കിച്ചന്റെ പെണ്ണ്: ഭാഗം 11

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

രാവിലെ ഉണർന്നെങ്കിലും ആദി എഴുന്നേൽക്കാതെ തലവഴി പുതപ്പ് മൂടി കിടന്നതേയുള്ളൂ... ഇന്നലെ രാത്രി മുതൽ ഒരേ കിടപ്പ് കിടന്നതാണ്... തൻ്റെ പദ്ധതി വിജയകരമായി പൊളിഞ്ഞതിലും നാണക്കേട് അവൾക്ക് ചന്ദ്രുവിന്റെ മുഖത്ത് നോക്കാൻ ആയിരുന്നു... ഇടയിൽ മുറിയിൽ എന്തൊക്കെയോ തട്ടലും മുട്ടലും കേട്ടെങ്കിലും അനങ്ങാനേ പോയില്ല... കുറച്ചു കഴിഞ്ഞ് പുതപ്പ് മെല്ലെ പൊക്കി നോക്കുമ്പോഴുണ്ട് ആന കിടന്നിടത്ത് ഒരു പൂട പോലുമില്ല എന്ന് പറയും പോലെ ചന്ദ്രു കിടന്നിടം ശൂന്യം... ആ ഒരു ധൈര്യത്തിന് എഴുന്നേറ്റ് കുളിച്ച് മുറി വിട്ടിറങ്ങി... താഴേക്ക് ഇറങ്ങാനും ധൈര്യം വന്നില്ല... നേരെ ലച്ചുവിന്റെ മുറിയിലേക്ക് നടന്നു... നോക്കുമ്പോൾ ഒരുത്തി തല വഴി പുതപ്പ് മൂടി കിടപ്പുണ്ട്... പോരാത്തതിന് കാലിന്റെയും തലയുടെയും അറ്റത്ത് പുതപ്പിന് മുകളിൽ ഓരോ തലയിണ വച്ചിട്ടുണ്ട്... എന്നിട്ട് നെട്ടനെ വെട്ടിയിട്ട വാഴ പോലെ ഒറ്റ കിടത്തം... ഈ മരിച്ചവരെ കുഴിച്ചിട്ട് അതിന്റെ അഗ്രത്തായി വല്ല തെങ്ങോ ചേമ്പോ ഒക്കെ വയ്ക്കില്ലേ... ഏതാണ്ട് അത് പോലെ... 'ഇതേതാ ജീവി....?' അവൾ സ്വയം ചോദിച്ചു...

"""ഡീ... ലച്ചൂ... ഡീ എഴുന്നേൽക്കെടി...""" ആദി അവളെ കുലുക്കി വിളിക്കാൻ തുടങ്ങി... എവിടുന്ന് പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന മട്ടിൽ കിടപ്പുണ്ട് മ്മടെ ലച്ചു... ഒടുവിൽ സഹി കെട്ട് ഒറ്റ ചവിട്ട് വച്ചു കൊടുത്തു... പാവം ലച്ചു ഒരു മലക്കം മറിഞ്ഞു താഴേക്ക് വീണു... """അയ്യോ...""" നിലവിളിച്ചു കൊണ്ടവൾ ചാടിയെഴുന്നേറ്റ് നോൽക്കുമ്പോഴുണ്ട് ഏതാണ്ട് ഭദ്രകാളി ദേഹത്ത് കൂടിയ പോലെ നിൽപ്പുണ്ട് മ്മടെ ആദി... """എന്താടി....?""" """എന്തുവാ...""" "" നീയെന്താ ഇവിടെ...?""" """അത് നിന്നെ വിളിക്കാൻ...""" """അയിന് എന്നും താഴെ നീ തനിച്ചല്ലേ പോകുന്നേ... ഇന്ന് മാത്രം എന്താ...?""" """അതുണ്ടല്ലോ ഒരു ധൈര്യത്തിന്...""" ആദി ക്ലോസപ്പിന്റെ പരസ്യം പോലെ നന്നായി ഇളിച്ചു കാട്ടി... ശരിക്കും ലച്ചുവും അപ്പോഴാണ് തലേന്നത്തെ സംഗതി ഓർത്തത്... അവൾക്ക് പിന്നെ ഇതൊന്നും ഒന്നുമല്ലാത്തത് കൊണ്ട് എഴുന്നേറ്റ് വന്ന് മുഖവും കഴുകി മുടിവാരിക്കെട്ടി..

"""വാ പോവാം...""" """ഈ കോലത്തിലോ... നിനക്കു കുളിക്കേം പല്ലു തേക്കേം ഒന്ന് വേണ്ടേ പെണ്ണേ...""" """വോ... എന്തിന്... എന്റെ അച്ചുസേ അതൊക്കെ ഒരു ബുദ്ധിമുട്ടാകില്ലേ...""" """ആർക്ക്...""" """എനിക്ക്... അല്ലാണ്ടാർക്കാ...""" """അയ്യേ...""" """എന്ത് അയ്യേന്ന്... എൻ്റെ കൊച്ചേ രാവിലെ പല്ല് തേക്കാതെ പോയി ചായ കുടിക്കണം... അതിന്റെ സുഖം ഒന്ന് വേറെ തന്നെയാ മോളേ...""" ലച്ചുവിന്റെ സംസാരം കേട്ടതും ആദിക്ക് എന്തോ പോലെയായി... """സംശയമുണ്ടേൽ നീ കുടിച്ചു നോക്കെടി...""" ലച്ചു പറഞ്ഞതും അരുതാത്തതെന്തോ കേട്ടത് പോലെ തലയാട്ടി ആദി താഴേക്ക് ഓടി... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 രണ്ടു പേരും ചെല്ലുമ്പോൾ രേവതി തിരക്കിട്ട പാചകത്തിലാണ്... """രേവുമ്മേ ഞാൻ സഹായിക്കണോ...""" ആദിയാണ്... ആദിയുടെ രേവുമ്മേ വിളി കേട്ടിട്ട് അവരുടെ കണ്ണ് തള്ളിയെങ്കിൽ അത് കഴിഞ്ഞ് പറഞ്ഞത് കേട്ടിട്ട് പല പല ഭാവങ്ങൾ ആ കണ്ണിൽ മിന്നി മായുന്നത് കണ്ടു... """ഏയ്... വേണ്ട മോളേ... രാവിലത്തേതും ഉച്ചയ്ക്കുള്ളതും എല്ലാം അമ്മ റെഡി ആക്കി വച്ചിട്ടുണ്ട്..."""

അവർ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തുമ്പോൾ അമ്മയുടെ മുഖത്തെ നവരസങ്ങൾ കണ്ട് പൊട്ടിവന്ന ചിരി അടക്കിപിടിയ്ക്കാൻ ലച്ചു വല്ലാണ്ട് പാട് പെടുന്നുണ്ടായിരുന്നു.. അമ്മ നീട്ടിയ ചായയും കൊണ്ട് ഇരുവരും ഹാളിൽ വന്നു... എന്നും മുഖത്ത് ഗൗരവം അണിഞ്ഞു നടക്കുന്ന ചന്ദ്രുവിന്റെ അച്ഛൻ ആദിയെ കണ്ടതും പത്രത്തിലേക്ക് തന്നെ മുഖം പൂഴ്ത്തി... അവർ ചായ കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് ചന്ദ്രു ജോഗിംഗിന് പോയിട്ട് തിരികെ വരുന്നത്... ഇതുവരെയില്ലാത്ത കാഴ്ചയായതിനാൽ ആദി ഒരു നിമിഷം അവനെ നോക്കി... """മോളേ... മോന് കൊണ്ട് പോയി ചായ കൊടുക്ക്...""" ചന്ദ്രുവിനെ കണ്ട് രേവതി പറഞ്ഞു... """അതെന്താ രേവുമ്മയുടെ മോന് ചായ എടുത്തു കുടിക്കാൻ അറിയില്ലേ...""" കോണിപ്പടി കയറാൻ തുടങ്ങിയ ചന്ദ്രു അത് കേട്ടതും കേറിയതിലും വേഗത്തിൽ ഇറങ്ങി അമ്മ എടുത്ത ചായയും കൊണ്ട് തിരികെ പോകുന്നത് കണ്ടു... പോകാൻ നേരം ആദിയെ കനത്തിലൊന്ന് നോക്കാനും അവൻ മറന്നില്ല... ആദി പിന്നീട് ആ പരിസരത്തേക്കേ പോയില്ല.., ലച്ചുവിനെ വിടാതെ എന്തൊക്കെയോ കത്തിയടിച്ചു കൊണ്ടിരുന്നു...

ഇടയ്ക്ക് കണ്ണുകൾ പാളി മേലേക്ക് നോക്കിയതും കോണിപ്പടി ഇറങ്ങി വരുന്ന ആളെ കണ്ട് ശരിക്കും കണ്ണ് തള്ളിപ്പോയി... 'ചന്ദ്രു...' ആള് ഫുൾ എക്സിക്യൂട്ടീവ് ലുക്കിൽ... 'ഇങ്ങേരെന്താ വല്ല ഫാൻസി ഡ്രസ്സിനും പോകുന്നുണ്ടോ...?' ഒന്ന് ആത്മഗതിച്ചതാണ്... പക്ഷേ ആത്മഗതം കുറച്ച് ഉച്ചത്തിൽ ആയെന്ന് അവിടെ നിൽക്കുന്നവരുടെ മുഖഭാവത്തിൽ നിന്നും അവൾക്ക് മനസ്സിലായി... ഒന്ന് നാക്ക് കടിച്ചവൾ... """എടി അയാള് എവിടെപ്പോയതാ...?""" ചന്ദ്രു പോയതും ആദി തിരക്കി... """അയാളോ...?""" """ആന്നേ... നിന്റെ ഏട്ടൻ ആ മരപ്പട്ടി...""" """അതെന്താ കെട്ടിയോൻ എവിടാ പോയതെന്ന് കെട്ടിയോൾക്ക് അറിയില്ലേ...?""" അവൾ കളിയാക്കി... """ലച്ചൂ...""" ആദിക്ക് ആ തമാശ തീരെ ഇഷ്ടായില്ലെന്ന് അവളുടെ മുഖഭാവത്തിൽ നിന്നും ലച്ചുവിന് മനസ്സിലായി... """അച്ചൂസേ ആ പോയത് കിഷോർ ചന്ദ്ര... എന്റെ ചേട്ടനാണെന്ന് അറിയാല്ലോ... ആളിവിടുത്തെ എസ് ബി ഐ യിലെ അസിസ്റ്റന്റ് മാനേജരാണ്... ഉണ്ടായിരുന്ന ലീവ് ക്യാൻസൽ ചെയ്തിട്ട് ആളിന്ന് മുതൽ റിജോയിൻ ചെയ്തു... ഇവിടെ നിന്നിട്ടും വല്യ പ്രയോജനം ഒന്നൂല്ലല്ലോ..."""

"""ആന്നോ വളരെ സന്തോഷം... എപ്പോഴും ആ മരമോന്ത കണ്ടോണ്ടിരിക്കേണ്ടല്ലോ...""" ലച്ചു പറഞ്ഞ് നിർത്താൻ കാത്തു നിന്നതുപോലെ അത്രയും പറഞ്ഞ് ഒരു മൂളിപ്പാട്ടും പാടി ആദി മുകളിലേക്ക് കയറിപ്പോയി... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ദിനങ്ങൾ പിന്നെയും കൊഴിഞ്ഞു കൊണ്ടിരുന്നു... തൻ്റെ കൊച്ചു തലയിൽ തോന്നുന്ന ഓരോരോ കുരുട്ട് ബുദ്ധി ആദി ചന്ദ്രുവിനും വീട്ടുകാർക്കും മേൽ പ്രയോഗിച്ചു കൊണ്ടിരുന്നു... മിക്കപ്പോഴും അത് അവൾക്കിട്ട് തന്നെ കിട്ടാറാണ് പതിവ്... ശ്രീയമ്മയോട് ആദ്യം കാണിച്ച പിണക്കമെല്ലാം രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ഉരുകിയൊലിച്ച് ഇല്ലാതായി... ഫോൺ വിളിക്കുമ്പോഴെല്ലാം അവൾ കിച്ചുവിനെ അന്വേഷിക്കും... ഇടയിലെപ്പോഴോ അവൻ വന്നിട്ട് പോയെന്ന് ശ്രീയമ്മ പറഞ്ഞറിഞ്ഞു... ചന്ദ്രുവിന്റെ വീട്ടുകാരോട് അകലാൻ ശ്രമിക്കുന്നതിനനുസരിച്ച് എന്തോ ഒന്ന് അവരിലേക്ക് അവളെ ചേർത്ത് പിടിക്കുന്നുണ്ടായിരുന്നു... അപ്പോഴും മാറ്റമൊന്നുമില്ലാതെ ചന്ദ്രുവിനോടുള്ള വെറുപ്പും അവനെ കാണുമ്പോഴുള്ള മൗനവൃതവും ആദി തുടർന്നു...

ഈ ചുരുങ്ങിയ നാള് കൊണ്ട് അവൾക്ക് കിട്ടിയ സമ്പാദ്യം ലച്ചുവായിരുന്നു... നാഴികയ്ക്ക് നാല്പത് വട്ടവും ഏതാണ്ട് ബോബനും മോളിയും പോലെ ആദിയോടൊപ്പം അവളും കാണും... ഒരേ തലത്തിൽ ചിന്തിക്കുന്നവർ... തനിക്ക് എന്തും തുറന്ന് പറയാവുന്നവൾ... താൻ കാണിക്കുന്ന ഓരോരോ കുറുമ്പുകൾക്കും കട്ടയ്ക്ക് കൂട്ട് നിൽക്കുന്നവൾ... അങ്ങനെയങ്ങനെ... ലച്ചുവിന് വീട്ടുകാരോടുള്ള അവഗണന ആദിക്ക് മനസ്സിലായിട്ടും ഇതുവരെയും ചോദിക്കാൻ നിന്നിട്ടില്ല... പറയുമ്പോൾ പറയട്ടെയെന്ന് കരുതി... ലച്ചുവിനും തിരിച്ചങ്ങനെ തന്നെയായിരുന്നു... അവൾക്ക് എന്നും വലുത് അവളുടെ ഏട്ടൻ ആയിരുന്നു... ആ ഒരു സ്ഥാനത്തേക്ക് അല്ല ഏട്ടനോടൊപ്പം അവൾ മനസ്സിൽ ആദിയെയും പ്രതിഷ്ഠിച്ചു ... അവളെ വേദനിപ്പിക്കുന്നതൊന്നും പറയാതിരിക്കാൻ ആവുന്നതും നോക്കി... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞

വൈകിട്ട് ചന്ദ്രു വന്നത് മുതൽ ചേട്ടനെ ചുറ്റിപറ്റി തന്നെ നിൽപ്പുണ്ടായിരുന്നു ലച്ചു... സാധാരണ ഗതിയിൽ ഇങ്ങനെയല്ല... അവളുടെ അച്ചൂസിന്റെ വാലിൽ തൂങ്ങി അന്താരാഷ്ട്ര ചളി അടിക്കുന്ന തിരക്കിലാവും മിക്ക ദിവസവും... """എന്താണ് ഏട്ടന്റെ മോൾക്കൊരു ഇളക്കം... മ്മ്ഹ്...?""" ലച്ചുവിന്റെ നിൽപ്പ് കണ്ടതും എന്തോ കാര്യാ സാധ്യത്തിനാണെന്ന് അവന് തോന്നി... """അതേട്ടാ...""" """മ്മ്ഹ്...""" """മറ്റന്നാൾ കോളേജ് തുറക്കും...""" """അതിനെന്താ...""" """ഏട്ടാ... """ """മ്മ്ഹ്...""" """എനിക്ക് ഇവിടെ പഠിച്ചാൽ മതി...""" മുഖം കുനിച്ചാണ് അത്രയും പറഞ്ഞ് നിർത്തിയത് തന്നെ... ചന്ദ്രു ലച്ചുവിന്റെ മുഖം പിടിച്ച് ഉയർത്തി... """മോളെന്താ ഉദ്ദേശിക്കുന്നേ....?""" """എനിക്ക് ആദീടെ കോളേജിൽ അഡ്മിഷൻ വാങ്ങി തരോ...?""" ആ കണ്ണുകളിൽ നിറയെ അപേക്ഷ ആയിരുന്നു... """ലച്ചൂ...""" """പ്ലീസ് ഏട്ടാ...""" """അവൾ ഫസ്റ്റ് ഇയർ അല്ലേ...?""" """അതിനിപ്പോ എന്താ... പ്ലീസ് ഏട്ടാ...""" """വാവേ... ഏട്ടന് നിന്നെ മനസ്സിലാകും ... പക്ഷേ നിൻറെ കണ്ണിലെ ഈ സ്നേഹം കാണുമ്പോൾ ഏട്ടന് പേടിയാണ് ... അർഹിക്കാത്തതാണ് എൻറെ മോളിപ്പോൾ ആഗ്രഹിക്കുന്നത്...

ഈ സ്വന്തമെന്ന് കരുതി നമ്മൾ ചേർത്ത് പിടിക്കുന്ന ചിലതുണ്ടല്ലോ, പെട്ടെന്നൊരു സുപ്രഭാതത്തിൽ അത് നഷ്ടപ്പെട്ടാൽ ആ വേദന താങ്ങാൻ മോൾക്ക് കഴിയില്ല... ഏട്ടന് അറിയാവുന്നത് കൊണ്ട് പറയുവാ...""" """ഏട്ടാ...""" """ഏട്ടൻ പറഞ്ഞെന്നേയുള്ളൂ...""" മറുപടിക്ക് കാക്കാതെ പിന്തിരിഞ്ഞു നടക്കുന്നവനെയും നോക്കി അവൾ നിന്നു... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ഇന്ന് ഹോളിഡേയ് ആയിട്ട് ഏട്ടന്റെ കയ്യും കാലും പിടിച്ചാണ് ലച്ചു ചന്ദ്രുവിനെയും കൂട്ടി ബീച്ചിൽ വന്നത്... തിരകളിൽ കാലിട്ടടിച്ചും കൊച്ചു കുട്ടികളെപ്പോലെ വെള്ളം തെറിപ്പിച്ചും കളിക്കുന്ന ആദിയെയും ലച്ചുവിനെയും നോക്കി കുറെ നേരം അവൻ നിന്നു... കുറച്ചു കഴിഞ്ഞ് അവർക്ക് ഐസ് ക്രീമും വാങ്ങിക്കൊടുത്ത് തിരിയുമ്പോഴാണ് തന്റെ കൂട്ടുകാരെ കണ്ടത്... ലച്ചുവിനോട് പറഞ്ഞ് അവൻ അവർക്കടുത്തേക്ക് നടന്നു.... ഇടയിലെപ്പോഴോ ഒരു പെണ്ണ് ലച്ചുവിനടുത്ത് വന്നു... അവളെ കണ്ടയുടൻ ലച്ചുവിന്റെ മുഖം മങ്ങുന്നത് കണ്ടു... ലച്ചുവിനോട് സംസാരിക്കുമ്പോഴും അവളുടെ കണ്ണുകൾ ചന്ദ്രുവിന് നേരെയാണെന്നത് ആദി ശ്രദ്ധിച്ചു... """ആരാത്..."""

അവൾ യാത്ര പറഞ്ഞു പോയതും ആദി തിരക്കി... """ആവോ...""" """പിന്നെന്തിനാ നിന്നോട് സംസാരിച്ചേ...?""" """എനിക്കറിയില്ല.... വേണേൽ പോയി തിരക്ക്...""" """അറിയില്ലേൽ പിന്നെന്തിനാ അവള് നിന്റെ ഏട്ടനെ നോക്കിയേ...? ഞാൻ കണ്ടല്ലോ...?""" """ഒരിക്കൽ സ്നേഹിച്ചിരുന്നത് കൊണ്ട്...""" """ന്താ...""" വിശ്വാസം വരാതെ ആദി ലച്ചുവിനെ നോക്കി... """ഒരിക്കൽ സ്നേഹിച്ചിരുന്നത് കൊണ്ടെന്ന്...""" """ന്നിട്ട് എന്തിനാ പിരിഞ്ഞേ...?""" ആദിയുടെ കണ്ണുകളിൽ എന്തോ അറിയാനുള്ള ആകാംശ നിറഞ്ഞിരുന്നു... """പിരിഞ്ഞതല്ലല്ലോ... പിരിച്ചതല്ലേ...""" """പിരിച്ചതോ... ആര്..?""" """സ്വന്തം മകൻ ഒരു മീൻകാരിയെ കെട്ടുന്നത് ഏത് വീട്ടുകാരാ സഹിക്കുന്നേ...?""" """മീൻകാരിയോ....?""" ലച്ചുവിനോടും സ്വന്തം മനസ്സിനോടും അവൾ ഒരുപോലെ ചോദിച്ചു... ഒരു മറുപടി പറയാതെ പോകുന്നവളെ പിടിച്ച് നിർത്താൻ ശ്രമിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം... ചില സമയങ്ങളിൽ ലച്ചു അങ്ങനെയാണ്... ഒരുവശത്ത് എല്ലാം പറയുന്ന ഒരു പൊട്ടിപ്പെണ്ണാകുമെങ്കിൽ മറുവശത്ത് എല്ലാം ഉള്ളിലൊതുക്കുന്ന ആരോടും ഒന്നും പറയാൻ ആഗ്രഹിക്കാത്ത ഒരുവൾ...... ഈ കഴിഞ്ഞ ദിവസങ്ങൾ കൊണ്ട് ആദിക്ക് അത് ബോധ്യപ്പെട്ടതാണ്... ഇനിയവളോട് ചോദിച്ചിട്ട് കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട് ആ സംസാരം അവിടെ നിർത്തി............ (തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story