കിച്ചന്റെ പെണ്ണ്: ഭാഗം 1

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

അവൻറെ ചുണ്ടിൽ ഞെരിഞ്ഞമർന്ന സിഗററ്റ് കുറ്റിയെടുത്തവൾ സ്വന്തം ചുണ്ടോട് ചേർത്തു... തൊട്ടടുത്ത നിമിഷം പുകച്ചുരുളിൻ്റെ ഗന്ധം സഹിക്കവയ്യാതെ അവൾ ചുമയ്ക്കാൻ തുടങ്ങി... """ഹൗ... എന്ത് നാറ്റാ കിച്ചേട്ടാ... നിങ്ങളിതാണോ വലിച്ച് അണ്ണാക്കിൽ തള്ളുന്നേ..?""" ചുമയ്ക്കുന്നതിനിടയിലും വാക്കുകളിൽ പരിഭവം ചാലിച്ച് ആ പെണ്ണവന്റെ കണ്ണുകളിൽ ഉറ്റുനോക്കി... ഭിത്തിയിൽ ചാരി കൈകൾ മാറോട് പിണച്ചുകെട്ടി അവളെ സാകൂതം വീക്ഷിച്ചു നിന്നവൻ്റെ ചൊടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞു... പതിയെ അത് മാഞ്ഞു... """അത്രയ്ക്കു നാറ്റാണേൽ ഇറങ്ങിപ്പോടി... നിന്നെ ആരേലും ഇങ്ങോട്ട് വിളിച്ചോ...?""" അവളുടെ കയ്യിൽ ഇരുന്ന സിഗററ്റ് ബലമായി പിടിച്ചു വാങ്ങി തൻ്റെ ചുണ്ടോട് ചേർക്കുമ്പോഴും അവൾ കാണാതെ ആ ചുണ്ടിന്റെ കോണിലെവിടെയോ ഒരു കുസൃതിചിരി മിന്നിമാഞ്ഞിരുന്നു... ഒട്ടൊരു പരിഭവത്തോടെ അവനെ നോക്കി ചുണ്ടുകൾ കോട്ടി പോകാൻ തിരിഞ്ഞവളുടെ കൈകളിൽ അവൻറെ കൈകൾ പിടുത്തമിട്ടു... ഒന്ന് തിരിച്ച് ഇടുപ്പിൽ ചുറ്റി ആ പെണ്ണിനെ തൻ്റെ നെഞ്ചോട് ചേർത്തപ്പോഴും കണ്ണുകൾ അവളുടെ പിടയ്ക്കുന്ന മിഴികളിലും പരിഭവം തങ്ങി നിൽക്കുന്ന ചൊടികളിലും ആയിരുന്നു...

"""ഹാ... പതിവ് വാങ്ങാതെ കിച്ചേട്ടന്റെ മോള് പോവാണോ...?""" """പോ മിണ്ടൂല്ല...""" അവനിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചപ്പോഴും ഒരു കടലോളം പ്രണയം അവളുടെ മിഴികളിൽ അലയടിക്കുന്നുണ്ടായിരുന്നു... അവളുടെ നെറുകയിൽ പതിഞ്ഞ അവൻറെ ചൂണ്ടുവിരൽ നെറുകയിൽ നിന്ന് നാസികത്തുമ്പിലും പതിയെ രക്തവർണ്ണം ഒളിവെട്ടിയ കവിളിണകളിലും തെന്നി നീങ്ങുമ്പോൾ കണ്ണുകൾ ചെറുതായി വിറയാർന്ന അവളുടെ ചെഞ്ചുണ്ടിൽ തങ്ങി നിന്നു... """നിനക്ക് നാറ്റാണല്ലേ കാണിച്ചു തരാം...""" പതിവിന് വിപരീതമായി അന്നവന്റെ ചൊടികൾ അതിൻറെ ഇണകളെ പുൽകി... ഒരു കുഞ്ഞു ചുംബനത്തിൽ തുടങ്ങി പിന്നീടതൊരു ദീർഘ ചുംബനത്തിലേക്ക് വഴി മാറിയപ്പോൾ ശ്വാസം കിട്ടാതെ ആ പെണ്ണവനെ തള്ളി മാറ്റി... ഭിത്തിയിൽ ചാരി നിന്ന് കിതയ്ക്കുന്നവളെ അവൻ പ്രണയപൂർവ്വം നോക്കി... അവളുടെ ചുണ്ടിൽ പൊടിഞ്ഞ ചോരത്തുള്ളികൾ ചൂണ്ടുവിരലാലെ ഒപ്പി അവിടെ മൃദുവായി അവൻ ചുംബിച്ചു... അവളിൽ നിന്നും വമിക്കുന്ന ചന്ദനത്തിൻ്റെ ഗന്ധവും മിഴികളിൽ നാലുപാടും തെന്നി മാറുന്ന കറുത്ത മുത്തുകളും അടക്കി നിർത്താൻ ശ്രമിച്ച വികാരങ്ങളൊക്കെയും പുറത്ത് ചാടാൻ മുറവിളി കൂട്ടി... അവളിലേക്ക് അവൻ പിന്നെയും അടുത്തു... """ആദീ...""" ശ്രീയമ്മയുടെ വിളി കേട്ട് അവൾ സ്വപ്നത്തിലെന്ന പോലെ ഞെട്ടി... ശേഷം കിച്ചേട്ടനെ നോക്കിയതും അവൻ്റെ കണ്ണുകളെ നേരിടാനാകാതെ അവൾ മുഖം താഴ്ത്തി... പിന്നെയും ശ്രീയമ്മയുടെ വിളി കേട്ടതും കിച്ചേട്ടനെ തള്ളി മാറ്റി അവൾ മുറി വിട്ടിറങ്ങി താഴേക്ക് ഓടി... 💞💞💞💞

പ്രാതൽ കഴിക്കാൻ നേരം ആരെയും ഗൗനിക്കാതെ മുഖം കുനിച്ചിരിക്കുന്നവളെ ശ്രീദേവി സംശയത്തോടെ നോക്കി... """ആദീ... നീയെന്താ വല്ലാണ്ടിരിക്കുന്നേ...? കിച്ചു വഴക്ക് പറഞ്ഞോ...?""" """ഇല്ല ശ്രീയമ്മേ...""" രണ്ട് വശത്തേക്കും തല വെട്ടിത്തിരിക്കുമ്പോഴും ഒളികണ്ണാലെ അവൾ കിച്ചുവിനെ നോക്കുന്നുണ്ടായിരുന്നു... ശ്രീയമ്മ അത് കണ്ടു... ആള് ഇതൊന്നും അറിയാത്ത മട്ടിൽ ആഹാരത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിപ്പുണ്ട്... """കിച്ചൂ...""" """അമ്മയെന്തിനാ എന്നെ വിളിക്കുന്നേ...? അവള് പറഞ്ഞില്ലേ...?""" അവൻ ചുണ്ട് കോട്ടി... """നീയൊന്നും ചെയ്യാതെ മോള് ഇങ്ങനിരിക്കില്ലല്ലോ...?""" """ആ ചെയ്തു... അവളെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു... ന്താ വല്ല കുഴപ്പവും ഉണ്ടോ ...?""" അത്രയും പറഞ്ഞ് ഊക്കിന് കസേര പിന്നോട്ട് തള്ളി അവൻ എഴുന്നേറ്റ് പോയി... അത്‌ കേട്ട് കണ്ണും മിഴിച്ചിരിക്കുന്ന ശ്രീയമ്മയേം ശ്രീയച്ഛനേം കണ്ട് ആദിക്ക് ചിരി വരുന്നുണ്ടായിരുന്നു... അവരുടെ നോട്ടം തൻ്റെ നേരെ നീളുന്നെന്ന് തോന്നിയതും കഴിപ്പ് മതിയാക്കി അവളും എഴുന്നേറ്റ് പോയി... 💞💞💞

വൈകിട്ട് കോളേജിൽ നിന്നും വന്ന ആദി വീട്ടിൽ വന്നപ്പോൾ അച്ഛനെ കണ്ടില്ല... പിന്നെ പതിയെ ഒരു കുളിയൊക്കെ പാസാക്കി നേരെ ശ്രീമംഗലത്തേക്ക് നടന്നു... സിറ്റൗട്ടിലേക്ക് കയറും മുൻപേ നല്ല ചൂട് ഉണ്ണിയപ്പത്തിന്റെ വാസന മൂക്കിൽ അടിച്ചു... """ശ്രീയമ്മോ... """ പുറത്ത് നിന്നും വിളിച്ചു കൂവിക്കൊണ്ടാണ് അകത്തേക്ക് കയറിയത്... അവൾ നോക്കുമ്പോൾ അച്ഛനും ശ്രീയച്ഛനും ഹാളിൽ ഇരിപ്പുണ്ട്... തൊട്ട് മാറി ശ്രീയമ്മയും... """ശ്രീയമ്മ ഇപ്പോൾ ഓർത്തതേയുള്ളൂ...""" """അപ്പോഴേക്കും ആദി മോളിങ്ങ് വന്നില്ലേ... വിശക്കുന്നു ശ്രീയമ്മേ... ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട്...""" """അച്ചോടാ ആനയില്ല... ചേന മതിയോ...""" """ശ്രീയമ്മേ...""" ഹാളിൽ ഒരു കൂട്ടച്ചിരി മുഴങ്ങി... അത് കേട്ട് അവൾക്ക് ചെറുതായി ദേഷ്യം വന്നെങ്കിലും കണ്ണുകൾ പോയത് മേശ മേൽ വച്ചിരുന്ന ഉണ്ണിയപ്പത്തിൽ ആയിരുന്നു... പിന്നൊന്നും നോക്കാതെ ഓടിച്ചെന്ന് ഉണ്ണിയപ്പവും എടുത്ത് ടീവിയുടെ മുന്നിൽ ഇരിപ്പുറപ്പിച്ചു... """ഇപ്പോഴും പൊടിയാണെന്നാ വിചാരം... ഇവളെത്തന്നെ വേണോ ചന്ദ്രാ നിനക്ക് പിടിച്ച് കെട്ടിക്കാൻ...""" കൊച്ചു ടിവി വച്ച് പൊട്ടിച്ചിരിക്കുന്ന ആദിയെ ശ്രീയച്ചൻ വാത്സല്യത്തോടെ നോക്കി... """കൊച്ചാണെന്നോ പെണ്ണിന് പത്തു പതിനെട്ട് വയസ്സായില്ലെടോ..."""

"""ആര് പറഞ്ഞു ഞാനിപ്പോഴും പൊടിയാ... അല്ലേ ശ്രീയമ്മേ...""" ടിവി കാണുന്നതിനിടയിലും അവൾ വിളിച്ചു പറഞ്ഞു... അതും കേട്ട് കൊണ്ടാണ് കിച്ചു കോണിപ്പടി ഇറങ്ങിയത്... """പിന്നേ ഇവിടുത്തെ ഇള്ളക്കുഞ്ഞല്ലേ...""" """അതേല്ലോ... പതിനെട്ട് വയസ്സായ ഇള്ളക്കുഞ്ഞ്...""" അവൾ വായ് പൊത്തിച്ചിരിച്ചു... അവളുടെ മറുപടി അവനെ ചൊടിപ്പിച്ചു... """ഓഹോ... അച്ഛായെ നമുക്ക് ഇവളെ പിടിച്ചങ്ങ് കെട്ടിച്ചാലോ...""" അവളെ ഏറ് കണ്ണിട്ട് നോക്കിക്കൊണ്ട് കിച്ചു പറഞ്ഞു... ചിരിച്ചു കൊണ്ടിരുന്നവളുടെ മുഖം പതിയെ മങ്ങുന്നത് അവൻ കണ്ടു... ചുണ്ടിലൂറിയ കുസൃതിച്ചിരിയാലെ കിച്ചു ആദിയുടെ അച്ഛന്റെ അരികിൽ ചെന്നതും ബലൂൺ പൊട്ടാൻ പാകത്തിൽ അവൾ മുഖം വീർപ്പിച്ചിരിക്കുന്നുണ്ടായിരുന്നു... """അത് തന്നാ മോനേ ഞാനും പറഞ്ഞത്...""" """അങ്ങനെയിപ്പോ എന്നെയാരും കെട്ടിക്കണ്ട... ഞാൻ കിച്ചേട്ടനെ മാത്രേ കെട്ടൂ...""" """അയ്യോടി അത്രയ്ക്കും ഗതികേടൊന്നും ശ്രീമംഗലത്തെ കാർത്തിക്കിനില്ല... അവളുടെ മോഹം കണ്ടില്ലേ...""" കിച്ചു പുച്ഛിച്ചു... ശേഷം കാറിൻറെ ചാവി ചുഴറ്റിക്കൊണ്ട് പുറത്തേക്ക് നടന്നു... ആദിക്ക് നല്ല സങ്കടം വന്നു... കണ്ണുകൾ നിറച്ചുകൊണ്ട് അവൾ എല്ലാവരെയും ഒന്ന് നോക്കി... അവരുടെയെല്ലാം കണ്ണുകൾ തന്നിലാണെന്ന് കണ്ടതും ആ പെണ്ണ് പതിയെ എഴുന്നേറ്റു... വിതുമ്പാറായ ചുണ്ടുകൾ കൂട്ടിപ്പിടിച്ച് പുറത്തേക്ക് നടക്കുമ്പോഴും ഇടതു കയ്യിൽ രണ്ട് ഉണ്ണിയപ്പം മുറുകെ പിടിച്ചിരുന്നു...

"""എടൊ.... കിച്ചു...""" കിച്ചു പറഞ്ഞതും ആദിയുടെ പോക്കും കണ്ട് ദേവന് സങ്കടം വന്നിരുന്നു... """താൻ അത് കാര്യക്കണ്ടാ... ആ പോയതുങ്ങളെ നമുക്ക് അറിയാത്തതല്ലല്ലോ... രണ്ടും പരസ്പരം ചെളി വാരി തേയ്ക്കാൻ മിടുക്കന്മാരാ... താൻ അത് വിട്...""" ആദിയുടെ അച്ഛൻ പറഞ്ഞത് കേട്ട് ദേവന്റെ മനസ്സിന് നേരിയൊരാശ്വാസം തോന്നി... അപ്പോഴും മനസ്സിൽ ഉറവ പൊട്ടാൻ പാകത്തിന് എന്തോ സങ്കടം ഉരുണ്ടു കൂടുന്നുണ്ടായിരുന്നു... """താൻ അത് ഉറപ്പിക്കാൻ തീരുമാനിച്ചോ...?""" """കേട്ടിട്ട് നല്ല ബന്ധമാണെന്ന് തോന്നുന്നു... അന്വേഷിച്ചപ്പോൾ ആർക്കും മോശം അഭിപ്രായം ഇല്ല...""" """എന്നാലും ചന്ദ്രാ ഇത്ര പെട്ടെന്ന്...""" """ആഗ്രഹം ഉണ്ടായിട്ടല്ലെടോ... ഇതിപ്പോൾ അവടെ ജാതകം നോക്കിയത് നന്നായി... ഈ പതിനെട്ട് കഴിഞ്ഞാൽ പിന്നെ പത്ത് പന്ത്രണ്ട് വർഷം കഴിഞ്ഞേ ഒരു മംഗല്യയോഗം ഉണ്ടാകൂ...""" """എന്നാലും അവൾ പഠിക്കുവല്ലേ...""" അവസാന പ്രതീക്ഷയെന്നോണം ദേവൻ ചോദിച്ചു... """അവർ മോളെ പഠിപ്പിക്കാമെന്ന് പറഞ്ഞിട്ടുണ്ട്... ആ മോനും ജാതകത്തിൽ എന്തൊക്കെയോ പ്രശ്നമുണ്ട്... പരസ്പരം നാള് ചേരുമെന്ന് അറിഞ്ഞതും അവർക്ക് എത്രയും വേഗം നടത്തിയാൽ മതീന്നായി...""" """അപ്പോൾ ആദിയുടെ ഇഷ്ടം...?"""

"""നമ്മുടെ ഇഷ്ടത്തിനും വലുതായി മോൾക്ക് ഒന്നും കാണില്ലെടോ... ഏതായാലും അവർ മറ്റന്നാൾ വന്ന് കണ്ട് പോട്ടേ...""" ആദിയുടെ അച്ഛൻ യാത്രയും പറഞ്ഞ് പുറത്തേക്ക് നടന്നു... അതും നോക്കി നിന്ന രണ്ട് ജോഡി കണ്ണുകളിൽ നഷ്ടബോധം നിഴലിക്കുന്നുണ്ടായിരുന്നു... 'അദ്രികാ ലക്ഷ്മി'... എല്ലാവരുടെയും ആദി... അവൾക്ക് രണ്ട് വയസ്സ് തികയും മുന്നേ അച്ഛനെയും അമ്മയെയും ഒരു ആക്‌സിഡന്റിൽ നഷ്ടപ്പെട്ടു... ആ ആക്‌സിഡന്റിൽ തന്നെ വല്യച്ഛനായ ചന്ദ്രന് അദ്ദേഹത്തിന്റെ കുടുംബവും നഷ്ടപ്പെട്ടു... അന്ന് തൊട്ടിന്നോളം ആ അച്ഛന്റെ മകളാണ് ആദി... എല്ലാം നഷ്ടപ്പെട്ടവന് താങ്ങായി തണലായി നിന്നത് ആത്മസുഹൃത്തായ ദേവൻ ആയിരുന്നു... സുഹൃത്തിനെ നഷ്ടപ്പെടുമോയെന്നുള്ള ഭയത്താൽ നാട്ടിൽ നിന്നും പോകാൻ നേരം അവനെയും ഒപ്പം കൂട്ടി ശ്രീമംഗലത്തിന് തൊട്ട് താഴത്തായി ഒരു വീട് വാങ്ങിക്കൊടുത്തു...

അന്ന് മുതൽ അമ്മയില്ലാതിരുന്ന ആദിക്ക് ദേവന്റെ ഭാര്യ ശ്രീദേവി ശ്രീയമ്മയായി... ദേവൻ ശ്രീയച്ഛനായി... മകൻ കാർത്തിക്ക് അവളുടെ മാത്രം കിച്ചേട്ടൻ ആയി... ശ്രീമംഗലത്തെ ദേവിയും മഹാലക്ഷ്മിയും എല്ലാം അവർക്ക് ആദി ആയിരുന്നു... അവളുടെ കുറുമ്പില്ലാതെ കലപില ബഹളമില്ലാതെ ഒരു ദിവസം പോലും തള്ളി നീക്കാൻ കഴിയാത്ത അവസ്ഥ... ആ രണ്ട് മനസ്സുകളിൽ മറ്റാർക്കും അറിയാത്ത ഒരു കുഞ്ഞിഷ്ടം ഉണ്ട്... തങ്ങളുടെ ദേവിയെ ഒരിക്കലും നഷ്ടപ്പെടുത്താതെ ദേവന്റെ തന്നെ ദേവന് നല്കാൻ... ആ ഇഷ്ടത്തിനാണ് ഇന്നൊരു ജാതകം വില്ലനായി വന്നത്... (തുടരും) ഒരു കുഞ്ഞു ലൗ സ്റ്റോറിയാണ്. ഇഷ്ടായാലും അല്ലേലും രണ്ടു വരി.... 🥰

Share this story