ഖൽബിലെ മൊഞ്ചത്തി: ഭാഗം 6

khalbile monjathi

രചന: ഉല്ലാസ് ഒ എസ്

ഫോണിന്റെ നിർത്താതെ ഉള്ള ഇരമ്പൽ കേട്ടപ്പോൾ മെഹർ അത് മെല്ലെ കൈ എത്തിച്ചു എടുത്തു നോക്കി.

ആഷി ആണ്..

അവൾ അത് എടുത്തു കട്ട്‌ ചെയ്തു.

എന്നിട്ട് തലയിണയുടെ അടിയിലേക്ക് ഇട്ട് കൊണ്ട് അതിന്റെ മുകളിൽ ബെഡ് ഷീറ്റ് എടുത്തു പൊതിഞ്ഞു.

ഏഴെട്ട് തവണ വിളിച്ചിട്ടും അവള് ഫോൺ എടുക്കാതെ വന്നപ്പോൾ ആഷിക്ക് ദേഷ്യം ഇരച്ചു കയറീ.

തോറ്റു കൊടുക്കാൻ ആവാതെ കൊണ്ട് അവൻ പിന്നേയും വിളിച്ചു കൊണ്ടേ ഇരുന്നു.

എന്നാൽ ഫോൺ അങ്ങനെ വെച്ചിട്ട് മെഹർ ഇറങ്ങി അടുക്കളയിലേക്ക് പോയിരിന്നു.


***

ഞാൻ പറഞ്ഞില്ലേ ആഷി, ന്റെ ഉപ്പനേം ഉമ്മാനേം വിഷമിപ്പിച്ചു കൊണ്ട് ഒരു നിക്കാഹ്... അതിനു മാത്രം ഞാൻ സമ്മതിക്കില്ല.. സോറി ട.... നമ്മൾക്ക് ഇത് ഇവിടെ കൊണ്ട് അവസാനിപ്പിക്കാം...


ആഷിക് പറഞ്ഞതിൻ പ്രകാരം എത്തിയത് ആണ് മെഹർ...അവനോട് ഒന്ന് തുറന്ന് സംസാരിക്കാൻ വേണ്ടി...


"അങ്ങനെ ഒറ്റ വാക്കിൽ അവസാനിപ്പിക്കാൻ പറ്റുമോടി നിനക്ക്, അത്രക്കെ നീ എന്നെ സ്നേഹിച്ചിട്ടൊള്ളോ... "


അവന്റെ ശബ്ദം അർദ്രം ആയി.

"എടാ, നിന്റെ ജീവന്റെ പാതി ആകാൻ ആഗ്രഹിച്ചു തന്നെയാ നിന്നെ പ്രേമിച്ചത്, പക്ഷെ ആഷി, ഒപ്പം ഇറങ്ങി വരാൻ ഉള്ള മനക്കരുത്തൊന്നും എനിക്ക് ഇല്ലടാ..... അനിയത്തി കൂടി ഉള്ളത് അല്ലേ... ചേടത്തി ഒരുത്തന്റെ കൂടെ ചാടി പോയിന്നു അറിഞ്ഞാൽ അവൾക്ക് നല്ലോരു ജീവിതം പോലും കിട്ടില്ല..

"എടി, എല്ലാവരുടേം സമ്മതവും അനുഗ്രഹവും കിട്ടി കഴിഞ്ഞു കെട്ടാൻ പറ്റില്ല നമ്മൾക്ക്, നിന്നെപ്പോലെ തന്നെ എന്റെ വീട്ടിലും ഉണ്ട് നൂറായിരം പ്രശ്നം, നിനക്ക് ഒരു അനുജത്തി ഒള്ളു എങ്കിൽ എനിക്ക് രണ്ടു എണ്ണം ഉണ്ട്... അവരെ ഒക്കെ മറന്ന് കൊണ്ട് ആണ് ഞാൻ നിന്നെ വിളിക്കുന്നത്.. ഒപ്പം കൂട്ടാൻ തയ്യാറായി നിൽക്കുന്നത്... നീ എന്താടി എന്നെ ഒന്ന് മനസിലാക്കാത്തത്"


"എനിക്ക് അറിയാം ആഷി, മനസ്സിലാകുന്നുണ്ട് താനും.. പക്ഷെ ഇറങ്ങി വരാൻ പേടിയാ..... ഉപ്പ ആണെങ്കിൽ ഞങ്ങൾക്ക് വേണ്ടി അല്ലേടാ എല്ലാ സുഖംവും സന്തോഷവും ഉഴിഞ്ഞു വെച്ച് ആ മരുഭൂമിയിൽ പോയി ജീവിയ്ക്കുന്നെ....ആ മനുഷ്യനെ നാണം കെടുത്താൻ വയ്യാ......"

അത് പറയുകയും അവളുടെ മിഴികൾ നിറഞ്ഞു.


'തീർച്ച ആണോ, നിന്റെ തീരുമാനത്തിൽ മാറ്റം വല്ലതും ഉണ്ടോ "

ആഷി അവളുടെ മുഖത്തേയ്ക്ക് ഉറ്റു നോക്കി...


"സോറി ആഷി, എന്റെ അവസ്ഥ ഇതായി പോയി "


"പിന്നെ എന്നാത്തിനാടി,നീ ഈ പ്രേമo എന്നൊക്കെ പറഞ്ഞു ഇറങ്ങി പുറപ്പെട്ടത്.. അന്നേരം ഓർത്തില്ലേ നിന്റെ വാപ്പച്ചിയെം ഉമ്മച്ചിയേം അനിയത്തിയെയും ഒക്കെ...എന്നെ വെറും പൊട്ടൻ ആക്കുക ആയിരുന്നു ല്ലേ..... ആയിക്കോട്ടെ "

അവനു ദേഷ്യം വന്നു.

"വീട്ടുകാരുടെ സമ്മതത്തോടെ കെട്ടാൻ ഞാൻ തയ്യാറാണ് അല്ലാതെ പറ്റില്ലട... സോറി "..

"ഹ്മ്മ്... ആയിക്കോട്ടെ... നേരം കളയാണ്ട് നീ ചെല്ല്..നല്ല മഴയ്ക്ക് ആണെന്ന് തോന്നുന്നു, കാരുണ്ട്... ഞാനും പോകുവാടി, ഇനീ ഒരിക്കലും കാണരുതേ എന്ന് പ്രാർത്ഥിക്കാം....."

അതും പറഞ്ഞു കൊണ്ട് ആഷി തന്റെ ബൈക്ക് എടുത്തു ഓടിച്ചു പോയി..


***


സ്നേഹിച്ചവളെ കൂടെ കൂട്ടാൻ ആവാതെ നൊമ്പരപ്പെട്ടു കൊണ്ട് ആഷി കരഞ്ഞപ്പോൾ ഇതൊന്നും അറിയാണ്ട് അവനോടൊപ്പം ഉള്ള ഒരു ജീവിതം സ്വപ്നം കണ്ടു കൊണ്ട് അകലെ ഒരുത്തി ഉണ്ടായിരുന്നു.

ഒരു പാവം പെണ്ണ്...

റസിയ....

പരേതനായ യുസഫിന്റെയും റംലയുടെയും മൂന്നു മക്കളിൽ മൂത്തവൾ..


ബി എഡ് കഴിഞ്ഞ ശേഷം ഒരു പബ്ലിക് സ്കൂളിൽ ടീച്ചർ ആയിട്ട് ജോലി നോക്കുകയാണ്...

കാലത്തിന്റെതായ യാതൊരു ആഡംബരങ്ങളും അല്പം പോലും ഇല്ലാത്ത ഒരു പാവം പെൺകുട്ടിയാണ് റസിയ. 
.
ഈശ്വരവിശ്വാസo ആവോളം ഉള്ളവൾ.

ഇതേ വരെ ആയിട്ടും കുടുംബത്തിൽ ഉച്ചത്തിൽ ഒരു വാക്കു പോലും ശബ്ദം ഉയർത്തി സംസാരിക്കില്ല അവള്..

ടീച്ചർ... അല്പം കൂടി ഉച്ചത്തിൽ പഠിപ്പിക്കൂ.. ഞങ്ങൾക്കൊന്നും കേൾക്കാൻ വയ്യ....

കുട്ടികളുടെ പരാതി കേട്ട് കേട്ട് ആണ് അവളിപ്പോ പഠിപ്പിക്കുമ്പോൾ ശബ്ദം കൂട്ടിയത്...

22വയസ് ആയത് ഒള്ളു... അപ്പോളാണ് ഒപ്പം ജോലി ചെയുന്ന ഈരാറ്റുപേട്ടക്കാരി ഒരു ടീച്ചർ ഈ വിവാഹ ആലോചന യേ കുറിച്ച് പറയുന്നേ..

ഇപ്പോൾ നോക്കുന്നില്ലന്നും രണ്ട് വർഷം കൂടി കഴിഞ്ഞിട്ട് ഒള്ളു എന്നും ഒക്കെ പറഞ്ഞു.

പക്ഷെ ടീച്ചർ ആണെങ്കിൽ ഫോൺ നമ്പർ മേടിച്ചു ഉമ്മച്ചിയെ വിളിച്ചു.


പിന്നീട് എല്ലാം വേഗത്തിൽ ആയിരുന്നു.

പെണ്ണ് കാണൽ കഴിഞ്ഞിട്ട് രണ്ടു ആഴ്ച ആയതേ ഒള്ളു...


കുടുംബത്തിൽ വേണ്ടപ്പെട്ട ആളുകൾ ചെന്നു 
വിവാഹം ഉറപ്പിച്ചു..

ചെറുക്കനെ നേരിട്ട് ഒന്ന് കണ്ടു എന്ന് മാത്രം.

ആളാണെങ്കിൽ അതീവ ഗൗരവത്തിൽ ആയിരുന്നു.

എന്നതെങ്കിലും സംസാരിക്കാണോ...

ചെക്കന്റെ ഒപ്പം വന്ന മാമ ചോദിച്ചു..

വേണ്ട....

പതിയെ മറുപടിയും കൊടുത്തു.

എന്നിട്ട് അകത്തേക്ക് വലിഞ്ഞു.


"അതേയ്.. അക്കച്ചി, കുറെ നേരമായല്ലോ കനവ് കണ്ടിരിക്കുന്നു.... ദേ ഉമ്മച്ചി വിളിക്കുന്നുണ്ട്, ഒന്നെഴുന്നേറ്റ് വായോ "

നേരെ ഇളയ അനുജത്തിയാണ്.... നജ്മ....

കളിയാക്കി പറഞ്ഞു കൊണ്ട് നിൽക്കുന്നവളുടെ കവിളിൽ പിടിച്ചു ഒന്ന് കുലുക്കി കൊണ്ട് റസിയ എഴുന്നേറ്റ്...

ആഹ് മോളെ.. ദേ റസിയ വന്നു, ഞാൻ കൊടുക്കാം..

ആരാ... അവൾ മെല്ലെ ചോദിച്ചു.


ആലിയ, ആഷിടെ അനിയത്തിയാ...


ഉമ്മച്ചി ചിരിച്ചു കൊണ്ട് ഫോൺ റസിയക്ക് കൊടുത്തു.

'ഹെലോ... ആലിയ "


'ആഹ് റസിയത്താ, എന്തൊക്കെ ഇണ്ട് വിശേഷം "

"നല്ല വിശേഷം, അവിടോ..."

"ഇവിടേം അങ്ങനെ തന്നെ... പിന്നേയ് ഞാൻ വിളിച്ചത് ഒരു കൂട്ടം ചോദിക്കാനായിരുന്നു "

"എന്താടാ "


"കല്യാണ ഡ്രസ്സ്‌ എടുക്കാൻ പോകണ്ടേ... സാരീ ആണോ അതോ..... കളർ ഒക്കെ മനസ്സിൽ ഏതെങ്കിലും ഉണ്ടോ "

"നജ്മയും നസ്മിയിം ഇന്നലെ ഓരോരോ കളർസ് ഒക്കെ കാണിച്ചു ഫോണില്... ഞാൻ അങ്ങനെ ഒന്നും fix ചെയ്തില്ലാ...."


"അതേയ്.. ഇത്തയ്ക്ക് ഞാൻ കുറച്ചു ഫോട്ടോസ് അയക്കാം.. നോക്കണേ...."

"ശരി ടാ, അവിടെ എല്ലാവരും എന്തെടുക്കുന്നു, ഉമ്മച്ചി ഒക്കെ...."


"ഉമ്മച്ചി അരികിൽ ഇരുന്നു എല്ലാം കേൾക്കുന്നുണ്ട്, പിന്നെ വാപ്പച്ചി കടേൽ പോയി.. പിള്ളേര് സ്കൂളിലും..... അണ്ണച്ചി ജോലി കഴിഞ്ഞു വരുമ്പോൾ 6മണി ആകും..."


"ഹ്മ്മ്....."

"എന്നാൽ ശരി ട്ടോ,ഞാൻ വെയ്ക്കാം...."


"ഉമ്മച്ചിയേ ഒക്കെ തിരക്കിതായി പറയണേ...."


"ദേ കൊടുക്കാം ഞാന്.... "

ആലിയ ഫോണ് ഉമ്മച്ചിടെ കൈയിൽ കൊടുത്തു.

ഹെലോ മോളെ..

വാത്സല്യത്തോടെ അവർ വിളിച്ചു.

ഹലോ ഉമ്മച്ചി...


സുഖാണോ മോളെ..


ഉവ്വ്...


കല്യാണത്തിന് ഇനീ അധികം നാളില്ലലോ മോളെ.....


അതേ.....


മോൾക്ക് ഇനി ഇവിടെ എവടെ എങ്കിലും ഒരു സ്കൂളിൽ ജോലി തരപ്പെടുത്താം,വാപ്പച്ചി പലരോടും പറയുന്നുണ്ട് കേട്ടോ...

"ശരി ഉമ്മച്ചി....."


കുറച്ചു സമയം കൂടി സംസാരിച്ച ശേഷം അവൾ ഫോൺ വെച്ച്.


നല്ല ആളുകൾ ആണെന്ന് തോന്നുന്നു, ന്റെ മോളോട് വല്യ സ്നേഹം ആണ്.....ഇപ്പൊ അവിടുത്തെ അമ്മയും നാത്തൂൻ കൊച്ചും ആണ് വിളിച്ചോണ്ട് ഇരിക്കുന്നെ...

ഉമ്മച്ചി ആണെങ്കിൽ അടുത്ത വീട്ടിലെ ശാന്തചേച്ചി യോട് പറയുന്നത് കേട്ട് കൊണ്ട് റസിയ അടുക്കള പുറത്തേക്ക് വന്നു.


"ആഹ് മോളെ.... മണവാട്ടി ആകാൻ ഉള്ള തയ്യാറെടുപ്പിൽ ആണോ...... എന്തായാലും നിനക്ക് നല്ലതേ വരൂ.....നിന്റെ ഉമ്മാ അതേ പോലെ നാഴികയ്ക്ക് നാല്പതു വട്ടോo ഈശ്വരനോട് പ്രാർത്ഥിക്കുന്നത് അല്ലേ "

ശാന്തചേച്ചി പറഞ്ഞതും ഉമ്മച്ചിടെ കണ്ണ് നിറഞ്ഞു വന്നു.

ശരിയാണ്, ഉമ്മച്ചി ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്, അറിയാം.... തങ്ങൾക്ക് മൂന്നു മക്കൾക്കും അറിയാം....

റസിയ ഓർത്തു കൊണ്ട് ചുവരും ചാരി നിന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story