റെ ശല്യം സഹിക്കേണ്ടി വരില്ല. പക്ഷെ നിന്നെ കാണാതെ ഒരു നിമിഷം പോലും എനിക്ക് വയ്യ നൂറാ. ഇപ്പോഴും നിനക്ക് എന്നോട് ഒന്നും പറയാനില്ലേ നൂറാ.."

"ഇല്ല. " വളരെ ദയനീയതയോടെ നമ്മളെ മുഖത്തേക്ക് നോക്കി നിൽക്കുന്ന ഷാജഹാൻറ്റെ ചോദ്യത്തിന് ഇല്ലാന്ന് തറപ്പിച്ചൊരു മറുപടി കൊടുക്കുമ്പോൾ അവന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.അത് കണ്ടപ്പോ ഞമ്മളെ നെഞ്ചൊന്ന് നീറി പോയി. "ഇനി എന്താ നൂറാ ഞാൻ ചെയ്യേണ്ടത്...നിന്റെ സ്നേഹം നേടാൻ വേണ്ടി ഇനിയും എത്ര നാള് ഞാൻ കാത്തിരിക്കണം.പറ..നീ പറയുന്ന കാലം വരെ കാത്തിരിക്കാം" ഓൻ പറഞ്ഞത് കേട്ടപ്പോ ഓന്റെ നെഞ്ചത്ത് വീണ് കെട്ടിപിടിച്ചു പൊട്ടി കരയാനാണ് മ്മക്ക് തോന്നിയത്.പക്ഷെ ഓന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ വേണ്ടി നമ്മള് മനപ്പൂർവം ഓനിൽ നിന്നും മുഖം തിരിച്ചു. "ആരും എനിക്ക് വേണ്ടി കാത്തിരുന്നു സ്വന്തം ജീവിതം നശിപ്പിക്കണമെന്നില്ല.തന്നോട് ഞാൻ എത്ര തവണ പറഞ്ഞു എന്റെ മനസ്സിൽ തനിക്ക് ഒരു സ്ഥാനവും ഇല്ലെന്ന്.എന്നിട്ടും എന്തിനാ എന്റെ സ്നേഹം കൊതിച്ചു ഇങ്ങനെ പിന്നാലെ നടക്കുന്നത്." "എത്രയൊക്കെ ആയാലും നീ നിന്റെ ഈ നിലപാട് മാറ്റില്ല എന്ന് തന്നെയാണോ നൂറാ.എത്ര പ്രാവശ്യം നീയീ കള്ളം ആവർത്തിക്കും.ഒരിക്കലും എന്റെ മുന്നിൽ നീ നിന്റെ മനസ്സ് തുറക്കില്ല എന്ന് നീ ഉറപ്പിച്ചു കഴിഞ്ഞോ.

എന്നാൽ എനിക്കും ചിലതൊക്കെ ചെയ്യാൻ ഉണ്ട്.ഇത്രയും ദിവസം കാത്തിരുന്നു.. നിന്റെ നാവിൽ നിന്നും ഇഷ്ടാണെന്നൊരു വാക്ക് കേൾക്കാൻ.പക്ഷെ നിന്റെ തീരുമാനം മാറ്റാൻ നീ തയാറല്ല.എനിക്കറിയാം ഇനി എന്താ വേണ്ടതെന്ന്.വയ്യ.. ഇനിയും ഇങ്ങനെ കാത്തിരിക്കാൻ എനിക്ക് വയ്യ നൂറാ." അത്രയ്ക്കും മനസ്സിൽ തട്ടി ഓൻ അങ്ങനെ എന്തൊക്കെയോ പറയുന്നുണ്ട്.ഒന്നിനും ഒരുത്തരം നൽകാൻ നമ്മക്ക് ആവുന്നില്ല. "എനിക്ക് നിന്നെ വേണം നൂറാ. നിന്നെ സ്വന്തമാക്കാൻ ഇനിയൊരു വഴിയും കൂടിയേ എന്റെ മുന്നിൽ ഉള്ളു.ഇനി നിന്റെ അഭിപ്രായമോ സമ്മതമോ ഒന്നും ചോദിക്കാതെ ഞാൻ അത് ചെയ്തിരിക്കും." "എന്താ താൻ ചെയ്യാൻ പോകുന്നത്.അതും കൂടി പറഞ്ഞിട്ട് പോ" നമ്മളെ ചോദ്യത്തിന് തിരിച്ചൊന്നും പറയാതെ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെ ഓൻ ഓന്റെ കാറിന്റെ അടുത്തേക്ക് നടന്നു. ഒടുക്കം കാറിൽ കയറാൻ നേരം ഓൻ പറഞ്ഞ വാക്കുകൾ നമ്മളെ അത്രമാത്രം തളർത്തി കഴിഞ്ഞിരുന്നു....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story