ഖൽബിലെ മൊഞ്ചത്തി: ഭാഗം 17

khalbile monjathi

രചന: ഉല്ലാസ് ഒ എസ്

 വാപ്പച്ചിയും ഉമ്മച്ചിയും നിർബന്ധിച്ചത് കൊണ്ടാണോ ഇക്കാ എന്നെയും കൂടെ കൂട്ടിക്കൊണ്ടു പോന്നത്..

ചോദിക്കേണ്ടിആയിരുന്നില്ല എന്ന് ഓർത്തത് ആണ്... എന്നാലും ഉള്ളിൽ തികട്ടി നിന്നിരുന്നത് കൊണ്ട് അവൾ അവനോട് അങ്ങനെ ചോദിച്ചു പോയ്‌.

"അങ്ങനെ റസിയക്ക് തോന്നിയോ"

"മ്മ്...തോന്നി ."

മറച്ചു വെയ്ക്കാതെ അവൾ അവനോട് പറഞ്ഞു.

അങ്ങനെയൊന്നും താൻ കരുതേണ്ട,അവരെ ആരെയും ഓർത്തുകൊണ്ടും അവരുടെ വാക്കുകൾ കേട്ടുകൊണ്ടും അല്ല ഞാൻ തന്നെ കൊണ്ടുവന്നത്, എന്റെ മനസ്സാക്ഷിക്ക് ശരിയെന്ന് തോന്നുന്നത് മാത്രമേ ഞാൻ ചെയ്യുകയുള്ളൂ. പിന്നെ, ശരിക്കും എനിക്ക് തന്നെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു,  അതുകൊണ്ട് സത്യത്തിൽ ഞാൻ ചോദിച്ചു വാങ്ങി പോന്നതാണ് ഈ സ്ഥലത്തേയ്ക്ക്.

 എന്നാൽ അവിടെ റസിയയെ  ഒറ്റയ്ക്ക് ആക്കി പോരുവാനും മനസ്സനുവദിച്ചില്ല.

ഞാൻ 
  ഒരാളെ സ്നേഹിച്ചിരുന്നു, സ്വന്തമാക്കണമെന്നും കരുതിയായിരുന്നു സ്നേഹിച്ചത്. പക്ഷേ എന്റെ വാപ്പച്ചിയും ഉമ്മച്ചിയും കുടുംബക്കാർ ആരും, ഞാനും ആ പെൺകുട്ടിയും തമ്മിലുള്ള വിവാഹത്തിന് സമ്മതം മൂളിയില്ല. ആ പെൺകുട്ടിയോട് ഞാൻ ഇറങ്ങി വരുവാനും ആവശ്യപ്പെട്ടതാണ്,പക്ഷെ അവൾക്കും അതിന് സമ്മതം അല്ലായിരുന്നു,പിന്നീട് ഞാൻ കരുതി, എനിക്ക് വേണ്ടി, പടച്ചതമ്പുരാൻ വിധിച്ചത് മറ്റാരെയെങ്കിലും ആകുമെന്ന്, റസിയയുടെ ആലോചന കൊണ്ടുവന്നതും വിവാഹം തീരുമാനിച്ചതും ഒക്കെഎന്റെ വാപ്പച്ചി തന്നെയായിരുന്നു.പണ്ടും അങ്ങനെയാണ് ഞങ്ങളുടെ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് വാപ്പയാണ്, സ്വന്തമായിട്ട് ഞങ്ങൾ നാലു മക്കൾക്കും യാതൊരു അഭിപ്രായവും ഇല്ല, അതെന്താണെന്ന് ചോദിച്ചാൽ ജീവിച്ചു വന്ന ചുറ്റുപാടുകൾ എന്ന് മാത്രമേ എനിക്ക് പറയാൻ ഒക്കു. പിന്നെ മക്കൾക്ക് എന്നും നന്മ വരാൻ അല്ലേ മാതാ പിതാക്കൾ ആഗ്രഹിക്കുകയുള്ളൂ, അതുകൊണ്ട് വാപ്പച്ചി കണ്ടുപിടിച്ചു തരുന്ന ബന്ധത്തിന്  എനിക്കും സമ്മതമായിരുന്നു.

" ഇക്കാക്ക് ഞാനൊരു ബാധ്യതയാണ് അല്ലേ"

അത് ചോദിക്കുമ്പോൾ റസിയക്ക് സങ്കടം വന്നു.

 "അങ്ങനെ ഇയാൾ ഒരു ബാധ്യതയാണെന്ന് തോന്നിയിരുന്നുവെങ്കിൽ ഇപ്പോൾ ഈ നിമിഷം എന്റെ കൂടെ കാണില്ലായിരുന്നു. "

" ഞാനെന്റെ വിഷമം കൊണ്ട് ചോദിച്ചതാണ് ഇക്കാ...സോറി "

"അതൊന്നും സാരമില്ലടോ എനിക്കറിയാം തന്നെ, പിന്നെ ഒരുവളെ സ്നേഹിച്ചു എന്ന് കരുതി, താലികെട്ടി കൂടെ കൂട്ടിയവളെ ചതിക്കുന്ന സ്വഭാവ രീതി ഒന്നും ആഷിക്കിനില്ല, എനിക്ക് കുറച്ച് സമയം വേണം, നമ്മൾക്ക് പതിയെ പരസ്പരം മനസ്സിലാക്കി ജീവിച്ചു തുടങ്ങാം "

" എന്റെ ജോലി "

" അതൊന്നും സാരമില്ല റസിയ.. താൻ എന്തെങ്കിലുമൊക്കെ ടെസ്റ്റുകൾ എഴുതു, എങ്ങനെയെങ്കിലും ഒരു ഗവൺമെന്റ് ജോബ് കിട്ടിയാൽ,  അതല്ലേ നല്ലത്"

"മ്മ് "

" തനിക്ക് വേണ്ട ടെസ്റ്റുകൾ ഒക്കെ ഞാൻ വാങ്ങിക്കൊണ്ടു തരാം, ഞാൻ ബാങ്കിൽ പോയി കഴിഞ്ഞാൽ ഇവിടെ ഇരുന്നു നല്ലോണം വായിച്ചു, പഠിച്ചാൽ മതി, രണ്ടുമൂന്ന് പരീക്ഷകൾ വരുന്നുണ്ട്, ആറേഴുമാസവും ഉണ്ട്, അതിനോടിടയ്ക്ക്   പറ്റുമെങ്കിൽ താൻ എങ്ങനെയെങ്കിലും പഠിച്ച് ഒരു ജോബ് നേടാൻ നോക്ക് "

"മ്മ് "

" പിന്നെ ഒറ്റയ്ക്കിരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ, ഇടയ്ക്കൊക്കെ ഫോണിലും മറ്റും എന്തെങ്കിലും വീഡിയോസ് ഒക്കെ കണ്ട് ഇരുന്നാൽ മതി, തന്റെ വീട്ടിലേക്കു ഒക്കെ വിളിച്ചു സംസാരിക്കു, സമയം പെട്ടെന്ന് അങ്ങ് പൊയ്ക്കോളും, അഞ്ചു മുപ്പതാകുന്നതിനിപ്പുറം ഞാൻ ഇവിടെ എത്തും.'

"അതൊന്നും കുഴപ്പമില്ല,ഇക്കാ എനിക്ക് ടെസ്റ്റുകൾ ഒക്കെ വാങ്ങി തന്നാൽ മതി ഞാൻ വായിച്ചു പഠിച്ചോളാം. "

അവൾ പറഞ്ഞു.

"മ്മ്.. വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും ഓർത്ത് താൻ, വിഷമിക്കേണ്ട കേട്ടോ, എന്റെ കൂടെ കൂട്ടണമെന്ന് തോന്നിയതിനാൽ മാത്രമാണ് ഞാൻ ഇയാളെയും കൂട്ടിക്കൊണ്ടുപോകുന്നത്, അതിൽ മറ്റൊരു നെഗറ്റീവ് മീനിങ് കണ്ടുപിടിക്കാനും നിൽക്കേണ്ട "


"ഇല്ല "

"മ്മ്, അടുക്കളയിലെ ജോലികൾ ഒക്കെ കഴിഞ്ഞോ,ഞാൻ എന്തെങ്കിലും സഹായം ചെയ്യണോ,"

"ഒന്നും വേണ്ട... രണ്ടുദിവസത്തേക്കുള്ള കറികളൊക്കെ ഉമ്മച്ചി തന്നു വിട്ടിരുന്നു, പിന്നെ ഞാൻ ഇത്തിരി ചെറുപയർ, ഉള്ളിയും മുളകും ചതച്ചിട്ടു ഉലർത്തി വെച്ചിട്ടുണ്ട് "


" നാളെ കടകളൊക്കെ ഉണ്ടോ എന്നറിയില്ല, ഇല്ലെങ്കിൽ നമ്മൾക്ക് ടൗൺ വരെ ഒന്ന് പോകാമായിരുന്നു, ഒരു ബെഡ് വാങ്ങിക്കണം, പിന്നെ ഒരു ഫ്രിഡ്ജും,  ഇൻഡക്ഷൻ കുക്കറും"

" നാളെ ഞായറാഴ്ചയല്ലേ കടകൾ ഉണ്ടോ ആവോ, ചന്ദ്രൻ ചേട്ടനോട് ഒന്ന് ചോദിച്ചു നോക്കിയാലോ, വലിയ ടൗണല്ലേ കടകൾ കാണാതിരിക്കുമോ  "

"ശരിയാണ്, ഏതെങ്കിലും ഒക്കെ കടകൾ കാണും, എന്തായാലും ആ ചേട്ടനെ ഒന്ന് വിളിക്കാമല്ലേ '

"മ്മ്.."

ആഷി ഫോണെടുത്ത്, അയാളുടെ നമ്പരിൽ  വിളിച്ചു.

മൂന്നാമത്തെ ബെല്ലിന് തന്നെ,ചന്ദ്രൻ ചേട്ടൻ ഫോൺ എടുത്തിരുന്നു.

" ഹലോ ചേട്ടാ ഞാൻ ഈ അടുത്ത വീട്ടിൽ വാടകയ്ക്ക് വന്ന ആളാണ് "

" ആഷിക്കേ എനിക്ക് മനസ്സിലായി മോനേ, എന്തിനാ വിളിച്ചത്, എന്തെങ്കിലും അത്യാവശ്യം ഉണ്ടോ"

" അത് പിന്നെ ഞങ്ങൾക്ക് കുറച്ച് സാധനങ്ങൾ കൂടി വാങ്ങണം ആയിരുന്നു, ഒരു ബെഡ്, പിന്നെ ഒരു ചെറിയ ഫ്രിഡ്ജും വേണമായിരുന്നു"

"മോനെ, ഇവിടുന്ന് ഒരു അര കിലോമീറ്റർ മാറി, ബെഡ്കൾ വിൽക്കുന്ന ഒരു ഹോൾസെയിൽ കടയുണ്ട്. നമ്മൾക്ക് അവിടെ പോയി ഒന്ന് നോക്കിയാലോ, വിലയും കുറച്ചു തരും അവര് "


" ചേട്ടനു തിരക്ക് വല്ലതുമുണ്ടെങ്കിൽ നമുക്ക് നാളെ പോകാം, "

" എനിക്ക് ഒരു തിരക്കുമില്ല മോനെ, ഇപ്പോൾ തന്നെ പോയേക്കാം"

"ആഹ് എന്നാൽ ശരി ചേട്ടാ "

 ആഷി ഫോൺ കട്ട് ചെയ്ത് മേശപ്പുറത്തേക്ക് വെച്ചു.

 ചന്ദ്രൻ ചേട്ടൻ പറഞ്ഞ വിവരങ്ങളൊക്കെ അവൻ റസിയയോട് പറഞ്ഞു കേൾപ്പിച്ചു.

"എങ്കിൽ പിന്നെ ഇയ്ക്കാ, ആ ചേട്ടനെയും കൂട്ടി ഒന്ന് പോയിട്ട് വരൂ,  ഇവിടെ അടുത്തല്ലേ"

 താനും കൂടി പോരടോ വെറുതെ ഒറ്റയ്ക്ക് ഇരിക്കണ്ടല്ലോ "

"അതൊന്നും സാരമില്ല,ഇവിടെ അടുത്തല്ലേ, ഇക്കാക്ക്  പോകാനുള്ളതല്ലേ ഉള്ളൂ "

 ഇരുവരും സംസാരിച്ചുകൊണ്ട് നിന്നപ്പോൾ തന്നെ കണ്ടു ഗേറ്റിന്റെ ഓടാമ്പൽ എടുത്തുകൊണ്ട് അകത്തേക്ക് കയറി വരുന്ന ചന്ദ്രൻ ചേട്ടനെ.


"മോനേ... എന്തെങ്കിലും പരിപാടി ആയിരുന്നോ.... "

"ഇല്ല ചേട്ടാ, ഞാൻ കുറച്ചു സമയം കിടന്ന് ഉറങ്ങി പോയി...വൈഫ്‌ അപ്പോളേക്കും എല്ലാം അടുക്കി പെറുക്കി വെച്ചിരുന്നു "

മൊബൈൽ എടുത്തു പോക്കറ്റിലേക്ക് ഇട്ട് കൊണ്ട് കാറിന്റെ താക്കോലും എടുത്തു ആഷി അയാളുടെ അടുത്തേക്ക് ഇറങ്ങി ചെന്നു പറഞ്ഞു.

 റസിയോട് വാതിൽ അടച്ച് കുറ്റിയിട്ട ശേഷം ഇരുന്നോളാൻ പറഞ്ഞ ആഷി,  ചന്ദ്രൻ ചേട്ടനോടൊപ്പം പോയി.

 അപ്പോഴേക്കും സീനത്ത് അവളുടെ ഫോണിലേക്ക് വിളിച്ചു 

" ആഷി പുറത്തു പോയേക്കുവാണെന്നും,  തൊട്ടടുത്ത വീട്ടിലെ ചേട്ടനാണ് വീട്ടിലേക്ക് വേണ്ട സജ്ജീകരണങ്ങളൊക്കെ ചെയ്തുതന്നത് എന്നും ഒക്കെ റസിയ ഉമ്മച്ചിയോട് പറഞ്ഞു.

 15 മിനിറ്റോളം അവൾ ഉമ്മച്ചിയോട് മറ്റും സംസാരിച്ചു. എന്നിട്ടാണ് ഫോൺ കട്ട് ചെയ്തത്.

 കുടിക്കുവാൻ എടുത്തുവച്ച ചായയൊക്കെ ആറി തണുത്തു പോയിരുന്നു, അതൊന്നു കൂടി എടുത്ത് ചൂടാക്കിയ ശേഷം  റസിയ  ഒരു ചെറിയ കപ്പിലേക്ക് പകർന്നു.

 ചായയും കുടിച്ചു കൊണ്ട് ഫോണിൽ വെറുതെ നോക്കിക്കൊണ്ടിരുന്ന നേരത്ത്, ആഷി മടങ്ങി എത്തിയിരുന്നു.. ഇത്ര പെട്ടെന്നു ഇയ്ക എത്തിയോ.

അവൾ ഓടിച്ചെന്ന് വാതിൽ തുറന്നു.

 കാറിൽ നിന്നും ഇറങ്ങിയശേഷം ചെയ്യും ചന്ദ്രൻ ചേട്ടനും കൂടി ബെഡ് പിടിച്ച് അകത്തേക്ക് മെല്ലെ കൊണ്ട് വന്നു വെച്ചു.

 ചന്ദ്രൻ ചേട്ടൻ എന്തൊക്കെയോ കാര്യങ്ങൾ വാതോരാതെ ആഷി യോട് സംസാരിക്കുന്നുണ്ട്.

അയാൾ ഒരു സംഭാഷണ പ്രിയൻ ആണെന്ന് റസിയക്ക് തോന്നി.

ചായ എടുക്കാം എന്ന് പറഞ്ഞു അവൾ വന്നപ്പോൾ ചന്ദ്രൻ ചേട്ടൻ സമ്മതിച്ചില്ല.. 
അതൊക്ക പിന്നീട് ഒരിക്കൽ ആവാം എന്ന് പറഞ്ഞു കൊണ്ട് അയാൾ തിരികെ മടങ്ങി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story