💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 6

khalbil nee mathram

രചന: ഷംസീന ഫിറോസ്

മ്മക്ക് അറിയണ്ടേ ആ മഹാൻ ആരാന്ന്. മ്മക്ക് മാത്രായിട്ടുള്ള ഗസ്റ്റ് ആരാ ഇപ്പൊ??? മ്മള് വണ്ടിന്റെ കീയും കറക്കികൊണ്ട് അകത്തേക്ക് കയറി. ഹാളിൽ ചെന്ന് മ്മള് ചുറ്റുമൊന്നു കണ്ണോടിച്ചു. സോഫയിൽ ഇരിക്കണ ആളെ കണ്ട് മ്മളൊന്ന് ഞെട്ടി. പേടിച്ചിട്ട് ഒന്നുമല്ലാട്ടോ. ഇവനാണോ ഇത്രേം ബിൽഡപ്പ് കാട്ടി ഇവരൊക്കെ പറഞ്ഞ ഗസ്റ്റ്. ഇവനെപ്പഴാ എനിക്ക് മാത്രായിട്ടുള്ള ഗസ്റ്റ് ആയത്. ചെഹ്!മ്മള് വേറെ ആരൊക്കെയോ ആണെന്ന് പ്രതീക്ഷിച്ചു. എന്തെല്ലാം ആഗ്രഹിച്ചോണ്ടാ അകത്തേക്ക് കയറിയത്. നശിപ്പിച്ചു. ഇനി ഈ ക്യാരക്റ്റർ ആരാന്നല്ലേ?ഇവനാണ് മിസ്റ്റർ സാബിദ്.മ്മടെ സിനുന്റ്റെ ഒരേയൊരു ഇക്ക. ശെരിക്കു പറഞ്ഞാൽ എന്റെ ഉമ്മച്ചിടെ ഒരേയൊരു ഇക്കാക്കന്റ്റെ മൂത്ത പുത്രൻ. ആള് മൂന്ന് വർഷായിട്ട് ഗൾഫിൽ ആയിരുന്നു. ഒരാഴ്ച്ച മുൻപാണ് നാട്ടിലേക് ചേർന്നത്.സംഭവം ആളൊരു ശുദ്ധനാണ്.സിനുനെ പോലെ കലിപ്പനല്ല.മൊത്തത്തിൽ പറഞ്ഞാൽ മൊഞ്ചനാണ്.സ്വഭാവ ഗുണം അങ്ങനെ എല്ലാം ഒത്തിണങ്ങിയൊരു ചെറുപ്പക്കാരൻ.

പിന്നെ,ഇവൻ മ്മക്ക് മാത്രായിട്ടുള്ള ഗസ്റ്റ് ആണെന്ന് പറഞ്ഞത് എന്തോണ്ട് ആണെന്ന് ഇങ്ങക്ക് ഒക്കെ മനസ്സിലായോ.ദുബായ്ന്ന് വന്നതിനു ശേഷം ഇങ്ങോട്ടേക്കു മൂന്നു തവണ വന്നേക്കണ്.ആ മൂന്ന് തവണയും മ്മള് കോളേജിൽ ആർന്നോണ്ട് മ്മളെ കാണാൻ പറ്റിയിട്ടില്ല.അതാവും ഇന്ന് ഇങ്ങോട്ടേക്കു പോന്നത്.നസിടെ പ്രായമാണ്‌ ഇവനും.പിന്നെ മ്മള് ഇവനെ പേരെടുത്തു വിളിക്കണോണ്ട് ഇങ്ങളൊന്നും വിചാരിക്കണ്ട.മ്മക്ക് ബഹുമാനം നന്നേ കൂടുതലാണെന്ന് ഇങ്ങക്കൊക്കെ ആദ്യേ മനസ്സിലായതാണല്ലോ.പക്ഷെ ഇനി ഇവനെ സാബി എടാ പോടാ ന്നൊന്നും വിളിക്കാൻ പറ്റില്ല.മ്മടെ പുന്നാര ഇമ്മച്ചി പ്രത്യേകം പറഞ്ഞതാണ്,സാബിക്കാന്ന് വിളിക്കണോന്ന്.അതിനും ചില ഉദ്ദേശങ്ങൾ മ്മടെ ഇമ്മച്ചിക്കുണ്ട്.ന്റെ കാക്കുവിന്റെയും അതായത് സിനുന്റെ ഉപ്പച്ചിടെയും എന്റ്റുമ്മചിടെയും ആഗ്രഹമാണ്‌ ഞാനും സാബിക്കയും തമ്മിൽ ചേരണമെന്ന്.പക്ഷെ മ്മക്ക് അതിനോട് തീരെ യോജിപ്പില്ല,അതിനോടെന്നല്ല ഒരു നിക്കാഹ് നോടെ മ്മക്ക് യോജിപ്പില്ല.മ്മക്ക് സാബിക്കയും സിനുനെ പോലെ തന്നെയാണ്.

സാബിക്കാക്കും മ്മളോട് ആ ഒരു തരത്തിൽ തന്നെയാണെന്നാണ് മ്മളെയൊരു ഇത്.ഇനി ഇപ്പൊ അത് എങ്ങനാണെന്നൊന്നും മ്മക്ക് അറിയില്ല.ഇപ്രാവശ്യത്തേ മടങ്ങിപ്പോക്കിന് മുന്നേ സാബിക്കാനെ കൊണ്ട് നിക്കാഹ് കഴിപ്പിക്കും ന്നുള്ള വാശിയിലാണ് മ്മടെ കാക്കു.പക്ഷെങ്കിൽ അതിനു മ്മളെ കിട്ടൂല.മ്മള് ഇങ്ങനെ ആലോചിച്ചു നിക്കണതു കണ്ടിട്ട് സാബിക്ക തന്നെ തൊടങ്ങി. "ന്തേയ്‌ നൂറ അവിടെതന്നെ നിക്കണേ.മ്മളെ കണ്ട് ഷോക്ക് ആയോ അതോ ഇനി മ്മള് വന്നത് അനക്ക് പിടിച്ചില്ലേ?" "ന്താണ് സാബിക്ക..ഇങ്ങളൊക്കെ കണ്ട് ഷോക്ക് ആവാൻ മാത്രം ഉള്ള മൊതലാണോ" "എന്താന്ന്!!സാബിക്കാന്നോ.അല്ല നൂറോ,ഇയ്യ് എപ്പോളാ മനുഷ്യൻമാരെ ബഹുമാനിക്കാൻ തൊടങ്ങിയെ" ആ ചോദ്യം കേട്ട് മ്മളെ ഇപ്പച്ചിയും ഇമ്മച്ചിയും ന്തോരു ചിരിയാണ്.മ്മളും ഇമ്മച്ചിനെയും സാബിക്കാനെയും നോക്കി ഒന്നിളിച്ചു കൊടുത്തു.

ഇനി അതിന്റെയൊരു കൊറവ് വേണ്ടല്ലോ. "അപ്പൊ അനക്ക് പറഞ്ഞതൊക്കെ അനുസരിക്കാൻ അറിയാം." ഇമ്മച്ചിയാണ്. മ്മള് അതിനും ഒന്നു സൈലന്റ് ആയി നിന്നെ ഉള്ളു.ഇപ്പച്ചിയും ഇമ്മച്ചിയും സാബിക്കയും കൂടി പൊരിഞ്ഞ വർത്താനാണ്.അതിന്റെ ഇടക്ക് ഇമ്മച്ചി സാബിക്കാന്റ്റെ കല്യാണക്കാര്യവും തിരിച്ചു പോക്കിന്റ്റെ കാര്യോക്കെ ചോദിക്കണ് ണ്ട്.അതൊക്കെ അവസാനം കേറി തിരിഞ്ഞു മ്മളെ നേർക്ക് എത്തുംന്ന് നല്ല ഉറപ്പുള്ളോണ്ട് മ്മള് പതിയെ ഹാളിൽ നിന്നും നീങ്ങി. അപ്പൊത്തന്നെ മ്മച്ചിയും സാബിക്കയും മ്മളെയൊന്നു ഇടം കണ്ണിട്ട് നോക്കണ് ണ്ടാർന്നു.മ്മള് നേരെ റൂമിൽക്ക് ചെന്നൊന്നു നെടുവീർപ്പിട്ടു.എന്നിട്ട് കട്ടിലും ചാരിയിരുന്ന് ഫോണിൽ തോണ്ടാൻ തൊടങ്ങി.അല്ലാണ്ട് മ്മക്ക് ഇവടെ വേറെ പണിയൊന്നുല്ലാല്ലോ.അപ്പോഴാണ് വാതിലിന്റ്റെ അടുത്തുന്ന് ആരോ ചുമക്കണ സൗണ്ട് കേട്ടത് മ്മള് നോക്കുമ്പോൾ സാബിക്കയാണ്. "ന്താ നൂറ,മ്മക്ക് കേറി വരാൻ പറ്റോ അന്റെ റൂമിൽക്ക്" "എന്ത് ചോദ്യാണ് സാബിക്ക...കേറിപ്പോരെ.അതിനുമാത്രം മ്മള് ഇവിടെ സീക്രെട് ബിസ്സിനെസ്സ് ഒന്നും നടത്തണില്ല" ന്നും പറഞ്ഞോണ്ട് മ്മള് ഫോണും ബെഡിലേക്ക് ഇട്ട് എഴുനേറ്റു നിന്നു.

"എന്താടീ അനക്ക് ഈ തട്ടോന്നും അഴിച്ചു മാറ്റാറായിട്ടില്ലേ.റൂമിന്റെ ഉള്ളിലിരിക്കുമ്പൊഴും ഇതൊക്കെ വേണോ?? " ഈ ചോദ്യത്തിന് മ്മളൊരു പുഞ്ചിരി മാത്രാണ് സാബിക്കാക്ക് നൽകിയത്. സാബിക്ക മ്മളൊയൊന്നു നോക്കി തിരിച്ചും പുഞ്ചിരിച്ചോണ്ട് മ്മടെ അരികിലേക്ക് വന്നു. ഇനിയിപ്പോ എന്തേലും കല്യാണക്കാര്യം പറയാൻ വേണ്ടിയാണോന്ന് കരുതി മ്മളൊന്ന് വല്ലാണ്ടായി. മ്മളെ നോട്ടം കണ്ട സാബിക്ക തുടർന്നു: "അനക്കിപ്പോഴും ഒരു മാറ്റോം ഇല്ലല്ലോ, അതെ നൂറ തന്നെയാണ്ട്ട്ടാ" ഇതും മ്മക്ക് പിടികിട്ടാത്തോണ്ട് മ്മള് പിന്നെയും സാബിക്കാനെ നോക്കി. മ്മൾടെ നോട്ടം കണ്ട് സാബിക്ക മ്മൾടെ അടുത്ത് വന്നു നിന്നു. മ്മക്ക് ആകെ എന്തോ പോലെ. ഇനി സാബിക്കാക്ക് മ്മളോട് എന്തെങ്കിലും???? ഹേയ്, അങ്ങനൊന്നും ഇല്ലാന്നാണല്ലോ സിനു പറഞ്ഞത്. "ഇയ്യ് എന്തിനാ പേടിക്കണേ" സാബിക്കാന്റെ ഈ ചോദ്യം മ്മളത്ര പ്രതീക്ഷിച്ചതല്ല. മ്മക്ക് ഒന്നും പറയാൻ കിട്ടാതായല്ലോ. "ഡീ ഇയ്യ് എന്താ ഇങ്ങനെ നോക്കി നിക്കണേ?? മ്മള് വന്നത് അന്നോട് ഒന്ന് സംസാരിക്കാനാ..

ഇതിപ്പോ പെണ്ണ് പന്തം വിഴുങ്ങിയ പോലെ നിക്കാണല്ലോ. " മ്മള് പതിയെ ചോദിച്ചു: "ന്ത്‌ സംസാരിക്കാൻ" മ്മടെ ശബ്‌ദോക്കെ കൊറഞതു കണ്ടിട്ട് സാബിക്കാക്ക് നല്ലോണം ചിരി വന്നിട്ടുണ്ട്.എന്നിട്ട് പറയാ: "ന്റ്റെ നൂറ, ഇയ്യ് വിചാരിക്കണ പോലൊന്നും അല്ലേടി, അല്ല അനക്കപ്പോ ഇത്രേക്കെ ധൈര്യള്ളു" സാബിക്കാന്റ്റെ ഈ വർത്താനം കേട്ടപ്പഴാ മ്മക്ക് ശ്വാസൊന്ന് നേരെ വീണത്. മ്മള് ആകെ ചമ്മിയല്ലോ. ന്താ പറയാ..മ്മളൊന്ന് ഇളിച്ചു കൊടുത്തു.മ്മളാ മൂഡ് ഒന്നു കളഞ്ഞിട്ട് കൊറച്ചുറക്കെ ചോദിച്ചു: "അല്ലാ, ന്തായി ഇങ്ങളെ കല്യാണക്കാര്യക്കൊ" "ന്റുപ്പച്ചിയും അന്റ്റുമ്മച്ചിയും പറയണത് അന്നെ കെട്ടിക്കോന്നാ. പക്ഷെ മ്മക്ക് വേണ്ട. മ്മക്ക് വേണ്ടത് നല്ല അടക്കോ ഒതുക്കോക്കെയുള്ള ഒരു പെൺകുട്ടിയെയാ. അല്ലാണ്ട് അന്നെ പോലൊരു ആൺകുട്ടിയെ അല്ല " ഹോ!!വന്ന് വന്ന്‌ ഈ പഹയനും തൊടങ്ങിയോ മ്മളെ മണ്ടക്കിട്ട് കൊട്ടാൻ. മ്മക്കും കൊടുക്കണ്ടേ തിരിച്ചിട്ടെന്തേലും "മ്മക്കും അതുതന്നെയാ ഇക്ക പറയാനുള്ളത്. ഇനിക്കും വേണ്ടത് ഒരു ആൺകുട്ടിയെയാ.

നല്ല തണ്ടും തന്റേടം ഒക്കെയുള്ള ഒരാൺകുട്ടിയെ.അല്ലാണ്ട് ആരേലും എന്തേലുമൊക്കെ ചോദിക്കുമ്പോൾ നിന്ന് വിയർക്കണ ഇങ്ങളെ പോലെ ഒരാളെയല്ല" മ്മള് പറഞ്ഞുതീർന്നു സാബിക്കാന്റ്റെ മോത്തേക്ക് നോക്കുമ്പോൾ ആള് നിന്ന് പതക്കാണ്.പിന്നെ, ഇങ്ങേര് പോയാൽ എവിടേം വരെ പോവൂന്ന് മ്മക്കറിയല്ലോ. "ഡീ പോടീ അവിടുന്ന്. ഇയ്യ് നിന്ന് ഇളിക്കല്ലേ. മ്മള് വന്നത് അന്നോട് ഒരു കാര്യം പറയാനാ." മ്മള് ചിരിയൊക്കെ കണ്ട്രോൾ ചെയ്ത് എന്താണെന്ന ഭാവത്തിൽ സാബിക്കാനെ നോക്കി നെറ്റി ചുളിച്ചു. "നൂറോ, എന്താ അന്റെ ഹാല്. ഇയ്യ് എന്തിനാ അന്റുപ്പച്ചിനെ ഇങ്ങനെ കെടന്ന് വെഷമിപ്പിക്കണത്. അന്റെ കാര്യത്തിലും ഒരു തീരുമാനമെടുക്കാറായില്ലേ. ഇയ്യ് മ്മളെ കെട്ടണോന്ന് മ്മള് പറയില്ല. അന്നെ ഇതുവരെ മ്മള് അങ്ങനെ കണ്ടിട്ടുല്ല.പക്ഷെങ്കിൽ ഇയ്യ് ഒരു തീരുമാനം എടുത്തോളി" സാബിക്ക പറയാൻ വന്നത് ഇതാവുംന്ന് മ്മള് ഊഹിച്ചതാണ്.ഇക്കാന്റെ സംസാരം കേട്ട് മ്മളാകെ വല്ലാണ്ടായി.മ്മളെ മുഖമാറ്റം കണ്ട് സാബിക്കാക്ക് മനസ്സിലായിട്ടുണ്ട് മ്മക്കത് ഇഷ്ടപ്പെട്ടിട്ടില്ലന്ന്, ഇഷ്ടക്കുറവല്ല.

നിക്കാഹ് എന്നൊരു വാക്കിനോട് തന്നെ മ്മക്ക് പേടിയാണ്. ജസിടെ കാര്യം കഴിഞ്ഞ അന്ന് തൊട്ട് മ്മള് ഈ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കണ കാര്യങ്ങളാണ് പ്രണയോ വിവാഹോക്കെ.പ്രണയിച്ചാൽ തന്നെ ആ ആളെ മ്മക്ക് കിട്ടണോന്നില്ല.അങ്ങനെ കിട്ടിയിരുന്നെങ്കിൽ ജസി ഇന്നും ഉണ്ടാകുമാർന്നു, ഇന്നോടൊപ്പം,അല്ല മുബിക്കാടൊപ്പം,അതും സന്തോഷത്തോടെ....... പിന്നെ എല്ലാ ആണുങ്ങളെയും ഒരുപോലെ വിശ്വസിക്കാനും കൊള്ളില്ല. മ്മളെ ചിന്ത കാട് കയറണതു കണ്ടിട്ട് സാബിക്ക വീണ്ടും തൊടങ്ങാണ്. "മോളെ നൂറ,ഇയ്യ് എനിക്കെന്റെ അനിയത്തിയാണ്.അന്റെ കാര്യത്തിൽ മ്മക്കും കാണൂലെ വിഷമങ്ങളൊക്കെ.ഇപ്പൊ തന്നെ അന്റെ ഉപ്പച്ചിക്ക് വയ്യാണ്ടായത് അന്റെ കാര്യം ഓർത്തിട്ടാണെന്ന അന്റെ ഉമ്മച്ചിടെ സംസാരം.പിന്നെ നൂറ,എല്ലാ ആണുങ്ങളും ഒരു പോലെയല്ലടീ.ഇയ്യ് എല്ലാരേയും ഒന്നായി കാണല്ലേ...ഇയ്യ് മറന്നോ മുബാറക് നെ.അനക്കും കിട്ടും അങ്ങനെതന്നെ ഒരാളെ" മ്മളെ നിശബ്ദത കണ്ട് സാബിക്ക പിന്നെയൊന്നും ഇതിനെ കുറിച്ച് പറഞ്ഞില്ല. സാബിക്ക അവടെ കെടക്കണ ചെയറിൽ ഇരുന്ന് മ്മടെ ബുക്സ് ഒക്കെ എടുത്ത് മറിച്ചു നോക്കാണ്.

"അല്ല നൂറോ, എന്താ അന്റെ കോളേജിലെ വിശേഷങ്ങൾ. മ്മളോട് ഒന്നും പറഞ്ഞില്ലാട്ടോ" ഈ ചോദ്യം എന്തിനു വേണ്ടിയാണെന്ന് മ്മക്ക് മനസ്സിലായി. മ്മള് അപ്പൊത്തന്നെ മറ്റേതൊക്കെ വിട്ട് സാബിക്ക ചോദിച്ചതിനുള്ള മറുപടി പറയാൻ തൊടങ്ങി. മ്മക്ക് നല്ല വിഷമം ഉണ്ടെന്ന് സാബിക്കാക്ക് അറിയാം. ന്നാലും വേണ്ടില്ല, വെറുതെ എന്തിനാ മ്മക്ക് ചേരാത്ത ഇമോഷൻസ് ഒക്കെ മ്മടെ മോന്തേൽ ഫിറ്റ്‌ ചെയ്യണതു.മ്മള് ഇക്കനോട് മ്മളെ കോളേജ് വിശേഷങ്ങളൊക്കെ അരച്ചു കലക്കി പറഞ്ഞു കൊടുത്തു.മ്മടെ കത്തിയടി കേട്ട് ബോറടിച്ചിട്ടാണ്ന്ന് തോന്നുന്നു ഇക്ക പോയി വരാംന്ന് പറഞ്ഞ് താഴെക്കിറങ്ങി.ഇക്ക വണ്ടീൽ കേറാൻ നേരാണ് മ്മടെ ചോദ്യം : "അല്ല സാബിക്ക,ഇതേതാണി വണ്ടി. ഇങ്ങളപ്പോ വല്യ പണക്കാരനോക്കെ ആയോ?? " "വാരല്ലേടീ, ഒന്നുല്ലേലും മ്മളും ഒരു ഗൾഫ്കാരൻ അല്ലെടീ. പഴയത് കൊടുത്തെക്കണ്. ഇത് രണ്ടീസം മുൻപ് പുറത്തിറക്കിയതാ " മ്മളൊരു ചിരിയും പാസ്സ് ആക്കിക്കൊണ്ട് നിന്നു. സാബിക്ക പോയതിനു ശേഷം മ്മടെ ചിന്ത മുഴുവൻ ഇക്ക പറഞ്ഞ കാര്യത്തിലായിരുന്നു.

ഉപ്പിടെയും ഉമ്മിടെയും ഭാഗത്തു നിന്നു ചിന്തിച്ചാൽ ഒരു കണക്കിന് അതൊക്കെ ശെരിയല്ലേ. വയസ്സ് ഇരുപത് ആവാറായിട്ടും മകൾക്ക് വിവാഹം നോക്കണില്ലേന്ന് എല്ലാരും ചോദിക്കണ് ണ്ട്.മ്മളും കൊറേ കേട്ടതാണ്.പക്ഷെ മ്മള് ഈ ജന്മത്തു വിവാഹം വേണ്ടാന്ന് പറഞ്ഞ് നിക്കാണെന്ന് ഓർക്കൊക്കെ അറിയോ? പിന്നെ മുബിക്ക.... അങ്ങനെ ഒരാളെ ഇയ്യ് മറന്നേക്ക്ണ നൂറ.. ഇല്ലാ, അങ്ങനെ പെട്ടന്നൊന്നും മ്മള് മറക്കൂലല്ലോ മുബിക്കാനെ. ഇപ്പൊ എവിടെ ആണാവോ. പടച്ചോനറിയാം. ജസിടെ നിക്കാഹ് ന്റ്റെ തലേദിവസം ഇവിടുന്ന് പറന്നതാണ്. എങ്ങോട്ടെക്ക്???? മ്മള് ഇനി എന്നേലും കാണുവോ മുബിക്കാനെ.... പെട്ടന്നുള്ള ഫോൺ അടിയിലാണ് മ്മള് ചിന്തയിൽ നിന്നും ഉണർന്നതു. നോക്കുമ്പോൾ അനുവാണ്. കാര്യം മ്മക്ക് പിടികിട്ടി. ഓൾടെ വണ്ടിന്റ്റെ പരിപ്പ് പോയ കാര്യം അറിഞ്ഞിട്ടുള്ള വിളിയാണ്. അറ്റൻഡ് ചെയ്തു ഹലോ ന്ന് പറയണ്ട ടൈം വരെ ആ ജന്തു മ്മക്ക് തന്നിട്ടില്ല. ഭൂതന. അങ്ങനത്തെ തെറികളാണ് വിളിക്കണത്. ഓൾ ഒന്ന് റിലാക്സ് ആയിന്നു മനസ്സിലാക്കിയതിന് ശേഷം മ്മള് തൊടങ്ങി.

ഇന്നലത്തെ കാര്യങ്ങൾ മൊത്തം മ്മള് പാടികൊടുത്തു. കൂടെ നാലായിരം രൂപേടെ കാര്യവും.അത് കേട്ടപ്പോഴാണ് ഓൾടെ വായൊന്നടങ്ങിയത്. മ്മള് നാളെ വീട്ടിൽക്ക് വരാന്നും പറഞ്ഞ് ഫോൺ കട്ട്‌ ആക്കി. ഹൂ.. മ്മള് ഇതുവരെയും ഇത്ര വൃത്തിയുള്ള തെറി കേട്ടിട്ടില്ല. ഇക്കാര്യത്തിൽ എവിടുന്നാണാവോ ഇവളുടെയൊക്കെ ഡിഗ്രി. മ്മടെ കൂടെ ചേർന്ന് മ്മളെക്കാളും ഉഷാർ ആയേക്കാണ് എല്ലാം. മ്മള് ഫോണും ബെഡിലേക്ക് ഇട്ട് നീണ്ടു നിവരുമ്പൊഴാണ് അടുത്ത റിങ്. റബ്ബി!!ഇപ്പോൾ തന്നെ ഒരു യുദ്ധം കഴിഞ്ഞതിന്റ്റെ ക്ഷീണം ഉണ്ട്. ഇനി ആരാണാവോന്ന് പ്രാകി കൊണ്ട് മ്മള് ഫോൺ എടുത്ത് നോക്കുമ്പോൾ അസ്‌നയാണ്. ഇനി ഇവൾടെതു എന്ത് മാരണം കൊണ്ടുള്ള വരവാണോ എന്തോ. മ്മള് ഫോൺ അറ്റൻഡ് ചെയ്തു ഹലോ ന്ന് പറയണയിന് മുന്നേ അപ്പർത്ത്ന്ന് ഒരുത്തിടെ തൊള്ള കീറിട്ടുള്ള കരച്ചിലാണ്. എന്താണ് റബ്ബേ ഇതൊക്കെ. ഒരുത്തി വിളിച്ചിട്ട് തെറിയുടെ അഭിഷേകാർന്നു. ദേ ഇപ്പോൾ ഒരുത്തി എന്താ ഏതാന്നൊക്കെ പറയാണ്ട് കെടന്ന് കരയാണ്. "ടീ ന്താടി,, അന്റെ കെട്ടിയോൻ അന്നെ ത്വലാക്ക് ചൊല്ലിയോ. കാര്യം പറഞ്ഞിട്ട് അന്റെ വായിട്ട് കീറെടീ" എവടെ?? കരച്ചിൽ അല്ലാണ്ട് മറ്റു റെസ്പോൺസ് ഒന്നുല്ല. മ്മളെ ചെവിടെ കാര്യത്തിൽ ഒരു തീരുമാനം ആയി.

തെറിയും കരച്ചിലുമൊക്കെ മിന്നി മറയാണ് മ്മടെ ചെവിൽ. "ഡീ ഇയ്യ് കാര്യം പറയെടി. ഇല്ലേൽ മ്മള് ഫോൺ കട്ട്‌ ചെയ്യുവേ" പിന്നെ കൊറച്ചു നേരത്തേക്ക് ഓൾടെ കരച്ചിൽ പോയിട്ട് ശ്വാസം വിടണ ശബ്‌ദം വരെ കേക്കണില്ല. "ഡീ അസിയെ..ന്താടി?ന്താ പറ്റിയെ.ഇയ്യ് കാര്യം പറ" "ഡീ നൂറോ,...അ...അത്...അതിവിടെ.." "ഏത്??എവടെ??ന്താടി ഇന്നലെ കഴിഞ്ഞ് ഇന്നേക്ക് അനക്ക് വിക്കും വന്നോ.അതിനാണോ ഇയ്യ് കെടന്ന് കാറണത്." "അതല്ലഡീ...ഇവടെ...ഇനിക്ക്..." "ഹോ,ന്റ്റെ അസ്‌ന..എവടെ??എന്താ? അവടെ അനക്ക് നെഞ്ച് വേദനയാണോ" "നൂറ,കളിക്കല്ലേ, മ്മള് പറയട്ടെ" "അത് തന്നെയല്ലേ മ്മളും ഇത്രേം നേരം പറഞ്ഞത്.ന്നിട്ട് ഇപ്പോ ന്റ്റെ മെക്കിട്ട് കേറാണോ നീ" "നൂറ,ഇത് കൊറച്ചു സീരിയസ് ആണ്.അന്റടുത്ത് ഞാൻ പറഞ്ഞിട്ടില്ലേ ഇക്കാക്കന്റ്റെ ഒരു ഫ്രണ്ടിന്റെ കാര്യം,മ്മക്ക് പ്രൊപോസൽ വന്നിട്ടുണ്ടെന്ന്.അവറ്റകൾ നാളെ ഇങ്ങോട്ടേക്കു പെണ്ണ് കാണാൻ വരാണ്.ഇൻക് ഇപ്പോ നികാഹ് വേണ്ടാന്ന് പറഞ്ഞിട്ട് ഇവടെ ആരും കേക്കണ് ല്ലാ.ന്റെ പഠിത്തം നിർത്തിക്കോളാനാ ഇപ്പച്ചി പറയണെ"

"ഹൂ..ഇതാണോ അന്റെ ഒലക്കമ്മലെ കാര്യം.ഇതിനാണോ ഇയ്യ് ഇങ്ങനെ തൊള്ള കീറിയത്" ന്നും ചോദിച്ചിട്ട് മ്മള് പൊട്ടിച്ചിരിക്കാൻ തൊടങ്ങി.ഓൾ ആണെങ്കിൽ നല്ല കട്ട കലിപ്പിൽ മ്മളോട് നാല് വർത്താനം പറയണ് ണ്ട്. "ഡീ ഇയ്യ് ഇതൊക്കെ നാളെ വരണ ആ ചെക്കന്റെ മോന്തക്ക് നോക്കി പറഞ്ഞാട്ടെ,അന്റെ നിക്കാഹ് താനെ മൊടങ്ങിക്കോളും" "ഡീ ഇന്നെ കൊണ്ടൊന്നും ചെയ്യാൻ ആവൂല.ഇപ്പച്ചിക്ക് ഇന്നെ അറിയണതല്ലേ.മ്മള് മൊടക്കിയതാണെന്ന് തന്നെ പറയും.ഇയ്യ് നാളെ ഇങ്ങോട്ടേക്കു പോന്നാളി.ഇയ്യ് അല്ലേടി മ്മക്ക് ഉള്ളു.ഇയ്യ് ഉണ്ടെന്ന ധൈര്യത്തിലാ മ്മള് ഓരോട് നാളെ പോന്നോളാൻ പറഞ്ഞെ.ഡീ ഇയ്യ് വരില്ലേ" "ഹോ ന്തോരു ഒലിപ്പീര്.ഇയ്യ് ധൈര്യായിട്ടിരിക്കെടീ,അന്റെ പെണ്ണുകാണൽ പരിപാടി മ്മള് പൊളിച്ചടുക്കിത്തരാടി.ഈ നൂറയെ അനക്ക് അറിയണതല്ലേ." "അന്നെ അറിയണതോണ്ട് തന്നെയല്ലേ മ്മള് ഇക്കാര്യം അന്നെ ഏൽപ്പിക്കണത്.അല്ലേലും എല്ലാം പൊളിച്ചടക്കാൻ അന്നെ പോലെ വേറെ ആർക്കാ പറ്റാ" "ടീ മതിയെടി വാരിയത്. ഇയ്യ് വെച്ചിട്ട് പോയെ. മ്മക്ക് പണിയുള്ളതാണ്. "

"അപ്പൊ മറക്കല്ലേട്ടാ " മ്മള് പിന്നെയും ബെഡ് ലേക്ക് ഒന്ന് ചാഞ്ഞു. ഹോ!!പെൺകുട്ട്യോൾടെ ഒരവസ്ഥയെ. ഒരു പ്രായം കഴിഞ്ഞാൽ പിന്നെ വീട്ടിന്ന് ഇക്കാര്യവും പറഞ്ഞോണ്ട് ഒരു സ്വസ്ഥതയും തരൂല. അസ്‌ന അന്നേ പറഞ്ഞതാർന്നു ഈ പ്രൊപോസലിനെ പറ്റി. അവൾക്കൊരു ഇത്താത്തയാണ്. ഇത്താത്തന്റ്റെ കെട്ടിയോൻറ്റെ ബെസ്റ്റ് ഫ്രണ്ടിന്റെ അടുത്തുന്ന് വന്ന പ്രൊപോസൽ ആണ്. ഓളെ ഇക്കാക്ക ആളൊരു സംഭവാണ് എന്നാ പറഞ്ഞു കേട്ടെ. കൊച്ചിയിലാണ്. കൊറേ കമ്പനികളും ബിസ്സിനെസ്സ്മൊക്കെയായി വെൽ ഡെവലപ്പ് ആണെന്ന്. അങ്ങനെയുള്ള ഒരാൾ കൊണ്ടുവന്ന പ്രൊപോസൽ ആയോണ്ടാവും ഓൾടെ ഇപ്പച്ചി പെട്ടന്ന് ഫ്ലാറ്റ് ആയത്.അപ്പൊ വരണ ചെക്കനും ഓൾടെ ഇക്കാക്കയും തമ്മിൽ നല്ല റിലേഷൻ ഉണ്ടാവും. ഇരിക്കട്ടെ. ഓൾക്ക് വേണ്ടെങ്കിൽ പിന്നെ മ്മക്ക് എന്ത്?? മ്മള് എല്ലാം പൊളിച്ച് കയ്യിൽ വെച്ച് കൊടുക്കും. മ്മള് നാളെ എങ്ങനെയാ എപ്പോഴാന്നൊക്കെ ചിന്തിച്ച് ഒരു നല്ല തീരുമാനത്തിൽ എത്തി അനുനെ വിളിച്ചു. ഓളെയും കൂട്ടി ചെല്ലാനാണ് അസ്‌നയുടെ ഓർഡർ. മ്മള് ഫ്രണ്ട്‌സ് ഒക്കെ ഓൾടെയൊരു ധൈര്യത്തിനാണ്. അല്ലെങ്കിൽ ധൈര്യത്തിന് വല്യ കൊറവ് ഒന്നും ഇല്ലാത്ത പെണ്ണാണല്ലോ.ഇതിപ്പോ എന്താ പറ്റിയെ?? മ്മള് അനുനോട് കാര്യങ്ങളൊക്കെ പറഞ്ഞു സെറ്റ് ആക്കി.

ഫോണും വെച്ച് താഴോട്ട് ഇറങ്ങി. അപ്പോഴേക്കും സമയം വൈകുന്നേരം ആയിട്ടുണ്ട്. മ്മള് എല്ലാരോടും മിണ്ടിയും പറഞ്ഞിരുന്നു സമയം കഴിച്ചു. രാത്രി നിസ്കാരമൊക്കെ കഴിഞ്ഞു പെട്ടന്നെന്നെ കെടന്നൊറങ്ങി. മ്മള് പതിവിലും നേരത്തെ എണീറ്റ്‌ താഴേക്ക് ഇറങ്ങണ കണ്ടപ്പോൾ ഇപ്പച്ചിന്റെയും നാഫിന്റെയും വക കമെന്റ്സിന്റ്റെ പെരുമഴയാണ്. ഹസീനത്തായും ഓർടെ കൂടെ കൂടുന്നുണ്ട്. അനുന്റ്റെ വണ്ടിക്ക് കിട്ടിയ തട്ടിന്റ്റെ കാര്യോക്കെ ഇപ്പച്ചിയോട് നേരത്തെ പറഞ്ഞിട്ടുള്ളോണ്ട് മ്മളാ കാര്യം പറഞ്ഞ് വീട്ടിന്ന് സ്കൂട്ട് ആവാൻ നോക്കി.ഇമ്മച്ചിയുണ്ടോ വിടുന്നു. "നൂറ, ഇയ്യ് ഇതെങ്ങോട്ടാ.. ഇന്ന് ഞായറാഴ്ചയല്ലേ. ഈ ഒമ്പതര മണി ആവണയിന് മുന്നേ ഇയ്യ് എവിടെക്കാ ഓടണത്." "അതുമ്മച്ചിയെ,അനുന്റ്റെ വണ്ടി കേടായിക്കിടക്കാണ്.ഇന്ന് ഗാരേജ് ഉച്ച വരെയല്ലെ ഉള്ളൂ.ഓൾടെ വണ്ടി പണിക്ക് വെക്കാൻ കൂടെ ചെല്ലണോന്ന്" "ഹാ എന്നാലേ പെട്ടന്ന് പോയി വന്നോളി,അവടേം ഇവടേക്കെ കറങ്ങി നിക്കണ്ട.പിന്നെ പ്രത്യേകിച്ച് ആരുടേയും മെക്കിട്ടു കേറാൻ നിക്കണ്ടാന്ന്"

മ്മടെ സ്വഭാവം കറക്റ്റ് ആയി അറിയണോണ്ട് ഉമ്മച്ചി അസ്ഥാനത്തേക്ക് തന്നെ കേറ്റി ഡയലോഗ് അടിക്കാണ്.മ്മള് ഡബിൾ ഓക്കേയും പറഞ്ഞ് വണ്ടി എടുത്ത് അനുന്റവിടെക്ക് ചെന്നു.പത്തു മണിക്ക് മുന്നേ ചെല്ലണംന്ന് അസ്‌ന പറഞ്ഞിട്ടുണ്ട്.മ്മള് ഇമ്മച്ചിയോട് പറഞ്ഞതും നേരാണ്. അനുന്റ്റെ വണ്ടി ഗാരേജ്ൽ കേറ്റോ വേണം.അനു ഓൾടെ വണ്ടിയുമെടുത്ത് മ്മളോട് ഒപ്പം തന്നെ പോന്നു.ഓൾടെ വണ്ടീനെ ഗാരേജ്ൽ ആക്കിട്ട് ഓളെ മ്മളെ വണ്ടീൽ കേറ്റിട്ട് അസ്‌നന്റ്റെ വീട്ടിൽക്ക് ഒരു പറപ്പിക്കൽ ആർന്നു.മ്മള് എത്തണതും കാത്ത് പെണ്ണ് വരാന്തയിൽ തന്നെ നിക്കുന്നുണ്ട്.സംഭവം വീടും ചുറ്റുപാടും ആൾകാരുമൊക്കെ കാണുമ്പോൾ പരിപാടി കളർ ആക്കാനാണെന്നാണ് ഇവരുടെ ഉദ്ദേശമെന്ന് മ്മക്ക് നല്ലോണത്തിൽ ബോധ്യായി.അസ്‌ന ആണേൽ ആകെ പേടിച്ച് ഒരു പരുവത്തിൽ ആയിട്ടുണ്ട്.സംഭവം മ്മക്ക് ഇങ്ങനത്തേ വികാരങ്ങളൊന്നും ഇല്ലേലും ഏതൊരു പെണ്ണിന്റെയും ലൈഫിലെ നിർണ്ണായക ഘട്ടമാണല്ലോ ഒരു പെണ്ണ് കാണൽ ചടങ്ങ്.അസ്‌ന മ്മളോട് എന്തൊക്കെയോ ചോദിക്കയും പറയൊക്കെ ചെയ്യണ് ണ്ട്.മ്മള് അകത്ത് കയറുമ്പോഴേക്കും ഓൾടെ ഉമ്മിടെയും ഉപ്പിടെയും ഗംഭീര സ്വീകരണോക്കെയുണ്ട്.

"മക്കളെ,നിങ്ങളൊന്നു പറഞ്ഞാട്ടെ ഇവളോട് ഒന്ന് മാറ്റി ഒരുങ്ങാൻ.മ്മള് എത്ര നേരായി ഓൾടെ അടുത്ത് പറയാണ്.ബലാല് ഒരക്ഷരം അനുസരിക്കണ് ഇല്ല." ഓൾടെ ഉമ്മയാണ്. "ഇമ്മച്ചി,ഇങ്ങള് വെറുതെ ഇരിയെന്നേ.മ്മള് ഇല്ലേ.മ്മള് നോക്കിക്കോളാം" ന്നും പറഞ്ഞ് മ്മള് അസ്‌നനെയും കൂട്ടി ഓളെ റൂമിൽക്ക് പോയി.ഓള് ന്താണ് മ്മളെ ഉദ്ദേശമെന്ന ഭാവത്തിൽ മ്മളെ നോക്കാണ്.മ്മള് ഓളോട് മാറ്റി ഒരുങ്ങാൻ പറയുമ്പോഴ് ഓള് ആകെ വല്ലാണ്ടായി. "ഇങ്ങള് മൊടക്കാൻ വന്നതാണോ,അല്ല ഇന്നെന്നെ നിക്കാഹ് നടത്താൻ വന്നതാണോ" അസ്‌നയാണ്. "അസിയെ മ്മളൊരു കാര്യം ഏറ്റതാണ് എങ്കിൽ മ്മളതു നടത്തി ഇരിക്കും.ഇയ്യ് ഇപ്പൊ ഒന്ന് ഒരുങ്ങിയാട്ടെ" മ്മളും അനുവും കൂടി പെണ്ണിനെ നല്ല മൊഞ്ചത്തിയായി ഒരുക്കി എടുത്തു.അപ്പോഴേക്കും കൊറേ പെണ്ണുങ്ങള് റൂമിൽക്ക് വന്ന്‌ അസ്‌നാനെ വിളിച്ചു.എന്നിട്ട് പറയാ അവരെത്തിട്ടുണ്ടെന്ന്.ഓള് മ്മളെ ഒന്നു നോക്കിട്ട് പതിയെ റൂമിന് പുറത്തേക്കിറങ്ങി.മ്മള് ഓളെ നോക്കി മ്മള് ഏറ്റു

എന്നൊരു ആങ്ങിയം കാണിച്ച് ഓളോട് അവരുടെ കൂടെ പൊക്കോളാൻ പറഞ്ഞു.അപ്പോഴാണ് ഓൾടെ ഉമ്മി വന്ന്‌ മ്മളോടും അനുവിനോടും ഹാളിലേക്ക് പോരാൻ പറഞ്ഞത്.ഇനി ഇപ്പൊ ഇത് നടക്കോ ഇല്ലയോ??ന്തായാലും ഓളെ കാണാൻ വന്ന ആ ഭാഗ്യവാനെ മ്മക്കും കൂടിയൊന്ന് കാണാലോന്ന് വിചാരിച്ചോണ്ട് മ്മളും ചെന്നു അവരുടെ കൂടെ ഹാളിലേക്ക്.ന്തായാലും കാണാൻ ചെലവ് ഒന്നും വേണ്ടല്ലോ.ഹാളിലേക്ക് കടക്കണയിന് മുന്നേ മ്മളൊന്ന് അസ്‌നയെ നോക്കി.ഓൾ ആണേൽ ദേഹത്ത് ഐസ് ഇട്ട പോലെ നിക്കാണ്.കൂടെയുള്ള പെണ്ണുങ്ങളൊക്കെ ചെക്കനെ കുറിച്ച് കമെന്റടിക്കാണ്.മൊഞ്ചനാണ്,വെളുത്തിട്ടാണ്,ഹൈറ്റ് അസിക്ക് മാച്ച് ആണെന്നൊക്കെ.ഹോ!!ഇത്രയും ഗുണങ്ങളുള്ള ആ വ്യക്തി ആരാണെന്നറിയാൻ വേണ്ടി മ്മളും നോക്കി ഹാളിലേക്ക്.അവിടെ ഇരിക്കണ ആളെ കണ്ട് മ്മള് പകച്ചുപോയി. പടച്ചോനെ!!!!! .. തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story