ഖൽബിലെ മൊഞ്ചത്തി: ഭാഗം 10

khalbile monjathi

രചന: ഉല്ലാസ് ഒ എസ്

രണ്ടാഴ്ച വേഗം കടന്നു പോയ്‌. ആഷിയും റസിയയും ഇരു ധൃവങ്ങളിൽ ആയി കഴിഞ്ഞു പോകുന്നത് ആ വീട്ടിൽ ആരും അറിഞ്ഞിരുന്നില്ല..

റസിയ പൊതുവെ ഒരു സൈലന്റ് നേച്ചർ ആയതു കൊണ്ട് അവർ തമ്മിൽ ഉള്ള പ്രശ്നങ്ങൾ ആർക്കും ഒട്ട് മനസിലായതും ഇല്ല.

ആരോടും ഒരു പരാതിയും പറയാതെ കൊണ്ട് ആ പാവം പെൺകുട്ടി അവിടെ കഴിഞ്ഞു.

എന്നിരുന്നാലും ശരി ആഷിയുടെ കുടുംബത്തിൽ ഉള്ളവർക്ക് ഒക്കെ അവളോട് വളരെ അധികം സ്നേഹം ആയിരുന്നു... അവന്റെ സഹോദരങ്ങൾ അവളെ സ്വന്തം കൂടപ്പിറപ്പിനെ പോലെ കണ്ടു. ഉമ്മച്ചിയ്ക്ക് ആണെങ്കിൽ എന്തിനും ഏതിനും റസിയ മതി ആയിരുന്നു.. സ്വന്തം വാപ്പച്ചിയെ നഷ്ടം ആയവൾ ആണ് റസിയ.. ആ അവൾക്ക് ആഷിയുടെ വാപ്പച്ചിയുടെ സ്നേഹവും കരുതലും ഒക്കെ ആവോളം കിട്ടുന്നുണ്ട്..


**


രാത്രിയിൽ റസിയ കിടക്കാനായി വന്നപ്പോൾ ആഷി മുറിയിൽ ഇല്ലായിരുന്നു.

അപ്പോളാണ് അവൻ മുറ്റത്ത് നിന്ന് ആരെയോ ഫോണിൽ വിളിക്കുന്നത് അവൾ കണ്ടത്.

ആരെയാണോ ആവോ... എത്ര സന്തോഷത്തിൽ ആണ് ആളുടെ സംസാരം, ബാക്കിയുള്ളവളോട് ഇതെ വരെ ആയിട്ടും ഒരക്ഷരം പോലും മിണ്ടിട്ടില്ല....

ഓർക്കും തോറും നെഞ്ചില് സൂചി കൊണ്ട് വരയും പോലെ തോന്നി..

കുറച്ചു കഴിഞ്ഞതും അവൻ കയറി വന്നു.

"ഇയ്ക്കാ, നാളെ മുതൽ എനിക്ക് ജോലിക്ക് പോണം...."

മടിച്ചു മടിച്ചു ആണെങ്കിലും അവൾ മെല്ലെ പറഞ്ഞു.

"ഹ്മ്മ്....."


ഒന്നു മൂളിയത് അല്ലാതെ അവൻ ഒരു വാക്കു പോലും മറുത്തു പറഞ്ഞുമില്ല.

എങനെ ആണ് പോകുന്നെ എന്നോ, എപ്പോൾ ഇറങ്ങണം എന്നോ, എങ്ങനെ മടങ്ങി വരുമെന്നോ, ഒന്നും തന്നെ അവൻ ചോദിച്ചില്ല, റസിയ ഒട്ട് പറഞ്ഞില്ല...


ഇയ്ക്ക......

അരികിൽ കിടക്കുന്നവനെ പാവം പെണ്ണ് വീണ്ടും വിളിച്ചു.


"ഹ്മ്മ്....."

"അത് പിന്നെ, ഞാൻ...."


വാക്കുകൾക്കായി പരതുകയാണ് റസിയ.


"എനിക്ക് ഒരു.. കാര്യം...."


"എന്നതെങ്കിലും ഉണ്ടെങ്കിൽ വാ തുറന്ന് പറയു റസിയാ..."

ആദ്യമായി അവന്റെ ശബ്ദം ആ കിടപ്പറയിൽ ഉയർന്നു.

"ഒന്നുല്ല... സോറി "

. പെട്ടന്ന് അവൾ തിരിഞ്ഞു കിടന്നു.

തേങ്ങൽ അടക്കിപിടിച്ചു കൊണ്ട്.

ഞങ്ങൾ എന്നെങ്കിലും ഒന്നാകുമോ റബ്ബേ...

അവളുടെ മിഴികൾ സജലമായി തുടങ്ങി 

"പറയു റസിയ... എന്താണ് തനിക്ക് എന്നോട് സംസാരിക്കാൻ ഉള്ളത് "

. മുറിയിൽ പ്രകാശം പരന്നതും അവൾ ഞെട്ടി വിറച്ചു എഴുന്നേറ്റു.

കവിളിലേ കണ്ണീർ തുടച്ചു മാറ്റി കൊണ്ട് അവനെ നോക്കി ഒന്നുമില്ലെന്ന് ചുമൽ ചലിപ്പിച്ചു കാണിച്ചു.

"പിന്നെ എന്തിനാ എന്നേ വിളിച്ചേ "

. "എന്നോട് ഇങ്ങനെ മിണ്ടാതിരിക്കുന്നത് സഹിയ്ക്കാൻ പറ്റുന്നില്ല ഇയ്ക്ക.... ഞാൻ.. ഞാൻ ഒരു തെറ്റും ചെയ്യാത്തവൾ അല്ലേ... എന്നിട്ട് ഇങ്ങനെ ഒക്കെ പെരുമാറുമ്പോൾ എന്റെ ചങ്ക് പൊട്ടി പോകുവാ...."


കരഞ്ഞു കൊണ്ട് പറയുന്നവളെ കണ്ടതും അവനു ഒന്നും മേലാത്ത അവസ്ഥ ആയി പോയി.


"താൻ  കിടക്കു... വെറുതെ എന്തിനാ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നെ..."


അവൻ ചോദിച്ചതും പാവം റസിയ മുഖം കുനിച്ചു ഇരുന്നു.

"തനിക്ക് വേണേൽ തന്റെ വീട്ടിൽ പോയ്‌ നിൽക്കാം, അവിടെ ഉള്ള സ്കൂളിൽ തന്നെ തുടർന്നോളൂ.. "


"ഞാൻ ഇവിടേക്ക് മാറി ഇയ്ക്ക...സർട്ടിഫിക്കറ്റ്സ് ഒക്കെ ഇന്നലെ വാപ്പച്ചി മേടിച്ചു..കവലയിൽ നിന്നും പതിനഞ്ച് മിനിറ്റ് ഒള്ളുന്നു വാപ്പച്ചി പറഞ്ഞെ.."


"ഹ്മ്മ്....."


"സാരമില്ല... എന്റെ വിഷമം കൊണ്ട് എന്തൊക്കെയോ പറഞ്ഞു... സോറി..... ഇനി ആവർത്തിക്കില്ല..."

. അവനെ നോക്കി ഒന്നു പുഞ്ചിരിയ്ക്കാൻ ശ്രെമിച്ചു കൊണ്ട് റസിയ പറഞ്ഞു.

എന്നിട്ട് കിടക്കയിലേക്ക് സാവധാനം കിടന്നു.

അരികിൽ കിടക്കുന്നവളുടെ പ്രാണ വേദന അറിഞ്ഞു കൊണ്ട് തന്നെ ആഷിയും മിഴികൾ അടച്ചു..

**


കാലത്തെ പതിവ് പോലെ നിസ്കാരം കഴിഞ്ഞു 5മണി കഴിഞ്ഞു റസിയ അടുക്കളയിൽ എത്തി.

ഉമ്മച്ചി... ഇന്ന് മുതൽ എനിക്ക് സ്കൂളിൽ പോണല്ലോ 


"മ്മ്.. ഇന്നലെ വരെ പകല് മൊത്തം കൂട്ടിയിട്ട് മോള് ഉണ്ടായിരുന്നു, ഇന്ന് മുതൽ ഞാൻ വീണ്ടും പഴയ പോലെ ആയില്ലോ "


പറഞ്ഞു കൊണ്ട് വലിയ കഞ്ഞി ക്കലം കഴുകി വെള്ളം പിടിച്ചു അവര് അടുപ്പത്തു  വെച്ചു.

നേരത്തെ ചോറ് വെയ്ക്കാനാണോ?

"അതേ മോളെ, ആലിയക്ക് ഇന്ന് മുതൽ 7.30നു ഇറങ്ങണം പോലും. സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടെന്ന്, ഇന്നലെ രാത്രില് പറഞ്ഞേ "


"മ്മ്....."

.

 കുറച്ചു അച്ചിങ്ങ പയർ എടുത്തു വെള്ളത്തിലേക്ക് ഇടുകയാണ് റസിയ...

കാലത്തെ ഇഡലിയും സാമ്പാറും ആണ് കഴിക്കാൻ ഉണ്ടാക്കേണ്ടത് . അതുകൊണ്ട് ഇനി മെഴുക്കുവരട്ടിയും വെച്ച് ഒപ്പം രണ്ടു മൂന്നു മുട്ടയും വറുത്തു മാങ്ങാ അച്ചാറും വെച്ച് പൊതി കെട്ടാം എന്ന് പറഞ്ഞു സീനത്ത്.

റസിയയും കൂടി ചേർന്ന് എല്ലാം വേഗത്തിൽ തയാരാക്കി.


ഉമ്മച്ചി.....

പള്ളിയിൽ പോയ ശേഷം വന്നത് ആണ് ആഷി.

അവന്റെ വിളിയൊച്ച കേട്ടതും അവര് അടുക്കളയിൽ നിന്നും വിളി കേട്ടു.

"എനിക്ക് ഇന്ന് മുതൽ ഡ്യൂട്ടിക്ക് കേറണം മാനേജർ ഇപ്പൊ വിളിച്ചത് ആണ്, കഴിക്കാൻ ഉണ്ടെങ്കിൽ എടുത്തോളൂ... "

. "എല്ലാം കാലമായി മോനേ, നീ വേഗം റെഡി ആയി വാ, ചോറ് പൊതി കെട്ടിയേക്കാം "


ധൃതിയിൽ വന്നു അവര് എല്ലാം എടുത്തു വെച്ചു..


സ്കൂളിലേക്ക് പോകാനായി മേല് കഴുകി വന്ന  ശേഷം ഒരു ചുരിദാർ ഇട്ടു കൊണ്ട് റസിയയും ഒരുങ്ങി..

"മോളെ, നീയ് എന്നാൽ ആഷിടേ ഒപ്പം പൊയ്ക്കോളൂ, എന്നിട്ട് വാപ്പച്ചിടേ കടയിൽ ഇറങ്ങിയാൽ മതി.. അതിലെ ആണ് സ്കൂൾ ബസ് വരുന്നത്, കേറി പോകാം...."


സീനത്ത് പറഞ്ഞപ്പോൾ പ്രതീക്ഷയോടെ റസിയ ആഷികിനെ നോക്കി.

"അജ്മല് കാണും എന്റെ ഒപ്പം, താന് അൻസിടേ കൂടെ പോയാൽ പോരേ "

. "ഹ്മ്മ്.. മതി ഇയ്ക്കാ....."

റസിയ പറഞ്ഞു.

അങ്ങനെ ആഷി ആണ് ആദ്യം ഇറങ്ങിയേ.. പിന്നാലെ അൻസിയും റസിയയും അക്കുവും, അലിയ പിന്നേ നേരത്തെ പോയിരുന്നു...


എല്ലാവരും പോകുന്നത് നോക്കി വരാന്തയിലെ തൂണിൽ പിടിച്ചു കൊണ്ട് സീനത്ത് അങ്ങനെ നിന്നു.


ഗേറ്റ് ന്റെ അടുത്ത് വരെ വന്നിട്ട് റസിയ തിരിഞ്ഞു നോക്കി അവരെ കൈ വീശി കാണിച്ചു.

**

ആഷിയുടെ സഹപ്രവർത്തകൻ ആയ നിധിന്റെ കല്യാണം കഴിഞ്ഞിട്ട് നാല് മാസം ആയതേ ഒള്ളു ..

കാലത്തെ ഓഫീസിൽ വന്നപ്പോൾ ആണ് നിധിൻ പറയുന്നത് ഭാര്യ പ്രെഗ്നന്റ് ആണെന്ന് ഉള്ള കാര്യം.

അവന്റെ വീട്ടിൽ ആണെങ്കിൽ മറ്റാരും ഇല്ല... പെങ്ങളുടെ അടുത്തേക്ക് (ഇംഗ്ലണ്ട് )പോയതു ആണ് അച്ഛനും അമ്മയും..

ഭാര്യ ഒറ്റയ്ക്ക് ആയത് കൊണ്ട്  നിധിനു ആകെ സങ്കടം.അവന്റെ ഭാര്യ യും ബാങ്ക് ജീവനക്കാരി ആണ്.

അവളെ ഇവിടേക്ക് കൂട്ടി കൊണ്ട് വരാൻ ഉള്ള ആലോചനയിൽ ആണ് നിധിൻ..

പുതുമോടി ആയതിനാലും ഇപ്പൊ പ്രേഗ്നെന്റ ആയിട്ട് ഇരിക്കുന്നതിനാലും അവന്റെ ഭാര്യക്ക് ആണെങ്കിൽ പിരിഞ്ഞു നിൽക്കാൻ ആവുന്നില്ല..

ശനിയാഴ്ച തോറും അവൻ വീട്ടിലേക്ക് പോകും. തിരികെ വരുന്നത് തിങ്കളാഴ്ച..

അവൻ പോരുന്ന അന്ന് ഭാര്യ ഭയങ്കര കരച്ചിലും.

ഇതെല്ലാം കണ്ടു കിളി പോയ അവസ്ഥയിൽ ആണ് അവൻ ബാങ്കിൽ എത്തുന്നത്.

അപ്പോളാണ് ആഷി ഇന്ന് അവനോട് ഒരു കാര്യം പറയുന്നത്, ആലപ്പുഴയിൽ ഉള്ള ബ്രാഞ്ചിലേയ്ക്ക് ആഷി മാറിക്കോളാം പകരം നിധിന്റെ വൈഫ്‌ ഇവിടേയ്ക് പോരട്ടെ എന്ന്.

കേട്ടതും നിധിനു സന്തോഷം ആയി.

ഉടനെ തന്നെ മാനേജറിനെ കേറി കണ്ടു എല്ലാം പറഞ്ഞു സെറ്റ് ആക്കി..


റസിയയുടെ മുന്നിൽ നിന്നും ഒന്നു മാറണം... അതേ ഒള്ളയിരുന്നു ആഷിയുടെ ഈ മാറ്റത്തിന് പിന്നിൽ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story