കിച്ചന്റെ പെണ്ണ്: ഭാഗം 12

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

യാത്രയിലുടനീളവും രാത്രിയിലും ആദിയുടെ ചിന്തകളെ കീഴ്പ്പെടുത്തിയിരുന്നത് ആ പെൺകുട്ടി ആയിരുന്നു... എന്നും നേരത്തേ മൂടിപ്പുതച്ച് കിടന്നുറങ്ങുന്നവൾ അന്ന് ചന്ദ്രു വരുന്നതും കാത്തിരുന്നു... ചന്ദ്രു വന്ന് റൂമിൽ കയറി കതക് അടച്ചു തിരിഞ്ഞതും ബെഡിൽ തന്നെയും നോക്കി ഇരിക്കുന്ന ആദിയെ കണ്ടു... പതിവില്ലാത്ത കാഴ്ചയാണ്... തന്നെ കണ്ടാൽ മിക്കപ്പോഴും അവൾ മുഖം വീർപ്പിക്കുകയോ അല്ലെങ്കിൽ വെട്ടിത്തിരിഞ്ഞ് പോവുകയോ ആണ് പതിവ്... ഇന്നെന്തോ തന്നെത്തന്നെ നോക്കിയിരിക്കുന്നവളെ അവൻ സംശയത്തോടെ നോക്കി... """എനിക്കൊരു കാര്യം അറിയാനുണ്ടായിരുന്നു...""" """എന്താ...?""" """ഇയാൾ എന്നെ ശരിക്കും ചതിച്ചതാ ല്ലേ...?""" 'വോ... തുടങ്ങി അവൾടെ ചതി പുരാണം... ഈ ജന്തു വായ് തുറക്കുന്നതേ ഇത് പറയാനാണോ...?' ചന്ദ്രു ഒന്ന് പിറുപിറുത്തു കൊണ്ട് അത് കേൾക്കാൻ താല്പര്യമില്ലാത്തത് പോലെ മേശപ്പുറത്തിരുന്ന ഇയർ ബഡ്സിന്റെ ബോട്ടിൽ നിന്ന് ഒരെണ്ണമെടുത്ത് ചെവിയിലിട്ട് കറക്കി... """ടോ... ഞാൻ തന്നോടാ ചോദിക്കുന്നേ..."""

അവൻ കാണിക്കുന്നത് കണ്ടിട്ട് ആദിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു... """എൻ്റെ കൊച്ചേ ഒന്നല്ലേലും പ്രായത്തിന് മൂത്തതാ ഞാൻ... ആ ബഹുമാനമെങ്കിലും കാണിക്ക്... ഞാനാരാ നിന്റെ കളിക്കൂട്ടുകാരനാണോ ഇങ്ങനെ വായിൽ തോന്നിയത് വിളിച്ചു കൂവാൻ... കുറെയായി മനുഷ്യൻ സഹിക്കുന്നു...""" """ഞാൻ പറഞ്ഞോ ഇയാളോട് എന്നെ സഹിക്കാൻ...""" അവളും വിട്ട് കൊടുത്തില്ല... """ആദീ... എന്താ നിന്റെ പ്രശ്നം....?""" """ഇയാളെന്തിനാ എന്നെ ചതിച്ചേ...?""" """ഞാൻ നിന്നെ എന്ത് ചതിച്ചെന്നാ...""" """ഇയാളൊരുത്തിയെ സ്നേഹിച്ചിട്ടല്ലെടോ എന്നെ കെട്ടിയേ...?""" """അയിനിപ്പോ എന്താ നീയും ഒട്ടും മോശമല്ലല്ലോ... ഞാൻ കെട്ടുന്നതിന് മുൻപേ സ്നേഹിച്ചിട്ടുള്ളൂ... നിന്നെപ്പോലെ ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്നില്ല...""" പറഞ്ഞു കഴിഞ്ഞാണ് ചവച്ചു തുപ്പിയ വാക്കുകളെപ്പറ്റി അവന് ബോധം വന്നത്... ആദി അങ്ങനെയൊക്കെ പറഞ്ഞ ദേഷ്യത്തിൽ അറിയാതെ പറഞ്ഞു പോയതാണ്... ഒന്നും മിണ്ടാതെ ബെഡിൽ തിരിഞ്ഞു കിടക്കുന്നവളെ കണ്ട് അങ്ങനെയൊന്നും പറയേണ്ടിയിരുന്നില്ലെന്ന് അവന് തോന്നി... """ആദീ...""" അവൻ വിളിച്ചു...

അനക്കമൊന്നുമില്ലെങ്കിലും അവളുടെ ഏങ്ങലടി കേട്ടു... """എടൊ... സോറി ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് അറിയാതെ...""" """അത് സാരല്ലാ... ആ പെണ്ണേതാ...? """ അവൻ പറഞ്ഞു മുഴുവിപ്പിക്കും മുൻപേ ബെഡിൽ എഴുന്നേറ്റിരിക്കുന്നവളെ അല്പം അമ്പരപ്പോടെയാണ് ചന്ദ്രു നോക്കിയത്... കാരണം ആദിയുടെ കണ്ണൊക്കെ നിറഞ്ഞ് ചെറുതായി ഒഴുകി തുടങ്ങിയിട്ടുണ്ട്... എന്നിട്ടും പറഞ്ഞ വാക്കുകൾ പാടെ മറന്നു കൊണ്ടാണ് അവളുടെ സംസാരം... 'എന്റെ ദൈവമേ ഓസ്‌കാർ കൊടുക്കേണ്ട മുതലാ... ' അവൻ മനസ്സിൽ പറഞ്ഞു... """ടോ... അല്ലേൽ വേണ്ട ലച്ചൂന്റെ ചേട്ടാ...""" ആദി വിളിച്ചു... """നിന്നോടാരാ ഇതൊക്കെ പറഞ്ഞെ...""" തന്നിൽ ആകാംശയോടെ കണ്ണും നട്ടിരിക്കുന്നവളെ നോക്കി ചോദിക്കുമ്പോൾ ആ കണ്ണുകൾ ചെറുതായി ചുരുങ്ങുന്നത് കണ്ടു... ബീച്ചിൽ വച്ച് അവളെ കണ്ടതും ലച്ചു പറഞ്ഞതും എല്ലാം ഒന്നൊഴിയാതെ അവനെ പറഞ്ഞു കേൾപ്പിക്കുമ്പോൾ ഇനിയും ഒന്നും മറച്ചു വയ്‌ക്കേണ്ടെന്ന് മനസ്സ് പറഞ്ഞു... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ചന്ദ്രുവിന്റെ മനസ്സിൽ ഒരു പെണ്ണിന്റെ മുഖം തെളിഞ്ഞു വന്നു... 'പാർവ്വതി...'.

കണ്ണുകളിൽ എപ്പോഴും വിഷാദം നിറഞ്ഞു നിൽക്കുന്ന ഒരു പെണ്ണ്... എന്ന് മുതലാണ് അവളെ ശ്രദ്ധിച്ചു തുടങ്ങിയത് എന്നൊന്നും അറിയില്ല... അങ്ങനെ ശ്രദ്ധിക്കാനും വേണ്ടിയുള്ള ആളും ഇല്ലായിരുന്നു... ഇരുനിറമുള്ള അത്യാവശ്യം ചുരുണ്ട മുടിയുള്ള ഒരു പെൺകുട്ടി... മുഖത്ത് അധികം ചായങ്ങളൊന്നും കാണില്ല... ഒരു കുഞ്ഞു വട്ട പൊട്ടും കരിമഷി കൊണ്ട് നീട്ടിയെഴുതിയ മിഴികളും... വർഷാ വർഷം അച്ഛാച്ചന്റെ ഓർമ്മയ്ക്കായി അടുത്തുള്ള മാനേജ്മെൻറ് സ്കൂളിലെ ഏറ്റവും മികച്ച വിദ്യാർത്ഥിക്ക് പുരസ്കാരവും ക്യാഷ് പ്രൈസും കൊടുക്കുന്ന ഒരു ചടങ്ങുണ്ട്... അങ്ങനെ ഒരു ദിവസം അമ്മ പരിചയപ്പെടുത്തി തന്നതാണ് അവളെ... പിന്നീട് പലയിടങ്ങളിലും വച്ച് കണ്ടിട്ടുണ്ടെങ്കിലും അധികം ശ്രദ്ധിച്ചിട്ടില്ല... അടുത്ത വർഷം കോളേജിൽ എൻ്റെ ജൂനിയർ ആയിട്ട് അവൾ വന്നു... ഞാൻ ബിടെക്കിനു പഠിക്കുന്ന സമയത്ത്... അത്യാവശ്യം എല്ലാവരോടും ഞാൻ നന്നായി മിണ്ടും... അവളോടും മിണ്ടി... ഒരു സൗഹൃദ വലയത്തിനപ്പുറം ആരോടും ഒരു പെണ്ണിനോടും അന്നുവരെ ഒന്നും തോന്നിയിട്ടില്ല... അവളോടും... പക്ഷേ പിന്നീടങ്ങോട്ടുള്ള ദിനങ്ങളിൽ അവൾ എൻ്റെ വീട്ടിലെ ചർച്ചാ വിഷയമായി... ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടി... പഠിച്ചയിടങ്ങളിൽ എല്ലാം ഒന്നാമത്... നല്ല അച്ചടക്ക ശീലമുള്ളവൾ...

എൻ്റെ അമ്മയ്ക്ക് ഏത് നേരവും അവളെ പറ്റി പറയാനേ നേരമുണ്ടായിരുന്നുള്ളൂ... അമ്മയുടെ ഉറ്റ സുഹൃത്ത് പറഞ്ഞുള്ള അറിവാണ്... എങ്കിലും ചുരുങ്ങിയ കാലം കൊണ്ട് അമ്മ അവളെ ഒരുപാട് ഇഷ്ടപ്പെട്ടു... നല്ല സാഹചര്യം കിട്ടിയാൽ ഉന്നതങ്ങളിൽ എത്തേണ്ടവളാണെന്ന് മിക്കപ്പോഴും പറയും... അതെന്റെ മനസ്സിൽ കിടക്കുന്നത് കൊണ്ട് എന്നാലാവുന്ന സഹായം ഞാനും ചെയ്തു കൊടുക്കും... ഇടയിലെപ്പോഴോ എന്റെ ഫ്രണ്ട്‌സ് പറയുന്നത് കേട്ട് ഞാനവളെ ശ്രദ്ധിക്കാൻ തുടങ്ങി... ആരോടും വലിയ സൗഹൃദങ്ങളൊന്നുമില്ലായിരുന്നു ആൾക്ക്... ഞാൻ കരുതിയത് അങ്ങനെ മറ്റുള്ളവരോട് മിണ്ടുന്ന പ്രകൃതമല്ലെന്നാണ്... പക്ഷേ നല്ല സൗഹൃദങ്ങളെ കാണുമ്പോൾ ആള് കൊതിയോടെ നോക്കിയിരിക്കുന്നത് കണ്ടിട്ടുണ്ട്... അന്നൊക്കെ ചെറു ചിരിയോടെ ഞാൻ നോക്കി നിൽക്കും... കോഴ്സ് കഴിഞ്ഞ് ഞാൻ എം ബി എ യ്ക് ചേർന്നു...

അപ്പോഴും വീട്ടിൽ പാർവ്വതീ പുരാണം തകൃതിയായി നടക്കുന്നുണ്ട്... അങ്ങനെയൊരു ദിവസം യാദൃശ്ചികമായി കണ്ടതാണ് കവലയിൽ മീൻ വിൽക്കുന്ന പാർവ്വതിയെ... ആദ്യം ഒരു ഞെട്ടലായിരുന്നു.... പിന്നെ അന്വേഷിച്ചറിഞ്ഞു... അവൾക്ക് ആകെയുള്ളത് അമ്മയും വയ്യാത്ത ഒരു കൂടപ്പിറപ്പും ആണ്... അമ്മയ്ക്ക് വയ്യാതായത് കൊണ്ട് വൈകിട്ട് ആകുമ്പോൾ ക്ലാസും കഴിഞ്ഞ് മീൻ കച്ചവടത്തിന് ഇറങ്ങും... അതിൽപ്പിന്നെ കോളേജിൽ അവളോട് മിണ്ടുന്നവരും മിണ്ടാതെയായി... ഒറ്റപ്പെടൽ ശീലമായത് കൊണ്ടാകാം അവളെ അതൊന്നും കാര്യമായി ബാധിക്കാഞ്ഞത്... മനസ്സ് കൊണ്ട് അവളുടെ പ്രവർത്തിയോട് എനിക്ക് മതിപ്പായിരുന്നു... കാരണം ഈ ചെറുപ്രായത്തിലേ അധ്വാനിച്ച് കുടുംബം നോക്കി സ്വന്തം കാലിൽ നിന്ന് കൊണ്ട് പഠിക്കാനുള്ള അവളുടെ മനസ്സ്... ചെയ്യുന്ന ജോലി ഏതുമാകട്ടെ, പക്ഷേ സ്വന്തം വിധിയെ പൊരുതി തോൽപ്പിക്കാൻ ശ്രമിക്കുന്ന ആ പെണ്ണിനോട് ഒരു കുഞ്ഞിഷ്ടം മനസ്സിൽ തോന്നി തുടങ്ങിയിരുന്നു... അവളുടെ സ്ഥിതിയറിഞ്ഞപ്പോൾ വീട്ടിൽ അച്ഛനും അമ്മയും അവളുടെ പഠനവും അതുമായി ബന്ധപ്പെട്ട ചിലവുകളും ഏറ്റെടുത്തു.. ഇടയ്ക്കിടെ സാമ്പത്തികമായി സഹായിക്കുകയും ചെയ്തു... എങ്കിലും അവൾ മീൻ വില്പന നിർത്തിയില്ല...

കാരണം ആ വീട്ടിലെ ഏക വരുമാനമാർഗ്ഗം അതായിരുന്നു... ഓട്ടിസം ബാധിച്ച അഞ്ച് വയസ്സുള്ള ഒരു അനിയനുണ്ട് അവൾക്ക്... വളരെ കുഞ്ഞിലേ തന്നെ അവൻറെ അസുഖം തിരിച്ചറിഞ്ഞെങ്കിലും അന്നവനെ ചികില്സിക്കാനുള്ള പണം അവരുടെ പക്കൽ ഇല്ലായിരുന്നു... മകന് ഇങ്ങനെയൊരു അസുഖമാണെന്ന് അറിഞ്ഞതും ആരോടും ചോദിക്കാതെയും പറയാതെയും അവരുടെ അച്ഛൻ ഒരുപോക്ക് പോയി... അതിൽ പിന്നെ ആ കുടുംബത്തിന്റെ ഭാരം അവളുടെ അമ്മയുടെ ചുമലിലാണ്... അവർ അടുത്തുള്ള തുണിക്കടയിൽ പോയും തരം കിട്ടുമ്പോൾ പാടത്ത് കൊയ്യാനിറങ്ങിയും ഒക്കെയാണ് ആ കുടുംബം നോക്കികൊണ്ടിരുന്നത്... ഇപ്പോൾ ഡിസ്ക്കിന് തേയ്മാനം സംഭവിച്ചതും അവരെ കൊണ്ട് ഒന്നിനും പറ്റില്ല... കുടുംബത്തിന്റെ ഉത്തരവാദിത്വം സ്വന്തം ചുമലിൽ ആയതിൽ പിന്നെ പാർവ്വതി ആകെ മാറിയിരുന്നു... മുൻപൊക്കെ എന്നെ കാണുമ്പോൾ എന്തിനെന്നറിയാത്ത കുഞ്ഞൊരു തിളക്കം അവളുടെ മിഴികളിൽ ഞാൻ കണ്ടിരുന്നു... അന്നതിൻറെ അർത്ഥം എനിക്കറിയില്ലായിരുന്നു... അല്ലെങ്കിൽ ഞാനത് കാര്യമാക്കിയില്ലെന്ന് വേണം പറയാൻ... പക്ഷേ ഇപ്പോൾ... അങ്ങോട്ട് മിണ്ടാൻ ചെന്നാലും അവൾ ഒഴിഞ്ഞു മാറും...

ആദ്യമൊക്കെ അവൾക്ക് സഹായമായിക്കോട്ടെ എന്ന് കരുതിയാണ് വേണ്ടിയിട്ടല്ലേലും മിക്കപ്പോഴും വൈകിട്ട് പോയി മീൻ വാങ്ങുന്നത്... അപ്പോഴൊക്കെ ഒരപചിതനെപ്പോലെ എന്നോട് പെരുമാറും... കുറേയായപ്പോൾ സഹി കെട്ടു... ഒരിക്കൽ ഞാൻ നല്ല ദേഷ്യത്തിലാണ് കടയിൽ കയറി ചെന്നത്... """എന്ത് വേണം...?""" """എന്ത് വാങ്ങിയാലാ നീയെന്നോടൊന്ന് മിണ്ടുക...?""" """മനസ്സിലായില്ല...""" """ഒരു കിലോ ചൂര വാങ്ങിയാൽ നിനക്ക് എന്നോട് ഇഷ്ടം തോന്നുവോ...?""" """എന്താ...?""" """ഞാൻ ഇതിൽ ഏത് മീൻ വാങ്ങിയാലാ നീയെന്നെയൊന്ന് ഇഷ്ടപ്പെടുകയെന്ന് ...?""" എന്റെ ചോദ്യത്തിൽ കണ്ണും മിഴിച്ചിരിക്കുന്നവളെ കണ്ട് ശരിക്കും ചിരിയാണ് വന്നത്... അപ്പോൾ അങ്ങനെ പറഞ്ഞത് എന്തുദ്ദേശത്തിലാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല... പക്ഷേ പിന്നെ പിന്നെ എല്ലാം മാറി... അവളുടെ കണ്ണുകളിൽ ഞാൻ പ്രണയം ഞാൻ കണ്ടു... തമാശയ്ക്ക് തുടങ്ങിയതാണെങ്കിലും എന്തോ ഞാനും അവളെ ഇഷ്ടപ്പെട്ട് തുടങ്ങിയിരുന്നു... ഞങ്ങളുടെ മാത്രമായ കുറെ ദിനങ്ങൾ... അമ്മയറിയുന്നത് വരെ... ഞങ്ങൾ ഇഷ്ടത്തിലാണെന്നറിഞ്ഞ ദിവസം സമയവും സന്ദർഭവും നോക്കാതെയാണ് അമ്മ അവളുടെ അരികിൽ ചെന്നത്... മുഖത്ത് നോക്കി പരുഷമായി എന്തൊക്കെയോ പറഞ്ഞു...

വെറുമൊരു മീൻകാരിക്ക് കൊടുക്കാനല്ല ഈക്കണ്ട കാലം വരെ മകനെ പോറ്റി വളർത്തിയതെന്നു വരെ... അമ്മയിൽ നിന്നും അങ്ങനെ ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല... അവളും പ്രതീക്ഷിച്ചു കാണില്ല... അതല്ലേ രായ്ക്ക് രാമാനം എങ്ങോട്ടെന്നില്ലാതെ നാട് വിട്ടത്... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 അവൻ പറഞ്ഞു നിർത്തി ആദിയെ നോക്കിയതും അവളുടെ മിഴികളിൽ ഇറ്റുവീഴാൻ പാകത്തിന് രണ്ടു തുള്ളി നീർമണികൾ ഉരുണ്ട് കൂടിയിരുന്നു... """പിന്നീട് ആ ചേച്ചിയെ കണ്ടിട്ടില്ലേ...""" """പിന്നേ... ഒരുപാട് വട്ടം... ഹസ്ബൻഡും ഒത്ത്... ഇടയ്ക്ക് എന്നെ വന്ന് പരിചയപ്പെടുത്തിയിരുന്നു...""" അവൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു... """ഇയാൾക്ക് വേദന തോന്നിയില്ലേ...""" """വേദനയല്ലെടോ... ഒരു തരം മരവിപ്പ്... പിന്നെ എനിക്ക് വിധിച്ചിട്ടില്ലെന്ന് ഞാനും കരുതി...""" ഒന്ന് ദീർഘശ്വാസമെടുത്ത് അവൻ സോഫയിൽ നിവർന്നിരുന്നു... ആദിയ്ക്ക് അവനോട് പാവം തോന്നി... ആളെ ആശ്വസിപ്പിക്കണമെന്നുണ്ട്... പക്ഷേ എങ്ങനെ,,,? """പോട്ടെ പുല്ല്... ആ ചേച്ചി പോന്നേൽ പോട്ടേ... ഇയാൾക്ക് ഞാനില്ലേ...?""" എന്തോ അവളുടെ വായിൽ നിന്നും വീണത് അങ്ങനെയാണ്. താൻ കേട്ടതിന്റെ കുഴപ്പം ആണോയെന്നറിയാൻ കണ്ണും മിഴിച്ചിരിക്കുന്നവനെ നോക്കി അവൾ ഒന്ന് കണ്ണിറുക്കി കാട്ടി... """ഫ്രണ്ട്സ്...""" ഒന്ന് ചിരിച്ചു കൊണ്ടവൾ വലതു കരം നീട്ടി... അവൾക്ക് തിരികെ കൈ കൊടുക്കുമ്പോൾ അവളുടെ കൈകളിലെ തണുപ്പ് പതിയെ അവന്റെ ഉള്ളിനുള്ളിലും അരിച്ചിറങ്ങുന്നുണ്ടായിരുന്നു...

....... (തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story