കിച്ചന്റെ പെണ്ണ്: ഭാഗം 14

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

"""ആദീ... രേവുമ്മ കുറെയായി ചോദിക്കണമെന്ന് കരുതുന്നു... മോളെന്താ സീമന്ത രേഖയിൽ കുങ്കുമം തൊടാത്തത്...?""" രാവിലെ രേവതിയോട് യാത്ര പറയാൻ വന്നതായിരുന്നു ആദി... അവരുടെ പെട്ടെന്നുള്ള ചോദ്യത്തിന് ഒരുത്തരമില്ലാതെ അവൾ പതറി... കണ്ണുകൾ ആദ്യം തേടി പോയത് പടികൾ ഇറങ്ങി വരുന്ന ചന്ദ്രുവിൽ ആയിരുന്നു... അമ്മ പറഞ്ഞത് അവൻ കേട്ടിട്ടുണ്ടെന്നത് വ്യക്തം... ഒരു നിമിഷത്തേക്ക് അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു... """മോൾക്കറിയോ... സുമംഗലികളായ പെങ്കുട്ട്യോൾ സീമന്തരേഖ ചുവപ്പിക്കുന്നത് പതിയുടെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടിയാണ്... മോള് പോയി സിന്ദൂരം തൊട്ടിട്ട് വായോ... അല്ലേൽ തന്നെ ഇങ്ങനെ കയറിച്ചെന്നാൽ മോൾടെ വീട്ടുകാരെന്ത് കരുതും...?""" """അവർ എന്ത് കരുതാൻ...?""" ആദിയുടെ മുഖം വാടുന്നെന്ന് കണ്ടതും അമ്മയെ പറയാൻ അനുവദിക്കാതെ ചന്ദ്രു ഇടയ്ക്ക് കയറി... """ഏതായാലും ഇറങ്ങി... ഇനി തിരിച്ച് പോകാനൊന്നും നിൽക്കേണ്ട... താൻ വാടോ...""" """ചന്ദ്രൂ...""" """എന്താമ്മാ...?""" """ഇവള് സിന്ദൂരം തൊട്ടില്ലേലെന്താ ഞാൻ തട്ടിപ്പോവോ...?

അങ്ങനെ ആണേൽ ഒട്ടുമിക്ക പെണ്ണുങ്ങൾക്കും ഇന്ന് കെട്ടിയോന്മാർ കാണില്ല... അല്ല പിന്നെ... താൻ വാടോ...""" അമ്മയ്ക്ക് പറയാൻ ഒരവസരം കൊടുക്കാതെ ചന്ദ്രു ഇറങ്ങി... രേവുമ്മയ്ക്ക് വാടിയ ഒരു പുഞ്ചിരി സമ്മാനിച്ച് തൊട്ട് പിറകേ ആദിയും... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 വീട്ടിലേക്കുള്ള യാത്രയിൽ സ്റ്റീരിയോയിൽ നിന്നും പാട്ട് കേൾക്കുന്നുണ്ടെന്നത് ഒഴിച്ചാൽ കാറിലാകെ നിശബ്ദത തളം കെട്ടിയിരുന്നു... കാറിൽ കയറിയത് മുതൽ ആദി മുഖം വീർപ്പിച്ചു വച്ചിരിക്കാൻ തുടങ്ങിയതാണ്... ഇടയ്ക്കിടെ മഴത്തുള്ളികൾ ഇറ്റ്‌ വീഴും പോലെ കണ്ണിൽ നിന്നും നീർമണികൾ ഇറ്റ് വീഴുന്നുണ്ട്... """താൻ എന്തിനാടോ ഇങ്ങനെ മുഖം വീർപ്പിച്ചു വച്ചിരിക്കുന്നത്...? അമ്മ പറഞ്ഞത് ദേ ഈ ചെവിയിൽ കൂടെ കേട്ട് മറ്റേ ചെവിയിൽ കൂടെ അങ്ങ് കളഞ്ഞാൽ മതി... അല്ലേൽ തന്നെ സിന്ദൂരത്തിൽ ഒക്കെ എന്തിരിക്കുന്നു...? തൊടുന്നതും തൊടാതിരിക്കുന്നതും എല്ലാം നമ്മുടെ ഇഷ്ടം ... ഞാൻ പറഞ്ഞതല്ലേ തനിക്ക് ഇഷ്ടല്ലാത്തതൊന്നും താൻ ചെയ്യേണ്ടന്ന്...""" അവന്റെ വാക്കുകൾ കേട്ടിട്ടും ആദിയിരുന്ന് വിതുമ്പി...

ഒന്ന് രണ്ട് തവണ കൂടി അവളെ ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും ഫലമില്ലെന്ന് കണ്ട് അവൻ പതിയെ പിൻവാങ്ങി... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 അവർ വീട്ടിൽ ചെല്ലുമ്പോൾ ചന്ദ്രൻ അവിടെ ഇല്ലായിരുന്നു... അച്ഛൻ അവിടെ ഉണ്ടെന്ന് കരുതി കുറേ തവണ കാളിംഗ് ബെൽ അമർത്തി നോക്കി... തുറക്കുന്നില്ലെന്ന് കണ്ട് ഫോണെടുത്തു വിളിച്ചതും സ്വിച്ച് ഓഫ്... ആദിയുടെ മുഖം ഒന്നു കൂടെ ഇരുണ്ടു... ചന്ദ്രുവിന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല... രാവിലെ അമ്മ ആദിയുടെ അച്ഛനെ വിളിച്ചെന്ന് അറിഞ്ഞപ്പോഴേ അവൻ ഇതൊക്കെ ഊഹിച്ചതാണ്... എന്നിട്ടും ആദിയെ വിഷമിപ്പിക്കേണ്ടെന് കരുതി ഒപ്പം വന്നതാണ്... കുറച്ചു നേരം കൂടെ അവർ അവിടെ നിന്നു... """പോകാം...""" """ശ്രീയമ്മയെ ഒന്ന് കണ്ടിട്ട്...""" മറുത്തൊന്നും പറയാതെ തലയാട്ടി അവൾക്കൊപ്പം അവൻ നടന്നു... ശ്രീമംഗലത്തിൻറെ ഗേറ്റ് കടന്നതും ആദിയുടെ മിഴികൾ പതിഞ്ഞത് കാർ പോർച്ചിൽ കിടക്കുന്ന കിച്ചുവിന്റെ ബുള്ളറ്റിൽ ആയിരുന്നു... എന്തിനെന്നറിയാതെ അവളുടെ ഹൃദയം മിടിക്കാൻ തുടങ്ങി...

ഉള്ളിലേക്ക് കയറാൻ ആഗ്രഹം ഉണ്ടെങ്കിലും കാലുകൾ മടിക്കുന്നത് പോലെ... മേലാകെ വിറയ്ക്കുന്നത് പോലെ... """എന്താടോ...""" """മ്മ്ഹ്... ഒന്നൂല്ല...""" ആദി മടിച്ചു നിന്നെങ്കിലും പതിയെ ഉള്ളിൽ കയറി... ഹാളിലെങ്ങും ആരെയും കണ്ടില്ല... എന്തിനോ വേണ്ടി മിഴികൾ സ്റ്റെപ്പ് കടന്ന് മുകളിലേക്ക് സഞ്ചരിച്ചു... """ആദീ...""" ശ്രീയമ്മയുടെ വിളി കേട്ടു... അവളെ കണ്ടതും അവരുടെ മുഖത്ത് അളവില്ലാത്ത സന്തോഷം ആയിരുന്നു... """മോളെന്താ ഒന്നും പറയാതെ വന്നേ ... ശ്രീയമ്മ ഇപ്പോഴൂടെ ഓർത്തതേയുള്ളൂ... കിഷോർ... മോനെന്താ അവിടെ തന്നെ നിൽക്കുന്നേ... വായോ... ഇരിക്ക് മോനേ...""" """ഞാൻ അച്ഛയെയും ശ്രീയമ്മയെയും ഒക്കെ കാണാൻ... അച്ഛാ എവിടെ പോയതാണെന്ന് അറിയോ ശ്രീയമ്മേ...""" """ശ്രീയമ്മ കണ്ടില്ല മോളേ... പറഞ്ഞതുമില്ല... ശ്രീയമ്മ ശ്രീയച്ചനെ വിളിക്കാം...""" അകത്തെ മുറിയിലേക്ക് പോകാൻ തുടങ്ങിയ ശ്രീദേവി പോകാൻ തുടങ്ങിയതിലും വേഗത്തിൽ തിരികെ വന്ന് ആദിയുടെ അരികിൽ വന്ന് താളം ചവിട്ടുന്നത് കണ്ടു... ശ്രീയമ്മയ്ക് ഇതുവരെ കാണാത്ത പരിഭ്രമവും, ഇടയ്ക്കിടെ മുകളിലേക്ക് പാളി നോക്കുന്നതും കണ്ടാണ് ആദിയും മുകളിലേക്ക് നോക്കിയത്... ഒരു വേള സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല... """കിച്ചേട്ടൻ...""" ആദിയുടെ കണ്ണുകൾ നിറഞ്ഞു...

ചൊടികൾ വിറച്ചു... അവൾ പരിസരം മറന്ന് പോയിരുന്നു... കാത്ത് കാത്ത് നടന്നതെന്തോ കയ്യിൽ കിട്ടിയ ഒരു കൊച്ചു കുട്ടിയുടെ ഭാവം... ദേഷ്യവും സങ്കടവും പരിഭവും നോവും മാറി മാറി അവളുടെ മിഴികളിൽ അല തല്ലി... ഓടി ചെന്നവന്റെ മാറോട് ചേരണമെന്നുണ്ട്... പക്ഷേ സാധിക്കുന്നില്ല... അവൾ നോവോടെ അവനെ നോക്കി... കിച്ചു ആണെന്നേയുള്ളൂ... കോലം കൊണ്ട് അവൻ ഒരുപാട് മാറിയിരുന്നു... മുൻപൊരിക്കൽ സ്വപ്നത്തിൽ കണ്ടത് പോലെ കണ്ണൊക്കെ കുഴിഞ്ഞ്, കരുവാളിച്ച് അലസമായി നീണ്ടു വളർന്നു കിടക്കുന്ന മുടിയിഴകളും ഒക്കെയായി മറ്റാരോ എന്ന് വിധം തോന്നിപ്പിക്കുന്ന ഒരു രൂപം... കിച്ചുവും താഴെ ആദിയെ കണ്ട ഞെട്ടലിൽ ആയിരുന്നു... ആദിയെ നേരിട്ട് ഒന്ന് കാണണമെന്ന് ആഗ്രഹിച്ചെങ്കിലും ഇത്ര പെട്ടെന്ന്... ഇവിടെ... ചന്ദ്രുവിന്റെ കൂടെ... തൻ്റെ പെണ്ണ്... മറ്റൊരുത്തന്റെ ഭാര്യ... അവൻറെ കണ്ണുകൾ നിറഞ്ഞു... ഒരടി കൂടെ താഴേക്ക് വയ്ക്കാൻ കഴിയാതെ കാലുകൾ നിശ്ചലമായി... ആദിയും കിച്ചുവും നിമിഷങ്ങളോളം അതേ നിൽപ്പ് തുടർന്നു... ഇടയിൽ മുറിയിൽ നിന്നും പുറത്ത് വന്ന ദേവൻ മക്കളെ കണ്ടു...

സർവ്വവും നഷ്ടപ്പെട്ട പോലെ മുന്നിൽ നില്കുന്ന മക്കളെ കണ്ട് ആ അച്ഛന്റെയും അമ്മയുടെയും ഉള്ളം തേങ്ങി... പോയ സന്തോഷം ഇനിയൊരിക്കലും തിരിച്ചു വരില്ലെന്ന് അവർ വേദനയോടെ ഓർത്തു... ഇതേ സമയം ചന്ദ്രുവിന് അവിടെ നില്ക്കാൻ അസ്വസ്ഥത തോന്നി... വല്ലാത്തൊരു തരം വീർപ്പ് മുട്ടൽ... ആദി തന്നെ അംഗീകരിച്ചിട്ടില്ലെങ്കിൽ പോലും താൻ കെട്ടിയ താലിയാണ് അവളുടെ കഴുത്തിൽ കിടക്കുന്നത്... അവളുടെ ഉള്ളിൽ കിച്ചു മാത്രമേ ഉള്ളെന്ന് അറിയാം... എങ്കിലും... ഉൾക്കൊള്ളാൻ കഴിയുന്നില്ല... സെക്കൻഡുകൾ ഒച്ചിഴയുന്നതിലും പതിയെ നീങ്ങി... കിച്ചുവിന് പരിസരബോധം വന്നതും അവൻ കണ്ണുകൾ അടച്ച് ഒന്ന് ദീർഘശ്വാസം എടുത്തു... പിന്നെ താഴേക്ക് നടന്നു... """എന്താടോ വന്നത് പോലെ തന്നെ നിൽക്കുന്നേ... ഇരിക്കടോ...""" ചന്ദ്രുവിനോടായി പറഞ്ഞു... ആദിയെ അഭിമുഖീകരിക്കാൻ അവന് പ്രയാസം തോന്നി... """അമ്മേ ഇവരെയിങ്ങനെ നിർത്താതെ ഒന്നും കൊടുക്കുന്നില്ലേ...""" ശ്രീദേവിയുടെ നേരെ തിരിഞ്ഞതും അവർ തലയാട്ടി... അപ്പോഴും ആദി അതേ നിൽപ്പ് നിൽപ്പുണ്ട്... ഇടയ്ക്ക് കണ്ണുകൾ പാളി ആദിയിൽ വീണു... മനസ്സിൽ സ്വരുക്കൂട്ടി വച്ച ധൈര്യം ഒരു നിമിഷം കൊണ്ട് ചോർന്ന് പോകുന്നത് അവൻ അറിഞ്ഞു..

. """നീയെന്താ പെണ്ണേ ഇങ്ങനെ നിൽക്കുന്നേ... നിന്റെ ആരേലും ചത്ത് പോയോ...?""" ആദിയുടെ നിറമിഴികൾ കണ്ട് അവൻ കളിയായി ചോദിച്ചു... ആദി ഒന്നും മിണ്ടിയില്ല... """ശ്ശെടാ... ഇതെന്ത് പറ്റി... ശ്രീമംഗലത്തെ വീരശൂരപരാക്രമിയുടെ നാക്ക് എവിടെ പോയി...?""" അവൻ കളിയാക്കുന്നത് പോലെ മൂക്കത്ത് വിരൽ വച്ചു... """എന്താടോ... കല്യാണം കഴിഞ്ഞിട്ട് തൻ്റെ ഭാര്യ മൗനവൃതത്തിൽ ആണോ...? അതോ ഈ പാവങ്ങളോടൊന്നും മിണ്ടില്ലേ...""" ചന്ദ്രുവിനോട് തമാശ മട്ടിൽ കിച്ചു ചോദിച്ചപ്പോഴേക്കും ആദിയുടെ മിഴികൾ നിറഞ്ഞ് തുളുമ്പിയിരുന്നു... കിച്ചു 'തൻ്റെ ഭാര്യ' എന്ന് പറഞ്ഞത് മാത്രം ഒരു മൂളൽ പോലെ അവൾ കേട്ടു... അവൾക്ക് സഹിക്കാവുന്നതിലും അപ്പുറം... """ആദീ...""" കിച്ചു വിളിച്ചു... പക്ഷേ ഒരു നിമിഷം കൂടി അവിടെ നിൽക്കാതെ അവൾ വാ പൊത്തി കരഞ്ഞ് പുറത്തേക്ക് ഓടി... (തുടരും).........

കിച്ചൂനെ ചോദിച്ചവരോട്... ദേണ്ടേ നിങ്ങടെ മുന്നിൽ കൊണ്ട് വന്ന് നിർത്തിയിട്ടുണ്ട്... ഇനി പൊങ്കാലയിട്ടോണ്ട് ആരും വരല്ല്...😤🤧 പിന്നെ സ്റ്റോറി വായിക്കുന്നവരോട് ഒരു കുഞ്ഞ് റിക്വസ്റ്റ് ആണ്.. നിങ്ങൾ ഇത് വായിക്കുമ്പോൾ ആദിയുടെ പ്രായം.., സ്വഭാവം..., വളർന്ന സാഹചര്യം എല്ലാം പരിഗണിക്കണം... എന്നിട്ടേ അവളെ വിലയിരുത്താവൂ... 🥰

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story