💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 57 || അവസാനിച്ചു

khalbil nee mathram

രചന: ഷംസീന ഫിറോസ്

"ഇത്തൂസെ..ആരാ വിളിച്ചത്.പറ ഇത്താ..ഇങ്ങളെന്താ ഇങ്ങനെ ഒന്നും മിണ്ടാതെ നിൽക്കുന്നത്." എന്ന് ചോദിച്ചു കൊണ്ടു നാഫി നമ്മളെ പിടിച്ചു കുലുക്കിയപ്പോഴാണ് ഞമ്മള് യഥാർത്ഥ്യത്തിലേക്ക് വന്നത്.അപ്പോഴും നമ്മള് അലറി കരയുകയായിരുന്നു. "നാഫി ഞാൻ..ഷാജഹാൻ..ഞാൻ കാരണമാടാ..ഷാജഹാന്..അവന്..അവന് ആക്‌സിഡന്റ് പറ്റിയെന്ന്..അ...അലിയാ വിളിച്ചത്. ഞാൻ കാരണമല്ലേടാ..ഞാനൊറ്റയൊരുത്തി കാരണമല്ലേ.. അതെ നാഫി..ഇപ്പൊ പോകണം.എനിക്കിപ്പോ കാണണം ഷാജഹാനെ..ഞാൻ..എനിക്ക് വേണംടാ ഷാജഹാനെ..അവനില്ലെങ്കിൽ പിന്നെ നിന്റെ ഇത്തൂസ് ഉണ്ടാവില്ല നാഫി.. ഷാജഹാന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല നാഫി..എനിക്കിപ്പോ കാണണം അവനെ." എന്ന് പറഞ്ഞു കൊണ്ടു നമ്മള് നാഫിന്റെ കയ്യിൽ പിടിച്ചു കൊണ്ടു അലമുറയിട്ട് കരഞ്ഞു കൊണ്ടേയിരുന്നു.

"നൂറാ..നീയിങ്ങനെ കരയല്ലേ.ഷാനുക്കാക്ക് ഒന്നും പറ്റിയിട്ടുണ്ടാവില്ല.നീ ധൈര്യമായിരിക്ക്. ഷാനുക്കാക്ക് ഒന്നും സംഭവിക്കില്ല നൂറാ.വാ..നമുക്ക് ഇപ്പൊത്തന്നെ പോവാം.ആദ്യം നീയീ കരച്ചിലൊന്നു നിർത്ത് ഇത്തൂ..ഞാനൊന്നു സിനുന് വിളിച്ചു നോക്കട്ടെ..നീ വാ." എന്ന് പറഞ്ഞു കൊണ്ടു നാഫി മ്മളെ ബുള്ളറ്റ്ന്റെ കീയും എടുത്ത് താഴേക്കിറങ്ങി.കരഞ്ഞു ചീർത്ത മുഖവും തുടച്ച് കൊണ്ടു നമ്മളും അവന്റെ പിന്നാലെ താഴേക്ക് ഇറങ്ങി.നാഫി ഉപ്പച്ചിനോടും ഉമ്മച്ചിനോടും മൂത്താപ്പയോടുമൊക്കെ കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞപ്പോൾ അവരുടെ എല്ലാവരുടെയും കുത്ത് വാക്കുകൾക്ക് മുന്നിൽ കണ്ണീർ വാർത്തു കൊണ്ടു ഒരു ജീവച്ഛവം പോലെ നമ്മളങ്ങനെ നിന്നു കൊടുത്തു.അപ്പോഴും നാഫി സമാധാന വാക്കുകൾ കൊണ്ടു നമ്മളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.വെളിയിലേക്ക് ഇറങ്ങി നമ്മള് വണ്ടിയുടെ ചാവിക്ക് വേണ്ടി കൈ നീട്ടിയപ്പോൾ നാഫി നമ്മളെ വിലക്കി. "വേണ്ട.ഞാൻ എടുത്തോളാം.ഈ അവസ്ഥയിൽ നീ വണ്ടി എടുത്താൽ ശെരിയാവില്ല.." അതിനു മറുത്തൊന്നും പറയാതെ നമ്മള് ബാക്ക് സീറ്റിൽ കയറിയിരുന്നു

അവന്റെ തോളിൽ മുഖം പൂഴ്ത്തി വെച്ചു.ഹോസ്പിറ്റൽ എത്തുന്നതുവരെയുള്ള ഞമ്മളെ കരച്ചിലും പേടിയുമൊക്കെ കണ്ട് നാഫി ആകെ വല്ലാതെ ആയിട്ടുണ്ട്.നാഫി റിസപ്ഷൻൽ കയറി വിവരം അന്വേഷിക്കുമ്പോൾ ഷാജഹാൻ ഐസിയുവിൽ ആണെന്നാണ് നമ്മക്ക് അറിയാൻ കഴിഞ്ഞത്..അതുകൂടി കേട്ടതും നമ്മളവിടെ തന്നെ തളർന്നു വീണു.ഒരുവിധം നാഫി നമ്മളെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ടു icu വിന്റെ മുന്നിലേക്ക് ചെന്നപ്പോൾ വാടി തളർന്നിരിക്കുന്ന മുബിക്കാനെയും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന മിന്നുനെയും ഒപ്പം അവരെ ആശ്വസിപ്പിക്കുന്ന അലിനെയും സിനുനെയുമാണ്‌ നമ്മക്ക് കാണാൻ കഴിഞ്ഞത്.നമ്മളെ കണ്ടതും സിനു നമ്മളിൽ നിന്നും മുഖം തിരിച്ചു നാഫിന്റെ അടുത്തേക്ക് ചെന്നു.പിന്നെ നമ്മള് ഓടി പോയത് മിന്നുന്റെയും മുബിക്കന്റെയും അടുത്തേക്കാണ്.ഞമ്മളെ കണ്ടതും മിന്നു അവിടെന്നെഴുന്നേറ്റ് ഞമ്മളെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി..

"എന്തിനാ ഇത്തൂസെ എന്റെ ഷാനുക്കാനോട് ഇങ്ങനെ ചെയ്തേ..പോവാൻ നേരവും വന്നതായിരുന്നില്ലേ ഇങ്ങളെ കാണാൻ.അന്നേരമെങ്കിലും ഒന്ന് പറയായിരുന്നില്ലേ ഇഷ്ടാണെന്ന്.. നൂറാത്താ..എന്റെ ഷാനുക്കാ..നോക്കിയാട്ടെ..ഇപ്പം icu വിൽ കിടക്കുവാ..ഇങ്ങള് ഇത് കണ്ടൊ ഇത്താ.. ബോധം മറയുമ്പോഴും ഇങ്ങളെയായിരുന്നു ചോദിച്ചത്..ഇങ്ങള് വന്നില്ലേ..ഒന്ന് പോയി ഷാനുക്കാനെ വിളിക്ക് ഇത്തോ..ഇങ്ങള് വിളിച്ചാൽ ഇന്റെ കാക്കു കണ്ണ് തുറക്കും.വിളിക്കില്ലേ ഇത്താ..പറ..ഇങ്ങള് ഷാനുക്കന്റെ അടുത്തേക്ക് ചെല്ലില്ലെ.. എനിക്ക് ഉറപ്പാ ഇത്താ..ഇങ്ങള് വന്നെന്ന് അറിഞ്ഞാൽ ഷാനുക്ക കണ്ണ് തുറക്കും.പ്ലീസ് ഇത്ത..ഇന്റെ കാക്കുനെ ഞങ്ങക്ക് തിരിച്ചു തരില്ലെ ഇത്തോ.?" "മിന്നൂ..നീ..നീയും കൂടി അവളെ തളർത്തല്ലെ..ഇപ്പൊത്തന്നെ അവള് പ്രാണൻ നിലച്ച അവസ്ഥയിലാ..അല്ലേ നൂറാ.?" എന്ന് ചോദിച്ചു കൊണ്ടു മുബിക്ക നമ്മളെ നോക്കി കണ്ണ് നിറച്ചതും ഒരുവിധം അടക്കി നിർത്തിയ നമ്മളെ കണ്ണീർ വീണ്ടും മഴ വെള്ളം കണക്കെ ഒലിച്ചിറങ്ങാൻ തുടങ്ങി.. "മുബിക്കാ..ഞാൻ..ഞാനറിയാതെ..അല്ല അറിഞ്ഞു കൊണ്ടു തന്നെയാണ്.ഷാജഹാൻറ്റെ ഈ അവസ്ഥയിക്ക് കാരണം ഞാനൊറ്റയൊരുത്തിയാ മുബിക്കാ..തെറ്റാ ഞാൻ ചെയ്തത്.മനസ്സിൽ ഇത്രയൊക്കെ സ്നേഹം ഉണ്ടായിട്ടും ഞാനത് ഷാജഹാനോടു തുറന്നു പറഞ്ഞില്ല.

തെറ്റ് തന്നെയാ ഞാൻ ഇങ്ങളെ ഷാനുനോടു ചെയ്തത്.ഒരിക്കലും മാപ്പ് അർഹിക്കാത്തതാണെന്ന് എനിക്കറിയാം മുബിക്കാ.. അള്ളോഹ്..എവിടെ കൊണ്ടു പോയി തീർക്കും ഞാനീ പാപങ്ങളൊക്കെ..എനിക്ക് മാപ്പ് തരില്ലെ മുബിക്കാ.മറ്റാര് ഇന്നോട് ക്ഷമിച്ചില്ലേലും ഇങ്ങളെന്നോട് ക്ഷമിക്കില്ലേ. ഷാ..ഷാജഹാൻ..അവനെന്നെ മനസ്സിലാക്കില്ലെ മുബിക്കാ..ഞാൻ..എനിക്ക് വേണം മുബിക്കാ ഇങ്ങളെ ഷാനുനെ..ഷാജഹാന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ ജീവനോടെ ഉണ്ടാവില്ല..അത്രയ്ക്കും ഇഷ്ടാ എനിക്ക്.ഒത്തിരി ഒത്തിരി ഇഷ്ടാ മുബിക്കാ.. എന്നിട്ടും ഞാൻ..ഇല്ലാ..ഷാജഹാന് ഒന്നും സംഭവിക്കില്ല..സംഭവിക്കാൻ ഞാൻ അനുവദിക്കില്ല..ഞാനൊന്നു കണ്ടോട്ടെ മുബിക്കാ..എനിക്ക് കാണണം.ഞാൻ ചെന്നു വിളിച്ചു നോക്കിക്കോട്ടെ. എനിക്കുറപ്പാ..എന്റെ ശബ്‌ദം കേട്ടാൽ ഷാജഹാൻ ഉണരും.എനിക്കൊന്നു കയറി നോക്കാൻ പറ്റോ..പ്ലീസ് മുബിക്കാ.." "ഇല്ല..പറ്റില്ലാ..നിനക്ക് കാണാൻ കഴിയില്ല നൂറാ.എന്തിനാ നീ കാണുന്നത്.ബാക്കിയുള്ള ജീവനും കൂടെ അങ്ങ് എടുക്കാനോ.

പാടെ ബോധം മറഞ്ഞു കിടക്കുവാ.കുറച്ച് നേരമെങ്കിലും നീ കാരണമുള്ള വേദനകളൊക്കെയൊന്നു മറന്നു കിടന്നോട്ടെ.ചെല്ലണ്ട നീ അടുത്തേക്ക്.. ഇനി ഷാനുക്കാനെയൊന്നു കാണാനുള്ള അർഹത പോലും നിനക്കില്ല നൂറാ.അല്ലെങ്കിലും ഏത് ബന്ധത്തിന്റെ പേരിലാ നീ ഷാനുക്കാന്റെ അടുത്തേക്ക് ചെല്ലുന്നത്.അതും കൂടെയൊന്നു പറയെടി. വേണ്ടാ..നീ കാണണ്ടാ.കുറച്ച് നേരമെങ്കിലും ആ പാവമൊന്ന് സ്വസ്ഥമായി കിടന്നോട്ടെ.കടന്നു പോകരുത് നീ അടുത്തേക്ക്..ഇപ്പോ പോയിക്കോണം ഇവിടുന്ന്. നാഫി..നീ ഇവളെ കൊണ്ടു പോയിക്കോ.ഇവിടെ ഇവളുടെ ആവശ്യമില്ല.നീ പോയിക്കോ നൂറാ..പോയിക്കോ എന്നല്ലാ..ഇനി ഒരുനിമിഷം പോലും നീയിവിടെ നിൽക്കാൻ പാടില്ല..കാണണ്ട നിന്നെ ആർക്കും.. എന്തിനടി നീയിപ്പോ കിടന്നു മോങ്ങുന്നത്.ആരെ കാണിക്കാൻ വേണ്ടിയാ.മര്യാദക്ക് എന്റെ മുന്നിൽ നിന്നും പോകുന്നതാ നിനക്ക് നല്ലത്." എന്ന് പറഞ്ഞു കൊണ്ടു സിനു നമ്മളെ പിടിച്ചു തള്ളിയതും നമ്മള് ചെന്ന് വീണത് മുബിക്കന്റെ കൈകളിലേക്കാണ്.നമ്മള് മുബിക്കന്റെ മുഖത്തേക്ക് ദയനീയമായി നോക്കിക്കൊണ്ട് കണ്ണീർ പൊഴിക്കുമ്പോഴും സിനു നമ്മളിൽ നിന്നും മുഖം തിരിക്കയാണ്.അടുത്ത നിമിഷം സകല നിയന്ത്രണങ്ങളും വിട്ട് ഒരു മുഴു ഭ്രാന്തിയെപ്പോലെ നമ്മള് സിനുന്റെ കോളറിൽ പിടുത്തമിട്ടു അലറി വിളിക്കാൻ തുടങ്ങി..

"ഇല്ല.പോവില്ല ഞാൻ..എനിക്ക് കാണണം ഷാജഹാനെ..എന്റെ ജീവനാ അകത്തു കിടക്കുന്നത്.അറിയോ നിനക്കത്. ഷാജഹാൻ..അവൻ...അവനെന്റെ പ്രാണനാ.ആ അവനെ ഞാൻ കാണാൻ പാടില്ലെന്നോ.എന്റെ ഷാജഹാനെ കാണാൻ ഞാനിവിടെ വേണ്ടെന്നോ..അത് പറയാൻ നീയാരാ. ഞാൻ കാണും.ഇപ്പോ കാണണം എനിക്കവനെ..ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ തടഞ്ഞാലും ഞാൻ ചെന്നു കാണും.അതിനെനിക്ക് ആരുടെയും സമ്മതമോ അനുവാദമോ ഒന്നും വേണ്ടാ. കാരണം അവൻ എന്റെയാ..ഷാജഹാൻ നൂറാന്റെ മാത്രം സ്വന്തമാ.അത് നിനക്കും കൂടി അറിയണതല്ലേ സിനു.. അലി..താൻ എങ്കിലും ഒന്നു പറയെടോ.ഞാൻ.. അല്ലാ..ഷാജഹാൻ എന്റേതല്ലെ..അപ്പൊ ഞാനിവിടെ വേണ്ടെ..വേണ്ടേന്ന്.? വേണം.ഷാജഹാനെ എന്നിൽ നിന്നും അകറ്റാൻ നിനക്കെന്നല്ലാ ആർക്കും കഴിയില്ല സിനു..പടച്ചോൻ ഷാജഹാനെ എന്നിൽ നിന്നും അകറ്റില്ലാ..അതെനിക്കുറപ്പാ.. എന്റെ ശബ്‌ദം കേൾക്കാൻ കൊതിക്കയാവും അവനിപ്പോൾ..നോക്കിക്കോ നിങ്ങളൊക്കെ.." എന്ന് അലമുറയിട്ട് കൊണ്ടു നമ്മള് സിനുനെ തള്ളിമാറ്റി ആരുടെയും എതിർപ്പ് വക വെക്കാതെ icu വിന്റെ ഡോർ തള്ളി തുറന്ന് അകത്തേക്ക് കയറി..

ശരീരത്തിലേക്ക് ഘടിപ്പിച്ച പലവിധ യന്ത്രങ്ങളുടെ നടുവിൽ ഒന്നുമറിയാതെ വാടി തളർന്നുറങ്ങുന്ന ഷാജഹാനെ കണ്ടതും നമ്മളെ ഹൃദയം വീണ്ടും നുറുങ്ങി എരിയാൻ തുടങ്ങി.നമ്മള് നിശബ്ദം കണ്ണീർ തുടച് കൊണ്ടു പതിയെ അവന്റെ ഓരം ചെന്നിരുന്നു.അവന്റെ മുഖത്തേ പുഞ്ചിരി മായാൻ ഞമ്മള് ആണല്ലോ കാരണക്കാരി എന്നുള്ള കുറ്റബോധം കൊണ്ടു നമ്മള് അവിടെ ഇരുന്ന് വാ പൊത്തി കരയാൻ തുടങ്ങി.പതിയെ അവന്റെ മുടിയിഴകളിലൂടെ കയ്യോടിച്ചു കൊണ്ടു നമ്മള് അവനെ വിളിച്ചു.. "ഷാജഹാൻ.." പടച്ചോനെ..നമ്മള് അടുത്തുള്ളത് പോലും അവനറിയുന്നില്ല.ഒരനക്കവും കാണുന്നില്ല.. "ഷാജഹാൻ..കണ്ണ് തുറക്കെടോ..ഞാനാ വിളിക്കണേ." എന്ന് പറഞ്ഞു കൊണ്ടു നമ്മള് അവന്റെ ഷോൾഡറിൽ പിടിച്ചു കുലുക്കാൻ തുടങ്ങി.എത്ര തന്നെ വിളിച്ചിട്ടും കുലുക്കിയിട്ടും അവന്റെ ഭാഗത്തുന്ന് യാതൊരു പ്രതികരണവും കാണാത്തതു നമ്മളെ സമനില തെറ്റാൻ വരെ കാരണമായി.. " ഷാജഹാൻ..കണ്ണ് തുറക്ക്. ഞാനാ വിളിക്കണേ..ഷാജഹാൻറ്റെ നൂറയാ വിളിക്കണത്.

ടോ..ഞാൻ പറയുന്നത് കേൾക്കുന്നില്ലേ.ദേ..നോക്കിയാട്ടെ.തന്റെ ആ രാക്ഷസി പെണ്ണാ വിളിക്കുന്നത്.കണ്ണ് തുറന്നു നോക്കൂ ഷാജഹാൻ..പ്ലീസ്.. ദേ ഞാൻ പറയാൻ പോവാ..ഷാജഹാൻ എന്നിൽ നിന്നും ഏറ്റവും കേൾക്കാൻ കൊതിച്ച കാര്യം ഞാൻ പറയാൻ പോകുവാണെ. വേണമെങ്കിൽ ഇപ്പൊത്തന്നെ കേട്ടോളു.പിന്നീട് കേട്ടില്ലെന്ന് പറഞ്ഞ് എന്നോട് വീണ്ടും ചോദിക്കാൻ വന്നേക്കരുത്.അപ്പം ഞാൻ പറയില്ലാട്ടോ.ഉറപ്പാണെ... ഷാജഹാൻ..താൻ കേൾക്കുന്നുണ്ടൊ.എനിക്ക് ഇഷ്ടമാ ഷാജഹാൻ.ഒത്തിരി ഒത്തിരി ഇഷ്ടാ..തന്നെ എനിക്ക് ഒരുപാടു ഇഷ്ടമാണ്.അത് തനിക്കും അറിയുന്നതല്ലേ.അല്ലേന്ന്..? വെറും ഇഷ്ടമല്ലടോ..എന്റെ ജീവനാണ്. അന്ന് എന്നോട് എന്തോ പറഞ്ഞിരുന്നുവല്ലോ.എന്നെക്കൊണ്ട് ചിലതൊക്കെ പറയിപ്പിക്കുമെന്ന്.എന്റെ നാവിൽ നിന്നുതന്നെ എന്തൊക്കെയോ കേൾക്കണമെന്ന്. ഒക്കെയും ഞാൻ പറയാം ഷാജഹാൻ.ഇനിയും മറച്ചു വെക്കാൻ എനിക്ക് വയ്യ. ഒന്നു കണ്ണ് തുറക്കൂ ഷാജഹാൻ.എന്നെയൊന്നു നോക്കോ..പ്ലീസ്.തന്റെ നൂറ അല്ലേ വിളിക്കണേ..ഷാജഹാൻ ഇല്ലെങ്കിൽ പിന്നെ ഈ നൂറയില്ലടോ..

ഷാജഹാൻ എന്നെ സ്നേഹിക്കുന്നതിന്റെ ഒരായിരം മടങ്ങ് ഞാൻ സ്നേഹിക്കുന്നുണ്ട്.അതറിയില്ലേ ഇയാൾക്ക്.. അറിയാം.ഒക്കെയും അറിയാം.എന്റെ മനസ്സ് നിറയെ ഇയാളാണെന്ന് അറിയില്ലേ.എന്നോ തുടങ്ങിയ നമ്മുടെ മുഹബ്ബത്ത് ഇന്നും അവസാനിച്ചിട്ടില്ലെന്ന് ഇയാൾക്ക് തന്നെ അറിയാം.എന്നിട്ടും എന്തിനാ എന്നോട് ഇങ്ങനെ.. എന്നെ ഉപേക്ഷിച്ചു പോവാണോ.സമ്മതിക്കില്ല ഞാൻ..എനിക്ക് വേണം.എന്റെ സ്വന്തമാണെന്നൊക്കെ പറഞ്ഞിട്ട്..എത്രകാലം വേണമെങ്കിലും എനിക്കായി കാത്തിരിക്കാമെന്ന് പറഞ്ഞിട്ട് ഇപ്പൊ എന്നെ വിട്ട് പോവാണോ.ഒന്നു കണ്ണ് തുറക്ക്..ഈ നൂറാനെ ഒന്നു നോക്കിയാട്ടെ..പ്ലീസ് ഷാജഹാൻ..ഐ റീലി ലവ് യൂ.." അത്രയും കരഞ്ഞു വിളിച്ചു കൊണ്ടു നമ്മള് അവന്റെ നെഞ്ചത്തേക്ക് വീണ് മുഖം പൂഴ്ത്തി പൊട്ടി കരയാൻ തുടങ്ങി.അവന്റെ ദേഹത്ത് തറപ്പിച്ചിരിക്കുന്ന വസ്തുക്കളോരോന്നായി എടുത്തു ഞമ്മള് ദൂരെക്ക് വലിച്ചെറിഞ്ഞു..നമ്മളെ ഈ അട്ടഹസിച്ചു കൊണ്ടുള്ള കാട്ടി കൂട്ടലുകൾ കൊണ്ടെങ്കിലും അവനൊന്ന് ഉണരുമെന്ന് കരുതിയ ഞമ്മക്ക് തെറ്റി..

എത്രയൊക്കെ ആയിട്ടും അവന്റെ ശരീരത്തിന് യാതൊരു അനക്കവും കാണാതെ ആയപ്പോൾ ഞമ്മളെ ശബ്ദവും പതിയെ കുറയാൻ തുടങ്ങി.നമ്മളെ കണ്ണിലൊക്കെ ആകെ ഇരുട്ട് കയറുന്ന പോലെ..എല്ലാം അവസാനിച്ചു എന്നൊരു തോന്നൽ..ഇനി എന്തെന്ന അർത്ഥത്തിൽ നമ്മള് തളർന്നു അവന്റെ നെഞ്ചിലേക്ക് തല ചായിച്ചു കിടന്നു വിതുമ്പി കൊണ്ടേയിരുന്നു.അപ്പോഴും നമ്മളെ ചുണ്ടുകൾ ഉരുവിടുന്നതു അവന്റെ നാമം മാത്രമായിരുന്നു.. "ടാ ഷാനു..മതിയെടാ അവളെ കരയിച്ചത്.ഇനി കണ്ണ് തുറക്കെടാ..." ഞമ്മളെ തേങ്ങി കരച്ചിൽ മാത്രം പ്രതിധ്വനിച്ച് കൊണ്ടിരുന്ന ആ ഐസിയുവിനകത്ത് ഞമ്മക്ക് പിന്നിൽ നിന്നും ഉയർന്നു വന്ന ശബ്‌ദം കേട്ട് ഞമ്മള് ഷാജഹാൻറ്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി ചുറ്റും നോക്കി..നേരത്തത്തെ പോലെ മുഖത്ത് യാതൊരു വിഷമ ഭാവവും ഇല്ലാതെ ചുണ്ടിൽ കള്ളച്ചിരി വിടർത്തി നമ്മളെ തന്നെ നോക്കി നിൽക്കുന്ന മുബിക്കാനെ കണ്ട് ഞമ്മള് ഞെട്ടി തരിച്ചു പോയി..കൂടെ അലിയും സിനുവും മിന്നുവും നാഫിയുമൊക്കെ ഞമ്മളെ നോക്കി ചിരി അടക്കാൻ നന്നേ പാട് പെടുന്നുണ്ട്..നമ്മള് യാതൊന്നും മനസ്സിലാവാതെ അഞ്ചു പേരെയും മാറി മാറി നോക്കി അന്ധാളിച്ചു നിൽക്കുമ്പോൾ നമ്മളെ പിന്നിൽ നിന്നും നമ്മള് ഏറ്റവും കേൾക്കാൻ കൊതിക്കുന്ന ആ വിളി..

"നൂറാ.. " മുഖത്ത് നിന്നും ഓക്സിജൻ ഊരി മാറ്റി നമ്മളെ മുഖത്തേക്ക് നോക്കി പുഞ്ചിരി തൂകി കൊണ്ടുള്ള ഷാജഹാൻറ്റെ വിളി കേട്ടതും നമ്മളെ ഉള്ള ബോധം കൂടി അങ്ങ് പോവുമെന്ന അവസ്ഥയിലായി.. നമ്മള് ആകെ ഷോക്ക് ഏറ്റ അവസ്ഥയിൽ തൊള്ളയും തുറന്നു എല്ലാരേയും മാറി മാറി നോക്കി നിന്നു. "അപ്പൊ എങ്ങനെയാ..ഇനി ഡ്രാമ അവസാനിപ്പിക്കല്ലെ..ഷാനു..നൂറാന്റെ അടുത്ത് നിന്നും ഇയ്യ് കേൾക്കാൻ കൊതിച്ചതൊക്കെ കേട്ടല്ലോ..അല്ലേ..?" എന്ന് ചോദിച്ചു കൊണ്ടു അലി നമ്മളെ നോക്കി ഹലാക്കിലെ ചിരി ചിരിക്കുമ്പോഴും ഇവിടെ ഇപ്പോ എന്താ നടക്കുന്നതെന്ന് ഞമ്മക്ക് മനസ്സിലായില്ല.. "അപ്പൊ..ഇതൊക്കെ..ഞാൻ..എന്നെ ഇങ്ങളൊക്കെ കൂടി പറ്റിച്ചതാണോ.. ആണോന്ന്..മുബിക്കാ..പറഞ്ഞാട്ടെ..അപ്പൊ ഈ കാണുന്നത് ഒക്കെ വെറും അഭിനയമാണോ..ഷാ..ഷാജഹാൻ.." എന്ന് നമ്മള് ചോദിച്ചു തീരുന്നതിനു മുന്നേ മുബിക്ക നമ്മളെ അടുത്തേക്ക് വന്നു നമ്മളെ തലയിൽ തലോടാൻ തുടങ്ങി. "മോളെ നീ സങ്കടപ്പെടാതെ..ഷാനുന് നീ കരുതുന്നത് പോലെ ഒന്നും സംബവിചിട്ടില്ല..

ഇവൻ പോകുന്ന നിമിഷവും നീ നിന്റെ ഇഷ്ടം തുറന്നു പറയില്ലാന്ന് ഞങ്ങൾക്ക് എല്ലാർക്കും ഉറപ്പായിരുന്നു..പിന്നെ ഷാനുന് വല്ലതും സംഭവിച്ചാൽ അത് നിനക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമാകുമെന്നും അങ്ങനെ വന്നാൽ നീ നിന്റെ മനസ്സ് ഇവന് മുന്നിൽ തുറക്കുമെന്നും സിനുവാണ് പറഞ്ഞത്.. നിന്നെ ഒരു വിഡ്ഢി ആക്കണമെന്നോ വിഷമിപ്പിക്കണമെന്നോ ഈ ഇക്കാക്ക് ആഗ്രഹം ഉണ്ടായിരുന്നില്ല.. എന്നിട്ടും ഷാനു പോവാൻ ഒരുങ്ങുന്ന വേളയിലും നീ നിന്റെ നിലപാട് മാറ്റാൻ തയാറാവാതെ വന്നപ്പോൾ എന്റെ ഷാനുന് വേണ്ടി..അവന്റെ സങ്കടം കാണാൻ വയ്യാത്തത് കൊണ്ടു മാത്രം ഞാൻ സിനുന് സമ്മതം നൽകിയതാണ് ഇങ്ങനെയൊരു ഡ്രാമ ക്രിയെറ്റ് ചെയ്യാൻ.. ഇയ്യ് ഈ ഹോസ്പിറ്റൽ ശ്രദ്ദിച്ചോ..സുൽത്താൻ ഗ്രൂപ്പ്‌സിന്റെയാ..നീ ഇങ്ങോട്ടേക്കു കയറുമ്പോൾ പുറത്തുണ്ടായിരുന്ന ഡോക്ടർ ഉണ്ടല്ലോ.. Dr Hashim. എന്റെയും ഷാനുന്റെയും ഫ്രണ്ട് ആണ് അവൻ. എത്തിക്സിന് നിരക്കാത്തതാണെന്ന് അറിഞ്ഞിട്ടും അവൻ ഞങ്ങൾക്ക് ചെയ്തു തന്ന ഹെല്പ് കൊണ്ടു ഇവിടെ ഞാനും അലിയും കൂടി പ്ലാനിങ്സിന്റെ ഭാഗമായി എല്ലാം സെറ്റ് ചെയ്തു വരുമ്പോൾ ആണ് സിനുന്റെ കാൾ വരുന്നത്..

ഷാനുന് ശെരിക്കും ആക്‌സിഡന്റ് പറ്റിയെന്ന്.. നീ ഒരിക്കലും അവന്റെ സ്വന്തമാവില്ലെന്ന് നിന്റെ നാവിൽ നിന്നും തന്നെ കേട്ടത് കൊണ്ടാവും അവിടുന്ന് വരുന്ന വഴി അവന്റെ കയ്യിൽ നിന്നും നിയന്ത്രണം വിട്ടു ബുള്ളറ്റ് മറിഞ്ഞത്.ഭാഗ്യത്തിന് സിനു കൂടെ ഉണ്ടായിരുന്നത് കൊണ്ടു കൂടുതൽ ഒന്നും പറ്റിയില്ല.. പിന്നെ ഒരു ഡ്രാമ പ്ലാൻ ചെയ്തത് കൊണ്ടാവും പടച്ചോൻ ഇങ്ങനെ ഒരു സംഭവം ഉണ്ടാക്കിയത്..റബ്ബിന്റെ കൃപ കൊണ്ടു ഒറിജിനൽ ആയി ദേ ഇത്ര മാത്രെ പറ്റിയുള്ളൂ.. കൈക്ക് ഒരു ചെറിയ ചതവും നെറ്റിക്കൊരു പൊട്ടലും.ബാക്കി ഒക്കെയും ഫിറ്റിങ്ങ് ആൻഡ് ആക്റ്റിങ്ങ് ആണല്ലേ ഷാനു. " എന്ന് പറഞ്ഞു കൊണ്ടു മുബിക്ക ഷാജഹാനെയും നമ്മളെയും നോക്കി കണ്ണിറുക്കി ചിരിച്ചതും നമ്മക്ക് ഷാജഹാന് ഒന്നും സംഭവിച്ചില്ലല്ലോ പടച്ചോനെ എന്നോർത്ത് ചിരിക്കണോ അതോ നമ്മളെ ഇത്രയും ടെൻഷൻ അടിപ്പിച്ചു കരയിപ്പിച്ചതിന് ഇവരോട് ഒക്കെ ദേഷ്യപ്പെടണോന്ന് വരെ അറിഞ്ഞില്ല.. "എന്നാലും ന്റെ നൂറാ..നിനക്ക് ഇങ്ങനെയൊക്കെ കരച്ചിൽ വരുവോടി..പടച്ചോനെ..ഇതാ കാന്താരി പെണ്ണ് തന്നെയാണോ" ന്ന് ചോദിച്ചു കൊണ്ടു സിനു നമ്മളെ അടുത്തേക്ക് വന്നതും നമ്മള് അവനിൽ നിന്നും മുഖം തിരിച്ചു.കാരണം ഈ കുറച്ച് സമയങ്ങളിൽ അവൻ വാക്കുകൾ കൊണ്ടു ഞമ്മളെ അത്രമാത്രം വേദനിപ്പിച്ചു കഴിഞ്ഞിരുന്നു..

മറ്റാരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊക്കെ നമ്മള് സഹിക്കുമായിരുന്നു..പക്ഷെ സിനു. അവൻറ്റെ ഭാഗത്തു നിന്നുള്ള അകൽച്ചയും ദേഷ്യപ്പെടലും നമ്മളെ മരണ വേദനയ്ക്ക് തുല്യമാണ്‌.പോരാഞ്ഞിട്ട് ഓന്റെ ഒടുക്കത്തെ ആക്ടിങ്ങും.അതൊക്കെ കൊണ്ടു നമ്മള് മനപ്പൂർവം അവനോട് ഒന്നും സംസാരിക്കാതെ നിന്നു.. "നൂറാ..നിനക്കെന്നോട് ദേഷ്യമാണോടി..ഞാൻ അടിച്ചതിനാണോ..അതോ കുറ്റപ്പെടുത്തി സംസാരിച്ചതിനോ.. പോട്ടേടി..ഒക്കെയും നിനക്ക് വേണ്ടിയല്ലേ..അതൊക്കെ കൊണ്ടു ഇപ്പോ എന്താ ഉണ്ടായത്..നീ നിന്റെ ഇഷ്ടം ഷാനുക്കാനോട് തുറന്നു പറഞ്ഞു..പോവാൻ ഒരുങ്ങിയ ഷാനുക്കയും നീയും തമ്മിൽ ഒന്നിച്ചു..അതിന്റ്റെയൊക്കെ ഭാഗമായി എന്നോട് താങ്ക്സ് പറയേണ്ടതിന് പകരം മുഖം വീർപ്പിക്കുകയാണോ വേണ്ടത്." എന്ന് പറഞ്ഞു കൊണ്ടു സിനു നമ്മളെ മുഖം ഓന്റെ ഭാഗത്തേക്കായി തിരിച്ചതും നമ്മക്ക് വീണ്ടും കരച്ചിൽ വന്നു..നമ്മള് ഓനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. "സോറി സിനു..ഞാൻ... എല്ലാത്തിനും സോറി..നിങ്ങളെയൊക്കെ ഒത്തിരി വേദനിപ്പിച്ചുല്ലേ ഞാൻ..സോറി.."

"ആഹാ..ഇതു കൊള്ളാല്ലോ..നീ ഇവനോട് ആണോ സോറി പറയേണ്ടത്.ഇവനെയാണോ നീ വിഷമിപ്പിച്ചതും വേദനിപ്പിച്ചതും.ഷാനുനെ അല്ലേ..അപ്പൊ അവനോട് അല്ലേ സോറി പറയേണ്ടത്.ഇവിടെ അങ്ങനെ ഒരുത്തൻ കിടപ്പുള്ളത് നീ കാണുന്നുണ്ടോ നൂറാ..നിങ്ങള് ആങ്ങളയ്ക്കും പെങ്ങക്കും സ്നേഹ പ്രകടനമൊക്കെ പിന്നീട് നടത്താം. ആദ്യം ഇയ്യ് മ്മളെ ഷാനുനെ ഇച്ചിരി സ്നേഹിക്കു നൂറാ.." എന്ന് പറഞ്ഞു കൊണ്ടു അലി നമ്മളെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചതും നമ്മള് ഷാജഹാൻറ്റെ മുഖത്തേക്ക് നോക്കി..അപ്പൊ അവൻ ഞമ്മളെ നോക്കി സൈറ്റ് അടിച്ചു കാണിക്കയാണ് പഹയൻ. "അലിക്ക പറഞ്ഞതാ അതിന്റെയൊരു ശെരി..ഒരുപാടു നാളത്തെ കാത്തിരിപ്പിനും കത്തി കുത്തിനു ശേഷവും ഒരുമിച്ചതല്ലേ ന്റെ ഇത്തൂസും മ്മളെ ഷാനു അളിയനും. അപ്പൊ ഒത്തിരി കാര്യങ്ങളൊക്കെ പറയാൻ ബാക്കി ഉണ്ടാവും. പറയാൻ മാത്രല്ല..ചിലത് കൊടുക്കാനും. അല്ലേ ഇത്തോ.." എന്ന് പറഞ്ഞു കൊണ്ടു നാഫി നമ്മളെ നോക്കി ഇളിച്ചു കാണിച്ചതും ആ പറഞ്ഞതിൽ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ എന്ന അർത്ഥത്തിൽ നമ്മള് ഓനെ നോക്കി കണ്ണുരുട്ടി.. "അപ്പൊ ഇനി അങ്ങോട്ട്‌ ഷാജഹാൻറ്റെയും നൂറാന്റെയും ജീവിതം തുടങ്ങല്ലെ. അല്ലേന്നല്ല..ആണ്..

അപ്പൊ എങ്ങനെയാ മുബിക്കാ..നമ്മളൊക്കെ പുറത്ത് ഇറങ്ങല്ലെ..ഇനി കുറച്ച് നേരം നമ്മക്ക് അങ്ങോട്ട്‌ മാറി നിക്കാം..ഇവിടെ ഒരു ലോട് റൊമാൻസ് ഒക്കെ ബാക്കി കിടപ്പുള്ളതാണെ.. ഷാനുക്കാ ആൻഡ് നൂറാത്താ.ഇങ്ങള് പൊളിക്ക്ട്ടോ. പിന്നെ ഞമ്മളൊക്കെ പുറത്ത് ഉണ്ടെന്ന ബോധം വേണേ.." എന്ന് പറഞ്ഞു കൊണ്ടു ആ കുറ്റി പിസാസ് മിന്നു നമ്മളെ നോക്കി പല്ലിളിച്ചു കാണിച്ചപ്പോ ഞമ്മളെ കിളി അങ്ങ് പാറി പറന്നു..എല്ലാവരെയും കൂട്ടി അവള് പുറത്തേക്ക് ഇറങ്ങുമ്പോഴും നമ്മള് വായും പൊളിച്ചു നിന്നതു നേരത്തത്തെ അവൾടെ ആക്ടിങ് ഓർത്താണ്.. പടച്ചോനെ..എല്ലാരും കൂടെ എന്തൊക്കെ ആയിരുന്നു ഞമ്മളെ മുന്നിൽ..കരച്ചിലും പിഴിച്ചിലും..ശോ..മണ്ടി ആയതു ഞമ്മളും. ആയില്ല..ഇവിടെ കിടക്കല്ലേ ഒറിജിനൽ ഹീറോ..ഞമ്മക്ക് കിട്ടിയതു മുഴുവൻ പലിശ സഹിതം ചേർത്ത് ഒക്കെയും നിനക്ക് തരാടോന്ന് കരുതി നമ്മള് ഷാജഹാൻറ്റെ നേർക്ക്‌ തിരിഞ്ഞു. അപ്പോഴും ചെക്കൻ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ കണ്ണിമ വെട്ടാതെ പാവത്താനെ പോലെ നമ്മളെ നോക്കി കിടപ്പാണ്.

.നമ്മള് അവന്റെ അടുത്ത് ചെന്നിരുന്നു അവന്റെ മുഖത്തേക്ക് നോക്കി ഇരുന്നു.നമ്മക്ക് സന്തോഷം കൊണ്ടു അവനെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുക്കണോ അതോ അവന്റെ തല അടിച്ചു പൊട്ടിച്ചു നമ്മളെ ദേഷ്യം മുഴുവൻ തീർക്കണോന്ന് വരെ അറിയുന്നില്ല. "എന്താടി ഉണ്ടക്കണ്ണി.." "യൂ ചീറ്റ് " എന്ന് പറഞ്ഞു കൊണ്ടു നമ്മള് അവിടെ കിടക്കുന്ന തലയണ എടുത്തു കൊണ്ടു അവന്റെ നെഞ്ചിൽ ഇട്ടടിക്കാൻ തുടങ്ങി.. "ഡീ..ഇതിപ്പോ ആക്ടിങ് ആണ്.സമ്മതിച്ചു..എന്നുകരുതി നീ എന്റെ നെഞ്ചിൻ കൂട് അടിച്ചു കലക്കി എന്നെ ഒറിജിനൽ ആയി ഇവിടെ കിടത്താൻ വല്ല പ്ലാനുമുണ്ടോ." എന്ന് ചോദിച്ചു കൊണ്ടു അവൻ നമ്മളെ രണ്ട് കയ്യും പിടിച്ചു വെച്ചു. "നെഞ്ചിൻ കൂടു മാത്രല്ല..തന്റെ ഇമ്മാതിരി കാട്ടി കൂട്ടലുകൾക്ക് ശരീരം മൊത്തത്തിൽ അടിച്ചു പഞ്ചറാക്കുകയാ വേണ്ടത്.. " എന്ന് പറഞ്ഞു കൊണ്ടു നമ്മള് ഓന്റെ കയ്യിൽ പിടിച്ചു ഞെക്കി.. "അള്ളോഹ്..ഡീ..അത് ഒറിജിനലാടി.. എല്ലിനു ചതവുള്ളത് കൊണ്ടാ ജന്തു പ്ലാസ്റ്റർ ഇട്ടത്..പടച്ചോനെ..ഈ പെണ്ണിന്നെന്നെ കൊല്ലും. " "നൊന്തോ.. " "ഇല്ലെടി..ഉമ്മ വെക്കുന്ന സുഖമല്ലേ "

"അപ്പൊ ഞാൻ ഒന്നൂടെ ആ സുഖം തരട്ടെ " എന്ന് ചോദിച്ചു നമ്മള് ചിരിച്ചോണ്ട് വീണ്ടും ഓന്റെ അതെ കയ്യിൽ പിടിച്ചു ഞെക്കിയതും ഡീന്നൊരു അലർച്ചയ്ക്ക് ഒപ്പം ഓൻ നമ്മളെ കയ്യിൽ പിടിച്ചു വലിച്ചു ഓന്റെ ദേഹത്തേക്കിട്ടു..അപ്രതീക്ഷിതമായ ഓന്റെ വലിയുടെ ആഘാതത്തിൽ നമ്മളെ അധരങ്ങൾ ചെന്ന് പതിച്ചതു അവന്റെ കട്ട താടി രോമങ്ങൾ നിറഞ്ഞ വെളുത്ത കവിളത്തേക്കാണ്. നമ്മള് ഞെട്ടിത്തരിച്ചു കൊണ്ട് കണ്ണും മിഴിച്ചു ഓനെ നോക്കുമ്പോൾ ഓൻ കണ്ണിമ വെട്ടാതെ നമ്മളെ കണ്ണിലേക്ക് തന്നെ നോക്കി ചുണ്ടിൽ കള്ളച്ചിരി വിടർത്തുകയാണ്. "എന്തോന്നെടി ഇത്..കുറച്ചു മയത്തിലൊക്കെ തന്നൂടെ.ഒന്നുല്ലേലും നീയെനിക്ക് ആദ്യമായി തരണതല്ലേ പെണ്ണെ.." "ചീ പോടാ " എന്ന് പറഞ്ഞു കൊണ്ട് നമ്മള് ഓനിൽ നിന്നും മുഖം തിരിച്ചു.. "എന്താ വിളിച്ചത്.പോടാന്നോ..ഡീ..ഷാനുക്കാന്നു വിളിയെടി.. താൻ,ഇയാള്, ഷാജഹാൻന്നൊക്കെയുള്ള വിളി ഇന്ന് നിർത്തിക്കോണം." "മ്മ്..നോക്കട്ടെ..ശ്രമിക്കാം" എന്ന് പറഞ്ഞു കൊണ്ട് നമ്മള് അവന്റെ അടുത്ത് നിന്നും എഴുന്നേറ്റു.. "നൂറാ.."

"മ്മ്..എന്താ.." "ഇവിടെ ഇരിയെടി പെണ്ണെ..നീ ഇതെവിടെക്കാ പോകുന്നത്. " "അല്ല..ഷാജഹാൻ എന്തിനാ ഇവിടെ കിടക്കണേ.അതിനും മാത്രമൊന്നും സംഭവിച്ചില്ലല്ലോ " "അപ്പൊ എനിക്ക് കാര്യമായി വല്ലതും സംഭവിക്കണമായിരുന്നോ.. " "വേണ്ടാ..എങ്കിലും എന്നോട് ചെയ്തത് ഇത്തിരി കൂടി പോയില്ലേ ഷാജഹാൻ..ഈ കുറച്ച് സമയം കൊണ്ടു ഞാൻ എന്തോരം വേദനിച്ചുവെന്നറിയോ.എന്നോട് ഇത്രയൊക്കെ വേണമായിരുന്നോ..എന്നെ ഇത്രമാത്രം കരയിപ്പിക്കണമായിരുന്നോ.." എന്ന് ചോദിച്ചു കൊണ്ട് നമ്മള് കണ്ണും നിറച്ച് വീണ്ടും അവന്റെ അരികിൽ ചെന്നിരുന്നു. "അപ്പൊ ഇത്രയും നാള് നീ എനിക്ക് നൽകിയ വേദനയോ.അതിന്റെയൊക്കെ പകുതി ആവുമോ ഇത്..പറ.." അതും ചോദിച്ചു കൊണ്ട് അവൻ കിടന്നിടത്ത് നിന്നും എഴുന്നേറ്റു പുറകിലേക്ക് ചാരിയിരുന്നു.. "പറ പെണ്ണെ.. എന്താ മൗനം.നിനക്ക് എന്നോട് ഒന്നും സംസാരിക്കാൻ ഇല്ലേ.. നൂറാ..പറയെടി..ശെരിക്കും വേദനിച്ചോ നീ" "മ്മ്..ഷാജഹാന് വല്ലതും സംഭവിച്ചാൽ പിന്നെ ഞാൻ ഉണ്ടാ...." എന്ന് നമ്മള് പറഞ്ഞു തീരുന്നതിന് മുന്നേ അവൻ നമ്മളെ ചുണ്ടുകൾ പൊത്തി പിടിച്ചിരുന്നു..

"ഇങ്ങ് അടുത്ത് വന്നേ.." അവൻ പറഞ്ഞതു കേട്ടു നമ്മള് കുറച്ച് കൂടെ അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു. "കുറച്ചുടെ നീങ്ങി ഇരി പെണ്ണെ..ഞാൻ നിന്നെ പിടിച്ചു വിഴുങ്ങാൻ ഒന്നും പോകുന്നില്ല " എന്ന് പറഞ്ഞു കൊണ്ട് അവൻ നമ്മളെ കയ്യിൽ പിടുത്തമിട്ടു കണ്ണിലേക്കു തന്നെ നോക്കി ഇരിക്കുമ്പോഴാണ് നമ്മള് ഇപ്പൊ ഇവിടെ എത്താൻ കാരണമായ എന്റെ ജെസിന്റെ ഡയറിയെക്കുറിച്ചു നമ്മക്ക് ഓർമ വന്നത്..നമ്മള് അപ്പൊത്തന്നെ ആ ഡയറിയെ കുറിച്ചും അതിൽ ഉണ്ടായിരുന്ന കാര്യങ്ങളെ കുറിച്ചുമൊക്കെ അതേപടി ഷാജഹാനോടു പറഞ്ഞു കൊടുത്തു. "ഓ..അപ്പൊ അത് കാരണമാണോ‌ നീ ഇവിടേക്ക് വന്നതും നിന്റെ ഇഷ്ടം തുറന്നു പറഞ്ഞതും. അല്ലാതെ എന്നോടുള്ള സ്നേഹം കൊണ്ടോ എന്നെ കാണണമെന്ന് തോന്നിയോ വന്നതല്ലല്ലെ..?" "ആണ്..ന്റെ ജെസി ഒരു കാര്യം ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് ഈ നൂറ സാധിച്ചു കൊടുത്തിരിക്കും.അതുകൊണ്ടാ ഞാനിപ്പോ ഇവിടേക്ക് വന്നത്. അല്ലാതെ ഷാജഹാന് ആക്‌സിഡന്റ് പറ്റിയെന്ന് അറിഞ്ഞു വിഷമം കൊണ്ട് വന്നതൊന്നുമല്ലാ.. ഇയാൾക്ക് എന്തായാലും എനിക്ക് എന്താ..ഒന്നുമില്ല.."

"അപ്പൊ എനിക്ക് എന്ത് സംഭവിച്ചാലും നിനക്കൊന്നുമില്ല.അല്ലേ നൂറാ.." "ഇല്ലാ എന്ന് പറഞ്ഞല്ലോ.." "ഡീ..എന്റെ മുഖത്തേക്ക് നോക്കി പറയെടി.. ഇത്തിരി മുൻപ് നീയിവിടെ നടത്തിയ കോലാഹലങ്ങളൊക്കെ ഞാൻ കണ്ടതാ നൂറാ..അന്നേരം എനിക്ക് നല്ല ബോധം ഉണ്ടായിരുന്നതാ.. പടച്ചോനെ..എന്തൊക്കെ ആയിരുന്നു. ഷാജഹാൻ..ഷാജഹാൻ..കണ്ണ് തുറക്കൂ.നൂറയാ വിളിക്കണേ..എനിക്ക് ഇഷ്ടാണ്..എന്റെ ജീവനാണ്..ഷാജഹാൻ ഇല്ലെങ്കിൽ പിന്നെ ഞാനില്ലാ. ഹൂ..അതാണ്..ഇതാണ്..എന്നിട്ടു പെണ്ണ് ഇപ്പൊ പറയുന്നത് നോക്കിയേ.. ഡീ..നേരത്തെ നീ കരഞ്ഞു തളർന്നു വീണത് എന്റെ ഈ നെഞ്ചത്തേക്കാണ്..നിന്റെ ഓരോ തുള്ളി കണ്ണുനീർ എന്റെ ദേഹത്തേക്ക് പതിക്കുമ്പോഴാ നൂറാ ഞാൻ ശെരിക്കും വേദനിച്ചത്.നിന്റെ ആ വിങ്ങി പൊട്ടിയുള്ള കരച്ചിൽ കാണുമ്പോൾ ആ നിമിഷം തന്നെ കള്ളത്തരമൊക്കെ അവസാനിപ്പിച്ചു നിന്നെ ചേർത്ത് പിടിച്ചു കരയല്ലേടി പെണ്ണേന്ന് പറയാൻ ഒരുങ്ങിയതാ.. എന്നിട്ടും ചെയ്യാതെ ഇരുന്നത് നിന്നെ ഒന്നു ഞമ്മളെ വരുതിയിൽ കൊണ്ട് വരാനാണ്..പിന്നെ സിനു പറഞ്ഞിട്ടുണ്ടായിരുന്നു..

നൂറാന്റെ കരച്ചിലും പിഴിച്ചിലും കാണുമ്പോൾ ചാടി എഴുന്നേറ്റെക്കല്ലേ ഷാനുക്കാന്ന്.. അതൊക്കെ പോട്ടേ..ആ അഞ്ചു മിനുട്ട് നേരം ഈ ഓക്സിജൻ വെച്ച് ഇവിടെ കിടന്ന അവസ്ഥ..പടച്ചോനെ..എനിക്ക് മാത്രെ അറിയുള്ളൂ.. പിന്നെ ഒക്കെയും നിന്നേ സ്വന്തമാക്കാൻ വേണ്ടിയാണല്ലോന്ന് ഓർത്ത് സഹിച്ചു പിടിച്ചു കിടന്നതാ..എന്നിട്ടിപ്പോ ദുഷ്ടത്തിടെ പറച്ചില് നോക്കിയേ.." "പിന്നെ ഞാൻ എന്താ പറയേണ്ടത്." "നീ എന്താ പറയേണ്ടതെന്ന് ഞാൻ പറഞ്ഞു തരാം.." എന്ന് പറഞ്ഞു കൊണ്ട് അവൻ നമ്മളെ അരയിലൂടെ വട്ടം ചുറ്റി പിടിച്ച് അവൻറെ നെഞ്ചോടു അടുപ്പിച്ചിരുത്തി.. "നൂറാ.." "മ്മ്..പറ.." "ഒരു ഐ ലവ് യു പറയെടി പെണ്ണേ.." "ഇല്ലാ..ഞാൻ പറയില്ലാ.." "ഡീ..ഒന്നു പറയെടി പൊന്നേ.." "ഓക്കേ.കെഞ്ചണ്ടാ..ഞാൻ പറയാം.. I lOVE YOU SHAJAHAN " പതിഞ്ഞ സ്വരത്തിൽ അവന്റെ കാതോരം ചേർന്ന് നമ്മള് അത് പറഞ്ഞു തീരുന്നതിന് മുന്നേ അവന്റെ അധരങ്ങൾ നമ്മളെ ചോര ചുണ്ടുകളിലേക്ക് ലയിച്ചു ചേർന്നിരുന്നു..അടുത്ത നിമിഷം അവന്റെ ഇരു കൈകൾ കൊണ്ട് നമ്മളെ വലിഞ്ഞു മുറുക്കുമ്പോൾ അവനിൽ നിന്നും കുതറി മാറാനോ അകന്നിരിക്കാനോ നമ്മക്ക് കഴിഞ്ഞില്ല..അപ്പോഴേക്കും നമ്മള് ഷാജഹാൻറ്റെ നെഞ്ചോടു പറ്റി ചേർന്നിരുന്നു നാളെയുടെ സ്വപ്‌നങ്ങൾ പങ്കു വെക്കാൻ തുടങ്ങിയിരുന്നു.. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

മൂന്ന് മാസങ്ങൾക്ക് ശേഷം.. "ഷാനുക്കാ..ദേ..ഒന്നിവിടെ വന്നേ.." "പടച്ചോനെ..ഇയ്യ് എന്താടി വിളിച്ചത്." "എന്തേയ്..കേട്ടില്ലെ..അതോ ദഹിച്ചില്ലെ.. ഇങ്ങനെ കണ്ണും മിഴിച്ചു നോക്കി നിക്കാതെ ഒന്നു ഇവിടം വരെ വാ മനുഷ്യാ.." "എന്തോന്നാടി നിനക്ക് ഇപ്പം അവിടെ അത്ര അത്യാവശ്യം.." എന്ന് ചോദിച്ചു കൊണ്ട് ബാത്‌റൂമിലേക്ക് കയറാൻ ഒരുങ്ങിയ ഷാജഹാൻ നമ്മളെ അടുത്തേക്ക് വന്നു. "ദേ..നോക്കിയാട്ടെ.ഒരു മണിക്കൂറായി ഇതും ചുറ്റി പിടിച്ചു ഞാനിവിടെ നിൽക്കാൻ തുടങ്ങിട്ട്..എനിക്ക് വയ്യാ ഇതുപോലെയുള്ള കോപ്രായങ്ങളൊക്കെ വലിച്ചു കെട്ടി നടക്കാൻ.." "പിന്നേയ്..ആ ജീവനാന്തം നീ ജീൻസും ടോപ്പും കയറ്റി നടക്കല്ലേ.. ഇന്ന് ഞമ്മളെ അലിന്റെയും അസിന്റെയും നിക്കാഹ് ആണ് മോളെ..അല്ലാതെ നിന്റെ ഫാഷൻ പരേഡ് ഒന്നുമല്ല.മര്യാദക്ക് സാരി ഉടുത്തു റെഡി ആയിക്കോ.. ഇല്ലേൽ നീ എന്റെ കയ്യിന്ന് വാങ്ങിക്കും നൂറാ..പിന്നെ നിന്റെ ചങ്കത്തി അസി എന്നോട് പ്രത്യേകം പറഞ്ഞിട്ടുണ്ട് നൂറാനെ നല്ല കോലത്തിൽ തന്നെ കൊണ്ട് വരണേ ഷാനുക്കാന്ന്.."

"ഓ..ആയിക്കോട്ടെ..എനിക്ക് ഇത്തിരി കോലം കുറവ് തന്നെയാണ്.ഇന്നലെ രാത്രിയും ആ ജന്തു ഇത് തന്നെയാണ് പറഞ്ഞത്.. ആ പറഞ്ഞവൾക്ക് ഇട്ടു ഞാൻ ഇന്ന് കൊടുക്കുന്നുണ്ട്.അതിന് മുൻപ് ഇങ്ങള് എനിക്ക് ഇതൊന്നു ശെരിയാക്കി താ ഷാനുക്കാ.." "ഡീ..എനിക്ക് അറിയില്ലാട്ടോ ഈ വക കാര്യങ്ങളൊന്നും.നീ മിന്നുനെ വിളിക്ക്.." "പറ്റില്ല..ഞാൻ സാരി ധരിക്കണോ എങ്കിൽ ഇങ്ങള് തന്നെ എനിക്ക് ഇത് ശെരിയാക്കി തരണം.." എന്ന് പറഞ്ഞു കൊണ്ട് നമ്മള് നമ്മളെ കെട്ടിയോനെ നോക്കി മുഖം തിരിച്ചതും ഓൻ നമ്മളെ നോക്കി പുഞ്ചിരി തൂകുകയാണ്.. "എവിടെ..നോക്കട്ടെ..എന്താ ചെയ്യേണ്ടത്." "ദേ..ഇവിടെ..അവിടെ കുത്തി ഇരി.എന്നിട്ടു താഴെന്ന് ഞൊറി പിടിച്ചു താ.." നമ്മള് പറഞ്ഞതു കേൾക്കേണ്ട താമസം നല്ല അനുസരണയുള്ള കെട്ടിയോനായി ഓൻ നമ്മളെ സാരി ഒതുക്കി വെച്ചു തരാൻ തുടങ്ങി.താഴെന്ന് ശെരിയാക്കി തുടങ്ങി നമ്മളെ വയറിന്റെ അടുത്തേക്ക് എത്തിയതും അവൻ നൂറാന്ന് വിളിച്ചു കൊണ്ട് ഞെട്ടി തരിച്ചു നമ്മളെ മുഖത്തേക്ക് നോക്കാൻ തുടങ്ങി..

ഓന്റെ വിളിയും നോട്ടവുമൊക്കെ കണ്ടു നമ്മള് അതിനേക്കാൾ ഞെട്ടിപ്പോയി.. "എന്താ.." "ഡീ പെണ്ണെ..എന്തോന്നെടി ഇത്..വയർ ബലൂൺ പോലെ വീർത്തു വന്നിട്ടുണ്ടല്ലോ..സത്യം പറയെടി..നീ ഒരാഴ്ച്ചയിൽ തന്നെ പണി പറ്റിച്ചോ.." എന്ന് ചോദിച്ചു കൊണ്ട് അവൻ വായും പൊത്തി പിടിച്ചു നമ്മളെ നോക്കി ഹലാക്കിലെ ചിരി. "ദേ മനുഷ്യാ..വൃത്തികേട് പറയരുത്..വെറുതെ എന്നെ ആ പഴയ നൂറയാക്കി മാറ്റരുത് " "ഇത് നല്ല കാര്യം..ഇതിൽ എന്താടി അത്രക്കും വൃത്തികേട് ഉള്ളത്.. നീ എന്റെ സ്നേഹം അംഗീകരിച്ചു.ഇഷ്ടാണെന്ന് പറഞ്ഞു..ശേഷം നിക്കാഹ് കഴിഞ്ഞു..ഒക്കെയും പോട്ടേ..നല്ല ഗംഭീരമായി തന്നെ ആദ്യ രാത്രിയും കഴിഞ്ഞു..അങ്ങനെ ഒക്കെയും കഴിഞ്ഞു ഒരാഴ്ച്ച ആകുന്നു.അന്നേരം നിനക്ക് ഇതൊന്നും വൃത്തികേട് ആയി തോന്നിയിട്ടില്ല..ഇപ്പൊ ഞാൻ ചോദിക്കുന്നതാല്ലെ കുഴപ്പം " എന്ന് ചോദിച്ചു കൊണ്ട് അവൻ നമ്മളെ വയറിൽ പിടിച്ചു നുള്ളി.. "ഹൗ..ചെ..ഇങ്ങള് ഇതെന്തോന്ന്.. മതി..ബാക്കി ഞാൻ ചെയ്തോളാം..ഇങ്ങള് പോയി കുളിച്ചേ" എന്ന് പറഞ്ഞു കൊണ്ട് നമ്മള് അവനെ ഉന്തി തള്ളി ബാത്‌റൂമിലേക്ക് കയറ്റി..

ഒരുവിധം തട്ടി കൂട്ടി കണ്ണാടിന്റെ മുന്നിൽ നിന്ന് ഈ എടുത്താൽ പൊങ്ങാത്ത ഗ്രാൻഡ് സാരിയെ ചുറ്റി വലിച്ചു കെട്ടി സ്കാഫ് ചെയ്യുമ്പോഴാണ് റൂമിലേക്ക്‌ നമ്മളെ നാത്തൂൻ കുറ്റി പിസാസ് മിന്നൂന്റെ എൻട്രി.. "ഇത്തോ.. " "ആഹാ..ഇയ്യ് ഒരുങ്ങി കഴിഞ്ഞോ മിന്നൂസെ..നല്ല അടാറ് മൊഞ്ചത്തി ആയിട്ടുണ്ടല്ലോ.." "ഒന്നു പോ ഇത്തോ..എത്ര അണിഞ്ഞൊരുങ്ങിയാലും മൊഞ്ചിന്റെ കാര്യത്തിൽ ഒരു കാലത്തും നമ്മളൊന്നും ഇങ്ങളെ ഏഴയലത്തെത്തില്ലാ.." "ഓ..ഇത്ത നല്ലോണം പതഞ്ഞു..രാവിലെ തന്നെ പെണ്ണ് നല്ല സുഖിപ്പിക്കലാണല്ലോ..എന്താണാവോ കാര്യം. " "കൊച്ച് ഗള്ളി..അപ്പം സുഖിപ്പിച്ചതാണെന്ന് ഇങ്ങക്ക് മനസ്സിലായില്ലെ.." "ആയല്ലോ..ഇനി നീ കാര്യം പറഞ്ഞാട്ടെ..എന്താണ് മോളെ രാവിലെ തന്നെ ഒരു നാണമൊക്കെ.. പടച്ചോനെ..എന്തോ നന്നായി ചീഞ്ഞു നാറുന്നുണ്ടല്ലോ.. " "ഒന്നു പോ ഇത്തോ..ഇങ്ങളെന്താ ഒന്നും അറിയാത്ത പോലെ..ഇന്ന് മുബിക്ക ഗൾഫിലേക്ക് പോവല്ലേ..അതിന് മുന്നേ എന്റെ കാര്യമൊന്നു പറഞ്ഞു ഉറപ്പിച്ചു വെക്ക് നൂറാത്താ.. അജുക്ക എന്നോട് ഇന്നലെയും ചോദിച്ചു എന്താ തീരുമാനമെന്ന്.. ഞാൻ പറഞ്ഞു ഇക്കാക്കമാരോട് ഒക്കെ ചോദിച്ചു പറയാമെന്ന്..എന്റെ മറുപടി കിട്ടിയതിനു ശേഷം മാത്രെ ഇവിടേക്ക് പെണ്ണ് ചോദിക്കാൻ വരുള്ളൂന്നാ പറയണേ..ഇന്നൊരു തീരുമാനം പറയാൻ പറഞ്ഞിട്ടുണ്ട്.."

"പടച്ചോനെ..അപ്പം അവിടെ വരെ എത്തിയോ കാര്യങ്ങൾ..എന്നിട്ട് ആ പഹയൻ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ.. " "പറഞ്ഞില്ലേ..ഹിഹി..ഇങ്ങള് വല്ല പാരയും പണിയുമെന്ന് കരുതി ആവും." "ഓഹ്..ആയിക്കോട്ടെ.എന്നാൽ പിന്നെ ഇപ്പൊ എന്തിനാ എന്നോട് വന്നു പറഞ്ഞത്.നിനക്ക് തന്നെ പറഞ്ഞൂടെ അന്റെ ഇക്കാക്കമാരോട്." "നൂറാത്താ..ഇങ്ങള് പിണങ്ങല്ലേ..മ്മള് ചുമ്മാതെ പറഞ്ഞതല്ലേ..പ്ലീസ് ഇത്തോ.ഇങ്ങളെ മിന്നൂസ് അല്ലേ പറയണേ." "മ്മ്..മതി മതി..കൂടുതൽ ചിണുങ്ങണ്ടാ.അന്റെ ഷാനുക്കാക്കുനോട് ഞമ്മള് കാര്യം സൂചിപ്പിച്ചിട്ടുണ്ട്.മുബിക്കാനോടും ഞമ്മള് പറഞ്ഞിട്ടുണ്ട്.നിനക്ക് ഇഷ്ടം ആണെങ്കിൽ അവന്റെ പടുത്തം കഴിഞ്ഞു നോക്കാമെന്നാ മുബിക്ക പറഞ്ഞത്. അജൂന് നിന്നോടുള്ള അതേ ഇഷ്ടം നിനക്ക് അവനോടുമുണ്ടെന്ന് എനിക്ക് നേരത്തെ അറിഞ്ഞതാ മോളെ.അന്നേരം തന്നെ ഞമ്മള് അത് ഷാനുക്കാനോട് പറഞ്ഞിരുന്നു.." "ഓഹ്..എന്റെ നൂറാത്താ..ഇങ്ങള് ഞമ്മളെ മുത്താണ്.. അള്ളോഹ്..ശെരിക്കും ഞമ്മള് ഇപ്പൊ ഇവിടേക്ക് വന്നത് ഇത് പറയാൻ അല്ലാട്ടോ.. ദേ ഇത് തരാൻ ആണ്. "

എന്ന് പറഞ്ഞു കൊണ്ട് മിന്നു നമ്മളെ ഫോൺ നമ്മളെ നേർക്ക്‌ നീട്ടി. "ങ്ങേ..എന്റെ ഫോണല്ലെ ഇത്.ഇതെവിടെന്ന് കൊണ്ട് വരുന്നതാ." "ഹോ..ഇങ്ങനെയൊരു സാധനം.ഇങ്ങക്ക് ഒരു ശ്രദ്ധയും ഇല്ലല്ലോ ഇത്താ.. ഫോൺ റിങ് ചെയ്യുന്ന ശബ്‌ദം കേട്ടു വന്നു നോക്കിയതാ..അപ്പോഴാ ഇങ്ങളെ ഫോൺ ബാൽക്കണിയിൽ കിടക്കുന്നത് കണ്ടത്. നൈറ്റ്‌ ഫുൾ രണ്ടും കൂടി അവിടെ ഇരുന്ന് പഞ്ചാര അടിച്ചു ഫോൺ എടുക്കാൻ മറന്നതാവുംല്ലെ.." "ഇളിക്കല്ലേ..ആരാ വിളിച്ചതെന്ന് നോക്കിയോ." "ഒരാളൊന്നുമല്ല..മൊത്തം മിസ്സ്‌ കാൾസ് ആണ്.ജുനൈദ്, ജാസിമൊക്കെ മാറി മാറി വിളിച്ചോണ്ട്.ദേ നോക്കിയാട്ടെ.. ഷാനുക്ക റെഡി ആയി കഴിഞ്ഞാൽ രണ്ടു പേരും കൂടെ താഴേക്ക് വന്നൊളി..മുബിക്ക ഇങ്ങളെ വെയ്റ്റിംഗ് ആണ് ഇത്താ..നിക്കാഹും ഫങ്ക്ഷനുമൊക്കെ കഴിഞ്ഞു പെട്ടെന്ന് ഇറങ്ങണം.ഈവെനിംഗ് ഫോറോ ക്ലോക്കിനാണ് ഫ്ലൈറ്റ്..മുബിക്കാനെ കൊണ്ട് വിടാൻ ചെല്ലണ്ടെ നമുക്ക്.പെട്ടെന്ന് വായോ ഇത്താ.." എന്ന് പറഞ്ഞു കൊണ്ട് മിന്നു റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങി..

മുബിക്ക പോകുന്നത് ഓർക്കുമ്പോൾ വല്ലാതെ വിഷമം ആവുന്നുണ്ട്..പിന്നെ ഒരു കണക്കിന് പോകുന്നത് തന്നെയാണ് നല്ലത്. പഴയതൊക്കെയും മറന്നു ഒരു നിക്കാഹ് കഴിക്കണമെന്ന് ഞങ്ങള് എല്ലാവരും മുബിക്കാനോട് ആവശ്യപ്പെട്ടതാണ്. മുബിക്കാനെ ഇങ്ങനെ ഒറ്റത്തടിയായി കാണാൻ വയ്യാത്തത് കൊണ്ടാണ്..പക്ഷെ ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും മുബിക്ക അക്കാര്യത്തിനോടു മാത്രം യോജിക്കുന്നില്ല.. ന്റെ ജെസിയെ മറക്കാനോ മറ്റൊരു പെണ്ണിന്റെ കൂടെ ഒരു ജീവിതം തുടങ്ങാനോ ഈ ജന്മത്തിൽ കഴിയില്ല എന്ന് പറയുന്നു..മരണം വരെ ജെസിടെ ഓർമ്മകളിൽ ജീവിക്കും എന്നാണ് പറയുന്നത്..പക്ഷെ ഇവിടെ നിന്നാൽ ആ ഓർമ്മകളൊക്കെയും വേദനയായി മാറുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് മുബിക്ക വീണ്ടും ഗൾഫിലേക്ക് മടങ്ങാൻ ഒരുങ്ങുന്നത്.മുബിക്കന്റെ ഭാഗത്ത്‌ നിന്നും ചിന്തിക്കുമ്പോൾ അതാണ് നല്ലതെന്നു ഞങ്ങൾക്കും തോന്നി.. അതുകൊണ്ട് ആരും പോവണ്ടാന്ന് പറഞ്ഞില്ല. പടച്ചോനെ..ഇനിയും നിങ്ങളോട് ഒക്കെ സ്റ്റോറി പറയാൻ നിന്നാൽ ഞമ്മളെ കാര്യങ്ങൾ അവതാളത്തിലാവും..

നമ്മള് പെട്ടെന്ന് തന്നെ ഫോൺ എടുത്തു നോക്കി.. അള്ളോഹ്..ഞമ്മളെ ചങ്ക്സിന്റെയും ഓർഡിനറി ഫ്രണ്ട്സിന്റെയും കൂടി ഒരു പത്തു നൂറോളം മിസ്സ്‌ കാൾ കിടപ്പുണ്ട്.. നമ്മള് അപ്പൊത്തന്നെ ഓരോരുത്തർക്കായി തിരിച്ചു വിളിക്കാൻ തുടങ്ങി.എല്ലാവരും ഓഡിറ്റോറിയത്തിൽ എത്തി..ഞമ്മളെ മാസ്സ് എൻട്രി കാണാഞ്ഞിട്ട് വിളിക്കുവാണ്. ആ ജാസിം ആണെങ്കിൽ പിന്നേയും വിളിയോട് കൂടെ വിളി.ഒരുകണക്കിന് അവനെ ഒന്നു സമാധാനിപ്പിച്ചു നമ്മള് ഫോൺ കട്ട് ചെയ്തു തിരിഞ്ഞതും നമ്മക്ക് പിന്നിൽ നമ്മളെ ഷാജഹാൻ കെട്ട്യോൻ നമ്മളെ സസൂക്ഷ്മം നോക്കി നിൽക്കുവാണ്.. "എന്താ.." "ഏയ്‌..ഒന്നുല്ല.ഇപ്പൊ യുദ്ധം ഫോണിലൂടെയും തുടങ്ങിയോ നീ.." "അതൊക്കെ പറയാതെ ഇരിക്കുന്നതാ നല്ലത്..അത് അവനാ.ആ ജാസിം.ഇങ്ങടെ ഫസ്‌നന്റെ ചങ്ക്.. അസിടെ നിക്കാഹ് ഉറപ്പിച്ചന്ന് തുടങ്ങിയതാ അവന്റെ രോദനം. ഹാ..അവനെ പറഞ്ഞിട്ടും കാര്യമില്ലാ..പ്രണയത്തിനു കണ്ണില്ല മൂക്കില്ലാന്നൊക്കെ ആണല്ലോ..അവന് അസിയോട് ഭയങ്കര മുഹബ്ബത്ത് ആയിരുന്നു ഷാനുക്കാ..

നന്നായി ചെക്കൻ നമ്മളെ ജൂനിയർ ആയത്.ഇല്ലേൽ അലി ഇപ്പം അണ്ടി പോയ അണ്ണാനെ പോലെ നിൽക്കേണ്ടി വന്നേനെ..ഹിഹി.." "ആഹാ..പെണ്ണിന്റെ ഒരു ഇളി നോക്കിയേ..മതി ക്ലോസപ്പിന്റെ പരസ്യം കാണിച്ചതൊക്കെ.. ഇയ്യ് എന്റെ ആ ഷർട്ട്‌ ഒന്നു എടുത്ത് താ വൈഫി." "ഇതാ..ഒന്നു പെട്ടെന്ന് റെഡി ആവു മൈ സ്വീറ്റ് ഹബ്ബി..അവിടെ ഇക്ക വെയിറ്റിങ്ങ് ആണ് മോനെ. " എന്ന് പറഞ്ഞു കൊണ്ട് നമ്മള് അവന്റെ ഷർട്ട്‌ന്റെ ബട്ടൺ ഇടാൻ ഒരുങ്ങിയതും ഓൻ കയ്യിൽ ഉണ്ടായിരുന്ന ബാത്ത് ടവ്വൽ കൊണ്ട് നമ്മളെ ചുറ്റി പിടിച്ചു അവന്റെ മുടിയിലെ വെള്ളമൊക്കെ നമ്മളെ മുഖത്തേക്ക് കുടയാൻ തുടങ്ങി.. "ദേ..റൊമാൻസ് ഒക്കെ പിന്നെ..മുബിക്ക നമ്മളെ കാത്തിരിക്കയാണ് അവിടെ..പെട്ടെന്ന് ഇറങ്ങാൻ പറഞ്ഞിട്ടുണ്ട്.. " "അതൊക്കെ ഇറങ്ങാന്നേ..അതിന് മുന്നേ ഇതൊന്നു കഴിഞ്ഞോട്ടെ.." എന്ന് പറഞ്ഞു കൊണ്ട് അവൻ നമ്മളിലേക്ക് അടുക്കുന്നതിനു മുന്നേ നമ്മള് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കഴിഞ്ഞിരുന്നു.

. അല്ലാ..നിങ്ങളൊക്കെ ഇതെന്തോന്ന് നോക്കി നിൽക്കുവാ..അയ്യേ വളരെ മോശം പരിപാടി ആണ് ട്ടോ..അവരുടെ റൊമാൻസ്ന്റെ ഇടയിൽ എന്തിനാ വെറുതെ ഞങ്ങളൊക്കെ..ഒത്തിരി കാത്തിരിപ്പിന് ശേഷം ഒന്നിച്ചതല്ലേ നമ്മളെ ഹീറോയും ഹീറോയിനും..ഒരുപാട് നാളത്തെ കത്തി കുത്തിനു ശേഷമല്ലേ ഷാജഹാൻറ്റെയും പ്രണയം പൂവണിഞ്ഞത്. അപ്പം ഇനി അവരൊന്നു അടിച്ചു പൊളിച്ചു സ്നേഹിച്ചു ജീവിച്ചോട്ടെ.അല്ലേ.. പിന്നെ ഞങ്ങള് മലയാളിസിന് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തി നോക്കാൻ തീരെ താല്പര്യം ഇല്ലാത്തത് കൊണ്ട് ഷാജഹാനോടും നൂറാനോടും ബൈ പറയല്ലേ.. അതേ..തത്കാലം നമ്മള് വിട പറയുകയാണ്..ഇതുവരെ ഞമ്മളെ കളിയാക്കിയും സ്നേഹിച്ചും പ്രോത്സാഹിപ്പിച്ചും നമ്മളെ കൂടെ നിന്ന എല്ലാവർക്കും നമ്മളെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..സ്റ്റോറി മാത്രമേ അവസാനിക്കുന്നുള്ളൂ..ഇതിലൂടെ ഉയർന്ന് വന്ന ഷാജഹാനും നൂറായും എന്നും ഇവിടെ തന്നെ ഉണ്ടാവും..അല്ല..എന്നും നിങ്ങളുടെ മനസ്സിലൂടെ അവർ വീണ്ടും ജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നു..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story