ഖൽബിലെ മൊഞ്ചത്തി: ഭാഗം 16

khalbile monjathi

രചന: ഉല്ലാസ് ഒ എസ്


അധികം ആളുകൾ ഒന്നും ഇല്ലാത്ത ഒരു ഒതുങ്ങിയ ഏരിയ ആയിരുന്നു ആഷിയ്ക്ക് വേണ്ടി താമസിക്കുവാൻ കിട്ടിയത്.

അത് റസിയയ്ക്കും ഒരുപാട് ഇഷ്ടം ആയി.

കുറച്ചു ഗ്യാപ് ഇട്ടാണ് വീടുകളൊക്കെ.. പിന്നെ ഇവരുടെ വാടക വീടിനോട് ചേർന്നു മറ്റൊരു വീട് ഉണ്ട്. പിന്നെ ഉള്ളത് അല്പം മാറി മാറി ആണ്..

ആഷി ഫോണ് എടുത്തു വാപ്പച്ചിയെ വിളിച്ചു സംസാരിച്ചു.. ഇവിടെ എത്തിയ കാര്യം ഒക്കെ അറിയിച്ചു.

പിന്നീട് ഉമ്മച്ചിയെയും.. റസിയയും അവരോടു ഒക്കെ സംസാരിച്ചു.

അവൾ ഒരുപാട് സന്തോഷവതി ആണെന്ന് സീനത്തിനു തോന്നി.


വലിയ വീതി ഒന്നും ഇല്ലെങ്കിൽ പോലും ടാറിട്ട ഒരു റോഡ് ആണ്...

ഇരുവരും പരിസരം ഒക്കെ നിരീക്ഷിച്ചു കൊണ്ട് നിന്നപ്പോൾ ആയിരുന്നു അടുത്ത വീട്ടിലെ ചേട്ടൻ ഗേറ്റ് തുറന്ന് കയറി വന്നത്.

ഹെലോ ആഷിക് അല്ലേ...

അയാൾ സ്നേഹത്തോടുകൂടി വന്ന ആഷിയുടെ കയ്യിൽ പിടിച്ചു.

"അതേ...."

"മ്മ്... നിധിൻ വിളിച്ചു പറഞ്ഞു താങ്കൾ വരുമ്പോൾ വീടിന്റെ ചാവി ഏൽപ്പിക്കണമെന്ന് "

" ഉവ്വ്,നിതിൻ എന്റെ ഫ്രണ്ട് ആണ്, എനിക്ക് ഇവിടേക്ക് ട്രാൻസ്ഫറായി, അപ്പോൾ ഞങ്ങൾക്ക് താമസിക്കുവാൻ വേണ്ടി ഒരു വാടക വീട് വേണമായിരുന്നു.. നിതിനാണ് എല്ലാം റെഡിയാക്കി തന്നത്"

"നിധിന്റെ അമ്മാവൻ ആണ് ഞാൻ, എന്റെ പേര്  ചന്ദ്രദാസ്, ദേ ഈ കാണുന്ന വീട് ആണ് എന്റേത്, ഞാനും ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്.... പെണ്മക്കൾ ആണേ, മൂത്ത ആള് ഡിഗ്രി സെക്കന്റ്‌ ഇയർ, രണ്ടാമത് ഉള്ളവൾ 9ilum...."
..

"ആഹ് "

" പിന്നെ വീട്ടിലേക്ക് അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെ ക്രമീകരിച്ചിട്ടുണ്ട് കേട്ടോ, കിണറ്റിൽ നിന്നും ഫിൽറ്റർ ചെയ്ത വെള്ളമാണ് വരുന്നത്, നിങ്ങളുടെ നാട്ടിൽ എത്ര ടേസ്റ്റ് ഒന്നും കാണില്ല ഞങ്ങളുടെ വെള്ളത്തിന്, അതുകൊണ്ട് തിളപ്പിച്ച ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കുടിച്ചാലും കുഴപ്പമില്ല"

"ഓക്കേ ചേട്ടാ "

" എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി എന്റെ നമ്പര് തന്നേക്കാം "

 അയാൾ പറഞ്ഞതും ആഷി പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് നമ്പർ സേവ് ചെയ്തു.


" എന്നാൽ പിന്നെ നിങ്ങൾ മടുത്തു വന്നതല്ലേ, ഒന്നു റസ്റ്റ് ഒക്കെ എടുക്ക് കേട്ടോ, നമുക്ക് പിന്നെ കാണാം... ഒരുപാട് സംസാരിപ്പിച്ച് ഞാൻ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല"


 റസിയയെയും ആഷിയയും നോക്കിയാണ് അയാൾ പറഞ്ഞത്.

മറുപടിയായി അവരും ഒന്നു മന്ദഹസിച്ചു.

 പഞ്ചസാര മണൽ വിരിച്ച മുറ്റത്തുനിന്നും  ഇരുവരും പതിയെ അകത്തേക്ക് കയറി.

 രണ്ടു മുറിയും ഒരു ഹാളും ചെറിയൊരു അടുക്കളയും അതിനോട് ചേർന്ന ഒരു വർക്ക് ഏരിയയും. ഒരു കോമൺ ബാത്റൂമും  ആണുള്ളത്..

 ഹാളിൽ തന്നെ ഡൈനിങ് ഏരിയയും തിരിച്ചിട്ടുണ്ട്, ചെറിയ ഒരു ഡൈനിങ് ടേബിളും മൂന്ന് ചെയറും,  പിന്നെ ഒരു മേശയും രണ്ടുമൂന്ന്  കസേരയും,ബെഡ് റൂമിൽ ഒരു കട്ടിലും മുറികളിൽ ഒക്കെ ഫാനും, ഗ്യാസ് കണക്ഷനും അറേഞ്ച് ചെയ്തിട്ടുണ്ടായിരുന്നു.

 ചെറുതാണെങ്കിലും വളരെ ഐശ്വര്യമുള്ള ഒരു വീടാണ് അതൊന്ന് റസിയയ്ക്ക് തോന്നി.

 അടുക്കളയുടെ ഒരു വശത്തായി  രണ്ടു പാളികളുള്ള ജനാല ഉണ്ടായിരുന്നു, അത് തുറന്നിട്ടു കൊണ്ട്  റസിയ പുറത്തെ കാഴ്ചകളിലേക്ക് കണ്ണുനട്ടു.

റസിയാ.....

 എന്തോ.... ദാ വരുന്നേ


 ആഷി വിളിച്ചതും അവൾ പെട്ടെന്ന്  മുറിയിലേക്ക് ചെന്നു..

എന്തെങ്കിലും കഴിക്കണ്ടേ വല്ലാണ്ട് വിശക്കുന്നു...
 അവൻ പറഞ്ഞതും റസിയ പെട്ടെന്ന് ബാഗ് തുറന്നു പൊതിച്ചോറ് രണ്ടും എടുത്തു  വെളിയിലേക്ക് വെച്ചു

ഉമ്മച്ചി കൊടുത്തു വിട്ട ചോറും കറികളും എടുത്തു രണ്ടാളും കഴിച്ചു.

 രണ്ടു ബോട്ടിൽ വെള്ളം വാങ്ങി ആഷിക് വെച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് അവർക്ക് കുടിക്കാനുള്ള വെള്ളവുമായി..

 ഭക്ഷണം കഴിച്ചശേഷം ആഷി ഒരു അഞ്ചുമിനിറ്റ് റസ്റ്റ് എടുത്തു.
 ഇത്ര ദൂരം വണ്ടിയോടിച്ച് വന്നതിനാൽ അവന് ചെറിയ ക്ഷീണം ഉണ്ടായിരുന്നു

 റസിയ ആ നേരത്ത് എല്ലാം തൂത്തുവാരി വൃത്തിയാക്കുകയും, വണ്ടിയിൽ നിന്നും എടുത്തു കൊണ്ടുവന്ന സാധനങ്ങളൊക്കെ അടുക്കി പെറുക്കി വയ്ക്കുകയും ഒക്കെയായിരുന്നു. കാറിലിരുന്ന് ഒന്നു മയങ്ങിയതിനാൽ അവൾക്ക് ക്ഷീണം കുറവുണ്ടായിരുന്നു..

ആഷി എഴുന്നേറ്റു വന്നപ്പോൾ എല്ലാം സെറ്റ് ആയിരുന്നു.

എടോ, താൻ ഒറ്റയ്ക്ക്.. എന്നേ വിളിക്കാൻ മേലാരുന്നോ ഇയാൾക്ക്...

"കുറച്ചു സാധനങ്ങൾ അല്ലേ ഒള്ളു ഇയ്ക്കാ... അത് കുഴപ്പമില്ല...എനിക്ക് ഒറ്റയ്ക്ക് ചെയ്യാൻ ഒള്ളൂ "

ചെറിയ പുഞ്ചിരിയോട് കൂടി അവൾ പറഞ്ഞുAah വീട്ടിൽ നിന്നും ചോറ് വയ്ക്കുവാനും കറികൾ അത്യാവശ്യം വയ്ക്കുവാനും ഒക്കെ ഉള്ള പാത്രങ്ങളും, മറ്റും കൊണ്ടുവന്നിട്ടുണ്ടായിരുന്നു.

 നാഴി അരി എടുത്ത് റസിയ ചോറ് വെച്ച് ഊറ്റി, ചെറുപയർ തോരനും, വെച്ചു.മാങ്ങ അച്ചാറും കുറച്ച് ബീഫ് ഫ്രൈ ചെയ്തതും,  മീൻ കറിയും ഒക്കെ ഉമ്മച്ചി തന്നു അയച്ചിട്ടുണ്ട് ആയിരുന്നു.
 അതുകൊണ്ട് അവൾക്ക് അന്ന് വേറെ പ്രത്യേകിച്ചൊന്നും ഉണ്ടാക്കേണ്ടതായി വന്നിട്ടില്ല.

 ആഷി മുറ്റത്തൂടെ ഒക്കെ ഒന്ന് വെറുതെ നടന്നു.

 ഏകദേശം 15 സെന്റ് ഓളം സ്ഥലം ഉണ്ടെന്ന് അവനു തോന്നി തങ്ങളുടെ വീടിനോട് ചേർന്ന്.

 നാലഞ്ച് മാവുകളും, ഒരു ഇരുമ്പൻ പുളി മരവും, രണ്ടുമൂന്നു കറിവേപ്പില  ചെടിയും, ഒക്കെ ഒരു വശത്തായി നിൽപ്പുണ്ട്. രണ്ടുതൈത്തെങ്ങ് നിറയെ കായ്ച്ചു കിടപ്പുണ്ട്. അടുക്കളയുടെ പിൻഭാഗത്തായി അലക്ക് കല്ലും പാത്രങ്ങൾ കഴുവാനുള്ള ഏരിയയും ഒക്കെ ക്രമീകരിച്ചിട്ടുണ്ട്, അവിടെ അല്പം മാറി കുറച്ചു മഞ്ഞളും  നട്ടിരിക്കുന്നു. അതിരിലൂടെ ആണെന്ന് തോന്നുന്നു അഞ്ചിതൾ ചെമ്പരത്തി കൊണ്ടുള്ള നീളത്തിൽ ഒരു വേലിയുണ്ട്. 

 ടൗണിൽ നിന്നും കുറച്ച് അകലെയായി ഗ്രാമഭംഗി വിളിച്ചോതുന്ന ഒരു പ്രദേശമായിരുന്നു അത്.

ഇയ്ക്കാ 
.. ഫോൺ റിംഗ് ചെയ്യുന്നുണ്ട്,

റസിയ പറഞ്ഞതും ആഷി പെട്ടെന്ന് അകത്തേക്ക് കയറി വന്നു..

അജ്മൽ ആയിരുന്നു അത്.

 ഹലോ അജ്മലേ... ആഹ് പറയെടാ... ഞാൻ ഇവിടെ എത്തി.. മ്മ്.... യാത്ര ചെയ്തു വന്നതുകൊണ്ട് ഭയങ്കര ക്ഷീണമായിരുന്നെടാ. കിടന്നുറങ്ങിപ്പോയി അറിഞ്ഞതേയില്ല. ഇപ്പൊ എഴുന്നേറ്റ് വെറുതെ ഈ മുറ്റത്ത് കൂടി ഒക്കെ ഒന്ന് നടക്കുകയായിരുന്നു.. ഹ്മ്മ്... റസിയ ഒപ്പമുണ്ട്, അവള് പുറത്ത് ചായ വെക്കുന്നുണ്ട്.

 ഒറ്റയ്ക്കാക്കി പോന്നതുകൊണ്ട് റസിയക്ക് വിഷമമായോ എന്ന്  ചോദിച്ചതായിരുന്നു അജ്മല്.

അപ്പോഴാണ് അവനെ ഞെട്ടിച്ചുകൊണ്ടുള്ള ആഷി യുടെ മറുപടി..


 സത്യമാണോ ടാ, ഒടുവിൽ നിനക്ക് ആ കൊച്ചിനെ കൂടെ കൊണ്ടുപോകാൻ തോന്നിയല്ലോ...എനിക്കിത് വിശ്വസിക്കാനേ പറ്റുന്നില്ല കേട്ടോ..

 അജ്മലിന്റെ വാതോരാതെയുള്ള വർത്തമാനം ആഷി ഫോണിലൂടെ കേട്ടു.

 ഞാന് ഓഫീസിൽ ചെന്നിട്ട് നിന്നെ വിളിച്ചേക്കാം... പോരേ...

 അവൻ പെട്ടെന്ന് അജ്മലിനോട് പറഞ്ഞു.

മതിടാ അത് ധാരാളം മതി..... എന്നാൽ ശരി വെച്ചോളാം കേട്ടോ, ഞാനായിട്ട് നിങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നില്ല..

ഒരു ചിരിയോടുകൂടി അജ്മൽ ഫോൺ കട്ട് ചെയ്തു.

 റസിയ അപ്പോഴേക്കും ഇരുവർക്കും കുടിക്കാനായി കട്ടൻ ചായ എടുത്തു കൊണ്ട് വന്നിരുന്നു.

 വാപ്പച്ചി തലേദിവസം രാത്രിയിൽ മേടിച്ചു കൊണ്ടുവന്ന ബ്രെഡും ബിസ്കറ്റും ഒക്കെ ഉമ്മച്ചി കൊടുത്തു വിട്ടിരുന്നു. ഒരു പാത്രത്തിലായി രണ്ടുമൂന്ന്  ബിസ്കറ്റും കൂടി എടുത്തുകൊണ്ട് വന്ന അവൾ ആഷിയ്ക്ക് കഴിക്കുവാൻ കൊടുത്തു.

" റസിയയുടെ വീട്ടിൽ വിളിച്ചു പറഞ്ഞോ,  ഇവിടെ എത്തിയ കാര്യം"

 അവൾ കൊടുത്ത ചായ വാങ്ങി കൊണ്ട് ആഷി ചോദിച്ചു.

" മ്മ്...  വിളിച്ചു പറഞ്ഞിരുന്നു"

 ആഷിയുടെ ഒപ്പം ഇരിക്കാതെ കൊണ്ട് അവൾ വീണ്ടും അടുക്കളയിലേക്ക് പോയി...

" തനിക്ക് ചായ വേണ്ടേ "

ആഷി ചോദിച്ചതും അവൾ തിരിഞ്ഞു.

" ഞാൻ അവിടെ ഇരുന്നു കുടിച്ചോളാം "

" അതെന്താ ഇവിടെ ഇരുന്നാല് "

"ഒന്നും ഉണ്ടായിട്ടല്ലാ... വെറുതെ "


"മ്മ്, തനിക്ക് കുടിക്കാനുള്ള ചായയും എടുത്തു കൊണ്ട്  ഇവിടെ വന്നിരുന്നോളൂ "

അടുത്തു കിടന്നിരുന്ന കസേരയിലേക്ക് ചൂണ്ടി അവൻ പറഞ്ഞു.

അല്പം മടിച്ചാണ് റസിയ അവന്റെ അരികിൽ വന്നിരുന്നത്.

"എന്താണ് റസിയ, വീട്ടില് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതല്ലേ, കുറച്ച് മുന്നേയും  നമ്മൾ ഒരുമിച്ചിരുന്ന് കഴിച്ചതല്ലേ പിന്നെന്താണ് "

 സത്യം പറഞ്ഞാൽ അവന്റെ ചോദ്യത്തിനുള്ള മറുപടി അവളുടെ കയ്യിൽ ഇല്ലായിരുന്നു.

 വാപ്പച്ചിയും ഉമ്മച്ചിയും ഒക്കെ ഏറെ നിർബന്ധിച്ച കൊണ്ടാണ് ആഷി തന്നെയും കൂട്ടിക്കൊണ്ടുവന്നത് എന്നതായിരുന്നു റസിയയുടെ ധാരണ.

 എന്താണ് റസിയ താനൊന്നും മിണ്ടാത്തത്..

അവൻ വീണ്ടും ചോദിച്ചു..

 അപ്പോഴേക്കും തന്റെ ഉള്ളിലുള്ള  ചോദ്യം അവളും അവന്റെ നേർക്ക് ആരാഞ്ഞു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story